1930കള്‍ക്ക് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ട് ലോക സമ്പദ്ഘടനയിലെ വലിയൊരു ഭാഗം മുങ്ങിത്താഴ്ന്നിരിക്കുന്നതിനാല്‍, വ്യാപാര മത്സരങ്ങളും നാണയ മത്സരങ്ങളും തീവ്രമായിരിക്കുകയാണ്; അത് ഭൌമ-രാഷ്ട്രീയ സംഘട്ടനങ്ങളുടെ രൂപം കൈവരിക്കുമെന്ന ഭീഷണിപോലുമുണ്ട്. പാശ്ചാത്യലോകത്തില്‍ വലിയൊരു വിഭാഗത്തിന്റെ ശ്രദ്ധ ചൈനയുടെ നാണയത്തില്‍ ഒട്ടിപ്പിടിച്ചുനില്‍ക്കുകയാണ്; ചൈനീസ് കറന്‍സിയുടെ വിനിമയംമൂല്യം താഴ്ത്തിനിര്‍ത്തിയിരിക്കുന്നതുമൂലം തങ്ങള്‍ ഇപ്പോള്‍ നേഗരിടുന്ന വിപത്തുകള്‍ വര്‍ദ്ധിക്കും എന്നാണ് പാശ്ചാത്യലോകത്തിന്റെ വാദം. അമേരിക്കയെപ്പോലുള്ള കമ്മി രാജ്യങ്ങളുടെ വാദഗതി ഇങ്ങനെയാണ്-ചൈനയുടെ നാണയത്തിന്റെ വിനിമയമൂല്യം തീരെ താഴ്ത്തിനിര്‍ത്തിക്കൊണ്ട് അവര്‍ പരോക്ഷമായി തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുകയും ലോക വപണിയില്‍ അന്യായമായി നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം നാണയത്തിന്റെ വിനിമയമൂല്യം താഴ്ത്തിനിര്‍ത്തിയിരിക്കുന്നതുമൂലം വിദേശ ഉല്‍പാദകരില്‍നിന്ന് ആഭ്യന്തര ഉല്‍പാദകരിലേക്ക് ചോദനത്തെ വ്യതിചലിപ്പിക്കാന്‍ ചൈനയ്ക്ക് സൌകര്യം ലഭിക്കുന്നു. ഇത് അവര്‍ക്ക് അതിവിപുലമായ വ്യാപാരമിച്ചം ലഭ്യമാക്കുകയും ചെയ്യുന്നു (അതായത്, ഇറക്കുമതിയെക്കാള്‍ അധികം കയറ്റുമതി).
ചൈനയ്ക്കെതിരെ പ്രത്യയശാസ്ത്രപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരില്‍ പ്രധാനികള്‍ നോബല്‍ സമ്മാനിതനായ പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ചില സുപ്രസിദ്ധ വ്യക്തികളാണ്. അവരുടെ അഭിപ്രായങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്കന്‍ ധനവകുപ്പിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ചൈനയെ നാണയ ജാലവിദ്യക്കാരായി ഔദ്യോഗികമായി മുദ്രകുത്തണമെന്ന് 2010 മാര്‍ച്ചില്‍ 130 കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. റെന്‍മിന്‍ബിയുടെ വിനിമയമൂല്യം ക്രമീകരിക്കാന്‍ ചൈനയ്ക്കുമേല്‍ നയതന്ത്രപരമായ സമ്മര്‍ദ്ദം ശക്തിപ്പെടുത്തണമെന്ന് അവര്‍ അമേരിക്കന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ്. ഇത്തരം നയതന്ത്രപരമായ നീക്കങ്ങള്‍ വിഫലമാവുകയാണെങ്കില്‍, "ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ ചുങ്കങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള അമേരിക്കയുടെ കൈവശമുള്ള എല്ലാ ഉപകരണങ്ങളും പ്രയോഗിക്കുന്ന കാര്യം പരിഗണിക്കണം'' എന്നും ഈ കോണ്‍ഗ്രസംഗങ്ങള്‍ വാദിക്കുന്നു. അമേരിക്കന്‍ ധനവകുപ്പ് തങ്ങളുടെ കറന്‍സി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം രണ്ടുപ്രാവശ്യം മാറ്റിവെയ്ക്കുകയുണ്ടായി-ആദ്യം ഏപ്രില്‍ മാസത്തിലും പിന്നീട് വീണ്ടും ഒക്ടോബറിലും. സമീപകാലത്ത് സമാപിച്ച, സോളില്‍ ചേര്‍ന്ന ജി-20ന്റെ യോഗത്തില്‍ അമേരിക്ക ഈ വിഷയം അവതരിപ്പിക്കുകയുണ്ടായി; പക്ഷേ അവിടെ ഒരു പരിഹാരവുമുണ്ടായില്ല. ആയതിനാല്‍ ചൈനീസ് ചരക്കുകള്‍ക്കുമേല്‍ ഇറക്കുമതി ചുങ്കങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനുമേലുള്ള ആഭ്യന്തര സമ്മര്‍ദ്ദം വീണ്ടും വര്‍ദ്ധിക്കുകയാണ്; ഒരു പാര്‍ലമെന്ററി (കോണ്‍ഗ്രഷണല്‍) ഉപദേശകസമിതി അടുത്തകാലത്ത് ചൈനയെ ഒരു നാണയ ജാലവിദ്യക്കാരായി (currency manipulator) ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഈ വാദഗതി അവിടെ ശക്തമായിരിക്കുകയാണ്.
ഈ സംവാദത്തിന്റെ മറുവശത്ത്, ചൈനക്കാര്‍ അമേരിക്കയെയാണ് കുറ്റപ്പെടുത്തുന്നത്; ഭാഗികമായി ഇത് അമേരിക്കയും ഏറ്റുമുട്ടല്‍ സമീപനത്തോടുള്ള പ്രതികരണമെന്ന നിലയിലാണ്. അയഞ്ഞ നാണയനയം പിന്തുടര്‍ന്നുകൊണ്ട് ഡോളറിന്റെ വിലകുറയ്ക്കാനാണ് അമേരിക്ക നോക്കുന്നത്. ഇത്തരം അയഞ്ഞ നാണയനയത്തിനൊപ്പം വരുന്ന കുറഞ്ഞ പലിശനിരക്ക്, ധനനിക്ഷേപകരെ (financial investors) സംബന്ധിച്ചിടത്തോളം അമേരിക്ക അനാകര്‍ഷകമായ ലക്ഷ്യസ്ഥാനം ആക്കി മാറിയിരിക്കുന്നു. അങ്ങനെ ബോണ്ടും ഓഹരി വിപണിയും വളരെ ഉയര്‍ന്ന ആദായം വാഗ്ദാനംചെയ്യുന്ന രാജ്യങ്ങളിലേക്ക് അമേരിക്കയില്‍നിന്നുള്ള ഇത്തരം നിക്ഷേപങ്ങള്‍ ഒഴുകിപ്പോകാന്‍ നിര്‍ബന്ധിതമാക്കുന്നു. ചൈനയ്ക്കും ബ്രസീലിനും മറ്റു ചില രാജ്യങ്ങള്‍ക്കും ഒപ്പം ഇന്ത്യയും അടുത്തകാലത്തായി ധനവിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കിനെ അഭിമുഖീകരിക്കുന്നതിന്റെ കാരണം ഇതാണ്. അമേരിക്കയില്‍നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഈ വരവ് ഈ രാജ്യങ്ങളുടെ-ജര്‍മ്മനിയും ചൈനയും-നാണയങ്ങള്‍ക്കുമേല്‍ മുകളിലേക്ക് ലക്ഷ്യമിട്ടുള്ള സമ്മര്‍ദ്ദംചെലുത്തുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് അമേരിക്ക തങ്ങളുടെ വ്യാപാര പങ്കാളികളുടെ നാണയങ്ങളുടെ വിനിമയമൂല്യം പുന:ക്രമീകരിക്കുന്നതിന് അവരെ നിര്‍ബന്ധിതരാക്കാന്‍ ഒരു അന്താരാഷ്ട്ര നയമെന്ന നിലയില്‍ മൂല്യംകുറഞ്ഞ പണം ഉപയോഗിക്കുന്നതായാണ്. ഇത്തരത്തില്‍ അവരുടെ നാണയങ്ങളുടെ വിനിമയമൂല്യം പുന:ക്രമീകരിക്കുന്നത് അവരുടെ ഉല്‍പന്നങ്ങളുടെ ഡോളര്‍ അടിസ്ഥാനത്തിലുള്ള വില വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നും അത് അമേരിക്കന്‍ ഉല്‍പാദകര്‍ക്ക് അനുകൂലമാകുമെന്നും ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആരോപിക്കുന്നു.
വളര്‍ന്നുവരുന്ന നാണയ സംഘര്‍ഷങ്ങളുടേതായ ഇപ്പോഴത്തെ അനുഭവം മഹാമാന്ദ്യകാലത്തെ അന്താരാഷ്ട്ര സാമ്പത്തിക അനുഭവങ്ങളോട് പേടിപ്പെടുത്തുന്ന സമാനത പുലര്‍ത്തുന്നതാണ്. മഹാമാന്ദ്യകാലത്ത് മിക്ക രാജ്യങ്ങളും തങ്ങളുടെ നാണയത്തിന്റെ വിനിമയമൂല്യം കുറച്ചുകൊണ്ട് മറ്റുരാജ്യങ്ങളുടെ ചോദനം കവര്‍ന്നെടുത്ത് സാമ്പത്തികമാന്ദ്യത്തെ നേരിട്ടിരുന്നു. അവയുടെ അതേ സ്വഭാവംകൊണ്ടുതന്നെ, നാണയത്തിന്റെ വിനിമയമൂല്യം കുറയ്ക്കുന്നതുപോലുള്ള അയല്‍ക്കാരനെ കുത്തുപാളയെടുപ്പിക്കുന്ന നയം ഒരു (സീറോ സം ഗെയിം- ഒരു വശത്ത് ലഭിക്കുന്ന നേട്ടത്തിന് തുല്യമായ നഷ്ടം മറുവശത്തിന് ഉണ്ടാക്കുന്ന മത്സരം) ആയി മാറിയിരിക്കുകയാണ്. നാണയത്തിന്റെ വിനിമയ മൂല്യശോഷണത്തിലൂടെ ഉയര്‍ന്ന ചുങ്കങ്ങള്‍ ചുമത്തിയും തങ്ങളുടെ വ്യാപാരമിച്ചം വര്‍ദ്ധിപ്പിക്കുന്ന രാജ്യങ്ങള്‍ അവരുടെ തൊഴിലില്ലായ്മയും മാന്ദ്യവുംകൂടി വ്യാപാര പങ്കാളികളിലേക്ക് കയറ്റിഅയക്കുകയാണ്. അതിനുപുറമെ, ഇത്തരം നയങ്ങള്‍ രാജ്യങ്ങള്‍തമ്മില്‍ ശത്രുതയുടെയും സംശയത്തിന്റെയും പരിത:സ്ഥിതിയും സൃഷ്ടിച്ചു. ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥിതി തടസ്സം സൃഷ്ടിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്.
1930കളിലെ പിശകുകളുടെ ആവര്‍ത്തനമാണ് നാണയ യുദ്ധങ്ങളുടെ രൂപത്തില്‍ ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. നാണയങ്ങളുടെ വിനിമയമൂല്യം സംബന്ധിച്ച ഇപ്പോഴത്തെ വിവാദങ്ങള്‍ ഫലപ്രദമായ ചോദനത്തിന്റെ അഭാവംഎന്ന കൂടുതല്‍ അടിയന്തിര സ്വഭാവമുള്ള വിഷയത്തില്‍നിന്ന് ശ്രദ്ധ മാറ്റുകയാണ്. ചൈനയുടെ നാണയത്തിന്റെ വിനിമയമൂല്യം പുന:ക്രമീകരിക്കാന്‍ അവര്‍ക്കുമേല്‍ സമര്‍ദ്ദം ശക്തിപ്പെടുത്തുകയാണെന്നിരിക്കട്ടെ. നിശ്ചയമായും അത് ചൈനീസ് ഉല്‍പന്നങ്ങളുടെ വില ഡോളര്‍ അടിസ്ഥാനത്തില്‍ വര്‍ദ്ധിക്കുന്നതിനിടയാക്കും. അങ്ങനെ അത് ചൈനയുടെ വ്യാപാര പ്രതിയോഗികള്‍ക്ക് സാമ്പത്തികമാന്ദ്യത്തില്‍നിന്നുള്ള കരകയറ്റത്തിന് സഹായിക്കുന്നു. പക്ഷേ, ചൈനയിലെ ഫലപ്രദമായ ചോദനവും തൊഴില്‍ അവസരങ്ങളും തട്ടിയെടുത്തുകൊണ്ടുള്ളതാണ് ഈ കരകയറ്റം. റെന്‍മിന്‍ബി വിനിമയമൂല്യ പുന:ക്രമീകരണത്തിന്റെ ഈ മറുപുറമാണ് ഇപ്പോഴത്തെ വിവാദങ്ങളില്‍ കാണാതെപോകുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആവശ്യമായിട്ടുള്ളത് ആഗോള കെയ്നീഷ്യനിസത്തിന്റെ ചില രൂപങ്ങളിലേക്കുള്ള ചുവടുമാറ്റമാണ്. അങ്ങനെ ആഗോള ചോദനം മേലോട്ട് ക്രമീകരിക്കപ്പെടണം. ഈ ക്രമീകരണത്തിനുള്ള ഉത്തരവാദിത്വം ആനുപാതികമായി മിച്ച രാജ്യങ്ങള്‍ക്കുമേല്‍ കുടുതല്‍ പതിക്കുകയും ചെയ്യും. കമ്മി രാജ്യങ്ങള്‍ക്കുമേല്‍ ക്രമീകരണത്തിന്റെ സമര്‍ദ്ദം ലഘൂകരിക്കുന്നതിന് (കമ്മി രാജ്യങ്ങളില്‍ ഏറെയും വികസ്വരരാജ്യങ്ങളുമാണ്) ആഗോള ചോദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുഖ്യപങ്ക് മിച്ച രാജ്യങ്ങള്‍ വഹിക്കണം.
വളരെ അധികം വ്യാപാരമിച്ചമുള്ള ഒരേ ഒരു രാജ്യമല്ല ചൈന എന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടത് ഈ അവസരത്തില്‍ അനുപേക്ഷണീയമാണ്. ജര്‍മ്മനിയുടെ വ്യാപാരമിച്ചം ഏറെക്കുറെ ചൈനയ്ക്കുള്ള അത്രതന്നെയുണ്ട്. ജര്‍മ്മനിയുമായും ചൈനയുമായും താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെങ്കിലും ജപ്പാന്റെ വ്യാപരമിച്ചവും തികച്ചും ഗണ്യമായത്രയാണ്. ജര്‍മ്മനിയുടെയും ജപ്പാന്റെയും വ്യാപാര മിച്ചത്തെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുകയും അതേസമയം ചൈനയില്‍നിന്ന് കൂടുതല്‍ സന്തുലിതമായ നിലപാട് ആവശ്യപ്പെടുകയും ചെയ്യുന്നത് കാപട്യമാണ്. ആഭ്യന്തര ചോദനം ഉയര്‍ത്തി ക്രമീകരിക്കുന്നതിലൂടെ കൂടുതല്‍ സന്തുലിതമായ സ്ഥിതിയിലേക്ക് നീങ്ങാന്‍ എല്ലാ മിച്ച രാജ്യങ്ങളെയും നിര്‍ബന്ധിക്കേണ്ടതാണ്.
അതിനുംപുറമെ, സാമ്പത്തിക പ്രതിസന്ധിക്കുശേഷം ചൈന, ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നതിനും വിലയിരുത്തപ്പെടുന്നതിനും ഉപരിയായി, ലോക സമ്പദ്ഘടനയില്‍ ചോദനം ഉദ്ദീപിപ്പിക്കാന്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2010ലെ ആദ്യത്തെ 10 മാസക്കാലം ചൈനയുടെ വ്യാപാരമിച്ചം 14850 കോടി ഡോളര്‍ ആയിരുന്നു. ഇത് 2008ലെ ആദ്യ പത്തുമാസക്കാലത്തെ ചൈനയുടെ വ്യാപാരമിച്ചത്തെ അപേക്ഷിച്ച് കുറയുകയാണുണ്ടായത്. ഇതേ കാലഘട്ടത്തില്‍ ജര്‍മ്മനിയുടെ വ്യാപാര മിച്ചമാകട്ടെ ഏകദേശം 3100 കോടി യൂറോ മാത്രമേ കുറഞ്ഞുള്ളു. ജപ്പാനാകട്ടെ അത് നല്‍കിയ സംഭാവനകൊണ്ട് ആകെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം, ജപ്പാന്റെ വ്യാപാരമിച്ചം ഈ കാലഘട്ടത്തില്‍ ഏകദേശം 4000 കോടി ഡോളര്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജപ്പാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ചോദനം ഊറ്റിയെടുത്തു; അതേസമയം അവര്‍ നേരെമറിച്ചാണ് ചെയ്യുന്നതായി കണക്കാക്കപ്പെടുന്നത്.
ചൈനയുടെ വമ്പിച്ച ധന ഉത്തേജക പാക്കേജ് കാരണം മറ്റു രാജ്യങ്ങളെക്കാള്‍ അതിവേഗത്തില്‍ അവര്‍ക്ക് തങ്ങളുടെ വ്യാപാരമിച്ചം ഒഴിവാക്കാന്‍ കഴിയുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ധന ഉത്തേജക പാക്കേജുകളുടെ വലിപ്പത്തെ ഇസബെല്‍ ഓര്‍ഡിസ് താരതമ്യംചെയ്യുന്നുണ്ട്. അവര്‍ നടത്തിയ താരതമ്യം വെളിപ്പെടുത്തുന്നത് മറ്റേതൊരു മിച്ച രാജ്യത്തെക്കാള്‍ വലിയ ഉത്തേജക പാക്കേജാണ് ചൈനയുടേത് എന്നാണ്. ചൈനയുടെ ഉത്തേജക പദ്ധതിയുടെ വലിപ്പം 58600 കോടി ഡോളറായിരുന്നു. അതേസമയം ജര്‍മ്മനിയുടേത് 10330 കോടി ഡോളറും ജപ്പാന്റേത് 11,000 കോടി ഡോളറുമായിരുന്നു.
ഇതു സംബന്ധിച്ച അമേരിക്കയുടെ പ്രകടനവും അശേഷം തൃപ്തികരമല്ല. ഔദ്യോഗികമായി, പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് 78700 കോടി ഡോളറിന്റേതായിരുന്നു. ഇതുപ്രകാരം ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പാക്കേജ്. എന്നാല്‍, ഈ ഉത്തേജക പാക്കേജിലെ വളരെ വലിയ ഭാഗം നിരര്‍ത്ഥകമാക്കപ്പെടുകയാണുണ്ടായത്. കാരണം, പ്രതിസന്ധിമൂലം നികുതി വരുമാനത്തില്‍ വലിയ ഇടിവ് നേരിട്ട അമേരിക്കയിലെ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളെ സന്തുലിതമായ ബജറ്റ് അംഗീകരിക്കാന്‍ ഭരണഘടനയും ചാര്‍ടറുകളും നിര്‍ബന്ധിതരാക്കുന്നു. ഡീന്‍ ബേക്കറും റിവ്ക ഡ്യൂഷും നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം സംസ്ഥാന-പ്രാദേശിക തലങ്ങളിലുള്ള നികുതി വര്‍ദ്ധനവുകളും ചെലവ്ചുരുക്കലുകളും കിഴിച്ചശേഷം 2009ലും 2010ലും ഒരോ വര്‍ഷവും 12600 കോടി ഡോളര്‍ മാത്രമാണ് അമേരിക്കയുടെ ഉത്തേജക പാക്കേജിന്റെ വലിപ്പം. ആയതിനാല്‍ ചൈനയുടെ ഉത്തേജക പാക്കേജിന്റെ പകുതിയില്‍ താഴെ മാത്രമേ അമേരിക്കന്‍ പാക്കേജ് വരുന്നുള്ളൂ. ഇതേപോലെ ദുര്‍ബലമായ ഒരു ഉത്തേജക പാക്കേജ് മാത്രമുള്ള അമേരിക്കയെ അല്ലാതെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് മറ്റാരെയെങ്കിലും അവര്‍ക്ക് കുറ്റപ്പെടുത്താനാകുമോ? പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ അമേരിക്കന്‍ സര്‍ക്കാര്‍ കടബാദ്ധ്യതയിലെ വര്‍ദ്ധനവില്‍ ഏറെയും സമ്പദ്ഘടനയില്‍ ഉല്‍പാദനവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആയിരുന്നില്ല, നേരെമറിച്ച്, വന്‍കിട ബാങ്കുകള്‍ക്ക് നല്‍കിയ രക്ഷാപദ്ധതിയുടെ തുക കാരണമായിരുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അമേരിക്കയ്ക്ക് കഴിയാതിരിക്കുന്നത് ചൈന വലിയ വ്യാപാരമിച്ചം ഉണ്ടാക്കുന്നതുകൊണ്ടാണ് എന്ന് ആരോപിക്കാനാവില്ല. ഏതുവിധത്തില്‍ നോക്കിയാലും ചൈനയുടെ വ്യാപാരമിച്ചം കഴിഞ്ഞ രണ്ടുവര്‍ഷമായി കുത്തനെ കുറഞ്ഞിരിക്കുകയുമാണ്.
സര്‍ക്കാര്‍ ചെലവഴിക്കലുകളിലൂടെ നേരിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടുന്ന കരകയറ്റത്തിലേക്കുള്ള സാമ്പത്തികപാത വാശിയോടെ ത്യജിക്കുന്ന അമേരിക്കയ്ക്ക് പ്രതിസന്ധിയില്‍നിന്നുള്ള കരകയറ്റത്തെ സഹായിക്കുമെന്ന പ്രതീക്ഷയില്‍ മൂല്യമില്ലാത്ത പണം സമ്പദ് വ്യവസ്ഥയിലേക്ക് പ്രവഹിപ്പിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. തല്‍ഫലമായി ഉയര്‍ന്ന ആദായനിരക്ക് ലഭിക്കുന്ന രാജ്യങ്ങളിലേക്ക് വലിയ തോതില്‍ പണം ഒഴുകുന്നതാണ് ഈ സമ്പദ്ഘടനകളിലെ മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റത്തില്‍ പുതിയ അപകട സാധ്യതകള്‍ സൃഷ്ടിക്കുന്നത്. വിദേശവ്യാപാര കണക്കില്‍ ഇപ്പോള്‍തന്നെ വലിയകമ്മിയുള്ള ഇന്ത്യയെപ്പോലുള്ള സമ്പദ്ഘടനകളെ സംബന്ധിച്ചിടത്തോളം കയറ്റുമതിയിലെ കുറവ് ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കും. ഈ സ്ഫോടനാത്മകമായ മൂലധനപ്രവാഹം രാജ്യങ്ങള്‍തമ്മില്‍ കുറ്റപ്പെടുത്തലിനുള്ള മറ്റൊരു വിഷയംകൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം മൂലധന പ്രവാഹത്തെ നിയന്ത്രിക്കുന്നതിന് അതിന് ഇരയാകുന്ന രാജ്യങ്ങളുടെ കൈയില്‍തന്നെ പലവിധ ഉപകരണങ്ങളുണ്ട്; എന്നിട്ടും അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നത് അമേരിക്കയിലെ പണപരമായ സമാശ്വാസത്തിലേക്കായാണ്; കുറ്റമറ്റതല്ലെങ്കിലും ഇതും അമേരിക്കയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ചോദനവും തൊഴില്‍ അവസരങ്ങളും ഉത്തേജിപ്പിക്കുന്നതിനുള്ള വഴികളില്‍ ഒന്നുതന്നെയാണ്. അമേരിക്കയിലെ പണപരമായ സമാശ്വാസത്തെക്കാള്‍ അതിര്‍ത്തി കടന്നുള്ള ധനപ്രവാഹത്തെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരുകള്‍ തയ്യാറാകാത്തതിലാണ് പ്രശ്നത്തിന്റെ അടിവേര് കിടക്കുന്നത്.
അതിനാല്‍, ആഗോള കരകയറ്റത്തിനുള്ള ഏറ്റവും ഗൌരവതരമായ പ്രതിബന്ധം റെന്‍മിന്‍ബിയുടെ വിനിമയ മൂല്യം അല്ലതന്നെ; മറിച്ച്, ആഗോളതലത്തില്‍ ഫലപ്രദമായ ചോദനത്തിന്റെ കുറവാണ്. ഈ കാര്യത്തില്‍, ചൈനയുടെ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതിക്കൊപ്പം അവര്‍ നല്‍കുന്ന സംഭാവനയെയും, അവര്‍ ഇനിയും ഏറെ ചെയ്യണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍പോലും, വിലമതിക്കേണ്ടതുണ്ട്. അതേസമയംതന്നെ, ജര്‍മ്മനിയെയും ജപ്പാനെയുംപോലെയുള്ള രാജ്യങ്ങളെയും അവരുടെ ആഭ്യന്തര ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കേണ്ടതുണ്ട്. അമേരിക്കയും അവരുടെ സമ്പദ്ഘടനയ്ക്ക് ഇതേവരെ പ്രദാനംചെയ്ത അല്‍പമാത്രമായ ധന ഉത്തേജകത്തെക്കാള്‍ ഏറെ നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇത് അത്ര അനായാസമല്ല; കാരണം, ഈ മുഖ്യ മുതലാളിത്ത രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ പിന്തുടരുന്ന നവ ഉദാരവല്‍ക്കരണ ശൈലിയില്‍ മാറ്റംവരുത്തിയേപറ്റൂ. ചോദനത്തിന്റെയും തൊഴിലവസരസൃഷ്ടിയുടെയും മേഖലകളില്‍നിന്ന് പ്രത്യേകിച്ചും ഭരണകൂടം അകന്നുനില്‍ക്കണമെന്നതാണല്ലോ നവ ഉദാരവല്‍ക്കരണത്തിന്റെ ശൈലി-ഈ രാജ്യങ്ങളിലെ രാഷ്ട്രീയശക്തികളുടെ അവസ്ഥയില്‍ പ്രധാനമാറ്റം സംഭവിക്കുന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്.
കൃത്യമായും ഇതേ കാരണത്താലാണ് നാണയത്തിന്റെ വിനിമയമൂല്യത്തെ സംബന്ധിച്ച ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ സമീപഭാവിയില്‍ അവസാനിക്കാന്‍ സാധ്യതയില്ലാതിരിക്കുന്നത്. ലോക സമ്പദ്ഘടനയെ ഈ തര്‍ക്കങ്ങള്‍ ഒരു വിധത്തിലും സഹായിക്കില്ല എന്നു മാത്രമല്ല, അത് അന്താരാഷ്ട്ര അന്തരീക്ഷത്തെ വലിയതോതില്‍ വഷളാക്കുമെന്നത് സംശയാതീതവുമാണ്. സര്‍വോപരി, നാണയത്തിന്റെ വിനിമയമൂല്യം ഒരു നിശ്ചിതതലത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍നിന്നും രാജ്യങ്ങളെ തടയുന്ന അന്താരാഷ്ട്ര നിയമങ്ങളൊന്നുംതന്നെ നിലവിലില്ല; ഈ പ്രശ്നത്തില്‍ ചൈനയോടുള്ള അമേരിക്കയുടെ ഏറ്റുമുട്ടല്‍ സമീപനം സ്വന്തം നയങ്ങള്‍ തീരുമാനിക്കാനുള്ള ചൈനയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കൂടുതല്‍ വികസനപരമായ നയങ്ങള്‍ കൈക്കൊള്ളണമെന്ന് അമേരിക്കയെയും യൂറോപ്പിനെയും നിര്‍ബന്ധിക്കാന്‍ ചൈനയ്ക്ക് കഴിയാത്തതുപോലെതന്നെ, ചൈനയെ അവരുടെ നാണയത്തിന്റെ വിനിമയമൂല്യം പുന:ക്രമീകരിക്കുന്നതിന് നിര്‍ബന്ധിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല. റെന്‍മിന്‍ബിയുടെ വിനിമയമൂല്യത്തില്‍ ചുറ്റിത്തിരിയുന്നത് കാര്യങ്ങള്‍ നേരെയാക്കാന്‍ അല്‍പവും സഹായകരമല്ല. എന്നാല്‍, അത് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും മൂര്‍ഛിപ്പിച്ച് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. അന്താരാഷ്ട്ര സഹകരണത്തിലൂടെ ആഗോള ചോദനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രതീക്ഷയെത്തന്നെ അത് പരിപൂര്‍ണ്ണമായും ഇല്ലാതാക്കുകയേ ഉള്ളൂ.
*
വിനീത് കോഹ്ലി കടപ്പാട്: ചിന്ത വാരിക 24 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:
1930കള്‍ക്ക് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ട് ലോക സമ്പദ്ഘടനയിലെ വലിയൊരു ഭാഗം മുങ്ങിത്താഴ്ന്നിരിക്കുന്നതിനാല്‍, വ്യാപാര മത്സരങ്ങളും നാണയ മത്സരങ്ങളും തീവ്രമായിരിക്കുകയാണ്; അത് ഭൌമ-രാഷ്ട്രീയ സംഘട്ടനങ്ങളുടെ രൂപം കൈവരിക്കുമെന്ന ഭീഷണിപോലുമുണ്ട്. പാശ്ചാത്യലോകത്തില്‍ വലിയൊരു വിഭാഗത്തിന്റെ ശ്രദ്ധ ചൈനയുടെ നാണയത്തില്‍ ഒട്ടിപ്പിടിച്ചുനില്‍ക്കുകയാണ്; ചൈനീസ് കറന്‍സിയുടെ വിനിമയംമൂല്യം താഴ്ത്തിനിര്‍ത്തിയിരിക്കുന്നതുമൂലം തങ്ങള്‍ ഇപ്പോള്‍ നേഗരിടുന്ന വിപത്തുകള്‍ വര്‍ദ്ധിക്കും എന്നാണ് പാശ്ചാത്യലോകത്തിന്റെ വാദം. അമേരിക്കയെപ്പോലുള്ള കമ്മി രാജ്യങ്ങളുടെ വാദഗതി ഇങ്ങനെയാണ്-ചൈനയുടെ നാണയത്തിന്റെ വിനിമയമൂല്യം തീരെ താഴ്ത്തിനിര്‍ത്തിക്കൊണ്ട് അവര്‍ പരോക്ഷമായി തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുകയും ലോക വപണിയില്‍ അന്യായമായി നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം നാണയത്തിന്റെ വിനിമയമൂല്യം താഴ്ത്തിനിര്‍ത്തിയിരിക്കുന്നതുമൂലം വിദേശ ഉല്‍പാദകരില്‍നിന്ന് ആഭ്യന്തര ഉല്‍പാദകരിലേക്ക് ചോദനത്തെ വ്യതിചലിപ്പിക്കാന്‍ ചൈനയ്ക്ക് സൌകര്യം ലഭിക്കുന്നു. ഇത് അവര്‍ക്ക് അതിവിപുലമായ വ്യാപാരമിച്ചം ലഭ്യമാക്കുകയും ചെയ്യുന്നു (അതായത്, ഇറക്കുമതിയെക്കാള്‍ അധികം കയറ്റുമതി).
Post a Comment