2009 മെയ് 22ന് അധികാരത്തില്‍ വന്ന രണ്ടാം യു പി എ സര്‍ക്കാര്‍ പതിനേഴ് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ചെറിയൊരു കാലംകൊണ്ട് തന്നെ രാജ്യത്ത് ഭരണമില്ലാത്തൊരു അവസ്ഥ ഉണ്ടാക്കാന്‍ ഡോ. മന്‍മോഹന്‍സിംഗിന് കഴിഞ്ഞിരിക്കുന്നു. അഴിമതി സാര്‍വത്രികമാക്കി. ദാരിദ്ര്യവും പട്ടിണിയും അതിരൂക്ഷമായി. ക്രമസമാധാന തകര്‍ച്ച രാജ്യത്തിന്റെ പലയിടങ്ങളിലും കൂടുതല്‍ വ്യപകമായി. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന അമേരിക്കയാണ് ഇപ്പോഴും ഇന്ത്യയുടെ ഭരണത്തിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്.
ഭരിക്കാന്‍ കൊള്ളാത്തൊരു സര്‍ക്കാരാണ് ഡോ. മന്‍മോഹന്‍സിംഗിന്റേതെന്ന് രാജ്യത്തെ പരമോന്നത നീതിന്യായ പീഠം, സുപ്രിംകോടതി തന്നെ സാക്ഷ്യപത്രം നല്‍കിക്കഴിഞ്ഞു. 'രാജ്യത്തെ 37 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്ന്' സര്‍ക്കാര്‍ നിയോഗിച്ച ടെണ്ടുല്‍ക്കര്‍ കമ്മിറ്റിപോലും വെളിപ്പെടുത്തിയിരിക്കുന്നു. ഡോ. അര്‍ജ്ജുന്‍സെന്‍ ഗുപ്ത കമ്മിറ്റി കണ്ടെത്തിയത് 'രാജ്യത്തെ 77 ശതമാനം ജനങ്ങളുടെ ഒരു ദിവസത്തെ വരുമാനം വെറും ഇരുപത് രൂപയ്ക്ക് താഴെ മാത്രമാണെന്നാണ്.' ഇങ്ങനെ കോടിക്കണക്കിന് ജനങ്ങള്‍ അര്‍ധ പട്ടിണിയിലും മുഴുപട്ടിണിയിലും കഴിയുമ്പോഴാണ് ഫുഡ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ നശിപ്പിക്കാതെ ദരിദ്ര ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം നടത്തണമെന്നാണ് സുപ്രിംകോടതി അഭിപ്രായപ്പെട്ടത്. ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, ഇതൊരു നയപരമായ വിഷയമാണെന്നും കോടതിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും പറഞ്ഞാണ് ഡോ. മന്‍മോഹന്‍സിംഗ് രക്ഷപ്പെട്ടത്. എന്നാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നശിക്കാതിരിക്കാന്‍ ആവശ്യമായ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇങ്ങനെ ഭക്ഷ്യധാന്യം നശിക്കുന്നതിന് കാരണക്കാരായവരുടെ പേരില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരമായ കഴിവുകേടിനും ഭരണമില്ലായ്മയ്ക്കും പട്ടിണി പാവങ്ങളോടുള്ള ക്രൂരമായ അവഗണനയ്ക്കും കിട്ടിയ സാക്ഷ്യപത്രമാണ് സുപ്രിംകോടതി വിധികള്‍.
ഇതുതന്നെയാണ് കുപ്രസിദ്ധമായ സ്‌പെക്ട്രം കുംഭകോണത്തിന്റെയും കഥ. വിദഗ്ധ ഉപദേശം അവഗണിച്ച് സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്ന കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതിന് ലേലത്തിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുന്ന നടപടിയിലൂടെയാണ് വന്‍ കുംഭകോണത്തിന് കേന്ദ്ര ടെലികോം മന്ത്രിയായ രാജ നടപടി സ്വീകരിച്ചത്. ഇതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് മന്ത്രി രാജ പരസ്യമായി പ്രഖ്യാപിച്ചത്. രണ്ടാം സ്‌പെക്ട്രം വില്‍പനയില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നടപടിയിലൂടെ ആകെ കിട്ടിയത് രണ്ടായിരം കോടി രൂപയാണ്. ആരോപണങ്ങളെ തുടര്‍ന്ന് മൂന്നാം സ്‌പെക്ട്രം ലേലം ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതമായി. അതില്‍ നിന്നും കിട്ടിയത് 70,000 കോടി രൂപയാണ്. ഇതില്‍ നിന്നും രാജ സ്‌പെക്ട്രം ഇടപാടിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാവുന്നു. ഈ അഴിമതിക്ക് സൗകര്യം ഒരുക്കിക്കൊടുത്തത് പ്രധാനമന്ത്രി ആണെന്ന മന്ത്രി രാജയുടെ പ്രസ്താവന നിഷേധിക്കപ്പെട്ടിട്ടില്ല. ഈ ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഡി എം കെയുടെ പിന്തുണ സര്‍ക്കാരിന് വേണമെന്നതാണ് പ്രധാനമന്ത്രിയുടെ മൗനത്തിന് കാരണം.
വമ്പിച്ച അഴിമതി കഥകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ പുറത്ത് വന്നിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും കൂട്ടരും വന്‍തോതില്‍ അഴിമതി നടത്തുന്നുവെന്ന് ഗെയിസിന്റെ തുടക്കത്തിന് മുമ്പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഗെയിംസിന്റെ നടത്തിപ്പിന് 70,000 കോടി രൂപ ചെലവഴിച്ചുവെന്നാണ് പറയുന്നത്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതി ആരോപണവും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നിട്ടും സുരേഷ് കല്‍മാഡിയെ ചുമതലയില്‍ നിന്നും മാറ്റിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഴിമതിയെക്കുറിച്ച് സുപ്രിം കോടതിയില്‍ നിന്നുതന്നെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍ റിട്ടയേര്‍ഡ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ അന്വേഷണവും പ്രഹസനമാവുമോ എന്ന് കണ്ടറിയണം.
ഭരണമില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ് ജമ്മു-കശ്മീര്‍. നിരവധി പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിലേക്ക് കാര്യങ്ങള്‍ക്കൊണ്ടെത്തിച്ചത് ഭരണമില്ലാത്ത സ്ഥിതി വിശേഷമാണ് തെളിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ അവഗണനയുമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാക്കിയത്. അവിടെ ഒട്ടൊക്കെ സമാധാനം പുനഃസ്ഥാപിക്കാനാണ് സര്‍വ്വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിക്കുകയും വിവിധ ജനവിഭാഗങ്ങളുമായി ആശയ വിനിമയത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. ഇപ്പോള്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നത്, പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ചതുപോലെ ഒരു രാഷ്ട്രീയ പ്രതിനിധി സംഘമോ ഒരു സംയുക്ത പാര്‍ലമെന്ററി സംഘമോ അല്ല. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനേ സഹായിക്കുകയുള്ളൂ.
പ്രധാനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന പ്രശ്‌നം മാവോയിസ്റ്റ് ആക്രമണങ്ങളാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി കുറേ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഈ മാവോയിസ്റ്റ് ഗറില്ലാസേനയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സി ആര്‍ പി എഫും സംസ്ഥാന പൊലീസ് സേനയും സംയുക്തമായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് ഒറീസ, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേയ്ക്ക് സി ആര്‍ പി എഫിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും സംയുക്ത സേനയുടെ നടപടികളും ഇടതുപക്ഷ പാര്‍ട്ടികളുടെ സംഘടിത പ്രവര്‍ത്തനവും കൊണ്ട്, വിവിധ പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്ത ആളുകള്‍ തിരികെ തങ്ങളുടെ വീടുകളില്‍ മടങ്ങിയെത്തി, ഗ്രാമങ്ങളില്‍ സ്വയരക്ഷയ്ക്കായി സേനകള്‍ ഉണ്ടാക്കി. ഇതിന്റെയെല്ലാം ഫലമായി കേന്ദ്രമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളുമായുള്ള കൂട്ടുകെട്ടിന് സ്വാധീനം നഷ്ടപ്പെടാന്‍ തുടങ്ങി. ഇതില്‍ ക്ഷുഭിതരായ മമതാ ബാനര്‍ജി, സി ആര്‍ പി എഫിനെ തിരിച്ചുവിളിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. തൃണമൂല്‍ എം പിമാര്‍ പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിച്ച് സത്യാഗ്രഹം ഇരിക്കുമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാന കടമയെന്ന നിലയില്‍ ഏറ്റെടുത്ത് ഒട്ടൊക്കെ വിജയകരമായി നടത്തിയ പ്രവര്‍ത്തനം പരാജയപ്പെടുത്താന്‍ ഒരു കേന്ദ്രമന്ത്രി തന്നെ ശ്രമിച്ചാല്‍ പിന്നെ കേന്ദ്രത്തില്‍ ഒരു ശരിയായ ഭരണം ഉണ്ടെന്ന് അവകാശപ്പെടാനാവുമോ? എങ്ങനെയും അധികാരത്തില്‍ തുടരാന്‍ മമതയുടെ സഹായം വേണം. ഡോ. മന്‍മോഹന്‍സിംഗ് തന്നെ പറയുന്ന രാജ്യത്തെ ഏറ്റവും വലിയ അപകടകാരികളായ മാവോയിസ്റ്റുകളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന മമതയാണ് അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍സിംഗിന്റെ കൂട്ട്. രാഷ്ട്ര താല്‍പര്യം ഹനിക്കുന്ന അവസരവാദ കൂട്ടുകെട്ടാണിത്.
ചുരുക്കത്തില്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ഇന്ത്യയെ നാശത്തിലേക്ക് നയിക്കുകയാണ്. ഒന്നാമത്തെകാര്യം ഭരണമില്ലായ്മ, രണ്ടാമത്തെകാര്യം, സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ അഴിമതികള്‍, മൂന്നാമത്തെ പ്രശ്‌നം, രാജ്യത്തിന്റെ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന രാഷ്ട്രീയ കൂട്ടുകെട്ട്. ഇത് തുടര്‍ന്നാര്‍ രാജ്യം വലിയ അപകടത്തിലാവും.
*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം 20-10-2010
Subscribe to:
Post Comments (Atom)
1 comment:
2009 മെയ് 22ന് അധികാരത്തില്‍ വന്ന രണ്ടാം യു പി എ സര്‍ക്കാര്‍ പതിനേഴ് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ചെറിയൊരു കാലംകൊണ്ട് തന്നെ രാജ്യത്ത് ഭരണമില്ലാത്തൊരു അവസ്ഥ ഉണ്ടാക്കാന്‍ ഡോ. മന്‍മോഹന്‍സിംഗിന് കഴിഞ്ഞിരിക്കുന്നു. അഴിമതി സാര്‍വത്രികമാക്കി. ദാരിദ്ര്യവും പട്ടിണിയും അതിരൂക്ഷമായി. ക്രമസമാധാന തകര്‍ച്ച രാജ്യത്തിന്റെ പലയിടങ്ങളിലും കൂടുതല്‍ വ്യപകമായി. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന അമേരിക്കയാണ് ഇപ്പോഴും ഇന്ത്യയുടെ ഭരണത്തിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്.
Post a Comment