Monday, October 11, 2010

അയോധ്യയും കോൺഗ്രസും

കോൺഗ്രസിന്റെ ബോധപൂര്‍വമായ സഹായമില്ലായിരുന്നെങ്കില്‍ ബാബറിമസ്‌ജിദ് തകര്‍ക്കാനോ ഇന്ത്യന്‍ജനതയെ വര്‍ഗീയവല്‍ക്കരിച്ച് അധികാരം നേടാനോ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാറിന് കഴിയുമായിരുന്നില്ല. ഏറ്റവും അവസാനമായി ഹിന്ദുമതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി വിധിയെപ്പോലും സ്വാഗതം ചെയ്‌ത കോൺഗ്രസ് ഹിന്ദുരാഷ്‌ട്രവാദത്തെയാണ് അതുവഴി പിന്തുണയ്‌ക്കുന്നത്.

കോൺഗ്രസ് ജന്മമെടുത്ത 1885 ലാണ് നിര്‍മോഹി അകാഡയില്‍പെട്ട സന്യാസി രഘുബര്‍ദാസ് ബാബറിമസ്‌ജിദ് നിലനിന്ന സ്ഥലത്ത് ആരാധന നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയിലെത്തുന്ന്. അന്ന് ഭരണം നടത്തിയ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും രഘുബര്‍ദാസിന്റെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യ 1947ല്‍ സ്വതന്ത്രമാവുകയും ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരികയുംചെയ്‌തു. ഈ ഘട്ടത്തിലാണ് ബ്രിട്ടീഷുകാരുടെ കാലത്തുപോലും നടക്കാതെ പോയ പലകാര്യങ്ങളും നടത്താന്‍ നിര്‍മോഹി അകാഡയ്‌ക്കും ഹിന്ദുതീവ്രവാദി സംഘടനകള്‍ക്കും കഴിഞ്ഞത്.

കോൺഗ്രസ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോഴായിരുന്നു ഹൈന്ദവസംഘടനകള്‍ക്ക് അയോധ്യയില്‍ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ സൌകര്യം ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ മന്‍മോഹന്‍സിങ്ങിന്റെ കാലംവരെയും അതില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഉടമസ്ഥാവകാശ കേസ് ഹിന്ദുസംഘടനകള്‍ക്ക് അനുകൂലമായി വിധിക്കുന്നതിന് പ്രധാന കാരണമായത് രാംലല്ല വിഗ്രഹം രാത്രിയുടെ മറവില്‍ ബാബറിമസ്‌ജിദ് കോംപ്ളക്‌സില്‍ സ്ഥാപിക്കപ്പെട്ടതാണ്. രാമവിഗ്രഹത്തെ ഉടമസ്ഥാവകാശക്കേസില്‍ കക്ഷിചേരാന്‍ അനുവദിച്ച കോടതി ക്ഷ്രേത്രനിര്‍മാണത്തിന് രാംലല്ല വിഗ്രഹത്തിന് മൂന്നിലൊന്ന് ഭൂമി നല്‍കുകയുംചെയ്‌തു. എന്നാല്‍, ഈ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിക്കപ്പെട്ടതാണെന്ന് മൂന്ന് ജഡ്‌ജിമാരും ഏകസ്വരത്തില്‍ പറയുകയും ആ നടപടിക്ക് നിയമസാധുത നല്‍കി ഭൂമി അനുവദിക്കുകയുംചെയ്‌തു.

കേസിന്റെ വഴിത്തിരിവിനുതന്നെ കാരണമായ രാമവിഗ്രഹം 1949 ഡിസംബര്‍ 22-23 തീയതികളിലായി സ്ഥാപിക്കപ്പെട്ടത് കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു. അഭിറാം ദാസ് എന്ന സന്യാസിയുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ ചേര്‍ന്നാണ് രാമവിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം സ്ഥാപിക്കാന്‍ ഹിന്ദുസംഘടനകള്‍ക്ക് മുന്‍കൂട്ടി പരിപാടിയുണ്ടെന്ന കാര്യം സംസ്ഥാനത്തെ ഗോവിന്ദ് വല്ലഭ് പന്ത് സര്‍ക്കാരിനറിയാമായിരുന്നു. വിഗ്രഹം സ്ഥാപിക്കുന്നതിന്റെ തൊട്ട് തലേദിവസം അയോധ്യയിലെ മഹാരാജാ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ ഗോവിന്ദ് സാഹിയും സീതാറാം ശുക്ളയും ഈ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. സിഐഡി ഗ്രൂപ്പ് ഓഫീസര്‍ നരേന്ദ്രപ്രസാദും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

വിഗ്രഹം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അവ എടുത്തു മാറ്റി മുന്‍പദവി നിലനിര്‍ത്താന്‍ അന്നത്തെ മുഖ്യമന്ത്രി ജി ബി പാന്തിനോടും ആഭ്യന്തരമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയോടും ചീഫ് സെക്രട്ടറി ഭഗവന്‍ സഹായിയോടും ആവശ്യപ്പെടുകയുണ്ടായി. ഇത്തരം കടന്നാക്രമണങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും അഭിപ്രായപ്പെട്ടു. എന്നാല്‍, ഒന്നും നടന്നില്ല. അന്നത്തെ ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ കെ കെ നായര്‍ എന്ന ഹൈന്ദവപക്ഷപാതിയായ മലയാളി ഓഫീസര്‍ നല്‍കിയ മറുപടിയില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് ഈ പ്രശ്‌നം ഉപക്ഷിക്കയായിരുന്നു കോൺഗ്രസ് നേതൃത്വം.

ഡിസംബര്‍ 26ന് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വിഗ്രഹം നീക്കിയാല്‍ അത് ഭരണത്തകര്‍ച്ചയ്‌ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് പിന്നീട് ജനസംഘത്തിന്റെ എംപിയായ നായര്‍ മുന്നറിയിപ്പ് നല്‍കി. തൊട്ടടുത്ത ദിവസം ചീസ് സെക്രട്ടറിക്ക് അയച്ച രണ്ടാമത്തെ കത്തില്‍ അയോധ്യയിലെ കോൺഗ്രസുകാര്‍പോലും വിഗ്രഹം മാറ്റുന്നതിനെ പിന്തുണയ്‌ക്കുന്നില്ലെന്ന രാഷ്‌ട്രീയ സന്ദേശം നല്‍കുന്നുണ്ട്. വിഗ്രഹം മാറ്റുന്നതിന് ജില്ലയിലെ ഒരു പൂജാരിയും തയ്യാറായില്ലെന്ന വിചിത്രവാദവും നായര്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. ഈ വാദങ്ങള്‍ അംഗീകരിക്കാനാണ് കോൺഗ്രസ് നേതൃത്വവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അന്ന് തയ്യാറായത്.

എങ്കിലും തര്‍ക്കസ്ഥലത്തിന്റെ ഭരണം ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്ത റാമിനെ ഏല്‍പ്പിച്ച് തര്‍ക്കസ്ഥലം പൂട്ടിയിടാന്‍ തീരുമാനമായി. പിന്നീട് മൂന്ന് ദശാബ്‌ദക്കാലം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ 1984ല്‍ ഏപ്രില്‍ 7,8 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പിയുടെ ധര്‍മസന്‍സദിലാണ് അയോധ്യ, കാശി, മഥുര മുദ്രാവാക്യം ഉയരുന്നത്. തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യമുയര്‍ത്തി ശ്രീരാമ ജാനകി രഥയാത്രയും ധര്‍മയാത്രയും വിഎച്ച്പി ആരംഭിച്ചു. ബാബറി മസ്‌ജിദിനകത്തെ രാംലല്ല ആരാധനയ്‌ക്കായി തുറന്നുതരാത്ത പക്ഷം രാമനവമി ദിനത്തില്‍ ആത്മഹത്യചെയ്യുമെന്നുവരെ ദിഗംബര്‍ അകാഡയുടെ മേധാവി രാമചന്ദ്രപരമഹംസ് ഭീഷണി മുഴക്കി.

ഈ ഘട്ടത്തിലാണ് തീര്‍ത്തും നാടകീയമായി തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുക്കാന്‍ ഉത്തരവാകുന്നത്. ഉമേഷ് ചന്ദ്രപാണ്ഡെയെന്ന പ്രാദേശിക അഭിഭാഷകന്‍ കൊടുത്ത ഹര്‍ജിയില്‍ 24 മണിക്കൂറിനകമാണ് തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുക്കാന്‍ ഫൈസാബാദ് ജില്ലാക്കോടതി തീരുമാനിച്ചത്. ജനുവരി 25 ന് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ജനുവരി 30ന് ജില്ലാ ജഡ്‌ജിയുടെ മുമ്പില്‍ പരാതിയുമായി ഉമേഷ്‌ചന്ദ്രയെത്തുന്നത്. ഫെബ്രുവരി ഒന്നിന് ക്ഷേത്രാരാധന നടത്താന്‍ അനുവദിച്ചുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ ഉത്തരവിട്ടു. വെറും 40 മിനിറ്റിനകം തര്‍ക്കസ്ഥലം ആരാധനയ്‌ക്കായി തുറന്നുകൊടുത്തു. ഈ ചടങ്ങ് പകര്‍ത്താന്‍ ദൂരദര്‍ശന്റെ ക്യാമറ ടീം പോലും എത്തിയിരുന്നുവെന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണം എത്രമാത്രമുണ്ടെന്ന് വ്യക്തമാകും. വീര്‍ബഹാദൂര്‍സിങ്ങിനെ മാറ്റി മുഖ്യമന്ത്രിയായ എന്‍ ഡി തിവാരിയുടെ ഗവമെന്റാകട്ടെ ഈ വിധിക്കെതിരെ അപ്പീല്‍ പോയതുമില്ല. ഉടമസ്ഥാവകാശക്കേസില്‍ കക്ഷിയായ അയോധ്യയിലെ ഹഷീം അന്‍സാരി മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി തള്ളുകയാണുണ്ടായത്.

തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് മണിക്കൂറുകള്‍ക്കകം തുറന്നുകൊടുത്തത് ബിജെപിയെപോലും അത്ഭുതപ്പെടുത്തി. 37 വര്‍ഷം ഹിന്ദുസംഘടനകളുടെ നിരന്തര ആവശ്യം പരിഗണിക്കാതിരുന്ന സര്‍ക്കാര്‍ നൊടിയിടയില്‍ കാര്യങ്ങള്‍ ചെയ്‌തതിനെക്കുറിച്ച് ബിജെപിയുടെ അയോധ്യ സംബന്ധിച്ച ധവളപത്രത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. (പേജ് 155). ഷാബാനു ബീഗം കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച രാജീവ് ഗാന്ധി സര്‍ക്കാര്‍ ഹിന്ദുവോട്ട് നഷ്‌ടപ്പെടാതിരിക്കാനാണ് തര്‍ക്കസ്ഥലം ഹൈന്ദവ ആരാധനയ്‌ക്കായി തുറന്നുകൊടുത്തത്.

1986ല്‍ തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുത്ത രാജീവ്ഗാന്ധി സര്‍ക്കാര്‍തന്നെയാണ് 1989 നവംബര്‍ 10ന് ശിലാന്യാസം നടത്താനും അനുവദിച്ചത്. നവംബര്‍ 22, 24 തീയതികളിലായി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നടപടി. അന്ന് ആഭ്യന്തരമന്ത്രിയായിരുന ഭൂട്ടാസിങ്ങാണ് തര്‍ക്കസ്ഥലത്തുതന്നെ ശിലാന്യാസം നടത്താന്‍ അനുവദിച്ചത്. തര്‍ക്കസ്ഥലത്ത് ശിലാന്യാസം അനുവദിക്കരുതെന്ന് ലോക്‌സഭ 1989 ഒക്ടോബര്‍ 13ന് പ്രമേയം പാസാക്കിയിരുന്നു. എന്നിട്ടും വഖഫ് സ്ഥലത്തുതന്നെ ശിലാന്യാസം നടത്താനാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍,ഈ സ്ഥലം തര്‍ക്കസ്ഥലമല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി അഡ്വക്കറ്റ് ജനറല്‍ പ്രഖ്യാപിച്ചു. നിമിഷനേരംകൊണ്ട് തര്‍ക്കസ്ഥലം അതല്ലാതായി. ശിലാന്യാസവും നടന്നു.

1984 ല്‍ 415 ലോക്‌സഭാസീറ്റുമായി വിജയിച്ച കോൺഗ്രസിന് 1989 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 196 സീറ്റു മാത്രം. ബിജെപിയാകട്ടെ രണ്ട് സീറ്റില്‍നിന്ന് 88 സീറ്റായി വര്‍ധിപ്പിക്കുകയുംചെയ്‌തു. എന്നാല്‍ ഇതേ നരസിംഹറാവു സര്‍ക്കാര്‍ പ്രധാനമന്ത്രിയായപ്പോഴാണ് ബാബറിമസ്‌ജിദ് തന്നെ തകര്‍ക്കപ്പെട്ടത്. സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടും കേന്ദ്രസേനയെ വിന്യസിക്കാന്‍ തയ്യാറാകാതിരുന്ന നരസിംഹറാവു പള്ളി സംരക്ഷിക്കുമെന്ന ബിജെപി മുഖ്യമന്ത്രി കല്യാൺസിങ്ങിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് അത് തകര്‍ക്കുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. ഗാന്ധി കുടുംബത്തില്‍നിന്നുള്ള ഒരു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പള്ളി തകരില്ലായിരുന്നു എന്ന രാഹുലിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അപ്പോള്‍ തര്‍ക്കസ്ഥലം ആരാധനയ്‌ക്ക് തുറന്നുകൊടുത്തതും ശിലാന്യാസം നടന്നതും രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.

അവസാനമായി ഹിന്ദുക്കളുടെ വിശ്വാസം അംഗീകരിച്ചുകൊണ്ട് രാമന്‍ ജനിച്ചത് ബാബറിമസ്‌ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിന് താഴെയുള്ള പ്രദേശത്തുതന്നെയാണന്നും തര്‍ക്കസ്ഥലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഹിന്ദു സംഘടനകള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി വിധിച്ചതും കോൺഗ്രസ് സര്‍ക്കാരിന്റെ കാലത്തു തന്നെ. ബാബറി മസ്‌ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സമീപനം ഒരച്ചുതണ്ടിന് ചുറ്റുമാണെന്ന് മുന്‍ കോൺഗ്രസ് എംപിയും പത്രപ്രവര്‍ത്തകനുമായ എം ജെ അക്‌ബര്‍ പറയുന്നു. 'മുസ്ളിം വോട്ട് നഷ്‌ടപ്പെടാതെ എങ്ങനെ അമ്പലം പണിയാമെന്നതാണ്' കോൺഗ്രസിന്റെ എപ്പോഴത്തെയും ആലോചന. കോൺഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നതും അതുതന്നെ.

*****

വി ബി പരമേശ്വരന്‍

No comments: