കോൺഗ്രസ് തരംപോലെ മാറിമാറി നടത്തുന്ന വര്‍ഗീയപ്രീണനത്തിനു മറയിടാന്‍ മതിയാകുന്നതല്ല, സിപിഐ എമ്മിന് ബിജെപിയുമായി സഖ്യമുണ്ടെന്ന നുണപ്രചാരണം. സിപിഐ എമ്മിന് സമീപകാലത്ത് വര്‍ധിച്ചതോതില്‍ ഉണ്ടായിവരുന്ന ഒരു പുതിയ സ്വീകാര്യതയുണ്ട്. എല്ലാത്തരം വര്‍ഗീയതയ്‌ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ നിലപാടെടുക്കുന്ന പാര്‍ടി എന്ന നിലയ്‌ക്ക് വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ത്തന്നെ സിപിഐ എമ്മിന് അനുകൂലമായി ഉണ്ടായിവരുന്ന ഒന്നാണ് ഈ പുതിയ സ്വീകാര്യത.
മതവിശ്വാസത്തെ ദുഷിപ്പിച്ച് ഭീകരപ്രവര്‍ത്തനമാക്കി മാറ്റിയെടുക്കാന്‍ ഛിദ്രശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മതവിശ്വാസികള്‍തന്നെ ഉണര്‍ന്നുപ്രവര്‍ത്തിച്ചുതുടങ്ങിയ പുതിയ കാലത്തിന്റെ ഉല്‍പ്പന്നമാണിത്. അപകടകരമായ ദിശയിലേക്ക് മതവിശ്വാസത്തെ ചിലര്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നെന്നും അതനുവദിച്ചുകൊടുത്താല്‍ ആര്‍ക്കും സമാധാനപരമായി ജീവിക്കാന്‍ സാധ്യമല്ലാത്ത വിപല്‍ക്കരമായ ഒരു അവസ്ഥ സംജാതമാകുമെന്നുമുള്ള ചിന്ത മുമ്പില്ലാത്തവണ്ണം ഇന്ന് വിശ്വാസികള്‍ക്കിടയില്‍ത്തന്നെ പടരുന്നു. ഈ ചിന്തയുടെ അടിസ്ഥാനത്തിലുണ്ടായതാണ്, മതവിശ്വാസത്തിന്റെ പേരിലുള്ള ഒരു മുതലെടുപ്പിനും തങ്ങള്‍ നിന്നുകൊടുക്കേണ്ടതില്ല എന്ന വിശ്വാസികള്‍ക്കിടയിലെ പുതിയ ബോധം. ഈ ബോധവുമായി ബന്ധപ്പെട്ടാണ്, ഒരു വര്‍ഗീയതയോടും വിട്ടുവീഴ്‌ചകാട്ടാത്ത സിപിഐ എമ്മിന് മതവേര്‍തിരിവുകള്‍ക്കതീതമായി ഇന്ന് ജനമനസ്സുകളില്‍ ഒരു പുതിയ സ്വീകാര്യത വര്‍ധിച്ചുവരുന്നത്.
ഈ അവസ്ഥയിലുള്ള അങ്കലാപ്പാകണം, ബിജെപി-സിപിഐ എം സഖ്യമുണ്ടെന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്താനുണ്ടായ പ്രകോപനം. അത്തരമൊരു പ്രചാരണത്തിലൂടെ സിപിഐ എമ്മിന് ജനമനസ്സുകളില്‍ ഇന്നുണ്ടാകുന്ന മതനിരപേക്ഷമായ സ്വീകാര്യതയെ നിയന്ത്രിച്ചുനിര്‍ത്താമെന്ന് ചില കേന്ദ്രങ്ങള്‍ കരുതുന്നുണ്ടാകണം.
ഭീകരപ്രവര്‍ത്തനത്തിലൂടെ നീങ്ങുന്ന ദുഷ്‌ടശക്തികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ട് പോകരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഏത് മതവിശ്വാസികളും ആദരവോടെയാണ് ഇന്ന് സിപിഐ എമ്മിന്റെ നിലപാടിനെ കാണുന്നത്. വര്‍ഗീയകക്ഷികള്‍ക്ക് പ്രാതിനിധ്യമുള്ള ഒരു ഭരണസംവിധാനമാണുള്ളതെങ്കില്‍, വര്‍ഗീയഭീകരപ്രവര്‍ത്തനത്തിനെതിരെ ഇത്ര ശക്തമായ നടപടിയുണ്ടാവുക അസാധ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.
ഇതിനൊക്കെയൊപ്പം, വര്‍ഗീയഭീകരശക്തികള്‍ക്ക് മതവിശ്വാസം മുന്‍നിര്‍ത്തി ദുരുപയോഗിക്കാനോ വോട്ടുബാങ്കാക്കാനോ തങ്ങള്‍ നിന്നുകൊടുക്കേണ്ടതില്ല എന്ന ആത്മാഭിമാനബോധം വിശ്വാസികള്‍ക്കിടയില്‍ത്തന്നെ ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്.
ഇതിന്റെയൊക്കെ കൂട്ടായ ഫലമാണ്, വര്‍ഗീയതയോട് സന്ധിചെയ്യാത്ത സിപിഐ എമ്മിന്റെ യശസ്സ് കൂടുകയും സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥ. ഇതിന്റെ നേര്‍മറുവശമാണ് മതവിശ്വാസത്തെ മുതലെടുത്ത് രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ നോക്കുന്നവര്‍ക്കെതിരായി വിശ്വാസികള്‍ക്കിടയില്‍ത്തന്നെ വളര്‍ന്നുവരുന്ന വിദ്വേഷം; ആ കൂട്ടര്‍ക്ക് വിശ്വാസിസമൂഹത്തില്‍ത്തന്നെയുണ്ടായി വരുന്ന അസ്വീകാര്യത.
പുതിയ ബോധത്തെളിച്ചത്തിന്റേതായ ഈ ഘട്ടം, വര്‍ഗീയതയുമായി സന്ധിചെയ്‌തുപോരുന്നവരാരാണെന്നത് തിരിച്ചറിയാനുള്ള അവസരമായിക്കൂടി ജനങ്ങള്‍ നോക്കിക്കാണും. സിപിഐ എമ്മിന് വര്‍ഗീയബന്ധമുണ്ടെന്ന് ആരോപിക്കുന്നത് കോൺഗ്രസിന് കാലാകാലങ്ങളായുള്ള ആ ബന്ധം മറച്ചുവയ്‌ക്കാനാണ് എന്നത് പകല്‍പോലെ വ്യക്തം.
ഒരുവശത്ത് എസ്‌ഡിപിഐയുമായും മറുവശത്ത് ബിജെപിയുമായും ധാരണയുണ്ടാക്കുകയാണ് കോൺഗ്രസ്. ഇതിലൂടെ രണ്ടു മതവിഭാഗങ്ങളുടെ പിന്‍ബലമുറപ്പിക്കാമെന്നാണുദ്ദേശ്യം. അധ്യാപകന്റെ കൈവെട്ടിയ ശക്തികളെ പേരുപറഞ്ഞ് വിമര്‍ശിക്കാന്‍ കോൺഗ്രസ് മടിച്ചു. മാത്രമല്ല, അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പരമാവധി പരിഗണന നല്‍കണമെന്ന് ഘടകകക്ഷികളെ ഉപദേശിക്കുകയും ചെയ്‌തു. ലീഗിന്റെയും എസ്‌ഡിപിഐയുടെയും മുഖം പലേടത്തും ഒന്നാണ്. ഇരുമതവിഭാഗങ്ങളിലെയും മഹാഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ മതഭീകരപ്രവര്‍ത്തനത്തിലെ ആപത്ത് തിരിച്ചറിഞ്ഞ് ഇതിനെതിരായ പക്ഷത്ത് അണിചേരുന്നു എന്നതാണ് കോൺഗ്രസ് കാണാതെ പോകുന്നത്.
മതവിശ്വാസത്തെ രാഷ്‌ട്രീയനേട്ടമുണ്ടാക്കാനായി ദുരുപയോഗിക്കുകയെന്ന തന്ത്രമാണ് എന്നും കോൺഗ്രസ് അനുവര്‍ത്തിച്ചത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നുനാലുവര്‍ഷമായപ്പോള്‍ത്തന്നെ നാമിതുകണ്ടു. കോൺഗ്രസിനോടും ജവാഹര്‍ലാല്‍ നെഹ്റുവിനോടുമുള്ള നയവിയോജിപ്പുമൂലം എംപി സ്ഥാനം രാജിവച്ച് ആചാര്യ നരേന്ദ്രദേവ് ഫൈസാബാദ് മണ്ഡലത്തില്‍ കോൺഗ്രസിനെതിരെ മത്സരിച്ച ഘട്ടം. അയോധ്യ ഉള്‍പ്പെട്ട സ്ഥലമാണത്. അവിടെ ഹിന്ദുവികാരം മുതലെടുത്ത് നരേന്ദ്രദേവിനെ തോല്‍പ്പിക്കാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസ് ഒരു ഹിന്ദുസന്യാസിയെയാണ് എതിര്‍സ്ഥാനാര്‍ഥിയാക്കിയത്. ആ സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള പ്രചാരണത്തിനിടയിലാണ്, അയോധ്യയില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കിയെടുക്കാന്‍ പാകത്തില്‍ ബാബറി മസ്‌ജിദ് സമുച്ചയത്തില്‍ 'വിഗ്രഹം' കണ്ടെത്തിയത്; അത് മുന്‍നിര്‍ത്തി വര്‍ഗീയവികാരം ആളിപ്പടര്‍ത്തി വിശ്വാസികളുടെ വികാരം നരേന്ദ്രദേവിനെതിരെയും സന്യാസിക്ക് അനുകൂലമായും തിരിച്ചുവിട്ടത് !
അവിടെ തുടങ്ങിയ വര്‍ഗീയപ്രീണന നടപടികള്‍ കോൺഗ്രസ് ഒരിക്കലും പിന്നീട് കൈവിട്ടില്ല എന്നതാണ് സത്യം. അടച്ചുപൂട്ടിയിട്ടിരുന്ന മസ്‌ജിദ് കെട്ടിടം വിശ്വഹിന്ദുപരിഷത്തിന് പ്രാര്‍ഥനയ്‌ക്കായി തുറന്നുകൊടുത്തതും അവിടെ ക്ഷേത്രനിര്‍മാണത്തിന് ശിലാന്യാസ് അനുവദിച്ചതും അത് മണ്ഡപമായി ഉയരാന്‍ പാകത്തില്‍ 'കര്‍സേവ' അനുവദിച്ചതുമൊക്കെ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. തന്റെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ ഉദ്ഘാടനത്തിന് 'അയോധ്യ'തന്നെ തെരഞ്ഞെടുത്തതും ആ ഉദ്ഘാടനസമ്മേളനത്തില്‍ രാമരാജ്യസ്ഥാപനമാണ് ലക്ഷ്യമെന്ന് രാജീവ്ഗാന്ധി പ്രഖ്യാപിച്ചതും എന്തിനായിരുന്നു? രാഷ്‌ട്രീയത്തിലേക്ക് കൃത്യമായും ഒരു വര്‍ഗീയസന്ദേശം കടത്തിവിടുന്ന നടപടിയായിരുന്നു അത്. കോൺഗ്രസിന്റെ ആ പൊതുനയത്തിന്റെ ഭാഗമായിരുന്നു, ബാബറി മസ്‌ജിദ് പൊളിച്ചപ്പോള്‍ നരസിംഹറാവുവും കോൺഗ്രസ് നേതൃത്വവും പാലിച്ച നിഷ്‌ക്രിയത്വം. അയോധ്യയിലേക്കുള്ള രഥയാത്ര തടഞ്ഞതിന്റെപേരില്‍ ബിജെപി അവിശ്വാസപ്രമേയവുമായി എത്തിയപ്പോള്‍, അതിനൊപ്പംനിന്ന് വിപി സിങ് മന്ത്രിസഭയെ തകര്‍ത്ത മതനിരപേക്ഷതാവിരുദ്ധമായ കോൺഗ്രസ് നടപടി.
സ്വാര്‍ഥലാഭത്തിനുവേണ്ടി മതനിരപേക്ഷതയുടെ എല്ലാ മൂല്യങ്ങളും കൈയൊഴിയുന്ന നിലപാടാണ് കോൺഗ്രസ് എന്നും സ്വീകരിച്ചത്. അതല്ലെങ്കില്‍ മുംബൈ കലാപത്തില്‍ പങ്കുണ്ടെന്ന് ശ്രീകൃഷ്‌ണ കമീഷന്‍ കണ്ടെത്തിയ ശിവസേനാ നേതാവ് നാരായ റാണെ, ഇന്ന് കോൺഗ്രസ് നേതാവായി നടക്കുമായിരുന്നില്ലല്ലോ. രഥയാത്രയുടെ നായകനിരയിലുണ്ടായിരുന്ന മുന്‍ ഗോവാ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ദിഗംബര്‍ കമ്മത്ത് പിന്നീട് കോൺഗ്രസ് മുഖ്യമന്ത്രിയായി വരുന്നത് നാം കാണുമായിരുന്നില്ലല്ലോ. ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍സിങ് വഖേലയെ ഇന്ന് കോൺഗ്രസ് നേതൃനിരയില്‍ കാണുമായിരുന്നില്ലല്ലോ. ശ്രീകൃഷ്‌ണ കമീഷന്‍ കുറ്റക്കാരനെന്നു വിധിച്ച ബാല്‍താക്കറെ, നാല് കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടും ഒരു നടപടിയും നേരിടാതെ വര്‍ഗീയ പ്രസംഗവുമായി വിലസുമായിരുന്നില്ലല്ലോ.
ഇത്തരം സംഭവങ്ങളെയൊക്കെ പുതിയകാലത്ത് പുതിയ രീതിയില്‍ വിശ്വാസികള്‍തന്നെ കണ്ടുതുടങ്ങുന്നു. ദേശീയതലത്തില്‍ ചിന്താപരമായ ഇത്തരമൊരു മാറ്റം വിശ്വാസികള്‍ക്കിടയിലുണ്ടായിട്ടുണ്ടെന്നു പറയുക വയ്യ. എന്നാല്‍, കേരളത്തില്‍ സമീപകാലസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൃത്യമായും ഇത്തരമൊരു മാറ്റം വിശ്വാസികളുടെതന്നെ ചിന്തയില്‍ ഉണ്ടായിവന്നിട്ടുണ്ട്. മതവിശ്വാസം, മറ്റു മേഖലകളില്‍ കൈകടത്തുന്നത് അപകടമാണെന്നും ചില രാഷ്‌ട്രീയപാര്‍ടികള്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനായി തങ്ങളുടെ വിശ്വാസങ്ങളെ ദുരുപയോഗിക്കുന്നത് ആശാസ്യമല്ലെന്നുമുള്ള പുതിയ ചിന്തയാണത്. കേരളീയരായ വിശ്വാസിസമൂഹം, അവരുടെതന്നെ അനുഭവംകൊണ്ട് തിരിച്ചറിഞ്ഞതാണിത്. ആ തിരിച്ചറിവ്, പഴയകാലത്തെ പല രാഷ്‌ട്രീയപരീക്ഷണങ്ങളെയും വീണ്ടും എടുത്തുവച്ചുപരിശോധിക്കാന്‍ അവരെ പ്രേരിപ്പിക്കും.
വടകര ലോക്‌സഭാമണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാമണ്ഡലത്തിലും ഒരിക്കല്‍ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നുവെന്നത് ബിജെപി നേതാവായിരുന്ന കെ ജി മാരാരുടെ വാക്കുകളിലൂടെത്തന്നെ പുറത്തുവന്നിട്ടുണ്ട്. പത്രപ്രവര്‍ത്തകനായ കുഞ്ഞിക്കണ്ണന്‍, കെ ജി മാരാരെ ഉദ്ധരിച്ച് എഴുതിയ 'കെ ജി മാരാര്‍: രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം' എന്ന കൃതിയില്‍ കെ ജി മാരാരുടെ വാക്കുകള്‍കൊണ്ടുതന്നെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ മത്സരിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് നേരിട്ടുതന്നെ 'വോട്ടുമാറ്റത്തിന്റെ' കയ്‌പ് അനുഭവിക്കേണ്ടിവന്നു. ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ ആര്‍എസ്എസ് നേതാവായ പി പി മുകുന്ദനും പിന്നീട് സ്ഥിരീകരിച്ചു. 91ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍-വടകര മോഡല്‍ സഖ്യത്തിന് യുഡിഎഫുമായി ധാരണയുണ്ടായിരുന്നെന്ന് മുകുന്ദന്‍തന്നെ പറഞ്ഞു.
അഡ്വക്കറ്റ് രത്നസിങ് യുഡിഎഫ് സ്വതന്ത്രനായി വടകരയിലും ഡോ. മാധവന്‍കുട്ടി ബിജെപി സ്വതന്ത്രനായി ബേപ്പൂരിലും മത്സരിച്ച ഘട്ടത്തില്‍ അവിടങ്ങളില്‍ മാത്രമല്ല, നാല്‍പ്പതോളം മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്നാണ് പിന്നീട് മുകുന്ദന്‍ പറഞ്ഞത്.
പല ഘട്ടങ്ങളിലായി പലരും സ്ഥിരീകരിച്ചെങ്കിലും ഇത്തരമൊരു ധാരണ ഇല്ലായിരുന്നെന്നുപറയാനായിരുന്നു ബിജെപി നേതാക്കള്‍ക്കും കോൺഗ്രസ് നേതാക്കള്‍ക്കും പൊതുവേ താല്‍പ്പര്യം. എന്നാല്‍, 91ല്‍ മഞ്ചേരി പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി അഹല്യാശങ്കറിന് ബേപ്പൂരില്‍നിന്ന് 17,000 വോട്ടുമാത്രം കിട്ടിയപ്പോള്‍ ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച മാധവന്‍കുട്ടിക്ക് എങ്ങനെ 60,000 വോട്ടുകിട്ടി? ഇത്തരം ചോദ്യങ്ങള്‍ക്കുമുമ്പില്‍ ആ നേതാക്കള്‍ക്ക് വിശദീകരണമില്ലാതെയായി. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കുറയുന്നത് എത്ര വോട്ടാണോ, ആ വോട്ട് കോൺഗ്രസിന് കൂടുന്നത് കേരളം കണ്ടു.
ഒരിക്കല്‍ ജനസംഘം സംസ്ഥാനനേതാവായിരുന്ന ദേവകിയമ്മയ്‌ക്ക്, പൊന്നാനി നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ബിജെപി വോട്ട് കോൺഗ്രസിനു പോകുന്നത് ദയനീയമായി നോക്കിനില്‍ക്കേണ്ടിവന്നു. ഇക്കാര്യം ആര്‍എസ്എസ് സര്‍സംഘ്ചാലക് ആയിരുന്ന ബാലാസാഹബ് ദേവരശിനോട് പരാതിപ്പെട്ടിട്ട് ദേവകിയമ്മ രാഷ്‌ട്രീയസന്യാസത്തിലേക്ക് പോകുന്നതും കേരളം കണ്ടു.
ഇത്തരം അവിശുദ്ധസഖ്യങ്ങള്‍ പിന്നീട് പുറത്തുവന്നത്, അതെല്ലാം നഷ്‌ടത്തിലാണ് കലാശിച്ചതെന്ന ചിലരുടെ തിരിച്ചറിവുകൊണ്ടാണ്. മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്‌റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ ഒ രാജഗോപാല്‍ എന്നിവരെ പ്രത്യുപകാരമായി ജയിപ്പിക്കാമെന്ന് കോൺഗ്രസ് ഏറ്റിരുന്നു. പക്ഷെ കോൺഗ്രസ് വാക്കു പാലിച്ചില്ല. ആ വിശ്വസിക്കാൻ കൊള്ളായ്‌ക കൊണ്ടു കൂടിയാണ് ഇതൊക്കെ പുറത്തുവന്നത്. കെ ജി മാരാരെ ക്കുറിച്ചുള്ള പുസ്‌തകത്തിന്റെ, ബന്ധപ്പെട്ട അദ്ധ്യായത്തിന്റെ പേരു തന്നെ പാഴായിപ്പോയ പരീക്ഷണം എന്നാണ്. വിജയിച്ചിരുന്നുവെങ്കിൽ ആ പരീക്ഷണത്തെക്കുറിച്ച് ആർക്കും പരാതിയുണ്ടാകുമായിരുന്നില്ലെന്നർത്ഥം.
ഏതായാലും, പുതിയ കാലത്ത്, മതവിശ്വാസത്തെ ദുഷിപ്പിച്ച് വർഗീയ ഭീകരപ്രവർത്തനത്തിലേയ്‌ക്ക് നയിക്കുന്ന വഴിത്തിരിവിന്റെ പശ്‌ചാത്തലത്തിൽ, വിശ്വാസികൾ തന്നെ സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ട്, എന്തിന് ഇങ്ങനെ ദുരുപയോഗിക്കപ്പെടാൻ നിന്നു കൊടുക്കണം എന്ന ചോദ്യം. ആ ചോദ്യത്തിന് എല്ലാ മതങ്ങളിലും പെട്ട വിശ്വാസികൾ ഇന്ന് കണ്ടെത്തുന്ന ഉത്തരം, ഈ ആപത്ത് ഉണ്ടാകാൻ അനുവദിച്ചുകൂടാ എന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ, വിശ്വാസികൾ മതനിരപേക്ഷതയുടെ കൂട്ടായ്‌മയിൽ കൂടുതൽ കൂടുതലായി അണി ചേരുന്നു.
ഈ പശ്ചാത്തലത്തിലാണ്, വർഗീയതയെ രാഷ്‌ട്രീയത്തിൽ കലർത്തി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ശക്‌തികൾ ഒറ്റപ്പെടുന്നത്; അപഹാസ്യരാവുന്നത്, വിശ്വാസ്യതയില്ലാത്തവരാകുന്നത്. ആ അപചയത്തിൽ നിന്നും രക്ഷപെടാൻ അവർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് , വർഗീയ ശക്‌തികൾക്കെതിരെ വിട്ടു വീഴ്‌ചയില്ലാതെ, ലാഭ നഷ്‌ടങ്ങൾ നോക്കാതെ നടപടിയെടുത്തതിന്റെ ചരിത്രമുള്ള സിപിഐ എമ്മിനെ വർഗീയ ബന്ധം ആരോപിച്ച് അപമാനിക്കാൻ നോക്കുന്നത്. എല്ലാവരും ഒരുപോലെയാണെന്ന് വരുത്തിത്തീർത്ത് സ്വന്തം മുഖം രക്ഷിക്കാൻ നോക്കുന്ന രീതിയാണത്. പക്ഷെ ഇരുട്ടും വെളിച്ചവും തിരിച്ചറിയാൻ വേണ്ട പ്രബുദ്ധതയുള്ള ഒരു ജനത്‌യ്‌ക്കുമുന്നിൽ വിലപ്പോവാൻ അതു മതിയാവുകയില്ല.
*****
പ്രഭാവര്‍മ, കടപ്പാട് :ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കോണ്‍ഗ്രസ് തരംപോലെ മാറിമാറി നടത്തുന്ന വര്‍ഗീയപ്രീണനത്തിനു മറയിടാന്‍ മതിയാകുന്നതല്ല, സിപിഐ എമ്മിന് ബിജെപിയുമായി സഖ്യമുണ്ടെന്ന നുണപ്രചാരണം. സിപിഐ എമ്മിന് സമീപകാലത്ത് വര്‍ധിച്ചതോതില്‍ ഉണ്ടായിവരുന്ന ഒരു പുതിയ സ്വീകാര്യതയുണ്ട്. എല്ലാത്തരം വര്‍ഗീയതയ്‌ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ നിലപാടെടുക്കുന്ന പാര്‍ടി എന്ന നിലയ്‌ക്ക് വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ത്തന്നെ സിപിഐ എമ്മിന് അനുകൂലമായി ഉണ്ടായിവരുന്ന ഒന്നാണ് ഈ പുതിയ സ്വീകാര്യത.
മതവിശ്വാസത്തെ ദുഷിപ്പിച്ച് ഭീകരപ്രവര്‍ത്തനമാക്കി മാറ്റിയെടുക്കാന്‍ ഛിദ്രശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മതവിശ്വാസികള്‍തന്നെ ഉണര്‍ന്നുപ്രവര്‍ത്തിച്ചുതുടങ്ങിയ പുതിയ കാലത്തിന്റെ ഉല്‍പ്പന്നമാണിത്. അപകടകരമായ ദിശയിലേക്ക് മതവിശ്വാസത്തെ ചിലര്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നെന്നും അതനുവദിച്ചുകൊടുത്താല്‍ ആര്‍ക്കും സമാധാനപരമായി ജീവിക്കാന്‍ സാധ്യമല്ലാത്ത വിപല്‍ക്കരമായ ഒരു അവസ്ഥ സംജാതമാകുമെന്നുമുള്ള ചിന്ത മുമ്പില്ലാത്തവണ്ണം ഇന്ന് വിശ്വാസികള്‍ക്കിടയില്‍ത്തന്നെ പടരുന്നു. ഈ ചിന്തയുടെ അടിസ്ഥാനത്തിലുണ്ടായതാണ്, മതവിശ്വാസത്തിന്റെ പേരിലുള്ള ഒരു മുതലെടുപ്പിനും തങ്ങള്‍ നിന്നുകൊടുക്കേണ്ടതില്ല എന്ന വിശ്വാസികള്‍ക്കിടയിലെ പുതിയ ബോധം. ഈ ബോധവുമായി ബന്ധപ്പെട്ടാണ്, ഒരു വര്‍ഗീയതയോടും വിട്ടുവീഴ്‌ചകാട്ടാത്ത സിപിഐ എമ്മിന് മതവേര്‍തിരിവുകള്‍ക്കതീതമായി ഇന്ന് ജനമനസ്സുകളില്‍ ഒരു പുതിയ സ്വീകാര്യത വര്‍ധിച്ചുവരുന്നത്.
ഈ അവസ്ഥയിലുള്ള അങ്കലാപ്പാകണം, ബിജെപി-സിപിഐ എം സഖ്യമുണ്ടെന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്താനുണ്ടായ പ്രകോപനം. അത്തരമൊരു പ്രചാരണത്തിലൂടെ സിപിഐ എമ്മിന് ജനമനസ്സുകളില്‍ ഇന്നുണ്ടാകുന്ന മതനിരപേക്ഷമായ സ്വീകാര്യതയെ നിയന്ത്രിച്ചുനിര്‍ത്താമെന്ന് ചില കേന്ദ്രങ്ങള്‍ കരുതുന്നുണ്ടാകണം.
ഭീകരപ്രവര്‍ത്തനത്തിലൂടെ നീങ്ങുന്ന ദുഷ്‌ടശക്തികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ട് പോകരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഏത് മതവിശ്വാസികളും ആദരവോടെയാണ് ഇന്ന് സിപിഐ എമ്മിന്റെ നിലപാടിനെ കാണുന്നത്. വര്‍ഗീയകക്ഷികള്‍ക്ക് പ്രാതിനിധ്യമുള്ള ഒരു ഭരണസംവിധാനമാണുള്ളതെങ്കില്‍, വര്‍ഗീയഭീകരപ്രവര്‍ത്തനത്തിനെതിരെ ഇത്ര ശക്തമായ നടപടിയുണ്ടാവുക അസാധ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.
Post a Comment