അമേരിക്ക വിക്കി വലയില്‍
രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.
സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന്‍ അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്‍നെറ്റ് ശൃംഖലയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്‍കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന്‍ അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില്‍ നിസ്സാരന്മാരാണെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്‍ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ ചാരപ്രവര്‍ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാനപതിമാര്‍ വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികള്‍പോലും ചാരപ്പണിയില്‍ മുഴുകിയിരിക്കുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്‍കി.
ഇത്തരം രഹസ്യങ്ങള്‍ പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാര്‍ ചിന്തിക്കാന്‍പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്‍കിവന്ന അമേരിക്കന്‍ കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള്‍ പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉത്തരവ് നല്‍കി. എന്നാല്‍, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര്‍ വിക്കിലീക്സിനുവേണ്ടി സൈബര്‍യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമണവിധേയമായി.
സ്വീഡനില്‍ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള്‍ അസാഞ്ചെയെ ജാമ്യം നേടാന്‍ നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള്‍ ദൃഢമാണ്. ഞാന്‍ പ്രകടിപ്പിച്ച ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ നിശ്ചയദാര്‍ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്‍വാസവും) ഇടയാക്കിയുള്ളൂ.
ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്‍ചെയ്തു.
(സാജന്‍ എവുജിന്‍)
ഒറ്റപ്പെടുന്ന ഒബാമ
സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയില്‍ റിപ്പബ്ളിക്കന്മാര്‍ ആധിപത്യം നേടി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്‍ണായക നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.
നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന്‍ ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്‍കുന്നതിനെ ഒബാമ ശക്തിപൂര്‍വം തടയാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ വ്യവസായികള്‍ ഇതിനെ പിന്‍താങ്ങുന്നില്ല. ലാഭമാണ് അവര്‍ക്ക് പ്രധാനം.
അമേരിക്കക്കാരുടെ തകര്‍ന്ന വാങ്ങല്‍ കഴിവ് തിരികെ കൊണ്ടുവരാന്‍ കഴിയുന്നില്ല. 149 ലക്ഷംപേര്‍ തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര്‍ മാസങ്ങളായി സര്‍ക്കാര്‍ സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്‍ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തില്‍ ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം.
യൂറോപ്പില്‍ പ്രക്ഷോഭ കൊടുങ്കാറ്റ്
തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പിലാകെ അലയടിച്ച വര്‍ഷമാണ് കടന്നുപോയത്. സുദീര്‍ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര്‍ നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വ്യാപകമായി. 'സോഷ്യലിസമാണ് ബദല്‍' എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം വീണ്ടും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു. ഫ്രാന്‍സിലും ഗ്രീസിലും പൊതുപണിമുടക്കുകള്‍ പതിവായി. ഫ്രാന്‍സില്‍ എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്‍പോര്‍ട്ട്, റെയില്‍, ട്രാന്‍സ്പോര്‍ട്ട്, പോസ്റല്‍ സര്‍വീസ്, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കുചേര്‍ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്‍ത്താന്‍ 5000 കോടി പവന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കാന്‍ അയര്‍ലന്‍ഡില്‍ ബില്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില്‍ പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.
ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേലിന്റെ സര്‍ക്കാര്‍ ബജറ്റില്‍ 8000 കോടി മാര്‍ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്‍മനിയിയും ഇറ്റലിയിലും പൊതുചെലവില്‍ വന്‍വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കാനും തൊഴില്‍നിയമങ്ങളില്‍ തൊഴിലാളിവിരുദ്ധമായ അയവുകള്‍ വരുത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള്‍ ഗ്രീസില്‍ നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില്‍ പ്രകടനം നടത്തിയത്.
യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല്‍ ഉപേക്ഷിക്കുക, തൊഴിലിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍, വന്‍കിട ബിസിനസുകാരുടെമേല്‍ ഒരുവിധ സമ്മര്‍ദവും ഇല്ല. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്‍ട്സ് കൌണ്‍സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്‍നിന്ന് കാമറോ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍.
രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്‍ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്‍. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന്‍ സാധ്യമല്ല എന്നത് അമേരിക്കയില്‍ ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ അവരെയും രാജ്യങ്ങളെയും കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.
ചൈന കുതിപ്പ് തുടരുന്നു
മാന്ദ്യം സ്പര്‍ശിക്കാതെ ചൈനയുടെ സമഗ്രവളര്‍ച്ച ഇക്കൊല്ലവും തുടര്‍ന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് കറന്‍സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അമേരിക്കന്‍പക്ഷത്തുനില്‍ക്കുന്ന യൂറോപ്യന്‍രാജ്യങ്ങള്‍പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന്‍ കഴിയൂ.
അറുപത്തിഒന്നുവര്‍ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല്‍ സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില്‍ 1990ല്‍ ചൈനീസ് സ്ഥാപനങ്ങള്‍ ലോകറാങ്കിങ്ങില്‍ 73-ാം സ്ഥാനത്തായിരുന്നു. 2008ല്‍ 17-ാം സ്ഥാനത്തായി. 2030ല്‍ മൂന്നാം റാങ്കില്‍ എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യനിര്‍മാജനംമുതല്‍ ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകം. സഹവര്‍ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന്‍ ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.
ഗാസയില്‍ നിലവിളി ഒടുങ്ങുന്നില്ല
ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്‍ഷത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള്‍ ആക്രമിച്ച് ഒന്‍പതുപേരെ വധിച്ച ഇസ്രയേല്‍ നിഷ്ഠുരത ലോകത്തെ നടുക്കി. തുര്‍ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. എന്നാല്‍, തങ്ങള്‍ വളഞ്ഞുവച്ചിരിക്കുന്ന ഗാസയില്‍ ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്‍ക്കിയില്‍നിന്നുള്ള ഒന്‍പതു യുവാക്കള്‍കൊല്ലപ്പെട്ടു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല്‍ അതിക്രമത്തെ അപലപിച്ചു. തുര്‍ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്‍, ഇസ്രയേല്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള്‍ എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന്‍ രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല്‍ നിലകൊള്ളുന്നു. സമാധാനചര്‍ച്ചകള്‍ പ്രഹസനം.
*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
2 comments:
രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.
And the left front lost in a big way during the Panchayath polls. Does that matter at all in the world where China is all ascendant and the yanks are tanking? Nooooooo.
Post a Comment