ഇതിനു മുന്‍പുള്ള പോസ്റ്റുകള്‍
അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍
വിപ്ളവാനന്തര ക്യൂബയിലെ സാമ്പത്തിക സ്ഥിതി
മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവന്‍ ക്യൂബയെ മലയാള മനോരമയുടെ താളുകളിലൂടെ 'റീ മിക്സ്' ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആ 'റീ മിക്സിങ്' പരമ്പരയുടെ ഒടുവില്‍ അദ്ദേഹം ഒരു കിടിലന്‍ ചോദ്യവും ഉന്നയിച്ചിരുന്നു-ക്യൂബന്‍ ജനത സന്തുഷ്ടരാണോ? ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ദന്തഗോപുരത്തില്‍ വാഴുമ്പോഴും, താന്‍ ഇപ്പോഴും ഒരു 'ഇടതുപക്ഷക്കാരന്‍' ആണെന്നത്രെ ഈ പരമ്പര എഴുതി രണ്ടുനാള്‍ക്കകം അദ്ദേഹം പ്രസ്താവിച്ചത്. ഈ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി അവസാനിപ്പിച്ച ഈ 'റീ മിക്സ്' പരമ്പര പറയാതെവിട്ട വസ്തുതകളിലേക്ക് എത്തിനോക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ. സന്തുഷ്ടിയുടെ മരുപ്പച്ചതേടി മുതലാളിത്തത്തെ വരിച്ച സോവിയറ്റ് യൂണിയനിലെയും പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്ഥിതി ഇന്ന് എന്താണെന്ന് അറിയാത്ത ആളുമായിരിക്കില്ല എന്‍ എസ് മാധവന്‍. സന്തുഷ്ടി എന്നത് തന്നെ ആപേക്ഷികവുമാണല്ലാാേ.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗനീതി, സാമൂഹ്യ-സാമ്പത്തികതുല്യത, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഒരു രാഷ്ട്രം സന്തുഷ്ടമായ സമൂഹമാണോ എന്ന് വിലയിരുത്തേണ്ടത്. അങ്ങനെ വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു പരിശോധനയ്ക്ക് തയ്യാറാകാതെ മാധവന്‍ തന്റെ വലതുപക്ഷ മുഖമാണ് ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്നത്.
2009ലെ യുഎന്‍ഡിപിയുടെ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സില്‍ ക്യൂബയുടെ സ്ഥാനം 51 ആണ്. അതേ സമയം പ്രതീശീര്‍ഷ ജിഡിപിയുടെ അടിസ്ഥാനത്തില്‍ ക്യൂബ ലോകരാജ്യങ്ങളില്‍ 95-ാം സ്ഥാനത്തുമാണ്. ഇത് പരിഗണിക്കുമ്പോള്‍ ക്യൂബയുടെ 51-ാം സ്ഥാനം ശ്രദ്ധേയമായ നേട്ടംതന്നെയാണ്. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ക്യൂബയുടെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സില്‍ 134-ാം സ്ഥാനത്തായിരുന്നു എന്നു ഓര്‍ക്കുമ്പോഴാണ് ക്യുബയുടെ നേട്ടം ഏറെ ശ്രദ്ധേയമാകുന്നത്.
2010ലെ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സില്‍, ലോകബാങ്ക് തയ്യാറാക്കുന്ന ക്യൂബയുടെ മൊത്ത ദേശീയ വരുമാനം (Gross National Income 0 GNI) ലഭ്യമല്ലാത്തതിനാല്‍ ക്യൂബയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങളില്‍ ക്യൂബ ബഹുദൂരം മുന്നിലാണെന്നാണ് 2010ലെ യുഎന്‍ഡിപി റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നത്.
ക്യൂബയെ 14 പ്രോവിന്‍സുകളായും അവയെ വീണ്ടും 169 മുനിസിപ്പാലിറ്റികളായുമാണ് തിരിച്ചിരിക്കുന്നത്. ഈ 169 മുനിസിപ്പാലിറ്റികളില്‍ 32 എണ്ണത്തിന്റെ പ്രസിഡന്റുമാര്‍ വനിതകളാണ്. 33 എണ്ണത്തില്‍ വനിതകള്‍ വൈസ് പ്രസിഡന്റുമാരാണ്. മൂന്ന് പ്രോവിന്‍സുകളിലും വനിതകള്‍ വൈസ്പ്രസിഡന്റുമാരായുണ്ട്. മൊത്തം 37,328 മുനിസിപ്പല്‍ അസംബ്ളി അംഗങ്ങളില്‍ 10799 പേര്‍ സ്ത്രീകളാണ്. 609 അംഗ ദേശീയ അസംബ്ളിയില്‍ 212 അംഗങ്ങള്‍ സ്ത്രീകളാണ്-അതായത് 35%. രാഷ്ട്രീയ ജീവിതത്തിലെ, പ്രത്യേകിച്ച് നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ക്യൂബ ലാറ്റിന്‍ അമേരിക്കയില്‍ ഒന്നാംസ്ഥാനത്തും ലോകത്തില്‍ 6-ാം സ്ഥാനത്തുമാണ്.
രാഷ്ട്രീയ ജീവിതത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലും ക്യൂബന്‍ സമൂഹം സ്ത്രീ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസതലത്തില്‍ ബിരുദംനേടിയവരില്‍ 50 ശതമാനം പേരും സ്ത്രീകളാണ്. സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരില്‍ 62 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. ക്യൂബയിലെ അറ്റോര്‍ണിമാരില്‍ 61 ശതമാനവും സുപ്രീംകോടതി ജഡ്ജിമാരില്‍ 47 ശതമാനവും സ്ത്രീകളാണ്.
1959നുമുമ്പ് ക്യൂബയിലെ തൊഴിലാളികളില്‍ 17 ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍. അതില്‍തന്നെ സാമൂഹ്യപദവി കുറഞ്ഞ അവിദഗ്ധ തൊഴിലാളികളും വീട്ടുവേലക്കാരും ആയിരുന്നു അധികവും. സ്ത്രീകള്‍ക്ക് അക്കാലത്ത് ലഭിച്ചിരുന്ന പരമാവധി ഉയര്‍ന്ന ജോലി അധ്യാപികമാരുടേതും നേഴ്സുമാരുടേതുമായിരുന്നു. വിപ്ളവാനന്തരമാണ് ഈ സ്ഥിതിയില്‍ മാറ്റംവന്നത്. പൂര്‍ണമായ ലിംഗതുല്യത ഉറപ്പാക്കലായിരുന്നു വിപ്ളവ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്. പുതിയ ഭരണഘടനയുടെ 44-ാം വകുപ്പ് ഇക്കാര്യം ഉറപ്പാക്കുന്നുമുണ്ട്. 1990 ആയപ്പോള്‍ ക്യൂബയിലെ മൊത്തം തൊഴിലാളികളില്‍ 40 ശതമാനമായി വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു. 2000-ല്‍ ഇത് 44 ശതമാനമായും വര്‍ദ്ധിച്ചു. 1990-കളിലെ സാമ്പത്തിക പ്രതിസന്ധിപോലും സ്ത്രീകളുടെ ജീവിതത്തില്‍ പ്രതികൂലമായി ബാധിച്ചില്ല എന്നാണ് ഇത് കാണിക്കുന്നത്. അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ വികസിത-വികസ്വര ഭേദമെന്യേ മുതലാളിത്ത രാജ്യങ്ങളിലെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ ഇരകള്‍ സ്ത്രീകളാണെന്നിരിക്കെ, ക്യുബയില്‍ പുരുഷന്മാരെക്കാള്‍ തൊഴില്‍ സുരക്ഷിതത്വം - തദ്വാരാ ജീവിത സുരക്ഷയും - കൂടുതല്‍ സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ മേഖലകളുടെ ഗുണപരമായ ഔന്നത്യവും കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ഉന്നത സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രൊഫഷണലുകളില്‍ 66 ശതമാനംപേരും സ്ത്രീകളാണ്. ശാസ്ത്ര-സാങ്കേതികമേഖലകളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവരില്‍ 45 ശതമാനത്തിലധികം സ്ത്രീകളാണ്. ബാങ്ക് ജീവനക്കാരില്‍ 70 ശതമാനവും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ 50 ശതമാനത്തിലധികവും സ്ത്രീകളാണ്.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ക്യൂബ കൈവരിച്ച നേട്ടങ്ങളും ക്യുബക്കാര്‍ സന്തുഷ്ടരാണോ എന്ന് ചോദിക്കുന്നവര്‍ പരിശോധിക്കേണ്ടതാണ്. ലോകബാങ്കിന്റെയോ ഐഎംഎഫിന്റെയോ ഒന്നും ധനപരമായ പിന്തുണയോ സഹായമോ ഒന്നും കൂടാതെയാണ് ക്യൂബ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന്റെ വിശ്വസ്തരില്‍ ഒരാളും ലോകബാങ്കിന്റെ പ്രസിഡന്റുമായിരുന്ന ജെയിംസ് വുള്‍ഫെന്‍സണ്‍തന്നെ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രംഗങ്ങളില്‍ ക്യൂബ ചെയ്ത "മഹത്തായ കാര്യങ്ങളെ'' അഭിനന്ദിക്കുകയുണ്ടായി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നപ്പോള്‍പോലും ആരോഗ്യമേഖലയ്ക്കായുള്ള വകയിരുത്തലില്‍ ക്യൂബ കുറവ് വരുത്തിയിരുന്നില്ല. ആരോഗ്യമേഖലയിലെ ക്യൂബയുടെ പ്രതിശീര്‍ഷ ചെലവ് 251 ഡോളറാണ്. ജിഡിപിയുടെ 7.3 ശതമാനം തുകയാണ് ആരോഗ്യമേഖലയില്‍ ക്യൂബ ചെലവഴിക്കുന്നത്. 2010ലെ യുഎന്‍ഡിപി റിപ്പോര്‍ട്ടില്‍ പറയുന്നത് 10,000 പേര്‍ക്ക് 64 ഡോക്ടര്‍ എന്ന അനുപാതം ക്യൂബയില്‍ ഉണ്ടെന്നാണ്. അതായത് 157 ആളുകള്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്നു എന്നര്‍ത്ഥം. ഈ കാര്യത്തില്‍ ക്യൂബ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ്. അമേരിക്കയില്‍ 188 ആളുകള്‍ക്ക് ഒരു ഡോക്ടറും ബ്രിട്ടനില്‍ 250 പേര്‍ക്ക് ഒരു ഡോക്ടറുമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരകണക്കുപ്രകാരം ക്യൂബയിലെ പ്രതീക്ഷിത ശരാശരി ആയുര്‍ദൈര്‍ഘ്യം 77.23 വയസ്സാണ്. ശിശുമരണനിരക്ക് 1000ത്തിന് 4.7 ആണ്. പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണം തീരെ ഇല്ലെന്നുതന്നെ പറയാം. പകര്‍ച്ചവ്യാധികള്‍മൂലമുള്ള മരണത്തിന്റെ ആഗോള ശരാശരി 51 ശതമാനം ആയിരിക്കുമ്പോള്‍ ക്യൂബയില്‍ അത് 9% മാത്രമാണ്. എയ്ഡ്സ് തടയുന്ന കാര്യത്തിലും ക്യൂബ ലോകത്ത് ഒന്നാംസ്ഥാനത്താണ്. ക്യൂബയില്‍ എല്ലാ പൌരന്മാര്‍ക്കും ചികിത്സ പൂര്‍ണമായും സൌജന്യമാണ്. രോഗചികിത്സയെക്കാള്‍ രോഗപ്രതിരോധത്തിനാണ് അവിടെ ഊന്നല്‍ നല്‍കുന്നത്. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ ദിനപത്രം ക്യൂബന്‍ ആരോഗ്യമേഖലയെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്-"ക്യൂബയില്‍ ആരോഗ്യ പരിരക്ഷ ഒരു കച്ചവടമായിട്ടല്ല കാണുന്നത്. രോഗം ബാധിച്ചവരില്‍നിന്ന് പണം ഈടാക്കാനല്ല അവിടെ നോക്കുന്നത്; ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുകയുമില്ല''. (ഗാര്‍ഡിയന്‍, 2007 ജൂലൈ 26) എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഒരേപോലെ ലഭ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെട്ട ദേശീയ ആരോഗ്യ രജിസ്റ്റര്‍, ആശുപത്രി മാനേജ്മെന്റ് സംവിധാനം എന്നിവയും ബ്ളഡ്ബാങ്ക്, നെഫ്രോളജി, മെഡിക്കല്‍ ഇമേജസ് എന്നിവയുടെ ദേശീയ നെറ്റ്വര്‍ക്കും സ്ഥാപിച്ചുകൊണ്ട് ക്യൂബ ലോകത്തിനാകെ മാതൃകയായിരിക്കുന്നു.
1959ല്‍ വിപ്ളവത്തിനുമുമ്പ് ക്യൂബയില്‍ 25 ശതമാനത്തിലധികം ആളുകള്‍ നിരക്ഷരര്‍ ആയിരുന്നു. വിപ്ളവ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത് നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിരുന്നു യുഎന്‍ഡിപി കണക്കുപ്രകാരം ഇന്ന് 99.8 ശതമാനം ആളുകള്‍ക്കും ക്യൂബയില്‍ എഴുത്തും വായനയും അറിയാം. വിപ്ളവാനന്തരം വിദ്യാര്‍ത്ഥികളുടെ സാക്ഷരതാ ബ്രിഗേഡുകള്‍ക്ക് രൂപംനല്‍കി. അവരെ ഗ്രാമപ്രദേശങ്ങളില്‍ നിരക്ഷരരായ കര്‍ഷകരെ എഴുത്തും വായനയും പഠിപ്പിക്കാന്‍ അയക്കുകയുണ്ടായി. അങ്ങനെ വലിയൊരു ബഹുജന മുന്നേറ്റംതന്നെ സംഘടിപ്പിച്ചാണ് ക്യൂബ നിരക്ഷരത നിര്‍മ്മാര്‍ജ്ജനംചെയ്തത്. "യോ സി പ്യൂഡൊ'' (അതെ എനിക്ക് കഴിയും) എന്ന പേരിലുള്ള ക്യൂബന്‍ സാക്ഷരതാ പദ്ധതിയാണ് ഇപ്പോള്‍ വെനിസ്വേല, ബൊളീവിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്നത്.
സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ ഉപരോധവും നിലനില്‍ക്കുമ്പോഴും സെക്കന്ററിതലംവരെ ക്യൂബയില്‍ സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കിയിരിക്കുന്നു. 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതമാണ് നിലവിലുള്ളത്.
ഉന്നത വിദ്യാഭ്യാസരംഗത്തും ക്യൂബ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. 1959ല്‍ ക്യൂബയില്‍ 3 സര്‍വ്വകലാശാലകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇപ്പോള്‍ അമ്പതോളം സര്‍വ്വകലാശാലകളാണ് ക്യൂബയിലുള്ളത്. അങ്ങനെ ഉന്നത വിദ്യാഭ്യാസവും സാര്‍വത്രികമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയിലെ ക്യൂബയുടെ സവിശേഷ സംഭാവനയാണ് ലാറ്റിന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍. 1998ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ 1500 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായ ഉന്നത വിദ്യാഭ്യാസം നല്‍കുന്നു. അമേരിക്കയില്‍നിന്നും ദരിദ്രരും ന്യൂനപക്ഷ വിഭാഗക്കാരുമായ വിദ്യാര്‍ത്ഥികള്‍ ഇവിടെ സൌജന്യ വിദ്യാഭ്യാസത്തിനായി എത്തുന്നുണ്ട്.
സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ എന്നതുപോലെതന്നെ ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലും ക്യൂബ ഐക്യരാഷ്ട്ര സഹസ്രാബ്ദലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. നിഷ്പക്ഷവും നീതിയുക്തവും സമത്വപൂര്‍ണവുമായ മാനവിക വികസനം എന്ന ലക്ഷ്യത്തോടെയുള്ള ഭരണകൂടത്തിന്റെ ഇടപെടലാണ് ഇത് സാക്ഷാത്കരിക്കാന്‍ സഹായകമായത്. യുഎന്‍ഡിപിയുടെ മാനവിക ദാരിദ്ര്യസൂചിക (Human Poverty Index) യില്‍ 102 രാജ്യങ്ങളുടെ കൂട്ടത്തില്‍ ക്യൂബയുടെ സ്ഥാനം 6-ാമതായി അടയാളപ്പെടുത്തിയിരിക്കുന്നു. തൊഴിലില്ലായ്മ ക്യുബയില്‍ നാമമാത്രമാണ്. വിലനിലവാരം ഉയരാതെ നോക്കുകയും മിനിമം വേതനം ഉയര്‍ത്തുകയും ചെയ്തതാണ് ദാരിദ്യ്രനിര്‍മ്മാര്‍ജനത്തിന് സഹായകമായത്. ശരാശരി പെന്‍ഷനിലും വര്‍ദ്ധനവരുത്തി. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള ചെലവും ഗുണഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയുണ്ടായി. 2008 ഏപ്രില്‍ മാസത്തിലാണ് ഏറ്റവും ഒടുവില്‍ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും വര്‍ദ്ധിപ്പച്ചത്.
കുഞ്ഞുങ്ങള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വീഭാഗങ്ങള്‍ക്ക് ശരിയായ അളവിലുള്ള പോഷക ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതികള്‍തന്നെ നടപ്പാക്കുന്നുണ്ട്. പ്രതിമാസം ആശുപത്രികള്‍ക്ക് കിടക്ക ഒന്നിന് 28 പൌണ്ട് വീതവും ശിശുസംരക്ഷണകേന്ദ്രങ്ങളിലേക്ക് ഓരോ കുട്ടിക്കും 13 പൌണ്ട് വീതവും സ്കൂളുകളില്‍ ഓരോ വിദ്യാര്‍ത്ഥിക്കും 10 പൌണ്ട് വീതവും ഭക്ഷ്യ സാധനങ്ങള്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്നു.
എല്ലാ പൌരന്മാര്‍ക്കും അടിസ്ഥാന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി 1962 മുതല്‍ ക്യൂബ റേഷന്‍ സംവിധാനം നടപ്പാക്കുന്നു. ഒരാളിന് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ അമേരിക്കയിലെ കടകളില്‍നിന്നാണ് വാങ്ങുന്നതെങ്കില്‍ 50 ഡോളര്‍ വില പ്രകാരമാണ് റേഷന്‍ സംവിധാനത്തിലൂടെ അവ നല്‍കുന്നത്. അരി, പയര്‍ വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, മുട്ട, ഇറച്ചി എന്നിവ ഉള്‍പ്പെടെയാണ് റേഷന്‍. ശരാശരി ഒരാള്‍ക്ക് ലഭിക്കേണ്ട 3,300 കിലോ കലോറിയുടെ 70 ശതമാനവും ഈ റേഷനില്‍നിന്ന് ലഭിക്കുന്നു. അതിനുപുറമെ വേണ്ട സാധനങ്ങള്‍ ഓരോരുത്തര്‍ക്കും പൊതു വിപണിയില്‍നിന്നോ സഹകരണ സ്ഥാപനങ്ങളില്‍നിന്നോ പരസ്പര കൈമാറ്റത്തിലൂടെയോ ലഭ്യമാക്കാവുന്നതാണ്.
ഈ നേട്ടങ്ങളാകെ നിലനിര്‍ത്തുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും വേണമെങ്കില്‍ ഉല്‍പാദനവര്‍ദ്ധനവും സാമ്പത്തിക വളര്‍ച്ചയും അനിവാര്യമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന് കരകയറുകയും വേണം. അതിനായുള്ള ആസൂത്രിത നീക്കങ്ങളാണ് ഇന്ന് ക്യുബയില്‍ നടക്കുന്നത്.
സോഷ്യലിസത്തില്‍, "ഉല്‍പാദനശക്തികളാകെ അഭിവൃദ്ധിപ്പെടേണ്ടതാണ്; വ്യക്തിയുടെ സര്‍വതോമുഖമായ വികസനവും സഹകരണാത്മക സമ്പത്തിന്റെ (Co operative wealth) കുത്തൊഴുക്ക് അധികമധികം സുലഭമാകുന്നതും ഇതിനാവശ്യമാണ്'' (കാള്‍ മാര്‍ക്സ്, ഗോഥാ പരിപാടിയുടെ വിമര്‍ശനം. മാര്‍ക്സ്-എംഗല്‍സ് തെരഞ്ഞെടുത്ത കൃതികള്‍ വാല്യം-2 പേജ് 24) ജനങ്ങളെയാകെ സമ്പദ്സമൃദ്ധയില്‍ എത്തിക്കുക എന്നതാണ് ഇതിനര്‍ത്ഥം. മുതലാളിത്തത്തില്‍ മൂലധനത്തിന്റെ വികസനത്തിനായുള്ള ഉപാധി മാത്രമാണ് മനുഷ്യര്‍. മറിച്ച് സോഷ്യലിസത്തില്‍ സമൂഹത്തെയാകെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഉപാധിയായി ഉല്‍പാദന വര്‍ദ്ധനവ് മാറും. ഉത്തമമായ ഒരു സമൂഹം സമ്പന്നമായ ഒരു സമൂഹവുമായിരിക്കണം. ആ രീതിയില്‍ ക്യൂബന്‍ സമൂഹത്തെ മാറ്റിയെടുക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്യൂബയില്‍ നടക്കുന്നത്.
2011 ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ 6-ാം കോണ്‍ഗ്രസ് ക്യൂബയുടെ സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള അഭിവൃദ്ധിക്കായുള്ള മാര്‍ഗ്ഗരേഖ ചര്‍ച്ചചെയ്ത് അന്തിമരൂപം നല്‍കും. "സാമ്പത്തിക-സാമൂഹ്യ നയത്തിനായുള്ള കരട് മാര്‍ഗരേഖ'' നവംബര്‍ രണ്ടാംവാരത്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടി പൊതു ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരിക്കുകയാണ്. "ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തരണംചെയ്യാനും വിപ്ളവത്തിന്റെ വിജയത്തെ കാത്തുരക്ഷിക്കാനും സോഷ്യലിസത്തിനുമാത്രമേ കഴിയൂ. സാമ്പത്തിക മാതൃകയുടെ നിര്‍വഹണത്തില്‍ ആസൂത്രണത്തിനാണ് മുന്‍ഗണന, വിപണിക്കല്ല..... സോഷ്യലിസം എന്നാല്‍ എല്ലാ പൌരന്മാര്‍ക്കും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും എന്നാണര്‍ത്ഥം.'' എന്ന ആമുഖത്തോടെ തുടങ്ങുന്ന മാര്‍ഗരേഖ ക്യൂബന്‍ സമൂഹത്തെ സമ്പന്നമായ സോഷ്യലിസ്റ്റ് സമൂഹമായി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ക്രീയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. 2011 ഫെബ്രുവരിവരെ വിവിധ തലങ്ങളില്‍ ഇതു സംബന്ധിച്ച സംവാദങ്ങള്‍ നടക്കും. ഏപ്രില്‍ മാസത്തില്‍ പാര്‍ടി കോണ്‍ഗ്രസ് അതിന് അന്തിമരൂപം നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞ ക്യൂബക്കാരില്‍ ഏറെപ്പേരും ആവേശഭരിതരും സന്തുഷ്ടരും ആണെന്നാണ് ലണ്ടനിലെ 'ദ ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട്ചെയ്യുന്നത്. അപൂര്‍വ്വം ചിലര്‍ക്ക് ചില്ലറ ആശങ്കകളുമുണ്ട്.
സിഐഎ പിന്തുണയോടെ പ്രതിവിപ്ളവകാരികള്‍ നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണത്തിന്റയും ക്യൂബയെ സോഷ്യലിസ്റ്റ് രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചതിന്റെയും 50-ാം വാര്‍ഷികമാണ് 2011 ഏപ്രില്‍ മാസം. ഈ ചരിത്രമുഹൂര്‍ത്തത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് ക്യൂബ നാന്ദികുറിക്കാന്‍ പോകുന്നത്.
*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 17 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:
മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവന്‍ ക്യൂബയെ മലയാള മനോരമയുടെ താളുകളിലൂടെ 'റീ മിക്സ്' ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആ 'റീ മിക്സിങ്' പരമ്പരയുടെ ഒടുവില്‍ അദ്ദേഹം ഒരു കിടിലന്‍ ചോദ്യവും ഉന്നയിച്ചിരുന്നു-ക്യൂബന്‍ ജനത സന്തുഷ്ടരാണോ? ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ദന്തഗോപുരത്തില്‍ വാഴുമ്പോഴും, താന്‍ ഇപ്പോഴും ഒരു 'ഇടതുപക്ഷക്കാരന്‍' ആണെന്നത്രെ ഈ പരമ്പര എഴുതി രണ്ടുനാള്‍ക്കകം അദ്ദേഹം പ്രസ്താവിച്ചത്. ഈ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി അവസാനിപ്പിച്ച ഈ 'റീ മിക്സ്' പരമ്പര പറയാതെവിട്ട വസ്തുതകളിലേക്ക് എത്തിനോക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ. സന്തുഷ്ടിയുടെ മരുപ്പച്ചതേടി മുതലാളിത്തത്തെ വരിച്ച സോവിയറ്റ് യൂണിയനിലെയും പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്ഥിതി ഇന്ന് എന്താണെന്ന് അറിയാത്ത ആളുമായിരിക്കില്ല എന്‍ എസ് മാധവന്‍. സന്തുഷ്ടി എന്നത് തന്നെ ആപേക്ഷികവുമാണല്ലാാേ.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗനീതി, സാമൂഹ്യ-സാമ്പത്തികതുല്യത, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഒരു രാഷ്ട്രം സന്തുഷ്ടമായ സമൂഹമാണോ എന്ന് വിലയിരുത്തേണ്ടത്. അങ്ങനെ വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു പരിശോധനയ്ക്ക് തയ്യാറാകാതെ മാധവന്‍ തന്റെ വലതുപക്ഷ മുഖമാണ് ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്നത്.
Post a Comment