തിരുച്ചിറപ്പള്ളി: രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സിപിഐ എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ പാപ്പാ ഉമാനാഥ് (80) അന്തരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ആര്‍ ഉമാനാഥിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം തിരുച്ചിറപ്പള്ളി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരം നടത്തും.

തൊഴിലാളികളുടെ പ്രിയപ്പെട്ട പാപ്പാ
ധനലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടി തമിഴകത്തെ തൊഴിലാളികളുടെ പാപ്പാ (കുട്ടി)യായി വളര്‍ന്ന ജീവിതകഥയ്ക്ക് ത്യാഗപൂര്‍ണവും ആവേശോജ്വലവുമായ അധ്യായങ്ങളുണ്ട്. ദാരിദ്ര്യം പാപ്പായുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെങ്കിലും അനുഭവങ്ങള്‍ സമ്മാനിച്ചത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. ഒന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ പക്കിരിസ്വാമി മരിച്ചു. പിന്നീട് തിരുച്ചിറപ്പള്ളിക്കടുത്ത പൊന്മലയില്‍ സഹോദരനൊപ്പം താമസമായി. അദ്ദേഹം റെയില്‍വേ തൊഴിലാളിയായിരുന്നു. അമ്മ ലക്ഷ്മിയമ്മാള്‍ മക്കളെ പോറ്റാന്‍ പപ്പടം, മുറുക്ക്, ഇഡ്ഡലി എന്നിവ ഉണ്ടാക്കി റെയില്‍വേ തൊഴിലാളികള്‍ക്ക് വിറ്റു. ലക്ഷ്മിയമ്മാളുടെ ഈ കൊച്ചുഹോട്ടലില്‍നിന്നാണ് റെയില്‍വേ തൊഴിലാളി നേതാക്കളായ എം കല്യാണസുന്ദരം, ജെ പി പുരുഷോത്തമന്‍, പരമശിവം, അനന്തന്‍നമ്പ്യാര്‍, ആദികേശവലുറെഡ്യാര്‍ എന്നിവര്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇവര്‍ക്കെല്ലാം ഓടിച്ചാടി നടന്ന് ഭക്ഷണം നല്‍കാന്‍ മുന്നില്‍നിന്നത് നാലുവയസ്സുകാരി ധനലക്ഷ്മി. നേതാക്കളും തൊഴിലാളികളും അവരെ പാപ്പാ എന്നുവിളിച്ചു. സഹോദരന്‍ കല്യാണസുന്ദരത്തെ പഠിപ്പിക്കാനായി മൂന്നാംക്ളാസോടെ പാപ്പാ പഠിപ്പ് നിര്‍ത്തി.

1948ല്‍ റെയില്‍വേ തൊഴിലാളികളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ടി നിരോധിക്കുകയും ചെയ്തപ്പോള്‍ പാപ്പായും അമ്മയും ചെന്നൈയില്‍ പോയി. ഇക്കാലത്താണ് ആര്‍ ഉമാനാഥ് ചെന്നൈയിലെത്തുന്നത്. അവിടെവച്ചാണ് പാപ്പായെ ഉമാനാഥ് കാണുന്നത്. 1950ല്‍ ഉമാനാഥും പാപ്പായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞസ്ഥലം പൊലീസ് വളഞ്ഞു. ഉമാനാഥും ലക്ഷ്മിയമ്മാളും പാപ്പായും അറസ്റ്റിലായി. ജയിലിലെ ക്രൂരതകള്‍ക്കെതിരെ ഉമാനാഥും ലക്ഷ്മിയമ്മാളും പാപ്പായുമുള്‍പ്പെടെ നിരാഹാരംകിടന്നു. 23-ാംദിവസം ലക്ഷ്മിയമ്മ മരിച്ചു. അമ്മയെ ഒരുനോക്കുകാണാന്‍പോലും മറ്റൊരു സെല്ലിലായിരുന്ന പാപ്പായെ ജയില്‍ അധികാരികള്‍ അനുവദിച്ചില്ല. ജയില്‍മോചിതയായ പാപ്പാ പൊന്മലയിലെത്തി വീണ്ടും തൊഴിലാളിസംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. റെയില്‍വേ തൊഴിലാളി യൂണിയന്റെ പത്രമായ തൊഴിലരശിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. പിന്നീട് കുറെക്കാലം എംഎല്‍എയായിരുന്ന പാപ്പാ തമിഴ്നാട് നിയമസഭയില്‍ സ്ത്രീകളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചു.
സമരപഥങ്ങളിലെ മുന്നണിപ്പോരാളി

(എ കെ പത്മനാഭന്‍)
*
സമരപഥങ്ങളിലെ ഈ മുന്നണിപ്പോരാളിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.
1 comment:

Post a Comment