Thursday, October 14, 2010

വിദ്യാര്‍ഥിസംഘടനകള്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയം

''ഇതെന്താ മാഷെ ഇങ്ങനെ? ഞങ്ങളെന്താ രണ്ടാംതരം പൗരന്മാരാണോ? ചോദിക്കുന്നത് ഒരു ഒമ്പതാം ക്ലാസുകാരിയാണ്''. (പുതിയ പാഠ്യപദ്ധതിയുടെ ഗുണം മാത്രമാണോ എന്നറിയില്ല, ഈയിടെയായി ഞാന്‍ പരിചയപ്പെട്ട പല സ്‌കൂള്‍ കുട്ടികളും പഴയകാലത്തെ കുട്ടികളെക്കാള്‍ ധൈര്യമായും വ്യക്തമായും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ് ). കാര്യം ശരിയാണ്, പരാതി ഗൗരവമുള്ളതാണ് എന്ന് എനിക്കും തോന്നി, സംഗതികള്‍ കേട്ടപ്പോള്‍.

മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഉള്ള ക്ലാസുകള്‍ ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ കുട്ടി പഠിക്കുന്നത്. മലയാളം മീഡിയം കുട്ടികള്‍ അനുഭവിക്കുന്ന വിവേചനമാണു പ്രശ്‌നം. 'നല്ല ടീച്ചര്‍മാരെയെല്ലാം ഇംഗ്ലീഷ് മീഡിയത്തിനു വിടുന്നു. രണ്ടു കൂട്ടര്‍ക്കും ക്ലാസ് എടുക്കുന്ന ടീച്ചര്‍മാര്‍ പോലും ഇരു ക്ലാസുകളിലെയും കുട്ടികളോടു രണ്ടു രീതിയില്‍ പെരുമാറുന്നു. സ്‌മാര്‍ട്ട് ക്ലാസ് റൂം ലഭ്യമാക്കുന്നതില്‍, ലൈബ്രറി പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍, മുടങ്ങിപ്പോയ ക്ലാസുകള്‍ക്കു പകരം ക്ലാസ് നടത്തുന്നതില്‍..... അങ്ങനെ പല കാര്യങ്ങളിലുമുണ്ട് വിവേചനം. എന്നാല്‍ തങ്ങള്‍ അത്ര മോശക്കാരല്ല എന്നാണ് കുട്ടി പറയുന്നത്. കളികളിലും കലാ-സാഹിത്യവേദികളിലും, എന്തിന് പരീക്ഷയുടെ റിസള്‍ട്ടില്‍ പോലും തങ്ങള്‍ ഒപ്പത്തിനൊപ്പമോ, മുമ്പിലോ ആണ്. എന്നിട്ടുമെന്തേ ഇങ്ങനത്തെ വിവേചനം?

കേരളത്തിന്റെ നാനാഭാഗത്തുമുള്ള കുട്ടികളോടും അധ്യാപകരോടും സംസാരിച്ചതില്‍ നിന്ന് എനിക്കു മനസ്സിലാകുന്നത് ഇതൊരു ഒറ്റപ്പെട്ട പരാതിയല്ല എന്നാണ്. പലേടത്തുനിന്നും കേള്‍ക്കുന്നു ഇത്തരം പരിദേവനങ്ങള്‍. ഇത് വേദനിക്കുന്ന കുറേ കൊച്ചു മനസ്സുകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയുടെ ലക്ഷണം കൂടിയാണ്.

കേരളത്തില്‍ 'ആധുനിക' സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ കാലത്ത് ഇംഗ്ലീഷ് സ്‌കൂളുകളും 'വേര്‍ണാകുലര്‍'സ്‌കൂളുകളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് 'മേല്‍ഗതി'ക്കുള്ള മാര്‍ഗം എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. തീര്‍ച്ചയായും രണ്ടുതരം പൗരന്മാരെ സൃഷ്‌ടിക്കുന്നതായിരുന്നു ആ സമ്പ്രദായം: ഭരണക്കാരും ഭരിക്കപ്പെടാനുള്ളവരും. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷമാണ് ഇതു മാറിയത് എന്നു കരുതിയെങ്കില്‍ തെറ്റി! കോളനിഭരണത്തിന്റെ കാലത്തുതന്നെ, രാജഭരണത്തിന്‍ കീഴിലായിരുന്ന തിരുവിതാംകൂറില്‍ 1945 ല്‍ നിയോഗിക്കപ്പെട്ട 'എഡ്യൂക്കേഷന്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി' (ഇ ആര്‍ ഒ സി) യുടെ ശുപാര്‍ശ പ്രകാരമാണ് എല്ലാ സ്‌കൂളുകളിലും മാതൃഭാഷയിലൂടെയായിരിക്കണം വിദ്യാഭ്യാസം എന്ന തീരുമാനം വന്നത്. (ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ സ്‌റ്റാഥാം എന്ന സായിപ്പായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം!) അങ്ങനെയാണ് ഞങ്ങളുടെ തലമുറയിലെ എല്ലാ കുട്ടികളും (ചില കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന കുറച്ചുപേരൊഴികെ) മലയാളം മാധ്യമത്തില്‍ പഠിക്കാനിടവന്നത്. (അന്നു തന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ചില പഴമക്കാര്‍ വിദ്യാഭ്യാസത്തിന്റെ 'സ്‌റ്റാന്‍ഡേര്‍ഡ്' ഒക്കെ പോയി എന്നു പരാതി പറഞ്ഞിരുന്നു).

പക്ഷേ ഞങ്ങളുടെ തലമുറയില്‍പെട്ടവര്‍ മത്സരപരീക്ഷകളിലും സിവില്‍സര്‍വീസിലും ഉന്നതവിദ്യാഭ്യാസരംഗത്തുമെല്ലാം നന്നായി തന്നെ ശോഭിച്ചു എന്നു പറയാന്‍ മടിയില്ല. വാസ്‌തവം പറഞ്ഞാല്‍, ഇംഗ്ലീഷ് മീഡിയം തിരിച്ചുവന്നതിനുശേഷമാണ് നമ്മുടെ കുട്ടികള്‍ അഖിലേന്ത്യാതലത്തില്‍ പിന്നോക്കം പോകുന്നു എന്ന പരാതി ഉണ്ടായിട്ടുള്ളത്. (അതെന്തുകൊണ്ടാണ് എന്നത് ആലോചിക്കേണ്ട സംഗതിയാണ് ). മലയാളം മാധ്യമത്തില്‍ പഠിച്ച ഞങ്ങള്‍ക്ക് കോളജില്‍ ചെന്നപ്പോഴോ ഉപരിപഠനത്തിനും ജോലിസംബന്ധമായും മറ്റും വിദേശത്തുപോകേണ്ടിവന്നപ്പോഴോ പറയത്തക്ക വൈഷമ്യമൊന്നും ഉണ്ടായില്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും സാമാന്യം നല്ല പാടവം (നല്ല മാര്‍ക്കു നേടി പാസായവര്‍ക്കെങ്കിലും) ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മാത്രമാണ് അല്പമൊരു പരിമിതി ഉണ്ടായിരുന്നത്. എന്തെന്നാല്‍ അന്നത്തെ ഇംഗ്ലീഷ് പഠിപ്പിക്കല്‍ കൂടുതലും സാഹിത്യാഭിമുഖ്യമുള്ളതായിരുന്നു. തീര്‍ച്ചയായും അതു പരിഹരിക്കാന്‍ ആവശ്യമായ പരിഷ്‌കരണം നമ്മുടെ പഠന-ബോധനരീതികളില്‍ വരുത്തേണ്ടതുണ്ട്. അതു വേറൊരു പ്രശ്‌നം.

പക്ഷേ എങ്ങനെയാണ് കേരളത്തില്‍ ഇംഗ്ലീഷു മീഡിയം സ്‌കൂള്‍ വിദ്യാഭ്യാസം മടങ്ങിവന്നത് ? ഇ ആര്‍ ഒ സി പോലെ മറ്റേതെങ്കിലും കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നോ? അതോ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ മന്ത്രിയുടെയോ തലയിലുദിച്ച വെളിപാടായിരുന്നോ അതിന്റെ പിന്നില്‍? അറുപതുകളില്‍ ഏതാനും സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ മാത്രം ഒതുങ്ങിനിന്ന ആ സമ്പ്രദായം എങ്ങനെ പൊതുവിദ്യാലയങ്ങളിലേയ്‌ക്കു പടര്‍ന്നു? അന്ന് കൊഴിഞ്ഞുപോക്കും ഡിവിഷന്‍ ഫാളും ഒന്നും പ്രശ്‌നമല്ലായിരുന്നതുകൊണ്ട് കുട്ടികളെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി ചെയ്‌ത പരിഷ്‌കാരമായിരുന്നില്ല എന്നു വ്യക്തം. അപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ 'സ്റ്റാന്‍ഡേര്‍ഡ് ' ഉയര്‍ത്താന്‍ വേണ്ടിത്തന്നെയായിരിക്കണം ആ നടപടി. പക്ഷേ ആ പരിഷ്‌കാരം കൊണ്ടുവന്നപ്പോള്‍ ഒരു തലമുറയായി മയാളത്തില്‍ പഠിപ്പിച്ചുവന്ന അധ്യാപകര്‍ക്ക് എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യം ആരും ഉയര്‍ത്തിയതായി ഓര്‍ക്കുന്നില്ല. കൂടിയ സ്റ്റാന്‍ഡേര്‍ഡ് പ്രതീക്ഷിച്ച് കുട്ടികളെ ഇംഗ്ലീഷു മീഡിയത്തില്‍ ചേര്‍ത്ത പല രക്ഷിതാക്കള്‍ക്കും, അവര്‍ക്ക് ഇംഗ്ലീഷുമില്ല മലയാളവുമില്ല എന്ന ദുരവസ്ഥ നേരിടുന്നത് കാണേണ്ടിയും വന്നു.

പക്ഷേ അറുപതുകളിലും എഴുപതുകളിലും നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് മറ്റു പല മാറ്റങ്ങളും വന്നു. പല കാരണങ്ങളാലും ക്ലാസുകള്‍ ശരിക്കു നടക്കാത്ത അവസ്ഥ വന്നു. സ്‌കൂള്‍ അന്തരീക്ഷം പലയിടത്തും കലാപകലുഷിതമായി. അതോടെയാണ് വാസ്‌തവത്തില്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള ഒഴിച്ചുപോക്ക് ശക്തമായതും, അണ്‍ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കൂണുപോലെ മുളച്ചുപൊന്തിയതും. പിന്നീടുള്ളത് സമീപകാലചരിത്രം.

പക്ഷേ അന്നും സര്‍ക്കാര്‍ ഒരു പിടിവള്ളി വിട്ടിരുന്നില്ല, ഇംഗ്ലീഷ് മീഡിയം യു പി, ഹൈസ്‌കൂള്‍ തലത്തിലേ ആകാവൂ എന്നും പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെ ആകണം എന്നും നിര്‍ബന്ധം പിടിച്ചു. പക്ഷേ എന്നിട്ടും ഒഴിച്ചുപോക്കു തുടര്‍ന്നു. പിന്നീട് എപ്പോഴാണ് സര്‍ക്കാര്‍-എയ്‌ഡഡ് സ്‌കൂളുകളില്‍ പ്രൈമറി (എല്‍ പി) വിഭാഗത്തിലും ഇംഗ്ലീഷ് മീഡിയം തുടങ്ങിയത് ? അതനുവദിച്ചുകൊണ്ടുള്ള ഒരു തീരുമാനം ആരാണ് എടുത്തത് ? അതിനും ഏതെങ്കിലും കമ്മിറ്റിയുടെ പഠനവും ശുപാര്‍ശയും ഉണ്ടായിരുന്നോ? ആര്‍ക്കറിയാം! എന്നാല്‍ ഒരു കാര്യം ഉറപ്പുണ്ട്. സംസ്ഥാന കരിക്കുലം കമ്മിറ്റി ഇതറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ പ്രൈമറി ക്ലാസുകളിലേയ്‌ക്കും കൂടി ഇംഗ്ലീഷ് മീഡിയം പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കുമായിരുന്നല്ലോ. അതു സംഭവിക്കുന്നില്ല. അതിനു പകരം ഏതൊക്കെയോ പാഠപുസ്‌തകക്കച്ചവടക്കാരുടെ പുസ്‌തകങ്ങളാണതത്രേ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി ഉപയോഗിക്കുന്നത്! തികച്ചും നാഥനില്ലാത്ത അവസ്ഥ!

ഈ സാഹചര്യത്തിലാണ് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങാനുള്ള സമ്മര്‍ദം ഏറിവരുന്നത്. അങ്ങനെ കൊഴിഞ്ഞുപോക്ക് തടയാം എന്ന ലഘുവായ ലക്ഷ്യമേ സ്‌കൂള്‍ അധികൃതര്‍ക്കുള്ളൂ. രക്ഷാകര്‍ത്താക്കളും പൊതുവേ ഇംഗ്ലീഷ് മീഡിയം എന്ന ലേബല്‍ നോക്കിയാണു പോകുന്നത്. പണ്ടത്തെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സമരങ്ങള്‍ മൂലമുള്ള ക്ലാസ് നഷ്‌ടം തീരെ ഇല്ലെന്നു പറയാം. പക്ഷേ മീഡിയം ഇപ്പോഴും പല രക്ഷിതാക്കള്‍ക്കും ഒരു ഒറ്റമൂലിയാണ്. ഇതിനുള്ള ഫലപ്രദമായ മറുപടി മലയാളം മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചമാണെന്നു കാണിച്ചു കൊടുക്കുക മാത്രമാണ്. അതിനുള്ള പല പദ്ധതികളും പല പഞ്ചായത്തുകളും ഇപ്പോള്‍ ഏറ്റെടുക്കുന്നുണ്ട് എന്നതു സന്തോഷകരമാണ്. പക്ഷേ അതിനെയെല്ലാം തുരങ്കം വയ്‌ക്കുന്ന ഏര്‍പ്പാടാണ് മലയാളം മീഡിയം കുട്ടികളെ രണ്ടാംതരക്കാരായി കാണുന്ന, അവരോടു വിവേചനം കാണിക്കുന്ന മേല്‍ സൂചിപ്പിച്ച നടപടികള്‍.

''കാശുള്ളവരൊക്കെ സ്വകാര്യ അണ്‍ എയ്‌ഡഡ് സകൂളുകളില്‍ പോകുന്നു; ഗതിയില്ലാത്തവരാണ് പൊതുവിദ്യാലയങ്ങളിലെ സൗജന്യ പഠനത്തിനു വരുന്നത് ''എന്നതുപോലുള്ള മറ്റൊരു മിഥ്യാധാരണയാണ്, ''പഠിക്കാനാഗ്രഹിക്കുന്നവരൊക്കെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേരും; അല്ലാത്തവരാണ് മലയാളം മീഡിയത്തില്‍ ചേരുന്നത്'' എന്ന മുന്‍വിധിയും. നല്ല സാമ്പത്തികശേഷിയുള്ള, പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും ബോധപൂര്‍വം പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന് മലയാള മാധ്യമം തിരഞ്ഞെടുക്കുന്നുണ്ട്. അങ്ങനെയല്ലാതുള്ളവര്‍ക്കുപോലും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കു കിട്ടുന്ന അതേ പഠന അവസരങ്ങള്‍ കിട്ടാന്‍ അവകാശമുണ്ടല്ലോ. മറിച്ചുള്ള വിവേചനം യാതൊരു കാരണവശാലും പൊറുപ്പിക്കാന്‍ പാടുള്ളതല്ല. അത് മനുഷ്യാവകാശലംഘനമാണ്. കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണ്.

വിദ്യാര്‍ഥിസംഘടനകള്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്.


*****


ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

''ഇതെന്താ മാഷെ ഇങ്ങനെ? ഞങ്ങളെന്താ രണ്ടാംതരം പൗരന്മാരാണോ? ചോദിക്കുന്നത് ഒരു ഒമ്പതാം ക്ലാസുകാരിയാണ്''. (പുതിയ പാഠ്യപദ്ധതിയുടെ ഗുണം മാത്രമാണോ എന്നറിയില്ല, ഈയിടെയായി ഞാന്‍ പരിചയപ്പെട്ട പല സ്‌കൂള്‍ കുട്ടികളും പഴയകാലത്തെ കുട്ടികളെക്കാള്‍ ധൈര്യമായും വ്യക്തമായും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ് ). കാര്യം ശരിയാണ്, പരാതി ഗൗരവമുള്ളതാണ് എന്ന് എനിക്കും തോന്നി, സംഗതികള്‍ കേട്ടപ്പോള്‍.

മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഉള്ള ക്ലാസുകള്‍ ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ കുട്ടി പഠിക്കുന്നത്. മലയാളം മീഡിയം കുട്ടികള്‍ അനുഭവിക്കുന്ന വിവേചനമാണു പ്രശ്‌നം. 'നല്ല ടീച്ചര്‍മാരെയെല്ലാം ഇംഗ്ലീഷ് മീഡിയത്തിനു വിടുന്നു. രണ്ടു കൂട്ടര്‍ക്കും ക്ലാസ് എടുക്കുന്ന ടീച്ചര്‍മാര്‍ പോലും ഇരു ക്ലാസുകളിലെയും കുട്ടികളോടു രണ്ടു രീതിയില്‍ പെരുമാറുന്നു. സ്‌മാര്‍ട്ട് ക്ലാസ് റൂം ലഭ്യമാക്കുന്നതില്‍, ലൈബ്രറി പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍, മുടങ്ങിപ്പോയ ക്ലാസുകള്‍ക്കു പകരം ക്ലാസ് നടത്തുന്നതില്‍..... അങ്ങനെ പല കാര്യങ്ങളിലുമുണ്ട് വിവേചനം. എന്നാല്‍ തങ്ങള്‍ അത്ര മോശക്കാരല്ല എന്നാണ് കുട്ടി പറയുന്നത്. കളികളിലും കലാ-സാഹിത്യവേദികളിലും, എന്തിന് പരീക്ഷയുടെ റിസള്‍ട്ടില്‍ പോലും തങ്ങള്‍ ഒപ്പത്തിനൊപ്പമോ, മുമ്പിലോ ആണ്. എന്നിട്ടുമെന്തേ ഇങ്ങനത്തെ വിവേചനം?

Jomy said...

സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. വെറും 7 % മാത്രം വരുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നാടിനു ആപത്താണ് .സർക്കാർ അടിയന്തിരമായി ഇവ നിരോധിച്ചു മലയാള മീഡിയം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടാതാണ് .
malayalatthanima.blogspot.in