Thursday, October 14, 2010

കള്ളനോട്ട് - റിസർവ് ബാങ്ക് കറന്‍സി പരിശോധന സമഗ്രമാക്കണം

പാര്‍ലമെന്റിന്റെ ധനകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ഇരു സഭകളിലും 2008 ഡിസംബര്‍ 18ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയിലെ കള്ളനോട്ടു വ്യാപനത്തിന്റെ അപകടസ്ഥിതിയില്‍ അസന്തുഷ്‌ടി പ്രകടിപ്പിച്ചു. കറന്‍സി മാനേജ്‌മെന്റില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളുടെയും കാര്യക്ഷമതയും, വിശ്വാസ്യതയും വീണ്ടും വിലയിരുത്തപ്പെടണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

പബ്ളിക് അണ്ടര്‍ടേക്കിങ്ങുകള്‍ക്കു വേണ്ടിയുള്ള പാര്‍ലമെന്റ് കമ്മിറ്റി ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിച്ചതിന് ഇന്ത്യാ ഗവണ്‍മെന്റിനേയും റിസര്‍വ് ബാങ്കിനേയും രൂക്ഷമായി വിമര്‍ശിച്ചു റിപ്പോര്‍ട്ടു നല്‍കി. ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിക്കുന്നതിന് എടുത്ത തീരുമാനത്തെ unconventional, unwarranted, uncalled for എന്നു വിശേഷിപ്പിച്ചു. മേല്‍ തീരുമാനത്താല്‍ പ്രസ്‌തുത വേളയില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുരക്ഷ അപകടത്തിലായി എന്നു റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിച്ചത് 1997 - 98 ലായിരുന്നു. റിസര്‍വ് ബാങ്കിന്റെ 1999 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം വിദേശത്ത് അച്ചടിച്ചത് ഒരു ലക്ഷം കോടി രൂപയ്‌ക്കുള്ള കറന്‍സിയാണ്. നൂറു രൂപയുടെ 2000 ദശലക്ഷം നോട്ടുകളും, അഞ്ഞൂറു രൂപയുടെ 1600 ദശലക്ഷം നോട്ടുകളും.

കള്ളനോട്ടു വ്യാപനത്തിന്റെ ആശങ്കാജനകമായ വര്‍ദ്ധനവു ചുണ്ടിക്കാണിച്ചും, കറന്‍സി സംവിധാനത്തിന്റെ സുരക്ഷ കര്‍ശനമായി ഉറപ്പു വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചും റിസര്‍വ് ബാങ്കിന്റെ ഉന്നതാധികാരികള്‍ക്കു പല നിവേദനങ്ങളും റിസര്‍വ് ബാങ്കിലെ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനായ ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (എ.ഐ.ആര്‍.ബി.ഇ.എ.) നല്‍കി. അവയൊന്നും റിസര്‍വ് ബാങ്ക് അര്‍ഹിക്കുന്ന ഗൌരവത്തില്‍ ഇതു വരെയും പരിഗണിച്ചിട്ടില്ല.

ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിച്ചപ്പോഴും അതിന്റെ അപകടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയും (എ.ഐ.ആര്‍.ബി.ഇ.എ.) റിസര്‍വ് ബാങ്കിന്റെ ഉന്നതാധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കി. അന്നത്തെ അധികാരികള്‍ അവയെല്ലാം അവഗണിച്ചു.

2001 മുതല്‍ റിസര്‍വ് ബാങ്ക് കറന്‍സി പരിശോധനയ്‌ക്ക് നിലവിലുണ്ടായിരുന്ന സമഗ്ര പരിശോധന നിര്‍ത്തലാക്കി. പകരം സാമ്പിള്‍ പരിശോധന മാത്രമാക്കി. അഞ്ച്, പത്ത്, ഇരുപത്, അമ്പത്, നൂറ് രൂപാവരെയുള്ള മൂല്യ ശ്രേണിയിലെ നോട്ടുകളെല്ലാം അവസാന ആഡിറ്റില്‍ വളരെ ചെറിയ ശതമാനം സാമ്പിള്‍ പരിശോധന മാത്രം നടത്തി വ്യാപകമായി നശിപ്പിച്ചു. അന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ എണ്ണത്തിന്റെ 93 ശതമാനത്തിനും റിസര്‍വ് ബാങ്കില്‍ സാമ്പിള്‍ പരിശോധന മാത്രമായി. റിസര്‍വ് ബാങ്കില്‍ കറന്‍സിമാനേജുമെന്റിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ ഒരു ഡെപ്യൂട്ടി ഗവര്‍ണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ക്ളീന്‍ നോട്ട് പോളിസിയുടെ പേരില്‍ നടത്തിയ പരിശോധനയില്ലാതെയുള്ള വമ്പന്‍ നോട്ടു നശീകരണം.

ഒരു കാര്യം വളരെ വ്യക്തമാണ്. ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിച്ചതിനു ശേഷമാണ് റിസര്‍വ് ബാങ്കിലും മറ്റു ബാങ്കുകളിലും പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം 1997 - 98 ല്‍ അത് 7698 നോട്ടുകളായിരുന്നു 2008 - 09 ല്‍ 3,98,111 ആയി ഉയര്‍ന്നു! 2009 - 10 ല്‍ അത് 4,01.476 ആയി വീണ്ടും ഉയര്‍ന്നു.

കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ അളവ് മൊത്തം പ്രചാരത്തിലുള്ള കറന്‍സിയുടെ 0.0008 ശതമാനം (ദശലക്ഷത്തില്‍ എട്ട്) മാത്രമാണെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്. അത് അവഗണിക്കാവുന്ന അളവില്‍ മാത്രം എന്നും. 2010 മാര്‍ച്ച് 31 ന് മൊത്തം പ്രചാരത്തിലുണ്ടായിരുന്നതു 56549 ദശലക്ഷം നോട്ടുകളാണ്. 2008 ല്‍ ആയിരം രൂപയുടെ 31857 കള്ളനോട്ടുകള്‍ പിടികൂടി. ഇതേ കാലയളവില്‍ പരിശോധിച്ച് നശിപ്പിച്ചത് ആയിരത്തിന്റെ 39 ദശലക്ഷം നോട്ടുകളാണ്. റിസര്‍വ് ബാങ്കിലെയും ബാങ്കുകളിലേയും പരിശോധനയിലാണ് ബാങ്കിംഗ് ചാനലില്‍ എത്തുന്ന കള്ളനോട്ടുകള്‍ പിടികൂടപ്പെടുന്നത്. അപ്പോള്‍ റിസര്‍വ് ബാങ്കില്‍ പരിശോധിക്കപ്പെട്ട ആയിരത്തിന്റെ നോട്ടുകളുടെ എത്ര ശതമാനമാണ് പിടിക്കപ്പെട്ട കള്ളനോട്ടുകള്‍ എന്നു നോക്കിയാല്‍ അത് ദശലക്ഷത്തില്‍ 817 എന്നു കാണാം. ഇതെങ്ങനെ അവഗണിക്കാവുന്ന അളവിലെന്ന് പറഞ്ഞു തള്ളും?
അതുപോലെ 2008 ല്‍ പിടിക്കപ്പെട്ട അഞ്ഞൂറു രൂപ കള്ളനോട്ടുകളുടെ എണ്ണം 2,19,739. ഏകദേശം 11 കോടി രൂപ. അത് പരിശോധിച്ച് നശിപ്പിച്ച 735 ദശലക്ഷം അഞ്ഞൂറു രൂപ നോട്ടുകളില്‍ ദശലക്ഷത്തില്‍ 298 കള്ളനോട്ടുകള്‍ എന്ന കണക്കിലാണ്. 2010 ല്‍ കണ്ടു പിടിച്ച കള്ളനോട്ടുകളുടെ മൂല്യശ്രേണി തിരിച്ചുള്ള കണക്ക് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല.

റിസര്‍വ് ബാങ്കില്‍ കള്ളനോട്ട് കണ്ടുപിടിക്കുന്നത് നോട്ടുകളുടെ അവസാന ആഡിറ്റിലാണ്. ആ നോട്ട് സമ്പദ്ഘടനയില്‍ ഏല്‍പിക്കാവുന്ന എല്ലാ ആഘാതവും ഏല്‍പിച്ചതിനു ശേഷം. റിസര്‍വ് ബാങ്കില്‍ കണ്ടുപിടിക്കപ്പെടുന്ന ഒരു കള്ളനോട്ടുപോലും അവഗണിക്കാവുന്നതല്ല എന്ന് ചുരുക്കം. മൊത്തം കറന്‍സിയുടെ 57% വരുന്ന മറ്റു നോട്ടുകള്‍ക്ക് സാമ്പിള്‍ പരിശോധന മാത്രം. 2009 - 10 ല്‍ 6078 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധന മാത്രം നടത്തി നശിപ്പിച്ചു. അതുകൊണ്ടു തന്നെ അവയില്‍ പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം തുലോം വിരളവും.

കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണത്തില്‍ 2009 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 103 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. മൂല്യത്തിലാവട്ടെ 180 ശതമാനം വര്‍ദ്ധനയാണുണ്ടായത്. ഇത്ര വലിയ വര്‍ദ്ധനവ് ദുമരിയാഗഞ്ചിലെ ഒരു കറന്‍സി ചെസ്‌റ്റില്‍ കണ്ടുപിടിച്ച വന്‍തിരിമറിയുടെ ഫലമായുണ്ടായതാണെന്ന് വിശദീകരിക്കപ്പെട്ടു. എന്നാല്‍ 2010 ല്‍ കണ്ടു പിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 401476 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്.

സ്ഥിതി ഇതായിരിക്കെ, 4% മാത്രം വരുന്ന ആയിരം രൂപയിലും 13% വരുന്ന അഞ്ഞൂറു രൂപയിലും പിടിക്കപ്പെടുന്ന കള്ളനോട്ടുകള്‍ മൊത്തം കറന്‍സിയായ 56549 ദശലക്ഷത്തിന്റെ ശതമാനമാക്കി അവതരിപ്പിക്കുന്നത് കള്ളനോട്ടു വ്യാപനത്തിന്റെ വ്യാപ്‌തിയും ആഴവും ചുരുക്കിക്കാണിക്കാന്‍ മാത്രമേ ഉപകരിക്കൂ.

1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്‌മെന്റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്‌തമാണ്. പുതിയ നോട്ടുകള്‍ പുറത്തിറക്കേണ്ടതും പ്രചാരത്തിലുള്ളവ പരിശോധിച്ച് വൃത്തിയുള്ളവ മാത്രം തിരികെ നല്‍കേണ്ടതും റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. നോട്ടുകള്‍ നശിപ്പിക്കുന്നതിനു മുമ്പ് വിശദമായി പരിശോധിച്ച് വ്യാജനില്ലെന്നുറപ്പു വരുത്തേണ്ടതും റിസര്‍വ് ബാങ്കാണ്. ആ പരിശോധനയിലാണ് കറന്‍സി ചെസ്‌റ്റുകളിലും, റിസര്‍വ്
ബാങ്കിലുമായി കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുന്നത്. കറന്‍സി മാനേജ്‌മെന്റ് 1935 ല്‍ റിസര്‍വ് ബാങ്കിനെ ഏല്‍പിക്കുന്നതിന് മുമ്പും ഏറ്റെടുത്തതിനു ശേഷവും എല്ലാ കറന്‍സി നോട്ടുകളും നശിപ്പിക്കുന്നതിന് മുമ്പ് പരിശോധിക്കപ്പെട്ടിരുന്നു.അതായിരുന്നു നയം.

റിസര്‍വ് ബാങ്കിന് രാജ്യത്താകെയുള്ള 20 ഇഷ്യൂ ഓഫീസുകളിലും വിവിധ ബാങ്കുകളിലെ 4300 കറന്‍സി ചെസ്‌റ്റുകളിലും ആണ് കറന്‍സി നോട്ടുകള്‍ പരിശോധിക്കുന്നത്. കറന്‍സി ചെസ്‌റ്റുകളില്‍ പരിശോധിച്ചവ റിസര്‍വ് ബാങ്കില്‍ ഫൈനല്‍ ആഡിറ്റ് നടത്തി നശിപ്പിക്കും. രാജ്യത്താകെ റിസര്‍വ് ബാങ്കില്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 12000 ത്തില്‍ കൂടുതല്‍ നോട്ടു പരിശോധകരുണ്ടായിരുന്നു.

2001 മുതല്‍ റിസര്‍വ് ബാങ്ക് നോട്ടുപരിശോധകരെ ഒഴിവാക്കി. പകരം കോടികള്‍ മുടക്കി സ്ഥാപിച്ച കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്‌റ്റം എന്ന യന്ത്ര സംവിധാനം ഏര്‍പ്പെടുത്തി. യന്ത്രസംവിധാനം ഏര്‍പ്പെടുത്തുന്നത് എല്ലാ നോട്ടുകളും റിസര്‍വ് ബാങ്കിന്റെ ഫൈനല്‍ ആഡിറ്റിന് വിധേയമാക്കുന്നതിനാണ് എന്ന് അന്നത്തെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റംഗത്തിന് രേഖാമൂലം ഉറപ്പുനല്‍കി. ജീവനക്കാരുടെ എണ്ണം കൂട്ടിയാലും അവര്‍ക്കു
പരിശോധിച്ചു തീര്‍ക്കാന്‍ പറ്റാത്ത തരത്തില്‍ പരിശോധിക്കേണ്ട കറന്‍സിയുടെ അളവു കൂടുകയാണെന്നും അതിനാല്‍ യന്ത്ര സംവിധാനം കൂടി അനിവാര്യം ആണെന്നും വിശദീകരണമുണ്ടായി. എന്നാല്‍ വളരെ പെട്ടെന്നു തന്നെ നോട്ടു പരിശോധകര്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടു. നോട്ടു പരിശോധന യന്ത്ര സംവിധാനത്തില്‍ മാത്രമായി. ഇപ്പോള്‍ ഇതാണ് സ്ഥിതി.

നമ്മുടെ രാജ്യത്ത് 2010 മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്നത് 56595 ദശലക്ഷം നോട്ടുകളാണ്. ഇന്നത്തെ നിലയിലുള്ള വര്‍ദ്ധനവ് കണക്കാക്കിയാല്‍ 2012 ല്‍ അത് 70000 ദശലക്ഷം കവിയും. 1938 ല്‍ ഇത് 124 ദശലക്ഷം മാത്രമായിരുന്നു. 1989 ല്‍ ഇത് 18500 ദശലക്ഷവും. പി.ആര്‍. നായക് കമ്മിറ്റി ശുപാര്‍ശയനുസരിച്ച് ഇന്നത്തെ നിലയിലെങ്കിലും വൃത്തിയുള്ള നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമങ്കില്‍ 25000 ദശലക്ഷം നോട്ടുകളെങ്കിലും ഓരോ വര്‍ഷവും പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച്, പരിശോധിച്ച് നശിപ്പിച്ച്, പുതിയവ പുറത്തിറക്കേണ്ടതുണ്ട്. അത്ര ബൃഹത്തും സങ്കീര്‍ണ്ണവുമാണ് സ്ഥിതി.

ഒന്നിലധികം ഷിഫ്‌റ്റുകളിലായി 54 സി.വി.പി.എസ്. യന്ത്രങ്ങളില്‍ 2009 ല്‍ പരിശോധിക്കപ്പെട്ടത് 7000 ദശലക്ഷം നോട്ടുകളാണ്. 2009 - 10 ല്‍ മൊത്തം നശിപ്പിക്കപ്പെട്ട 13072 ദശലക്ഷം നോട്ടുകളില്‍ യന്ത്രം പരിശോധിച്ച 7000 ദശലക്ഷത്തിന്റെ ബാക്കി 6072 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധന മാത്രമേ റിസര്‍വ് ബാങ്കില്‍ നടത്തിയിട്ടുള്ളൂ. ലോകത്ത് മറ്റൊരു രാജ്യവും അവരുടെ കറന്‍സി അവസാന ആഡിറ്റ് പോയിന്റില്‍ സാമ്പിള്‍ പരിശോധന മാത്രം നടത്തി നശിപ്പിക്കുന്നതായി അറിവില്ല. സാമ്പിള്‍ പരിശോധന മാത്രം നടത്തി റിസര്‍വ് ബാങ്ക് കറന്‍സി നശിപ്പിക്കുന്നതിന് യാതൊരു നിയമസാധുതയും ഇല്ല.

റിസര്‍വ് ബാങ്കിലെ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് യന്ത്രവും ബാങ്കുകളിലെ നോട്ട് സോര്‍ട്ടിംഗ് മെഷിനും നേരിട്ട് കള്ളനോട്ടുകള്‍ കണ്ടു പിടിക്കുന്നവയല്ല. യന്ത്രം നല്ലതല്ലാതെ നോട്ടുകള്‍ തരംതിരിക്കും. യന്ത്രം തരം തിരിച്ചുമാറ്റിയവയില്‍ കള്ളനോട്ടുകളും ഉണ്ടാകും. തരം തിരിച്ചു മാറ്റിയവയില്‍ കള്ളനോട്ടുകള്‍ എത്രയെന്ന് അവ ഓരോന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടത് പരിചയസമ്പത്തുള്ള ജീവനക്കാരാണ്. യന്ത്രം തരം തിരിച്ചു മാറ്റുന്ന നോട്ടുകള്‍ ഓരോന്നും സൂക്ഷ്‌മമായി പരിശോധിക്കുന്നതിന് ആവശ്യത്തിന് പരിശോധകരെ റിസര്‍വ് ബാങ്കിലും കറന്‍സി ചെസ്‌റ്റ് ബ്രാഞ്ചുകളിലും നിയോഗിച്ച് പരിശോധന ഉറപ്പുവരുത്താതെ, പരിശോധന ചടങ്ങാക്കിയാല്‍ യന്ത്രം തരം തിരിച്ചവയില്‍ നിന്നും പോലും കള്ളനോട്ടുകളെല്ലാം പിടിക്കപ്പെടണമെന്നില്ല. .

ആസ്‌തി പിന്‍ബലമില്ലാത്ത, നല്ല നോട്ടുകളുടെ കണക്കില്‍പ്പെടാത്ത ഒരു കള്ളനോട്ട് ഇന്ത്യന്‍ സമ്പദ് ഘടനയില്‍ പ്രവേശിച്ച്, വ്യാജനെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഓരോ തവണ കൈമാറ്റം ചെയ്യപ്പെടുമ്പോഴും സമ്പദ്ഘടനയ്‌ക്ക് അതേല്‍പിക്കുന്ന ആഘാതം വിനാശകരമാണ്. അത്തരം 401476 വ്യാജനോട്ടുകളാണ് 2009 - 10 ല്‍ റിസര്‍വ് ബാങ്കിലും / ബാങ്കുകളിലുമായി പിടിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിനു മുമ്പ് എത്ര തവണ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് പോലും ക്ളിപ്‌തപ്പെടുത്താന്‍ കഴിയാത്ത 401476 കള്ളനോട്ടുകള്‍ !

ബാങ്കുകളില്‍ നോട്ട് സോര്‍ട്ടിംഗ് മെഷീനുകളില്‍ പരിശോധിച്ചു കഴിഞ്ഞ നോട്ടുകളില്‍ പിന്നീട് കള്ളനോട്ടുകള്‍ ഉണ്ടാകില്ല എന്ന റിസര്‍വ് ബാങ്കിന്റെ നിലപാടും നിലനില്‍ക്കുന്നതല്ല. ബാങ്കുകളില്‍ നിന്ന് എന്‍.എസ്.എം. പരിശോധന കഴിഞ്ഞെത്തിയ നോട്ടുകളില്‍ നിന്ന് കൂടിയാണ് റിസര്‍വ് ബാങ്ക് 52620 കള്ളനോട്ടുകള്‍ 2009 / 10 പരിശോധനയില്‍ കണ്ടുപിടിച്ചത്. റിസര്‍വ് ബാങ്കുകളിലെ സി.വി.പി.എസ്. പരിശോധിച്ച നോട്ടുകള്‍ വീണ്ടും പരിശോധിച്ചാലുള്ള സ്ഥിതിയും എന്‍.എസ്.എം. പരിശോധന കഴിഞ്ഞയവയില്‍ നിന്ന് വളരെ വ്യത്യസ്ഥമാകാനിടയില്ല. സി.വി.പി.എസ്. പരിശോധന കഴിഞ്ഞ നോട്ടുകള്‍ ഓണ്‍ലൈനില്‍ തന്നെ നശിപ്പിക്കുന്നതുകൊണ്ട് ഇന്നത്തെ സംവിധാനത്തില്‍ അത്തരം പരിശോധനയ്‌ക്ക് ഇടമേയില്ല.

57% കറന്‍സിക്ക് സാമ്പിള്‍ പരിശോധന മാത്രം. ബാക്കി പരിശോധിക്കുന്നത് സി.വി.പി.എസ്. യന്ത്ര സംവിധാനത്തില്‍. യന്ത്രം പാസ്സാക്കിയ നോട്ടുകള്‍ ഓണ്‍ ലൈനില്‍ നശിപ്പിക്കുകയാണ് പതിവ്. യന്ത്രം പാസ്സാക്കുന്നതില്‍ കള്ളനോട്ടു കാണില്ല എന്നത് വിശ്വാസം മാത്രം. അവയില്‍ കള്ളനോട്ടുകള്‍ ബാക്കിയുണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ യാതൊരു സംവിധാനവുമില്ല. നിലവിലുള്ള പരിശോധനാ സംവിധാനം തന്നെ എല്ലാ കള്ളനോട്ടുകളും കണ്ടു പിടിക്കാന്‍ പര്യാപ്‌തമല്ല എന്നു ചുരുക്കം.

2001 മുതല്‍ നോട്ടു പരിശോധനകരെ ഒഴിവാക്കി യന്ത്രത്തേയും സാമ്പിള്‍ പരിശോധനയേയും ആശ്രയിച്ച് റിസര്‍വ് ബാങ്ക് കറന്‍സി മാനേജ്‌മെന്റ് മേഖലയില്‍ നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങളുടെ ദുരന്തഫലങ്ങളും തീരെ കുറവല്ല.ലാഘവത്തോടെ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ തകര്‍ത്തുകളഞ്ഞത് 65 വര്‍ഷം റിസര്‍വ് ബാങ്ക് കറന്‍സി മാനേജ്‌മെന്റില്‍ കാത്തു സംരക്ഷിച്ച സുരക്ഷിതത്വവും, വിശ്വാസ്യതയും.

കള്ളനോട്ടു വ്യാപനം സമ്പദ്ഘടനയിലുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ അതീവ ഗൌരവത്തോടെ കാണുകയും രാജ്യത്തെ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനങ്ങളെല്ലാം പുനഃക്രമീകരിച്ച് കുറ്റമറ്റതാക്കേണ്ടത് അടിയന്തിരാവശ്യമാണ്.


  • എല്ലാ കറന്‍സി നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പുള്ള ഫൈനല്‍ ആഡിറ്റില്‍ റിസര്‍വ് ബാങ്കില്‍ പരിശോധിക്കപ്പെടണം.
  • കറന്‍സി പരിശോധനയില്‍ വരുത്തിയ ഇളവുകള്‍ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വത്തില്‍ പുതിയ പഴുതുകള്‍ തുറന്നുവോ എന്നും സമഗ്രമായി രാജ്യതാല്‍പര്യത്തില്‍ പരിശോധിക്കപ്പെടണം.

    കറന്‍സി ഓരോ പൌരന്റെയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പൌരനെ സംബന്ധിച്ചിടത്തോളം കറന്‍സിയാണ് റിസര്‍വ് ബാങ്കിന്റെ മുഖം. സാധാരണ പൌരന്റെ കൈവശം വന്നുപെടുന്ന കള്ളനോട്ടുകളില്‍ അവര്‍ കാണുന്നത് റിസര്‍വ് ബാങ്കിന്റെ വികൃതമായ മുഖമായിരിക്കും.


    *****

    റ്റി.കെ.തങ്കച്ചന്‍

    (ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ് ലേഖകന്‍)

    അധിക വായനയ്‌ക്ക് :

    മൂന്നുമാസം കൊണ്ട് റിസര്‍വ് ബാങ്കിലെത്തിയത് ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ളനോട്ട് : മാതൃഭൂമി വാര്‍ത്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കള്ളനോട്ടു വ്യാപനം സമ്പദ്ഘടനയിലുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ അതീവ ഗൌരവത്തോടെ കാണുകയും രാജ്യത്തെ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനങ്ങളെല്ലാം പുനഃക്രമീകരിച്ച് കുറ്റമറ്റതാക്കേണ്ടത് അടിയന്തിരാവശ്യമാണ്.

എല്ലാ കറന്‍സി നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പുള്ള ഫൈനല്‍ ആഡിറ്റില്‍ റിസര്‍വ് ബാങ്കില്‍ പരിശോധിക്കപ്പെടണം.

കറന്‍സി പരിശോധനയില്‍ വരുത്തിയ ഇളവുകള്‍ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വത്തില്‍ പുതിയ പഴുതുകള്‍ തുറന്നുവോ എന്നും സമഗ്രമായി രാജ്യതാല്‍പര്യത്തില്‍ പരിശോധിക്കപ്പെടണം.