Monday, October 4, 2010
പുതിയ ലോകം സൃഷ്‌ടിക്കുന്ന അമ്മ
കേരള ചരിത്രത്തില്‍തന്നെ ഏറ്റവുമധികം ഭരണകൂട മര്‍ദ്ദനത്തിനു വിധേയയായ വനിതാ നേതാവ്. 1921 ല്‍ കൂത്താട്ടുകുളത്തു ജനിച്ച പി.ടി.മേരി 1948 ലാണ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. അമ്മാവന്‍ പ്രശസ്‌ത സാഹിത്യകാരന്‍ സി.ജെ.തോമസില്‍ നിന്നാണ് വിപ്ളവ രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ലഭിച്ചത്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്നു നടന്ന പോലീസ് വേട്ടയില്‍ അന്നു കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന മേരിയെ അറസ്‌റ്റുചെയ്‌ത് കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കി. ഭര്‍ത്താവായ സി.എസ്.ജോര്‍ജ്ജ് എന്ന വിപ്ളവകാരിയും മറ്റു നേതാക്കളും ഒളിവിലിരിക്കുന്നതെവിടെ എന്നായിരുന്നു അവര്‍ക്കറിയേണ്ടത്. അന്നത്തെ ലോക്കപ്പ് ഭേദ്യത്തിനുശേഷം കൂത്താട്ടുകുളം മേരി എന്നറിയപ്പെടുന്ന ഈ സമര നായിക പിന്നീട് തൊടുപുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വൈക്കം-കൂത്താട്ടുകുളം ഡിവിഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് അധ്യാപകവൃത്തി സ്വീകരിച്ച് പെരിന്തല്‍മണ്ണയിലെത്തിയ മേരി ടീച്ചര്‍ സി.പി.ഐ യുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായി. 1987-ല്‍ കോട്ടയം ജില്ലയിലെ മേവെള്ളൂരില്‍ മകള്‍ സുലേഖക്കൊപ്പം താമസമാക്കിയ കൂത്താട്ടുകുളം മേരി പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. പ്രായത്തിന്റെ അവശതകള്‍ മനസ്സ് അംഗീകരിക്കുന്നില്ലെങ്കിലും ശാരീരികാസ്വാസ്ഥ്യങ്ങള്‍ പരിഗണിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം, തന്റെ 87-ആം വയസ്സില്‍ ചിത്ര രചനയിലേക്കു തിരിഞ്ഞ മേരി ടീച്ചര്‍ എഴുപതോളം ചിത്രങ്ങളുടെപ്രദര്‍ശനം ഈ ഫെബ്രുവരിയില്‍ എറണാകുളത്തു സംഘടിപ്പിക്കുകയുണ്ടായി.ജീവസ്സുറ്റ കാഴ്ചപ്പാടുകളും സര്‍ഗാത്മകതയും മറ്റു ള്ളവരിലേക്ക് പകരാന്‍ ഇന്നും ഉത്സുകയാണ് കൂത്താട്ടുകുളം മേരി.
ഈ ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയ ഷൈല.സി.ജോര്‍ജ്ജ് (മാനേജര്‍, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, നെടുമങ്ങാട് )മേരിടീച്ചറുടെ രണ്ടാമത്തെ മകളാണ്.
ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ അച്‌ഛനെയും അമ്മയെയും കുറിച്ച് ഞാന്‍ ആദ്യമെഴുതുന്നത്. മാതൃഭൂമി ബാലപംക്തിയിലേക്ക് ഞാനത് അയച്ചു കൊടുത്തു. ഒരിക്കലും മറക്കാനാവാത്ത ഒരു കത്ത് സഹിതം അത് തിരികെ വരികയും ചെയ്‌തു.
കുഞ്ഞുണ്ണി മാഷ് എഴുതി: "ഇത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വയ്യ കുറേക്കൂടി വിപുലമാക്കി ഇതൊരു പുസ്‌തകമാക്കണം കനപ്പെട്ട ഒന്നായിരിക്കും അത്.''
ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ വന്നപ്പോള്‍ എന്നെ അന്വേഷിച്ച് (എന്നെമാത്രം!) കണ്ട് സംസാരിക്കാനും അദ്ദേഹം കരുണ കാണിച്ചു. 'കനപ്പെട്ട' പുസ്‌തകമാക്കേണ്ടിയിരുന്ന ആ കഥപറച്ചില്‍ ഞാന്‍ തുടര്‍ന്നില്ല. കുഞ്ഞുണ്ണി മാഷുടെ കത്തും എവിടെയോ നഷ്‌ടപ്പെട്ടു.
ആ കഥയുടെ/ ലേഖനത്തിന്റെ തുടക്കം ഏതാണ്ടിങ്ങനെയായിരുന്നു."സ്വന്തമായി ഒരു കഥപറയാന്‍ ഉള്ളവരായിരുന്നു അവര്‍, എന്റെ അപ്പച്ചനും അമ്മച്ചിയും''.
41വര്‍ഷങ്ങള്‍ക്കുശേഷം എന്റെ കഥയില്ലായ്‌മയും, അവരുടെ കഥകളും മാറ്റമില്ലാതെ തുടരുന്നു. മാത്രമല്ല എന്റെ അമ്മ പുതിയ കഥക്ക് വിഷയമാവുകയും ചെയ്യുന്നു.
കുടുംബത്തിന് വേണ്ടി രാഷ്‌ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് വെക്കുമ്പോഴും പൊതു നന്മക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അമ്മച്ചിയുടെ ഉള്ളില്‍ നീറി നീറിക്കിടപ്പുണ്ടാകുമെന്ന് എനിക്കറിയാം.
ഈയടുത്തകാലം വരെ എഴുത്ത് എന്റെയും നീറ്റലായിരുന്നല്ലോ- ഞങ്ങള്‍ തമ്മിലുള്ള സാദൃശ്യം ഇവിടെ അവസാനിക്കുന്നു.
സര്‍ക്കാര്‍ ജോലിയായതുകൊണ്ട് എന്റെ അമ്മക്ക് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ, പന്തലിന് പുറത്ത് പിഞ്ചുകുഞ്ഞിനെയും മടിയിലിരുത്തി, പൊട്ടിക്കരഞ്ഞ അമ്മയുടെ കരച്ചിലിന്റെ കഥ കേട്ട് ഞാന്‍ കരഞ്ഞത് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്. അമ്മച്ചിയെ ചുമരില്‍ ചാരിയിരുത്തി, നീട്ടിവെച്ച കാലുകളില്‍ പോലീസ് റൂള്‍ത്തടിമേല്‍ കയറി നിന്ന് ഉരുട്ടിയ കഥ, പുല്ലാനിപ്പൊന്തകളില്‍ നിന്ന് ഉണ്ടാക്കിയെടുത്ത വള്ളിക്കുടിലുകളില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ് ഒരിക്കല്‍പോലും പോലീസിന്റെ പിടിയിലകപ്പെടാതിരുന്ന ശാന്തനും നിര്‍ഭയനുമായ എന്റെ അച്‌ഛന്റെ കഥ-ഈ കഥയെല്ലാം കേട്ട് ഞാനന്ന് എത്ര കരഞ്ഞു!
അതൊന്നും കരയാനുള്ള സന്ദര്‍ഭങ്ങളായിരുന്നില്ല എന്ന് പിന്നീടെനിക്കു മനസ്സിലായി. കരയേണ്ടിയിരുന്ന സന്ദര്‍ഭം ഇന്നും മനസ്സില്‍ ഒരു മുറിവായി ബാക്കിനില്‍ക്കുന്നു.
മോണ മുഴുവന്‍ പഴുത്ത്, കഠിനമായ പല്ലുവേദനയില്‍ പുളഞ്ഞ് അപ്പച്ചന്‍ കിടപ്പിലാണ്.
ഞാനും ചേച്ചിയും കഞ്ഞികുടിക്കുന്നു.
പെട്ടന്ന് മുറിയില്‍ നിന്ന് ഉറക്കെ ഉറക്കെ തേങ്ങി തേങ്ങി ഒരു കരച്ചിലുയര്‍ന്നു.
ഞങ്ങള്‍ ഓടി അപ്പച്ചന്റെ മുറിയില്‍ ചെന്നു. "എന്നിട്ടും ഇങ്ങനെയായല്ലോ'' എന്നു പറഞ്ഞുകരയുന്നത് എന്റെ അപ്പച്ചനാണ്. അന്ന് സ്‌കൂളില്‍ നിന്നു മടങ്ങി വന്നപ്പോള്‍ അമ്മച്ചി പറഞ്ഞു:
"അപ്പച്ചന്‍ കരഞ്ഞത് പല്ലുവേദന കൊണ്ടല്ല- പാര്‍ട്ടി പിളരാന്‍ പോവുന്നത് കൊണ്ടാ''.
പൊതു പ്രവര്‍ത്തനത്തിനായി നീറിയിരുന്ന എന്റെ അമ്മയുടെ മനസ്സ് ചെറുതും വലുതുമായ രീതികളില്‍ എന്നും ഇടപെടല്‍ നടത്തിപ്പോന്നിരുന്നു.
ഒരു നഴ്‌സറി സ്‌കൂള്‍, വനിതകള്‍ക്കായി ഒരു അച്ചടിശാല, റോസും ചെമ്പരത്തിയും ആന്തൂറിയവും കുറ്റിമുല്ലയും താമരക്കുളവും ഉള്ള പൂന്തോട്ടം, വര്‍ഷങ്ങളായി ടാറിടാത്ത, പൊളിഞ്ഞ റോഡ് നന്നാക്കുന്നതിന് വേണ്ടിയുള്ള സത്യാഗ്രഹം, അപ്പച്ചന്റെ ഓര്‍മ്മക്കായി ഒരു പാട്ട് ക്ളാസ്സ്- അങ്ങനെ ചെറിയ ചെറിയ (വലിയ!) സാക്ഷാത്കാരങ്ങള്‍.
ഊര്‍ജ്ജത്തിന്റെ ഒരു ഖനിതന്നെയാണ് എന്റെ അമ്മ എന്നു പറയാതെ വയ്യ! രാവിലെ നാലുമണിക്കെഴുന്നേറ്റ് ചെറുതും വലുതുമായ ഭാവിപരിപാടികളെപ്പറ്റി മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും നിര്‍ദ്ദേശം കൊടുക്കുക, അതിനെല്ലാം മുന്നിട്ടിറങ്ങാന്‍ 88 വയസ്സായ ഒരു ശരീരം സജ്ജമായുണ്ടാകുക...
പൊതു പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ യാത്രചെയ്യാന്‍ ആരോഗ്യം തടസ്സപ്പെട്ടതോടെയാകണം അമ്മച്ചി ചിത്രം വരയിലേക്കും അവ ചായമിടുന്നതിലേക്കും ശ്രദ്ധ തിരിച്ചത്.
ഒരു പൂവോ, ഒരു മുഖമോ വരക്കുന്ന അമ്മച്ചിയെ കുട്ടിക്കാലത്തു പോലും ഞാന്‍ കണ്ടിട്ടില്ല. ആ അമ്മച്ചിയാണ് 87-ാം വയസ്സില്‍ ഒരു നിയോഗം പോലെ ചിത്രകലയിലേക്ക് സ്വയം പകര്‍ന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ ഒരേഇരിപ്പിലിരുന്നു നിറങ്ങളുടെ പുതിയ ലോകം സൃഷ്‌ടിക്കുകയാണ് എന്റെ അമ്മയിപ്പോള്‍. നിരന്തരവും അനുസ്യൂതമായ സൃഷ്‌ടികര്‍മ്മം.
മരങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ശിഖരങ്ങളിലേക്ക് എത്ര തവണ നോക്കിയിരുന്നാലും മതിയാകാറില്ലെന്ന് അമ്മച്ചി എപ്പോഴും പറഞ്ഞിരുന്നു.
കെട്ടിനിര്‍ത്തേണ്ടി വരുന്ന ഊര്‍ജ്ജവും, കണ്ണുതുറന്ന് പിടിച്ച് പ്രകൃതിയിലേക്ക് നോക്കുന്ന ഒരാളുടെ വിസ്‌മയവും, കൈവിരലുകളിലൂടെ ചായങ്ങളിലേക്ക്, വരകളിലേക്ക് നിറഞ്ഞൊഴുകുന്ന അവിസ്‌മരണീയമായ കാഴ്‌ച... അതാണ് എന്റെ അമ്മ ഞങ്ങള്‍ക്ക് നല്‍കുന്നത്.
എന്നെ പ്രസവിച്ചതിലുപരി എത്ര വലിയൊരാളായിത്തീര്‍ന്നു കൂത്താട്ടുകുളം മേരി എന്ന എന്റെ അമ്മ!
*****
കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം
പിന്‍കുറിപ്പ്
പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.
ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു
Subscribe to:
Post Comments (Atom)
1 comment:

Post a Comment