Sunday, December 12, 2010

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പൈവാക്

ഗായത്രി ചക്രബൊര്‍തി സ്‌പൈവാക് എന്ന ഇന്ത്യനമേരിക്കന്‍ അക്കാദമിക്കിനെ ഫെമിനിസ്‌റ്റ് എന്ന് വിളിക്കാമോ? മറ്റു പല വിഷയങ്ങളുടെയും കൂട്ടത്തില്‍ പെണ്‍പക്ഷ വിചാരത്തിന്റെ പ്രേരണകളെക്കുറിച്ചും സ്വഭാവങ്ങളെക്കുറിച്ചും അവര്‍ പറയുകയും എഴുതുകയും ചെയ്‌തിട്ടുണ്ടെന്നത് വാസ്‌തവമാണ്; പക്ഷേ, ഒരു ഫെമിനിസ്‌റ്റ് സമീപനത്തിന്റെ അഭിഭാഷകയായി ഗായത്രി സ്‌പൈവാക് സംവാദത്തിന്റെ അന്യോന്യങ്ങളില്‍ ഹാജരാകുന്നില്ല. ഒരു മള്‍ടി-ഡിസിപ്ളിനറി (വിവിധ വിജ്ഞാനശാഖാബന്ധിതമായ) സമീക്ഷയുടെ ബൌദ്ധിക തലത്തില്‍ നിര്‍ഭയം, നിര്‍വിശങ്കം വിഹരിക്കാനാണ് ഈ സൈദ്ധാന്തിക പ്രതിഭക്ക് താല്‍പര്യം. അപനിര്‍മാണത്തിന്റെ ആയുധങ്ങളെടുത്ത് ആശയലോകത്തു പെരുമാറുന്നതിനിടക്കു ഫെമിനിസവും അവര്‍ ആലോചനക്കെടുക്കുന്നുവെന്നു മാത്രം.

അറുപത്തെട്ടു കഴിഞ്ഞ ഗായത്രി കൊല്‍ക്കത്തയിലാണ് പിറന്നതും വളര്‍ന്നതും. നഗരാധിഷ്ഠിത മധ്യവര്‍ഗത്തിന്റെ സംസ്‌കാരമാണ് താന്‍ ഉള്‍ക്കൊണ്ടതെന്ന് അവര്‍തന്നെ എഴുതിയിട്ടുണ്ട്. മിത ശീതോഷ്ണമായ ഒരു കാലാവസ്ഥയിലാണ് ബംഗാളിലെ മിഡില്‍ ക്ളാസ് ബുദ്ധിജീവിതം പന്തലിച്ചിരുന്നതെന്നും അവര്‍ നിരീക്ഷിക്കുന്നു. ഏതായാലും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ധിഷണാ ജീവിതത്തിനു ബംഗാള്‍ നല്‍കിയ സംഭാവനയില്‍ ഗായത്രി സ്‌പൈവാക് തീര്‍ച്ചയായും പെടും. 1959ല്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം ഗായത്രി പോയത് അമേരിക്കയിലേക്കാണ്. കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരമുണ്ടായി. അവിടെ നിന്നാണ് എംഎ ബിരുദം സമ്പാദിച്ചത്. പിഎച്ച്ഡിക്കു തയ്യാറെടുത്തപ്പോള്‍ ഗൈഡായി കിട്ടിയത് പോള്‍ഡിമ്യാന്‍ എന്ന ലോകപ്രശസ്‌ത സാഹിത്യ സൈദ്ധാന്തികനെ ആയിരുന്നു. അക്കാലത്തുതന്നെയാണ് കഥാനായിക ടാല്‍ബട്ട് സ്‌പൈവാക് എന്ന അമേരിക്കന്‍ എഴുത്തുകാരനെ വരിക്കുന്നത്. അവരുടെ ദാമ്പത്യം പെട്ടെന്ന് അവസാനിക്കുകയുംചെയ്‌തു.

അപനിര്‍മാണ സിദ്ധാന്തത്തിന്റെ വേദവ്യാസനായ ജേക്‌സ് ദെരിദയുടെ - "Of Grammatology' എന്ന ക്ളിഷ്‌ടപാഠം ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയതോടുകൂടിയാണ് ഗായത്രി ചക്രബൊര്‍തി സ്‌പൈവാക് ഒരു സാഹിത്യ നക്ഷത്രത്തിന്റെ തിളക്കം നേടിയത്. ചുമ്മാതങ്ങു തര്‍ജമ ചെയ്യുകയല്ല അവര്‍ ചെയ്‌തത്. പുസ്‌തകത്തിനു പ്രഗത്ഭവും സാരവത്തുമായ ഒരു മുഖവുരയുമെഴുതി. മുഖവുരകളുടെ ചരിത്രത്തില്‍ ഗായത്രിയുടെ അവതാരിക ഒരു വേറിട്ട സംഭവമാണെന്നു വിമര്‍ശകന്മാര്‍ സര്‍ടിഫിക്കറ്റും നല്‍കി. പിന്നീട് ഈ വംഗവനിത തിരിഞ്ഞുനോക്കിയിട്ടില്ല. ഉത്തരഘടനാ സാഹിത്യനിരൂപണം, മാര്‍ക്‌സിസം, ഫെമിനിസം, പോസ്‌റ്റ് കൊളോണിയല്‍ എഴുത്ത്, കീഴാള പഠനങ്ങള്‍... ഈ മേഖലകളിലൊക്കെ അവര്‍ ഉത്സാഹപൂര്‍വം സഞ്ചരിച്ചു. അപനിര്‍മാണത്തിന്റെ ഉപകരണങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി. ഒരുപാടെഴുതി. സംസ്‌കാരവിചാരത്തിന്റെ വേദികളില്‍ നിറഞ്ഞുനിന്നു. അവലോണ്‍ ഫൌണ്ടേഷന്‍ പ്രൊഫസര്‍ഷിപ്പു നല്‍കി കൊളംബിയ യൂണിവേഴ്‌സിറ്റി ഈ ഇന്ത്യക്കാരിയെ ബഹുമാനിക്കുകയുമുണ്ടായി. 'Displacement and the Discourse of Women', 'Can the Subaltern Speak?', 'Outside in the Teaching Machine', A Critique of Post Colonial Reason', Death of Discipline എന്നീ ഗ്രന്ഥങ്ങള്‍ വര്‍ത്തമാന ബുദ്ധിജീവിതത്തിനും സാഹിത്യസിദ്ധാന്ത സമാലോചനക്കും വലിയ മുതല്‍ക്കൂട്ടായി.

ഒരു ഉപന്യാസത്തിന്റെയോ അഭിമുഖത്തിന്റെയോ രൂപമാണ് എഴുത്തില്‍ ഗായത്രിക്കിഷ്‌ടം; പുസ്‌തകരൂപത്തിലുള്ള പ്രോജക്‌ടുകളല്ല. അവരുടെ ആദ്യ പുസ്‌തകം 'In Other Worlds: Essays on Cultural Politics(1987) മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. (1) കാനോനിക്കല്‍ പാഠങ്ങളുടെ അതായത് പ്രകൃഷ്‌ട പുസ്‌തകങ്ങളുടെ ഉത്തരഘടനാത്മകമായ വായന. വെര്‍ജീനിയ വുള്‍ഫിന്റെ 'To The Light House' എന്ന നോവല്‍ മുതല്‍ ദാന്തെയുടെ 'Vita Nova' യും വേഡ്‌സ്‌വര്‍ത്തിന്റെ 'Prelude'ഉം വരെ ഈ സെക്ഷനില്‍ പുനര്‍വായിക്കപ്പെടുന്നുണ്ട്. രണ്ടാം ഭാഗം ഫെമിനിസം, മാര്‍ക്‌സിസം, അപനിര്‍മാണം എന്നിവയെക്കുറിച്ചുള്ള സൈദ്ധാന്തിക ലേഖനങ്ങളത്രെ. മൂന്നാം ഭാഗത്തില്‍ മഹാശ്വേതാദേവിയുടെ ചില ചെറുകഥകളുടെ ഭാഷാന്തരം വായിക്കാം. കൂടാതെ രണ്ടു കനപ്പെട്ട നിബന്ധങ്ങളുമുണ്ട്: ഒന്ന് പോസ്‌റ്റ് കൊളോണിയല്‍ ചരിത്രപഠനത്തെക്കുറിച്ച്-അടിയാള പാഠങ്ങളെക്കുറിച്ച്- (Subaltern studies); രണ്ട് "A Literary Representation of the Subaltern : A Woman's Text from the Third World'. ഈ പ്രബന്ധത്തില്‍ മഹാശ്വേതാദേവിയുടെ കഥാപ്രപഞ്ചത്തെ ഗായത്രി സ്‌പൈവാക് സൂക്ഷ്‌മമായി പുനര്‍വായിക്കുന്നു. 1990ല്‍ പുറത്തുവന്ന "The Post-Colonial Critic' എന്ന പുസ്‌തകം ആസ്‌ത്രേലിയയിലും കനഡയിലും ഇന്ത്യയിലുമായി അവര്‍ നല്‍കിയ അഭിമുഖങ്ങളുടെ സമാഹാരമാണ്. ചിലതൊക്കെ പ്രക്ഷേപണം ചെയ്യപ്പെട്ടവയുമാണ്. ഈ ഇന്റര്‍വ്യുകളില്‍ ഉപയോഗിക്കുന്ന സംഭാഷണ മാതൃകയുണ്ടല്ലോ, അതിനോട് ഗായത്രി സ്‌പൈവാക്കിന് വലിയ താല്‍പര്യമാണ്. ഇത്തരം അഭിമുഖങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഒന്ന് അന്ധാളിച്ചുവെന്നു വരാം; ഒന്നു പാളിയെന്നുവരാം. അതിനൊരു പ്രത്യേക രസമുണ്ട് എന്നാണ് ഈ എഴുത്തുകാരി പറയുന്നത്. "lt is always interesting to see one's own slips'' (സ്വന്തം വഴുക്കലുകള്‍ കാണുന്നത് രസകരമാണ്) എന്നാണ് ഗായത്രിയുടെ അഭിപ്രായം.

"Outside in the Teaching Machine' (OTM) എന്ന പുസ്‌തകം വിപുലമായി പ്രചരിച്ചു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന 'മാര്‍ജിനാലിറ്റി' പഠനങ്ങളുടെ സ്‌ഫോടനത്തെക്കുറിച്ചാണ് ഗായത്രി സ്‌പൈവാക് ഈ കൃതിയില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്. 1980 കള്‍ക്കുശേഷമാണ് മാര്‍ജിനല്‍ പഠനങ്ങള്‍ പ്രബലമായത്. അതോടൊപ്പംതന്നെ തന്റെ ഇഷ്‌ടവിഷയങ്ങളിലേക്ക് ഈ എഴുത്തുകാരി തിരിച്ചുവരുന്നുമുണ്ട്; മാര്‍ക്‌സിസം, ഫെമിനിസം, ദെരിദ, ഫ്യൂക്കോ, മഹാശ്വേതാദേവി. പോസ്‌റ്റ് കൊളോണിയല്‍ പാഠങ്ങളിലും അവരുടെ ശ്രദ്ധ പതിയുന്നുണ്ട്. ഖുറേശിയുടെ "Sammy and Rosie Get Laid';സല്‍മാന്‍ റുഷ്ദിയുടെ ‘Satanic Verses' എന്നീ കൃതികള്‍ ഈ വിമര്‍ശക വിചാരണ ചെയ്യുന്നുണ്ട്. സാംസ്‌കാരിക പഠനങ്ങളെ വിമര്‍ശനബുദ്ധ്യാ അവലോകനം ചെയ്യാന്‍ ഗായത്രി ശ്രമിക്കുന്നു. ഗ്രന്ഥത്തിന്റെ ശീര്‍ഷകമുണ്ടല്ലോ "Outside in the Teaching Machine' അതിനുതന്നെ പല അര്‍ഥതലങ്ങളുമുണ്ട്. എഴുത്തുകാരിയുടെ വിരോധാഭാസപരമെന്നു പറയാവുന്ന നിലപാടുകളെ ഈ തലക്കെട്ട് സൂചിപ്പിക്കുന്നു. ടീച്ചിങ്മെഷിന്‍ എന്ന സംവിധാനത്തിനു പുറത്തുനിന്നുകൊണ്ട് അവര്‍ സാംസ്‌കാരത്തിന്റെ രാഷ്‌ട്രീയത്തെ ചോദ്യം ചെയ്യുന്നു. അതേസമയം ഈ വ്യവസ്ഥയുടെ അകത്തുനിന്നുകൊണ്ട്, അതിന്റെ രീതിശാസ്‌ത്രം സ്വീകരിച്ചുകൊണ്ട് അധ്യാപനം നടത്തുകയും ചെയ്യുന്നു. ഇത് ഒരു "Paradoxical Practice'-വിരോധാഭാസ പ്രവര്‍ത്തനം -ആണെന്ന് ഗായത്രി സ്‌പൈവാക് തിരിച്ചറിയുന്നുണ്ട്.

സ്‌പൈവാക് ഒരു ഫെമിനിസ്‌റ്റ് എന്നും മാര്‍ക്‌സിസ്‌റ്റ് എന്നും ഡികണ്‍സ്‌ട്രക്ഷണിസ്‌റ്റ് എന്നും വര്‍ഗീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഈ വര്‍ഗീകരണത്തെ എതിര്‍ക്കാറുമില്ല. അവരുടെ സിദ്ധാന്തപരമായ നിലപാടുകളുമായി ഈ ആശയരീതികളെയൊക്കെ ഇണക്കിച്ചേര്‍ക്കാന്‍ കഴിയുമെന്നു സ്‌പൈവാക് കരുതുന്നു. ഇവയൊക്കെയും പരസ്‌പര ബന്ധിതമാണെന്ന ധാരണയും അവര്‍ക്കുണ്ട്. അവരുടെ സിദ്ധാന്ത രൂപവത്കരണങ്ങളെ സ്വാധീനിച്ചത് അമേരിക്കന്‍ അക്കാദമിക് ജീവിതമാണെന്നതില്‍ സംശയമില്ല. അപനിര്‍മിതിയുടെ കണ്ണാടിയില്‍ക്കൂടിയല്ലാതെ ഒരു സിദ്ധാന്ത പദ്ധതിയെയും അവര്‍ക്കു നിരീക്ഷിക്കാനാവില്ല. മാര്‍ക്‌സിസമാവട്ടെ, ഫ്രഞ്ച് ഫെമിനിസമാവട്ടെ, പോസ്‌റ്റ് കൊളോണിയല്‍ സിദ്ധാന്തമാവട്ടെ, ചരിത്രവാദമാകട്ടെ, കീഴാള പഠനമാവട്ടെ: എല്ലാം ഗായത്രി അപനിര്‍മാണകാചത്തിനു കീഴില്‍ കൊണ്ടുവരുന്നു. ആയതിനാല്‍ ഈ സൈദ്ധാന്തികയെ തങ്ങളുടേതെന്നു വിളിക്കാന്‍ മാര്‍ക്‌സിസ്‌റ്റുകളോ ഫെമിനിസ്‌റ്റുകളോ പോസ്‌റ്റ് -കൊളോണിയല്‍ തിയൊറിസ്‌റ്റുകളോ തയാറല്ല. താനിങ്ങനെ ഒരു കള്ളിക്കും പാകമാകാതെ, ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്നതില്‍ ഗായത്രി സ്‌പൈവാക് അതീവ സന്തുഷ്‌ടയുമാണ്.

അപനിര്‍മാണമെന്നോ വിനിര്‍മാണമെന്നോ വിവര്‍ത്തനം ചെയ്യാവുന്ന deconstruction ഭാഷാ ശാസ്‌ത്രത്തില്‍, ഉത്തരഘടനാവാദത്തില്‍, സാഹിത്യ വിമര്‍ശനത്തില്‍, ചരിത്രചിന്തയില്‍ കുറച്ചൊന്നുമല്ല ഇളക്കങ്ങള്‍ സൃഷ്‌ടിച്ചത്. പൂവേറും കല്ലേറും അതിന് ഒരുപോലെ കിട്ടി. പോള്‍ ഡി മ്യാന്റെ ഗവേഷണ വിദ്യാര്‍ഥിയായിക്കഴിയുന്ന കാലത്ത് ഗായത്രി സ്‌പൈവാക്കിന് ദെരിദയുടെ ചിന്താപദ്ധതിയെക്കുറിച്ചു വിശേഷിച്ചൊരറിവും ഉണ്ടായിരുന്നില്ല. അവരുടെ നിര്‍ദേശകനായിരുന്ന പോള്‍ ഡി മ്യാനുപോലും ദെരിദയുടെ സിദ്ധാന്തവുമായി പരിചയമുണ്ടായിരുന്നില്ലെന്ന് അവര്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനധികം? അമേരിക്കയില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോള്‍ ലൈബ്രറി ലിസ്‌റ്റില്‍നിന്ന് " De la Grammatologie' നീക്കം ചെയ്യാന്‍ ഗായത്രി സ്‌പൈവാക് ശുപാര്‍ശ ചെയ്യുകപോലുമുണ്ടായി. പിന്നീട് ഈ പുസ്‌തകം വായിക്കാന്‍ സംഗതി വന്നപ്പോഴാണ് അവര്‍ അതിനു പൂര്‍ണമായി കീഴ്‌പെട്ടത്. എന്നാലീ ഉഗ്രന്‍ ഗ്രന്ഥം ഒന്നു തര്‍ജമ ചെയ്‌തുനോക്കിയാലോ എന്നായി മനോരാജ്യം. വെറും വിവര്‍ത്തനം മാത്രം പോര, പഠനാത്മകമായ ഒരു മുഖവുരയും ആവശ്യമാണെന്ന് ഗായത്രിക്ക് ബോധ്യപ്പെട്ടു. ദെരിദയുടെ വിചാരപദ്ധതിയെ ഇംഗ്ളീഷുവായനക്കാര്‍ക്കായി വിശദീകരിക്കുന്നതില്‍ അവരെഴുതിയ ആമുഖലേഖനം തീര്‍ത്തും വിജയിച്ചുവെന്നു പറയാം. പുസ്‌തകത്തിലേക്കുള്ള നല്ല വഴികാട്ടിയായി ആ 'പ്രിഫെസ്' പ്രവര്‍ത്തിച്ചു.

ഫിലോസഫിയില്‍ തനിക്കുള്ള അവഗാഹം ഗായത്രി സ്‌പൈവാക് വെളിവാക്കുന്നുണ്ട്; പക്ഷേ അവര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഒരു സാഹിത്യ നിരൂപക എന്ന വേഷത്തിലാണ്. ഗായത്രി എഴുതി: ``When I first read 'Of Grammatology', I felt I understood what it was saying and that it was a better way of describing what I was already trying to do'' (ആദ്യമായി 'ഓഫ് ഗ്രമറ്റോളജി' വായിച്ചപ്പോള്‍ അത് എന്താണ് പറയുന്നതെന്ന് മനസ്സിലായതായി എനിക്ക് തോന്നി. ഞാന്‍ എന്തു ചെയ്യാന്‍ പരിശ്രമിക്കുന്നുവോ, അതിനെ കൂടുതല്‍ നന്നായി വിവരിക്കുന്ന മാര്‍ഗമാണ് ഈ പുസ്‌തകത്തിന്റേതെന്നു ബോധ്യമാവുകയും ചെയ്‌തു). എന്നിരിക്കിലും അപനിര്‍മാണം എന്ന ആശയ രൂപത്തോട് വിമര്‍ശനാത്മകമല്ലാത്ത ഒരു സമീപനമല്ല അവര്‍ സ്വീകരിച്ചതെന്ന് തിരിച്ചറിയണം. വിനിര്‍മാണ പദ്ധതിയുടെ പ്രചാരകരെന്ന് സ്വയം പ്രഖ്യാപിച്ച ചില അമേരിക്കന്‍ വിമര്‍ശകരില്‍നിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു ഈ സമീപനം. ഡികണ്‍സ്‌ട്രക്ഷന്റെ രീതികളെ ഉപയോഗിക്കുന്നുണ്ടെങ്കിലും താനൊരു deconstructionist (അപനിര്‍മാണവാദി) അല്ലെന്നു ഗായത്രി പറയുകയുണ്ടായി. ഒരു രാഷ്‌ട്രീയ പരിപാടിയുടെ അടിസ്ഥാനമായി അപനിര്‍മാണത്തെ ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ അവര്‍ക്ക് സന്ദേഹമുണ്ടായിരുന്നു.

ഫെമിനിസ്‌റ്റ് സംവാദങ്ങളില്‍ ഇടക്കും തലക്കും ഗായത്രി ഇടപെട്ടിട്ടുണ്ട്. രണ്ടു മുഖ്യ പ്രബന്ധങ്ങള്‍ അവര്‍ രചിച്ചു: (1) `French Feminism in an International Frame' (1981); (2) `Displacement and Discourse of Women' (1983). 1977ല്‍ ജൂലിയ ക്രിസ്‌റ്റേവ രചിച്ച `About Chinese Women' എന്ന ഗ്രന്ഥത്തിന്റെ വിമര്‍ശപാഠമാണ് ആദ്യത്തെ ലേഖനം. പടിഞ്ഞാറന്‍ ഫെമിനിസ്‌റ്റ് ചിന്തക്ക് ഭാഷ നല്‍കുന്ന തിരക്കില്‍ ക്രിസ്‌റ്റേവ തന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തിന്റെ പരിമിതി മറന്നുപോകുന്നുവെന്നാണ് ഗായത്രിയുടെ പരാതി. പാശ്ചാത്യ മാനദണ്ഡംകൊണ്ടു ചൈനീസ് സ്‌ത്രീ പരിസരങ്ങളെ അളക്കുന്നത് തെറ്റാണ്. ക്രിസ്‌റ്റേവയെ മാത്രമല്ല സിക്‌സൂസിനെയും ഗായത്രി കുടയുന്നുണ്ട്. ഇവര്‍ രണ്ടുപേരും അവാന്ത്-ഗാര്‍ഡ് (avante- guarde: പുരോഗമനാത്മക പ്രസ്ഥാനം) എന്നതിനു വിപ്ളവപരമായ ഒരുള്ളടക്കമുണ്ടെന്നു ധരിച്ചുവശാവുന്നു. ഫ്രഞ്ച് ഫെമിനിസം ഒരു റാഡിക്കല്‍ ചിന്താപദ്ധതിയാണെന്ന മൌഢ്യവും അവര്‍ക്കുണ്ട്. ഈ ബോധങ്ങളെയാണ് ഗായത്രി ചോദ്യം ചെയ്യുന്നത്. ‘Displacement and Discourse of Women'- എന്ന പ്രബന്ധവും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒന്നാണ്. ചില സ്‌ത്രീരൂപകങ്ങള്‍ -Female metaphors - ഉല്‍പാദിപ്പിക്കുന്ന സംവാദങ്ങള്‍ എങ്ങനെ പുരുഷ സംവാദങ്ങളായി മാറ്റപ്പെടുന്നു എന്നു തുറന്നുകാട്ടുകയാണ് ഗായത്രി സ്‌പൈവാക് ചെയ്യുന്നത്. സാഹിത്യത്തില്‍നിന്നും തത്വചിന്തയില്‍നിന്നും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് ഇക്കാര്യം വിശദീകരിക്കാമെന്ന് അവര്‍ തെളിയിക്കുന്നു.

ലിംഗവൈജാത്യത്തിന്റെ ഭൌതിക മാനങ്ങള്‍ക്കകത്തുനിന്നുകൊണ്ട് അപനിര്‍മാതാക്കള്‍-de constructivists- സ്‌ത്രീയുടെ തിരസ്‌കൃതാവസ്ഥയെ അവരുടേതാക്കി മാറ്റാന്‍ ആഗ്രഹിക്കുകയാണെന്നു സ്‌പൈവാക് വാദിക്കുന്നുണ്ട്. ആ തിരസ്‌കൃതാവസ്ഥ -(displacement)- ഏറ്റെടുക്കുന്നതോടെ, അവന്‍-പുരുഷന്‍ -സ്‌ത്രീ സത്വത്തെ വീണ്ടും പുറംതള്ളുകയാണ്. 1986 ല്‍ പ്രസിദ്ധീകരിച്ച ‘Feminism and Critical Thought' എന്ന പാഠത്തിലും ഫെമിനിസവും അപനിര്‍മാണവും തമ്മിലുള്ള വേഴ്‌ചയും സംഘര്‍ഷവും സ്‌പൈവാക് ചര്‍ച്ച ചെയ്യുന്നുണ്ട്. സ്‌ത്രീപക്ഷ വാദത്തിനു ഗുണപരമായ സംഭാവനകള്‍ അപനിര്‍മാണ വേദാന്തം നല്‍കുന്നുണ്ട്; അതോടൊപ്പം ചില അപകടങ്ങളും സമ്മാനിക്കുന്നുണ്ട്: ഇതാണ് സ്‌പൈവാക്കിന്റെ കണ്ടെത്തല്‍. ഫെമിനിസത്തിന്റെ ഒരാഗോള സിദ്ധാന്തം - Global Theory- രൂപപ്പെടുത്താന്‍ അപനിര്‍മാണം അനുവദിക്കുന്നില്ല. ദെരിദയുടെ ആദ്യ പാഠങ്ങളില്‍ ഫ്രോയ്‌ഡിന്റെ - Phallo Centrism - ധ്വജകേന്ദ്രീകരണം- എന്ന ആശയത്തിന്റെ വിമര്‍ശനാത്മകമായ വിനിര്‍മിതി നടക്കുന്നുണ്ട്. അത് ഫെമിനിസ്‌റ്റ് സിദ്ധാന്തത്തിന് ഉപയോഗപ്രദമാണ്. ഫെമിനിസത്തോടും മാര്‍ക്‌സിസത്തോടും അനുഭാവമുള്ള ഒരു സാമൂഹ്യ വിമര്‍ശന പദ്ധതിക്കു ദെരിദയുടെ ഡികണ്‍സ്‌ട്രക്റ്റിവിസ്‌റ്റ് സമീപനം തീര്‍ച്ചയായും പ്രയോജനപ്പെടും.

'സബാള്‍ടേണ്‍' പഠനങ്ങളോട് വലിയ പ്രതിപത്തിയാണ് സ്‌പൈവാക് പ്രദര്‍ശിപ്പിക്കുന്നത്. രഞ്ജിത് ഗുഹയുടെ ആഭിമുഖ്യത്തിലുള്ള കീഴാള പാഠസമ്പ്രദായത്തെ 'ഡി കണ്‍സ്‌ട്രക്ടിവ് ഹിസ്‌റ്റോറിയോഗ്രാഫിയുടെ' -അപനിര്‍മിത ചരിത്ര പഠനത്തിന്റെ-ഒന്നാംതരം ഉദാഹരണമായാണ് ഗായത്രി സ്‌പൈവാക് വിലയിരുത്തിയത്. Subaltern എന്നത് ഒരു ബ്രിട്ടീഷ് സൈനിക പദമത്രെ. ക്യാപ്റ്റനുതാഴെയുള്ള കീഴുദ്യോഗസ്ഥനെയാണ് ഈ പദംകൊണ്ടു വ്യവഹരിക്കുന്നത് (പ്രൈവറ്റ്, കോര്‍പ്പൊറല്‍ ഇത്യാദി). എന്നാല്‍ സാഹിത്യ സിദ്ധാന്തത്തില്‍, വിമര്‍ശനത്തില്‍, സാമൂഹ്യപാഠത്തില്‍ ഈ വാക്കിനു ഒരു ഗ്രാംഷിയന്‍ അര്‍ഥമാണ്: കീഴാളന്‍, അധഃകൃതന്‍, പ്രോലിറ്റേറിയന്‍. ‘ Can the Subaltern Speak? '- എന്നൊരു വിലപ്പെട്ട സിദ്ധാന്തപാഠം 1983 ല്‍ ഗായത്രി സ്‌പൈവാക് നമുക്കു നല്‍കി. ഫ്യൂക്കോയുടെയും മറ്റും എഴുത്തുകളില്‍ കാണുന്ന ചരിത്ര രീതിശാസ്‌ത്രത്തെ ഈ പാഠത്തില്‍ അവര്‍ വിചാരണ ചെയ്യുന്നുണ്ട്. കൊളോണിയല്‍ കീഴാള വിഷയത്തെ എങ്ങനെ പ്രതിനിധാനം ചെയ്യാമെന്ന ആലോചന ഇവിടെ മുഖ്യമാകുന്നു. സബാള്‍ടേണ്‍ സൌത്ത് ഏഷ്യന്‍ സ്‌ത്രീ: അവളുടെ സ്വരൂപത്തിലാണ് ഗായത്രി ഊന്നുന്നത്. ഈ സ്വരൂപം ചിട്ടപ്പെടുത്തിയത് ആണ്‍കോയ്‌മയാണ്; അതിന്റെ പാരമ്പര്യമാണ്. ചരിത്രത്തെത്തന്നെ ഒരു പുനരെഴുത്തിനു വിധേയമാക്കണമെന്നു ഗായത്രി സ്‌പൈവാക്കും ആവശ്യപ്പെടുന്നു. പഴയ പോസിറ്റിവിസ്‌റ്റ് (പ്രകൃതി തത്വജ്ഞാനവാദപരമായ) ചരിത്രനിര്‍മാണത്തിന്റെ സങ്കേതങ്ങളും ശൈലികളുമാണ് പോസ്‌റ്റ് കൊളോണിയല്‍-കീഴാള ചരിത്ര നിര്‍മിതിയിലും പുരുഷാധീശപാണ്ഡിത്യം ഉപയോഗിച്ചു കാണുന്നത്. ഇവിടെ സ്‌ത്രീയുടെ ഉദാത്തവത്കരണം എന്ന കള്ളക്കളി നടക്കുന്നു. ഇതിനെ തുറന്നുകാട്ടണമെന്നാണ് ഗായത്രി സ്‌പൈവാക് വാദിക്കുന്നത്. ഒരു 'റാഡിക്കല്‍ റീ തിംകിങ്' (തീവ്രസ്വഭാവമുള്ള രണ്ടാംവിചാരം) ചരിത്രപഠനത്തിലും സബാള്‍ടേണ്‍ പാഠങ്ങളിലും അനിവാര്യമാകുന്നു.

അപനിര്‍മിതിയുടെ വിഘടന ശാസ്‌ത്രമുപയോഗിച്ച് മാര്‍ക്‌സിസത്തെയും പോസ്‌റ്റ്-കൊളോണിയലിസത്തെയും ഫെമിനിസത്തെയും വായിക്കാന്‍ ശ്രമിക്കുകയാണ് ഗായത്രി സ്‌പൈവാക് ചെയ്യുന്നത്. ആധുനിക സിദ്ധാന്ത വിചാര സംവാദങ്ങള്‍ക്ക് അവരുടെ ആശയപരമായ സംഭാവന ഒട്ടും ചെറുതല്ല. വംശം, വര്‍ഗം, ജെന്‍ഡര്‍ എന്നിവയെ അവ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ പരിശോധിച്ചുകൊണ്ടാണ് ഗായത്രി സിദ്ധാന്ത സംവിധാനം സാധിക്കുന്നത്. മൂന്നാംലോകത്തിന്റെ സാഹിത്യപാഠങ്ങളില്‍ ഈ മൂന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ വിലയിരുത്തുന്നു. വര്‍ത്തമാന വിചാര സൈദ്ധാന്തിക സംവാദത്തില്‍ ഗായത്രി സ്‌പൈവാക് എന്ന വംഗവനിതയുടെ സ്ഥാനം ഒത്ത നടുവില്‍ത്തന്നെയാണ്.

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗായത്രി ചക്രബൊര്‍തി സ്‌പൈവാക് എന്ന ഇന്ത്യനമേരിക്കന്‍ അക്കാദമിക്കിനെ ഫെമിനിസ്‌റ്റ് എന്ന് വിളിക്കാമോ? മറ്റു പല വിഷയങ്ങളുടെയും കൂട്ടത്തില്‍ പെണ്‍പക്ഷ വിചാരത്തിന്റെ പ്രേരണകളെക്കുറിച്ചും സ്വഭാവങ്ങളെക്കുറിച്ചും അവര്‍ പറയുകയും എഴുതുകയും ചെയ്‌തിട്ടുണ്ടെന്നത് വാസ്‌തവമാണ്; പക്ഷേ, ഒരു ഫെമിനിസ്‌റ്റ് സമീപനത്തിന്റെ അഭിഭാഷകയായി ഗായത്രി സ്‌പൈവാക് സംവാദത്തിന്റെ അന്യോന്യങ്ങളില്‍ ഹാജരാകുന്നില്ല. ഒരു മള്‍ടി-ഡിസിപ്ളിനറി (വിവിധ വിജ്ഞാനശാഖാബന്ധിതമായ) സമീക്ഷയുടെ ബൌദ്ധിക തലത്തില്‍ നിര്‍ഭയം, നിര്‍വിശങ്കം വിഹരിക്കാനാണ് ഈ സൈദ്ധാന്തിക പ്രതിഭക്ക് താല്‍പര്യം. അപനിര്‍മാണത്തിന്റെ ആയുധങ്ങളെടുത്ത് ആശയലോകത്തു പെരുമാറുന്നതിനിടക്കു ഫെമിനിസവും അവര്‍ ആലോചനക്കെടുക്കുന്നുവെന്നു മാത്രം.

അപനിര്‍മിതിയുടെ വിഘടന ശാസ്‌ത്രമുപയോഗിച്ച് മാര്‍ക്‌സിസത്തെയും പോസ്‌റ്റ്-കൊളോണിയലിസത്തെയും ഫെമിനിസത്തെയും വായിക്കാന്‍ ശ്രമിക്കുകയാണ് ഗായത്രി സ്‌പൈവാക് ചെയ്യുന്നത്. ആധുനിക സിദ്ധാന്ത വിചാര സംവാദങ്ങള്‍ക്ക് അവരുടെ ആശയപരമായ സംഭാവന ഒട്ടും ചെറുതല്ല. വംശം, വര്‍ഗം, ജെന്‍ഡര്‍ എന്നിവയെ അവ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ പരിശോധിച്ചുകൊണ്ടാണ് ഗായത്രി സിദ്ധാന്ത സംവിധാനം സാധിക്കുന്നത്. മൂന്നാംലോകത്തിന്റെ സാഹിത്യപാഠങ്ങളില്‍ ഈ മൂന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ വിലയിരുത്തുന്നു. വര്‍ത്തമാന വിചാര സൈദ്ധാന്തിക സംവാദത്തില്‍ ഗായത്രി സ്‌പൈവാക് എന്ന വംഗവനിതയുടെ സ്ഥാനം ഒത്ത നടുവില്‍ത്തന്നെയാണ്.