Wednesday, March 7, 2012

ഫെബ്രുവരി 28 ലെ പൊതുപണിമുടക്ക്: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്രസംഭവം

ഫെബ്രുവരി 28 നു നടന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദേശീയ പണിമുടക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്രസംഭവങ്ങളില്‍ ഒന്നായി അനുസ്മരിക്കപ്പെടും. രണ്ടാം യു പി എ ഗവണ്‍മെന്റിന്റെ സാമ്പത്തിക, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അഫിലിയേഷന്‍ ഉളളതും ഇല്ലാത്തതുമായ ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ അണിനിരന്ന പണിമുടക്ക് എന്നതാണ് അതിനെ ചരിത്രപ്രധാനമാക്കുന്നത്.

ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എഛ് എം എസ്, സി ഐ ടി യു, എ ഐ യു ടി യു സി, എ ഐ സി സി ടി യു, യു ടി യു സി, ടി യു സി സി, എല്‍ പി എഫ്, എസ് ഇ ഡബ്ല്യൂ എ എന്നീ പതിനൊന്നു കേന്ദ്ര ട്രേഡ് യൂണിയന്‍ (സി ടി ഒ) കളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഡി എം കെ, ശിവസേന, മുസ്ലീംലീഗ് എന്നീ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകളും പണിമുടക്കിനു പിന്തുണ നല്‍കി അതില്‍ പങ്കെടുത്തു. സി ടി ഒ കളില്‍ അഫിലിയേഷന്‍ ഇല്ലാത്ത 5000 ത്തില്‍ പരം യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുകയുണ്ടായി. ഇതാണ് ഫെബ്രുവരി 28 ന്റെ പണിമുടക്കിന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നല്‍കുന്നത്.

പൊതുവില്‍ നമ്മുടെ അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തൊഴിലാളി രംഗത്തെ അവഗണിക്കുന്നത് പതിവാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ സി ടി ഒ ആഹ്വാനപ്രകാരം നടന്ന പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, ജയില്‍നിറക്കല്‍ സമരങ്ങള്‍, പണിമുടക്കുകള്‍ എന്നിവകള്‍ക്കുനേരെ മാധ്യമങ്ങളുടെ സമീപനം അവഗണനയായിരുന്നു. എന്നാല്‍ ഫെബ്രുവരി 28 ലെ പണിമുടക്കിനോടുളള അവരുടെ സമീപനത്തില്‍ പ്രകടമായ മാറ്റമുണ്ടായി. അതിനു വിപുലമായ കവറേജ് നല്‍കുകയുണ്ടായി. ''തൊഴിലാളി യൂണിയന്‍ പണിമുടക്ക് ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു.'', ''കേരളം, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണം'' എന്നിങ്ങനെയായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ടുകള്‍. അത് തലക്കെട്ടുകളില്‍ മാത്രമല്ല വാര്‍ത്തയുടെ ഉളളടക്കത്തിലും പ്രകടമായിരുന്നു. 'പിനാക്കാ റോക്കറ്റുകള്‍ക്കുളള വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന നാഗ്പൂരിലെ യുദ്ധോപകരണ നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം നിലച്ചു. മൂവായിരത്തിലധികം തൊഴിലാളികളാണ് ഫാക്ടറി കവാടം ഉപരോധിച്ചത്.' വാര്‍ത്തയുടെ നിഷേധാത്മകത്വം ശ്രധേയമാണ്. ഇത്തവണത്തെ പണിമുടക്ക് എല്ലാ മേഖലകളെയും ബാധിച്ചു എന്നതാണ് ടൈംസ് ഓഫ് ഇന്ത്യ പോലൊരു പത്രത്തെക്കൊണ്ട് ഇങ്ങനെ എഴുതിച്ചത്.

'രാജസ്ഥാനില്‍ പണിമുടക്ക് സമ്പൂര്‍ണ്ണം' 'ബസുകള്‍ നിരത്തിലിറങ്ങിയില്ല: ആണവനിലയം നിശ്ചലം' എന്ന തലക്കെട്ടുമായാണ് ഹിന്ദു പുറത്തിറങ്ങിയത്. ടെക്‌സ്റ്റൈയില്‍ വ്യവസായ നഗരമായ ഭില്‍വാഡ അടഞ്ഞുകിടന്നതായി അവര്‍ റിപ്പോര്‍ട്ടു ചെയ്തു. ബന്‍സ്വാര, ദുഗര്‍പൂര്‍, ഉദയപൂര്‍, സിക്കര്‍ (റീന്‍ഗാസ്) കോട്ട, ഭവാനിമണ്ഡി തുടങ്ങിയ സ്ഥലങ്ങളില്‍ തുണി വ്യവസായ യൂണിറ്റുകളില്‍ പണിമുടക്ക് പരിപൂര്‍ണ്ണമായിരുന്നു. ആദിത്യ ബിര്‍ലാ ഗ്രൂപ്പിന്റെ ചിത്രോഘര്‍, ഖരിയ ഖന്‍ജര്‍ (ജോഡ്പൂര്‍) എന്നിവിടങ്ങളിലെ സിമന്റ് വ്യവസായത്തിലും സമാനമായ പ്രതികരണമാണ് പണിമുടക്ക് സൃഷ്ടിച്ചത്. പൊതുമേഖലയില്‍ എന്നപോലെതന്നെ സ്വകാര്യമേഖലയേയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു.

പൊതു-സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെന്ന വ്യത്യാസം കൂടാതെ ദേശവ്യാപകമായി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നതായി കേന്ദ്ര ട്രേഡ് യൂണിയന്‍ ഏകോപന സമിതി പറഞ്ഞു. റയില്‍വേ, ആശുപത്രി എന്നീ മേഖലകളെ കമ്മറ്റി തന്നെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രതിരോധരംഗത്തെ സിവില്‍ ജീവനക്കാരും വെടിക്കോപ്പു നിര്‍മ്മാണ ശാലയിലെ തൊഴിലാളികളും പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. റയില്‍വേ ജീവനക്കാര്‍ ഒഴിവുവേളകളില്‍ ട്രേഡ് യൂണിയന്‍ ഏകോപന സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇടവേളയില്‍ ശാസ്ത്രി ഭവനു മുന്നില്‍ പ്രകടനം നടത്തിയതായി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. പണിമുടക്കില്‍ പങ്കുചേരാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പോലും രാജ്യത്തുടനീളം പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

രാജ്യത്തുടനീളം എണ്‍പതുലക്ഷം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തുവെന്ന് ഒരു ടിവി ചാനല്‍ പറഞ്ഞു. യൂണിയനുകളുടെ ഏകോപന സമിതി പത്തു കോടി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തതായി അറിയിച്ചു. ചാനല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഒരു ഏകോപന സമിതി അംഗത്തിന്റെ പ്രതികരണം ''ദയവായി അതിനെ പത്തു കൊണ്ടു പെരുക്കുക, 80 ദശലക്ഷം എന്നാവും. അത് യഥാര്‍ഥ സംഖ്യക്ക് അടുത്തുവരുമല്ലോ ? '' എന്നായിരുന്നു. അസംഘടിത മേഖലയിലെ എണ്ണമറ്റ തൊഴിലാളികളെ ആരും കണക്കിലെടുക്കാറില്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അവര്‍ സംഘടിതരായി മാറിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ സമരങ്ങളില്‍ അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഈ അസംഘടിതരില്‍ ഏറ്റവും പ്രധാനം കര്‍ഷക തൊഴിലാളികളും നിര്‍മ്മാണ തൊഴിലാളികളും അംഗണവാടി വര്‍ക്കര്‍മാരും സഹായികളുമാണ്. സ്വയംതൊഴില്‍ ചെയ്യുന്ന റിക്ഷവലിക്കാര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ മാത്രം ഭീമമായ ഒരു സംഖ്യ വരും. കേന്ദ്ര സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കൊപ്പം അതാതു മേഖലകളിലെ പ്രശ്‌നങ്ങളും സമരത്തില്‍ ഉയര്‍ന്നുകേട്ടു. ഭാരതീയ പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് മസ്ദൂര്‍ മഹാസംഘ് പ്രസിഡന്റ് രാജീന്ദര്‍ സോണി പറയുന്നതനുസരിച്ച് ഡല്‍ഹിയില്‍ മാത്രം 1.2 ലക്ഷം ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുണ്ട്. പണിമുടക്കിലുന്നയിച്ച കേന്ദ്ര മുദ്രാവാക്യങ്ങള്‍ക്കു പുറമെ ഡല്‍ഹി ഗവണ്‍മെന്റ്, ഗതാഗത വകുപ്പ്, റയില്‍വേ എന്നിവയുമായി ബന്ധപ്പെട്ട പല ആവശ്യങ്ങളും അവര്‍ പണിമുടക്കില്‍ ഉന്നയിച്ചിരുന്നു. തുറമുഖ തൊഴിലാളികള്‍, തപാല്‍ - ടെലികോം തൊഴിലാളികള്‍ എന്നിവരും പണിമുടക്കില്‍ സജീവമായിരുന്നു. മുന്‍പെന്നപോലെ ഇപ്പോഴും മാധ്യമ ലോകം അവരെ അവഗണിക്കുകയായിരുന്നു.

ഫെബ്രുവരി 28 ലെ പൊതുപണിമുടക്ക് അതിവിപുലവും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നതുമായിരുന്നു എന്നതാണ് വസ്തുത. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും വസ്തുതകള്‍ കണ്ണുതുറന്നു കാണാന്‍ ആദ്യം വിസമ്മതിച്ചു. തുറന്നപ്പോള്‍ ഏറെ വൈകുകയും ചെയ്തു. ഫെബ്രുവരി 26. ഐ എന്‍ ടി യു സി പ്രസിഡന്റ് ഡോ സഞ്ജീവ് റെഡ്ഡിയെ ഹൈദ്രാബാദില്‍ വിളിച്ച് സമരത്തില്‍ നിന്ന് പിന്മാറാനുളള തന്റെ അഭ്യര്‍ഥന പണിമുടക്കിനു നേതൃത്വം നല്‍കുന്ന ഏകോപന സമിതിയെ അറിയിക്കണമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അഭ്യര്‍ഥിച്ചു. അത്തരമൊരു നീക്കത്തിനു സമയം ഏറെ വൈകിയെന്നും പണിമുടക്കിനു ശേഷം പ്രധാനമന്ത്രി കേന്ദ്രട്രേഡ് യൂണിയന്‍ ഏകോപന സമിതി നേതാക്കളെ ക്ഷണിച്ചുവരുത്തി തൊഴിലാളികളെ അസ്വസ്ഥരാക്കുന്ന വിഷയങ്ങളെപ്പറ്റി ചര്‍ച്ചക്കു തയ്യാറാവണമെന്നുമായിരുന്നു ഡോ റെഡ്ഡിയുടെ പ്രതികരണം.

പ്രധാനമന്ത്രി ഡോ റെഡ്ഡിയെ ഇത്തരത്തില്‍ അവസാന നിമിഷം ബന്ധപ്പെട്ടതു തന്നെ അനുചിതമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ ഡോ. റെഡ്ഡി രണ്ടു തവണ ഐ എന്‍ ടി യു സി പ്രതിനിധി സംഘത്തെ നയിച്ച് പ്രധാനമന്ത്രിയെ കണ്ട് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ നേരിട്ടുളള ഇടപെടല്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയ പ്രധാനമന്ത്രി യാതൊന്നും ചെയ്തില്ലെന്നു ഐ എന്‍ ടി യു സി പ്രസിഡന്റ് തുറന്നടിച്ചു. ഇത് ഐ എന്‍ ടി യു സി കമ്മിറ്റി പ്രകോപിപ്പിച്ചതാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ ഏകോപന സമിതിയില്‍ പൂര്‍ണ്ണതോതില്‍ പങ്കെടുക്കാന്‍ അവരെ നിര്‍ബന്ധിതമാക്കിയത്.

സര്‍ക്കാര്‍ പ്രതികരണം നിഷേധാത്മകമാണെങ്കില്‍ തുടര്‍ന്ന് എന്തുചെയ്യുമെന്നത് കേന്ദ്ര ട്രേഡ് യൂണിയന്‍ ഏകോപന സമിതി തീരുമാനിക്കും. ഫെബ്രുവരി 28 ന്റെ പണിമുടക്കില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമെന്നാണ് അവരുടെ പ്രതീക്ഷ. മറിച്ചാണെങ്കില്‍ കൂടുതല്‍ വിപുലവും ശക്തവും ദീര്‍ഘവുമായ പണിമുടക്ക് സമരങ്ങളിലേക്ക് നീങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവും. പണിമുടക്കാന്‍ രണ്ടാഴ്ച മുമ്പു നടന്ന 44-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്ന പ്രധാനമന്ത്രിക്ക് ഫെബ്രുവരി 28ന് നടക്കുന്ന ദേശീയ പണിമുടക്ക് ഒരു ചിന്താവിഷയമേ ആയിരുന്നില്ല. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കാര്യങ്ങള്‍ നീങ്ങുന്നതെങ്ങനെയെന്ന് കാത്തിരിക്കുകയാണ്.

*
നരേന്ദ്രശര്‍മ്മ (ഐ പി എ സര്‍വീസ്) ജനയുഗം 05 മാര്‍ച്ച് 2012

No comments: