മലയാളിയുടെ ആധുനിക സാഹിത്യത്തെ ഇവരാണ് മഹാനഗരങ്ങളില്‍നിന്ന് അടയാളപ്പെടുത്തി അയച്ചത്. അറുപതുകളിലും എഴുപതുകളിലും കൈകൊണ്ട് ചൂടിപിരിച്ച് റാട്ടു പിരിച്ച് കയറുണ്ടാക്കിയിരുന്ന മലയാളിയുടെ പൊതുബോധത്തിലേയ്‌ക്ക് യന്ത്രം ഇറങ്ങി വന്ന്, യന്ത്രസമാനരായ മനുഷ്യര്‍ ഇറങ്ങിവന്ന്, അപരിചിതമായ ഒരു ലോകം കാഴ്‌ചവയ്‌ക്കുകയായിരുന്നു. ഈ അര്‍ഥത്തില്‍ മലയാളത്തിന്റെ ആധുനിക സാഹിത്യം നീണ്ട ചര്‍ച്ചകള്‍ക്ക് ഇനിയും വിധേയമാകേണ്ടതുണ്ട്. മലയാളി നേരിട്ട അന്യതാബോധമോ അസ്‌തിത്വദുഃഖമോ അല്ല മലയാളത്തിന്റെ ആധുനികതാവാദസാഹിത്യം ആവിഷ്‌കരിച്ചതും അടയാളപ്പെടുത്തിയതും. മറിച്ച് മഹാനഗരങ്ങളിലിരുന്ന് ജീവിതത്തെ കയ്യാളിയപ്പോള്‍ അത് വെറും തുച്‌ഛജീവിതമാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാര്‍ ആ തുച്‌ഛജീവിതത്തിനുമുകളില്‍ തങ്ങളെയോ തങ്ങളുടെ കഥാപാത്രങ്ങളെയോ മലയാളിയുടെ വായനാബോധത്തിനും ബോധ്യത്തിനും മുകളില്‍ പ്രതിഷ്‌ഠിക്കുകയായിരുന്നു. കവിതയില്‍ ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലും മന്ത്രസ്ഥായിയില്‍ പെരുമാറിപ്പോന്ന ഈ അവസ്ഥയ്‌ക്കു മുകളില്‍, മലയാളിയുടെ അബോധത്തിനു മുകളില്‍ നാഗരികജീവിതപരിണാമം സൃഷ്‌ടിച്ച ഒരു ഹൈപ്പര്‍ ടെക്‌സ്‌റ്റ് പണിയുകയായിരുന്നു ആധുനികര്‍ കഥാരംഗത്തു ചെയ്‌തുവച്ചത്. അതുകൊണ്ടുതന്നെ ആധുനിക കഥാകൃത്തുക്കളെ ഇന്നു വായിക്കുമ്പോള്‍ എഴുത്ത് അന്ന് അത്രയൊന്നും സുഗമമായിരുന്നില്ലെന്ന് ഇന്ന് ബോധ്യം വരും. അതുകൊണ്ടു കൂടിയാണ് എഴുത്ത് എന്ന പ്രക്രിയ ഒരു ധര്‍മസങ്കടംപോലെ കൊണ്ടുനടന്നത് കാക്കനാടനാണ് എന്ന് ആദ്യമേ എഴുതിയത്.
എന്തുകൊണ്ട് 'എഴുത്തുകാരന്‍ മാത്രമായി' എന്ന ചോദ്യം കാക്കനാടനോട് ഉന്നയിച്ചിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ. പക്ഷേ മറ്റേതൊരു എഴുത്തുകാരനെയും പോലെയല്ല, മനസ്സില്‍ മുഴങ്ങുന്ന ഒരു ലോകം സൃഷ്‌ടിച്ചതിനുശേഷം അതിനെ എഴുത്തില്‍ പുനഃസൃഷ്‌ടിക്കുകയാണ് കാക്കനാടന്‍ ചെയ്‌തത്. കഥാപാത്രങ്ങളെ തന്നില്‍ ജീവിപ്പിച്ചുനിറുത്തിക്കൊണ്ട് എഴുതി എന്നതാണ് കാക്കനാടന്റെ ലോകത്തിന്റെ ഒരു പ്രത്യേകത. ആധുനികരില്‍ ഒരെഴുത്തുകാരനും തന്നില്‍നിന്ന് ഒട്ടേറെ അകലം പാലിക്കുന്നില്ല. കാക്കനാടനില്‍നിന്ന് കാക്കനാടനിലേയ്‌ക്കുള്ള ദൂരം, കഥകളില്‍നിന്നു കഥകളിലേയ്‌ക്കുള്ള ദൂരം, പക്ഷേ പ്രകടമാണ്. ആധുനികത ജീവിതത്തില്‍ വരുത്തിവച്ച ഒരു പ്രധാന സ്വാധീനത റിയല്‍ - അണ്‍ റിയല്‍ പ്ളെയിന്‍ പരസ്‌പരം ഇടകലര്‍ത്തി നിറുത്താനുള്ള ഒരു പ്രവണത സൃഷ്‌ടിച്ചുവെന്നതാണ്. ആധുനികതയുടെ ഒരു മുഖമുദ്രതന്നെയാണ് ഇത്. യഥാതഥവും അയഥാതഥവുമായ തലങ്ങളെ കൂട്ടിയിണക്കുമ്പോള്‍ അതിനൊരു കൊളാഷിന്റെ സ്വഭാവം വന്നു ഭവിക്കുകയാണ് പതിവ്. ചിത്രത്തില്‍ ഇത് ഇങ്ങനെയാണ് ഭവിക്കുന്നത്. എന്നാല്‍ വാക്കുകള്‍ എടുത്ത് പെരുമാറുന്ന അവസരത്തിലാണ് ഈ കൂട്ടിച്ചേര്‍ക്കലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണത സൃഷ്‌ടിക്കും. ഒന്നിലേറെ തലവും പ്രതലവും ഉള്ള വാക്കുകള്‍, അവ ഉച്ചരിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന നാദധ്വനി ഭേദങ്ങള്‍, അവയുടെ അര്‍ഥചമല്‍ക്കാരങ്ങള്‍ ചേര്‍ന്നു സൃഷ്‌ടിക്കുന്ന ഭാവമണ്ഡലം ഇവയെല്ലാം ചേര്‍ന്ന് സുതാര്യമായി ഒരൊറ്റബിന്ദുവില്‍ ലയിക്കുന്നിടത്താണ് രചന വിജയിക്കുന്നത്. അത്തരമൊരു വഴിയിലാണ് കാക്കനാടന്‍ ഭാഷ സൃഷ്‌ടിക്കുന്ന സങ്കീര്‍ണതകളെ മറികടന്നുകൊണ്ട് എഴുതി നിന്നത്. കാക്കനാടന്റെ പ്രധാനപ്പെട്ട എല്ലാ കഥകളും നീണ്ടകഥാ സ്വഭാവമുള്ള നോവലുകളും ഈ വസ്‌തുത അടയാളപ്പെടുത്തുന്നു.
ആദ്യവാക്കുതൊട്ട് അവസാനവാക്ക് വരെ യാഥാതഥ്യത്തിന്റെ സൂക്ഷ്‌മലോകത്തെ പിന്തുടരുന്നു എന്ന് നമ്മളെ ബോധിപ്പിക്കുന്ന കഥയാണ് കച്ചവടം. പക്ഷേ കഥയുടെ അവസാന വാക്കില്‍നിന്ന് അയഥാതഥ്യത്തിന്റെ മായികത സൃഷ്‌ടിക്കുന്ന ഒരു മറുകഥ വായനക്കാരന്‍ വായിച്ചു തുടങ്ങുന്നു. എഴുത്ത് ഒരു ശീലമല്ല എന്നും അത് ഒരു ബാധയാണ് എന്നുമുള്ള ഒരു നിലപാട്, ആധുനികരില്‍ പൊതുവെ കത്തിനിന്ന നിലപാട്, കാക്കനാടനില്‍ തെളിയുന്ന ആദ്യത്തെ കഥയാണ് കച്ചവടം. കഥയുടെ ഈ മൊഴിവഴി നഗരനടുവില്‍ ചെന്നുനില്‍ക്കുമ്പോള്‍ സങ്കീര്‍ണമായ വാക്കിനെ അതിന്റെ എല്ലാ സങ്കീര്‍ണതകളും നിലനിറുത്തിക്കൊണ്ടുതന്നെ കാക്കനാടന്‍ പരിചരിച്ചു വിജയിക്കുന്നു. അഭയാര്‍ഥികള്‍ എന്നൊരു കഥയുണ്ട് കാക്കനാടന്റേതായി. മനുഷ്യരെ അക്കഥ പരിചയപ്പെടുത്തുന്നത് "നടുങ്ങുന്ന മനുഷ്യന്‍, പ്രായത്തിലും ലിംഗത്തിലും രൂപത്തിലും ഭേദമുണ്ടോ? ഭാവത്തില്‍ ഭേദമില്ല. ഒരേ വികാരം, ഭീതി, വേദന, നിരാശ.'' ഒരു കഥയുടെ തുടക്കത്തില്‍ മനുഷ്യരെക്കുറിച്ച്, അഭയാര്‍ഥികളെക്കുറിച്ച് കാക്കനാടന്‍ കുറിച്ചുവച്ച ഈ വാക്കുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് പൊതുവില്‍ പറയാനുള്ളത്. കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന വഴികള്‍ ഭിന്നങ്ങളാകുമ്പോള്‍ അവര്‍ മദ്യവും വിവിധതരം മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും ആകുമ്പോഴും, അവന്‍ തടവുകാരും പാറാവുകാരും ആകുമ്പോഴും, അവര്‍ ഗുരുവും ഗുരുവിനെത്തേടിവരുന്ന ദേശവാസികളും ആകുമ്പോഴും, അവര്‍ ജ്ഞാനികളോ വിഡ്ഢികളോ ആകുമ്പോഴും, നേരത്തെ പറഞ്ഞതുപോലെ ഭാവത്തില്‍ അഭിന്നരായി വര്‍ത്തിക്കുന്നവരാണ്. നഗരം, നഗരജീവിതത്തിന്റെ ഉപോല്‍പന്നങ്ങളായ ആസക്തി, വെറുപ്പ്, നിരാശ, ഒറ്റപ്പെടല്‍, തകര്‍ന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള വൃഥാവിലുള്ള പ്രയാണം ഇവയെല്ലാം ചേര്‍ന്നു സൃഷ്‌ടിച്ച ഏകതാനഭാവമുള്ള മനുഷ്യനാണ് കാക്കനാടന്റെ ഹൃദയത്തെ നിര്‍മിച്ചത്. അത്തരമൊരു ഹൃദയത്തില്‍ നിന്നാണ് 'ആരുടെയോ ഒരു നഗരം' പോലെയുള്ള നീണ്ടകഥ എഴുതപ്പെട്ടത്.
അവ്യവസ്ഥയാണ് ജീവിതം എന്ന തോന്നലാണ് ആധുനികത മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ അവ്യവസ്ഥിത ജീവിതത്തിനു മുകളില്‍ തീര്‍ത്തും ചിട്ടപ്പെടുത്തപ്പെട്ട ഒരു ജീവിതത്തെയാണ് കാക്കനാടന്‍ സ്ഥാപിച്ചു വച്ചത്. എന്നും കുളിച്ച് കുറിതൊട്ട് വേഷം മാറി പുറത്തിറങ്ങുന്ന മലയാളി ധരിച്ചുവച്ചിരിക്കുന്നത് ഈ വേഷമാറ്റമാണ് വ്യവസ്ഥാപിത ജീവിതം എന്നത്രേ. എന്നാല്‍ ഈ അവസ്ഥയോട് കാക്കനാടന്റെ കഥാലോകം ഏറെയൊന്നും പൊരുത്തപ്പെടുന്നില്ല. പക്ഷേ ബാഹ്യമായ ഈ വ്യവസ്ഥാപിതത്വത്തില്‍നിന്ന് കുതറിമാറി ആന്തരമായി പൂര്‍ണവ്യവസ്ഥ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. ആരുടെയോ ഒരു നഗരം ആ അര്‍ഥത്തില്‍ അവ്യവസ്ഥിതിതമായ ഒരു നൈതികത പുലരുന്ന ഇടമാണ്. അവിടെ ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, രതി, പ്രണയം, തുടങ്ങിയവയെല്ലാം വ്യവസ്ഥാപിത വഴികളില്‍നിന്ന് ഏറെ ഭിന്നമാണ്. പക്ഷേ കേന്ദ്രകഥാപാത്രമായ ചിത്രകാരന്‍ തന്നെ ചൂഴ്ന്നുനില്‍ക്കുന്ന മറ്റെല്ലാ ജീവിതങ്ങളുടെയും അവ്യവസ്ഥയ്‌ക്കു മുകളില്‍ വ്യവസ്ഥാപൂര്‍ണമായ ജീവിതം ഉയര്‍ത്തിപ്പിടിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനാവുകയും അയാള്‍ക്ക് അയാളുടെ ജീവിതം തന്നെ നഷ്‌ടപ്പെടുകയും ചെയ്യുന്നു. ആധുനികത മയക്കുമരുന്നുകളെയും ലൈംഗികതയെയും കേരളത്തില്‍ ഇറക്കുമതി ചെയ്‌തു എന്ന തെറ്റായ ധാരണകളെ പ്രതിരോധിക്കേണ്ടിവരുന്നത് ഇത്തരം കഥകള്‍ ഉള്ളതുകൊണ്ടാണ്. ഈ അര്‍ഥത്തിലാണ് 'ശ്രീചക്രം' വായിക്കേണ്ടത്.
വാക്കിനെ അതിന്റെ സങ്കീര്‍ണതയെ, അതു സൃഷ്‌ടിക്കുന്ന അയഥാര്‍ഥ പ്രതലത്തെ ഏറ്റവും സൂക്ഷ്‌മമായി, പദാനുപദം സൂക്ഷ്‌മമായി മലയാളത്തില്‍ എഴുതപ്പെട്ട കഥയാണ് ശ്രീചക്രം. "തപസായിരുന്നു സുഖം. തപസിന്റെ വേദനയായിരുന്നു, ശൈത്യമായിരുന്നു, ഏകാന്തതയായിരുന്നു സുഖം. ധ്യാനത്തിന്റെ തീവ്രമായ അസഹ്യത ആയിരുന്നു സുഖം.'' വാക്കിനെ ഇത്തരത്തില്‍ അബോധത്തിലേയ്‌ക്ക തൂക്കിയെടുത്ത് താന്ത്രിക് രീതിയുടെ ജ്വലനമാക്കുക എന്ന കലയാണ് ശ്രീചക്രത്തില്‍ കണ്ടത്. കഥയുടെ യഥാതഥതലത്തില്‍ ഒരു ചിത്രകാനും അയാളുടെ മോഡലും, കഥയുടെ അയഥാര്‍ഥതലത്തില്‍ പരാശക്തിയിലേയ്‌ക്കുള്ള, ശ്രീചക്രസ്ഥയായ മഹാദേവിയിലേയ്‌ക്കുള്ള, ആറാധാരപടവുകളും കടന്ന് അവനവന്‍ ചെന്നെത്തേണ്ടുന്ന ജ്ഞാനതേജസിന്റെ, കുണ്ഡലിനി ശക്തികളുടെ, അമൃതത്വത്തിലേയ്‌ക്കുള്ള യാത്ര ശ്രീചക്രത്തെ മറ്റ് കഥകളില്‍നിന്നും ഭിന്നമാക്കി നിറുത്തുന്നു. വ്യവസ്ഥ തന്നെയാണ് ജീവിതം എന്ന് ഈ കഥ അടിവരയിട്ടുറപ്പിക്കുന്നു. മുന്നിലിരിക്കുന്ന മോഡലിനെ കേന്ദ്രമാക്കി ചിത്രം വരയ്‌ക്കുമ്പോഴും മോഡല്‍ സൃഷ്‌ടിക്കുന്ന അരോചകമായ സമീപനത്തിലൂടെ മുറിഞ്ഞുപോകുന്ന ആത്മീയാനുഭവത്തെ അതികഠിനമായി പുനഃസൃഷ്‌ടിക്കാന്‍ ശ്രമിക്കുമ്പോഴും ചിത്രകാരന്റെ ജീവിതം വച്ചുപുലര്‍ത്തുന്ന പൂര്‍ണവിശുദ്ധമായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥാബോധത്തിലൂന്നിയാണ് അയാളുടെ മനസ്സിന്റെ യാത്ര. അയാള്‍ക്ക് ചെന്നെത്തേണ്ടുന്ന അമൃതനിഷ്യന്ദിയായ ജീവിതാവസ്ഥ ആത്യന്തികമായി തകരുന്നിടത്ത് യഥാതഥ ജീവിതത്തിന്റെ എല്ലാ മുന്നറിയിപ്പുകളെയും അയാള്‍ക്ക് അവഗണിക്കേണ്ടിവരും. ശ്രീചക്രത്തെ ഉപാസിക്കുന്ന ഉപാസകന്‍ തന്റെ ആന്തരദൃഷ്‌ടിയില്‍ ഈരേഴു പതിനാലു ലോകങ്ങളെയും ത്രികാലങ്ങളെയും ഒരുമിച്ചാവാഹിക്കാന്‍ കഴിയുന്നവനാകണമെന്ന് തന്ത്രശാസ്‌ത്രം പറയുന്നു. അതീവ ഗുരുതയാര്‍ന്ന ഈ നിലപാടിനെ കഥയുടെ ആദ്യവാക്കുതന്നെ അനുപദം പിന്തുടരുന്നു. താന്ത്രികവിധി പിന്‍പറ്റി സഞ്ചരിക്കുന്ന ഒരാള്‍ ജനസാമാന്യത്തെ സംബന്ധിച്ച് ചിത്തഭ്രമം ബാധിച്ചവന്‍ ആണെന്ന് ആരോപിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ അത്തരമൊരാള്‍, അയാളുടെ മനസ്സ് ചുറ്റി സഞ്ചരിക്കുന്ന പ്രപഞ്ചഗോളം, അതിന്റെ ആത്മീയവിശുദ്ധി, തേജസ് ഇവ വിശദീകരിക്കുക അത്ര എളുപ്പമല്ല. അനുഭവവേദ്യമാക്കുക തീരെ എളുപ്പമല്ല. ശ്രീചക്രം എന്ന കഥയിലെ ഒരു അടരില്‍ അനാഥം എന്നു തോന്നിപ്പിക്കുന്ന, അവ്യവസ്ഥിതം എന്നു തോന്നിപ്പിക്കുന്ന, പരിഹാസപ്രായം എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളും ജീവിതങ്ങളുമാണുള്ളത്. എന്നാല്‍ അതിനപ്പുറത്ത് കഥാപാത്രങ്ങളുടെ ആന്തരജീവിതലോകം നേരത്തെ പറഞ്ഞ ആന്തരവിശുദ്ധിയുടേതാണ്. ചിട്ട തെറ്റാത്ത ജീവിതവ്യവസ്ഥയുടേതാണ്. ആധുനികത ഒരര്‍ഥത്തില്‍ ചിട്ടയാര്‍ന്ന ജീവിതവ്യവസ്ഥകളുടെയും അവ പാലിക്കപ്പെട്ടതിന്റെയും കഥകള്‍ക്കൂടി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
*****
വിജു നായരങ്ങാടി
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
No comments:
Post a Comment