Sunday, October 3, 2010

ധീരതയുടെ ചെന്താരക

നൂറു വര്‍ഷം മുമ്പ് അത്ര സുഖപ്രദമായ അന്തരീക്ഷമായിരുന്നില്ല ഇന്ത്യയിലെവിടെയും പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. ആദ്യത്തെ ഇന്ത്യന്‍ പത്രം എന്നറിയപ്പെടുന്ന 'ബംഗാള്‍ ഗസറ്റ് ' ശൈശവത്തില്‍ വീരമൃത്യു വരിച്ചശേഷം പത്രപ്രവര്‍ത്തനം സാമാന്യേന അസാധ്യമാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നത്. 1799 ല്‍ ആരംഭിക്കുകയും 1857 നു ശേഷം ശക്തമാവുകയും ചെയ്‌ത പത്രനിയന്ത്രണ പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയമായത് 1878ലെ വെര്‍ണാകുലര്‍ പ്രസ് ആക്‌ട് തന്നെ. ഭാഷാപത്രങ്ങള്‍ക്കു മാത്രം ബാധകമായ ഈ മാരണം മറികടക്കുന്നതിന് ശിശിര്‍ കുമാര്‍ ഘോഷിന്റെ അമൃത ബസാര്‍ പത്രിക രായ്‌ക്കുരാമാനം ബംഗാളിയില്‍നിന്ന് ഇംഗ്ളീഷിലേക്കു മാറി.

കണ്ടുകെട്ടലും നാടുകടത്തലും നാട്ടുനടപ്പ് മാത്രമല്ല, നിയമപരമായി സാധുതയുള്ള ശിക്ഷാ നടപടികൂടിയായിരുന്നു. ലൈസന്‍സിങ്ങും സെന്‍സര്‍ഷിപ്പും ഉള്‍പ്പെടെ പത്രനിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് ബ്രിട്ടന്‍ ജനാധിപത്യക്രമത്തിലേക്കു മാറിയശേഷവും ഇന്ത്യയില്‍ സ്‌റ്റാര്‍ ചേംബര്‍ കുറ്റവിചാരണയുടെ അന്തരീക്ഷം നിലനിന്നു. കോളനിയെ മെരുക്കിനിര്‍ത്തുന്നതിന് അത് ആവശ്യമായിരുന്നു.

ജനാധിപത്യവിരുദ്ധമായ ഈ പശ്ചാത്തലത്തിലാണ് കെ രാമകൃഷ്‌ണപിള്ള നാലു വര്‍ഷം സ്വദേശാഭിമാനിയുടെ പത്രാധിപരായത്. തന്റെ നയം നടപ്പാക്കാന്‍ പറ്റിയ പത്രാധിപരെ ഉടമയായ വക്കം അബ്‌ദുല്‍ ഖാദര്‍ മൌലവി തേടിപ്പിടിക്കുകയായിരുന്നു. രാജവാഴ്‌ചയ്‌ക്കും അതിലുപരി ദിവാന്‍ഭരണത്തിനും എതിരായ നയമായിരുന്നു അത്. ആപത്തുകളെ ‘ഭയന്ന് ഒന്നും മറച്ചുവയ്‌ക്കാതിരിക്കുക എന്നതായിരുന്നു അതിന്റെ അന്തഃസത്ത. ജയിംസ് അഗസ്‌റ്റസ് ഹിക്കിയുടെ നയവും ഇതായിരുന്നു. ഈസ്‌റ്റിന്ത്യാ കമ്പനിയിലെ ക്രമക്കേടുകള്‍ മാത്രമല്ല, ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്‌റ്റിങ്സിന്റെ അരമനക്കഥകളും ഹിക്കിയുടെ ഗസറ്റിനു വിഷയമായി. 60 മാസം മാത്രമായിരുന്നു ഗസറ്റിന്റെ ആയുസ്സ്. 16 മാസവും പത്രാധിപര്‍ ജയിലിലായിരുന്നു. ഒടുവില്‍ പ്രസ് കണ്ടുകെട്ടി; സായ്‌പിനെ ഇംഗ്ളണ്ടിലേക്കു കയറ്റിവിടുകയും ചെയ്‌തു.

ഏതാണ്ട് ഇതേ തിരക്കഥതന്നെയാണ് ഈസ്‌റ്റിന്ത്യാ കമ്പനിയുമായി സഖ്യത്തിലായിരുന്ന തിരുവിതാംകൂറിലും അരങ്ങേറിയത്. രാജാവിനേക്കാള്‍ ദിവാനായിരുന്നു സ്വദേശാഭിമാനിയുടെ ആക്രമണത്തിനു വിഷയമായത്. രാജഗോപാലാചാരിയെ അക്ഷരത്തെറ്റെന്ന മട്ടില്‍ ജാരഗോപാലാചാരിയാക്കിയപ്പോള്‍ കഥാതന്തു പിടികിട്ടുമല്ലോ. ഇന്നാണെങ്കില്‍ ഒരു മഞ്ഞപ്പത്രമെന്ന് പരിഹസിക്കപ്പെടുമായിരുന്ന സ്വഭാവമാണ് സ്വദേശാഭിമാനിക്കുണ്ടായിരുന്നത്. പുലിറ്റ്സറും ഹേഴ്‌സ്‌റ്റും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് യെല്ലോ ജേര്‍ണലിസം എന്ന പ്രതിഭാസമുണ്ടായത്. ന്യൂയോര്‍ക്കില്‍ ഈ പത്രപ്രഭുക്കള്‍ യുദ്ധം നടത്തുന്ന കാലത്താണ് തിരുവനന്തപുരത്ത് രാമകൃഷ്‌ണപിള്ള കൊട്ടാരവുമായി ഏറ്റുമുട്ടിയത്.

സ്വദേശാഭിമാനി എന്ന പേര് പത്രത്തില്‍നിന്ന് പത്രാധിപരിലേക്കുമാറിയ ചരിത്രമാണ്. പത്രാധിപര്‍പദവിതന്നെ അന്യംനിന്നുപോയ സാഹചര്യത്തില്‍ ഇന്ന് പത്രാധിപര്‍ പത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല. മുന്നില്‍നിന്ന് പട നയിക്കാന്‍ ഇന്നത്തെ മിസൈല്‍യുഗത്തില്‍ പണ്ടേപ്പോലെ സര്‍വസൈന്യാധിപന്‍ വേണമെന്നില്ല. അതുപോലെ ഡിജിറ്റല്‍ യുഗത്തിലെ കോര്‍പറേറ്റ് സാഹചര്യങ്ങളില്‍ പത്രാധിപര്‍ അപ്രത്യക്ഷനായിരിക്കുന്നു. ഉടമ നിശ്ചയിക്കുന്ന നയം നടപ്പാക്കുന്ന തൊഴിലാളികള്‍ മാത്രമാണ് പത്രങ്ങളില്‍. ഒരര്‍ഥത്തില്‍ രാമകൃഷ്‌ണപിള്ളയുടെ നിയോഗവും അതുതന്നെയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഉടമയുടെ താല്‍പ്പര്യങ്ങള്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റേതുപോലെയായിരുന്നില്ല. പത്രാധിപരും ഉടമയും സയാം ഇരട്ടകളെപ്പോലെ ഒന്നായിത്തീരുന്ന അപൂര്‍വമായ അനുഭവമാണ് സ്വദേശാഭിമാനിയുടെ കാര്യത്തിലുണ്ടായത്. മൂലധനം നഷ്‌ടപ്പെട്ടതിനേക്കാള്‍ മൌലവിയെ ഖിന്നനാക്കിയത് തന്റെ പത്രാധിപര്‍ക്കു സംഭവിച്ച ദുര്യോഗമായിരുന്നു.

പത്രാധിപരുടെ ദേശാടനത്തേക്കാള്‍ പത്രത്തിന്റെ തിരോധാനമാണ് ചരിത്രത്തെ ദരിദ്രമാക്കിയത്. മലയാളത്തില്‍ പത്രപ്രവര്‍ത്തനം ഏറെക്കുറെ വേരുപിടിച്ച കാലമായിരുന്നിട്ടും സാര്‍വത്രികമായ വിമര്‍ശം ദിവാന്റെ നടപടിയിലുണ്ടായില്ല. ‘ചരിത്രത്തിന്റെ ‘ഭാഗമായിത്തീരുന്ന ആ സംഭവം മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്‌തതുപോലുമില്ല. ദി ഹിന്ദു തുടങ്ങിയ മറുനാടന്‍ പത്രങ്ങളാണ് തിരുവിതാംകൂറിലെ അന്യായ നടപടിക്കെതിരെ ശബ്‌ദിച്ചത്. വ്യത്യസ്‌ത കാരണങ്ങളാല്‍പിന്നീടൊരു കണ്ടുകെട്ടലും അറസ്‌റ്റും ഉണ്ടാകുന്നതിന് 30 വര്‍ഷം വേണ്ടിവന്നു എന്നതുതന്നെ സ്വദേശാഭിമാനിയെ മറക്കാന്‍ അന്നത്തെ പത്രസമൂഹം ബോധപൂര്‍വം ശ്രമിച്ചു എന്നതിനു തെളിവാണ്.

അന്നെന്നപോലെ ഇന്നും രാമകൃഷ്‌ണപിള്ളയെ മറക്കാനാണ് പൊതുവേ എല്ലാവരും ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തിരുനെല്‍വേലിയിലേക്കുകടത്തിവിടുന്നത് നാടുകടത്തലാണോ എന്നു ചോദിക്കുന്നവരുണ്ട്. അവര്‍ ചരിത്രത്തിനുനേരേ മുഖംതിരിക്കുന്നവരോ അതിന്റെ ആവര്‍ത്തനം ആഗ്രഹിക്കാത്തവരോ ആണ്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്‌തുതിക്കുന്നതിനുവേണ്ടി ഓര്‍മയുടെ രൂപക്കൂട്ടില്‍ സ്വദേശാഭിമാനിയെ പ്രതിഷ്‌ഠിച്ചിട്ടുള്ളവരുണ്ട്. നഗരവികസനത്തിലെ വഴിമുടക്കിയായ പ്രതിമയായി മാത്രം അദ്ദേഹത്തെ കാണുന്നവരും കുറവല്ല.

ഈ ഓര്‍മകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമിടയില്‍ എവിടെയാണ് ചരിത്രത്തില്‍ സ്വദേശാഭിമാനിക്ക് ഇടം? ജനാധിപത്യത്തെ മാത്രമല്ല, മാര്‍ക്സിനെയും കമ്യൂണിസത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പത്രാധിപരെ നാടുകടത്തിയതിന്റെ 100-ആം വര്‍ഷത്തില്‍ എങ്ങനെയാണ് നാം അനുസ്‌മരിക്കേണ്ടത്? അതിന്യൂനപക്ഷമായ ചൂഷകരും ബഹുഭൂരിപക്ഷമായ ചൂഷിതരും എന്നിങ്ങനെയാണ് ജനതയെ രണ്ടു വര്‍ഗമായി വിഭജിക്കേണ്ടതെന്നു കണ്ടെത്തിയ മാർക്‌സിയന്‍ വീക്ഷണമുള്ള പത്രാധിപരെ ആഗോളവല്‍കരണത്തിന്റെ നവകൊളോണിയല്‍ കാലഘട്ടത്തില്‍ എപ്രകാരമാണ് വിലയിരുത്തേണ്ടത്?

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാമകൃഷ്‌ണപിള്ള സ്വപ്‌നംകണ്ട ജനാധിപത്യക്രമത്തിലേക്ക് ലോകം മുന്നേറുന്ന കാഴ്‌ചയോടെയാണ് ആ നൂറ്റാണ്ട് അവസാനിച്ചത്. പത്രസ്വാതന്ത്ര്യമെന്നത് ജനാധിപത്യക്രമത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. പക്ഷേ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലല്ലാതെ എവിടെയെങ്കിലുമാണ് രാമകൃഷ്‌ണപിള്ള പത്രാധിപരാകുന്നതെങ്കില്‍ ഗളഹസ്‌തമല്ല ശിരച്‌ഛേദംതന്നെ അദ്ദേഹത്തിനു സംഭവിക്കുമായിരുന്നു. റഷ്യയില്‍ അന്ന പൊളിറ്റ്കോവസ്‌കയ്‌ക്കും ശ്രീലങ്കയില്‍ ലസാന്തെ വിക്രമതുംഗയ്‌ക്കും ദൌത്യമധ്യേ ലഭിച്ചത് വെടിയുണ്ടകളാണ്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത ലേഖനങ്ങള്‍ എഴുതിയ തിസെനായകത്തിന് കൊളംബോ കോടതി നല്‍കിയത് 20 വര്‍ഷം തടവാണ്. ലോകപര്യടനം നടത്തിയാല്‍ ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. 100 വര്‍ഷം മുമ്പുള്ള തിരുവിതാംകൂര്‍ ഇന്നും പലേടത്തും നിലനില്‍ക്കുന്നു. നിര്‍ഭയനായ രാമകൃഷ്‌ണപിള്ളയും ലോകത്തിന്റെ പല ‘ഭാഗങ്ങളിലും പല പേരുകളില്‍ ജീവിക്കുന്നു. അത്തരക്കാരിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ തീ അണയാതെ നില്‍ക്കുന്നത്.

സി പി സ്‌കോട്ടിനെപ്പോലെ മാധ്യമഗുരു ആയിരുന്നില്ല രാമകൃഷ്‌ണപിള്ള. ജേര്‍ണലിസം ക്ളാസുകളില്‍ അദ്ദേഹത്തിന്റേതായ സൂക്തങ്ങളൊന്നും പറഞ്ഞുകൊടുക്കാനില്ല. എഴുതിയ വൃത്താന്തപത്രപ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ വായിക്കുന്നുണ്ടാവില്ല. നിര്‍ഭയനായ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമാണ് ഓര്‍മിക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണ്. ധൈര്യമുള്ള ജനതയ്‌ക്കേ അത്തരത്തില്‍ ജാഗ്രത പാലിക്കാന്‍ കഴിയൂ. ‘ഭയലോഭകൌടില്യങ്ങള്‍’ ഒരു ജനതയെ തളര്‍ത്തുമെന്നു മുന്നറിയിപ്പ്. രാമകൃഷ്‌ണപിള്ള ധീരതയുടെ സന്ദേശമാണ് ജനങ്ങള്‍ക്കു നല്‍കിയത്. സ്വാതന്ത്ര്യത്തിന്റെ സംരക്ഷണച്ചുമതല നിയോഗംപോലെ ഏറ്റെടുത്തിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ ഈ സന്ദേശം മുന്‍നിര്‍ത്തിയാണ് രാമകൃഷ്‌ണപിള്ളയെ സ്‌മരിക്കേണ്ടത്. അടിയന്തരാവസ്ഥയിലെ അപമാനകരമായ അടിയറവ് പാഠമാണ്. അന്ന് പത്രപ്രവര്‍ത്തകര്‍ അത്രമാത്രം ‘ഭയപ്പെട്ടുവെങ്കില്‍ അതിനും 65 വര്‍ഷം മുമ്പ് ഭരണഘടനയും മൌലികാവകാശങ്ങളും ഇല്ലാതിരുന്ന കാലത്ത് രാമകൃഷ്‌ണപിള്ള പ്രകടിപ്പിച്ച ധീരതയെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല.

തെറ്റെന്നു തോന്നിയത് നിര്‍ഭയം വിളിച്ചുപറയുന്നതിന് രാമകൃഷ്‌ണപിള്ള പ്രകടിപ്പിച്ച ആര്‍ജവം പ്രശംസനീയമാണ്. അത്തരത്തില്‍ അധികംപേര്‍ ഇല്ലാത്തതുകൊണ്ടാണ് ഈ 100-ാം വര്‍ഷത്തിലും നാം അദ്ദേഹത്തെ ഓര്‍മിക്കുന്നത്. നാഥാന്‍ പ്രവാചകനെപ്പോലെ രാജാവിനു നേരെയാണ് അദ്ദേഹം വിരല്‍ചൂണ്ടിയത്. ആയതിന്റെ ശിക്ഷയായിരുന്നു വിപ്രവാസം. മാര്‍ക്‌സ് വിഭാവനംചെയ്‌ത ദുരന്തനായകന്റെ ലക്ഷണമൊത്ത മാതൃകയായിരുന്നു രാമകൃഷ്‌ണപിള്ള - കാലമാകുംമുമ്പേ വന്നെത്തിയ വിപ്ളവകാരി.

അത്തരക്കാരുടെ വാസം രാജമന്ദിരങ്ങളിലല്ല. ഈശ്വരന്റെ തെറ്റും ചൂണ്ടിക്കാണിക്കുമെന്നു പ്രഖ്യാപിച്ച രാമകൃഷ്‌ണപിള്ള ഒരുപക്ഷേ ലൂസിഫറിനൊപ്പമായിരിക്കാം നില്‍ക്കാനിഷ്‌ടപ്പെടുക. അദ്ദേഹം എഴുതിയ നരകത്തില്‍നിന്ന് എന്ന നോവല്‍ വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഈശ്വരനേക്കാള്‍ നരാകാധിപനായ യമനാണ് ദയാലു; സ്വര്‍ഗത്തേക്കാള്‍ മികച്ച ലോകമാണ് നരകം.സ്വര്‍ഗത്തിലെ സ്‌തുതിവചനങ്ങളേക്കാള്‍ നരകത്തിലെ തീയില്‍ നിന്നുകൊണ്ടുള്ള വിമര്‍ശമാണ് അദ്ദേഹത്തിന് അഭികാമ്യമായുള്ളത്. ധീരന്മാര്‍ക്കു മാത്രം സഹനീയമായ ആ തീയാണ് രാമകൃഷ്‌ണപിള്ളയുടെ ഒസ്യത്ത്.സ്വര്‍ഗത്തിലും ഓരോ പുതിയ ‘ഭാഷ പഠിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആഗ്രഹിച്ചത്. അവിടെയും ഒരു പത്രം തുടങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നിരിക്കാം രാമകൃഷ്‌ണപിള്ളയുടെ ആലോചന.

*****

ഡോ. സെബാസ്‌റ്റ്യന്‍ പോള്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 29-10-2010

അധിക വായനയ്‌ക്ക :

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നൂറു വര്‍ഷം മുമ്പ് അത്ര സുഖപ്രദമായ അന്തരീക്ഷമായിരുന്നില്ല ഇന്ത്യയിലെവിടെയും പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. ആദ്യത്തെ ഇന്ത്യന്‍ പത്രം എന്നറിയപ്പെടുന്ന 'ബംഗാള്‍ ഗസറ്റ്' ശൈശവത്തില്‍ വീരമൃത്യു വരിച്ചശേഷം പത്രപ്രവര്‍ത്തനം സാമാന്യേന അസാധ്യമാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നത്. 1799ല്‍ ആരംഭിക്കുകയും 1857നു ശേഷം ശക്തമാവുകയും ചെയ്ത പത്രനിയന്ത്രണ പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയമായത് 1878ലെ വെര്‍ണാകുലര്‍ പ്രസ് ആക്ട്തന്നെ. ഭാഷാപത്രങ്ങള്‍ക്കു മാത്രം ബാധകമായ ഈ മാരണം മറികടക്കുന്നതിന് ശിശിര്‍ കുമാര്‍ ഘോഷിന്റെ അമൃത ബസാര്‍ പത്രിക രായ്ക്കുരാമാനം ബംഗാളിയില്‍നിന്ന് ഇംഗ്ളീഷിലേക്കു മാറി.

കണ്ടുകെട്ടലും നാടുകടത്തലും നാട്ടുനടപ്പ് മാത്രമല്ല, നിയമപരമായി സാധുതയുള്ള ശിക്ഷാ നടപടികൂടിയായിരുന്നു. ലൈസന്‍സിങ്ങും സെന്‍സര്‍ഷിപ്പും ഉള്‍പ്പെടെ പത്രനിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് ബ്രിട്ടന്‍ ജനാധിപത്യക്രമത്തിലേക്കു മാറിയശേഷവും ഇന്ത്യയില്‍ സ്റ്റാര്‍ ചേംബര്‍ കുറ്റവിചാരണയുടെ അന്തരീക്ഷം നിലനിന്നു. കോളനിയെ മെരുക്കിനിര്‍ത്തുന്നതിന് അത് ആവശ്യമായിരുന്നു.—