കുറച്ചു കാലം മുന്‍പാണ്.
ഒരു രാത്രി പത്രത്തിലെ സുഹൃത്ത് എന്നെ ദല്‍ഹിയിലേയ്ക്ക് വിളിച്ച് പറഞ്ഞു:
"കാക്കനാടനെപ്പറ്റി ഉടനെ എന്തെങ്കിലും എഴുതിത്തരണം. ഉടനെ വേണം.''
പെട്ടെന്ന് നിമിഷകവികളെപ്പോലെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ആളല്ല ഞാന്‍. എനിക്ക് മൂഡും സമയവും വേണം. മൂഡില്ലെങ്കില്‍ എത്ര ശ്രമിച്ചാലും ഒന്നും പേനത്തുമ്പില്‍നിന്ന് ഇറ്റിവീഴില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു:
"തീര്‍ച്ചയായും എഴുതാം. പക്ഷേ രണ്ടോ മൂന്നോ ദിവസം തരണം. ഇപ്പോഴെനിക്ക് ഒരു മൂഡുമില്ല.''
"മുകുന്ദന് ഒന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. കാക്കനാടന് വളരെ സീരിയസാണ്. ഇന്നു രാത്രിതന്നെ കഴിയും. നാളത്തെ പേപ്പറില്‍ മുകുന്ദന്റെ ഒരു ചെറിയ കുറിപ്പെങ്കിലും വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമാണ്; സഹകരിക്കണം.''
ഞാന്‍ എഴുതിയില്ല.
അതിനുശേഷം കാലം കുറേ കഴിഞ്ഞുപോയി. അടുത്ത കാലത്ത് കൊല്ലത്തുനിന്ന് മറ്റൊരു പത്രപ്രവര്‍ത്തക സുഹൃത്ത് വിളിച്ചു. ശബ്ദത്തില്‍ തിടുക്കമുണ്ട്. സുഹൃത്ത് പറഞ്ഞു: "കാക്കനാടന് ലെയിക് ഷോറില്‍ ഐ.സി.യുവില്‍ കിടക്കുകയാണ്. ലിവര്‍ പകുതി മുറിച്ചുകളഞ്ഞു. രക്ഷപ്പെടില്ല. ഇന്നു രാത്രി കഴിയും. അതുകൊണ്ട് ഉടനെ ഒരു പീസ് എഴുതിത്തരണം. കാക്കനാടന്റെ ഏറ്റവും അടുത്ത സുഹൃത്താണല്ലോ നിങ്ങള്‍.''
ഞാന്‍ എഴുതിയില്ല.
ഇനിയും പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നുമൊക്കെ എന്നെ വിളിച്ച് കാക്കനാടന് ആസന്നനിലയിലാണെന്നും ഞാന്‍ ഉടനെ ഒരു അനുസ്മരണം എഴുതിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടേക്കാം. മൂഡുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എഴുതില്ല. എഴുതാന്‍ എനിക്ക് കഴിയില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം അര്‍ധരാത്രി കണ്ണൂരില്‍നിന്ന് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് കാക്കനാടനെ കൊല്ലത്ത് വിളിച്ച് പറയും: "ബേബിച്ചായന് അറിഞ്ഞില്ലേ? മ്മളെ മുകുന്ദന് പരിയാരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. രക്ഷപ്പെടില്ല. ബേബിച്ചായന് ഉടനെ മുകുന്ദനെക്കുറിച്ച് ഒരു അനുസ്മരണം എഴുതിത്തരണം. എഴുതാന്‍ വയ്യെങ്കില്‍ ഞങ്ങളുടെ കൊല്ലം ബ്യൂറോവില്‍നിന്നു റിപ്പോര്‍ട്ടറെ ഉടനെ വീട്ടിലോട്ട് അയയ്ക്കാം.''
കാക്കനാടന് ഫോണിന്റെ വായിലേയ്ക്ക് പറഞ്ഞു:
"പോടാ! ഞാനും അവനും ഇപ്പോഴൊന്നും മരിക്കില്ല. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ട് വാ. അനുസ്മരണം എഴുതിത്തരാം.''
ഇങ്ങനെയൊക്കെയല്ലേ മ്മളെ കാക്കനാടന്?
കാക്കനാടനെ മാറ്റാരിലും നമുക്ക് കാണാന്‍ കഴിയില്ല. കാരണം കാക്കനാടന് ഒന്നേയുള്ളൂ. പ്രതിഫലനങ്ങളോ പ്രതിച്ഛായകളോ ഇല്ലാത്ത എഴുത്തുകാരനാണ് അത്. കാക്കനാടനെ അറിയണമെങ്കില്‍ കാക്കനാടനില്‍ തന്നെ നമ്മള് നോക്കണം.
കാക്കനാടനെ ഞാന്‍ അറിയുന്നത് അറുപതുകളുടെ തുടക്കത്തില്‍ ദല്‍ഹിയില്‍ ലജ്പത് നഗറില്‍ വച്ചാണ്. അന്ന് കാക്കനാടന് കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞാനും കഥകളെഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അത് സ്വപ്നത്തിലാണെന്നു മാത്രം. ഞാന്‍ ദല്‍ഹി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.
അന്ന് ദല്‍ഹിയില്‍ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. അവരെ മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. ഒ. വി. വിജയന് ആര്‍ക്കും പിടികൊടുക്കാതെ വഴുതിപ്പോകുന്ന അതിപ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. വി. കെ. എന്നിനെയും എം. പി. നാരായണ പിള്ളയെയും എനിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അനുഭവദാരിദ്ര്യമോ അറിവില്ലായ്മയോ ആയിരിക്കാം കാരണം. പക്ഷേ കാക്കനാടനെ ആര്‍ക്കും - ഒരു കുഞ്ഞിനുപോലും - എളുപ്പം മനസ്സിലാക്കാന്‍ കഴിയും. കാക്കനാടനില്‍ മനസ്സിലാക്കാന്‍ സങ്കീര്‍ണമായി ഒന്നുമില്ല എന്നതാണ് സത്യം. ആ പരുക്കന്‍ രൂപത്തിനും ശബ്ദത്തിനും പിറകിലുള്ളത് നിഷ്കളങ്കനായ കുട്ടിയാണ്. കുട്ടികള്‍ക്ക് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാനറിഞ്ഞതും കാക്കനാടനില്‍ നിന്നാണ്.
കാപട്യങ്ങള്‍ അറിയാത്ത എഴുത്തുകാരനാണ് കാക്കനാടന്. കാക്കനാടന്റെ ഭാഷണങ്ങള്‍ പോലെ തന്നെ എഴുത്തും സുതാര്യമാണ്. ബേബിച്ചായന്റെ രചനകളില്‍ കലാപമുണ്ട്. ഈ വയലന്‍സ് ലോകവുമായി കാക്കനാടനു താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തതിന്റെ ഫലമായുണ്ടായതാണ്. തന്നെപ്പോലെ തന്നെ സമൂഹവും ആര്‍ദ്രമനസ്കരായിരിക്കണമെന്ന് കാക്കനാടന് ആഗ്രഹിക്കുന്നു. തന്റെ പ്രതീക്ഷയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമനസ്സ് ഈ എഴുത്തുകാരനെ പ്രകോപിക്കുന്നു. അദ്ദേഹത്തിലെ വയലന്‍സിന് തിരികൊളുത്തുന്നു. അമ്പ് നെഞ്ചില്‍ തറച്ചുവീണ ഒരു പക്ഷിയുടെ ചിറകുകളിലെ കലാപമായാണ് ഞാന്‍ കാക്കനാടന്റെ സാഹിത്യരചനകളെ തിരിച്ചറിഞ്ഞത്. കാക്കനാടന്റെ സാഹിത്യരചനകളില്‍ കാമമുണ്ട്. പക്ഷേ നിഷ്കാമമാണ് കാക്കനാടന്റെ സര്‍ഗാത്മകത. രതി ഒരു ആവിഷ്കാരഭാഷയാണ് കാക്കനാടന്. കാമത്തിനു വേണ്ടി കാമത്തെക്കുറിച്ച് കാക്കനാടന് എഴുതിയിട്ടില്ല.
ഒരു ഇടതുപക്ഷ എഴുത്തുകാരന് കൂടിയാണ് കാക്കനാടന്. കലഹിക്കുന്ന ഇടതുപക്ഷ എഴുത്തുകാരന്. മാനവികതയുടെയും സാമൂഹ്യബോധത്തിന്റെയും അടിയൊഴുക്കുകള്‍ കാക്കാനാടന്റെ രചനകളില്‍ കാണാം. സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ കാക്കനാടന് എടുത്തുവരുന്നു. സൌഹൃദങ്ങളോ സ്ഥാനമാനങ്ങളോ അതിന് തടസ്സമാകാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലിരിക്കവേയാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം കാക്കനാടന് ലഭിക്കുന്നത്. അപ്പോഴും ഇടതുപക്ഷ അപചയങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല.
എനിക്ക് എന്നും ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹവും വാല്സല്യവും കാക്കനാടന് നല്‍കിയിട്ടുണ്ട്. പക്ഷേ അത് എന്നോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും എന്നെ വിമര്‍ശിക്കുന്നതില്‍നിന്നും കാക്കനാടനെ പിന്തിരിപ്പിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത ഒരു കഥയായിരുന്നു 'ദിനോസറുകളുടെ കാലം' എന്ന് ബേബിച്ചായന് എന്നോടു പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
അധികാരസ്ഥാനങ്ങളോ പദവികളോ ഈ എഴുത്തുകാരനെ ഒട്ടും മോഹിപ്പിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗവും ജര്‍മനിയിലെ ഗവേഷണവുമെല്ലാം ഉപേക്ഷിച്ച മനുഷ്യനാണിത്. എന്നാല്‍ മറ്റുള്ളവരും തന്നെപ്പോലെയാകണമെന്ന് കാക്കനാടന് ആഗ്രഹിക്കുന്നില്ല. ഞാന്‍ സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം സ്വീകരിച്ചപ്പോള്‍ അത് തെറ്റായ തീരുമാനമാണെന്ന് ഡോ. വി. രാജകൃഷ്ണനും ഡോ.പി. കെ. രാജശേഖരനും മറ്റു നിരവധി പേരും പറഞ്ഞു. ബേബിച്ചായന് മാത്രം എന്നോടത് പറഞ്ഞില്ല.
സ്വന്തം കാഴ്ചപ്പാടുകള്‍ മാത്രമാണ് ശരിയെന്നും തന്റെ കണ്ണുകളിലൂടെ വേണം മറ്റുള്ളവരും ലോകത്തെ വീക്ഷിക്കേണ്ടതെന്നും ശഠിക്കുന്ന എഴുത്തുകാരാണ് നമ്മുടെ ചുറ്റുമുള്ളത്. കാക്കനാടന് അവരില്‍ ഒരാളല്ല. ഭൂമി തനിക്കുവേണ്ടി തിരിയണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാരനാണ് ബേബിച്ചായന്. എന്നാല്‍ ഭൂമി അപഥസഞ്ചാരം ചെയ്താല്‍ കാക്കനാടന് ഒച്ചവയ്ക്കും. പ്രതിഷേധിക്കും. കലഹിക്കും.
എഴുത്തുകാര്‍ പല തരത്തിലുണ്ട്. ബുദ്ധിയും യുക്തിയും മാത്രമുപയോഗിച്ച് എഴുതുന്നവരുണ്ട്. അതു രണ്ടുമില്ലാതെ എഴുതുന്നവരുമുണ്ട്. കാക്കനാടന്റെ രചനകളില്‍ നിറഞ്ഞുകിടക്കുന്നത് ബുദ്ധിയോ യുക്തിയോ അല്ല. എന്നുവച്ച് ഇതു രണ്ടും ബേബിച്ചായന്റെ കഥകളിലും നോവലുകളിലും ഇല്ലെന്നല്ല പറയുന്നത്.
എന്നാല്‍ ഭാഷാസാഹിത്യത്തിന് കാക്കനാടന് നല്കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ രചനകളിലെ ഈ തീവ്രമായ സര്‍ഗാത്മകത മാത്രമല്ല. നമ്മുടെ സംവേദനശീലങ്ങളെ കാക്കനാടന് നിരന്തരം നവീകരിച്ചു. നമ്മുടെ കപടസദാചാരബോധത്തിനെതിരെ അക്ഷീണം കലഹിച്ചു. കഥയുടെ മാസ്മരികതയിലേയ്ക്കു നമ്മെ നയിച്ചു. ശ്രീചക്രവും സൂസഫ് സരായിയിലെ ചരസുവ്യാപരിയും നമ്മുടെ കഥാസങ്കല്പങ്ങളെ കീഴ്മേല്‍മറിച്ചു. 'ഏഴാം മുദ്ര' എന്ന നോവല്‍ വീര്‍പ്പുമുട്ടലോടെയാണ് ഞാന്‍ വായിച്ചത്. നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം സംഹാരശക്തിയുണ്ടെന്ന് ഞാനറിഞ്ഞത് കാക്കനാടന്റെ കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. 'ഉഷ്ണമേഖല'യില്‍ ഒരു പ്രവാചകവചനം പ്രച്ഛന്നമായി കിടപ്പുണ്ട്. പൊടിതട്ടി ഈ പുസ്തകം പുറത്തെടുത്ത് ഇപ്പോള്‍ നമ്മള് വായിക്കണം. കാരണം അതെഴുതിയ കാലത്തെ പ്രസക്തി ഇപ്പോഴും ആ നോവലിനുണ്ട്.
സ്നേഹരഹിതമാണ് ഇന്ന് എഴുത്തുകാരുടെ ലോകം. നിരാര്‍ദ്രരാണ് ഇന്ന് നമ്മള് എഴുത്തുകാര്‍. ഇതുപോലൊരു ലോകത്ത് ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മല്സരമോ ഇല്ലാതെ, എല്ലാവരെയും സ്നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്തില്‍ ജീവിക്കുന്ന വലിയ എഴുത്തുകാരനാണ് കാക്കനാടന്. മുമ്പെന്നത്തേതിനെക്കാളും നമുക്ക് ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്ന് ആവശ്യമുണ്ട്.
രതിയും കലാപവും അവയുടെ ഏറ്റവും നൈസര്‍ഗികമായ ആവിഷ്കാരങ്ങളായാണ് കാക്കനാടന്റെ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നത്. രതിയെ ഞെക്കിപ്പിഴിഞ്ഞ് എഴുത്തുകാര്‍ വാണിജ്യവല്ക്കരിക്കുന്ന ഇക്കാലത്ത് ഈ നൈസര്‍ഗികത നമ്മെ മോഹിപ്പിക്കുന്നു.
പ്രിയ പത്രപ്രവര്‍ത്തക സുഹൃത്തുക്കളെ, എന്നെക്കൊണ്ട് ബേബിച്ചായനെക്കുറിച്ച് അനുസ്മരണമെഴുതിക്കാന് വരട്ടെ. അതിനുവേണ്ടി നിങ്ങള്‍ ഉടനെയൊന്നും എന്നെ വൃഥാ വിളിക്കരുത്. ദൈവം സ്നേഹിക്കുന്ന ഈ എഴുത്തുകാരന് ഇനിയും ഒരുപാട് എഴുതാവാനുണ്ട്. കാക്കനാടന് തന്റെ തൂലികയുടെ മൂടി തുറന്നാല്‍ ഇപ്പോഴും അതില്‍നിന്നു പ്രവഹിക്കുന്നത് ശുദ്ധരചനകളാണ്. ആ രചനകള്‍ക്കായി കാത്തിരിക്കുന്ന എണ്ണമറ്റ വായനക്കാര്‍ നമ്മുടെ ഇടയില്‍ ഇന്നുമുണ്ട്.
*****
എം. മുകുന്ദന്
കടപ്പാട് : ഗ്രന്ഥാലോകം ഒക്ടോബര്‍ 2010
അധിക വായനയ്ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന് എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്ണന്
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന് സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്
14. കാക്കനാടന് - ജീവിതരേഖ
Sunday, December 19, 2010
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്
Labels:
എം മുകുന്ദന്,
കഥ,
കാക്കനാടൻ,
ഗ്രന്ഥാലോകം,
നോവൽ,
സാഹിത്യം
Subscribe to:
Post Comments (Atom)
2 comments:
ക്ഷത്രിയന് പൂര്‍ത്തിയാക്കാനാവാതെ..കാക്കനാടന് യാത്ര ആയി ഇന്ന്
:(
Post a Comment