Wednesday, March 7, 2012

പട്ടണങ്ങളിലെ മാലിന്യപ്രശ്‌നം

ഇന്ന് കേരളത്തെ തുറിച്ചു നോക്കുന്ന ഏറ്റവും പ്രധാനപ്രശ്‌നം ഏതെന്ന് ചോദിച്ചാല്‍ മാലിന്യപ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണെന്ന് പറയേണ്ടിവരും. സംസ്ഥാനത്തെ എല്ലാ പട്ടണപ്രദേശങ്ങളും മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. പട്ടണങ്ങളിലെ മാലിന്യം എവിടെ സംസ്‌ക്കരിക്കും? പട്ടണങ്ങളിലെ മാലിന്യം സമീപപ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭയും വിളപ്പില്‍ശാല പഞ്ചായത്തും തമ്മിലുള്ള തര്‍ക്കം. നഗരത്തില്‍ നിന്നും മാലിന്യം വഹിച്ചുകൊണ്ടുള്ള ഒരു വാഹനവും വിളപ്പില്‍ശാലയിലേയ്ക്ക് കടത്തില്ലെന്ന നിലപാടിലാണ് ജനകീയ പ്രക്ഷോഭകരും പഞ്ചായത്തും. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പൊലീസിനെ നിയോഗിച്ചിട്ടും മാലിന്യം വഹിച്ചുകൊണ്ടുള്ള ഒരു ലോറിയും വിളപ്പില്‍ശാലയിലേയ്ക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ക്ക്് സമ്മതിച്ചില്ല. സെന്‍ട്രല്‍ റിസര്‍വ് പൊലീസിന്റെ സഹായം തേടുമെന്ന് കോടതി പറഞ്ഞിട്ടും വിളപ്പില്‍ശാലയിലെ പ്രക്ഷോഭത്തിന് കുറവൊന്നും വന്നില്ല. നഗരസഭയും ഗ്രാമപഞ്ചായത്തും തമ്മില്‍ ഒരു സന്ധിസംഭാഷണത്തിനാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം വിജയിച്ചിട്ടില്ല. ആ പ്രദേശത്തെ നീരുറവകള്‍ മലിനമാകുകയും ചുറ്റുപാടും ദുര്‍ഗന്ധം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുറെക്കാലമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. തൃശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലും പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്. തൃശൂരിലെ ചവര്‍ നിക്ഷേപത്തിനെതിരെ കെ വേണു, പതിനൊന്ന് ദിവസം നിരാഹാര സമരം നടത്തി. പ്രശ്‌നത്തിന് ശാശ്വതപരിഹാരമായിട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ ചവര്‍ സംസ്‌ക്കരിക്കാനാവാതെ ഇപ്പോള്‍ തന്നെ പലടിയങ്ങളിലും ചവര്‍കൂനകള്‍ ഉയര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ പലരും പല നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇന്ന് നമ്മുടെ തോടുകളും നദികളും കുളങ്ങളുമൊക്കെ ചവര്‍ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പല ജലസ്രോതസ്സുകളുടെയും നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. ഈ പ്രവണത വലിയ നഗരങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാംക്രമിക രോഗങ്ങള്‍ പരത്തുന്ന കൊതുക് അടക്കമുള്ള കീടങ്ങളുടെ വാസകേന്ദ്രങ്ങളായി ഈ ചവര്‍ നിക്ഷേപ കേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

കേരള വികസനമാതൃകയുടെ ഏറ്റവും പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് ആയുര്‍ദൈര്‍ഘ്യമാണ്. സംസ്ഥാനത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. മാത്രമല്ല, വികസിത രാജ്യങ്ങള്‍ക്ക് അടുത്ത് നില്‍ക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് ശിശുമരണ നിരക്ക് തുടങ്ങിയ മനുഷ്യജീവിത വികസന സൂചികകളില്‍ കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ ഈ നേട്ടങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ചവര്‍ സംസ്‌ക്കരണ പ്രശ്‌നം. സംസ്ഥാനത്തെ റോഡുകളും തോടുകളും നദികളും കുളങ്ങളുമൊക്കെ ചവര്‍ നിക്ഷേപകേന്ദ്രങ്ങളായി മാറുന്ന സ്ഥിതി തുടര്‍ന്നാല്‍ കേരളം സാംക്രമിക രോഗങ്ങളുടെ പിടിയിലമരും. ഇതിന് ഇതുവരെ കണ്ടെത്തിയ പരിഹാരമാര്‍ഗങ്ങളെല്ലാം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിക്ഷേപം വിളപ്പില്‍ശാലയിലും ചുറ്റുപാടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ അവിടെ എതിര്‍പ്പ് ഇനിയും രൂക്ഷമാവാനാണ് സാധ്യത.

ഈ വിഷയത്തെ കേരള വികസന മാതൃകയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ വികസന അനുഭവം. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരുപട്ടണം കഴിഞ്ഞാല്‍ വിശാലമായ കൃഷിഭൂമികളും പൊതുസ്ഥലങ്ങളും ഉണ്ട്. അതുകഴിഞ്ഞാല്‍ ഗ്രാമങ്ങളോ ചെറുപട്ടണങ്ങളോ ആണ്. ഇവിടങ്ങളില്‍ ചവര്‍ സംസ്‌ക്കരണം ഒരു പ്രശ്‌നമേ അല്ല. പട്ടണങ്ങള്‍ കഴിഞ്ഞുള്ള ജനനിബിഡമല്ലാത്ത വിശാലമായ സ്ഥലങ്ങളില്‍ ചവര്‍ സംസ്‌ക്കരിക്കാം. അതേസമയം കേരളത്തിന്റെ വികസനത്തില്‍ പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. പട്ടണങ്ങളുടെ തുടര്‍ച്ചയാണ് ഗ്രാമങ്ങള്‍. കേരളത്തെ ഒന്നാകെ ഒരു പട്ടണമെന്നോ ഒരു ഗ്രാമമെന്നോ പറയാം. പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ അതിര്‍വരമ്പോ, അവക്ക് ഇടയില്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളോ ഇല്ലാത്ത കേരളത്തില്‍ ചവര്‍ നിക്ഷേപം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടുതല്‍ കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത.

ഈ പ്രശ്‌നം അതിവേഗത്തില്‍ പരിഹരിക്കേണ്ടത് കേരളത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് ചില പ്രദേശങ്ങളില്‍ വിജയകരമെന്ന് അവകാശപ്പെടുന്ന പരീക്ഷണങ്ങള്‍ ഉണ്ട്. ഈ പരീക്ഷണങ്ങള്‍ എത്രത്തോളം വ്യാപകമാക്കാമെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് ഒരു നിസഹായവസ്ഥയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് സാധിക്കുന്നില്ല.

പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാതെ ഈ ചവര്‍ സംസ്‌ക്കരണം എങ്ങനെ നടത്താമെന്നാണ് പരിശോധിക്കേണ്ടത്. ഇതൊരു ശാസ്ത്ര-സാങ്കേതിക പ്രശ്‌നമാണ്. ചവര്‍ സംസ്‌ക്കരണം എങ്ങനെ നടത്താം? ഇതില്‍ നിന്നും ഉപോല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാവുമോ? ഇതൊക്കെ ശാസ്ത്രലോകം പരിശോധിക്കണം. ശാസ്ത്ര ലോകത്തിന്റെ ഇക്കാര്യത്തിലുള്ള കടമ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സര്‍വകലാശാലകള്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഇതിന് സജ്ജമാക്കണം. അതിനാവശ്യമായൊരു സംഘടന ഉണ്ടാക്കാനും സാമ്പത്തിക സഹായം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണം. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ലക്ഷ്യബോധമോ വ്യക്തതയുള്ളൊരു സമീപനമോ സര്‍ക്കാരിനില്ലെന്ന് തെളയിക്കുന്നതാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഒരു വ്യക്തതയുമില്ലാതെ, ഒരു ത്രിമാന തന്ത്രം സ്വീകരിക്കണമെന്നാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഒന്നാമതായി പ്ലാസ്റ്റിക്കും അല്ലാത്തതുമായി മാലിന്യങ്ങളെ തിരിക്കുക. രണ്ടാമതായി, വികേന്ദ്രീകൃത സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് രൂപം നല്‍കുക. മൂന്നാമതായി, ആധുനിക സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക. ഇത് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാതെ ചില ആഗ്രഹ പ്രകടനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യം ആര് വേര്‍തിരിക്കും? ഇത് പ്രാദേശികമായി എങ്ങനെ നശിപ്പിക്കും? ആധുനിക ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ ആര് ഇവര്‍ക്കെത്തിച്ചുകൊടുക്കും? ചുരുക്കത്തില്‍ യു ഡി എഫ് സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു നയമോ വ്യക്തതയോ ഇല്ലാത്തതിന്റെ ഫലമായി കേരളത്തിലെ മാലിന്യ സംസ്‌ക്കരണം ഒരു ദേശീയ പ്രശ്‌നമായി മാറുന്നു. തുടര്‍ന്നു വായു ലഭിക്കാത്ത അവസ്ഥ, പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്ന സ്ഥിതിവിശേഷം, ജലാശയങ്ങള്‍ മാലിന്യം കൊണ്ട് നിറയുന്ന അവസ്ഥ ഇതൊന്നും യു ഡി എഫ് സര്‍ക്കാര്‍ ഗൗരവമായി കണ്ടമട്ടില്ല.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 06 മാര്‍ച്ച് 2012

No comments: