Sunday, December 19, 2010

റെനിഗേഡിന്റെ ഗതികേടുകള്‍

വ്യക്തിത്വശൈഥില്യത്തിന്റെ അന്തര്‍ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആധുനികത. അടിയുറച്ചൊരു വിശ്വാസവും അതിലധിഷ്‌ഠിതമായ ഒരു ജീവിതവും രൂപപ്പെടുത്തിയെടുക്കുമ്പോഴാണ് ഒരാള്‍ വ്യക്തിത്വത്തിനുടമയായി മാറുന്നത്. ഒരാളിന്റെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്‌ത്രത്തിന് മുഖ്യമായ പങ്കുണ്ടാകും. ഒരു പ്രത്യയശാസ്‌ത്രത്തിലേക്ക് ഒരാളെ നയിക്കുന്നത് സമൂഹത്തെക്കുറിച്ചുള്ള വിപുലമായ കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കും. അല്‍പംകൂടി വിശദമാക്കിയാല്‍ സമൂഹം നേരിടുന്ന ധര്‍മസങ്കടങ്ങളോട് അയാള്‍ പുലര്‍ത്തുന്ന ധീരമായ നിലപാടുകള്‍ അയാളെ ഒരു പ്രത്യയശാസ്‌ത്രത്തോട് അടുപ്പിക്കുകയും ആദര്‍ശവ്യക്തിത്വമാക്കി രൂപപ്പെടുത്തുകയും ചെയ്യുന്നു.സാമൂഹിക വൈരുധ്യം സൃഷ്‌ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്ക് ഒരു മറുമരുന്ന് എന്ന നിലയില്‍ രൂപപ്പെട്ട ഒന്നാണ് മാക്‌സിസം. അത് കേവലമൊരു തത്വം മാത്രമായിരുന്നില്ല. കാലത്തിന്റെ വീര്യം ഉള്‍ക്കൊണ്ട ഒരു നീതിശാസ്‌ത്രമായി അത് പരിഗണിക്കപ്പെട്ടുപോന്നിട്ടുണ്ട്. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആ പ്രത്യയശാസ്‌ത്രത്തിന്റെ വിഭാവനകളെ ആരായാന്‍ സാമൂഹ്യശാസ്‌ത്രകാരന്മാരെ പ്രേരിപ്പിക്കുന്നതും, കാലഹരണപ്പെടാത്ത ഒരു തത്വശാസ്‌ത്രമായി അത് കൊണ്ടാടപ്പെടുന്നതും. മാര്‍ക്‌സിസം പങ്കുവയ്‌ക്കാത്ത ജീവിതമില്ല. ഭൌതികത എന്നപോലെ ആത്മീയതയെയും അത് നിരീക്ഷിക്കുന്നുണ്ട്. വര്‍ഗബോധത്തിലാണ്ടുനില്‍ക്കുമ്പോഴും സാമൂഹിക സൌന്ദര്യങ്ങള്‍ അത് നിഷേധിക്കുന്നില്ല. സമഗ്രമായ ഒരു ദര്‍ശനം മുന്നോട്ടുവയ്‌ക്കുമ്പോഴും വൈയക്തികമായ സന്ത്രാസങ്ങളെ അത് അവഗണിക്കുന്നില്ല. ആരുടെ മുന്നിലും കൊട്ടിയടയ്‌ക്കപ്പെടാത്ത തുറന്ന വാതിലുകളാണ് മാര്‍ക്‌സിസത്തിന്റെ കാതല്‍. ഒരുപക്ഷേ അതുതന്നെയാകാം അതിന്റെ ദൌര്‍ബല്യവും.

മാര്‍ക്‌സിസം മുന്നോട്ടുവയ്‌ക്കുന്ന പ്രപഞ്ചദര്‍ശനത്തെ അതിന്റെ സമഗ്രതയില്‍ തിരിച്ചറിയാതെ പോകുന്നത് അപായകരമായ പല ധാരണകള്‍ക്കും വഴിവയ്‌ക്കും. അക്ഷമയും അല്‍പവിഭവത്വവും മാര്‍ക്‌സിസത്തെ പഠിക്കുന്നതിനുള്ള ഉപാധിയാക്കിയാലുണ്ടാകുന്ന അപകടത്തെ ഇ.എം.എസ്. തന്നെ എടുത്തുകാട്ടിയിട്ടുണ്ട്. അത്തരം ഉപദാനങ്ങള്‍കൊണ്ട് നടത്തിയിട്ടുള്ള നിരീക്ഷണങ്ങളുടെ ബലത്തില്‍ പറഞ്ഞുവച്ചിട്ടുള്ളതൊന്നും മാര്‍ക്‌സിസ്‌റ്റ് ദര്‍ശനങ്ങളല്ലെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിന്റെ ബലത്തില്‍ സാമൂഹികജീവിതത്തെ അപഗ്രഥിക്കാനുള്ള ശ്രമം പലപ്പോഴും അപഹാസ്യമായി മാറിപ്പോകുന്നുണ്ട്. നവമാര്‍ക്‌സിസ്‌റ്റുകള്‍ മുന്നോട്ടുവയ്‌ക്കുന്ന ചിന്തയെ അത്തരത്തില്‍ കാണേണ്ടിവരുന്നു. വര്‍ഗബോധത്തില്‍ ഉദയം ചെയ്‌ത ഒരു തത്വശാസ്‌ത്രത്തെ അതിനു വിരുദ്ധമായ അസ്‌തിത്വവാദവുമായും ഫ്രോയ്‌ഡിയന്‍ സിദ്ധാന്തങ്ങളുമായും കൂട്ടിച്ചേര്‍ത്തൊരുക്കുന്ന നവസിദ്ധാന്തങ്ങള്‍ യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് വിശ്വാസികളെയല്ല വിരുദ്ധരെയാണ് സന്തോഷിപ്പിച്ചിട്ടുള്ളത്.

"ഹെര്‍ബര്‍ട്ട് മാര്‍ക്യൂസും ലൂക്കാച്ചും എറിക് ഫ്രോമും സാര്‍ത്രും ഈ രംഗത്തു നല്‍കിയിട്ടുള്ള സംഭാവനകള്‍ ലോകത്തെ പീഡനത്തില്‍നിന്നു സ്വതന്ത്രമാക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നുതന്നെ വിശ്വസിച്ചുകൊണ്ട് പുതിയൊരു മാര്‍ക്‌സിയന്‍ സൌന്ദര്യശാസ്‌ത്രം അവതരിപ്പിക്കാനുള്ള നമ്മുടെ നവമാര്‍ക്‌സിസ്‌റ്റുകളുടെ സാഹിത്യചിന്തയിലാണ് യഥാര്‍ഥ മാര്‍ക്‌സിയന്‍ സ്വാധീനത്തിന്റെ ചലനങ്ങള്‍ കാണാന്‍ കഴിയുന്നത് '' എന്ന് 'കലഹവും വിശ്വാസവും' എന്ന ഗ്രന്ഥത്തില്‍ കെ. പി. അപ്പന്‍ പറയുന്നതിന്റെ അര്‍ഥം ഗ്രഹിക്കുമ്പോള്‍ ഇത് നമുക്ക് ബോധ്യപ്പെടും. എല്ലാ അര്‍ഥത്തിലുമുള്ള പൂര്‍ണ മനുഷ്യനെ യാഥാര്‍ഥ്യമായി അംഗീകരിക്കുന്ന മാര്‍ക്‌സിസ്‌റ്റ് ദര്‍ശനത്തിന്റെ സ്ഥാനത്ത് വ്യക്തിത്വത്തിന്റെ ബലിയാടുകളെ കൊണ്ടുവരുന്നു എന്നതാണ് ആധുനികത ചെയ്‌ത വലിയ അപരാധം. അതാകട്ടെ സാമൂഹികയാഥാര്‍ഥ്യത്തിന്റെ സൃഷ്‌ടിയാണെന്ന വിശദീകരണമാണ് കൂടുതല്‍ അരോചകം.

നവമാര്‍ക്‌സിസമായി കൊണ്ടാടപ്പെടുന്നതെല്ലാം മാര്‍ക്‌സിസ്‌റ്റ് വിരുദ്ധവും സാമൂഹ്യപുരോഗതിക്ക് വിരുദ്ധവുമാകുന്നു. മാര്‍ക്‌സിസ്‌റ്റ് ദര്‍ശനത്തിന്റെ പ്രതിബോധത്തിലാണ് അത് വേരാഴ്ത്തുന്നത്. അസ്‌തിത്വവാദമാണ് അതിന്റെ കാതല്‍. വ്യവസ്ഥാരാഹിത്യത്തെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അരാജകതയാണ് അത് മുറുകെപ്പിടിക്കുന്നത്. പാശ്ചാത്യ ജീവിതകല്‍പനകളാണ് അവരെ നയിക്കുന്നത്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് സാഹിത്യത്തില്‍ ആധുനികത കടന്നുവന്നത്. മലയാളത്തില്‍ അതിന്റെ ശക്തമായ സ്വാധീനം നോവല്‍സാഹിത്യത്തിലാണ് പ്രകടമായത്. കാക്കനാടന്‍ എന്ന ജോര്‍ജ് വര്‍ഗീസ് ഈ നവഭാവുകത്വത്തിന്റെ മുന്‍നിരക്കാരില്‍ പ്രമുഖനായിരുന്നു; 'ഉഷ്‌ണമേഖല' അതിന്റെ വിളംബരവും.

'ഉഷ്‌ണമേഖല' ഒരു മാനസികാവസ്ഥയാണ്. അത് അസ്‌തിത്വവ്യഥയുടെ കൊടിമുടിയിലേറ്റപ്പെട്ട വ്യക്തി എത്തപ്പെടുന്ന ഇടങ്ങളിലെല്ലാം പിന്തുടരുന്നു. അയാളുടെ ജീവിതം ഉഷ്‌ണത്തില്‍നിന്ന് മുക്തമല്ല. ഏതെങ്കിലും ഒരു പ്രത്യയശാസ്‌ത്രത്തിന്റെ അടിയുറപ്പ് അയാളിലില്ല. ബലിഷ്‌ഠമായ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അയാള്‍ ആര്‍ജിച്ചിട്ടില്ല. സമഗ്രമായ ഒരു സാമൂഹ്യബോധം അയാളില്‍ രൂപപ്പെട്ടിട്ടില്ല. അതിനാല്‍ ആദര്‍ശനിഷ്‌ഠമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് 'ഉഷ്‌ണമേഖല'യിലെ ശിവന്‍ എന്നു പറയാനാവില്ല. 'ഉഷ്‌ണം' അയാളുടെ ദുര്‍ബലമായ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു അനുഭവവിശേഷം തന്നെയാണ്. ഏതെങ്കിലും ആദര്‍ശത്തിന്റെ പാകമില്ലായ്‌മയല്ല ശിവനെ ഉഷ്‌ണത്തില്‍നിന്ന് ഉഷ്‌ണത്തിലേക്ക് നയിക്കുന്നത്. അയാളുടെ വിഭ്രാന്തമായ മാനസികാവസ്ഥ തന്നെയാണ് അതിന് കാരണം. അതുകൊണ്ടുതന്നെ ആദര്‍ശവും ശിവന്റെ ജീവിതദുരന്തവും ചേര്‍ത്തുവച്ചുകൊണ്ടുള്ള പഠനങ്ങളെ അനര്‍ഥങ്ങള്‍ എന്നേ പറയാവൂ.

"ആദര്‍ശങ്ങള്‍ അര്‍ഥശൂന്യമായിത്തീര്‍ന്ന കാലഘട്ടത്തിലെ ഏകാകിയായ മനുഷ്യന്റെ ദുരന്തമാണ് 'ഉഷ്‌ണമേഖല'യിലെ പ്രമേയം'' എന്ന നിരീക്ഷണം (ഡോ. ജോര്‍ജ് ഓണക്കൂര്‍, 'ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ') ഇത്തരത്തിലേ പരിഗണിക്കാനാവൂ. ആദര്‍ശത്തെക്കാള്‍ സ്വാര്‍ഥത ഒരു ജ്വരംപോലെ പടര്‍ന്നേറുമ്പോള്‍ പൊതുജീവിതത്തെ കുടഞ്ഞുകളഞ്ഞ് ഒറ്റപ്പെടലിന്റെ തുരുത്തിലെത്തി ഉരുകിത്തീരുന്ന മനുഷ്യനാണ് 'ഉഷ്‌ണമേഖല'യില്‍ ആവിഷ്‌കരിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. നോവല്‍ ആദ്യന്തം പിന്തുടരുമ്പോള്‍ ലഭിക്കുന്ന അനുഭവവും മറ്റൊന്നല്ല.

വിപ്ളവപ്രസ്ഥാനത്തോടുള്ള ഒരു വ്യക്തിയുടെ ബന്ധം തുടങ്ങുന്നത് കഠിനമായ മനോസംഘര്‍ഷങ്ങളുടെ ഒടുവില്‍ എത്തിച്ചേരുന്ന ധീരമായ ഒരു നിലപാടില്‍നിന്നാണ്. വേദനിപ്പിക്കുന്ന ഒരുപാട് യാഥാര്‍ഥ്യങ്ങളെ അയാള്‍ക്ക് കുടഞ്ഞുകളയേണ്ടിവരും. വ്യക്തിപരമായ താല്‍പര്യങ്ങളെ ബലികഴിക്കേണ്ടിവരും. പ്രത്യക്ഷമായ ജീവിതകല്‍പനകളെ ഉപേക്ഷിക്കേണ്ടിവരും. ത്യാഗത്തിന്റെ പരിണിതഫലം പോലെ പിറവികൊള്ളുന്നതാണ് വിപ്ളവകാരിയുടെ ജീവിതം. ഇഹജീവിതത്തിലെ ഒരു അപരജന്മമായി അതിനെ കണക്കാക്കാം. വിപ്ളവകാരിയുടെ ജീവിതവഴികളില്‍ നിറയുന്നത് പരവതാനികളല്ല, കനല്‍ക്കട്ടകളാണ്. സഹനത്തിലൂടെയും സാഹസികതയിലൂടെയുമാണ് അത് സഞ്ചരിക്കുന്നത്. വിപ്ളവകാരിയുടെ ജീവിതചരിത്രം മഹാല്‍ഭുതം പോലെ പിന്‍തലമുറ ഏറ്റുവാങ്ങുന്നത് അതുകൊണ്ടാണ്. വിപ്ളവപ്രസ്ഥാനത്തിന്റെ ചരിത്രമോ വിപ്ളവകാരിയുടെ ജീവിതമോ അറിയാത്ത എഴുത്തുകാരനല്ല കാക്കനാടന്‍. എന്നിട്ടും വിപ്ളവപ്രസ്ഥാനത്തെക്കുറിച്ച് വികലമായ ചില കല്‍പനകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നത് അസ്‌തിത്വപരമായ തന്റെ കാഴ്‌ചപ്പാടുകള്‍ക്ക് മിഴിവേകാനല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.

മാര്‍ക്‌സിസത്തെ ഒരു ദര്‍ശനമായി സ്വീകരിച്ചുകൊണ്ട്, ധീരമായി ജീവിതത്തെ നേരിടാന്‍ വിപ്ളവപ്രസ്ഥാനത്തിലേക്കിറങ്ങിവന്നയാളല്ല ശിവന്‍കുട്ടി. പഠിപ്പുകഴിഞ്ഞുള്ള ഒരു യുവാവിന്റെ തിളപ്പുള്ള സൌഹൃദം മാത്രമാണ് അയാള്‍ക്ക് വിപ്ളവം. അയാളുടെ നോട്ടങ്ങളിലും കേള്‍വികളിലും സ്‌പര്‍ശനങ്ങളിലുമെല്ലാം വിപ്ളവവിരുദ്ധതയാണ് ആദ്യമേ പ്രകടമാകുന്നത്.

"കിണറ്റുകരയില്‍ ഒരു വിളക്കു കണ്ടു. അവന്‍ അടുത്തു ചെന്നു.

'ശിവന്‍ചേട്ടാ'. വിളക്കില്‍ നിന്നു ചൂട്ടുകറ്റയ്‌ക്കു തീ പിടിപ്പിച്ചുകൊണ്ടിരുന്ന തെരേസ വിളിച്ചു.

അവന്‍ മിണ്ടിയില്ല.

'ഇതു ചേട്ടനുവേണ്ടിയാ' അവള്‍ കത്തിച്ച ചൂട്ട് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. അവളുടെ കവിളുകളിലേക്കും കണ്ണുകളിലേക്കും ചൂട്ടിന്റെ വെട്ടം പടര്‍ന്നു കയറി. അവളുടെ ബ്ളൌസ് കീറിയിരുന്നത് അവന്‍ കണ്ടു. ചൂട്ട് കൈയില്‍ വാങ്ങിയപ്പോള്‍ അവള്‍ ദീര്‍ഘമായി നിശ്വസിക്കുന്നത് അവന്‍ കേട്ടു. ഇരുട്ടിനു നടുവില്‍ ചൂട്ടിന്റെ വെളിച്ചം ചെറിയൊരു ദ്വീപുണ്ടാക്കിയിരുന്നു.'' ('ഉഷ്‌ണമേഖല', അധ്യായം 1 പുറം : 8)

തെരേസ പകര്‍ന്നുനല്‍കിയ സ്‌നേഹത്തിന്റെ ഉള്‍ക്കുളിര് ഏറ്റുവാങ്ങാന്‍ സ്വാര്‍ഥതയുടെ ഉഷ്‌ണത്തിലാണ്ടുകഴിഞ്ഞ ശിവന് കഴിയുമായിരുന്നില്ല. തന്റെ ജീവിതത്തെ ശിവന് വിട്ടുകൊടുത്തുകൊണ്ട് ആദര്‍ശനിഷ്‌ഠമായ ഒരു പ്രണയസാക്ഷാല്‍ക്കാരം നടത്താന്‍ തെരേസയ്‌ക്ക് കഴിയുന്നതായി നോവലില്‍ സൂചനയുണ്ട്. കാരണം തെരേസയുടെ കുടുംബത്തിന്റെ കമ്യൂണിസ്‌റ്റ് ബന്ധം ശിവന്റെ ബന്ധത്തോളം സ്വാര്‍ഥമായിരുന്നില്ല. അച്ഛന്‍ ലോപ്പസും അമ്മ മറിയയും സഹോദരങ്ങളുമെല്ലാം വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നിനുവേണ്ടിയായിരുന്നു. ആത്മാര്‍ഥത അവരുടെ വിശ്വാസപ്രമാണമായിരുന്നു.

വിപ്ളവപ്രസ്ഥാനത്തെ കയ്യൊഴിഞ്ഞിട്ടും സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ശിവനില്‍ വളരുന്ന ഉഷ്‌ണത്തിന് മറ്റൊരു കാരണം. വികാരങ്ങള്‍ പാപങ്ങളായിട്ടാണ് അയാളില്‍ പിറക്കുന്നത്. ഓരോന്നിന്റെ മുന്നിലും പാപബോധം അയാളെ വേട്ടയാടുകയാണ്. നാഗരികതയുടെ ശീതക്കാറ്റിലും അയാള്‍ക്ക് ഉഷ്‌ണിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ശാരദ പകര്‍ന്നുനല്‍കിയ സ്‌നേഹം തട്ടിമാറ്റുമ്പോഴും അയാള്‍ക്ക് അവരോട് ഒരടുപ്പം കൂടിയുണ്ടാകുന്നു. പക്ഷേ തെരേസയെക്കുറിച്ചുള്ള ഓര്‍മ അയാളില്‍ ഒരു കുറ്റബോധംപോലെ പടര്‍ന്നേറുന്നു. ഒടുവില്‍ ശാരദയെ സ്വീകരിക്കാന്‍ മനസ്സ് സജ്ജമായപ്പോഴേക്കും അമ്മാവനാല്‍ അപഹരിക്കപ്പെട്ടവളാണ് താനെന്ന് അവള്‍ വെളിപ്പെടുത്തുകയാണ്. ഈ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ അവള്‍ അപേക്ഷിക്കുകയാണ്.

'അതൃപ്‌തമായ വികാരങ്ങളുടെ അഗ്നിപര്‍വതമായ എന്റെ ശരീരവും അഗ്നിയില്‍ ശുദ്ധിചെയ്യപ്പെട്ട അകളങ്കമായ ആത്മാവും ഞാനങ്ങയ്‌ക്ക് സമര്‍പ്പിച്ചു' എന്ന ശാരദയുടെ വാക്കുകള്‍ അയാളെ വല്ലാത്ത മോഹഭംഗത്തിലാണെത്തിച്ചത്.
'ഉഷ്‌ണമേഖലയിലെ ഏറ്റവും ചൂടുകൂടിയ പ്രദേശത്ത്' അയാള്‍ എത്തിച്ചേരുകയാണ്.

ഒരു പെണ്ണിനെ സ്‌നേഹിക്കാനോ ഉള്‍ക്കൊള്ളാനോ പോയിട്ട് അംഗീകരിക്കാനുള്ള മാനസികബലം കൂടി ഇല്ലാത്തയാളാണ് ശിവന്‍. വിലാസിനിയുടെ ആഗ്രഹങ്ങളെ അയാള്‍ അവഗണിക്കുന്നതിന് കാരണം മറ്റൊന്നല്ല. മിസ്‌റ്റര്‍ ജോഗീന്ദറിന്റെ ഭാര്യ കാന്ത താന്‍ വിവാഹിതയല്ലായിരുന്നുവെങ്കില്‍ ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുമ്പോള്‍ അയാള്‍ക്ക് ഉള്‍പ്പുളകം ഉണ്ടാകുന്നുണ്ട്. എന്നിട്ടും ഏകാന്തധന്യമായ ഒരു മുഹൂര്‍ത്തത്തില്‍ അവളുടെ ക്ഷണം മുഴുവന്‍ അയാള്‍ തള്ളിക്കളയുകയാണ്. അതും പൂര്‍ണമായ മനസ്സോടെയാണെന്ന് പറയാനാവില്ല. പാപബോധത്തിന്റെ ഉഷ്‌ണമേഖലയില്‍ അയാളുടെ ഇന്ദ്രിയങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. എന്നിട്ടും അബോധപൂര്‍വമായ ചില പ്രേരണകള്‍ അയാളിലും പ്രകടമാകുന്നതു കാണാം. കാന്ത തന്റെ പട്ടുസല്‍വാറിന്റെ സിപ്പഴിക്കാന്‍ ശിവനോട് പറയുമ്പോള്‍ ഒന്നും നിഷേധിക്കാനാവാതെ അയാള്‍ അനുസരിക്കുന്നതും അവളുടെ മുഖത്ത് വിറയ്‌ക്കുന്ന വിരല്‍കൊണ്ട് സ്‌പര്‍ശിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. ആ സ്‌ത്രീ മറയില്ലാതെ തന്റെ വികാരങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ അയാള്‍ ഓടിമറയുന്നതും കാണാം.

വശ്യമായി ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കാന്ത പറഞ്ഞു:

"മിസ്‌റ്റര്‍ നായര്‍, ഈ വീട്ടിലിപ്പോള്‍ മറ്റാരുമില്ല. നമ്മള്‍ രണ്ടുപേരുമേയുള്ളൂ. ആരോഗ്യവാനും സുമുഖനുമായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയായൊരു സ്‌ത്രീയും. ശീതകാലം. പുറത്ത് ഉഗ്രമായ തണുപ്പ്. ഉള്ളിലെ ഹീറ്ററിന്റെ സുഖദമായ ചൂട്. നല്ല വിരിപ്പിട്ട കിടക്ക. നിങ്ങളെന്തു ചെയ്യും?''

ശിവന്‍ നടുങ്ങി.

"ഞാന്‍... ഞാന്‍...'' അവന്‍ വിക്കി. ഒടുവിലവന്‍ ചാടിയെണീറ്റുകൊണ്ട് പറഞ്ഞു. "ഞാന്‍ പോകും.''

പ്രശ്‌നസങ്കീര്‍ണമായ വേളകളിലെല്ലാം വ്യക്തമായ നിലപാടുകളെടുക്കാന്‍ കഴിയാതെ ഓടിയൊളിക്കുന്ന യുവത്വമാണ് 'ഉഷ്‌ണമേഖല'യിലെ ശിവനിലൂടെ വെളിപ്പെടുന്നത്. വിപ്ളവപ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും ആ ചഞ്ചലത്വം പ്രകടമാകുന്നതു കാണാം. സുഹൃത്തായ രാമകൃഷ്‌ണന്റെ വാദഗതികള്‍ക്കുമുന്നില്‍ അയാള്‍ ചൂളിപ്പോകുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിയുന്നുണ്ടെങ്കിലും, ബന്ധങ്ങളുടെ തീവ്രതയല്ല മറിച്ച് അപരാധബോധവും പാപഭീതിയുമാണ് അയാളെ കുടുംബരക്ഷകനാക്കി മാറ്റുന്നത്. കുടുംബത്തിനുവേണ്ടിയാണ് നഗരജീവിതം വരിക്കുന്നതെങ്കില്‍, ആ കുടുംബത്തിലെത്തിച്ചേരാനുള്ള ഗൃഹാതുരമായ ഒരു അഭിനിവേശം അയാളില്‍ പ്രകടമാകേണ്ടതല്ലേ? തന്റെ സാന്നിധ്യം അവശ്യം ആവശ്യമായ ഘട്ടങ്ങളിലൊഴികെ ഒരിക്കല്‍പ്പോലും
പിറന്ന നാട്ടിലേക്കു വരാന്‍ അയാള്‍ തയ്യാറാകുന്നില്ല. അമ്മയോടും സഹോദരങ്ങളോടുമെല്ലാമുള്ള അയാളുടെ ബന്ധം തികച്ചും പാരമ്പര്യമായ കണക്കുതീര്‍ക്കലുകളില്‍നിന്ന് രൂപപ്പെടുന്നതാണ്. അല്ലെങ്കില്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയാണ് അയാളുടെ കുടുംബസ്‌നേഹം.

അമ്മ പറഞ്ഞു:

"നിന്റെ ഇളയത്തുങ്ങള്‍ പഷ്‌ണി കിടക്കുന്നു. നിന്റെ അമ്മ മുണ്ട് മുറുക്കിയുടുത്തുനടന്ന് പണിയെടുക്കുന്നു. നിന്റെ അനിയത്തിമാര്‍ കീറപ്പാവാടയും കീറബ്ളൌസുമായി സ്‌കൂളില്‍ പോകുന്നു. നിന്റനിയന്‍ വിശന്നു കരയുന്നു. ഈ കുട്ടികള്‍ക്ക് വസ്‌ത്രവും ഭക്ഷണവും തരേണ്ടതാരാണ്? അവരെ നോക്കേണ്ടത് ആരാണ് ? അതും അച്ഛനില്ലാത്ത സമയത്ത്. ഇപ്പോള്‍ വാസ്‌തവത്തില്‍ അവരുടെ അച്ഛന്‍ നീയാണ്. അവര്‍ക്ക് നീയേ ഉള്ളൂ. പ്രസ്ഥാനത്തോടു നിനക്കുള്ള സ്‌നേഹം നല്ലതുതന്നെ. പക്ഷേ, ഞങ്ങളോടു നിനക്ക് ഒരു കടപ്പാടുമില്ലേ മോനേ, ഇല്ലേ.''

കരച്ചിലിനിടയിലും അമ്മ ഉണര്‍ത്തുന്നത് കടപ്പാടുകളുടെ കണക്കുകളാണ്. അതിലേ ശിവനെന്ന വിപ്ളവകാരിയെ വീഴ്ത്താനാവൂ എന്നവര്‍ക്ക് അറിയാം. കാരണം ബന്ധങ്ങള്‍ ശിവനെ സംബന്ധിച്ചിടത്തോളം തികച്ചും യാന്ത്രികമാണ്. ജോലി തേടി ഡല്‍ഹിയിലെത്തി. മാന്യമായ തൊഴില്‍ നേടി കടപ്പാടുകള്‍ വീട്ടി. സഹോദരിമാരായ ലീലയെയും വനജയെയും വിവാഹം കഴിപ്പിച്ചു. അനുജന്‍ കേശവന്‍കുട്ടിക്ക് പഠനത്തിന് പണം നല്‍കി. പക്ഷേ അവന്റെ പഠനം എന്തായെന്ന് ചോദിക്കാനോ അറിയാനോ അയാള്‍ ശ്രമിക്കുന്നില്ല. അമ്മയുടെ സുഖവിവരം പോലും അയാള്‍ ആരായുന്നില്ല. കടപ്പാടുകള്‍ക്കുവേണ്ടി ബലിയാടായ മനുഷ്യന്റെ മൃതശരീരവുമായിട്ടാണ് താന്‍ ജീവിക്കുന്നതെന്ന് അയാള്‍ കൂടെക്കൂടെ ഉരുവിടുന്നുണ്ട്. തനിക്കുവേണ്ടി രക്തസാക്ഷിയായ കരുണന്റെ കുടുംബത്തെ സഹായിക്കുന്നതില്‍പോലും ഒരു പാപപരിഹാരത്തമല്ലാതെ മറ്റൊന്നില്ല.

കേശവന്‍കുട്ടി മുന്നോട്ടുവയ്‌ക്കുന്ന വിപ്ളവതത്വങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികബലം ഇല്ലാത്തയാളാണ് ശിവന്‍കുട്ടി. തന്റെ ഔദാര്യത്താല്‍ വളര്‍ന്നവന് വിപ്ളവകാരിയായി മാറാനുള്ള യോഗ്യത ഇല്ലെന്ന യാഥാസ്ഥിതിക മനോഭാവമാണ് ശിവനെ നയിക്കുന്നത്. അത് തുറന്നുപറയാന്‍പോലും അയാള്‍ തയ്യാറാകുന്നു. കടപ്പാടിന്റെ ചൂണ്ടയില്‍ കുരുക്കപ്പെട്ട തന്നെപ്പോലെയാകണം അനുജനും എന്നാണ് അയാള്‍ വിശ്വസിക്കുന്നത്. പക്ഷേ ഔദാര്യങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന കേശവന്‍കുട്ടിക്ക് രാഷ്‌ട്രീയത്തെ സംബന്ധിച്ച് ഉയര്‍ന്ന കാഴ്‌ചപ്പാടുണ്ട്. എഴുപതുകളില്‍ കേരളത്തില്‍ തിരനോട്ടം നടത്തിയ നക്സലിസ്‌റ്റ് പ്രസ്ഥാനത്തിന് ആദര്‍ശാത്മകരൂപം പകരുകയാണ് കാക്കനാടന്‍ കേശവന്‍കുട്ടിയിലൂടെ. തീവ്രാവേശവും അരാജകതയും യുവാക്കളില്‍ കുത്തിനിറയ്‌ക്കുന്നതില്‍ നമ്മുടെ ആധുനിക എഴുത്തുകാര്‍ വഹിച്ച പങ്ക് ഇവിടെ പ്രത്യേകം പ്രസ്‌താവ്യമാണ്.

കേശവന്‍കുട്ടി വര്‍ധിച്ച ആവേശത്തോടെ പറഞ്ഞു.

"ഞങ്ങള്‍ ചത്താല്‍ ചാവട്ടെ. ഞങ്ങളുടെ മൃതദേഹങ്ങള്‍ വീണുകിടക്കുന്ന ചാവുനിലത്തുനിന്ന് പുതിയ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവര്‍ പ്രസ്ഥാനത്തെ നയിക്കും. അവര്‍ വിപ്ളവം നടത്തും. അവര്‍ വിജയിക്കും. വിത്തു പാകുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ബാക്കി ഞങ്ങളുടെ പിന്‍മുറക്കാര്‍ നോക്കിക്കൊള്ളും.''

കേശവന്‍കുട്ടിമാരുടെ തീവ്രാവേശത്തിരകള്‍ക്ക് കാറ്റ് പകരുന്ന നോവലിസ്‌റ്റ് അയഥാര്‍ഥത്തിന്റെ ഭൂമികയിലാണ് വിപ്ളവപ്രസ്ഥാനങ്ങളെ പ്രതിഷ്‌ഠിക്കുന്നത് എന്ന കാര്യം വിസ്‌മരിക്കുകയാണ്. യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നവരെ 'റെനിഗേഡുകള്‍' എന്നു വിളിക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല.

'സ്വന്തം കാര്യലാഭത്തിനുവേണ്ടി, തടി രക്ഷിക്കാന്‍വേണ്ടി പ്രസ്ഥാനത്തെ വിട്ടകന്നോടിയ ഒരു 'റെനിഗേഡിന്റെ' ജീവിതത്തെ മുന്‍നിറുത്തി ഒരു പ്രസ്ഥാനത്തിന്റെ ഗുണദോഷവിചിന്തനം നടത്താന്‍ 'ഉഷ്‌ണമേഖല'യിലൂടെ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ പ്രധാന പരാജയങ്ങളിലൊന്ന്. ജനാധിപത്യത്തിലേക്ക് പ്രവേശിച്ച പ്രസ്ഥാനത്തിന് സംഭവിച്ച ചില്ലറ അപചയങ്ങളെയും, വിപ്ളവത്തിലേക്ക് എത്തിച്ചേരുന്നവര്‍ക്കുണ്ടാകുന്ന വൈയക്തിക ദുരന്തങ്ങളെയും സാമാന്യവല്‍ക്കരണത്തിന് വിധേയമാക്കുന്നു എന്ന വലിയ പോരായ്‌മയും ഇവിടെ നിഴലിക്കുന്നുണ്ട്. ഇതിനു പകരമായി ഹിംസയുടെ തത്വശാസ്‌ത്രത്തെ പ്രതിഷ്‌ഠിക്കാനുള്ള ബുദ്ധിപരമായ തന്ത്രങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോള്‍ രാഷ്‌ട്രീയമായ ഒരുറപ്പില്ലായ്‌മയാണ് 'ഉഷ്‌ണമേഖല'യുടെ രചനാവേളയില്‍ കാക്കനാടെനെന്ന നോവലിസ്‌റ്റിനെ നയിച്ചിരുന്നത്. ആശയപരമായ ശൈഥില്യം കാക്കനാടന്റെ ഒട്ടുമിക്ക നോവലുകളിലും പ്രകടമാണെന്ന കെ. പി. അപ്പന്റെ നിരീക്ഷണം 'ഉഷ്‌ണമേഖല'യ്‌ക്കും ബാധകമായിത്തീരുന്നുണ്ട്.

"നിര്‍മാണവേളയില്‍ നോവലിസ്‌റ്റായ കാക്കനാടന്‍ പലപ്പോഴും ശിഥിലസമാധിയിലാണ്... നിര്‍ഭാഗ്യകരമായ വിശുദ്ധബലിയെ അനുസ്‌മരിക്കുംമട്ടില്‍ നിര്‍മാണവേളയില്‍ അദ്ദേഹം ശിഥിലസമാധിയില്‍ അകപ്പെടുന്നു.'' (കെ. പി. അപ്പന്‍, 'മാറുന്ന മലയാള നോവല്‍')

അതെ, ദാര്‍ശനികമായ ഇച്ഛാശക്തിയില്ലായ്‌മയില്‍നിന്ന് രൂപംകൊണ്ട രാഷ്‌ട്രീയ സങ്കല്‍പങ്ങളാണ് 'ഉഷ്‌ണമേഖല'യെ സൃഷ്‌ടിച്ചിരിക്കുന്നത്. റെനിഗേഡിന്റെ ഗതികേടുകളാണ് ഇതിലെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയാണ് 'ഉഷ്‌ണമേഖല'യ്‌ക്ക് നല്ല രാഷ്‌ട്രീയമനസ്സുകളെ കടന്നാക്രമിക്കാന്‍ കഴിയാതെപോയത്.

*****


ഡോ. സി. ഉണ്ണികൃഷ്‌ണന്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

No comments: