Thursday, March 8, 2012

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്

ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇതെഴുതുമ്പോള്‍ മിക്കവാറും പുറത്തുവന്നിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദ് പാര്‍ട്ടിയും മണിപ്പൂരില്‍ കോണ്‍ഗ്രസും ഗോവയില്‍ ബി ജെ പിയും പഞ്ചാബില്‍ അകാലിദള്‍ ബി ജെ പി സഖ്യവും അധികാരത്തിലേത്തുമെന്ന് ഉറപ്പായികഴിഞ്ഞു. ഉത്തരാഖണ്ഡില്‍ ആര്‍ക്കുമാര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുന്നത് ബി ജെ പിയാണ്. സംഖ്യാബലത്തില്‍ തൊട്ടുപിറകിലുള്ള കോണ്‍ഗ്രസും ബി ജെ പിയും ഭൂരിപക്ഷമുറപ്പിക്കാന്‍ നടത്തുന്ന കുതിരക്കച്ചവടത്തിന്റെ അന്തിമഫലത്തെ ആശ്രയിച്ചായിരിക്കും അവിടത്തെ ഭരണം.

നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ജീവിത പ്രതീക്ഷകള്‍ക്കു മേല്‍ നിഴല്‍ പരത്തുമ്പോഴാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് പോയത്. സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റേയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട നയമാണത്. ആ നയം സമ്പന്ന വര്‍ഗത്തിന്റെ അതിരില്ലാത്ത ആര്‍ത്തികള്‍ക്ക് കുടപിടിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം ജീവിതയാഥാര്‍ഥ്യങ്ങളും മൗലികമായ സാമ്പത്തിക നയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിലെ മുഖ്യ പരിഗണനകളായി മാറിയില്ല. ജാതിമത സമവാക്യങ്ങളും വര്‍ഗീയ - പ്രാദേശിക പരിഗണനകളും ഗതിനിര്‍ണയിച്ച തിരഞ്ഞെടുപ്പില്‍ പണവും കൈയൂക്കും പതിവുപോലെ ജനഹിതത്തെ സ്വാധീനിച്ചു. ജനാധിപത്യത്തിന്റെ സര്‍ഗശക്തിയെ പിടിച്ചുലക്കുന്ന ഇത്തരം നിഷേധാത്മക ഘടകങ്ങളില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ തിരഞ്ഞെടുപ്പ് ആവര്‍ത്തിച്ചു വിളിച്ചുപറയുന്നു. അതിനു വഴിതെളിക്കേണ്ട ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ താരതമ്യേന ദുര്‍ബലമായ ഈ സംസ്ഥാനങ്ങളില്‍ അവ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഈ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ 'ഹൃദയഭൂമി'യുടെ ഭാഗമായി പരിഗണിക്കപ്പെടുന്ന യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണായകമായി സ്വാധീനിക്കുമെന്നുറപ്പാണ്. വികസനത്തിന്റെ പരിഗണനാപരിധിയില്‍ നിന്ന് പട്ടിണിക്കാരെയും പാവങ്ങളെയും കുടിയിറക്കിയ കോണ്‍ഗ്രസിനും അതു നയിക്കുന്ന കേന്ദ്രഭരണത്തിനും തിരഞ്ഞെടുപ്പ് ഫലം ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. അഴിമതിയില്‍ ആപാദചൂഡം മുങ്ങിനില്‍ക്കുന്ന അതിന്റെ കപട വാഗ്ദാനങ്ങള്‍ക്കൊന്നും ജനരോഷത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനാവില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രചാരണ മാനേജര്‍മാര്‍ രംഗത്തിറക്കിയ നെഹ്‌റു കുടുംബത്തിലെ യുവതാരത്തിന് ജനഹൃദയങ്ങളില്‍ യാതൊരു ചലനവും ഉണ്ടാക്കാനായില്ല. കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കാണ് തലകുത്തി വീണത്. അമേതിയിലും റായ്ബറേലിയിലും അവരെ പരാജയം കാത്തിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പില്‍ 'രാഹുല്‍ ഇഫക്ടി' നെ മുന്‍നിര്‍ത്തി ജീവന്മരണ സമരത്തിനിറങ്ങിയ കേരളത്തിലെ യു ഡി എഫ് നേതാക്കള്‍ക്ക് ഉള്‍ക്കിടിലമുണ്ടാകുമെന്നുറപ്പ്. കോണ്‍ഗ്രസിന്റേതു സ്വയംകൃതാനര്‍ഥമാണ്. കമ്പോളചങ്ങാത്തത്തിനു ജയജയ പാടി അഴിമതിയുടെ സാമ്രാജ്യം പണിയുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത അനര്‍ഥമാണിത്.
ഗോവയും പഞ്ചാബും ഉത്തരാഖണ്ഡും ചൂണ്ടി ബി ജെ പി നേതൃത്വം ഊറ്റം കൊള്ളുമ്പോള്‍ രാജ്യത്തിലെ മതേതരശക്തികള്‍ തീര്‍ച്ചയായും ജാഗ്രതപ്പെടേണ്ടതുണ്ട്. നരേന്ദ്രമോഡിമാരുടെ രാഷ്ട്രീയ വംശവര്‍ധന ഇന്ത്യക്കു നല്‍കുന്നത് ഒരു തരത്തിലുമുള്ള ശുഭസൂചനയല്ല. ജനദ്രോഹ സാമ്പത്തിക നയങ്ങളുടെയും അഴിമതിയുടെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍പക്ഷികളാണെന്നതും ഇന്ത്യന്‍ ജനതക്കു ആശങ്കയുളവാക്കുന്നു.

2012 ജൂലൈ മാസത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. 2014 ല്‍ വിധിനിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നു. അവയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് ഗൗരവമേറിയ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വഴിതെളിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിഗതിക്രമങ്ങളില്‍ ജനങ്ങള്‍ക്ക് ആശയര്‍പ്പിക്കാനുള്ള രാഷ്ട്രീയ ശക്തിയെവിടെ എന്ന ചോദ്യം കൂടുതല്‍ മൂര്‍ച്ചയോടെ ഉന്നയിക്കപ്പെടുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ ബദലിനുള്ള അന്വേഷണങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. യു പിയില്‍ ബി എസ് പിയേയും ബി ജെ പിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്തി. സമാജ്‌വാദ് പാര്‍ട്ടി നേടിയ വിജയം ശ്രദ്ധേയമാണെന്ന് നിരീക്ഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അഞ്ചുകൊല്ലം മുമ്പ് യു പിയില്‍ അധികാരം കൈയാളിയപ്പോള്‍ മുലായം സിംഗിന്റെ പാര്‍ട്ടി നേടിയത് അഭിമാനകരമായ റിക്കാര്‍ഡ് ആയിരുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും അതിന്റെ മുഖമുദ്രയായിരുന്നു. അതില്‍ നിന്നുള്ള വ്യതിയാനമാണ് ഇത്തവണ എസ് പിയും അഖിലേഷ് യാദവും നല്‍കിയ വാഗ്ദാനങ്ങളിലൊന്ന്. എല്ലാ ഘട്ടങ്ങളിലും ബി ജെ പിക്കെതിരായ രാഷ്ട്രീയ നിലപാടാണ് സമാജ്‌വാദ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ. ഇത്തവണയും അതിനുമുമ്പില്‍ ബി ജെ പിയുടെ വര്‍ഗീയ തീവ്രവാദത്തിനു മുട്ടുകുത്തേണ്ടി വന്നു. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ശ്രീരാമഭക്തിയെ കച്ചവട വസ്തുവാക്കുന്ന ബി ജെ പിയ്ക്കു അയോധ്യയില്‍ പോലും പരാജയമുണ്ടായി എന്നത് നിസാരമല്ല.

ഇന്ത്യന്‍ ഹൃദയഭൂമികളില്‍ ശക്തി ആര്‍ജിക്കുവാന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടിയിരിക്കുന്നു. ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ കര്‍മ്മ പരിപാടികളില്‍ അതിന് അടിയന്തിര പ്രാധാന്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ശക്തികളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി പി ഐയും 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി പി ഐ (എം) ഉം ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് പ്രാധാന്യം കല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 07 മാര്‍ച്ച് 2012

No comments: