Thursday, December 23, 2010

ജനാധിപത്യത്തോട് ടാറ്റ പറയുന്ന ടാറ്റമാര്‍

അഴിമതിയും പങ്കുപറ്റു സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ സാമുദ്രിക ലക്ഷണങ്ങളായി തീര്‍ന്നിരിക്കുന്നു എന്നാണ് പല സമീപകാല സംഭവങ്ങളും തെളിയിക്കുന്നത്. ഒരു സ്ഥാപനവും - നീതി പീഠങ്ങള്‍ പോലും - ഇതിന് അപവാദമായി നില്‍ക്കുന്നില്ല. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് ഷേക്ക്‌സ്പിയര്‍ പറഞ്ഞതുപോലെ അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് സുപ്രിംകോടതിയിലെ ന്യായാധിപന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഡെയ കഡ്ജു പറഞ്ഞത് ഈ അടുത്ത കാലത്താണ്. അവിടെ ആകെയുള്ള എഴുപത് ജഡ്ജിമാരില്‍ പകുതിപേരുടെയും (മുപ്പത്തി അഞ്ച്) ബന്ധുക്കള്‍ അതേ കോടതിയില്‍ വക്കീല്‍ പണി ചെയ്തുവരുന്നു എന്ന തെഹല്‍ക വാരികയുടെ വെളിപ്പെടുത്തല്‍ ജസ്റ്റിസ് കഡ്ജുവിന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. നമ്മുടെ ലോക്‌സഭയിലെ 546-ാമത്തെ അംഗമായി അഴിമതി സ്ഥാനം പിടിച്ചിരിക്കുന്നു. ഈ തിരക്കഥയിലെ ഏറ്റവും അവസാനത്തേതാണ് സ്‌പെക്ട്രം കുംഭകോണം. ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്, നാം സത്യസന്ധതയ്ക്ക് ടാറ്റാ പറയുകയാണെന്നാണ്.

സ്‌പെക്ട്രം കുംഭകോണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ, നീരാ റാഡിയാ ടേപ്പുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന മാധ്യമരംഗത്തെ മൂല്യച്യുതിയെക്കുറിച്ചോ അല്ല ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇവ രണ്ടും ഇതേ കോളത്തില്‍ ഇതിന് മുമ്പ് ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ പ്രശ്‌നത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് പറയുവാനാണ് ഇവിടെ ഉദ്യമിക്കുന്നത്-ഇക്കഴിഞ്ഞ നവംബര്‍ 29 ന് സുപ്രിംകോടതിയില്‍ രത്തന്‍ ടാറ്റ ഫയല്‍ ചെയ്ത സ്വകാര്യ ഹര്‍ജിയും അത് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഉയര്‍ത്തുന്ന ചില നൈതിക പ്രശ്‌നങ്ങളും.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും ടാറ്റ നല്‍കിയിട്ടുള്ള സംഭാവന വളരെ വലുത് തന്നെയാണ്. പോരെങ്കില്‍ അദ്ദേഹം അടിമുടി ജെന്റില്‍മാന്‍ വ്യവസായിയും. സംസ്‌കാരത്തിന്റെ സാക്ഷരത ആവോളം ഉള്ളയാള്‍ എന്നര്‍ഥം. എന്നാല്‍ റാഡിയാ ടേപ്പുകളിലെ വെളിപ്പെടുത്തലുകളും അവയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ചേര്‍ന്ന്-പ്രത്യേകിച്ച് രണ്ടാമത് പറഞ്ഞത്-ഇത്തരമൊരു ധാരണയ്ക്ക് ഊനം തട്ടിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടാറ്റായും അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് ലോകം ദല്ലാള്‍മാരുടെ സഹായത്തോടെ നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നു എന്ന കാര്യം തല്‍ക്കാലം നമുക്ക് വിസ്മരിക്കാം. കാരണം ഇതിനേക്കാള്‍ വലിയ പ്രശ്‌നമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. ഒരുവേള ദല്ലാള്‍പണിയേക്കാള്‍ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്നത് രണ്ടാമത് പറഞ്ഞതാണ്.

റാഡിയാ ടേപ്പുകളിലെ സംഭാഷണങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിച്ചത് തന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി-ഭരണഘടനയില്‍ പ്രതിപാദിക്കുന്ന 21-ാം വകുപ്പിന്റെ നഗ്നമായ ലംഘനം! ഇന്‍കംടാക്‌സ് വകുപ്പോ ഇതര വകുപ്പുകളോ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുവേണ്ടി ഫോണ്‍ ചോര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ലെങ്കിലും അതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും നല്‍കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നാണ് അദ്ദേഹം തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പരാതിയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെ പോകുന്നു-''ഈവിധം കാര്യങ്ങള്‍ ചോര്‍ത്തുന്നവരും അവരുടെ കൂട്ടാളികളും മൂലധന നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയെ അട്ടിമറിച്ച് രാജ്യത്തെ നശിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത്തരം വില്ലന്‍മാര്‍ ഇന്ത്യയെ ഒരു ബനാനാ റിപ്പബ്ലിക് ആക്കിയിരിക്കുന്നു-നിയമ വാഴ്ച ഇല്ലാത്ത, കൊല്ലും കൊലയും യഥേഷ്ടം നടക്കുന്ന അധികാര ദുരുപയോഗത്തിന്റെ ഈറ്റില്ലം. സംസാരിക്കാനുള്ള അവകാശത്തിന്റെയോ, അല്ലെങ്കില്‍ ജനാധിപത്യം ഒരുക്കുന്ന മറ്റ് ഏതെങ്കിലും അവകാശങ്ങളുടെയോ പേരില്‍ ജനാധിപത്യത്തിന്റെ ആഡംബരത്തെ ദുരുപയോഗം ചെയ്യുമ്പോഴാണ് ഈവിധം സംഭവിക്കുന്നത്''.

ടാറ്റയെ സംബന്ധിച്ചിടത്തോളം റാഡിയാ ടേപ്പുകള്‍ ചോര്‍ന്നതിലെ ഏറ്റവും വലിയ നൈതിക പ്രശ്‌നം പൗരന്റെ സ്വകാര്യതയെ അത് കീറിമുറിക്കുന്നു എന്നതാണ്. ഇവിടെ രണ്ട് മൗലികമായ ചോദ്യങ്ങള്‍ ഉയരുന്നു:” സ്വകാര്യതയും പൊതുതാല്‍പര്യവും തമ്മില്‍ വേര്‍തിരിക്കുന്ന ലക്ഷ്മണരേഖ ഏതാണ്? വ്യക്തിയുടെ സ്വകാര്യതയും രാജ്യതാല്‍പര്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏതിനാണ് മേല്‍ക്കൈ നല്‍കേണ്ടത്?

ഏറ്റവും രസകരമായ വസ്തുത റാഡിയാ, ടാറ്റ ഉള്‍പ്പെടെ മറ്റുള്ളവരുമായി നടത്തിയ സംഭാഷണങ്ങളില്‍ സ്വകാര്യതയുടെ അംശം തീരെ ഇല്ലെന്നതാണ്. രാഷ്ട്രത്തെ പൊതുവായി ബാധിക്കുന്ന അഞ്ച് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് സംഭാഷണം മുന്നോട്ട് നീങ്ങുന്നത്-സര്‍ക്കാര്‍ രൂപീകരണം, മാധ്യമങ്ങളുടെ മേല്‍ ദല്ലാളര്‍ക്കുള്ള സ്വാധീനം, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രമാണിമാരുടെയും അധികാര ദുര്‍വിനിയോഗം, പ്രകൃതി വാതകത്തിന്റെ വിതരണ കാര്യത്തില്‍ അംബാനി സഹോദരന്‍മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത, സ്‌പെക്ട്രം സ്‌പെയ്‌സിന്റെ പങ്കിടല്‍. ഇതില്‍ എവിടെയാണ് സ്വകാര്യതയുടെ അംശം ഉള്ളത്? ഇനി ടാറ്റായും റാഡിയായും തമ്മില്‍ നടന്ന സംഭാഷണത്തിലാണ് സ്വകാര്യത നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ അതില്‍ വളരെ പ്രസക്തമായ ചില സംഭാഷണ ശകലങ്ങള്‍ ഇതാ.

ജൂണ്‍ 11, 2009

റാഡിയാ: താങ്കളുടെ താല്‍പര്യത്തിന് എതിരായാണ് ഫ്രീക്വന്‍സി വിതരണ നടപടിയുമായി ടെലികോം വകുപ്പ് മുന്നോട്ടുപോകുന്നത്. എന്തുവന്നാലും 6.25 മെഗാ ഹെഴ്‌സ് സ്‌പെക്ട്രം സ്‌പെയ്‌സ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നല്‍കുമെന്ന വാശിയിലാണ് മന്ത്രി രാജ. അങ്ങനെ സംഭവിക്കുന്നപക്ഷം, താങ്കള്‍ക്ക് വളരെക്കുറച്ച് സ്‌പെക്ട്രം സ്‌പെയ്‌സ് മാത്രമേ ലഭ്യമാകൂ.

ടാറ്റാ: താങ്കള്‍ രാജയ്ക്കുവേണ്ടി എന്തെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നിങ്ങളോട് ഇങ്ങനെ പെരുമാറുന്നു?

റാഡിയാ: ഞാന്‍ കനിമൊഴിയെ (തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും രാജ്യസഭാംഗവും) വിവരം ധരിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ യഥാവിധി തനിക്ക് എഴുതി തന്നാല്‍ രാജയെ വിളിച്ച് വേണ്ട ഏര്‍പ്പാട് ചെയ്യാം എന്ന് അവര്‍ എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജൂലൈ 7, 2009

റാഡിയാ: രാജയും ഞാനുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നു. റിലയന്‍സ് ഗ്രൂപ്പ് 6.25 സ്‌പെക്ട്രം സ്‌പെയ്‌സ് വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നു.

ടാറ്റാ: ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല?

റാഡിയാ:”രത്തന്‍, അവര്‍ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങികൊണ്ടിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് അവരുടെ ക്രയവിക്രയശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നു. മാധ്യമങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണം താങ്കള്‍ അറിയാതിരിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ടൈംസ് ഗ്രൂപ്പും ദൈനിക് ഭാസ്‌കറുമായി ഞാന്‍ നടത്തിയത്. മാധ്യമ ഉടമസ്ഥര്‍ പറയുന്നത് റിലയന്‍സ് ഗ്രൂപ്പിനെതിരായി എന്തെങ്കിലും വാര്‍ത്ത അവര്‍ നല്‍കിയാല്‍ പ്രസ്തുത ഗ്രൂപ്പ് അവര്‍ക്ക് നല്‍കുന്ന പരസ്യം വെട്ടിക്കുറയ്ക്കും എന്നാണ്. ഇതിന് പക്ഷേ ഞാന്‍ ചുട്ട മറുപടി നല്‍കി. മറ്റുള്ളവരും നിങ്ങളോട് ഇതേ കാര്യം ചെയ്യും..... മാധ്യമങ്ങള്‍ പണത്തിന് വളരെ വളരെ ആര്‍ത്തി ഉള്ളവരാണ്.

ഈവിധം ടാറ്റായുടെ ബിസിനസ് താല്‍പര്യങ്ങളും അവ ഏതുവിധം നമ്മുടെ രാജ്യത്തിന്റെ പൊതുതാല്‍പര്യത്തെ ബാധിക്കുന്നു എന്ന കാര്യമാണ് ടാറ്റാ-റാഡിയാ സംഭാഷണങ്ങളില്‍ ഉടനീളം. വാസ്തവത്തില്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുക എന്നതാണ് ജനാധിപത്യത്തിന്റെ ശീല്. അതിനെ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ഥത്തില്‍ ടാറ്റാ തന്റെ പരാതിയില്‍ പറയുന്ന 'ജനാധിപത്യത്തിന്റെ ആഡംബരം'. ബിസിനസുകാര്‍ എന്തും പറയുന്നതും ചെയ്യുന്നതും രാജ്യത്തിന്റെ സമ്പത്ത്, രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമാണിമാരുമായി അവിശുദ്ധ ബന്ധമുണ്ടാക്കി, കൊള്ളയടിക്കുന്നതുമാണ് ശരിയായ അര്‍ഥത്തില്‍ ഇന്ത്യയെ ബനാനാ റിപ്പബ്ലിക്ക് ആക്കുന്നത്. ഇതിന് ഭരണഘടനയുടെ ഒരു വകുപ്പും ടാറ്റയ്‌ക്കോ അദ്ദേഹത്തെ പോലുള്ള മറ്റ് ബിസിനസുകാര്‍ക്കോ യാതൊരു സംരക്ഷണവും നല്‍കുന്നില്ല.

അമേരിക്കയിലെ വന്‍കിട ബിസിനസുകാരെ ലോകത്തെ ഏറ്റവും 'ശക്തരായ സ്ഥാപിത താല്‍പര്യക്കാര്‍' എന്ന് നെഹ്‌റു ഒരിക്കല്‍ വിശേഷിപ്പിച്ചത് ടാറ്റായെ പോലെയുള്ളവര്‍ ഓര്‍ക്കുന്നത് നന്ന്. നമ്മുടെ പല വ്യവസായ പ്രമുഖരും ഈ വിധം സ്ഥാപിത താല്‍പര്യ സംഘമായി തരംതാണിരിക്കുന്നു എന്നാണ് റാഡിയാ ടേപ്പ് നല്‍കുന്ന പാഠം. ഇതിനെ മൂടിവെയ്ക്കാനുള്ള വിഫലശ്രമം മാത്രമാണ് സ്വകാര്യതയുടെ പേരില്‍ ടാറ്റാ ഫയല്‍ ചെയ്തിരിക്കുന്ന അന്യായം. ഇതുവഴി അദ്ദേഹം ജനാധിപത്യത്തിനോട് തന്നെ ടാറ്റാ പറയാന്‍ ശ്രമിക്കുന്നു.

*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം ദിനപത്രം 22 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിയും പങ്കുപറ്റു സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ സാമുദ്രിക ലക്ഷണങ്ങളായി തീര്‍ന്നിരിക്കുന്നു എന്നാണ് പല സമീപകാല സംഭവങ്ങളും തെളിയിക്കുന്നത്. ഒരു സ്ഥാപനവും - നീതി പീഠങ്ങള്‍ പോലും - ഇതിന് അപവാദമായി നില്‍ക്കുന്നില്ല. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് ഷേക്ക്‌സ്പിയര്‍ പറഞ്ഞതുപോലെ അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞ് നാറുന്നു എന്ന് സുപ്രിംകോടതിയിലെ ന്യായാധിപന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഡെയ കഡ്ജു പറഞ്ഞത് ഈ അടുത്ത കാലത്താണ്. അവിടെ ആകെയുള്ള എഴുപത് ജഡ്ജിമാരില്‍ പകുതിപേരുടെയും (മുപ്പത്തി അഞ്ച്) ബന്ധുക്കള്‍ അതേ കോടതിയില്‍ വക്കീല്‍ പണി ചെയ്തുവരുന്നു എന്ന തെഹല്‍ക വാരികയുടെ വെളിപ്പെടുത്തല്‍ ജസ്റ്റിസ് കഡ്ജുവിന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. നമ്മുടെ ലോക്‌സഭയിലെ 546-ാമത്തെ അംഗമായി അഴിമതി സ്ഥാനം പിടിച്ചിരിക്കുന്നു. ഈ തിരക്കഥയിലെ ഏറ്റവും അവസാനത്തേതാണ് സ്‌പെക്ട്രം കുംഭകോണം. ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്, നാം സത്യസന്ധതയ്ക്ക് ടാറ്റാ പറയുകയാണെന്നാണ്.