Sunday, October 31, 2010

കട്‌ലേറ്റും കട്ടൌട്ടും

ലോനപ്പന്‍ നമ്പാടന്‍ വിശ്രമത്തിലാണ്. ഒന്നരവര്‍ഷമായി ഇടപ്പള്ളിയിലെ വാടകവീട്ടില്‍. അമൃത ആശുപത്രിയില്‍ വൃക്കരോഗചികിത്സ. പ്രസംഗവേദികളിലും നിയമസഭയിലും ചിരിയുടെ മത്താപ്പ് കത്തിച്ചിരുന്ന അദ്ദേഹം വായിച്ചും എഴുതിയും സന്ദര്‍ശകരോട് കുശലം പറഞ്ഞുമൊക്കെ കഴിയുകയാണ്.

നമ്പാടന്റെ രണ്ടു പുസ്‌തകം ഉടന്‍ പുറത്തിറങ്ങും. ഒന്ന്: ആത്മകഥ. മറ്റേത് 'നമ്പാടന്റെ നമ്പറുകള്‍' നര്‍മസമാഹാരം. ഇനിയും ഒരുപാട് വായനക്കാരെ അറിയിക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നമ്പാടനുമായി പലപ്പോഴായി നടത്തിയ സംഭാഷണങ്ങളില്‍നിന്ന്:

യേശുവും ബൈബിളും

ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് യേശുവാണ്. അതിന് ഉപോല്‍ബലകമായ വസ്‌തുതകള്‍ ബൈബിളിലുണ്ട്. ക്രിസ്‌തു പാവങ്ങളുടെ പക്ഷത്തായിരുന്നു. 'അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പിറകെ വരുവിന്‍' എന്ന് ഉപദേശിച്ചു'. പ്രധാന ശിഷ്യര്‍ മീന്‍പിടിത്തക്കാരായിരുന്നു. മത്സ്യത്തൊഴിലാളികളെ ആദ്യം സംഘടിപ്പിച്ചത് ക്രിസ്‌തുവാണെന്നു പറയാം. സമ്പന്നരോടും സാധാരണക്കാരെ ചൂഷണംചെയ്‌ത പുരോഹിതരോടും കടുത്ത എതിര്‍പ്പായിരുന്നു. 'വെള്ളപൂശിയ കുഴിമാടങ്ങളേ, സര്‍പ്പസന്തതികളേ' എന്നൊക്കെയാണ് ഇത്തരക്കാരെ വിശേഷിപ്പിച്ചത്. സമ്പന്നര്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കല്‍ ഒട്ടകത്തിന് സൂചിക്കുഴയില്‍ കടക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നും പറഞ്ഞിട്ടുണ്ട്. കള്ളക്കച്ചവടക്കാരെ ചാട്ടവാറുകൊണ്ടാണ് നേരിട്ടത്.

ക്രിസ്‌തു ചെയ്‌തതുതന്നെയാണ് ഇടതുപക്ഷവും നടപ്പാക്കുന്നത്. അതുകൊണ്ടാണല്ലോ കേരള കോണ്‍ഗ്രസുകാരനും വിശ്വാസിയുമായ ഞാന്‍ ഇടതുപക്ഷത്തിന്റെ കൂടെക്കൂടി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ചത്. പാവപ്പെട്ടവന്റെ പക്ഷം പിടിച്ചതുകൊണ്ടാണ് ക്രിസ്‌തുവിന് എതിര്‍പ്പ് നേരിടേണ്ടിവന്നത്. അദ്ദേഹം ഭരണവര്‍ഗത്തിന്റെയും പുരോഹിതവിഭാഗത്തിന്റെയും നീതികേടുകള്‍ക്കെതിരെ പ്രതികരിച്ചപ്പോഴാണ് ക്രൂശിക്കപ്പെട്ടത്. ഏതായാലും ക്രിസ്‌ത്യാനികള്‍ ഏറെയുള്ള കേരളത്തിലാണ് കമ്യൂണിസ്‌റ്റുകാരും കൂടുതലുള്ളത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാന്‍ ഒന്നേകാല്‍ലക്ഷം വോട്ടിന് മുകുന്ദപുരത്ത് ജയിച്ചത് വിശ്വാസികള്‍ കൂട്ടത്തോടെ തുണച്ചതുകൊണ്ടല്ലേ. അന്ന് അങ്കമാലിയില്‍ അഭിവാദനങ്ങളേറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ കന്യാസ്‌ത്രീകള്‍ സിന്ദാബാദ് വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് രോമാഞ്ചമുണ്ടാക്കി.

അരിവാളും ചുറ്റികയും

യേശുവിന്റെ മാതാപിതാക്കളുടെ പണിയായുധങ്ങളായിരുന്നു ചുറ്റികയും അരിവാളുമൊക്കെ. വിശുദ്ധ ജോസഫ് മരപ്പണിക്കാരനായിരുന്നല്ലോ. പുല്‍ക്കൂട്ടില്‍ പിറന്ന യേശുവിനെ കാണാന്‍ പുറപ്പെട്ട രാജാക്കന്മാര്‍ക്കു വഴികാട്ടിയത് നക്ഷത്രവും. പിശാചും വിശ്വാസിയായിരുന്നുവെന്നതിന് വേദപുസ്‌തകത്തില്‍ സൂചനയുണ്ട്. പണ്ട് കെ കരുണാകരന്‍ എല്ലാ ഒന്നാം തീയതിയും ഗുരുവായൂര്‍ പോകുന്നതിനെപ്പറ്റി ഞാന്‍ ഇതു പറയുമായിരുന്നു: ലീഡര്‍ക്ക് രണ്ട് അപ്പന്മാരെയാണ് പേടി- ഗുരുവായൂരപ്പനെയും ലോനപ്പനെയും. തൃശൂരിലെ അപ്പന്മാര്‍ തിരുവിതാംകൂറില്‍ അച്ചന്മാരാകും. തിരുവിതാംകൂറിലാണ് ജനിച്ചിരുന്നതെങ്കില്‍ ഞാനൊരു 'ലോനാച്ചനാ'യേനേ. ഞങ്ങടെ ചാക്കപ്പനും വാറപ്പനും തെക്കോട്ടുചെന്നാല്‍ ചാക്കോച്ചനും വറീച്ചനുമാകും. എന്റെ അപ്പനും ഒരപ്പനാണ്- കുര്യപ്പന്‍. അമ്മ പ്ളമേന. തെക്കോട്ടൊക്കെ ഫിലോമിന. എന്റെ നാലാം വയസ്സില്‍ അപ്പന്‍ മരിച്ചു. അദ്ദേഹം നല്ല കൃഷിക്കാരനായിരുന്നു. ഞാന്‍ രണ്ടാം വിവാഹത്തിലെ മകനാണ്; ഏറ്റവും ഇളയവന്‍. എനിക്കേറ്റവും സ്‌നേഹം അമ്മയോടായിരുന്നു.

സഞ്ചരിക്കുന്ന വിശ്വാസി

നമ്പാടന്‍ എന്നാല്‍ 'സഞ്ചരിക്കുന്ന വിശ്വാസി' എന്നാണര്‍ഥം. എന്റെ ആത്മകഥക്കിട്ട തലക്കെട്ടും അതുതന്നെ. 'നമ്പുക' എന്നാല്‍ വിശ്വസിക്കുക. 'ആടുക' എന്നാല്‍ സഞ്ചരിക്കുക എന്നും. ഞാന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ പേര് അന്വര്‍ഥമായി. ഭവനവകുപ്പ് കിട്ടിയപ്പോള്‍ ലോനപ്പനെ (ഹൌസിങ്) ലോണെടുക്കുന്നവരുടെ അപ്പന്‍ എന്നും വ്യാഖ്യാനിച്ചു. ഒരിക്കല്‍ പി പി തങ്കച്ചന്‍ നിയമസഭയില്‍ പറഞ്ഞത് നാല് 'ന'കളെ സൂക്ഷിക്കണമെന്നാണ്- നമ്പൂതിരി, നായനാര്‍, നമ്പാടന്‍, നവാബ് !

എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിനം 1982 മാര്‍ച്ച് 15 ആണ്. അന്നാണ് കരുണാകരന്റെ 'കാസ്‌റ്റിങ് ' മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച് രാജ്‌ഭവനില്‍ പോയി ഗവര്‍ണര്‍ക്ക് കത്തുകൊടുത്തത്. അന്നൊരു മീനം ഒന്നായിരുന്നു. കരുണാകരന്‍ ഗുരുവായൂര്‍ക്ക് പോകുന്ന ദിവസം. ഒരുതുള്ളി മഷിയും തുണ്ടു കടലാസുംകൊണ്ടാണ് കരുത്തനായ കരുണാകരനെ പുറത്താക്കിയത്. ഞാന്‍ സ്വയം എടുത്ത തീരുമാനം. പലരും കരുതിയിട്ടുള്ളതുപോലെ മറ്റാര്‍ക്കും കയ്യില്ല. ഇക്കാര്യം രണ്ടുപേരോടു മാത്രമാണ് പറഞ്ഞത്. പി വി കുഞ്ഞിക്കണ്ണനോടും എം വി രാഘവനോടും. രാജ്‌ഭവനിലേക്കു പോകുമ്പോള്‍ പി കെ വിയും ബേബിജോണും കെ ചന്ദ്രശേഖരനും എ സി ഷണ്‍മുഖദാസും കൂടി. മന്ത്രിസഭ മറിച്ചിട്ടതിനു കിട്ടിയ 'പ്രതിഫലം' നിയമസഭ ക്യാന്റീനില്‍നിന്ന് പി വി കുഞ്ഞിക്കണ്ണന്‍ വാങ്ങിത്തന്ന ചായയും രണ്ടു ദോശയും!!

പി സി ചാക്കോയുടെ കാറില്‍ നാട്ടിലേക്കുമടങ്ങുമ്പോള്‍ പിറകേ രണ്ടു കാറുകളില്‍ സി ജി ജനാര്‍ദനന്റെയും കാട്ടായിക്കോണം ശ്രീധറിന്റെയും നേതൃത്വത്തില്‍ അംഗരക്ഷകരും. കാറുകള്‍ മാറിക്കേറി നാട്ടിലെത്തിയപ്പോള്‍ വീടിനു മുമ്പില്‍ ആയിരക്കണക്കിനാളുകള്‍. രാമനിലയത്തിലേക്കു ചെന്നപ്പോള്‍ അവിടെയുമുണ്ട് ആള്‍ക്കൂട്ടം. രഹസ്യമായി സീതാറാം ഗസ്‌റ്റ്ഹൌസിലേക്ക്. അന്ന് അവിടെയാണ് തങ്ങിയത്. പിന്നാലെ കരുണാകരന്‍ രഹസ്യപൊലീസുകാരെ വിട്ടിരുന്നു.

രാഷ്‌ട്രീയത്തില്‍ പി ടി ചാക്കോയെ വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ആര്‍ ശങ്കര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ വലതുമുന്നണിയിലായിരുന്നപ്പോള്‍ കരുണാകരന്‍ തന്ന ഉപദേശം ഇതാണ്: സ്ഥാനാര്‍ഥി കൂടുതല്‍ സംസാരിക്കരുത്. കൈകൂപ്പി സുസ്‌മേരവദനനായി വോട്ടു ചോദിച്ചാല്‍ മതി. എന്തെങ്കിലും പറഞ്ഞാല്‍ പിന്നീടത് വിമര്‍ശത്തിനു വഴിവയ്‌ക്കും. മറുപടിക്ക് സമയംകിട്ടില്ല. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യം എംഎല്‍എ ആയപ്പോള്‍ കെ എം മാണി തന്ന ഉപദേശമുണ്ട്. നല്ല എംഎല്‍എ ആവണമെങ്കില്‍ എല്ലാദിവസവും സഭയില്‍ എത്തി കാര്യങ്ങള്‍ ശ്രദ്ധിച്ചുപഠിക്കണം. നല്ല വക്കീലാവാന്‍ ദിവസവും കോടതിയില്‍ പോകണം എന്നതുപോലെ. അത് രണ്ടും അക്ഷരംപ്രതി പാലിച്ചു. 14-ആം ലോക്‌സഭയില്‍ കൂടുതല്‍ ദിവസം ഹാജരായ കേരളത്തില്‍നിന്നുള്ള എംപി ഞാനായിരുന്നു.

നിയമസഭയില്‍ സീതിഹാജിയും ഞാനുമൊക്കെ എണീറ്റുനിന്നാല്‍ എന്തെങ്കിലും തമാശ പ്രതീക്ഷിച്ച് എല്ലാവരും കാതുകൂര്‍പ്പിക്കും. ഇപ്പോള്‍ സഭയില്‍ തമാശ കുറവാണ്. പദ്ധതിവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിവേദനം നല്‍കാന്‍ പോയ മുഖ്യമന്ത്രി എ കെ ആന്റണി നിരാശനായി സഭയിലെത്തിയപ്പോള്‍ 'അണ്ടി പോയ അണ്ണാനെപ്പോലെയാണിരിക്കുന്നതെ'ന്ന് ഞാന്‍ പറഞ്ഞു. അത് സ്‌പീക്കര്‍ രേഖയില്‍നിന്നു നീക്കി. നമ്പാടന്റെ പ്രസംഗം രേഖയില്‍നിന്നു നീക്കിയതായി പത്രങ്ങളില്‍. ഞാന്‍ വിട്ടില്ല. പിറ്റേദിവസം 'ഡാഷ് പോയ അണ്ണാനെപ്പോലെയാണിരിക്കുന്നതെ'ന്ന് ആവര്‍ത്തിച്ചുപറഞ്ഞു.

വീഴ്ത്തപ്പെട്ട കള്ളനും വാഴ്ത്തപ്പെട്ട കുള്ളനും

ഏറ്റവുമധികം കളിയാക്കിയിട്ടുള്ളത് കെ കരുണാകരനെയും എ കെ ആന്റണിയെയുമാണ്. എന്നാല്‍ അവര്‍ക്കെന്നോട് വിരോധമില്ലെന്നാണ് വിശ്വാസം. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡല്‍ഹിയില്‍നിന്ന് ആന്റണി വന്നു മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ പ്രതികരിച്ചത് 'വീഴ്ത്തപ്പെട്ട കള്ളനും വാഴ്ത്തപ്പെട്ട കുള്ളനും' എന്നാണ്. പിന്നൊരിക്കല്‍ മനുഷ്യര്‍രണ്ടുതരത്തിലാണെന്നും പറഞ്ഞു. വയലന്റും സൈലന്റും. കരുണാകരന്‍ വയലന്റും ആന്റണി സൈലന്റും. ആന്റണി നിര്‍ഗുണനും കരുണാകരന്‍ ദുര്‍ഗുണനുമാണെന്ന് പണ്ട് ആനി തയ്യില്‍ പറഞ്ഞിട്ടുണ്ട്. കരുണാകന്റെ മക്കള്‍ ഇപ്പോള്‍ തമ്മിലടിക്കുന്നതില്‍ അത്ഭുതമില്ല. അച്ഛന്‍ കൂട്ടുകക്ഷികളെയും കൂടെനില്‍ക്കുന്നവരെയും തമ്മിലടിപ്പിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു.

എന്റെ അപ്പന്‍ വലിയ തമാശക്കാരനൊന്നുമായിരുന്നില്ല. പക്ഷേ നാട്ടുകാര്‍ അങ്ങനെയല്ല. 1987ലെ തെരഞ്ഞെടുപ്പുകാലത്ത് എന്റെ കൈയും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇരിങ്ങാലക്കുട ചന്തയിലെ ചില ഇറച്ചിവെട്ടുകാര്‍ ആശ്വസിപ്പിച്ചു. 'മാഷിന്റെ കട്‌ലറ്റ് ഉണ്ടാക്കി ഞങ്ങള്‍ മാര്‍ക്കറ്റിലും മറ്റും വയ്‌ക്കും. പറഞ്ഞതുപോലെത്തന്നെ ചെയ്‌തു. ഉണ്ടാക്കിവച്ചത് എന്റെ 'കട്ടൌട്ട്' ആയിരുന്നുവെന്നുമാത്രം!

മീശ കണ്ടില്ല, സെക്യൂരിറ്റി തടഞ്ഞു

ഇരുപത്തിയെട്ടോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നമ്പാടന്‍. കൂടാതെ അശ്വത്ഥാമാവ്, എ കെ ജി സിനിമകളിലും നാരായണീയം ടെലിഫിലിമിലും. എ കെ ജി സിനിമയില്‍ ജ്യോതിബസുവിന്റെ ഭാഗമായിരുന്നു. മീശവടിച്ച് ഷൂട്ടിങ്ങിന് പാര്‍ലമെന്റ് ഹൌസിലേക്കു പോയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ തടയുകയുണ്ടായി. പഞ്ചായത്ത് അംഗവും എംഎല്‍എയും മന്ത്രിയും എംപിയുമൊക്കെ ആയെങ്കിലും 'മുഖ്യമന്ത്രി'യാകാത്ത കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു. ടെലിഫിലിമില്‍ കെപിഎസി ലളിതയോടൊപ്പം സൂപ്രണ്ടിന്റെ ഭാഗവും അശ്വത്ഥാമാവില്‍ പ്രൊഫസറുടെ റോളിലുമാണ് അഭിനയിച്ചത്.

"എനിക്ക് ടെന്‍ഷനൊന്നുമില്ല, പെന്‍ഷനേയുള്ളു. മാസംതോറും മൂന്ന് പെന്‍ഷനും വാങ്ങി ആഴ്‌ചതോറും മൂന്ന് ഡയാലിസിസും നടത്തി കഴിയുന്നു''.

രോഗികള്‍ ഡോൿടര്‍മാരെ സമീപിക്കുന്നതുപോലെയാണ് നാട്ടുകാര്‍ ജനപ്രതിനിധികളുടെ അടുത്തെത്തുന്നത്. അവരെ ആശ്വസിപ്പിച്ച് അയക്കേണ്ട ചുമതല നേതാക്കള്‍ക്കുണ്ട്. രണ്ടുകാര്യം ശ്രദ്ധിക്കണം. ജനപ്രതിനിധികളുടെ വീടിന് ഗേറ്റ് നിര്‍ബന്ധമാക്കരുത്. ഉണ്ടെങ്കില്‍ത്തന്നെ അത് അടച്ചിടരുത്. വീട്ടില്‍ പട്ടിയെ വളര്‍ത്താന്‍ പാടില്ല. ജനങ്ങള്‍ക്ക് ഏതു സമയത്തും ഭയരഹിതരായി അവിടെ എത്താനാവണം.

*****

പി പ്രകാശ്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോനപ്പന്‍ നമ്പാടന്‍ വിശ്രമത്തിലാണ്. ഒന്നരവര്‍ഷമായി ഇടപ്പള്ളിയിലെ വാടകവീട്ടില്‍. അമൃത ആശുപത്രിയില്‍ വൃക്കരോഗചികിത്സ. പ്രസംഗവേദികളിലും നിയമസഭയിലും ചിരിയുടെ മത്താപ്പ് കത്തിച്ചിരുന്ന അദ്ദേഹം വായിച്ചും എഴുതിയും സന്ദര്‍ശകരോട് കുശലം പറഞ്ഞുമൊക്കെ കഴിയുകയാണ്.

നമ്പാടന്റെ രണ്ടു പുസ്‌തകം ഉടന്‍ പുറത്തിറങ്ങും. ഒന്ന്: ആത്മകഥ. മറ്റേത് 'നമ്പാടന്റെ നമ്പറുകള്‍' നര്‍മസമാഹാരം. ഇനിയും ഒരുപാട് വായനക്കാരെ അറിയിക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നമ്പാടനുമായി പലപ്പോഴായി നടത്തിയ സംഭാഷണങ്ങളില്‍നിന്ന്: