Thursday, March 8, 2012

സ്ത്രീകള്‍ക്കും അന്തസ്സായി ജീവിക്കണം

മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിമത്തത്തിന്റെയും അവഹേളനത്തിന്റെയും നുകം വലിച്ചെറിഞ്ഞ്, സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ ലോകമെമ്പാടും സ്ത്രീസമൂഹം ഒത്തുചേരുന്ന ദിനം. ജീവിതദുരിതങ്ങള്‍ ദൈവഹിതമല്ലെന്നും ഭരണാധികാരികളുടെ സ്ത്രീവിരുദ്ധനയങ്ങളാണ് അതിന് കാരണമാകുന്നതെന്നും വിളിച്ചുപറഞ്ഞത്, ഇടതുപക്ഷ ചിന്തകരാണ്. മുതലാളിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ ലോകമെങ്ങും വളര്‍ന്നുവന്ന പോരാട്ടങ്ങള്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ക്കും കരുത്തുപകര്‍ന്നു. 1864ല്‍ കാള്‍ മാര്‍ക്സും എംഗല്‍സും വിളിച്ചുചേര്‍ത്ത ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷനില്‍ സ്ത്രീകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചും ചര്‍ച്ച ഉയര്‍ന്നു. ക്ലാരാ സെത്കിനെപ്പോലുള്ള നേതാക്കള്‍ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ദുരവസ്ഥ ചര്‍ച്ചചെയ്തു.

1907ല്‍ ജര്‍മനിയില്‍ സ്ത്രീകളുടെ അന്താരാഷ്ട്ര സമ്മേളനം ചേര്‍ന്ന് വോട്ടവകാശമടക്കമുള്ള അവകാശപ്രഖ്യാപനം നടത്തി. 1910ല്‍ ചേര്‍ന്ന അന്താരാഷ്ട്ര വനിതാസമ്മേളനത്തില്‍ സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനം ആചരിക്കാന്‍ തീരുമാനിച്ചു. 1908ല്‍ അമേരിക്കയിലെ സൂചിനിര്‍മാണ തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ഐതിഹാസിക പ്രതിഷേധപ്രകടനത്തിന്റെ സന്ദേശമുണര്‍ത്തി മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാന്‍ തുടങ്ങി. പിന്നീട് കാലികപ്രശ്നങ്ങള്‍ ഉയര്‍ത്തി ലോകമെമ്പാടും സ്ത്രീകള്‍ മാര്‍ച്ച് എട്ട് സ്വന്തം ദിനമായി ഏറ്റെടുത്തു. 2011ല്‍ മാര്‍ച്ച് എട്ടിന്റെ നൂറാംവാര്‍ഷികം ആചരിക്കുമ്പോള്‍ ലോകമെങ്ങും കടുത്ത സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ലോകമാകെ ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകള്‍ വന്‍തോതില്‍ സഹകരിച്ചു. വാള്‍സ്ട്രീറ്റ് സമരത്തിലെയും അറബ്രാജ്യങ്ങളില്‍ നടന്ന പോരാട്ടങ്ങളിലെയും സ്ത്രീപങ്കാളിത്തം എടുത്തുപറയേണ്ടതാണ്. ഒപ്പം സ്ത്രീവിമോചന പ്രസ്ഥാനങ്ങളും ശക്തമായി. എന്നാല്‍ , സ്ത്രീവിരുദ്ധമായ മുതലാളിത്തസമൂഹത്തിന്റെ പതനം ഉറപ്പാക്കി സോഷ്യലിസത്തിലേക്ക് ലോകത്തെ നയിക്കാന്‍ കഴിയുംവിധം, മേല്‍പ്പറഞ്ഞ പോരാട്ടങ്ങള്‍ കരുത്ത് നേടിയെന്ന് പറയാന്‍ കഴിയില്ല.

അവകാശപോരാട്ടങ്ങള്‍ക്കായി ഒത്തുചേരേണ്ട ജനതയെ ജാതിമത വര്‍ഗീയ ശക്തികളും സാമ്രാജ്യത്വപ്രചാരണ തന്ത്രങ്ങളും ചേര്‍ന്ന് ഭിന്നിപ്പിക്കുകയോ നിസ്സംഗരാക്കുകയോ ചെയ്യുന്നു എന്നതാണ് അപകടകരമായ വസ്തുത. സംഘടിതപോരാട്ടങ്ങളുടെ ഫലമായി നീതിയുടെ നുറുങ്ങുവെട്ടം ചില മേഖലകളില്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞെങ്കിലും സ്ത്രീസമൂഹത്തിന്റെ 75 ശതമാനവും ഇപ്പോഴും അവഗണനയുടെ ഇരുളില്‍ കഴിയുകയാണ്. ലോകത്തിലെ 1.3 കോടി പരമദരിദ്രരില്‍ 70 ശതമാനം സ്ത്രീകളാണ്. ഐഎല്‍ഒ റിപ്പോര്‍ട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിലവസരങ്ങളില്‍ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നു. പുത്തന്‍ ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി പുരുഷന്മാരുടെ തൊഴില്‍നഷ്ടം 3.9 ശതമാനമാണെങ്കില്‍ സ്ത്രീകളുടേത് 6.9 ശതമാനമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഈയിടെ പറഞ്ഞത്, ഇന്ത്യയിലെ 42 ശതമാനം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ട് ദുരിതമനുഭവിക്കുന്നു എന്നാണ്. അഴിമതിയിലൂടെ ഇന്ത്യയിലെ ധനാഢ്യര്‍ ചോര്‍ത്തിയെടുത്ത് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച തുകയുടെ ഒരു ശതമാനംമാത്രം മതി കുട്ടികളുടെ പട്ടിണി മാറ്റാന്‍ . യുദ്ധങ്ങളും വര്‍ഗീയലഹളകളും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയാണ്. മത തീവ്രവാദികള്‍ അധികാരത്തില്‍ വരുന്ന രാജ്യങ്ങളില്‍ വിവരണാതീതമായ ക്രൂരതയാണ് സ്ത്രീകള്‍ സഹിക്കേണ്ടിവരുന്നത്. ഇന്ത്യയിലും ദളിത് സ്ത്രീകള്‍ ജാതി പഞ്ചായത്തുകളുടെ പ്രാകൃത ശിക്ഷാവിധികള്‍ക്ക് വിധേയരാകുന്നു. ഇത്തവണ മാര്‍ച്ച് എട്ട് ആചരിക്കുമ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റത്തിന്റെ അനുഭവം ആവേശമുളവാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ആശയഗതിക്കാര്‍ അധികാരത്തില്‍ വന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീപദവി ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ (യുഎന്‍ കമീഷന്‍ ഓഫ് ദി സ്റ്റാറ്റസ് ഓഫ് വുമണ്‍) സൂചിപ്പിക്കുന്നു. നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് ക്യൂബയില്‍ 43.2 ശതമാനം, അര്‍ജന്റീനയില്‍ 38.5, കോസ്റ്റാറിക്കയില്‍ 36.8 എന്നിങ്ങനെയാണ് പങ്കാളിത്തം. 1997ല്‍ 10 ശതമാനത്തില്‍ താഴെ പങ്കാളിത്തമുണ്ടായിരുന്ന ചിലി, ഇക്വഡോര്‍ , ബൊളീവിയ, ബ്രസീല്‍ , നിക്കരാഗ്വ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ 30 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തമുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും 10 ശതമാനത്തില്‍ താഴെയാണ് സ്ത്രീപങ്കാളിത്തം. വനിതാസംവരണബില്‍ ഇപ്പോഴും ഏട്ടിലെ പശുവായി കിടക്കുന്നു. ക്യൂബയില്‍ മാതൃമരണനിരക്ക് ഒരുലക്ഷത്തിന് 34 ആണെങ്കില്‍ ഇന്ത്യയില്‍ 407 ആണ്. ഇത്തവണ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രധാനമായും നാലു മുദ്രാവാക്യമാണ് സാര്‍വദേശീയദിനത്തില്‍ ഉയര്‍ത്തുന്നത്. വനിതാസംവരണബില്‍ പാസാക്കുക, സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമം തടയാന്‍ നടപടി സ്വീകരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക (സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക), അസംഘടിതമേഖലയിലെ സ്ത്രീകളുടെ തൊഴിലവസരം ഉറപ്പുവരുത്തുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍ . വനിതാസംവരണബില്‍ പാസാക്കാനുള്ള ഇച്ഛാശക്തി ഇന്ത്യന്‍ ഭരണാധികാരികള്‍ക്കില്ല. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 50 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലെ ജാതിമേധാവിത്വത്തിനുകീഴില്‍ 33 ശതമാനം സംവരണാനുകൂല്യംപോലും സ്ത്രീകള്‍ക്ക് പൂര്‍ണമായി അനുഭവയോഗ്യമായിട്ടില്ല. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കുന്നതരത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. സൗമ്യയുടെ കൊലപാതകത്തിനുശേഷവും ട്രെയിനില്‍ പെണ്‍കുട്ടികളെ ആക്രമിക്കുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുപോലും അതിക്രമം ഉണ്ടാകുന്നു എന്നാണ് ജയഗീതസംഭവം തെളിയിക്കുന്നത്. ട്രെയിനില്‍മാത്രമല്ല, ബസിലും പൊതുവാഹനങ്ങളിലും വഴിയിലുമെല്ലാം സ്ത്രീകളെ അപമാനിക്കുന്നു. മദ്യപിച്ച് പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് ശല്യമുണ്ടാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പെണ്‍വാണിഭസംഘങ്ങള്‍ ഭീതിപടര്‍ത്തി സമൂഹത്തില്‍ അഴിഞ്ഞാടുന്നു. ഇത്തരം സംഘത്തിലെ പ്രമുഖരെ രക്ഷിക്കാന്‍ ഇരകളാകുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പരാതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സൂര്യനെല്ലിയിലെ ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിയെ കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്തതും മന്ത്രി ജയലക്ഷ്മിയുടെ സ്റ്റാഫ് അപമാനിച്ച പെണ്‍കുട്ടികളുടെ പരാതി ഇല്ലാതാക്കിയതും ഇതിനുദാഹരണമാണ്. നിയമങ്ങള്‍ നോക്കുകുത്തികളായി മാറുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വനിതാദിനത്തില്‍ സ്ത്രീകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ എല്ലാ സ്ത്രീകളും സമരരംഗത്തിറങ്ങണം. ഇന്ത്യയിലെ പട്ടിണിയും പോഷകാഹാരക്കുറവും പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന നിയമമാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുമ്പാകെയുള്ള ഭക്ഷ്യസുരക്ഷാബില്‍ . അതിലെ ചില വകുപ്പുകള്‍ ഭക്ഷ്യവിതരണത്തില്‍ ചില പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. "മുന്‍ഗണന" വിഭാഗത്തില്‍ വളരെ ചുരുക്കംപേരെമാത്രം ഉള്‍പ്പെടുത്തി സബ്സിഡി വെട്ടിച്ചുരുക്കാനാണ് നീക്കം. പൊതുവിതരണശൃംഖലയ്ക്കുപകരം ഫുഡ്സ്റ്റാമ്പ്, സബ്സിഡി പണമായി നല്‍കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ധാന്യങ്ങള്‍ക്കായി സ്വകാര്യ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ് ലക്ഷ്യം. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമുതലാളിമാരെ ഏല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണിത്. കടുത്ത വിലക്കയറ്റമായിരിക്കും പരിണതഫലം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ക്ഷേമപദ്ധതിയും വെട്ടിക്കുറയ്ക്കുകയാണ്. നവജാതശിശുക്കളുടെ പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കി. കുടുംബശ്രീക്കുള്ള എല്ലാ ആനുകൂല്യവും ഒഴിവാക്കി പകരം ജനശ്രീക്ക് പണം മറിച്ചുകൊടുക്കാനും സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്.

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. ഇന്ത്യയിലെങ്ങും നേഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭം ഇതിന് ഉദാഹരണമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ പ്രഖ്യാപിച്ച മിനിമംകൂലി നടപ്പാക്കണമെന്നാണ് നേഴ്സുമാരുടെ സമരത്തില്‍ ഉയരുന്ന പ്രധാന മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സമഗ്രമായ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ലോകമെങ്ങും സാമ്രാജ്യത്വചൂഷണത്തിനെതിരായി മുളപൊട്ടിയ പ്രതിഷേധാഗ്നിയെ ഊതിജ്വലിപ്പിച്ച് ചൂഷണത്തിനെതിരായ ജനകീയമുന്നേറ്റങ്ങളെ കരുപ്പിടിപ്പിക്കുകയാണ് സമത്വവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും കടമ. സ്ത്രീകളുടെ അന്തസ്സുറ്റ ജീവിതം ഉറപ്പുവരുത്താന്‍ മുതലാളിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഭാഗമായി വളര്‍ന്നുവരുന്ന മനുഷ്യത്വരഹിതമായ എല്ലാറ്റിനോടും നാം കലഹിച്ചേ മതിയാവുകയുള്ളൂ. സ്ത്രീകളുടെ അവകാശപ്രഖ്യാപനറാലിക്ക് എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

*
കെ കെ ശൈലജ ദേശാഭിമാനി 08 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിമത്തത്തിന്റെയും അവഹേളനത്തിന്റെയും നുകം വലിച്ചെറിഞ്ഞ്, സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ ലോകമെമ്പാടും സ്ത്രീസമൂഹം ഒത്തുചേരുന്ന ദിനം. ജീവിതദുരിതങ്ങള്‍ ദൈവഹിതമല്ലെന്നും ഭരണാധികാരികളുടെ സ്ത്രീവിരുദ്ധനയങ്ങളാണ് അതിന് കാരണമാകുന്നതെന്നും വിളിച്ചുപറഞ്ഞത്, ഇടതുപക്ഷ ചിന്തകരാണ്. മുതലാളിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ ലോകമെങ്ങും വളര്‍ന്നുവന്ന പോരാട്ടങ്ങള്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ക്കും കരുത്തുപകര്‍ന്നു. 1864ല്‍ കാള്‍ മാര്‍ക്സും എംഗല്‍സും വിളിച്ചുചേര്‍ത്ത ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷനില്‍ സ്ത്രീകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചും ചര്‍ച്ച ഉയര്‍ന്നു. ക്ലാരാ സെത്കിനെപ്പോലുള്ള നേതാക്കള്‍ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ദുരവസ്ഥ ചര്‍ച്ചചെയ്തു.