നദീജല സംയോജനം സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഇതിന് കര്‍മപദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമായി കേന്ദ്ര ജലവിഭവമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം പരിഗണിച്ച് രാജ്യത്തിന്റെ വിശാല താല്‍പ്പര്യത്തിനുവേണ്ടിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കുന്നു. നദീജല സംയോജന പദ്ധതിയോട് ചില കാര്യങ്ങളില്‍ കേരളവും സിക്കിമും പോലുളള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് വിധിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ , വിധി കേരളത്തിന് ബാധകമല്ലെന്ന് സൂചനയേയില്ലെന്നു മാത്രമല്ല, വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിനും ബാധകമാണെന്ന് വ്യക്തമായ സൂചനയുണ്ട് താനും. എല്ലാ സംസ്ഥാനങ്ങളും നദീസംയോജന പദ്ധതിയുമായി സഹകരിക്കണമെന്നും പദ്ധതി വൈകുന്നത് രാജ്യതാല്‍പ്പര്യത്തിനെതിരാണെന്നും പറയുന്നു.
ഇങ്ങനെയൊരു വിധി വന്നപ്പോള്‍ അത് നിര്‍ഭാഗ്യകരമാണെന്നെങ്കിലുമാകും നമ്മുടെ മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയുമെല്ലാം പ്രതികരിക്കുക എന്നാണ് കരുതിയത്. എന്നാല്‍ , ആദ്യം പ്രതികരിച്ച നിയമമന്ത്രി കെ എം മാണി വിധി കേരളത്തിന് ബാധകമേയല്ല, അക്കാര്യം വിധിയില്‍ത്തന്നെ പറയുന്നുണ്ടെന്നാണ് പറഞ്ഞത്. രണ്ടാമത് പ്രതികരിച്ച ജലവിഭവമന്ത്രി പി ജെ ജോസഫ് പറഞ്ഞത് പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമില്ലെന്ന് ഡല്‍ഹി ഐഐടിയുടെ പഠനത്തില്‍ വ്യക്തമായതാണ്, അധിക ജലമില്ലാത്തതുകൊണ്ടുതന്നെ വിധി കേരളത്തിന് ബാധകമല്ലെന്നാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയുമുണ്ട്, നമ്മുടെ വാദം ആ കമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല, കേരളത്തിന്റെ എതിര്‍പ്പ് വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്, നമുക്കാണെങ്കില്‍ അധിക ജലമില്ല, പമ്പയും, അച്ചന്‍കോവിലും അന്തര്‍ സംസ്ഥാന നദികളല്ലാത്തതിനാല്‍ വിധി ബാധകമേയല്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
2006 ഫെബ്രുവരി 27ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീംകോടതി വിധി വരാനിടയായതുപോലെ ഒരു സാഹചര്യമാണ് 2012 ഫെബ്രുവരി 27ന്റെ നദീജല സംയോജന വിധിയുടെ കാര്യത്തിലും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസിനെ തീര്‍ത്തും അവഗണിക്കുന്ന സമീപനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച അവഗണന കാരണം കേരളവിരുദ്ധ വിധിയുണ്ടായി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയം പരമപ്രധാനമായി കണ്ട് സീനിയര്‍ അഭിഭാഷകരെ നിയോഗിക്കുകയും ജാഗ്രതയോടെ കേസ് നടത്തുകയും ചെയ്തതിനാല്‍ കേരളത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി കണ്ടു. ഉന്നതാധികാര സമിതിയെ നിയോഗിച്ചതും 2006ലെ വിധി നടപ്പാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതുമെല്ലാം ആ ജാഗ്രതകൊണ്ടാണ്.
അതേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ കേരളം വാദിച്ചത് തമിഴ്നാടിനുവേണ്ടിയാണല്ലോ. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചതിന് വിശദമായ സത്യവാങ്മൂലമാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ശാന്തമായി ഒഴുകി ഇടുക്കി അണക്കെട്ടില്‍ ഒഴിവുളള സ്ഥലത്ത് ചെന്ന് ചേര്‍ന്നുകൊളളും. പിന്നെ ആകെയൊരു പ്രശ്നമുളളത് അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്നാണ്. അതിന് തൊട്ടടുത്ത് എട്ട് സ്കൂള്‍ കണ്ടുവച്ചിട്ടുണ്ട് എന്നാണ് കോടതിയില്‍ എഴുതിക്കൊടുത്തത്. ദുരന്തനിവാരണത്തിന്റെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതലയോഗം വിളിച്ച് ചര്‍ച്ചചെയ്ത് തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലമാണത്. ദുരന്തനിവാരണത്തിനെന്ന പേരില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കാണിച്ച അതേ സമീപനമാണ് നദീസംയോജനം സംബന്ധിച്ച കേസിന്റെ കാര്യത്തിലും ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുതവണ കേസ് വന്നപ്പോഴും സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേരളത്തിനുവേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ യോഗം നടന്നപ്പോള്‍ അന്നത്തെ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എല്ലാത്തവണയും നേരില്‍ പങ്കെടുത്ത് കേരളത്തിന്റെ വാദം നിരത്തി. നദീസംയോജനവുമായി ബന്ധപ്പെട്ട് 30 പദ്ധതി നടപ്പാക്കാനാണല്ലോ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. അതില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന എട്ട് പദ്ധതിയുടെ കൂട്ടത്തിലായിരുന്നു പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജനപദ്ധതി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ വാദവും സമ്മര്‍ദവും കാരണം ആദ്യ എട്ട് പദ്ധതിയുടെ കൂട്ടത്തില്‍നിന്ന് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ പദ്ധതിയെ തല്‍ക്കാലം മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ , സുപ്രീംകോടതി വിധിയില്‍ അക്കാര്യം സൂചിപ്പിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുമ്പ് ആവിഷ്കരിച്ച പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാണ് കോടതി നിര്‍ദേശം.
നദികള്‍ ദേശസാല്‍ക്കരിക്കുക, നദികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേകാവകാശം ഇല്ലായ്മ ചെയ്യുക, നദികളുടെ ദിശമാറ്റുന്നത് അഭിലഷണീയമാണ് എന്നീ വാദങ്ങള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കുന്ന വിധിയാണുണ്ടായിരിക്കുന്നത്. ഇങ്ങനെയൊരു വിധിയുണ്ടായതില്‍ ഒന്നാം ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍തന്നെയാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചും സംസ്ഥാനങ്ങളുടെ താല്‍പ്പര്യം നോക്കാതെയും കേന്ദ്രസര്‍ക്കാര്‍ നദീസംയോജനത്തിന് വാദിച്ചതാണ് പ്രശ്നം. യുഡിഎഫ് സര്‍ക്കാരാകട്ടെ കൂട്ടുത്തരവാദിയും. പത്തുമാസംമുമ്പുവരെ ഹരീഷ് സാല്‍വെയടക്കമുളള അഭിഭാഷകര്‍ ഹാജരായ കേസില്‍ നിര്‍ണായകഘട്ടത്തില്‍ സീനിയര്‍ അഭിഭാഷകര്‍ വേണ്ടെന്നുവച്ചത് എന്തുകൊണ്ട്? ഏതാനും മാസംമുമ്പ് നിയമിച്ച പ്ലീഡര്‍ ഹാജരായാല്‍ മതി എന്ന് നിശ്ചയിച്ചത് എന്തുകൊണ്ട്? ഈ കേസിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ തലവന്‍ ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കിയ കത്ത് എന്തുകൊണ്ട് അവഗണിച്ചു? ഉമ്മന്‍ചാണ്ടിയും കൂട്ടരും മറുപടി പറയേണ്ട വിഷയമാണിത്.
ഇത് ഇപ്പോഴത്തെ വീഴ്ചമാത്രമല്ല, 2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന നിര്‍ദേശവും അതിനായി നദീജല സര്‍വേയും നടത്തിയത്. നദീസംയോജനത്തിന് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സി സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കെണി മനസ്സിലാക്കാതെയും ഒരെതിര്‍പ്പും കൂടാതെയും സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചു. കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്നു വാദിക്കുന്ന തമിഴ്നാടിന്റെ താല്‍പ്പര്യമായിരുന്നു ആ സര്‍വേ. അതേസമയം, നമ്മുടെ പത്രങ്ങള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുകൊണ്ടുവന്നു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങുമ്പോഴേക്കുതന്നെ തമിഴ്നാട് മേക്കരയില്‍ ഡാം നിര്‍മിച്ചു, കനാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത. മഴ പെയ്യാതെതന്നെ ആ ഡാമില്‍ വെള്ളം കിട്ടുകയും ചെയ്യുന്നു. പമ്പ-അച്ചന്‍കോവില്‍ വൃഷ്ടിപ്രദേശത്തെ വെള്ളമാണിവിടേക്ക് എത്തിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഞാന്‍ മേക്കര ഡാം സന്ദര്‍ശിച്ചു. 2003 ജൂലൈ 26ന് ഇക്കാര്യം നിയമസഭയില്‍ ഉപക്ഷേപത്തിലൂടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി. പമ്പ-അച്ചന്‍കോവില്‍ നദിയിലെ വെള്ളം നമുക്ക് നഷ്ടപ്പെടുക എന്നാല്‍ വേമ്പനാട്ട് കായല്‍ നഷ്ടപ്പെടുക എന്നാണര്‍ഥം. അന്ന് നദീജല സംയോജനത്തിന് ജുഡീഷ്യല്‍ അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അത് ലഭിച്ചിരിക്കുന്നു. തമിഴ്നാടിന് അവരുടെ വാദവുമായി കോടതിയെ സമീപിക്കാനുളള സാധ്യതയും തെളിഞ്ഞിരിക്കുന്നു. അപ്പോഴും കേരളം ഉറങ്ങുന്നു.
പമ്പ-അച്ചന്‍കോവില്‍ നദികളുടെ ദിശമാറ്റി തമിഴ്നാട്ടിലേക്ക് മാറ്റുക എന്നാല്‍ ശബരിമലയും കുട്ടനാടുമെല്ലാമടങ്ങിയ മധ്യതിരുവിതാംകൂറിനെയാകെ ഊഷരമാക്കുക എന്നാണ്. നമ്മുടെ കൃഷിയും പ്രകൃതിയും നശിപ്പിക്കുക മാത്രമല്ല, നമ്മുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കുക എന്നതാണ്. 44 നദിയുള്ള നാടാണെങ്കിലും ആളോഹരി ജലലഭ്യതയില്‍ മരുഭൂമിയായ രാജസ്ഥാന് പിന്നിലാണ് കേരളം. ഈ കാര്യങ്ങളെല്ലാം സുപ്രീംകോടതിയെ ശരിയായി ധരിപ്പിച്ച് നദീജല സംയോജന-ദിശമാറ്റല്‍ പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കുന്നതിനും നിര്‍ദിഷ്ട പദ്ധതികളില്‍പ്പെട്ട പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി ഒഴിവാക്കുന്നു എന്ന തീര്‍പ്പിനും ശ്രമിക്കേണ്ടതായിരുന്നു. വൈകിയാണെങ്കിലും റിവ്യൂ ഹര്‍ജി നല്‍കുന്നതിനുളള സാധ്യത പരിശോധിക്കണമെന്നു പറയുമ്പോള്‍ സുപ്രീംകോടതി വിധി ബാധകമല്ലെന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കുന്നതാണ് കൂടുതല്‍ ആക്ഷേപകരം.
*
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
1 comment:
നദീജല സംയോജനം സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഇതിന് കര്‍മപദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമായി കേന്ദ്ര ജലവിഭവമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം പരിഗണിച്ച് രാജ്യത്തിന്റെ വിശാല താല്‍പ്പര്യത്തിനുവേണ്ടിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കുന്നു. നദീജല സംയോജന പദ്ധതിയോട് ചില കാര്യങ്ങളില്‍ കേരളവും സിക്കിമും പോലുളള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് വിധിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ , വിധി കേരളത്തിന് ബാധകമല്ലെന്ന് സൂചനയേയില്ലെന്നു മാത്രമല്ല, വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിനും ബാധകമാണെന്ന് വ്യക്തമായ സൂചനയുണ്ട് താനും. എല്ലാ സംസ്ഥാനങ്ങളും നദീസംയോജന പദ്ധതിയുമായി സഹകരിക്കണമെന്നും പദ്ധതി വൈകുന്നത് രാജ്യതാല്‍പ്പര്യത്തിനെതിരാണെന്നും പറയുന്നു.
Post a Comment