വേപ്പിനെപ്പോലെയുള്ള അപകടരഹിതമായ ബദലുകള്‍ നമുക്കുണ്ട്. അതുകൊണ്ടാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ സമയത്ത്, "ഇനിയും ഭോപ്പാലുകള്‍ വേണ്ടേ വേണ്ട, ഒരു വേപ്പ് നടുക'' എന്ന പ്രചരണത്തിന് ഞാന്‍ തുടക്കം കുറിച്ചത്. വേപ്പിനെ സംബന്ധിച്ച ഈ പ്രചരണമാണ് എന്നെ 1994-ല്‍ വേപ്പിന്റെ ജൈവ ചോരണത്തെ വെല്ലുവിളിക്കുന്നതിന് ഇടയാക്കിയത്. ഡബ്ള്യു ആര്‍ ഗ്രേസ് എന്ന അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനി വേപ്പിനെ കീടനാശിനിയായും കളനാശിനി ആയും ഉപയോഗിക്കാന്‍ പേറ്റന്റ് രജിസ്‌റ്റര്‍ ചെയ്യുകയും കര്‍ണാടകത്തിലെ തുങ്കൂറില്‍ വേപ്പെണ്ണ വാറ്റിയെടുക്കുന്നതിനുള്ള ഒരു പ്ളാന്റ് സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ളതായി ഞാന്‍ കണ്ടെത്തിയത് ഈ പ്രചരണത്തിനിടയിലാണ്. ഈ ജൈവമോഷ കേസിനുവേണ്ടി ഞങ്ങള്‍ 11 വര്‍ഷം പോരാട്ടം നടത്തി. അതിന്റെ ഫലമായി ജൈവ മോഷണം നടത്തി ചെടികളെ പേറ്റന്റ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതില്‍ വിജയം വരിക്കാന്‍ കഴിഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും കീനാശിനികളുടെയും പൊള്ളുന്ന വില കര്‍ഷകരെ കടക്കെണിയില്‍ അകപ്പെടുത്തി. കടം വീട്ടാനാവാതെ വലഞ്ഞ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഭോപ്പാലില്‍ കൊല്ലപ്പെട്ട 25,000 ആളുകള്‍ക്കൊപ്പം ആത്മഹത്യ ചെയ്‌ത രണ്ട് ലക്ഷം കര്‍ഷകരുടെ എണ്ണം കൂടി കൂട്ടിയാല്‍ വന്‍തോതിലുള്ള കോര്‍പ്പറേറ്റ് വംശഹത്യക്കായിരിക്കും നാം സാക്ഷ്യം വഹിക്കുന്നത് - കൊള്ളലാഭം അടിക്കുന്നതിന് ആളുകളെ കൊന്നൊടുക്കലാണിത്. ഈ കൊള്ളലാഭം നിലനിര്‍ത്തുന്നതിനായി, പ്രചരിപ്പിക്കുന്നതത്രയും പച്ചക്കള്ളങ്ങളാണ് - കീടനാശിനികളും ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങളും കൂടാതെ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കില്ല എന്നാണ് പ്രചരണം. വാസ്‌തവത്തില്‍, ഐക്യരാഷ്‌ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വികസനത്തിനായുള്ള കൃഷിശാസ്‌ത്ര - സാങ്കേതിക വിദ്യയെ സംബന്ധിച്ച അന്താരാഷ്‌ട്ര വിലയിരുത്തല്‍ എത്തിച്ചേര്‍ന്ന നിഗമനം വെളിപ്പെടുത്തിയത് പാരിസ്ഥിതികമായ ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ രാസകൃഷിയില്‍ നിന്നും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ അധികം ഭക്ഷണസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അത് ഗുണനിലവാരം കൂടിയതാണെന്നും അതിന്റെ ചെലവും കുറവാണ് എന്നുമാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് ആളുകളെ കൊന്നിട്ട് ശിക്ഷിക്കപ്പെടാതെ കടന്നുകളയാമെന്ന് സ്ഥാപിക്കുന്നു എന്നതാണ് ഭോപ്പാലിനെ സംബന്ധിച്ചുള്ള അനീതി. ഡൌ കെമിക്കല്‍സിനോട് പ്രമുഖ ഭരണ രാഷ്‌ട്രീയക്കാര്‍ പറഞ്ഞിരിക്കുന്നത് ഇതാണ്. ഭോപ്പാല്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇന്ത്യയില്‍ ഉടനീളം മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 2010 ജൂണ്‍ 11-ന് പരിസ്ഥിതി സഹകരണത്തിനായുള്ള ഇന്ത്യ-അമേരിക്ക കമ്മിഷന്‍ പ്രസ്‌താവിച്ചത് ഇതാണ്. ഒരു പത്രം പ്രതികരിച്ചതുപോലെ, ഭോപ്പാല്‍ "വ്യാപാരത്തിന് പ്രതിബന്ധമായിരിക്കുന്നതായാണ് , വഴിമുടക്കുകയാണെന്നാണ്വീക്ഷിക്കപ്പെടുന്നത്... വ്യാപാരത്തിനുള്ള തടസങ്ങളെല്ലാം തട്ടിനീക്കേണ്ടതാണ് എന്നും ആണവബാധ്യത സംവിധാനം അംഗീകരിക്കണം എന്നും ഉള്‍പ്പെടെ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു''.
ജൈവ പരുത്തിയുടെ കാര്യത്തിലായാലും ഡൂ പോണ്ടിന്റെ നൈലോണ്‍ പ്ളാന്റിന്റെ കാര്യത്തിലായാലും സിവില്‍ ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലായാലും ഭോപ്പാല്‍ മുതലുള്ള വിഷമയമായ എല്ലാ നിക്ഷേപങ്ങളുടെയും അടിത്തറ ഭോപ്പാലിന് നീതി നിഷേധിക്കുക എന്നതാണ്. ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് വെറും 12,000 രൂപ (ഏകദേശം 250 ഡോളര്‍) വീതം നല്‍കിയതു പോലെ നിര്‍ദിഷ്‌ട ആണവബാധ്യത ബില്ല്, ആണവ അപകടം ഉണ്ടായാല്‍ ആ ആണവ വൈദ്യുത പ്ളാന്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി വെറും 10 കോടി ഡോളറിന്റെ ബാധ്യത ഏറ്റെടുത്താല്‍ മതിയെന്ന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ആളുകളെ കൊല്ലാമെന്നും കോര്‍പ്പറേറ്റുകള്‍ നഷ്‌ടപരിഹാരമൊന്നും കൊടുക്കേണ്ടതില്ലെന്നും ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്.
ജനിതക വ്യതിയാനം വരുത്തിയ സസ്യങ്ങളെയും ജീവികളെയും സംബന്ധിച്ച് ഇന്ത്യയില്‍ തീവ്രമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ജനിതക വഴുതന ഇവിടെ അവതരിപ്പിക്കാന്‍ മൊണ്‍സാന്റോയുടെ/ മഹികൊയുടെ ഭാഗത്തുനിന്ന് 2009-ല്‍ ഒരു നീക്കം നടന്നിരുന്നു. തല്‍ഫലമായി രാജ്യത്തുടനീളം പൊതുചര്‍ച്ച നടന്നതിനെ തുടര്‍ന്ന്, ജനിതക വഴുതനയുടെ വാണിജ്യവല്‍ക്കരണത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ മൊറട്ടോറിയം പ്രഖ്യാപിച്ച ഉടന്‍തന്നെ, ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനായി ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ബില്ല് ജൈവ സാങ്കേതിക വിദ്യാ വ്യവസായത്തെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുക മാത്രമല്ല; ജനിതക മാറ്റം വരുത്തിയ ജീവികളുടെയും സസ്യങ്ങളുടെയും ആവശ്യമുണ്ടോ എന്നും സുരക്ഷ ശക്തമാണോ എന്നും ചോദ്യം ചെയ്യുന്ന ആളുകളെ അറസ്‌റ്റ് ചെയ്യാനും അവര്‍ക്ക് പിഴ ചുമത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പും അതിലുണ്ട്.
ഭോപ്പാലില്‍ നിന്ന് തുടങ്ങി കീടനാശിനികളും ജനിതക വ്യത്യാനം വരുത്തിയ ജീവജാലങ്ങളും ആണവ പ്ളാന്റുകളും വരെയുള്ള കാര്യങ്ങളില്‍ നിന്ന് നമുക്ക് രണ്ട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന്, കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്ക് കൊള്ളലാഭമടിക്കുന്നതിനായി കീടനാശിനികളെയും ജനിതക മാററം വരുത്തിയ സസ്യങ്ങളെയും ജീവജാലങ്ങളെയും മറ്റും പോലുള്ള ആപല്‍ക്കരമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നു - അവര്‍ക്ക് ലാഭത്തില്‍ മാത്രമേ നോട്ടമുള്ളു. രണ്ടാമത്തെ പാഠം വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. കോര്‍പ്പറേഷനുകള്‍ വിപണി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്; അപകടസാധ്യതയുള്ളതും പാരിസ്ഥിതികമായി ആപല്‍ക്കരവുമായ സാങ്കേതിക വിദ്യകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തക്കം നോക്കുന്നത്.
ഉല്‍പ്പാദനത്തെ ആഗോളവല്‍ക്കരിക്കാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ നീതിയും ന്യായവും അവകാശങ്ങളും ആഗോളവല്‍ക്കരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഭോപ്പാലിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ കാര്‍ബൈഡിനോടും ഡൌ കെമിക്കല്‍സിനോടും സ്വീകരിച്ച നിലപാടും മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പെട്രോളിയത്തിനോടുള്ള നിലപാടും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തുന്നത് വര്‍ണവിവേചനം സൃഷ്‌ടിക്കപ്പെടുന്നത് എങ്ങനെയെന്നാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും വില കല്‍പ്പിക്കാത്തതാണ് ആഗോളവല്‍ക്കരണ പദ്ധതി. അന്തരീക്ഷ മലിനീകരണത്തെ മൂന്നാം ലോകത്തേക്ക് ഔട്ട്സോഴ്സ് ചെയ്യാനാണ് ആഗോളവല്‍ക്കരണം നീങ്ങുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ആത്മാവ് തന്നെ ഇതാണ് - വംശഹത്യയുടെ സമ്പദ് ഘടനയാണിത്.
ലോക ബാങ്കിന്റെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനും ഇപ്പോള്‍ ഒബാമ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും ആയ ലോറന്‍സ് സമ്മേഴ്സ് 1991 ഡിസംബര്‍ 12-ന് ലോകബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ എഴുതി "ഞാനും നിങ്ങളും മാത്രം അറിയാനാണ്; അല്‍പ്പവികസിത രാജ്യങ്ങളിലേക്ക് വൃത്തികെട്ട വ്യവസായങ്ങളില്‍ ചിലതിനെ കയറ്റി അയക്കുന്നതിനെ ലോകബാങ്ക് പ്രോത്സാഹിക്കുമോ?''
മൂന്നാം ലോകത്ത് കൂലി വളരെ കുറവായതിനാല്‍, രോഗങ്ങള്‍ വര്‍ധിച്ചു വരാനും മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനും ഇടയാക്കുന്നു. അന്തരീക്ഷ മലിനീകരണച്ചെലവ് ദരിദ്രരാജ്യങ്ങളില്‍ തീരെ കുറവാണ്. സമ്മേഴ്സിന്റെ അഭിപ്രായത്തില്‍ "അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വസ്‌തുക്കള്‍ കൂലി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ യുക്തി കുറ്റമറ്റതാണ്; അത് നാം നേരിടണം.''
ഭോപ്പാലും ഈ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നത് സാര്‍വത്രികവും പൊതുവിലുള്ളതുമായ മാനവരാശിയെ വീണ്ടെടുക്കണമെന്നാണ്. എല്ലാവരെയും സമന്മാരായി കാണുന്ന ഒരു ഭൌമ ജനാധിപത്യത്തെ കെട്ടിപ്പടുക്കണം. ജനങ്ങള്‍ക്കും ഈ ഭൂഗോളത്തിനും തന്നെയും വിപത്തുണ്ടാക്കിയിട്ട് കടന്നുകളയുന്നതിന് കോര്‍പ്പറേഷനുകളെ അനുവദിക്കാന്‍ പറ്റില്ല.
*****
വന്ദന ശിവ, കടപ്പാട് : സി ഐ ടി യു സന്ദേശം
1 comment:

Post a Comment