ബസ് സ്റ്റോപ്പിനെതിരെയുള്ള കുട്ടന്റെ ചായക്കടയ്‌ക്കരികിലായി റോഡിന്റെ കിഴക്കേ വശത്ത് രണ്ടു സെന്റോളം ഭൂമി ഒഴിഞ്ഞുകിടപ്പുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നപ്പോള്‍ അവിടെയാണ് എല്ലാ കക്ഷികളും പോസ്റ്റര്‍ നാട്ടാന്‍ തിരഞ്ഞെടുത്തത്. ചായക്കടയില്‍ എല്ലാ വിഭാഗക്കാരും വരാറുള്ളതുകൊണ്ട് ആരെയും മുഷിപ്പിക്കാന്‍ കുട്ടന്‍ തയ്യാറായില്ല. അതുകൊണ്ട് കുട്ടന്റെ ആ രണ്ടു സെന്റ് ഭൂമി പോസ്റ്ററുകള്‍കൊണ്ടു നിറഞ്ഞു.
കുട്ടന്റെ പറമ്പിന്‍തുണ്ടു മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തോളമായി കേരളമാകെ പോസ്റ്ററുകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ആകെ 70,915 മുഖങ്ങള്‍. അതില്‍ത്തന്നെ പകുതിയോ അതിലധികമോ പെണ്ണുങ്ങളുടേത്. ഇത്രയധികം സുന്ദരികളും സുന്ദരന്‍മാരും നമ്മുടെ ഇടയിലുണ്ടോ എന്ന് അദ്ഭുതപ്പെടാന്‍ തക്കവണ്ണം അവര്‍ നമ്മളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. ഉഷാ ഉതുപ്പിന്റെ ''എന്റെ കേരളം, എത്ര സുന്ദരം'' എന്ന പാട്ട് കനത്ത ശബ്ദത്തില്‍ മൂളിപ്പോവും നമ്മളറിയാതെ.
വോട്ടെടുപ്പുകഴിഞ്ഞു, ഫലവും വന്നു. ആ മുഖങ്ങളൊന്നും ഇപ്പോഴും ആരും നീക്കം ചെയ്തിട്ടില്ല. വോട്ടെടുപ്പു കഴിഞ്ഞയുടന്‍ അവ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുശാസിച്ചിട്ടുണ്ടെങ്കിലും പ്രചാരണം കഴിഞ്ഞതിന്റെ ആലസ്യത്തില്‍ ആരും അതൊന്നും കൃത്യമായി പാലിച്ചിട്ടില്ല.
അല്ലെങ്കില്‍ എന്തിനാണ് അവ അത്ര തിരക്കിട്ട് നീക്കം ചെയ്യുന്നത്? കഴിഞ്ഞ ഇരുപത്തഞ്ചുകൊല്ലമായി ഒരേ സിനിമാതാരങ്ങളുടെ പോസ്റ്ററുകള്‍ കണ്ടുകണ്ട് മടുത്തിരിക്കുന്ന സമയത്താണ് ഈ സുന്ദരീസുന്ദരന്മാരുടെ രംഗപ്രവേശം. അതെത്ര ആശ്വാസമായെന്നു പറഞ്ഞറിയിക്കാന്‍ വയ്യ. ഇനി കുറച്ചുകാലം ഇവരെ കണ്ടുകൊണ്ടിരിക്കാമല്ലോ. മാത്രമല്ല, ബസ്സില്‍ പുറത്തേയ്‌ക്കു നോക്കിയിരുന്നാല്‍ ഇറങ്ങേണ്ട സ്ഥലം എത്തുന്നതറിയില്ല. വാര്‍ഡുതോറും മുഖങ്ങള്‍ മാറിമാറി വരികയല്ലേ!
പക്ഷേ ഇത് അധികകാലം നില്‍ക്കില്ലല്ലോ. കാലംതെറ്റിപ്പെയ്യുന്ന ഈ മഴയില്‍ എല്ലാം നനഞ്ഞുകുതിര്‍ന്ന് 'നാനായിധ'മാവും. എനിക്കു സങ്കടം തോന്നി.
അപ്പോഴാണ് കൂട്ടുകാരന്‍ സദാനന്ദന്‍ പറയുന്നത് അവ അങ്ങനെയൊന്നും പോവില്ല എന്ന്. ഈ മുഖങ്ങളെല്ലാം ഒന്നാംതരം പി. വി. സി. കൊണ്ട് ഉണ്ടാക്കിയതാണത്രേ. വെയിലത്തുകിടന്ന് തിളങ്ങുന്നതു കണ്ടില്ലേ?
തീയില്‍ക്കുരുത്തതല്ലെങ്കില്‍പ്പോലും വാടില്ല. മഴയത്ത് കുതിരുകയുമില്ല. അതിനെ താങ്ങിനിര്‍ത്തുന്ന ചട്ട ഒടിഞ്ഞുവീണുവെന്നുതന്നെയിരിക്കട്ടെ, 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' എന്ന കവിവിലാപത്തിനപ്പുറം ഒന്നും സംഭവിക്കില്ല. ഇനി അത് മണ്ണില്‍ പൂണ്ടുപോയാലും വിഷമിക്കേണ്ട. മണ്ണിന്നടിയില്‍ ഇതേപോലെ ചിരിച്ചുകൊണ്ടുതന്നെ കിടക്കും കല്‍പ്പാന്തകാലത്തോളം.
ആശ്വാസമായി. നശിക്കാത്തതായി ചിലതെങ്കിലുമുണ്ടല്ലോ! കല്‍പ്പാന്തമൊന്നും വേണ്ട, ഒരാറുമാസം നില്‍ക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ നിയമസഭയിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പു വരും. ഇത്രയേറെ സുന്ദരികളും സുന്ദരന്‍മാരുമൊന്നും ഉണ്ടാവില്ലെങ്കിലും വിമതന്‍മാരും അപരന്‍മാരുമൊക്കെയായി ഭേദപ്പെട്ട വിധത്തില്‍ പുതിയവരുണ്ടാവും. വികസനവിരോധികളും വിഘടനവാദികളും വിപ്ലവകാരികളുമൊക്കെയായി വേറെയുമുണ്ടാവും. അതുമതി. ഞാന്‍ സന്തോഷത്തോടെ ചിരിച്ചു.
പക്ഷേ സദാനന്ദന്‍ ചിരിച്ചില്ല. ക്ഷോഭംകൊണ്ട് അവന്‍ വിറയ്‌ക്കുകയായിരുന്നു. ''നമ്മുടെ നാട് ഏറെ വൈകാതെ നശിക്കും,'' അവന്‍ അറിയിച്ചു.
എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് എന്താണ് കാര്യമെന്ന് ചോദിക്കേണ്ടിവന്നു.
''നിനക്കറിയില്ല അല്ലേ,'' എന്നെ അവിശ്വാസത്തോടെ നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു: ''കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനമായപ്പോള്‍ ഒപ്പം തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റച്ചട്ടങ്ങളും വന്നിരുന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ളത്. മലിനീകരണനിയന്ത്രണബോഡിന്റെ ശുപാര്‍ശ അനുസരിച്ചായിരുന്നു അത്. ഫ്‌ളെക്‌സ് ബോഡുകള്‍ അന്തരീക്ഷമലിനീകരണത്തിനു വഴിവെയ്‌ക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കത്തിയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഡയോക്‌സിന്‍ എന്ന അതിമാരകമായ വാതകം പരത്തും. മണ്ണില്‍ അലിയുകയുമില്ല. പ്രചാരണത്തിന് അനുവദിക്കപ്പെട്ട ഇരുപതു ദിവസങ്ങള്‍ക്കകം കേരളത്തിന്റെ മണ്ണ് പോളി വിനൈല്‍ ക്ലോറൈഡിന്റെ വിഷപ്പുതപ്പുകൊണ്ട് മൂടും.''
കാര്യങ്ങള്‍ എനിയ്‌ക്കപ്പോള്‍ ഓര്‍മ്മ വന്നു. നിരോധനത്തിനെതിരെ ഫ്‌ളെക്‌സ് നിര്‍മ്മാണക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അവര്‍ ടിവിയിലൂടെ വിവരങ്ങള്‍ അറിയിച്ചിരുന്നു: ''ഫ്‌ളെക്‌സ് എന്നു പറയുന്നത് പ്ലാസ്റ്റിക് അല്ല. അവയുടെ അടിസ്ഥാനഘടകങ്ങള്‍ തുണിയും കാല്‍സിയം പൗഡറുമാണ്. പി.വി.സി. നാമമാത്രമായേ ഉപയോഗിക്കുന്നുള്ളു. അത് പ്രതലത്തിനു തിളക്കം കൂട്ടാനാണ്. മാത്രമല്ല ഫ്‌ളെക്‌സ് മണ്ണില്‍ ലയിക്കുന്നതുമാണ്. പിന്നെ എന്തിനാണ് ഈ നിരോധനം ?''
തികച്ചും ന്യായമായ ചോദ്യം. എന്നിട്ടും അവര്‍ കൊടുത്ത ഹര്‍ജി തിരഞ്ഞെടുപ്പുകമ്മീഷന്‍ അപ്പാടെ നിരാകരിച്ചു. അപ്പോഴാണ് ഒരു ഗതിയുമില്ലാതെ അവര്‍ ഹൈക്കോടതിയില്‍ പോയത്. വോട്ടെടുപ്പിന് പന്ത്രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും വന്നു: 'ഫ്‌ളെക്‌സ് ഉപയോഗിക്കാം.' പറഞ്ഞ പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടാണ്:
ഒന്ന്) ഫ്‌ളെക്‌സ് അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാത്രം നിരോധിച്ചാല്‍പ്പോരാ.
രണ്ട്) നിരോധനം തിരഞ്ഞെടുപ്പുകമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ല.
ഏതായാലും വിധിവന്ന് മിനിട്ടുകള്‍ക്കകം കേരളത്തിലെ തെരുവുകളില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉയര്‍ന്നുതുടങ്ങി. തായ്‌വാന്‍ സ്റ്റിക്കര്‍ എന്ന ബദല്‍ സംവിധാനത്തില്‍ മങ്ങിക്കണ്ടിരുന്ന മുഖങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ വഴിയരികുകളില്‍ സ്ഥലംപിടിച്ചു.
കോടതിവിധിയില്‍ ഒന്നുകൂടി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഫ്‌ളെക്‌സ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിനു വിലവരുന്ന അസംസ്‌കൃതവസ്‌തുക്കള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. നിരോധനംകൊണ്ട് അവര്‍ക്കു വന്നേയ്‌ക്കാവുന്ന നഷ്ടം കണക്കിലെടുക്കണം.
പിന്നെ വേണ്ടേ? പെട്ടെന്നുണ്ടാവുന്ന ഹര്‍ത്താലുകള്‍കൊണ്ട് എന്റെ ഒരു ബന്ധുവിന്റെ ഹോട്ടലില്‍ പിറ്റേന്നത്തെ ഉപയോഗത്തിനുവേണ്ടി അരച്ചുവെച്ച അരിമാവു മുഴുവന്‍ അവരുടെ പറമ്പില്‍ ഒഴുക്കിക്കളയുകയാണ് പതിവ്. അതിനൊരു ന്യായമുണ്ട്. വെറുതെയല്ലല്ലോ. ഹര്‍ത്താലിനു വേണ്ടിയല്ലേ? അതുപോലെയാണോ തിരഞ്ഞെടുപ്പ്? അത് അഞ്ചുകൊല്ലം കൂടുമ്പോഴേ വരൂ. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടെന്നുതന്നെ വെയ്‌ക്കുക. വാങ്ങിവെച്ച ഈ അസംസ്‌കൃതവസ്‌തുക്കള്‍ ആറുമാസം കേടുകൂടാതെ ഇരിക്കുമെന്നതിന് എന്താണുറപ്പ് ? ദോശമാവു പോലെ പറമ്പിലൊഴുക്കിക്കളയാന്‍ പറ്റുമോ? അത്രയ്‌ക്കു വിലയില്ലാത്തതല്ലല്ലോ അത്. കോടതി പറയുന്നത് അക്ഷരംപ്രതി ശരിയാണ്: ഭരണഘടനയില്‍ ഉറപ്പുതരുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വാണിജ്യം ചെയ്യാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ നിരോധനം.
ഇതൊന്നും പക്ഷേ സദാനന്ദന്‍ സമ്മതിച്ചുതന്നില്ല. ഈ വിധിപ്രസ്‌താവം അവനെ ഞെട്ടിച്ചുവത്രേ. ഏതാനും പേരുടെ താല്‍ക്കാലികമായ വാണിജ്യലാഭത്തിനപ്പുറം കോടതിക്ക് മറ്റൊന്നും പരിഗണിയ്‌ക്കേണ്ട ബാധ്യതയില്ലേ എന്ന് അവന്‍ ചോദിച്ചു. നമ്മുടെ മണ്ണിന് എന്തു സംഭവിക്കുമെന്നതിനേക്കുറിച്ച് കോടതിക്ക് യാതൊരു ഉല്‍ക്കണ്ഠയുമില്ലല്ലോ എന്ന് അവന്‍ ഖേദിച്ചു.
അതെനിക്ക് ഒട്ടും മനസ്സിലായില്ല. എന്തിനാണ് കോടതി അതിനൊക്കെ വേവലാതിപ്പെടുന്നത്? നാളത്തെ കാര്യമൊക്കെ നാളെ. അതുവിട്ടു ചിന്തിയ്‌ക്കേണ്ടതുണ്ടോ കോടതിയ്‌ക്ക് ? കോടതിയില്‍ ഇരിക്കുന്നവരും നമ്മളേപ്പോലെ മനുഷ്യര്‍ തന്നെയല്ലേ? പാവങ്ങള്‍, കറുത്ത കോട്ടിട്ടിട്ടുണ്ട് എന്നല്ലേ ഉള്ളൂ?
ഇനി അതിന്റെ ഗുണവശം കാണണം. നമ്മുടെ രാജ്യത്തെ ആകെമൊത്ത ഉല്‍പ്പാദനത്തിന്റെ സൂചിക മുകളിലേയ്‌ക്കു കുതിക്കുകയില്ലേ? മൊത്തം വിറ്റുവരവും അങ്ങനെത്തന്നെ. ആളോഹരിവരുമാനത്തിന്റെ കാര്യം പറയുകയും വേണ്ട. അതൊക്കെയല്ലേ ഒരു രാജ്യത്തിന്റെ അഭിവൃദ്ധിയുടെ അളവുകോല്‍? അതൊക്കെയല്ലേ ഒരു കോടതി നോക്കേണ്ടത്?
സംശയമെന്താ? സര്‍ക്കാരും അതുതന്നെയാണ് നോക്കേണ്ടത്. ഈ മാസം തന്നെയല്ലേ സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന രാജ്യാന്തരകണ്‍വെന്‍ഷനില്‍ നമ്മുടെ സര്‍ക്കാരിന്റെ പ്രതിനിധി വാദിച്ചത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട കാര്യമില്ലെന്ന്. കേരളസര്‍ക്കാരും പരിസ്ഥിതിവാദികളും ഇവിടെനിന്ന് എഴുതിക്കൊണ്ടുപോയ വാദങ്ങളൊന്നും അവിടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ഉന്നയിച്ചില്ലത്രേ. എന്തിന് ഉന്നയിക്കണം? കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി ഛദ്ദ ചൗധരി വാദിച്ചത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചില്ലെങ്കില്‍ അവിടത്തെ കൃഷി മുഴുവന്‍ നശിക്കുമെന്നാണ്. രാജ്യത്തിന് കോടിക്കണക്കിനുള്ള വരുമാനം നഷ്ടപ്പെടും.
രാജ്യം കുട്ടിച്ചോറാവാന്‍ വേറെ എന്തുവേണം? കേന്ദ്രസഹമന്ത്രി കെ. വി. തോമസ്സിനും കൂടി അതറിയാം. പക്ഷേ ഇതൊന്നും ഈ പരിസ്ഥിതിവാദികള്‍ക്കു മനസ്സിലാവില്ല. മന്‍മോഹന്‍ സിംഗ് കുത്തുപാളയെടുത്താലേ അവര്‍ക്കു തൃപ്‌തിയാവൂ. രാജ്യം ഭരിക്കേണ്ട ഭാരമൊന്നും അവര്‍ക്കില്ലല്ലോ. രാവിലെയായാല്‍ ജുബ്ബയും മുണ്ടുമായി ഇറങ്ങണം. രണ്ടു സെമിനാറില്‍ പങ്കെടുക്കണം. കൂട്ടത്തില്‍ രണ്ടു പുസ്‌തകം വില്‍ക്കാനായാല്‍ അതുമായി.
സദാനന്ദന്‍ സമ്മതിച്ചില്ല. ''നിനക്കറിയാഞ്ഞിട്ടാണ്,'' അവന്‍ വീണ്ടും പറഞ്ഞു: ''പി. വി. സി.യുടെ പാടകള്‍കൊണ്ട് മേല്‍മണ്ണ് പലപല തട്ടുകളാവും. അതിലൂടെ ജലം ഒലിച്ചിറങ്ങാതാവും. മണ്ണില്‍ വിത്തുപാവിയാല്‍ മുളയ്‌ക്കാതാവും. മുളച്ചാല്‍ത്തന്നെ പൊടിയ്‌ക്കാതാവും. വേരുകളാഴ്ത്തി വളരാന്‍ കഴിയാതെ ചെടികള്‍ ഉണങ്ങും. നമ്മുടെ മണ്ണ് മരുഭൂമിയാവും.''
''അതിനു നമുക്ക് കൃഷി ചെയ്യേണ്ടതുണ്ടെങ്കിലല്ലേ?'' ഞാന്‍ ചോദിച്ചു.
സദാനന്ദന് അതിഷ്ടപ്പെട്ടില്ല. അവന്‍ എഴുന്നേറ്റുനിന്നു: ''നീ ഈ ശ്ലോകം കേട്ടിട്ടുണ്ടോ?
ഉത്തമം കാര്‍ഷികം വൃത്തി
മധ്യമം വ്യവസായികം
അധമം സേവനം വൃത്തി
നീചം പരോപജീവനം.
കുറേക്കാലം മുമ്പ് ആരോ എഴുതിവെച്ചതാണ്. ഇപ്പോളിതൊക്കെ തലകീഴായി. ഏറ്റവും നീചം ഇപ്പോള്‍ കാര്‍ഷികവൃത്തിയായിട്ടുണ്ട്.''
ഉണ്ടാവാം. അതുകൊണ്ട് നമുക്കെന്ത് ? പച്ചക്കറി ഇഷ്ടംപോലെയല്ലേ എന്നും രാവിലെ ചന്തയില്‍ വന്നുകുമിയുന്നത് ! എവിടെനിന്നാണെന്ന് നമ്മള്‍ അന്വേഷിക്കുന്നതെന്തിന് ? അദ്ധ്വാനിക്കാതെത്തന്നെ രണ്ടുനേരവും തിന്നാനുള്ളതു കിട്ടുന്നുണ്ടെങ്കില്‍പ്പിന്നെ നമ്മുടെ ഭൂമി എന്തായാലെന്ത് ? അതു മാന്തിവിറ്റാല്‍ത്തന്നെ തോനെ കിട്ടില്ലേ പണം? അതില്‍ പി.വി.സി. ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? അല്ലെങ്കില്‍ത്തന്നെ മാളിക പണിയാനും മലകള്‍ ഇടിക്കാനും മരം മുറിക്കാനും മണല്‍ ഊറ്റാനും മണ്ണ് മറിച്ചുവില്‍ക്കാനുമല്ലെങ്കില്‍പ്പിന്നെ എന്തിനാണ് നമുക്കീ ഭൂമി?
ചിലര്‍ക്കിതൊന്നും ഒരിക്കലും മനസ്സിലാവില്ല. അക്ഷരാഭ്യാസം കൂടുതലുള്ളവര്‍ക്ക് പ്രത്യേകിച്ചും. സദാനന്ദന്‍ അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടാണ് പോവുന്ന പോക്കില്‍ പറഞ്ഞത്: ''ഒരു ഇരുപതുകൊല്ലം കൂടി കഴിഞ്ഞാല്‍ ഇങ്ങനെ പറയാന്‍ ഞാനുണ്ടാവില്ല. ഞാനെന്നല്ല, ഈ ഭൂമിതന്നെ ബാക്കിയുണ്ടാവില്ല. അപ്പോഴേയ്‌ക്കും വല്ലാതെ വൈകിപ്പോയിരിക്കും.''
രാവിലെ കുറച്ചു നേരത്തെത്തന്നെ ഇറങ്ങി. ബസ് സ്റ്റോപ്പിലേയ്‌ക്കു നടന്നത് അവിടെ നാട്ടിയിട്ടുള്ള പോസ്റ്ററുകള്‍ കാണാമല്ലോ എന്ന സന്തോഷത്തിലാണ്. പക്ഷേ അവിടെയെത്തിയപ്പോള്‍ കണ്ടത് ആ സുന്ദരീസുന്ദരന്മാരൊക്കെ ആടിയുലയുന്നതാണ്. അപ്പോഴാണ് ശ്രദ്ധിച്ചത്. കുട്ടന്‍ തൂമ്പയെടുത്ത് മണ്ണില്‍ ആഞ്ഞുകിളയ്‌ക്കുന്നു. പോസ്റ്റര്‍ നാട്ടിയ കാലുകള്‍ പുഴക്കിയെടുക്കാന്‍ ശ്രമിയ്‌ക്കുകയാണ്. സഹായിക്കാന്‍ അനിതയുമുണ്ട്.
''എന്താ കുട്ടാ ഇത്,'' ഞെട്ടലോടെ ഞാന്‍ ചോദിച്ചു. ''ഇതൊക്കെ ഇളക്കിയെടുക്കുകയായോ ഇത്ര വേഗം?''
''മാഷേ, ഇതു നാട്ടിയവരെയൊന്നും ഇപ്പൊ കാണാനില്ല,'' തൂമ്പ തൂക്കിപ്പിടിച്ച് കുട്ടന്‍ കിതച്ചു. ''കൊര്‍ച്ചു ഞാലിപ്പൂവന്റെ കന്ന് കിട്ടീണ്ട്. ഇദൊക്കെ ഒന്ന് പറിച്ചെട്ത്ത് ആ കന്ന്വോള് വെച്ചാലോന്ന് വിജാരിയ്‌ക്ക്ാ. കടേല് വല്യെ ഡിമാന്റാപ്പൊ ഞാലിപ്പൂവന്.''
''അവിവേകം കാണിയ്‌ക്കരുത്,'' ഞാന്‍ കുട്ടന്റെ പുറത്തുതട്ടി. ''അതൊക്കെ അവിടെത്തന്നെ നില്‍ക്കട്ടെ കുട്ടാ. ഈ ചിരിക്കുന്ന മുഖങ്ങള്‍ എന്നും രാവിലെ കാണാന്‍ പറ്റുന്നത് ഒരൈശ്വര്യമാണ്.''
കുട്ടനും അനിതയ്‌ക്കും ഞാന്‍ പറഞ്ഞതു തീരെ മനസ്സിലായില്ലെന്നു തോന്നുന്നു. രണ്ടുപേരും അമ്പരപ്പോടെ എന്നെ നോക്കുകയാണ്. ഞാലിപ്പൂവനൊക്കെ പിന്നെ വെയ്‌ക്കാം എന്നു പറഞ്ഞാല്‍ മനസ്സിലാവണ്ടെ? തീരെ അക്ഷരാഭ്യാസമില്ലാത്ത വർഗമാണ്. പോരാത്തതിനു കയ്യില്‍ തൂമ്പയും. പതുക്കെപ്പതുക്കെ പറഞ്ഞുമനസ്സിലാക്കണം. ഇപ്പോള്‍ സമയമില്ല. ബസ്സു വരാറായി.
*****
അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
കാര്യങ്ങള്‍ എനിയ്‌ക്കപ്പോള്‍ ഓര്‍മ്മ വന്നു. നിരോധനത്തിനെതിരെ ഫ്‌ളെക്‌സ് നിര്‍മ്മാണക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അവര്‍ ടിവിയിലൂടെ വിവരങ്ങള്‍ അറിയിച്ചിരുന്നു: ''ഫ്‌ളെക്‌സ് എന്നു പറയുന്നത് പ്ലാസ്റ്റിക് അല്ല. അവയുടെ അടിസ്ഥാനഘടകങ്ങള്‍ തുണിയും കാല്‍സിയം പൗഡറുമാണ്. പി.വി.സി. നാമമാത്രമായേ ഉപയോഗിക്കുന്നുള്ളു. അത് പ്രതലത്തിനു തിളക്കം കൂട്ടാനാണ്. മാത്രമല്ല ഫ്‌ളെക്‌സ് മണ്ണില്‍ ലയിക്കുന്നതുമാണ്. പിന്നെ എന്തിനാണ് ഈ നിരോധനം ?''
തികച്ചും ന്യായമായ ചോദ്യം. എന്നിട്ടും അവര്‍ കൊടുത്ത ഹര്‍ജി തിരഞ്ഞെടുപ്പുകമ്മീഷന്‍ അപ്പാടെ നിരാകരിച്ചു. അപ്പോഴാണ് ഒരു ഗതിയുമില്ലാതെ അവര്‍ ഹൈക്കോടതിയില്‍ പോയത്. വോട്ടെടുപ്പിന് പന്ത്രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും വന്നു: 'ഫ്‌ളെക്‌സ് ഉപയോഗിക്കാം.' പറഞ്ഞ പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടാണ്:
ഒന്ന്) ഫ്‌ളെക്‌സ് അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാത്രം നിരോധിച്ചാല്‍പ്പോരാ.
രണ്ട്) നിരോധനം തിരഞ്ഞെടുപ്പുകമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ല.
ഏതായാലും വിധിവന്ന് മിനിട്ടുകള്‍ക്കകം കേരളത്തിലെ തെരുവുകളില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉയര്‍ന്നുതുടങ്ങി. തായ്‌വാന്‍ സ്റ്റിക്കര്‍ എന്ന ബദല്‍ സംവിധാനത്തില്‍ മങ്ങിക്കണ്ടിരുന്ന മുഖങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ വഴിയരികുകളില്‍ സ്ഥലംപിടിച്ചു.
കോടതിവിധിയില്‍ ഒന്നുകൂടി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഫ്‌ളെക്‌സ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിനു വിലവരുന്ന അസംസ്‌കൃതവസ്‌തുക്കള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. നിരോധനംകൊണ്ട് അവര്‍ക്കു വന്നേയ്‌ക്കാവുന്ന നഷ്ടം കണക്കിലെടുക്കണം.
Post a Comment