Wednesday, March 7, 2012

അമേരിക്കന്‍ സൈനിക സാന്നിധ്യം: കേന്ദ്രസര്‍ക്കാര്‍ നിരാസം അവിശ്വസനീയം

ഇന്ത്യയില്‍ അമേരിക്കയുടെ പ്രത്യേക സേനാസാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ വിദേശകാര്യ-പ്രതിരോധമന്ത്രാലയങ്ങള്‍ നിരാകരിച്ചു. എന്നാല്‍ ആ നിരാസം മുഖവിലയ്‌ക്കെടുക്കാന്‍ ദേശാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് കഴിയില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് സമിതിക്കു മുമ്പാകെ എഴുതി സമര്‍പ്പിച്ച പ്രസ്താവനയിലാണ് യു എസ് പസഫിക് കമാന്‍ഡ് (പാകോം) മേധാവി അഡ്മിറല്‍ റോബര്‍ട്ട് എഫ് വില്ലാര്‍ഡ് അസ്വസ്ഥജനകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യന്‍ പാര്‍ലമെന്റ് സ്ഥിരം സമിതിക്കു സമാനമായ കോണ്‍ഗ്രസ് പാനലിനു മുമ്പാകെയാണ് പാകോം മേധാവിയുടെ രേഖാമൂലമുള്ള പ്രസ്താവന. അത് തികച്ചും ഗൗരവമേറിയ ഒന്നാണ്. വ്യാജമായി അത്തരം ഒരു പ്രസ്താവന അത് നടത്തുന്നയാളിന്റെ ഔദ്യോഗിക നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തും. അങ്ങനെയാണ് വസ്തുത എന്നിരിക്കെ ഇന്ത്യന്‍ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ നിരാസ പ്രസ്താവന അനിഷേധ്യമായ തെളിവുകള്‍ കൂടാതെ അംഗീകരിക്കുക സാധാരണ പൗരന്മാര്‍ക്കു പോലും യുക്തിസഹമായിരിക്കില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നയതന്ത്രരംഗത്തും പ്രതിരോധരംഗത്തും കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചു വരുന്ന അമേരിക്കന്‍ പക്ഷപാതിത്വവും അമേരിക്കന്‍-ഇന്ത്യന്‍ സേനകള്‍ കടലിലും കരയിലും ആകാശത്തും നടത്തിവരുന്ന രഹസ്യവും പരസ്യവുമായ സഹകരണവും സൈനിക-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസപരമ്പരകളും ഈ സംശയത്തെ ബലപ്പെടുത്തുന്നു.

ഭീകരതയെ നേരിടുന്നതിനും അതിനുള്ള ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാല്‍ഡവിസ് സേനകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും അമേരിക്കന്‍ പ്രത്യേക സേന ഈ രാജ്യങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് പാകോം മേധാവിയുടെ വെളിപ്പെടുത്തല്‍. വിശാലമായ സമുദ്രാതിര്‍ത്തി പങ്കിടുന്ന ഈ രാജ്യങ്ങളില്‍ നാവികസേനാരംഗത്തെ സഹകരണത്തിനാണ് ഊന്നല്‍ എന്നും അഡ്മിറല്‍ വില്ലാര്‍ഡ് അവകാശപ്പെടുന്നു. പാകോം മേധാവിയുടെ കോണ്‍ഗ്രസ് പാനല്‍ മുമ്പാകെയുള്ള പ്രസ്താവനയുടെ ലഭ്യമായ വിശദാംശങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷയേക്കാള്‍ സ്വന്തം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കാണ് അമേരിക്ക ഊന്നല്‍ നല്‍കുന്നതെന്ന വസ്തുത സുവ്യക്തമാക്കുന്നു. ലോകസമുദ്രങ്ങളില്‍ അതീവ തന്ത്രപ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇന്ത്യാ മഹാസമുദ്രം. മധ്യപൂര്‍വദേശം, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഊര്‍ജ്ജം അടക്കം സമസ്ത വാണിജ്യ വസ്തുക്കളും ഈ സമുദ്രമാര്‍ഗം വേണം അമേരിക്കയിലേക്കും തിരിച്ചും എത്തേണ്ടത്. ഏഷ്യനാഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ എണ്ണസമ്പന്നമായ മധ്യപൂര്‍വദേശമടക്കം തന്ത്രപ്രധാന മേഖലകളിലാകെ സാമ്രാജ്യത്വ സൈനിക ആധിപത്യം ഉറപ്പിക്കുന്നതിലും ദക്ഷിണേഷ്യയും ഇന്ത്യാ സമുദ്രവും സുപ്രധാനമാണ്.

നവഉദാരീകരണ സാമ്പത്തിക വ്യവസ്ഥയുടെ മേധാവിത്വം ലോകമെമ്പാടും ഉറപ്പിക്കുന്നതില്‍ അമേരിക്കന്‍ സൈനികസംവിധാനത്തിന് പ്രത്യേകിച്ചും അവരുടെ നാവികസേനയ്ക്ക് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. കോര്‍പ്പറേറ്റ് ധനമൂലധനത്തിന്റെ യഥേഷ്ടമുള്ള വിന്യാസവും പന്‍വാങ്ങലും ചൂഷണത്തിലധിഷ്ഠിതമായ ഈ ആഗോളവ്യവസ്ഥയുടെ അന്തര്‍ധാരയാണ്. ദേശീയജനതകളുടെ വളര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ധനമൂലധനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെയും സൈനിക സംവിധാനത്തിന്റെയും ഉത്തരവാദിത്തമാണ്. ജനതാല്‍പര്യത്തെ അപ്പാടെ നിരാകരിച്ചുകൊണ്ട് പ്രകൃതിവിഭവങ്ങളുടെ കൊടുംചൂഷണം മുതല്‍ ആക്രികച്ചവടം വരെ സമസ്ത മേഖലകളും കോര്‍പ്പറേറ്റ് ചൂഷണത്തിനും വിദേശ നിക്ഷേപത്തിനുമായി തുറന്നിടുന്ന ഭരണാധികാരികള്‍ക്ക് സ്വന്തം സൈനിക ശക്തിയേക്കാള്‍ സാമ്രാജ്യത്വ സൈനിക കരുത്തില്‍ വിശ്വാസമുണ്ടാകുക സ്വാഭാവികം മാത്രമാണ്. ഇന്ത്യന്‍ ജനതയുടെ താല്‍പര്യത്തേക്കാള്‍ അമേരിക്കയുടേയും കോര്‍പ്പറേറ്റ് മൂലധനത്തിന്റേയും നിക്ഷിപ്ത താല്‍പര്യങ്ങളോടാണ് തങ്ങളുടെ വിധേയത്വമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹം നയിക്കുന്ന യു പി എ ഗവണ്‍മെന്റും ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയിലും ഇന്ത്യാസമുദ്രത്തിലും അമേരിക്ക താവളമുറപ്പിച്ചിരിക്കുന്നു. ജനങ്ങളേയും അവര്‍ തിരഞ്ഞെടുത്ത പാര്‍ലമെന്റിനെയും അവഗണിച്ചു കൊണ്ടാണ് ഈ നടപടി. അത് ജനങ്ങളില്‍ നിന്നു മറച്ചുവച്ചത് അതിഗുരുതരമായ തെറ്റാണ്. ഇന്ത്യയില്‍ അമേരിക്കന്‍ സൈനികര്‍ ഏതുതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അറിയാന്‍ ഈ പരമാധികാര രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യന്‍സേനയും ഭീകരവിരുദ്ധ സംവിധാനങ്ങള്‍ക്കും കരുത്തില്ലേ? കേന്ദ്ര ഗവണ്‍മെന്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയേ മതിയാവൂ.

അമേരിക്കന്‍ സൈനികസാന്നിധ്യത്തെ സംബന്ധിച്ച് ആ രാജ്യത്തിന്റെ സമുന്നത നിയമനിര്‍മ്മാണ സഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ 'ഇന്ത്യയെ സംബന്ധിച്ച് വസ്തുതാപരമായി തെറ്റാണെ'ന്ന കേവല പ്രസ്താവനയ്ക്ക് കടലാസുവില പോലും കല്‍പ്പിക്കാന്‍ ദേശാഭിമാനികള്‍ തയ്യാറല്ല. മറിച്ചാണ് വസ്തുതയെങ്കില്‍ അത് തെളിവുസഹിതം ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് ജനാധിപത്യപരമായ ബാധ്യതയുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഗവണ്‍മെന്റിന്റെ ചെയ്തികള്‍ ജനാധിപത്യവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ആയിരങ്ങള്‍ ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നിരാസവുമാണെന്നു കരുതേണ്ടി വരും.

*
ജനയുഗം 5 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ അമേരിക്കയുടെ പ്രത്യേക സേനാസാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ വിദേശകാര്യ-പ്രതിരോധമന്ത്രാലയങ്ങള്‍ നിരാകരിച്ചു. എന്നാല്‍ ആ നിരാസം മുഖവിലയ്‌ക്കെടുക്കാന്‍ ദേശാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് കഴിയില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് സമിതിക്കു മുമ്പാകെ എഴുതി സമര്‍പ്പിച്ച പ്രസ്താവനയിലാണ് യു എസ് പസഫിക് കമാന്‍ഡ് (പാകോം) മേധാവി അഡ്മിറല്‍ റോബര്‍ട്ട് എഫ് വില്ലാര്‍ഡ് അസ്വസ്ഥജനകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.