ലോകം ഇന്ന് വിനാശകരമായ ഒരു നാണയയുദ്ധത്തിന്റെ (currency war) നിഴലിലാണ്. ഓരോ രാജ്യത്തിന്റെയും ദേശീയ നാണയത്തിന്റെ വിനിമയമൂല്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റനിരക്കുകള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ഓരോ രാജ്യവും അവരവരുടെ നാണയത്തിന്റെ വിദേശവിനിമയമൂല്യം വെട്ടിക്കുറയ്ക്കാന്‍ മത്സരിക്കുന്ന അരാജകത്വത്തിന്റെ അന്തരീക്ഷമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ വിനിമയമൂല്യം വെട്ടിക്കുറച്ചാല്‍ ലോകകമ്പോളത്തില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വില കുറയും; അവരുടെ മത്സരശേഷി വര്‍ദ്ധിക്കും; അവര്‍ക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാനാവും; അമേരിക്കയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാനും അത് അവരെ സഹായിക്കും. വളരെ ലളിതമായ സാമ്പത്തികശാസ്ത്ര യുക്തിയാണത്. പക്ഷേ, അമേരിക്കയെപ്പോലെ മറ്റു രാജ്യങ്ങളും ചിന്തിച്ചാലോ? അക്ഷരാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് ഇന്ന് ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളും അവരവരുടെ വിനിമയനിരക്ക് വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ചൈനയും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും നിരവധി അവികസിത രാജ്യങ്ങളും അമേരിക്കയെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. ചുരുക്കത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ അഥവാ ദേശീയനാണയങ്ങള്‍ തമ്മില്‍ കൈമാറ്റനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള മത്സരം നടക്കുകയാണ്. ഇതിനെത്തന്നെയാണ് നാണയയുദ്ധം അഥവാ 'കറന്‍സി വാര്‍' എന്നു വിശേഷിപ്പിക്കുന്നത്. പല അര്‍ത്ഥത്തിലും ഇത് യുദ്ധംതന്നെയാണ്. പടക്കോപ്പുകളില്‍ വ്യത്യാസമുണ്ട് എന്നു മാത്രം. നാണയ അവമൂലനത്തിന്റെ ഈ മത്സരത്തില്‍ പങ്കെടുക്കാത്ത രാജ്യങ്ങളുടെ വിനിമയമൂല്യം വര്‍ധിക്കും; അവരുടെ കയറ്റുമതി വിലകള്‍ ഉയരും; മത്സരശേഷി കുറയും; അടവുശിഷ്ട കമ്മി പെരുകും; ഉത്പാദനം കുറയും; തൊഴിലില്ലായ്മ വര്‍ദ്ധിക്കും; സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വഴുതിവീഴും. അതുകൊണ്ട് ഒരു രാജ്യത്തിനും കാര്യങ്ങളെ നിസ്സംഗതയോടെ കാണാനാവില്ല. നാണയക്കമ്പോളത്തില്‍ ഏവരും തികഞ്ഞ ജാഗ്രതയിലാണ്. പ്രതിയോഗികളുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒഴിയാനും തടുക്കാനും വെട്ടാനും ഓരോ രാജ്യവും തയ്യാറെടുത്തു നില്‍ക്കുകയാണ്.

നാണയയുദ്ധത്തിന്റെ ഇന്നത്തെ അന്തരീക്ഷത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഭരണകൂടങ്ങള്‍ മാത്രമല്ല. അന്തര്‍ദേശീയ വ്യാപാരത്തിലോ ഇതര ഇടപാടുകളിലോ ഏര്‍പ്പെടുന്ന ഏവരേയും നാണയവിപണിയിലെ അനിശ്ചിതാവസ്ഥ ബാധിക്കും. വിദേശനാണയം ലഭിക്കാനുള്ളവര്‍ക്കും വിദേശനാണയം കൊടുക്കാനുള്ളവര്‍ക്കും ഒരുപോലെ മനസ്സില്‍ തീയാണ്. വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ അവരുടെ പ്രതീക്ഷിത വരുമാനത്തേയും ചെലവിനേയും ഗണ്യമായി ബാധിക്കും. ഈ അസ്ഥിരത യഥാര്‍ത്ഥത്തില്‍ വ്യാപാരത്തേയും വ്യവസായത്തേയും നിക്ഷേപത്തേയും എല്ലാം പ്രതികൂലമായി ബാധിക്കും എന്നാണ് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം അരാജകത്വവും അനിശ്ചിതാവസ്ഥയും ദീര്‍ഘകാല നിക്ഷേപതീരുമാനങ്ങള്‍ എടുക്കാന്‍ ഒട്ടും യോജിച്ചതല്ല. നാണയയുദ്ധം ആഗോള സാമ്പത്തികതകര്‍ച്ചയുടെ ഉപോത്പന്നമാണ്. പക്ഷേ, നാണയ വിപണിയിലെ സ്ഥിരതാരാഹിത്യം സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ.
സാമ്പത്തിക തകര്‍ച്ചയും നാണയയുദ്ധവും
സാമ്പത്തിക പ്രതിസന്ധിയും നാണയയുദ്ധവും സയാമീസ് ഇരട്ടകളാണ്. അവ രണ്ടും മിക്കപ്പോഴും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി നാണയമത്സരത്തിനു വഴിവെയ്ക്കും; തിരിച്ചു നാണയ വിപണിയിലെ അരാജകത്വം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിനും ഇടയാക്കും. ഇതിനുമുമ്പ് ഏറ്റവും രൂക്ഷമായ നാണയയുദ്ധം അരങ്ങേറിയത് 1930കളിലെ മഹാ സാമ്പത്തികത്തകര്‍ച്ചയുടെ കാലത്തായിരുന്നു എന്നത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. മുപ്പതുകളില്‍ സാമ്പത്തികത്തകര്‍ച്ച രൂക്ഷമായതോടെ ഓരോ രാജ്യവും ഇറക്കുമതി പ്രതിബന്ധങ്ങള്‍ ഉയര്‍ത്തി താന്താങ്ങളുടെ സമ്പദ്ഘടനകളെ പുറത്തുനിന്നുള്ള മത്സരത്തില്‍നിന്നും രക്ഷപ്പെടുത്തി നിര്‍ത്താന്‍ നോക്കി. ഒപ്പം സ്വന്തം നാണയത്തിന്റെ വിദേശവിനിമയമൂല്യം വെട്ടിക്കുറച്ച് ഓരോ രാജ്യവും കയറ്റുമതി വര്‍ദ്ധിപ്പിച്ച് സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറാനും ശ്രമിച്ചു. ഇതാണ് അക്കാലത്ത് വിനാശകരമായ നാണയയുദ്ധത്തിനു വഴിതെളിച്ചത്. ഇപ്പോള്‍ സംജാതമായിരിക്കുന്നത് സമാനമായ ലോക സഹചര്യമാണ്. ഏറ്റക്കുറച്ചിലുകളോടുകൂടിയാണെങ്കിലും ചരിത്രം ആവര്‍ത്തിക്കുന്നതിന് നാം ദൃക്സാക്ഷികളാവുകയാണ്.
ഇവിടെ അല്‍പം സാങ്കേതികകാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. വിനിമയമൂല്യം വെട്ടിക്കുറച്ച് മത്സരശേഷി വര്‍ദ്ധിപ്പിക്കാനും കയറ്റുമതി കൂട്ടാനുമുള്ള ഒരു രാജ്യത്തിന്റെ ശ്രമം വിജയിക്കണമെങ്കില്‍ ആ നീക്കത്തെ മറ്റു രാജ്യങ്ങള്‍ അവഗണിക്കണം. മറ്റു നാണയങ്ങളും വിനിമയമൂല്യം കുറയ്ക്കാന്‍ ഒരുമ്പെടുന്നതോടുകൂടി ആദ്യഘട്ടത്തില്‍ വിനിമയമൂലം വെട്ടിക്കുറച്ച രാജ്യത്തിനു കിട്ടിയ നേട്ടം ഇല്ലാതാവും. നാണയവിപണിയിലെ അരാജകത്വം തുടരുന്നിടത്തോളം ആര്‍ക്കും വലിയ മെച്ചമൊന്നും ഉണ്ടാകില്ല എന്നതാണ് സത്യം.

മുതലാളിത്ത പ്രതിസന്ധിയും നാണയയുദ്ധവും തമ്മിലുള്ള കാര്യകാരണബന്ധം കുറച്ചുകൂടി വ്യക്തമായി വിശദീകരിക്കാവുന്നതേയുള്ളു. മുതലാളിത്തം മൂലധനത്താല്‍ നയിക്കപ്പെടുന്ന ഉത്പാദനവ്യവസ്ഥയാണ്. ആഗോളമൂലധന സഞ്ചയ പ്രക്രിയ അതിന്റെ അവിഭാജ്യഭാഗമാണ്. ലാഭമുണ്ടാക്കാനാണ് മുതലാളിത്തത്തില്‍ ഉത്പാദനം സംഘടിപ്പിക്കപ്പെടുന്നത്. മുതലാളിമാര്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ സൃഷ്ടിക്കപ്പെടുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് മൂലധനനിക്ഷേപമാക്കി മാറ്റാന്‍ ഓരോ മുതലാളിയും നിരന്തരം നിര്‍ബന്ധിക്കപ്പെടും. മൂലധനനിക്ഷേപം നടത്താത്തവര്‍ മുതലാളിത്തമത്സരത്തിന്റെ ചൂടുതാങ്ങാനാവാതെ കൊഴിഞ്ഞുപോകുകയോ, തകര്‍ക്കപ്പെടുകയോ ചെയ്യും. മൂലധനം കുന്നുകൂട്ടപ്പെടുന്നതിനും ഉത്പാദനശേഷി വര്‍ദ്ധിക്കുന്നതിനും അനുസരിച്ചു ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ദ്ധിക്കാത്തതും വിപണി വലുതാകാത്തതുമാണല്ലോ മുതലാളിത്ത പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. ഉത്പാദിപ്പിക്കുന്നത് വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നതാണ് മാന്ദ്യത്തിന്റെ ഒരു പൊതു ലക്ഷണം. കമ്പോളത്തില്‍ വില്‍ക്കാതെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത പരന്നാല്‍ കൂടതല്‍ മൂലധനനിക്ഷേപം നടത്താന്‍ മുതലാളിമാര്‍ മടിക്കും. നിക്ഷേപം വെട്ടിക്കുറയ്ക്കുന്നതാകട്ടെ പണ ലഭ്യതയും ഡിമാന്‍ഡും വീണ്ടും കുറയാനിടയാക്കും. ചുരുക്കത്തില്‍ മുതലാളിത്തത്തില്‍ എല്ലാ വഴികളും അമിതോല്‍പാദനക്കുഴപ്പത്തിന്റെ വിഷമവൃത്തത്തിലേക്കാണ് എന്ന നിലവരും. ഇതുതന്നെയാണ് സമകാലിക മുതലാളിത്ത പ്രതിസന്ധിയുടെയും അവസ്ഥ. വിപണിവളര്‍ച്ചയിലുള്ള വിശ്വാസവും പ്രതീക്ഷയും തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തിനിടയ്ക്ക് സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ നാമമാത്രമായ ഫലമേ സൃഷ്ടിച്ചുള്ളു. ആഗോള സമ്പദ്ഘടന ഇപ്പോഴും മാന്ദ്യത്തിന്റെ പിടിയില്‍തന്നെയാണ്. എല്ലാ വികസിത രാജ്യങ്ങളിലും സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് അനുഭവപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മാന്ദ്യത്തെ മറികടക്കാന്‍ അമേരിക്കയും ഇതര രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികളാണ് അവരുടെ നാണയങ്ങളുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നത്. ഉദാഹരണത്തിന് പലിശനിരക്ക് കുറച്ചും സര്‍ക്കാര്‍ ചെലവു വര്‍ദ്ധിപ്പിച്ചും ഉപഭോഗത്തേയും, ഉത്പാദനത്തേയും മൂലധനനിക്ഷേപത്തേയും കൈപിടിച്ചുയര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനോടൊപ്പം കൂടുതല്‍ ഡോളര്‍ അച്ചടിച്ചിറക്കുന്ന നടപടിയും അവര്‍ സ്വീകരിക്കുന്നുണ്ട്. ഈ നടപടികള്‍ എല്ലാംതന്നെ ഡോളറിന്റെ അന്തര്‍ദേശീയ വിപണിയിലെ പ്രദാനം (supply) വര്‍ദ്ധിപ്പിക്കുന്നവയാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഡോളറിന്റെ ലഭ്യത വര്‍ദ്ധിക്കുന്നമുറയ്ക്ക് അതിന്റെ വിനിമയമൂല്യത്തില്‍ അഥവാ വിലയില്‍ ഇടിവുണ്ടാവുക സ്വാഭാവികമാണ്. ഈ ലക്ഷ്യംകൂടി കരുതിക്കൊണ്ടുതന്നെയാണ് ഡോളറിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നത്. ഡോളറിന്റെ വില കുറയുക എന്നാല്‍ മറ്റു കറന്‍സികളുടെ ഡോളറുമായുള്ള കൈമാറ്റമൂല്യം കൂടുന്നു എന്നാണ് അര്‍ത്ഥം. അമേരിക്കന്‍ ഉത്പന്നങ്ങളുടെ ലോകവിപണിയിലെ വില കുറയ്ക്കാനും അവരുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും തൊഴിലില്ലായ്മയുടെ ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും. ഈ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ട് അമേരിക്ക തുടര്‍ച്ചയായി ഡോളറിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ഇത് ഇതര രാജ്യങ്ങളുടെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്. ഡോളറിന്റെ ലഭ്യത വര്‍ദ്ധിക്കുന്നതും വിനിമയമൂല്യം ഇടിയുന്നതും ഇതര നാണയങ്ങളുടെ വിനിമയമൂല്യം ആപേക്ഷികമായി ഉയരാന്‍ ഇടയാക്കുന്നു എന്നതുതന്നെയാണ് ഈ പ്രതിഷേധത്തിനു കാരണം. എന്നാല്‍ ഒബാമാസര്‍ക്കാര്‍ ഈ പ്രതിഷേധത്തിന് വലിയ വിലയൊന്നും കല്‍പിക്കുന്നില്ല. അമേരിക്കയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഇത്തരം 'അളവിലെ അയവ്' (quantitative easing) ഇനിയും വേണ്ടിവരും എന്നാണ് ഒബാമയുടെ നിലപാട്. 2010 നവംബറില്‍ മാത്രം ഇപ്രകാരം 60,000 കോടി ഡോളറാണ് അമേരിക്ക മാര്‍ക്കറ്റില്‍ ലഭ്യമാക്കിയത്. ഇതേ തന്ത്രംതന്നെ ജപ്പാനും മറ്റു ചില വികസിത രാജ്യങ്ങളും സ്വീകരിക്കുന്നുണ്ട്.

അമേരിക്ക തുറന്നുവിടുന്ന ഡോളറിന്റെ ഈ അധികലഭ്യതയില്‍ സിംഹഭാഗവും ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലെ മൂലധന കമ്പോളങ്ങളിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് ഒഴുകിയെത്തുന്ന ഡോളര്‍ നിക്ഷേപം ഇന്ത്യന്‍ രൂപയുടെമേല്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഡോളറിന്റെ ലഭ്യത വര്‍ദ്ധിക്കുന്നത് രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം കൂടുന്നതിന് ഇടയാക്കുന്നു. രൂപയുടെ വിനിമയമൂല്യം കൂടുന്നത് ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ദ്ധിക്കുന്നതിനും മത്സരക്ഷമത കുറയ്ക്കുന്നതിനും ഇടയാക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അമേരിക്കയുടെ ഡോളറിന്റെ വിനിമയമൂല്യം കുറയ്ക്കുന്നതിനുള്ള നീക്കം ഇന്ത്യയെ എന്നപോലെ മറ്റനവധി രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയതലത്തില്‍ ഇത് ശക്തമായ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. ബ്രസീലിന്റെ ധനമന്ത്രി ഗുയ്ഡോ മന്‍ന്റേഗയാണ് ഈ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ സാര്‍വ്വദേശീയ നാണയയുദ്ധം മുറുകുന്നതിനെക്കുറിച്ച് ആദ്യമായി ശക്തമായ മുന്നറിയിപ്പു നല്‍കിയത്. പിന്നീട് അന്തര്‍ദേശീയ നാണയനിധിയും മറ്റ് അന്തര്‍ദേശീയ സ്ഥാപനങ്ങളും ഇക്കാര്യത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
വിവാദമാകുന്ന ചൈനീസ് നയം
ചൈന കയറ്റുമതി വളര്‍ച്ചയുടെ ബലത്തില്‍ ഏറെക്കാലമായി ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ചൈന അനേകവര്‍ഷങ്ങളായി ഉയര്‍ന്ന വ്യാപാരമിച്ചം നിലനിര്‍ത്തുന്ന രാജ്യവുമാണ്. മിക്കവാറും വികസിതരാജ്യങ്ങള്‍ക്കെല്ലാംതന്നെ ചൈനയുമായുള്ള വ്യാപാരത്തില്‍ ഉയര്‍ന്ന കമ്മി ഉണ്ടുതാനും. കയറ്റുമതിയിലൂടെ ലോകസമ്പദ്ഘടനയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ചൈന അവരുടെ നാണയമായ യുവാന്റെ വിനിമയമൂല്യം ഉയരാന്‍ അനുവദിക്കണം എന്ന് വികസിതരാജ്യങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്. എന്നാല്‍ ചൈന അവരുടെ ദേശീയ നാണയത്തിന്റെ വിനിമയമൂല്യം താഴ്ത്തിനിര്‍ത്തുന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. നാണയത്തിന്റെ വിനിമയമൂല്യം താഴ്ത്തിനിര്‍ത്തുന്നതുകൊണ്ടാണ് ചൈനയുടെ കയറ്റുമതി ഉത്പന്നങ്ങളുടെ വിലകള്‍ ഇത്ര താഴ്ന്നിരിക്കുന്നതും ഉയര്‍ന്ന മത്സരശേഷി പ്രകടിപ്പിക്കുന്നതും. ആഗോള സാമ്പത്തിക പ്രതിസന്ധി ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ അതി രൂക്ഷമാക്കിയിട്ടുണ്ട്. ചൈന അവരുടെ നാണയത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള തീരുമാനം കമ്പോളത്തിന് വിടണം എന്ന മുറവിളി കൂടുതല്‍ ശക്തമാകുകയാണ്. ചൈന വഴങ്ങുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് പോള്‍ ക്രൂഗ്മാനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ചൈന ഇപ്പോള്‍ എടുത്തുപയോഗിക്കുന്ന തന്ത്രം ഇന്നത്തെ വികസിതരാജ്യങ്ങള്‍ മുമ്പു പരീക്ഷിച്ച് വിജയം കണ്ടതാണ്. അന്നത്തെ കാലത്ത് വികസിതരാജ്യങ്ങള്‍ അവരുടെ വിനിമയമൂല്യം ഉയര്‍ത്തണമെന്ന് മറ്റു രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങുകയുണ്ടായില്ല. അതെന്തായാലും, ഏറെ വൈകാതെ ചൈനക്ക് അവരുടെ നാണയത്തിന്റെ വില ഉയര്‍ത്തേണ്ടി വരും. ലോക കമ്പോളത്തിലെ മത്സരത്തില്‍ പിന്തള്ളപ്പെടുന്ന ദരിദ്രരാജ്യങ്ങളെ രക്ഷിക്കാന്‍ ഇത് ആവശ്യമാണ്.
ഇന്ത്യയുടെ സാമ്രാജ്യത്വ ദാസ്യം
വികസിതരാജ്യങ്ങള്‍ അവരുടെ നാണയങ്ങളുടെ വിനിമയമൂല്യം കൃത്രിമമായി താഴ്ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാരം ഏറെ പേറേണ്ടിവരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നേരത്തെ സൂചിപ്പിച്ചതുപോലെ അമേരിക്ക ഡോളറിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ അതില്‍ നല്ല ഒരു ഭാഗം ഇന്ത്യന്‍ മൂലധനവിപണിയിലേക്ക് ഊഹക്കച്ചവട മൂലധനത്തിന്റെ രൂപത്തില്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഊഹക്കച്ചവടമൂലധനത്തിന്റെ കടന്നുവരവും ഡോളറിന്റെ അധിക ലഭ്യതയും ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഉയര്‍ത്താന്‍ കാരണമാവുന്നുണ്ട്. ഇത് ഇന്ത്യന്‍ കയറ്റുമതിവിലകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെടുന്നതിനും ഇടയാക്കുന്നു. ഊഹക്കച്ചവടമൂലധനത്തെ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കുന്ന നവ ഉദാരവത്കരണനയം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. ഊഹക്കച്ചവട മൂലധനം എത്ര കടന്നുവന്നാലും ആശങ്കപ്പെടേണ്ടതില്ല എന്നും കൂടുതല്‍ വിദേശനാണയം ഉള്‍ക്കൊള്ളാന്‍ രാജ്യത്തിനു കഴിയും എന്നുമായിരുന്നു ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്. പക്ഷേ, വൈകിയാണെങ്കിലും ഊഹക്കച്ചവടമൂലധനത്തിന്റെ വരവു നിയന്ത്രിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. കുടുതല്‍ വിദഗ്ധന്മാര്‍ ഈ അഭിപ്രായത്തിലേക്ക് മാറുകയാണ്. മൂലധന ഒഴുക്കിനെ നിയന്ത്രിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുന്നതടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി ഇപ്പോള്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ കമ്പോള മൌലികവാദത്തെ ഉപേക്ഷിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. വിദേശ വിനിമയ വിപണി മറ്റു കമ്പോളങ്ങളുടെ കാര്യത്തിലെന്നപോലെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊള്ളും എന്ന വാദമാണ് ഉയര്‍ത്തപ്പെടുന്നത്. വികസിത രാജ്യങ്ങളും ചൈനയും മറ്റും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി നാണയക്കമ്പോളത്തില്‍ ഇടപെടുന്നത് കാണാനുള്ള കണ്ണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നു. ഇന്ത്യയുടെ വ്യാപാരക്കമ്മി അപകടകരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതുപോലും ഇന്ത്യന്‍ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുന്നില്ല. 2003-04ല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 1,43,070 ലക്ഷം (1430.7 കോടി) ഡോളറായിരുന്നു. 2009-10ല്‍ അത് 10,81,610 ലക്ഷം (10816.1 കോടി) ഡോളറായി ഉയര്‍ന്നിരിക്കുന്നു. വ്യാപാരക്കമ്മി ഇപ്രകാരം ഉയരുമ്പോള്‍ രൂപയുടെ വിനിമയമൂല്യം വര്‍ദ്ധിക്കാന്‍ പാടില്ലാത്തതാണ്. ഊഹക്കച്ചവട മൂലധനത്തിന്റെ വരവാണ് ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതും വിനിമയമൂല്യം ഉയര്‍ത്തുന്നതും. ഈ സാഹചര്യത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ അത് വ്യാപാരക്കമ്മി ഉയരാനും അത് അടവുശിഷ്ട പ്രശ്നമായി വളരാനും സാധ്യതയുണ്ട്. അതിനേക്കാളുപരി വികസിതരാജ്യങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയ്ക്ക് ഇന്ത്യയുടെ ചെലവില്‍ പരിഹാരം കാണാനുള്ള ശ്രമത്തെയാണ് ഇത് സഹായിക്കുക. ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ക്രമംവിട്ട് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ ജാഗ്രതയോടുകൂടിയ നടപടികള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ചൈനയുടെ മാതൃകയില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ഭരണാധികാരികള്‍ അതിന് തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

ആഗോളവിപണിയിലെ നാണയയുദ്ധം എങ്ങനെ അവസാനിക്കും എന്ന ചോദ്യം ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ആഗോള സാമ്പത്തിക തകര്‍ച്ചയുടെ അന്തരീക്ഷം നിലനില്‍ക്കുന്നിടത്തോളം സ്ഥായിയായ ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അതെന്തായാലും കമ്പോളം അതിന്റെ സംതുലനാവസ്ഥയും താളവും താനേ കണ്ടെത്തിക്കൊള്ളും എന്ന് വിശ്വസിക്കാനാവില്ല. അമേരിക്കയെപ്പോലുള്ള ഏതെങ്കിലും മഹാശക്തിക്ക് വഴങ്ങി എല്ലാ രാജ്യങ്ങളും അച്ചടക്കം പാലിക്കും എന്നും കരുതാനാവില്ല. അമേരിക്കയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ അത്തരത്തിലുള്ള അധീശത്വവും നേതൃത്വവും ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ അവകാശപ്പെടാന്‍ കഴിയില്ല. സാദ്ധ്യതയുള്ള ഒരു പരിഹാരമാര്‍ഗ്ഗം ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ വേദിയില്‍ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പുകളായിരിക്കും. ജി-20ഉം മറ്റു വേദികളും ഇതിനോടകംതന്നെ നാണയയുദ്ധം ചര്‍ച്ചചെയ്തുകഴിഞ്ഞു. അടവുശിഷ്ട കമ്മി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനാവശ്യമായ വായ്പ നല്‍കാന്‍ ക്രമീകരണം ഉണ്ടാവുകയും സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും കരകയറുന്നതിനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്തെങ്കില്‍ മാത്രമെ നാണയയുദ്ധത്തിന്റെ ഭീഷണിയില്‍നിന്നും ലോകത്തെ രക്ഷിക്കാനാവൂ.
*
ഡോ. കെ എന്‍ ഹരിലാല്‍ കടപ്പാട്: ചിന്ത വാരിക 17 ഡിസംബര്‍ 2010
1 comment:
ലോകം ഇന്ന് വിനാശകരമായ ഒരു നാണയയുദ്ധത്തിന്റെ (currency war) നിഴലിലാണ്. ഓരോ രാജ്യത്തിന്റെയും ദേശീയ നാണയത്തിന്റെ വിനിമയമൂല്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റനിരക്കുകള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ഓരോ രാജ്യവും അവരവരുടെ നാണയത്തിന്റെ വിദേശവിനിമയമൂല്യം വെട്ടിക്കുറയ്ക്കാന്‍ മത്സരിക്കുന്ന അരാജകത്വത്തിന്റെ അന്തരീക്ഷമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ വിനിമയമൂല്യം വെട്ടിക്കുറച്ചാല്‍ ലോകകമ്പോളത്തില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വില കുറയും; അവരുടെ മത്സരശേഷി വര്‍ദ്ധിക്കും; അവര്‍ക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാനാവും; അമേരിക്കയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാനും അത് അവരെ സഹായിക്കും. വളരെ ലളിതമായ സാമ്പത്തികശാസ്ത്ര യുക്തിയാണത്. പക്ഷേ, അമേരിക്കയെപ്പോലെ മറ്റു രാജ്യങ്ങളും ചിന്തിച്ചാലോ? അക്ഷരാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് ഇന്ന് ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളും അവരവരുടെ വിനിമയനിരക്ക് വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ചൈനയും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും നിരവധി അവികസിത രാജ്യങ്ങളും അമേരിക്കയെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. ചുരുക്കത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ അഥവാ ദേശീയനാണയങ്ങള്‍ തമ്മില്‍ കൈമാറ്റനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള മത്സരം നടക്കുകയാണ്. ഇതിനെത്തന്നെയാണ് നാണയയുദ്ധം അഥവാ 'കറന്‍സി വാര്‍' എന്നു വിശേഷിപ്പിക്കുന്നത്. പല അര്‍ത്ഥത്തിലും ഇത് യുദ്ധംതന്നെയാണ്. പടക്കോപ്പുകളില്‍ വ്യത്യാസമുണ്ട് എന്നു മാത്രം. നാണയ അവമൂലനത്തിന്റെ ഈ മത്സരത്തില്‍ പങ്കെടുക്കാത്ത രാജ്യങ്ങളുടെ വിനിമയമൂല്യം വര്‍ധിക്കും; അവരുടെ കയറ്റുമതി വിലകള്‍ ഉയരും; മത്സരശേഷി കുറയും; അടവുശിഷ്ട കമ്മി പെരുകും; ഉത്പാദനം കുറയും; തൊഴിലില്ലായ്മ വര്‍ദ്ധിക്കും; സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വഴുതിവീഴും. അതുകൊണ്ട് ഒരു രാജ്യത്തിനും കാര്യങ്ങളെ നിസ്സംഗതയോടെ കാണാനാവില്ല. നാണയക്കമ്പോളത്തില്‍ ഏവരും തികഞ്ഞ ജാഗ്രതയിലാണ്. പ്രതിയോഗികളുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒഴിയാനും തടുക്കാനും വെട്ടാനും ഓരോ രാജ്യവും തയ്യാറെടുത്തു നില്‍ക്കുകയാണ്.
Post a Comment