Saturday, December 11, 2010

എഡ്വേര്‍ഡ് ബോണ്ടും പ്രതിബദ്ധതയുടെ നാടകവേദിയും

പ്രശസ്‌ത ഇംഗ്ളീഷ് നാടകകൃത്തായ എഡ്വേര്‍ഡ് ബോണ്ടിന്റെ (Edward Bond) രചനകളിലാണ് പ്രത്യയശാസ്‌ത്രപ്രതിബദ്ധതയുടെ നാടകവേദി (തിയേറ്റര്‍) ഏറ്റവും ആധുനിക രൂപമാര്‍ജിക്കുന്നത്. പ്രമേയങ്ങളുടെ സാമൂഹികത, രചനാസങ്കേതങ്ങളിലെ മൌലികത, ദാര്‍ശനിക സമഗ്രത എന്നിവ ബോണ്ടിനെ ഇതര നാടകകൃത്തുക്കളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നു. മനുഷ്യസമൂഹത്തിന്റെ ധാര്‍മികവും രാഷ്‌ട്രീയവുമായ പരിണാമത്തിനായി നടത്തുന്ന സാംസ്‌ക്കാരിക സമരങ്ങളുടെ ഭാഗമാണ് അദ്ദേഹത്തിന് നാടകങ്ങള്‍. 'സുപ്രധാന വിഷയങ്ങളാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത് ' എന്നാണ് ബോണ്ട് സ്വയം നിരീക്ഷിച്ചിട്ടുള്ളത്. മതം, വിപ്ളവം എന്നിവയുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിസ്ഥാനങ്ങള്‍, മുതലാളിത്ത മൂല്യധാരണകളും സദാചാരവും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ആണവയുദ്ധത്തിന്റെ സാധ്യതകള്‍ സൃഷ്‌ടിക്കുന്ന വിഹ്വലതകള്‍, ശിശുക്കളുടെ സ്വാഭാവികവും സന്തുലിതവുമായ വളര്‍ച്ചയ്‌ക്ക് അനുകൂലമല്ലാത്ത സാമൂഹ്യസാഹചര്യങ്ങള്‍ തുടങ്ങിയ സുപ്രധാന പ്രമേയങ്ങള്‍ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയോടുകൂടിയ നാടകപ്രവര്‍ത്തനം ബോണ്ട് നിര്‍വഹിക്കുന്നു.

ഷേക്‌സ്‌പിയറുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നാടകകൃത്തുക്കളുടെ പിന്തുടര്‍ച്ചക്കാരനും നേരവകാശിയുമാണ് ബോണ്ട്. എന്നാല്‍ പ്രശ്‌നനാടകങ്ങളുടെ (Problem Plays)യും, സമര-പ്രചാരണ നാടകങ്ങളുടെ (Agit Prop Plays)യും പ്രതിരോധനാടകങ്ങളുടെ (Resistance Plays)യും പരിധിയ്‌ക്ക് പുറത്തേക്ക് അദ്ദേഹം സ്വന്തം നാടകങ്ങളെ കൊണ്ടുപോകുന്നു. 'പ്രചാരണമായി കല പരിമിതപ്പെടുത്തപ്പെടുമ്പോള്‍ അതിന്റെ രാഷ്‌ട്രീയ ധര്‍മവും പരിമിതപ്പെടുത്തപ്പെടുന്നു' (When art is limited to propaganda, its political role is also limited) വെന്ന് ബോണ്ട് മനസ്സിലാക്കിയിട്ടുണ്ട്. പ്രബോധനപരമായ കല യുക്തിസഹമായ വിശകലനവും മൌലികമായ പരിവര്‍ത്തനവും അസാധ്യമാക്കുമെന്നതിനാല്‍ അതിലളിതവത്ക്കരണം സൌന്ദര്യശാസ്‌ത്രപരമായ പാപ (Aesthetic sin) മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബോണ്ടിന്റെ നാടകതാല്‍പര്യവും ദാര്‍ശനികവീക്ഷണവും ചരിത്രത്തിന്റെ ഒരു പ്രത്യേകസന്ദര്‍ഭത്തിലാണ് രൂപപ്പെട്ടത്. 1934 ജൂലൈ 18 ന് ഉത്തരലണ്ടനിലെ ഒരു ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ലണ്ടന്‍ നഗരം ബോംബിങ്ങിന് ഇരയായപ്പോള്‍, ബോണ്ടിന്റെ കുടുംബം കോണ്‍വാളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. അപൂര്‍ണമായ വിദ്യാഭ്യാസവും, ദരിദ്രമായ കുടുംബസാഹചര്യവും വ്യത്യസ്‌ത തൊഴിലുകള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ചായം കൂട്ടല്‍, ഇന്‍ഷുറന്‍സ് കമ്പനിയിലെ ഗുമസ്‌തപ്പണി, വിമാനനിര്‍മാണശാലയിലെ ചെക്കര്‍ജോലി എന്നിവയ്‌ക്കുശേഷം 1953 ല്‍ അദ്ദേഹം സൈനിക സേവനവും നടത്തി. ഇതിനിടയില്‍ കാണാനിടയായ ഷേക്‌സ്‌പീയറുടെ ‘മാക്‌ബത്ത്’ വിപ്ളവകരമായ പരിവര്‍ത്തനമാണ് ബോണ്ടിന്റെ വീക്ഷണത്തില്‍ വരുത്തിയത്. വിയന്നയിലെ സൈനികസേവനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം തുടക്കത്തില്‍ ഇംഗ്ളീഷ് സ്‌റ്റേജ് കമ്പനിയുമായി (English Stage Company) ബന്ധപ്പെടുകയും പിന്നീട് റോയല്‍ കോര്‍ട് തിയേറ്റര്‍ (Royal Court Theatre) വിലയ്‌ക്കുവാങ്ങുകയും ചെയ്‌തു. ഇംഗ്ളീഷ് നാടകവേദിയിലെ അക്കാലത്തെ അതികായന്മാരായ ജോര്‍ജ് ഡെവൈന്‍ (George Devine), വില്യം ഗാസ്‌ക്കില്‍ (William Gaskill) എന്നിവരോടൊപ്പമുള്ള പ്രവര്‍ത്തനത്തില്‍നിന്നും ലഭിച്ച അനുഭവജ്ഞാനം അദ്ദേഹത്തിന് പില്‍ക്കാലത്ത് ഏറെ പ്രയോജനപ്പെട്ടു. സ്വന്തം രാഷ്‌ട്രീയ ദര്‍ശനത്തിന് മൌലികമായ നാടകഭാഷ്യം ചമയ്‌ക്കുന്നതിന് ഇത് ബോണ്ടിനെ പ്രാപ്‌തനാക്കി.

ശക്തമായ എതിര്‍പ്പും വിമര്‍ശനവും നേരിട്ടു കൊണ്ടാണ് ബോണ്ട് നാടകരംഗത്ത് ചുവടുറപ്പിച്ചത്. 1986 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സെന്‍സര്‍ഷിപ്പ് നിര്‍ത്തലാക്കുന്നതുവരെ ‘രക്ഷപ്പെട്ടവര്‍’ (Saved) ‘അതിരാവിലെ’ (Early Morning) എന്നീ നാടകങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. പരിചിത സങ്കേതങ്ങളില്‍നിന്നും പ്രമേയങ്ങളില്‍നിന്നും മാറിച്ചിന്തിച്ച അദ്ദേഹത്തിന്റെ വിപ്ളവകരമായ നിലപാടുകള്‍ യാഥാസ്ഥിതികരെ വല്ലാതെ ഞെട്ടിക്കുകയും ചൊടിപ്പിക്കുകയും ചെയ്‌തു. മാമൂലുകള്‍ ലംഘിച്ചുകൊണ്ട്, രംഗവേദിയില്‍, അക്രമവും ബലപ്രയോഗവും ദൃശ്യരൂപക(Visual Metaphors)ങ്ങളായി അദ്ദേഹം പ്രയോഗിച്ചു. വിക്‌ടോറിയന്‍ സദാചാരബോധത്തിന്റെയും മധ്യവര്‍ഗകാപട്യത്തിന്റെയും മുഖാവരണം വലിച്ചുകീറിയതും ബോണ്ടിനെ പലര്‍ക്കും അനഭിമതനാക്കി. 'മദര്‍ തേരേസയാണ് കൊച്ചുകുട്ടികളെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നതെന്ന’തുപോലെയുള്ള ബോണ്ടിന്റെ പ്രസ്‌താവത്തിന്റെ ആന്തരാര്‍ഥം ഉള്‍ക്കൊള്ളാനാവാത്തവര്‍ അദ്ദേഹത്തിന്റെ കടുത്ത എതിരാളികളായി. ജെ സി ട്രെവിന്‍ (J C Trevin), ജോണ്‍ റസ്സല്‍ ടേയ്‌ലര്‍ (John Russell Taylor), ജോണ്‍ ഓപ്പണ്‍ഹീമര്‍ (John Oppenheimer) തുടങ്ങിയവര്‍ ബോണ്ടിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍, അനേകം ലബ്‌ധപ്രതിഷ്‌ഠരായ നാടകപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു. ലോറന്‍സ് ഒളീവിയറേ (Lawrence Olivier)പ്പോലുള്ള മഹാനടന്മാരും, കെന്നത്ത് ടൈനാന്‍ (Kenneth Tynan), മാര്‍ട്ടിന്‍ എസ്ളിന്‍ (Martin Esslin), വില്യം ഗാസ്‌ക്കില്‍ (Wlliam Gaskill) തുടങ്ങിയ പ്രസിദ്ധ നാടകനിരൂപകരും ബോണ്ടിന്റെ നാടകങ്ങളെ അഭിനന്ദനപൂര്‍വം ആസ്വദിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തു. ‘ജനങ്ങളും നഗരങ്ങളും’ എന്ന കോണ്‍ഫറന്‍സിന്റെ ഭാഗമായി ‘ഉത്തര ദിക്കിലേക്കുള്ള ഒറ്റയടിപ്പാത’ (Narrow Road to Deep North) എന്ന നാടകം എഴുതാന്‍ കവന്റിയിലെ പള്ളി അധികാരികള്‍ നിരീശ്വരവാദിയായ ബോണ്ടിനെയാണ് ചുമതലപ്പെടുത്തിയതെന്നത് അദ്ദേഹത്തിന്റെ ധാര്‍മിക നിലപാടിനുള്ള അംഗീകാരമായിരുന്നു. പില്‍ക്കാലത്ത് ധാരാളം അവാര്‍ഡുകളും ബഹുമതികളും ബോണ്ടിനെ തേടിയെത്തി. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് പതിനൊന്നാംതരം പാസാകാന്‍ കഴിയാതിരുന്ന ബോണ്ടിന് 1977-ല്‍ യേല്‍ (Yale) സര്‍വകലാശാല ഓണററി ഡി.ലിറ്റ് നല്‍കിയത് നാടകരംഗത്തെ നേട്ടങ്ങളുടെ അംഗീകാരമായിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള രാഷ്‌ട്രീയ-സാംസ്‌ക്കാരിക പരിസരമാണ് ബോണ്ടിന്റെ നാടകചിന്തകളെ സ്വാധീനിച്ചത്. ശീതയുദ്ധം, ആസന്ന ആണവയുദ്ധ ഭീഷണി, ഫാഷിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ തകര്‍ച്ച, സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍, സോഷ്യലിസ്‌റ്റ് രാഷ്‌ട്രങ്ങളുടെ ഉദയം, അസംബന്ധവാദം, അസ്‌തിത്വചിന്ത എന്നവയോട് യൂറോപ്യന്‍ നാടകകൃത്തുക്കള്‍ വ്യത്യസ്‌തമായാണ് പ്രതികരിച്ചത്. മൌലിക ദാര്‍ശനികപ്രശ്‌നങ്ങളോടുള്ള ബ്രിട്ടീഷ് നാടകകൃത്തുക്കളുടെ സമീപനങ്ങള്‍ രണ്ടു പ്രധാന ദാര്‍ശനികനിലപാടുകളില്‍ കേന്ദ്രീകരിക്കുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവയിലൊന്ന് അസ്‌തിത്വവാദമാണ്. നാസ്‌തികവും ആസ്‌തികവുമായ അസ്‌തിത്വവാദത്തിലാണ് ആശയവാദികളായ നാടകകൃത്തുക്കള്‍ സ്വജീവിതദര്‍ശനത്തിന്റെ അടിത്തറ പാകിയത്. രണ്ടാമത്തേത്, ചരിത്രപരവും ദ്വന്ദാത്മകവുമായ ഭൌതികവാദം ദര്‍ശനമായി സ്വീകരിച്ച മാര്‍ക്‌സിസമാണ്. എഡ്വേര്‍ഡ് ബോണ്ടും സമകാലികരായ ട്രവര്‍ ഗ്രിഫിത്‌സ് (Trevor Griffiths) ഹൊവാര്‍ഡ് ബ്രെന്‍ടന്‍ (Howard Brenton) തുടങ്ങിയവരും മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെയും സൌന്ദര്യദര്‍ശനത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമായിരുന്നു.

രാഷ്‌ട്രീയ നാടകവീക്ഷണത്തിന്റെ പുതിയ മാര്‍ക്‌സിസ്‌റ്റുപാഠങ്ങള്‍ ബ്രിട്ടീഷ് നാടകകൃത്തുക്കള്‍ പഠിച്ചത് എര്‍വിന്‍ പിസ്‌കേറ്ററു (Erwin Piscator) ടെ രാഷ്‌ട്രീയനാടകവേദി (The Political Theatre) ഇംഗ്ളണ്ടില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷമാണ്. അമ്പതുകളിലെ ഇംഗ്ളീഷ് നാടകങ്ങളിലെ രാഷ്‌ട്രീയധ്വനിയുടെ ഉത്ഭവം പിസ്‌കേറ്റില്‍ നിന്നാണ്. എന്നാല്‍, പിസ്‌കേറ്ററുടെ ശിഷ്യനും അദ്ദേഹത്തേക്കാള്‍ പ്രഖ്യാത നാടകകൃത്തുമായ ബെര്‍തോള്‍ട് ബ്രഹ്റ്റും (Bertolt Brecht ) അദ്ദേഹത്തിന്റെ ‘ബര്‍ളിനേര്‍ എന്‍സെംബ്ളു’ (Berliner Ensemble) മാണ് യുവബ്രിട്ടീഷ് നാടകകൃത്തുക്കളെ ശക്തമായി സ്വാധീനിച്ചത്. ‘മദര്‍ കറേജ്’(Mother Courage) ‘‘ട്രംപ്പറ്റ് ആന്റ് ഡ്രംസ്’ (Trumpet and Drums) ‘കാക്കേസ്സിയന്‍ ചാക്ക് സര്‍ക്കിള്‍’ (Caucasian Chalk Circle) എന്നീ നാടകങ്ങളുമായി 1956 ല്‍ ബ്രിട്ടണില്‍ എത്തിയ ‘ബര്‍ലിനേര്‍ എന്‍സെംബ്ള്‍’ പ്രത്യയശാസ്‌ത്രപരമായ പ്രതിബദ്ധതയുടെ കലാസങ്കേതത്തില്‍ ചില പുതിയ പാഠങ്ങള്‍ ഇംഗ്ളീഷ് നാടകപ്രവര്‍ത്തകരെ പഠിപ്പിച്ചു. യുക്തിഭദ്രവും സമഗ്രവുമായ ഒരു രാഷ്‌ട്രീയദര്‍ശനം ഇല്ലാതിരുന്ന അവര്‍ പുതിയ ദാര്‍ശനിക വെളിച്ചത്തിന്റെ ഉത്സാഹത്തോടെ, വൈകാരികമായും ബൌദ്ധികവുമായും മാര്‍ക്‌സിസത്തോട് ശത്രുത പുലര്‍ത്തുന്നവര്‍ക്കെതിരെ ആശയപരമായ പോരാട്ടം തുടങ്ങി. മാര്‍ക്‌സിസത്തെ പ്രതിരോധിക്കുകയെന്ന അടിയന്തരകര്‍മം മാത്രമല്ല, തൊഴിലാളിവര്‍ഗത്തെ നിര്‍വീര്യമാക്കുന്ന മുതലാളിത്തത്തിന്റെ സാംസ്‌കാരികപരിപാടികളെ എതിര്‍ക്കുകയെന്ന ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. എഡ്വേര്‍ഡ് ബോണ്ടായിരുന്നു അവരില്‍ മുന്‍നിരക്കാരന്‍. അനേകം നാടകങ്ങളിലൂടെയും കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, ലാക്ഷണിക രചനകള്‍, റേഡിയോ നാടകങ്ങള്‍ എന്നിവയിലൂടെയും ബോണ്ട് ബ്രിട്ടീഷ് നാടകവേദിയെ ആധുനിക രാഷ്‌ട്രീയദര്‍ശനത്തിന്റെ നിര്‍വചനരൂപമാക്കിത്തീര്‍ത്തു. സ്വന്തം നാടകങ്ങള്‍ക്ക് അദ്ദേഹമെഴുതിയ ആമുഖ (Preface) ങ്ങളും പിന്‍മൊഴി (Postscript) കളും നാടകത്തിലെ ആശയങ്ങളുടെ ദാര്‍ശനിക സമര്‍ഥനങ്ങളാണ്. ഒരുപക്ഷേ, ബര്‍ണാഡ് ഷായ്‌ക്കുശേഷം, ആമുഖത്തിന് ബോണ്ടിന്റെയത്രയും പ്രാധാന്യം കൊടുത്ത മറ്റൊരു നാടകകൃത്തുമില്ല. ബോണ്ടിന്റെ നാടകങ്ങളുടെ അന്തര്‍ധാരയായ രാഷ്‌ട്രീയദര്‍ശനത്തെ ശക്തിപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ നാടകഗാനങ്ങളും, കവിതകളും, കഥകളും, ആമുഖങ്ങളും, പിന്‍കുറിപ്പുകളും മറ്റും. സമകാലിക നാടകകൃത്തുക്കളില്‍ സാങ്കേതികമായ മികവ് തീവ്രമായ അഭിലാഷമായി കൊണ്ടുനടക്കുന്നവരില്‍ എഡ്വേര്‍ഡ് ബോണ്ട് ഏറ്റവും മുമ്പിലാണ്.

ബോണ്ടിനെ സംബന്ധിച്ചിടത്തോളം പ്രത്യേക രൂപത്തിലുള്ള പ്രത്യയശാസ്‌ത്രപരമായ നിദേശ (Ideological Discourse) മാണ് ഓരോ നാടകവും. സാഹിത്യപരവും സാഹിത്യേതരവുമായ ചിഹ്നഘടനകള്‍ സൃഷ്‌ടിച്ചും വിന്യസിച്ചുമാണ് നാടകകൃത്ത് കലാപരമായ സംവേദനം നടത്തുന്നത്. നാടകരചയിതാവും, നാടകപഠിതാവും (പ്രേക്ഷകന്‍/വായനക്കാരന്‍) പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും മുക്തരല്ല. നാടകം സംഭവിക്കുന്നത്, മറ്റേതു കലാരൂപവുമെന്നപോലെ, അനേകം പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സമ്മേളനവേദിയായ സമൂഹത്തിലാണ്. ഈ സാഹചര്യത്തില്‍, നാടകം സംവേദനം ചെയ്യുന്ന പ്രത്യയയശാസ്‌ത്രപരമായ സന്ദേശം നിര്‍ണയിക്കപ്പെടുന്നത് നാടകപാഠത്തിന്റെ ചിഹ്നവിന്യാസക്രമവും പ്രേക്ഷകന്റെ ചിഹ്നസംവേദനശേഷിയും തമ്മിലുള്ള ദ്വന്ദാത്മകബന്ധത്തിലൂടെയാണ്.

സവിശേഷമായ പ്രഭാഷണതന്ത്ര ( Rhetorical Strategies )ങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടാണ് ബോണ്ട് സ്വന്തം പ്രത്യയശാസ്‌ത്രതാല്‍പര്യങ്ങള്‍ സംവേദനം ചെയ്യുന്നത്. ലേഖീയ (Writable)പാഠത്തിന് നിശ്ചിതാര്‍ഥമില്ലെന്നും, വ്യാഖ്യാനം അനന്തമാണെന്നും, ഓരോ വായനയിലും ഗ്രന്ഥകര്‍ത്താവിന്റെ മരണം (The Death of the Author) സംഭവിക്കുന്നുവെന്നുമുള്ള പോസ്‌റ്റ്-സ്ട്രക്ചറല്‍ സൈദ്ധാന്തിക നിലപാടുകളെ വെല്ലുവിളിക്കുന്നവയാണ് ബോണ്ടിന്റെ രചനകള്‍. റൊളാങ് ബാര്‍തി(Roland Barthes) നെ പിന്തുടര്‍ന്ന്, ആഡ്രിയന്‍ പേജ് (Adrian Page) നാടകകൃത്തിന്റെ മരണം (The Death of the Playwright) പ്രഖ്യാപിച്ചെങ്കിലും, വഴിയടയ്‌ക്കുന്ന മതില്‍കെട്ടുകള്‍ പൊളിക്കുന്ന മിഖായേല്‍ ബാക്തി (Mikail Bakthin) ന്റെ സിദ്ധാന്തങ്ങള്‍ ബോണ്ടിനെ ആസ്വദിക്കാനും അറിയാനും സഹായിക്കുന്നു. എഴുത്തുകാരനും വായനക്കാരനും (നാടകകൃത്തും പ്രേക്ഷകനും) തമ്മില്‍ അര്‍ഥോല്പാദനത്തില്‍ ഉണ്ടെന്ന് ഘടനവാദികളും (Structuralists) അപനിര്‍മാണവാദികളും (Deconstructionists) പറയുന്ന ഭിന്നത (dichotomy) തികച്ചും ദ്വന്ദാത്മകമായാണ് ബാക്തിന്‍ പരിഹരിക്കുന്നത്. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ വായനയിലൂടെ ഉടലെടുക്കുന്ന ബന്ധത്തില്‍ ‘ഞാനോ’ ‘നീയോ’ ഇല്ല ‘നമ്മള്‍’ മാത്രമേയുള്ളു. ദ്വന്ദാത്മകമായ സമന്വയത്തിന്റെ തലത്തില്‍ എഴുത്തുകാരനും വായനക്കാരനും ഒന്നായിച്ചേരുമ്പോഴാണ് - ഒന്നുമൊന്നും ചേര്‍ന്ന് വലിയ ഒരു ഒന്നാകുമ്പോഴാണ് - നമ്മളാകുമ്പോഴാണ്- അര്‍ഥോല്പത്തി സംഭവിക്കുന്നത്. നിത്യജീവിതമെന്ന സാമൂഹ്യനാടകത്തിന്റെ ഉല്പന്നവും ഭാഗവുമാണ് ഭാഷയെന്നറിയുന്ന ബോണ്ട് സാഹിത്യപരവും സാഹിത്യേതരവുമായ നിരവധി സങ്കേതങ്ങളും സൂചകങ്ങളുമുപയോഗിച്ചാണ് നാടകഭാഷ സൃഷ്‌ടിക്കുന്നത്. പീറ്റര്‍ ബൊഗാറ്റ്യറേവ് (Peter Bogatyrev) പറഞ്ഞതുപോലെ, ‘നാടകത്തെ സംബന്ധിച്ചിടത്തോളം രംഗവേദിയിലുള്ളതെല്ലാം ചിഹ്നങ്ങളാണ്.’ എല്ലാ രംഗോപകരണങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും നാടകസ്‌റ്റേജിലെത്തുമ്പോള്‍, അവയുടെ കേവലാവസ്ഥ നഷ്‌ടപ്പെടുകയും, അവയെല്ലാം സൂചകങ്ങളായി പരസ്‌പരബന്ധം നേടുകയും, അര്‍ഥവ്യഞ്ജകമാകുകയും ചെയ്യുന്നു. നാടകസാഹിത്യത്തിലെ ചിഹ്നങ്ങളുമായി അവയ്‌ക്ക് സൂചകസമാനത (Semiotic Equivalence) ലഭിക്കുകയും, അവ നാടകത്തിന്റെ ചിഹ്നസമഗ്രതയുടെ ഭാഗമായി തീരുകയും ചെയ്യുന്നു. ഈ ചിഹ്നങ്ങളിലെല്ലാം ബാക്തിന്‍ പറഞ്ഞതുപോലെ പ്രത്യയശാസ്‌ത്രത്തിന്റെ സാന്നിധ്യമുണ്ട് (Wherever a sign is present, ideology is present too). മരിക്കാന്‍ വിസമ്മതിക്കുന്ന കര്‍തൃപ്രത്യയശാസ്‌ത്രത്തി (Authorial Ideology) ലൂടെ ബോണ്ട് സ്വന്തം നാടകചിഹ്നഘടനയിലെ ചൂടും വെളിച്ചവുമായി നിലകൊള്ളുന്നു.

രാഷ്‌ട്രീയനാടകത്തിന്റെ പ്രയോക്താവായതിനാല്‍, പ്രത്യയശാസ്‌ത്രപരമായ പരിഗണനകള്‍ ബോണ്ടിന്റെ നാടകങ്ങളിലെ ഭാഷാപരവും (Verbal) ഭാഷേതര (Non - verbal)വുമായ ചിഹ്നങ്ങളെ ആന്തരികമായി രൂപപ്പെടുത്തുന്നു. നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക പ്രക്രിയകളെ ശാശ്വതീകരിക്കാന്‍ കപടബോധം സൃഷ്‌ടിക്കുന്നതാണ് മുതലാളിത്ത പ്രത്യയശാസ്‌ത്രങ്ങള്‍, അവയെ നിര്‍ഭയം വിമര്‍ശനവിധേയമാക്കി ശരിയായ ബോധവും സൈദ്ധാന്തികനിലപാടും ഉല്പാദിപ്പിക്കുകയും, അവയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കുകയുമാണ് അദ്ദേഹത്തിന്റെ നാടകകലയുടെ ലക്ഷ്യം. ഉപരിപ്ളവതയോ ലളിതവല്‍ക്കരണമോ അദ്ദേഹത്തിന്റെ രീതിയല്ല. ചരിത്രപരവും ദ്വന്ദാത്മകവുമായ ഭൌതികവാദത്തിന്റെ സത്ത അദ്ദേഹത്തിന്റെ ഓരോ നാടകത്തിനും അര്‍ഥപുഷ്‌ടി നല്‍കുന്നു.

പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുടെ സമര്‍ഥനത്തിനനുയോജ്യമായ തന്ത്രങ്ങള്‍ നാടകത്തിന്റെ സൂക്ഷ്മഘടനയിലും സ്ഥൂലഘടനയിലും ബോണ്ട് സ്വീകരിക്കുന്നു. സൂക്ഷ്മതലത്തില്‍വാചിക(Verbal) വും ദൃശ്യവു (Visual) മായ ഇമേജുകളിലൂടെയാണ് ഇത് ചെയ്യുന്നത്. ശ്രദ്ധേയമാം വിധം മൌലികവും, സ്‌തോഭജനകമാം വിധം സ്ഫോടകവുമാണ് ബോണ്ടിന്റെ ഇമേജുകള്‍. വാക്കുകളിലൂടെ ചിത്രങ്ങള്‍ രചിക്കാനും, ദൃശ്യങ്ങളിലൂടെ ധ്വനിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമാണ്. ബോണ്ടിന്റെ ശബ്ദചിത്രങ്ങളിലും ദൃശ്യസൂചകങ്ങളിലും ബലപ്രയോഗ (Violence) ത്തിന്റെ ശക്തമായ ധ്വനിയുണ്ട്. എല്ലാ ബലപ്രയോഗവും അക്രമവും സാമൂഹ്യസാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്നാണ് ബോണ്ടിന്റെ പക്ഷം. ശിശുക്കള്‍ നിഷ്ക്കളങ്കരായി ജനിക്കുന്നുവെങ്കിലും, സമൂഹം അവരെ ക്രൂരരും സ്വാര്‍ഥരുമായി മാറ്റുന്നു. ലിയര്‍ (Lear) നാടകത്തിലെ ദുഷ്‌ടരും ക്രൂരരുമായ പെണ്‍മക്കളുടെ പോസ്‌റ്റുമോര്‍ട്ടം നടക്കുമ്പോള്‍, അവരുടെ ആന്തരാവയവങ്ങള്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട് പിതാവായ ലിയര്‍ രാജാവ്. എന്നാല്‍ അവയുടെ നിഷ്കളങ്കത കണ്ട്, എങ്ങനെയിവര്‍ സ്വാര്‍ഥരും ക്രൂരരുമായിയെന്ന് അത്ഭുതപ്പെടുന്ന ലിയര്‍ സാമൂഹ്യസാഹചര്യത്തിന്റെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഒരിടത്തും മനുഷ്യര്‍ നൈസര്‍ഗികമായി അക്രമപ്രവണത കാണിക്കുന്നില്ല, സമൂഹം അവരുടെ മനസ്സില്‍ ക്രൂരതയുടെ പാഠങ്ങള്‍ എഴുതിപ്പിടിക്കുകയാണ് ചെയ്യുന്നത്. ശിശുഹത്യ, നരമാംസഭോജനം, ശാരീരികപീഡനം, സയാമീസ് ഇരട്ടകള്‍, ഹരാകിരി, മത്സരപ്പോരാട്ടം തുടങ്ങിയ ദൃശ്യഇമേജുകളിലൂടെ ബോണ്ട് രോഗാതുരമായ മുതലാളിത്ത വ്യവസ്ഥയുടെ യഥാര്‍ഥചിത്രം ആവിഷ്ക്കരിക്കുന്നു.

ബോണ്ട് ദൃശ്യബിംബങ്ങളിലൂടെ നടത്തുന്ന പ്രശ്‌നനിര്‍വചനങ്ങള്‍ വ്യക്തവും ശക്തവുമാണ്. നാടകങ്ങളുടെ സാഹിത്യഭാഷയുമായി അവ അഭേദ്യമാം വിധം ഇണങ്ങിപ്പോകുന്നു. ബോണ്ടിന്റെ നാടകഭാഷ പ്രകൃതിദൃശ്യങ്ങളെ ധാരാളമായി ആശ്രയിക്കുന്നവയാണ്. കടലും, കാറ്റും, വനവും, വാനവും, മഴയും, പുഴയും, മലയും, മാനും, പറവകളും, മൃഗങ്ങളും നിറഞ്ഞ ലോകത്തിലാണ് ബോണ്ടിന്റെ കഥാപാത്രങ്ങള്‍ പ്രശ്‌നനിര്‍ധാരണം നടത്തുന്നത്. സവിശേഷവും സന്ദര്‍ഭാനുസാരിയുമായ ഭാഷാപ്രയോഗത്തിലൂടെ അദ്ദേഹം സാമൂഹികമായ അതാര്യത തകര്‍ക്കുകയും, പ്രേക്ഷകരുമായി സംവേദനം നടത്തുകയും ചെയ്യുന്നു.

നാടകങ്ങളുടെ സ്ഥൂലഘടനയുടെ കാര്യത്തിലും ബോണ്ടിനോളം വിപ്ളവകരമായ പരീക്ഷണങ്ങള്‍ നടത്തിയ ആധുനികനാടകകൃത്തുക്കള്‍ കുറവാണ്. ഭ്രമകല്പന (Fantasy) പ്രഹസനം (Farce) ഹാസ്യാനുകരണം (Parody), ലാക്ഷണിക (Allegorical) നാടകം എന്നീ സങ്കേതങ്ങള്‍ അദ്ദേഹം സമര്‍ഥമായി പ്രയോഗിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ബോണ്ടിന്റെ ഉദ്ദേശ്യം യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നേരറിവ് കലാപരമായി സംവദിക്കുകയാണ്. അതിനുവേണ്ടി അദ്ദേഹം വ്യത്യസ്‌തസങ്കേതങ്ങള്‍ അവലംബിക്കുകയും, പലപ്പോഴും സങ്കേതങ്ങളുടെ സമ്മിശ്രണം നടത്തുകയും ചെയ്യുന്നു. നാടകപാഠത്തിനുള്ളില്‍ ഇതു സൃഷ്‌ടിക്കുന്ന ആന്തരികസംഘര്‍ഷം പ്രേക്ഷകശ്രദ്ധയെ സവിശേഷമായി ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്. ഭ്രമകല്പനയും പ്രഹസനവും കൂടിച്ചേരുന്ന ‘അതിരാവിലെ’ (Early Morning) എന്ന നാടകം സര്‍റിയലിസ്‌റ്റിക് (surrealistic)അന്തരീക്ഷസൃഷ്‌ടിയിലൂടെ വിക്‌ടോറിയന്‍ മുതലാളിത്തത്തെ നിര്‍ദയം വിമര്‍ശനവിധേയമാക്കുന്നു. ‘സ്‌ത്രീ’ (The Woman), ‘യുദ്ധനാടകങ്ങള്‍’ (The War Plays) ‘ഊഞ്ഞാല്‍’ (The Swing), പാറ (Stone) എന്നിവയില്‍ ഫാന്റസി, പ്രഹസനം, ഹാസ്യാനുകരണം, അലിഗറി എന്നിവ കൂട്ടിക്കലര്‍ത്തി ബോണ്ട് കൃതഹസ്‌തനാകുന്നു. ‘രക്ഷപ്പെട്ടവര്‍’ (Saved) ‘പോപ്പിന്റെ കല്യാണം’ (Pope's Wedding) എന്നീ ആദ്യകാല റിയലിസ്‌റ്റിക് നാടകങ്ങളില്‍ തുടങ്ങിയ നൂതനസങ്കേതങ്ങള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര യുദ്ധനാടകങ്ങളി (The War Plays) ലെത്തുമ്പോള്‍ ലാക്ഷണിക സ്വഭാവമാര്‍ജിക്കുകയും, ഭാവിയുടെ ചരിത്രമായി പ്രവചനസ്വഭാവം കൈവരിക്കുകയും ചെയ്യുന്നു.

തികഞ്ഞ ശുഭാപ്‌തിവിശ്വാസം നിറഞ്ഞതാണ് ബോണ്ടിന്റെ ജീവിതദര്‍ശനം. ജീവിതത്തെത്തന്നെ അദ്ദേഹം വിശ്വസിക്കുന്നു. അല്പംപോലും ചാഞ്ചല്യം അക്കാര്യത്തില്‍ അദ്ദേഹത്തിനില്ല. പരാജയം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, അനുഭവങ്ങളിലൂടെ ഒട്ടേറെ നമുക്ക് പഠിക്കാന്‍ കഴിയും. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ശൂന്യതാവാദം (Nihilism), അസംബന്ധനാടകവേദി(Absurd Theatre)യിലൂടെ ദാര്‍ശനികമായ അന്ധകാരം പ്രസരിപ്പിച്ചപ്പോള്‍, യുക്തിബോധത്തിന്റെ നാടകവേദി (Rational Theatre) തെളിച്ചുകൊണ്ടാണ് ബോണ്ട് പ്രതിരോധം നടത്തിയത്. അര്‍ഥശങ്കയില്ലാതെ അസംബന്ധനാടകക്കാരോട് അദ്ദേഹം പറഞ്ഞു: "ലോകം അസംബന്ധമല്ല; അത് യുക്തിസഹമാണ്. കാരണം, അതില്‍ മനുഷ്യരുണ്ട്. എന്റെ എല്ലാ നാടകങ്ങളുടേയും കേന്ദ്രആശയവും അതാണ്. " (The world isn’t absurd, it is rational because there are men in it. That is the main point of all my plays.) അദ്ദേഹം ആവര്‍ത്തിച്ചു: "ലോകം അസംബന്ധമല്ല; ആത്യന്തികമായി മനുഷ്യന് ബോധവാനാവാനും യുക്തിയുള്ളവനാവാനും ഉള്ള ഇടമാണത്. "(The world is not absurd, it is finally a place for man to be sane in).

ധാര്‍മിക കര്‍മങ്ങളിലൂടെ സ്വാതന്ത്ര്യം നേടുന്നതിലാണ് ബോണ്ടിന്റെ വിശ്വാസം. ധാര്‍മിക കര്‍മം (Moral Action) എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് മനുഷ്യര്‍ മറ്റുള്ളവരോട് ഉത്തരവാദിത്തം ഉള്ളവരാകുകയെന്നാണ്. ‘ഞാനെന്റെ സഹോദരന്റെ സംരക്ഷകനോ?’ എന്ന ചോദ്യത്തിന് ‘അതെ’യെന്നാണ് ബോണ്ടിന്റെ എപ്പോഴുമുള്ള ഉത്തരം. ആ സഹോദരന്‍ നിങ്ങളുടെ മാതാവിന്റെ പുത്രനാകണമെന്നില്ല; മനുഷ്യനായാല്‍ മതി. മനുഷ്യനായിരിക്കുകയെന്നതാണ് പരമപ്രധാനം. മനുഷ്യന്റെ യുക്തിചിന്തയുടേയും സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെയും ഉയര്‍ന്ന ഘട്ടത്തിലാണ് സോഷ്യലിസ്‌റ്റ് ധാര്‍മികബോധം സൃഷ്‌ടിക്കപ്പെടുക. ചരിത്രപരമായി മനുഷ്യന് ഈ പ്രത്യയശാസ്‌ത്രനിലപാടിലേക്ക് പരിണമിക്കാനാകുമെന്ന് ബോണ്ട് ഭാവനാപരമായി ഓരോ നാടകത്തിലും സമര്‍ഥിക്കുന്നു.

കലകളില്‍ വെച്ചേറ്റവും കൂടുതല്‍ പ്രതിബദ്ധതയുള്ളത് തീയേറ്ററിനാണെന്നാണ് ബോണ്ടിന്റെ നിലപാട്. പല എഴുത്തുകാര്‍ക്കും സാമൂഹ്യബന്ധമുണ്ടാകാമെങ്കിലും, സാമൂഹ്യപ്രതിബദ്ധത ഒരു സൌന്ദര്യശാസ്‌ത്രപ്രശ്‌നമോ, ദാര്‍ശനികപ്രശ്‌നമോ ആയി പരിഗണിക്കുന്നത് കലാസൃഷ്‌ടികളുടെ സാമൂഹ്യധര്‍മം ബോധപൂര്‍വം തെരഞ്ഞെടുക്കുന്ന എഴുത്തുകാര്‍ മാത്രമാണ്. സ്വാതന്ത്ര്യമെന്ന ആശയവുമായി എഴുത്ത് എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. എഴുത്തിന്റെ മേഖലയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് (Choice) സ്വാതന്ത്ര്യത്തിന്റെ തെരഞ്ഞെടുപ്പു കൂടിയാകുമ്പോള്‍, അത് രാഷ്‌ട്രീയമായ തെരഞ്ഞെടുപ്പുമാണ്. സാത്രിയന്‍ അര്‍ഥത്തില്‍ അസ്‌തിത്വപരമായ തെരഞ്ഞെടുപ്പ് (Existential choice) നടത്തിയാണ് ബോണ്ട് സ്വന്തം രാഷ്‌ട്രീയ പ്രതിബദ്ധതയില്‍ എത്തിയിട്ടുള്ളത്. ‘ഉത്തരദിക്കിലേക്കുള്ള ഒറ്റയടിപ്പാത’(Narrow Road Deep North) ‘പൊതിക്കെട്ട് ’(The Bundle), ‘വിഡ്ഢി’ (The Fool) ‘ചൂതാട്ടം’, (Bingo) എന്നീ നാടകങ്ങളില്‍ കവിയും രാഷ്‌ട്രീയയവും തമ്മിലുള്ള ബന്ധം ബോണ്ട് ചര്‍ച്ച ചെയ്യുന്നു. ഈ നാടകങ്ങളിലെ കവികഥാപാത്രങ്ങളിലൂടെ എഴുത്ത് കേവലമായ പ്രചോദനത്തിന്റെ ഫലമല്ലെന്ന് സമര്‍ഥിക്കാനാണ് ബോണ്ട് ശ്രമിക്കുന്നത്. തികച്ചും ഭൌതികവും ദ്വന്ദാത്മകവുമായ പ്രക്രിയയാണ് എഴുത്ത്. ഓരോ കവിയും കലാകാരനും സമൂഹത്തോട് ഉത്തരവാദപ്പെട്ടവനുമാണ്. ‘ചൂതാട്ട’ (Bingo)ത്തില്‍ ബോണ്ടിനുവേണ്ടി ഷേക്‌സിപയര്‍ സാക്ഷ്യപ്പെടുത്തുന്നു: "ഓരോ എഴുത്തുകാരനും എഴുതുന്നത് മറ്റുള്ളവരുടെ രക്തത്തിലാണ്. നിസ്സാരമായതും യഥാര്‍ഥമായതും. എഴുതാന്‍ മറ്റൊന്നുമില്ല. എന്നാല്‍ ഒരു ദൈവത്തിനോ ചെകുത്താനോ മാത്രമേ മറ്റുള്ളവരുടെ രക്തത്തില്‍ എഴുതുകയും, അതെന്തുകൊണ്ട് ചിന്തപ്പെട്ടുവെന്നും, അതിന്റെ മൂല്യമെന്തെന്നും, ചോദിക്കാതിരിക്കുകയും ചെയ്യാന്‍ കഴിയുകയുള്ളു. " (Every writer writes in other men’s blood. The trivial and the real. There is nothing else to write in. But only a god or devil can write in other men’s blood and not ask why they split and what cost it).

ബോണ്ടിന്റെ നാടകങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഏകതാനമായ പ്രദര്‍ശനങ്ങളല്ല, സാമൂഹ്യമനഃശാസ്‌ത്രപക്രിയകളുടെ ലക്ഷ്യബോധമുള്ള ഉച്ചരിതങ്ങളാണ്. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികവും പ്രത്യയശാസ്‌ത്രപരവുമായ പ്രക്രിയകളെക്കുറിച്ച് നാടകസങ്കേതങ്ങളിലൂടെ സമൂഹത്തോടുതന്നെ അദ്ദേഹം സംവദിക്കുന്നു. സ്വയം വിമര്‍ശനത്തിനു നിര്‍ബന്ധിക്കുന്നവയാണ് ആ സങ്കേതങ്ങള്‍. സമൂഹത്തെ സംബന്ധിച്ച വസ്‌തുനിഷ്‌ഠമായ അറിവ് ഉല്‍പ്പാദിപ്പിച്ചുകൊണ്ട് സാമൂഹ്യപരിവര്‍ത്തനത്തിന് അനിവാര്യമായ മാനവശാക്തീകരണം അവ നിര്‍വഹിക്കുന്നു. ക്ളാസിക്കുകള്‍ പുനര്‍വായിച്ചും (‘ലിയര്‍’, ‘സ്‌ത്രീ’), ജീവചരിത്രങ്ങള്‍ സാധാരണീകരിച്ചും (‘അതിരാവിലെ’, ‘ബിംഗോ’, ‘വിഡ്ഢി’), മതത്തിന്റെയും സാഹിത്യത്തിന്റെയും വിശുദ്ധസിദ്ധാന്ത (‘പൊതിക്കെട്ട്,’ ‘ഉത്തരദിക്കിലേക്കുള്ള ഒറ്റയടിപ്പാത’, ‘ഊഞ്ഞാല്‍’) ങ്ങളിലെ കാപട്യങ്ങള്‍ തുറന്നു കാട്ടിയും, ബോണ്ട് സമൂഹത്തിന്റെ ശ്രദ്ധയെ സമൂഹത്തിലേക്കുതന്നെ സവിശേഷമായി ക്ഷണിക്കുന്നു.

എല്ലാ നിദേശങ്ങളും (Discourses) വ്യക്തികളും വ്യക്തികളും തമ്മിലുള്ളതോ വ്യക്തിയും സമൂഹവും തമ്മിലുള്ളതോ ആയ സംവേദനമാധ്യമങ്ങളാണ്. എല്ലാ മാധ്യമങ്ങളേയും പോലെ, ബോണ്ടി ന്റെ നാടകനിദേശങ്ങ (Dramatic Discourses) ളും പ്രത്യയശാസ്‌ത്രതന്ത്രങ്ങള്‍ (Rhetrorical Strategies) കൊണ്ട് രൂപപ്പെട്ടവയാണ്. മര്‍ദക മുതലാളിത്തപ്രത്യയശാസ്‌ത്രത്തില്‍ നിന്ന് സ്വയം വിമര്‍ശനത്തിലൂടെ സോഷ്യലിസ്‌റ്റ് പ്രത്യയശാസ്‌തത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഏതൊരു വ്യക്തിക്കും സ്വയം പരിവര്‍ത്തിതനാകാന്‍ സാധിക്കുമെന്ന് ബോണ്ട് കരുതുന്നു. ഭരണകൂടവ്യവസ്ഥയുടെ ആധിപത്യത്തിനുള്ള ഉപകരണമായ പ്രത്യയശാസ്‌ത്രത്തിന്റെ സ്വാധീനത്തില്‍നിന്നും വിമര്‍ശനം സ്വയംവിമര്‍ശനം എന്നിവയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാമൂഹികമായ അറിവിലൂടെ മോചനം- ബോണ്ടിന്റെ നാടകവേദിയുടെ രാഷ്‌ട്രീയലക്ഷ്യം ഇതാണ്.

മാനവധാര്‍മികബോധത്തിന്റെ പരകാഷ്‌ഠ ബോണ്ടിനെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുവും ബുദ്ധനുമാണ്. അനേകമനേകം കുരിശുകളിലൂടെ മനുഷ്യസമൂഹം സോഷ്യലിസ്‌റ്റ് ധാര്‍മികബോധത്തിന്റെ ബുദ്ധത്വത്തിലേക്ക് പരിണമിക്കുന്നതായി ബോണ്ട് കണ്ടെത്തുന്നു. ‘രക്ഷപ്പെട്ടവര്‍’ (Saved) ‘പോപ്പിന്റെ കല്യാ ണം’ (Pope’s Wedding) എന്നീ നാടകങ്ങളിലെ യാഥാര്‍ഥ്യത്തിന്റെ ലോകത്തില്‍ നിന്നും, ‘പൊതിക്കെട്ടി’ (The Bundle) ലെ വാങ്ങ് (Wang), ‘സ്‌ത്രീ ’(The Woman) യിലെ കറുത്ത മനുഷ്യന്‍ (Dark Man) എന്നീ കഥാപാത്രങ്ങളിലൂടെ ബോണ്ട് മഹത്തായ സമാധാന (Great Peace) ത്തിന്റെ ഭാവിയിലേക്ക് കടന്നു കയറുന്നു. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കുന്ന ഭാവിയില്‍, ആണവമഹായുദ്ധത്തെ അതിജീവിക്കുന്നവര്‍ ദുരന്താവശിഷ്‌ടങ്ങളില്‍ സ്നേഹമന്ത്രം ഉരുവിട്ടുകൊണ്ട് പുനര്‍നിര്‍മാണത്തിന്റെ ഇഷ്‌ടികയും ചുണ്ണാമ്പും കണ്ടെത്തുന്നു. ഓരോ നാടകത്തിലൂടെയും സ്വന്തം പ്രത്യയശാസ്‌ത്ര ധാരണകള്‍ക്ക് നവംനവങ്ങളായ ഭാഷ്യങ്ങള്‍ ചമയ്‌ക്കുവാനുള്ള സാമര്‍ഥ്യം ബോണ്ട് തെളിയിക്കുന്നു. പരിചിതരീതികള്‍ ഉപേക്ഷിച്ചും, സാങ്കേതിക പുതുമ കൈവരിച്ചും, വൈകാരിക സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചും, ബൌദ്ധികമായ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും ഉന്നതതലത്തിലേക്ക് ബോണ്ട് പ്രേക്ഷകരെ ഉയര്‍ത്തുന്നു.


*****

ഡോ. കെ പി കൃഷ്ണന്‍കുട്ടി, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രശസ്‌ത ഇംഗ്ളീഷ് നാടകകൃത്തായ എഡ്വേര്‍ഡ് ബോണ്ടിന്റെ (Edward Bond) രചനകളിലാണ് പ്രത്യയശാസ്‌ത്രപ്രതിബദ്ധതയുടെ നാടകവേദി (തിയേറ്റര്‍) ഏറ്റവും ആധുനിക രൂപമാര്‍ജിക്കുന്നത്. പ്രമേയങ്ങളുടെ സാമൂഹികത, രചനാസങ്കേതങ്ങളിലെ മൌലികത, ദാര്‍ശനിക സമഗ്രത എന്നിവ ബോണ്ടിനെ ഇതര നാടകകൃത്തുക്കളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നു. മനുഷ്യസമൂഹത്തിന്റെ ധാര്‍മികവും രാഷ്‌ട്രീയവുമായ പരിണാമത്തിനായി നടത്തുന്ന സാംസ്‌ക്കാരിക സമരങ്ങളുടെ ഭാഗമാണ് അദ്ദേഹത്തിന് നാടകങ്ങള്‍. 'സുപ്രധാന വിഷയങ്ങളാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത് ' എന്നാണ് ബോണ്ട് സ്വയം നിരീക്ഷിച്ചിട്ടുള്ളത്. മതം, വിപ്ളവം എന്നിവയുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിസ്ഥാനങ്ങള്‍, മുതലാളിത്ത മൂല്യധാരണകളും സദാചാരവും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ആണവയുദ്ധത്തിന്റെ സാധ്യതകള്‍ സൃഷ്‌ടിക്കുന്ന വിഹ്വലതകള്‍, ശിശുക്കളുടെ സ്വാഭാവികവും സന്തുലിതവുമായ വളര്‍ച്ചയ്‌ക്ക് അനുകൂലമല്ലാത്ത സാമൂഹ്യസാഹചര്യങ്ങള്‍ തുടങ്ങിയ സുപ്രധാന പ്രമേയങ്ങള്‍ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയോടുകൂടിയ നാടകപ്രവര്‍ത്തനം ബോണ്ട് നിര്‍വഹിക്കുന്നു.