Sunday, December 19, 2010

പത്മവ്യൂഹത്തിലെ അഭിമന്യു

ലോകയുദ്ധങ്ങളും വ്യവസായവിപ്ളവവും മാറിമറിഞ്ഞ മറ്റു ഭൌതികസാഹചര്യങ്ങളും യൂറോപ്യന്‍ ചിന്താമണ്ഡലത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. ഇതിന്റെ പശ്ചാത്തലമായാണ് വ്യക്തിയുടെ നിലനില്‍പിനെ മുന്‍നിറുത്തിയുള്ള ആകുലതകള്‍ നിറഞ്ഞ മൌലികചിന്തകളും പുതിയ സാഹിത്യദര്‍ശനങ്ങളും രൂപംകൊണ്ടത്. സ്വാന്ത്ര്യാനന്തര ഭാരതത്തില്‍ ഉടലെടുത്ത വ്യാപകമായ അസംതൃപ്‌തി, നിരാശ, തൊഴിലില്ലായ്‌മ, വന്‍നഗരങ്ങളിലേക്കുള്ള ചെക്കേറല്‍, തുടര്‍ന്നുള്ള ഏകാന്തത ഇങ്ങനെ നിരവധി സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ യുവത്വത്തെയും അലട്ടുന്നുണ്ടായിരുന്നു. പടിഞ്ഞാറന്‍ സാഹിത്യദര്‍ശനങ്ങള്‍ക്ക് ഭാരതവും വിശേഷിച്ച് കേരളവും വളക്കൂറുള്ള മണ്ണായി മാറുന്നതങ്ങനെയാണ്. കാക്കനാടനും എം. മുകുന്ദനും ഒ.വി. വിജയനുമെല്ലാം തങ്ങളുടെ ഉല്‍കൃഷ്‌ടരചനകളുമായി നമ്മുടെ സാഹിത്യത്തെ സമ്പന്നമാക്കുന്നതും ഇക്കാലത്താണ്. കാക്കനാടന്റെ ഉഷ്‌ണമേഖല, പറങ്കിമല, സാക്ഷി, വസൂരി, അടിയറവ്, ഒറോത, അഭിമന്യു തുടങ്ങിയ കൃതികളെ മലയാളികള്‍ എന്നും ഹൃദ്യമായ അനുഭവങ്ങളായി സ്വീകരിച്ചിരുന്നു.

ആധുനികസാഹിത്യദര്‍ശനത്തിന്റെ ചൂടില്‍ വിരിയിച്ചെടുത്ത കാക്കനാടന്റെ ശ്രദ്ധേയരചനകളില്‍ ഒന്നാണ് അഭിമന്യു. മഹാഭാരത്തിലെ അവിസ്‌മരണീയ കഥാപാത്രമായ അഭിമന്യുവിനെ ഇന്ത്യന്‍ യുവത്വത്തിന്റെ പരിഛേദമാക്കിത്തീര്‍ക്കാനാണ് കാക്കനാടന്‍ ശ്രമിക്കുന്നത്. പത്മവ്യൂഹത്തിനുള്ളില്‍ യുവത്വത്തിന്റെ നെഞ്ഞൂക്കോടെ താനകപ്പെട്ട പ്രതിസന്ധികളെ സധൈര്യം നേരിട്ട് വീരമരണം വരിച്ച അര്‍ജുനപുത്രനാണ് അഭിമന്യു. 'അഭിമന്യു' എന്ന ഈ കൃതിയിലൂടെ, കാക്കനാടന്‍ സമകാല ജീവിതപശ്ചാത്തലത്തില്‍, ആ ഇതിഹാസപാത്രത്തിന്റെ പുനരവതാരമാണ് നിര്‍വഹിക്കുന്നത്.

വളരെക്കുറച്ച് കഥാപാത്രങ്ങളേ നോവലിലുള്ളൂ. ഉണ്ണി എന്ന കഥാപാത്രമാകട്ടെ വായനക്കാരന്റെ മനസ്സില്‍ വിട്ടുമാറാത്ത അസ്വസ്ഥതകളുടെ കനലുകള്‍ അവശേഷിപ്പിക്കുന്നു. ലൌകികജീവിതത്തിലെ മൃദുലഭാവങ്ങളോട് ഇയാള്‍ പുലര്‍ത്തുന്ന അഭിവാഞ്ഛ ഹൃദ്യമാണ്. താനകപ്പെട്ട പ്രതിബന്ധങ്ങളുടെ ശക്തി തിരിച്ചറിയുമ്പോഴും ഉണ്ണി മനഃസ്‌ഥൈര്യം കൈവിടുന്നില്ല. അറിഞ്ഞുകൊണ്ട് മരണത്തെ പുല്‍കുമ്പോള്‍, അയാള്‍ യഥാര്‍ഥത്തില്‍ ചെയ്‌തത് പ്രതിബന്ധങ്ങളേയും പ്രതിയോഗികളേയും പരാജയപ്പെടുത്തുക തന്നെയായിരുന്നു. കാക്കനാടന്റെ ഇതര രചനകളില്‍ തെളിയുന്ന ദാര്‍ശനികസൌന്ദര്യം അഭിമന്യുവിലും പ്രതിഫലിക്കുന്നുണ്ട്.

ഉണ്ണിയെന്ന കഥാപാത്രാവിഷ്‌കരണത്തിന്റെ സവിശേഷതകള്‍ പരിശോധിക്കുന്നത് കാക്കനാടന്‍ ഈ നോവലില്‍ പ്രകടിപ്പിച്ചിരിക്കുന്ന രചനാതന്ത്രവും ദാര്‍ശനികമാനവും മനസ്സിലാക്കുന്നതിന് സഹായകരമാകും. അമ്മാവനോടൊപ്പം മലമടക്കിലാണ് ഉണ്ണിയുടെ താമസം. തന്റെ ജനനം, അച്ഛനമ്മമാര്‍ - ഇവയെക്കുറിച്ചൊന്നും അവന് അറിയില്ല. അമ്മാവന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിക്കഴിയുന്ന അവന്റെ ഏക ആശ്വാസം പ്രകൃതിഭംഗികള്‍ ആസ്വദിച്ച് സ്‌കൂളില്‍ പോകാമെന്നതാണ്. പ്രകൃതിയും അതിന്റെ മനോഹാരിതകളും അവന് ഹരമായിരുന്നു. അമ്മാവനാകട്ടെ വേദാന്തത്തിലും തത്വശാസ്‌ത്രങ്ങളിലും മതഗ്രന്ഥങ്ങളിലും മുഴുകിക്കഴിഞ്ഞു. ദേവീക്ഷേത്രവും പൂജാമുറിയും പാമ്പിന്‍ വിഷത്തെ നശിപ്പിക്കുന്ന ഒറ്റമൂലികളടക്കമുള്ള മരുന്നുകള്‍ സൂക്ഷിക്കുന്ന രഹസ്യ അറയുമെല്ലാം അടങ്ങുന്ന നിഗൂഢത ആ ജീവിതത്തിന്റെ ഭാഗമായിരുന്നു.പുഴയിലെ കുളി, കസര്‍ത്ത്, ക്ഷേത്രദര്‍ശനം, സ്‌കൂള്‍ - ഇവയിലൊക്കെയായി ഉണ്ണിയുടെ ജീവിതം ഇഴഞ്ഞു നീങ്ങുന്നു. ഒരുതരം തുറുങ്കിലെ ജീവിതം! വായന, ധ്യാനം, പൂജ ഇവ അവന്റെ മനസ്സിന് വ്യായാമം നല്‍കുമെന്നാണ് അമ്മാവന്റെ അഭിപ്രായം.

ഉണ്ണി ജാതകമഹത്വമുള്ളവനാണ്. ഭൌതികലോകത്തിലെ സുഖങ്ങള്‍ അവന്റെ ഉയര്‍ച്ചയ്‌ക്ക് തടസ്സമാണ്. ലൌകികതയുടെ കെണികളില്‍പ്പെടാതെ അവന്‍ നോക്കേണ്ടതുണ്ട്. കുട്ടികളെ വഴിതെറ്റിക്കാനുള്ള കുരുക്കുകള്‍ ആണ് സിനിമാതിയേറ്ററുകളും മദ്യശാലകളും നീചകൃതികളുമെല്ലാം. ഇവയില്‍നിന്നെല്ലാം ഉണ്ണിയെ രക്ഷിക്കാന്‍ അയ്യപ്പന്‍ എന്ന പരിചാരകന്റെ ചാരക്കണ്ണുകള്‍ സദാ പിന്തുടര്‍ന്നിരുന്നു. ഇരുവരെയും ഉണ്ണി ദുര്‍മൂര്‍ത്തികളായാണ് കണ്ടത്. ഒരു മൃഗത്തെ തീറ്റിപ്പോറ്റുന്നതുപോലെ എന്തിനാണ് അവര്‍ തന്നെ വളര്‍ത്തുന്നതെന്ന് അവന്‍ ചിന്തിച്ചു. ദേവീവിഗ്രഹത്തിനുമുന്‍പില്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കാറുള്ളതുപോലെ ഒരുനാള്‍ ചാമുണ്ഡീവിഗ്രഹത്തിനു മുന്‍പില്‍ അറ്റുവീഴാനുള്ളതാണോ തന്റെ കഴുത്ത് എന്ന് അവന്‍ സന്ദേഹിച്ചു. ഈ സംശയം നോവലിന്റെ ഇതിവൃത്തപരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിഷേധിക്കപ്പെട്ട സ്‌നേഹവും വാല്‍സല്യവും ഉണ്ണിക്ക് ലഭിച്ചത് സഹപാഠിയായ രാഹുലന്റെ വീട്ടില്‍ നിന്നാണ്. മാതൃത്വത്തിന്റെ സ്‌നേഹോഷ്‌മളത ആ അമ്മയില്‍നിന്നാണ് അറിയുന്നത്. ആധ്യാത്മികതയുടെ അജ്ഞാത സൌന്ദര്യത്തേക്കാള്‍ ഉണ്ണി ഇഷ്‌ടപ്പെട്ടത് ഭൂമിയുടെ ഗന്ധവും സൌന്ദര്യവുമായിരുന്നു. രാഹുലന്റെ സഹോദരി ഷീബയെയും അവനിഷ്‌ടമായിരുന്നു. പുഴയില്‍ കൂട്ടുകാരോടൊപ്പം തിമിര്‍ത്തുല്ലസിക്കാനും തീയേറ്ററില്‍ പോയി സിനിമ കാണാനുമൊക്കെ ആ മനസ്സ് വെമ്പല്‍കൊണ്ടു.വൈദികര്‍മങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച ഉണ്ണിയുടെ ജീവിതം ദൌര്‍ബല്യങ്ങള്‍ക്ക് വിധേയമായിക്കൂടാ. ശീര്‍ഷാസനം, വെള്ളത്തില്‍ നില്‍ക്കല്‍, വിറകുശേഖരിക്കല്‍, ഭജനമിരിക്കല്‍, ദേവീമാഹാത്മ്യപാരായണം തുടങ്ങിയ ശിക്ഷകളാണ് അത്തരം പിഴവുകള്‍ക്ക് വിധിച്ചിരുന്നത്. ജീവിതത്തിലെ ആനന്ദവും സ്‌നേഹവുമെല്ലാം അവന് അന്യമായി. ഉണ്ണിക്ക് ഈ ജീവിതം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഉള്ളതാണ്. എന്നാല്‍ ഏതുതരം തൃഷ്‌ണയേയും ദൌര്‍ബല്യത്തേയും അതിജീവിക്കാനുള്ള കരുത്ത് ജ്ഞാനത്തിലൂടെയും തപസ്യയിലൂടെയും അവന്‍ നേടണമെന്നാണ് അമ്മാവന്‍ ആഗ്രഹിക്കുന്നത്.

ജീവിതത്തിന്റെ നൈസര്‍ഗിക ചോദനകളില്‍ നിന്ന് അവന് ഒളിച്ചോടാനായില്ല. സന്ധ്യയ്‌ക്ക് കുളിച്ചുമടങ്ങുമ്പോള്‍ വീടിനടുത്തുള്ള പൊന്തക്കാട്ടില്‍ ആണും പെണ്ണും ഇണചേരുന്നതുകാണാനിടയായി. കാമത്തിന്റെ തീക്ഷ്‌ണത അവന്റെ രക്തധമനികളെയും ചൂടുപിടിപ്പിച്ചു. കുറേ ദിവസങ്ങള്‍ക്കുശേഷം, ഇവിടെ വച്ചുതന്നെ ഉമ്മിണി എന്ന ഉള്ളാട അ‌ത്രീ അവനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.

അമ്മാവന്റെ മുന്‍പില്‍ പരിചാരകന്‍ വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുക പതിവായിരുന്നു. രക്തമൊലിപ്പിച്ച് ഉണ്ണിയുടെ മുന്‍പിലും ചെന്നുപെട്ടപ്പോള്‍ അവന്‍ ബോധംകെട്ടു നിലത്തുവീണു. അമ്മാവന്റെ ഒറ്റമൂലിയാണ് അവനെ രക്ഷപ്പെടുത്തിയത്. മലവേടന്മാര്‍ ഉണ്ണിയെ മാലയിട്ടു സ്വീകരിച്ചതോടെ അവനെ ദൈവികകര്‍മങ്ങള്‍ക്ക് നിയോഗിക്കാന്‍ സമയമായി എന്ന് അമ്മാവന്‍ ഉറപ്പിച്ചു. എങ്കിലും അമ്മയെ കാണണമെന്ന ആഗ്രഹം കൂടി സാധിപ്പിച്ചുകൊടുത്തുകൊണ്ടാണ്, അവനെ ലൌകിക ബന്ധങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് വേര്‍പെടുത്തിയത്. പക്ഷേ, ആ 'അമ്മനാടകം' വ്യാജവും ദുരൂഹത നിറഞ്ഞതുമായിരുന്നു. അത് വ്യക്തമായത്, അവര്‍ കൊലചെയ്യപ്പെട്ട അവസ്ഥയില്‍ പുഴക്കടവില്‍ കണ്ടതോടെയാണ്. ഈ കെണികളുടെ എല്ലാം സൂത്രധാരന്‍ അമ്മാവനാണെന്ന് ഉണ്ണിക്ക് വ്യക്തമായി. എത്രയുംവേഗം ഈ പത്മവ്യൂഹത്തില്‍നിന്ന് പുറത്തുകടന്നേ മതിയാവൂ എന്ന് അവന്‍ മനസ്സില്‍ ഉറച്ചു. തന്റെ പ്രിയപ്പെട്ടവരായ രാഹുലിനോടും അമ്മയോടും ഷീബയോടുമെല്ലാം ഉണ്ണി യാത്ര പറഞ്ഞു. ദേവീവിഗ്രഹത്തിനുമുന്‍പില്‍ ചെന്ന് "തായേ ഈ ചക്രവ്യൂഹത്തില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല.'' എന്നു പറഞ്ഞു കൈയില്‍ കരുതിയിരുന്ന പാമ്പുവിഷത്തിന്റെ ഒറ്റമൂലി വിഴുങ്ങി; ദേവീവിഗ്രഹത്തിനു മുന്‍പില്‍ അവന്‍ കുഴഞ്ഞുവീണു.

അഭിമന്യുവില്‍, ജീവിതത്തെ കൂടുതല്‍ ജീവിതവ്യമാക്കാനുള്ള ശ്രമമാണ് ഉണ്ണി നടത്തുന്നത്. ഇവിടെ അവന്‍ അനുഷ്‌ഠിക്കുന്ന ജീവിതത്യാഗം മഹാഭാരത്തിലെ അഭിമന്യുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ടെന്ന് മുന്‍പു സൂചിപ്പിച്ചുവല്ലോ. ഭാരതീയ മനസ്സുകളില്‍ ആ ഇതിഹാസപാത്രം നേടിയ സ്ഥാനം അവിതര്‍ക്കിതമാണ്. തിന്മകളോട് രാജിയാകാനുള്ള വൈമുഖ്യമാണ് ഉണ്ണിയെ ആത്മത്യാഗത്തിലേക്ക് നയിച്ചത്. അവന്‍ ആ വീട്ടില്‍ തികച്ചും ഒറ്റപ്പെട്ടവനാണ്. ഉള്ളിലുറഞ്ഞ ഏകാന്തതയ്‌ക്ക് പരിധികളില്ല. ആ മരണം, ഉണ്ണിക്കെതിരെ നിന്ന യാഥാസ്ഥിതിക ശക്തികളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഉണ്ണിയുടെ ആത്മത്യാഗത്തെ അസ്വസ്ഥതയോടെയാണെങ്കിലും വായനക്കാരനും അംഗീകരിക്കുന്നു. ഒരുതരം സന്ത്രാസത്തോടെ മനസ്സില്‍ പതിയുന്ന വിഹ്വലതകള്‍ അനുവാചകനെ വേട്ടയാടുമ്പോഴും അവന്റെ ആത്മാഹുതി ഒരിക്കലും ജീവിതനിരാസമാകുന്നില്ല.

ഈ നോവലില്‍ കഥാപാത്രങ്ങളായ അമ്മാവന്‍, അദ്ദേഹത്തിന്റെ പരിചാരകനായ അയ്യപ്പന്‍ എന്നിവരാണ് യാഥാസ്ഥിതികതയുടെ വക്താക്കളായി നിലകൊള്ളുന്നത്. ഉണ്ണിയുടെ മുന്‍പില്‍ വെളിച്ചത്തിന്റെ വാതിലുകള്‍ അവര്‍ നിഷ്‌കരുണം കൊട്ടിയടയ്‌ക്കുന്നു. ജീവിതത്തിന്റെ മൃദുലഭാവങ്ങളില്‍നിന്ന് അവനെ ബോധപൂര്‍വം അകറ്റുകയാണ്. യാഥാസ്ഥിതികതയുടെ വക്താക്കളുടെ കണ്ണുവെട്ടിച്ചുവേണം ഉണ്ണിക്ക് ജീവിതത്തിന്റെ പച്ചപ്പുകളിലേക്കും സൌന്ദര്യത്തിലേക്കും ഇറങ്ങിച്ചെല്ലാന്‍. പച്ചയായ ജീവിതത്തിന്റെ ചൂരും ചുവയുമാണ് കാക്കനാടന്‍ ആസ്വാദകനിലേക്ക് പകരുന്നത്.

മുന്‍പു സൂചിപ്പിച്ചതുപോലെ പാശ്ചാത്യലോകത്ത്, ഒരു പ്രത്യേകസാഹചര്യത്തിലുണ്ടായ സാഹിത്യദര്‍ശനങ്ങളാണ് കാക്കനാടനെയും അദ്ദേഹത്തിന്റെ തലമുറയിലെ ആധുനികരെന്ന് വിളിക്കപ്പെട്ട എഴുത്തുകാരെയും സ്വാധീനിച്ചത്. ആ സാഹിത്യദര്‍ശനങ്ങളുടെ ചുവടുപിടിച്ചുള്ള രചനകള്‍ക്ക് അക്കാലത്തെ നമ്മുടെ എഴുത്തുകാര്‍ രൂപം കൊടുക്കുമ്പോഴും വ്യത്യസ്‌ത രാഷ്‌ട്രീയ - സാമൂഹിക - സാംസ്‌കാരിക പശ്ചാത്തലമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അവ സ്വീകാര്യമാകണമെങ്കില്‍ രചനകള്‍ ഭാരതീയമായ പശ്ചാത്തലത്തില്‍ വേണം രൂപം നല്‍കേണ്ടത് എന്ന വസ്‌തുത അവര്‍ ഉള്‍ക്കൊണ്ടിരുന്നു. അക്കാലത്ത് മലയാളത്തിലുണ്ടായ ചില ചെറുകഥളടക്കമുള്ള രചനകള്‍ക്ക് സംഭവിച്ച പരിമിതികളും ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ മണ്ണില്‍ വേരുപിടിക്കാത്ത പാശ്ചാത്യ ആശയങ്ങളുടെ പരസ്യപ്പലകകളായി ആ രചനകള്‍ തരംതാണുപോയി. ഈ പരിമിതികളെ അതിജീവിച്ചതുകൊണ്ടാണ് അക്കാലഘട്ടത്തിലെ പല നോവലുകളും മലയാളത്തിലെ എക്കാലത്തെയും നല്ല സൃഷ്‌ടികളുടെ കൂട്ടത്തില്‍പ്പെടുന്നത്.

കാക്കനാടന്റെ അഭിമന്യുവും കേരളീയ പശ്ചാത്തലത്തില്‍ രൂപംകൊണ്ട മനോഹരമായൊരു കൃതിയാണ്. കേരളീയമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ആഘോഷങ്ങളും മിത്തുകളുമെല്ലാം കൊണ്ട് അത് സമ്പന്നമാണ്. ദേവീക്ഷേത്രവും പൂജയും മലവേടന്മാരുടെ തുള്ളിയാട്ടവും വെളിച്ചപ്പാടുകളും സിദ്ധവൈദ്യവും ഒറ്റമൂലി പ്രയോഗങ്ങളുമെല്ലാം കേരളീയതയുടെ ചാരുതയാര്‍ന്ന അന്തരീക്ഷമൊരുക്കുന്നു. മുഖ്യകഥാപാത്രമായ ഉണ്ണിയുടെ മനസ്സില്‍ താന്‍ വസിക്കുന്ന മലമടക്കിലെ പ്രകൃതിയും അതിന്റെ മനോഹാരിതകളും ഒരിക്കലും മായുന്നില്ല. നോവലിന്റെ പര്യവസാനം തന്നെ നമ്മുടെ പാരമ്പര്യത്തിന്റെ സവിശേഷതകളെ സ്പര്‍ശിച്ചുകൊണ്ടാണെന്നതും ഓര്‍ക്കുക.

അതിഭാവുകത്വത്തിന്റെ തലത്തില്‍നിന്ന് വായനക്കാരനെ പുതിയൊരു സംവേദനക്ഷമതയിലേക്ക് വഴിതിരിച്ചുവിട്ടത് കാക്കനാടന്റെ തലമുറയായിരുന്നു. കേവലം ആസ്വാദനത്തിന്റെ മേഖലയില്‍നിന്ന് അവനെ അനുഭവത്തിന്റെ ഉഷ്‌ണമേഖലകളിലേക്ക് മാറ്റി പ്രതിഷ്‌ഠിച്ചു. ഇവിടെ ഉണ്ണിയെന്ന കഥാപാത്രത്തിന്റെ പച്ചയായ ജീവിതത്തിനുവേണ്ടിയുള്ള പ്രയാണം വായനക്കാരന്‍ വേവലാതിപൂണ്ട മനസ്സോടെ ഏറ്റുവാങ്ങുകയാണ്. ഒരു തലമുറ കാക്കനാടന്റെ നോവലുകളെ ആവേശത്തോടെ സ്വീകരിച്ചതും അതുകൊണ്ടാണ്.


*****


ഡോ. എ. അഷ്റഫ്

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

No comments: