Sunday, October 3, 2010

കേരളം ബദല്‍ തീര്‍ക്കുകയാണ്...




















കത്താത്ത തെരുവുവിളക്കും
ഇനിയും നികത്താത്ത പാതയിലെ
പാതാളക്കുണ്ടും ചൂണ്ടി
പത്രങ്ങളായ പത്രങ്ങളാകെ
നമ്മോട് പറയാതെ പറയുന്നതെന്താണ് ?

ഇടവപ്പാതിയും പിന്നെ
തുലാവര്‍ഷവും ചേര്‍ന്ന്
പാതകളെയാകെ
കോരിയെടുത്തിരിക്കുന്നു എന്നത് നേര്.
എന്നാല്‍
നാട്ടിടവഴികളിലെ
ചെറുകല്ലടരലുകള്‍ പോലും
ക്യാമറ തിരിച്ചും മറിച്ചും ഒപ്പിയെടുത്ത്
പാതാളഗര്‍ത്തമെന്ന് ആക്രോശിക്കുമ്പോള്‍
അതിനു പിന്നിലെന്തോ ഉണ്ട്, ഉറപ്പാണ്.

ജനാധികാരപ്രയോഗമെന്ന വാക്കു കേട്ട്
ബോധരഹിതരായ അണ്ണാമുണ്ണികള്‍
അവര്‍ക്ക് നോട്ടം സ്വന്തം കീശയിലായിരുന്നു.
അധികാരമെല്ലാം ഒരു കേന്ദ്രത്തില്‍-
അവിടത്തെ ഇടന്നാഴികള്‍ കറങ്ങി
മൃഷ്‌ടാന്നം തിന്നു ജീവിച്ച
കുമ്പകുലുക്കികള്‍ക്ക് കലികയറി
അധികാ‍ര വികേന്ദ്രീകരണമെന്നു കേള്‍ക്കെ.

പ്ലാന്‍ പ്രോജക്‌റ്റുകള്‍ തയ്യാറാക്കാന്‍
എം ബി എ യും എം എ യും വേണ്ടെന്നും
സ്വന്തം തൊഴില്‍ത്തുറയെ നോക്കിക്കണ്ട
പണിയാളര്‍ക്ക് അതിനാവുമെന്നും
പഠിപ്പിച്ചത്
ജനകീയാസൂത്രണമായിരുന്നു.
ഡിമിസ്‌റ്റിഫൈയിങ്ങ് ദ പ്ലാന്‍ പ്രോസസ്.

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍
ഓരോന്നോരോന്നായ്
ഊറ്റിവലിച്ചെടുത്ത്, അതിനാല്‍
കൊഴുക്കുന്ന
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിര്‍നിന്ന്
അധികാരവും വിഭവങ്ങളുമൊരേപോലെ
താഴേത്തലത്തിലേക്കെത്തിച്ചൊരു
സര്‍ക്കാറിനെ
വാമനവേഷം പൂണ്ട്
ചവുട്ടിത്താഴ്ത്തിയതോടെ
അധികാരവികേന്ദ്രീകരണം
ഒരു കടംകഥയായി.
ഓര്‍മ്മയില്ലേ, എല്ലാം തിരിച്ചെടുത്തത് ?

പിന്നെ വീണ്ടും ഇപ്പോഴിതാ
അന്നത്തെ പരുക്കുകളില്‍ നിന്ന്
വിമുക്തി നേടി
പുതിയ ജനാധികാര പ്രയോഗങ്ങള്‍ ‍!

വീടില്ലാത്തവര്‍ക്കെല്ലാം വീട്
മണ്ണില്ലാത്തവര്‍ക്ക് മുഴുവന്‍ മണ്ണ് !
എവിടുണ്ടിത് ? എന്നിട്ടും...

കുറ്റവും കുറവുമുണ്ടാവാം-
കോഴി കിട്ടിയവനതൃപ്‌തി
ആടു കിട്ടാത്തതു കൊണ്ട്.
ആടു കിട്ടിയവന് ആന കിട്ടാത്തത്‌ !
എങ്കിലുമറിയുക,
പറയുക, പ്രചരിപ്പിക്കുക.
ഇതേപോലൊരു ജനാധികാരപ്രയോഗം
ഇന്ത്യയിലെവിടുണ്ട്
കേരളത്തിലല്ലാതെ?

അതിനിയും കുത്തിച്ചോര്‍ത്തി
പഴയ കരാറുകാര്‍ക്കും
ഖദര്‍കങ്കാണികള്‍ക്കും
വീണ്ടും വിട്ടുകൊടുക്കണോ?
ചോദ്യമതു തന്നെയാണ്.

*

റേഷനും ധാന്യസംഭരണവും നിര്‍ത്താനായി
ലോകഭക്ഷ്യക്കുത്തകകള്‍ ചരടുവലിക്കുമ്പോള്‍
കേരളത്തിലിതാ പൊതുവിതരണത്തില്‍
ഫലപ്രദമായ സര്‍ക്കാരിടപെടല്‍.
വേറെവിടുണ്ട് ഇതേപോലൊരു സംവിധാനം?

*
ലോകത്താകെ ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെടുമ്പോള്‍
കേരളത്തില്‍ മാത്രം മുഴുവന്‍ ജനങ്ങള്‍ക്കും പെന്‍ഷന്‍.

*
നാടാകെ പൊതുമേഖല വിറ്റു തുലയ്ക്കുമ്പോള്‍
കേരളത്തില്‍ വീണ്ടും സര്‍ക്കാര്‍ മുതല്‍മുടക്കുന്നു!

*
വനിതാ സംവരണ ബില്‍ പരണത്ത്.
ഇവിടിതാ വനിതകള്‍ക്ക് 50 ശതമാനം
വേറെവിടുണ്ടീ സമീപനം?

*

തീര്‍ച്ചയായും ഇതൊരു ബദല്‍ സമീപനമാണ്.
കേരളം ബദല്‍ തീര്‍ക്കുകയാണ്.
ഇത് തുടരണോ എന്നതു തന്നെയാണ് ചോദ്യം.

6 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളം ബദല്‍ തീര്‍ക്കുകയാണ്.
ഇത് തുടരണോ എന്നതു തന്നെയാണ് ചോദ്യം.

Vishwajith / വിശ്വജിത്ത് said...

കിണറ്റിലെ തവളകളോട്‌ ഇത് പറഞ്ഞാല്‍ അവര്‍ സമ്മതിച്ചു തരും. തുലാവര്‍ഷവും ഇടവപ്പാതിയും കോരിയെടുക്കുന്ന പാതകള്‍ ഉണ്ടാക്കുന്നതെന്തിനു? ഇതിനെക്കാള്‍ മഴയും മഞ്ഞു വീഴ്ചയും ഉള്ള നാടുകളില്‍ ഇതിനെക്കാള്‍ നല്ല റോഡുകള്‍ ഉണ്ടല്ലോ??ടെക്നോളജി ഒക്കെ വളര്‍ന്നത്‌ അറിഞ്ഞില്ലേ? ചുമ്മാ മഴയെ കുറ്റം പറയല്ലേ

Roby said...

വിശ്വജിത് കണ്ടിട്ടുള്ളയത്ര മഴയും മഞ്ഞു വീഴ്ചയും ഉള്ള നാടുകൾ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ, സാമാന്യം നല്ല മഞ്ഞുവീഴ്ചയും മഴയുമുള്ള, യു.എസിലെ ഒരു സംസ്ഥാനത്താണു കുറച്ചുവർഷങ്ങളായി ജീവിതം. മഞ്ഞുകാലം കഴിയുമ്പോൾ ചില ലോക്കൽ റോഡുകൾ കുണ്ടും കുഴിയുമാകും. നല്ല വരുമാനമുള്ള ടൗൺ ആണെങ്കിൽ, അതു നന്നാക്കും. അല്ലെങ്കിൽ കുറെക്കാലം അങ്ങനെ തന്നെ കിടക്കും.

ഇവിടെ ഹൈവേ. ഫ്രീവേ ഒക്കെ നല്ല രീതിയിൽ സൂക്ഷിക്കാറുണ്ട്. അവയുടെ മെയിന്റനൻസ് ലോക്കൽ ടൗണുകൾക്കല്ലാത്തതിനാൽ, സ്റ്റേറ്റ് കാശിറക്കും.
നമുക്ക് അത്രയും കാശുണ്ടോ എന്നതാണു പ്രശ്നം. നമ്മുടെ നാട്ടിലും ഗുണനിലവാരമുള്ള കൺസ്ട്രക്ഷൻ രീതികളുപയോഗിച്ചാണു ഹൈവേ ഉണ്ടാക്കാറുള്ളത്. അവ പൊട്ടിപ്പൊളിഞ്ഞുകിടക്കാറുമില്ല. എല്ലാ റോഡുകളിലും അതേ സാ‍ങ്കേതികത ഉപയോഗിക്കാനുള്ള വരുമാനം സർക്കാരിനില്ലാത്തതും പ്രശ്നമല്ലേ.
പിന്നെ, കെട്ടിക്കിടക്കുന്ന വെള്ളം കിനിഞ്ഞിറങ്ങുന്നതാണു റോഡ് കേടാകാൻ കാരണം. വെള്ളം ഒഴുകിപ്പോവുന്നുണ്ടെങ്കിൽ വലിയ കുഴപ്പമില്ല. വെള്ളം താഴത്തെ അടരുകളിലേയ്ക്ക് പെനിട്രേറ്റ് ചെയ്യുന്നതാണ് പ്രശ്നം. ഈ വെള്ളമാണ് അടിയിലെ മണ്ണമർത്തി ഉണ്ടാക്കിയ ലെയറുകളിൽ എക്സ്പാൻഷനുണ്ടാ‍ക്കി റോഡിനെ കേടുവരുത്തുന്നത്. അതിനെ പ്രതിരോധിക്കാൻ ബിറ്റുമെൻ അടരുകൾക്കടിയിൽ വെള്ളം വശങ്ങളിലേയ്ക്ക് പോവാൻ ഡ്രെയിനേജ് അടരുകൾ നൽകാറുണ്ട്.
ഇതല്ലാതെ, ബിറ്റുമെൻ അടരുകൾക്കിടയിൽ വെള്ളം തങ്ങിനിന്ന് അതിനെ വീക്ക് ആക്കും. അതും പ്രശ്നമാണ്.

മഞ്ഞുവീഴ്ചയുള്ള നാടുകളിൽ, ഇതുപോലെ വെള്ളം കിനിഞ്ഞിറങ്ങില്ല. റോഡിൽ വീണ മഞ്ഞ് കോരിക്കളയും.

റോഡിലേയ്ക്ക് തണൽ വിരിച്ചുനിൽക്കുന്ന മരങ്ങളിൽനിന്നുള്ള മരംപെയ്യൽ ആണു മറ്റൊരു പ്രധാന വില്ലൻ. ഇവിടെ അമേരിക്കയിൽ റോഡുകൾക്കു നിശ്ചിത അകലത്തിലേ മരങ്ങൾ ഉണ്ടാവൂ. ഫ്രീവേയുടെ സമീപത്ത് മരങ്ങളേ ഉണ്ടാവില്ല.

Roby said...

നമ്മുടെ നാട്ടിലെ അപേക്ഷിച്ച് അനേകമടങ്ങ് നികുതി ഉണ്ട് അമേരിക്കയിൽ. ഏതൊരു തുച്ഛവരുമാനക്കാരനും ഇൻ‌കം ടാക്സ് കൊടുക്കണം, അതാതു സംസ്ഥാനത്തിനും, പിന്നെ രാജ്യത്തിനു മൊത്തവുമായി രണ്ടുതരം ടാക്സ്. സാധനങ്ങൾ വാങ്ങുമ്പോഴുള്ള നികുതിയൊക്കെ വേറെ.

നിസാരമെന്ന് കരുതാവുന്ന തെറ്റുകൾക്ക് അലിയ പിഴ ഈടാക്കാറുണ്ട്. വാഹനത്തിൽ നിന്നും റോഡിലേക്ക് എന്തെങ്കിലും വലിച്ചെറിഞ്ഞാൽ $400 ഒക്കെയാണു പിഴ. സ്പീഡിംഗ് പോലെയുള്ള ഡ്രൈവിംഗ് പിഴവുകൾക്കും നല്ല ഫൈൻ കിട്ടും.

ജനങ്ങളിൽ നിന്നും ഇതുപോലെ പിരിച്ചാൽ, നമുക്കുമുണ്ടാക്കാം നല്ല റോഡുകൾ.

Vishwajith / വിശ്വജിത്ത് said...

റോബി പറഞ്ഞു ഹൈവേകള്‍ നല്ല രീതിയിലാണ് കന്‍സ്ട്രക്റ്റ് ചെയ്യാറുള്ളത് എന്ന്....കേരളത്തിലെ ഹൈവേകള്‍ കണ്ടിട്ടാണോ ഇത് പറഞ്ഞത് എന്ന് അറിയില്ല....എന്റെ വീട് ഹൈവേയുടെ അടുത്താണ്..ഈ അടുത്താണ് ഒരു ബൈക്ക് യാത്രക്കാരന്‍ ഈ ഹൈവേയില്‍ മരിച്ചത്, മുന്നിലുള്ള വല്യ കുഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി വണ്ടി തെറ്റിച്ചപ്പോള്‍ നിയന്ത്രണം വിട്ടു എതിരെ വന്ന വണ്ടി ഇടിച്ചാണ് മരിച്ചത്, പിന്നെ കുറെ വണ്ടികള്‍ ഗെരെജിലായി.
പിന്നെ വെള്ളം പെനെട്രറെ ചെയ്യുന്നത് തടയാന്‍ ഇപ്പോള്‍ ടെക്നോളജി ഇല്ലെനാണോ പറയുന്നത്, വെള്ളം ഒഴുകി പോകുന്ന രീതിയില്‍ ആയിരിക്കണം റോഡിന്‍റെ ഘടന തന്നെ. പിന്നെ ടാക്സും സാമ്പത്തികവും, അതിന്റെ കുറവ് കൊണ്ടാണ് ഇതെല്ലം ശേരിയാവാത്തത് എന്ന് മാത്രം പറയരുത്, ഓരോ കൊണ്ട്ട്രാക്ടരുടെയും എന്ജിനീയര്മാരുടെയും കീശയിലേക്ക്‌ പോകുന്നതിന്റെ പകുതി കാശ് മതി സുഹൃത്തേ ഇതിനെ ശേരിയാക്കാനുള്ള ഫിനാന്‍സ് കണ്ടെത്താന്‍.

prasanth kalathil said...

NHAI നിർമ്മിക്കുന്ന റോഡുകൾ മികച്ച നിലവാരത്തിൽത്തന്നെയാണ് ഉണ്ടാക്കുന്നത് വിശ്വജിത്ത്. അതാവും റോബി ഹൈവേ എന്നതുകൊണ്ട് ഉദ്ദേശിച്ചത്.

വെള്ളത്തിന്റെ പെനിട്രേഷൻ പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ബിറ്റുമിനസ് കോൺക്രീറ്റ് എന്ന, റോഡിന്റെ ഉപരിതലത്തിലെ അടര് നിർമ്മിക്കുന്നത്. നിർമ്മാണത്തിലെയും നിർമ്മാണ സാമഗ്രികളുടെയും ഗുണനിലവാരം കർശനമായി പാലിക്കേണ്ടതുണ്ട് നല്ല റോഡുകളുണ്ടാവാൻ. ഇന്ത്യയിൽ അത് കുറേയൊക്കെ നടപ്പായിത്തുടങ്ങിയിട്ടുമുണ്ട്.
വെള്ളം ഒഴുകിപ്പോവുന്ന രീതിയിൽത്തന്നെയാണ് റോഡുകൾ നിർമ്മിക്കുക, അത് പുതിയ സാങ്കേതിക വിദ്യയൊന്നുമല്ല.

ജലത്തെ തീർത്തും പ്രധിരോധിക്കണമെങ്കിൽ കോൺക്രീറ്റ് റോഡുകളുണ്ടാക്കണം, അതിന്റെ നിർമ്മാണച്ചിലവ് പക്ഷെ അതിഭീമമാണ്.