Sunday, December 19, 2010

പൂര്‍ണതതേടിയുള്ള പ്രയാണം

എന്റെ രചനകളെക്കുറിച്ച് ഞാന്‍ എപ്പോഴും ബോധവാനാണ്. സ്വയം വിമര്‍ശനം ഞാന്‍ തുടക്കംമുതലേ ചെയ്‌തിരുന്നു. കൌമാരപ്രായംമുതല്‍ക്ക് ഞാനെഴുതിത്തുടങ്ങി. ഞാന്‍ തന്നെ അവയൊക്കെ പിച്ചിച്ചീന്തി ചവറ്റുകൂടയില്‍ എറിയുകയും ചെയ്‌തു. അതുകൊണ്ട് എന്റെ കൃതികള്‍ ഏറെയൊന്നും പത്രമാഫീസുകളിലെ ചവറ്റു തൊട്ടികളില്‍ ഉണ്ടാവാനിടയില്ല.
എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും ഒരു തുടക്കക്കാരനാണ്. എനിക്കിനിയും ഒരുപാടെഴുതാനുണ്ട്. എഴുതാനാഗ്രഹിച്ചതിന്റെ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആശയങ്ങളുടെ, വളരെ ചെറിയ ഒരംശം മാത്രമേ ഇതുവരെ പുറത്ത് പ്രകടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കാലമിനിയുമുള്ളതുകൊണ്ട് അതില്‍ കുറച്ചുകൂടി പുറത്തുകൊണ്ടുവരാമെന്ന് എനിക്ക് വിശ്വാസമുണ്ട്; മുഴുവനല്ലെങ്കിലും. വര്‍ഷങ്ങളായി മനനം ചെയ്‌ത ഒട്ടേറെ സംഗതികള്‍ ഉള്ളില്‍ നിറഞ്ഞുറഞ്ഞുതുള്ളിനില്‍ക്കുന്നു; പുറത്തേക്കുള്ള വഴിയും കാത്ത്.

എനിക്കെന്റെ രചനകളെ വിലയിരുത്താനാവില്ലെങ്കിലും ഞാന്‍ അവയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഓരോ രചനയ്‌ക്കും ശേഷം അതിനെക്കാള്‍ മെച്ചമാവണം അടുത്തത് എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയും ചെയ്യാറുണ്ട്. അത് എത്രത്തോളം വിജയകരമായി എന്ന് തീര്‍പ്പ് കല്‍പിക്കാന്‍ ഞാനാളല്ല.
പിന്നെ എന്റെ രചനകള്‍ എനിക്ക് സംതൃപ്‌തി നല്‍കിയിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ 'ഇല്ല' എന്നേ പറയാനാവൂ. സംതൃപ്‌തി പൂര്‍ണതയുമായി ബന്ധപ്പെട്ട ഒന്നല്ലേ? പൂര്‍ണത നേടുന്നവന്‍ ഈശ്വരനായിപ്പോവില്ലേ? നമ്മള്‍ പാവം മനുഷ്യര്‍ - പൂര്‍ണത തേടുന്നവര്‍ മാത്രമല്ലേ? പൂര്‍ണതയിലേക്കുള്ള ഒരിക്കലും സഫലമാകാത്ത പ്രയാണമാണ് ഒരു സര്‍ഗാത്മക കലാകാരന്റെ ജീവിതവും പ്രവൃത്തിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ യാത്ര ലക്ഷ്യത്തിലെത്തിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, അദമ്യമായ ഇച്‌ഛാശക്തിയോടെ, ആത്മവിശ്വാസത്തോടെ, ചങ്കൂറ്റത്തോടെ നാം ഈ പാഴ്‌ശ്രമങ്ങളില്‍ മുഴുകിയേ തീരൂ.

എന്തെങ്കിലും നേടിയിട്ടുണ്ടോ ഇതുവരെ എന്നു ചോദിച്ചാല്‍ അവിടെയും സംഗതി കുഴപ്പമാണ്. വാല്‍മീകിയും വ്യാസനും തുടങ്ങി ഒട്ടേറെ മഹാരഥന്മാര്‍ നമുക്ക് മുന്‍പ് കൊളോസസ്സുകളെപ്പോലെ നടന്നു പോയില്ലേ? അവരുടെ പിന്നാലെ ഓടിയെത്താന്‍ അര്‍ഹതയില്ലാതെ ശ്രമിച്ച്, പാതയില്‍ ഇടറിവീഴുന്ന ഒരു പുഴുമാത്രമാണ് ഞാന്‍.

അസ്‌തിത്വദര്‍ശനം സായ്‌പിന്റെ വകയല്ല. എക്സിസ്‌റ്റന്‍ഷ്യലിസ്‌റ്റ് ചിന്താഗതി കീര്‍ഗെഗോറിനും മുന്‍പ് മനുഷ്യജീവിതത്തിലും അങ്ങനെ സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദെക്കാര്‍ത്തെയുടെ പ്രശസ്‌തമായ Cogito ergo sum ( I think, therefore I am) എന്ന പ്രഖ്യാപനത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് വ്യാസമുനി ജീവിച്ചതെന്നോര്‍ക്കുക! മഹാഭാരതത്തിലെ കര്‍ണനിലും സോഫോക്ളീസിന്റെ ഈഡിപ്പസിലും ബൈബിളിലെ ക്രിസ്‌തു ഉള്‍പ്പെടെയുള്ള ഒട്ടേറെപേരിലും നാം കാണുന്നത് മറ്റെന്താണ്? പശ്ചാത്തലങ്ങളും പരിവേഷങ്ങളും മാറുന്നുവെന്നല്ലേ ഉള്ളൂ.

എന്റെ കൃതികളില്‍ ഈ ദര്‍ശനത്തിന്റെ അടിയൊഴുക്കുകള്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് സായ്പിന്റെ പുറന്തോലല്ല എന്ന് ഊന്നിപ്പറഞ്ഞുകൊള്ളട്ടെ. എന്റെയും കൂട്ടുകാരുടെയും എന്നല്ലേ ചോദ്യം? കൂട്ടുകാരുടെ കാര്യം അവര്‍ പറയട്ടെ. സാഹിത്യരചനയുടെയും ജീവിതവീക്ഷണത്തിന്റെയും കാര്യത്തില്‍ ഞാന്‍ മറ്റാരുടെയും പ്രതിനിധിയല്ല.

ഞാന്‍ ആരെയും വഴിപിഴപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല; നന്നാക്കാനും. ആരെയെങ്കിലും നന്നാക്കുകയോ വഷളാക്കുകയോ ചെയ്യുന്നത് എഴുത്തുകാരന്റെ പണിയല്ല. അയാളുടെ പണി എഴുതുക എന്നതാണ്. അത് മാത്രമാണ്. പിന്നെ അയാള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതുകൊണ്ട്, ഈ ജീവിതത്തിന്റെ നന്മതിന്മകളും സുഖദുഃഖങ്ങളും അനുഭവിക്കുന്നതുകൊണ്ട് അവയോടുള്ള പ്രതികരണങ്ങള്‍ അയാളുടെ കൃതികളില്‍ ഉണ്ടാവാതിരിക്കില്ല. 'ബോള്‍ഷെവിക് വിപ്ളവത്തിന്റെ കണ്ണാടി' എന്നു വിളിക്കപ്പെടുന്ന ടോള്‍‌സ്റ്റോയിപോലും 'വാര്‍ ആന്‍ഡ് പീസ്', 'അന്നാകരനീന' തുടങ്ങിയ ക്ളാസിക്കുകള്‍ എഴുതുമ്പോള്‍ 1917-ലെ റഷ്യന്‍ വിപ്ളവം അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ലെന്നുവേണം കരുതാന്‍. സാര്‍ നിക്കോളാസ് രണ്ടാമന്റെ കാലത്തെ റഷ്യയുടെ ക്രൂരവും ദാരുണവും ബീഭല്‍സവും ദയനീയവും ആയ ചിത്രം ആ നല്ല മനുഷ്യന്റെ, ആ പ്രതിഭാശാലിയായ എഴുത്തുകാരന്റെ, അകത്തളത്തില്‍ ഏല്‍പിച്ച മുറിപ്പാടുകള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ പുറത്തു വന്നു എന്നു മാത്രം.
പിന്നെ, അരാജകവാദി. ഞാന്‍ അരാജകവാദിയാണെന്നു തോന്നുന്നില്ല. എന്നാലും ഒന്നു ചോദിച്ചോട്ടെ, ആരാണ് രാജാവ് ? ആരുടെ?

“..... While you live, Drink! - for, once dead, you never shall return."

എന്നുപാടിയ ഉമര്‍ഖയ്യാമിനെ ആള്‍ക്കാര്‍ എപ്പിക്യൂറിയന്‍ എന്നു വിളിക്കുന്നു. ഈ വരികളിലും റൂബായിയാത്തിന്റെ തുടര്‍ന്നുള്ള വരികളിലും നിഴലിക്കുന്നത് എപ്പിക്യൂറിയനിസമല്ല, മറിച്ച് മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വത്തെയും നിരര്‍ഥകതയെയും കുറിച്ചുള്ള തീവ്രമായ ഉല്‍ക്കണ്ഠയും ഒരുതരം നിഹിലിസവുമാണ്. അത്തരം നിഹിലിസത്തിലേക്ക് ഞാന്‍ ഇന്നോളം വഴുതിവീണിട്ടില്ലെന്നാണ് എന്റെ ധാരണ. തികച്ചും ഭൌതികവാദിയായ ഒരാള്‍ക്കുമാത്രമേ നിഹിലിസത്തിന്റെയും അബ്‌സേര്‍ഡിറ്റിയുടെയും വക്താവാകാന്‍ കഴിയൂ.

'അജ്ഞതയുടെ താഴ്വര' എക്സിസ്‌റ്റന്‍ഷ്യലിസ്റ്റ്‌‌ നോവലാണോ? എനിക്കറിയില്ല. അതൊരു വ്യക്തിയുടെ അന്വേഷണമാണ്. മറ്റുള്ളവരിലൂടെ തന്നെയും തന്നിലൂടെ മറ്റുള്ളവരെയും കാണാന്‍ ശ്രമിക്കുന്ന ഒരു പച്ചമനുഷ്യന്റെ നിതാന്തമായ അന്വേഷണം. സ്വന്തം ശവക്കുഴിതോണ്ടുന്ന കെ.ടി. പിള്ളയും ആ ജോലി സ്വയം ഏറ്റെടുക്കുന്ന മനുവും അനുസ്യൂതമായി അര്‍ഥം തേടിനടക്കുന്ന അപൂര്‍ണമനുഷ്യന്റെ പ്രതിനിധികള്‍തന്നെ. അന്വേഷണത്തിന്റെ പാത അനന്തമായി നീളുന്നു. ഈ ചിന്താഗതി എക്‌സിസ്‌റ്റന്‍ഷ്യലിസവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ ഒറ്റപ്പെട്ട മനുഷ്യന്റെ അന്വേഷണത്വര നമ്മിലൊക്കെയില്ലേ? എന്നിലും അക്‌ബറിലും പോലും.

ഒറ്റപ്പെട്ടവന്റെ പ്രശ്‌നം പണ്ടുപണ്ടുമുതല്‍ക്കേ മനുഷ്യപ്രശ്‌നമായിരുന്നു. സമൂഹവുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന വ്യക്തി മനുഷ്യന്റെ പ്രശ്‌നം. ഈ പ്രശ്‌നം മലയാളത്തിലെ എഴുത്തുകാരും കൈകാര്യം ചെയ്‌തിട്ടുണ്ട്. അതിനു കാരണം വൈദേശിക സാഹിത്യത്തിന്റെ സ്വാധീനമല്ല. മറിച്ച്, ഇവിടത്തെ ചെറുപ്പക്കാരന്റെ - പ്രത്യേകിച്ച് 1947-ന് ശേഷമുള്ള ഭാരതത്തിലെ ചെറുപ്പക്കാരന്റെ - പ്രശ്‌നങ്ങള്‍ക്കു നേരെ നമ്മുടെ എഴുത്തുകാരിലുണ്ടായ പ്രതികരണത്തിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം കൃതികളുടെയും ഇത്തരം കഥാപാത്രങ്ങളുടെയും സൃഷ്‌ടിക്ക് വഴിയൊരുക്കിയത്. ഈ വസ്‌തുത മനസ്സിലാക്കാത്തവരാണ് പുതിയ എഴുത്തുകാരെ തള്ളിപ്പറയുന്നത്.

എന്റെ നോവലുകളില്‍ ആദ്യമായി വെളിച്ചം കണ്ട 'സാക്ഷി'യുടെ തുടക്കത്തില്‍ ബെര്‍നാഡ്‌ഷായുടെ 'ജോണ്‍ബുള്‍സ് അദര്‍ ഐലന്റ് ' എന്ന നാടകത്തില്‍ നിന്നു രണ്ട് വരി ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോടു ചോദിക്കുന്നു.

“Do you belong to this world, then?

അപരന്റെ മറുപടി:

(from the bottom of his hearts)

“No.”

ഈ നോണ്‍ബിലോങിങിന്റെ പ്രശ്‌നം സായ്‌പിന്റെതാണെന്ന് ധരിക്കരുത്. ഇവിടെ മഹാനഗരങ്ങളില്‍ മാത്രമല്ല, ചെറുകിട പട്ടണങ്ങളില്‍പോലും സങ്കീര്‍ണമായ ജീവിതസമസ്യകള്‍ക്ക് ഉത്തരം കാണാനാവാതെ, അവയില്‍ സ്വന്തം പ്രസക്തിയും ഉണ്‍മയും വ്യക്തിത്വവും നഷ്‌ടപ്പെടുന്ന, അതിനെക്കുറിച്ച് ബോധവാന്മാരായ, ഒട്ടേറെ ചെറുപ്പക്കാരെ നാം കണ്ടുമുട്ടുന്നു. ഐഡന്റിറ്റി നഷ്‌ടപ്പെടുന്ന മനുഷ്യനെക്കുറിച്ച് ഫ്രാന്‍സ് കാഫ്‌ക എഴുതിയതുകൊണ്ട് (മെറ്റമോര്‍ഫോസിസ്)മറ്റാരും കൈവച്ചുകൂടെ ആ വിഷയത്തില്‍? കാഫ്‌കയെയല്ല ആരെയായാലും അനുകരിക്കുന്നത് തെറ്റ്. പക്ഷേ, ഒരാള്‍ എഴുതിപ്പോയതുകൊണ്ട് ആ വിഷയം മറ്റാരും തൊടരുതെന്നു പറയുന്നത് അതിലും വലിയ തെറ്റ്. അങ്ങനെയെങ്കില്‍ ലൈലാമജ്‌നുവിനും റോമിയോ ആന്‍ഡ് ജൂലിയറ്റിനും ശേഷം ലോകത്ത് പ്രേമകഥകള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ.
അത്തരം തര്‍ക്കങ്ങള്‍ മറക്കുക. അവനവനു തോന്നുന്നതെഴുതുക. അത് ആത്മാര്‍ഥമായി ചെയ്യുക. ഇതാണെന്റെ വിശ്വാസപ്രമാണം. അക്‌ബറോടെനിക്ക് പറയാനുള്ളതും ഇതാണ്. നമ്മുടെ രചനകള്‍ നന്നെങ്കില്‍, അവയില്‍ മഹത്വത്തിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, ആരെത്ര താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും അവ കാലത്തെ അതിജീവിക്കും. അതില്ലാത്ത കൃതികള്‍, ആരെത്ര ഊതിപ്പെരുപ്പിച്ചാലും, നിമിഷങ്ങള്‍ക്കുള്ളില്‍ നീര്‍ക്കുമിളകള്‍ മാതിരി പൊട്ടിച്ചിതറി വീഴും. ഏതായാലും ഒന്നുറപ്പിച്ചുപറയാം, നിലവിലുള്ള ഏതെങ്കിലും ഒരു ചിന്താധാര അവതരിപ്പിക്കാനോ പ്രചരിപ്പിക്കാനോ വേണ്ടിയല്ല ഞാന്‍ 'അജ്ഞതയുടെ താഴ്വര' എഴുതിയത്.

പേരിന്റെ സാമ്യം നോക്കി, അല്ലെങ്കില്‍ ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ സാദൃശ്യം നോക്കി 'വസൂരി' 'പ്ളേഗ്' ആണെന്നും 'സാക്ഷി' 'ഔട്ട്സൈഡറാ'ണെന്നും ഒക്കെ വിവരമില്ലാത്തവര്‍ പറയും. അവര്‍ മറുപടി അര്‍ഹിക്കുന്നില്ല. കാരണം, അവര്‍ വായിക്കാതെ അഭിപ്രായം പറയുന്നവരാണെന്നതുതന്നെ.

എന്റെ രചനകളില്‍ പലരുടെയും പലതിന്റെയും സ്വാധീനമുണ്ട്. ഓരോ ദിവസവും ഓരോ നിമിഷവും കഴിയുംതോറും മനുഷ്യന്റെ അനുഭവമേഖലയുടെ ചക്രവാളങ്ങള്‍ കൂടുതല്‍ കൂടുതല്‍ വികസ്വരമാവുന്നു. അവന്റെ ആര്‍ജിത സംസ്‌കാരം വളരുന്നു. അവന്റെ കാഴ്‌ചപ്പാടില്‍ പരിണാമവും പരിവര്‍ത്തനവും സംഭവിക്കുന്നു. ആ മാറ്റങ്ങള്‍ ഒരു സൃഷ്‌ട്യുന്മുഖ കലാകാരന്റെ രചനകളെ സ്വാധീനിക്കുന്നു. അത്രതന്നെ.

പിന്നെ, എന്താണീ വൈദേശികം? സംസ്‌കാരം (എന്നൊന്നുണ്ടെങ്കില്‍) മാനവരാശിയുടെ പൊതുസ്വത്തല്ലേ?

(അക്‌ബര്‍ കക്കട്ടിലിന്റെ 'സര്‍ഗസമീക്ഷ' പുസ്‌തകത്തില്‍നിന്ന്. കാക്കനാടനുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

No comments: