Saturday, October 30, 2010

യു ഡി എഫിന്റേത് രാഷ്‌ട്രീയ വിജയമല്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ഒഴികെ പതിമൂന്ന് ജില്ലകളിലെ ഫലം പൂര്‍ണമായി പുറത്തുവന്നിരിക്കുന്നു. എല്‍ ഡി എഫ് ആശിച്ചതും പ്രതീക്ഷിച്ചതുമായ വിജയം ഉണ്ടായില്ലെന്ന വസ്‌തുത ഇടതു നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ഇടതുമുന്നണി നേതൃത്വം ശ്രമിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്.

പക്ഷേ യു ഡി എഫിനുണ്ടായ വിജയം രാഷ്‌ട്രീയമായ വിജയമാണെന്ന് അവകാശപ്പെടാന്‍ അവര്‍പോലും ധൈര്യപ്പെടുന്നില്ല. വര്‍ഗീയ ശക്തികളെയും മതഭീകരവാദ സംഘടനകളെയും ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫും തങ്ങളുടെ വിജയത്തെക്കുറിച്ച് വാചാലമാകാന്‍ തയ്യാറാവാത്തത് മറ്റൊന്നും കൊണ്ടല്ല. ആര്‍ എസ് എസും ബി ജെ പിയും എസ് ഡി പി ഐയുമായെല്ലാം തരാതരം പോലെ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും ലീഗിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമൊന്നും വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ ധാര്‍മ്മികമായി കഴിയാത്തതുകൊണ്ടാണ്. ആര്‍ എസ് എസും എസ് ഡി പി ഐയുമൊക്കെ തങ്ങളുടെ അവകാശവാദത്തെ ഖണ്ഡിക്കുവാനായി രംഗത്തുവരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടാവും.

എല്‍ ഡി എഫിന്റെ പരാജയത്തിന് കാരണങ്ങള്‍ പലതാവാം. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ എണ്ണമറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തതും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായ നിലയില്‍ നടത്തിയ പ്രചാരണവും തിരഞ്ഞെടുപ്പ് വേദിയിലെ മുഖ്യ വിഷയം മാറിപ്പോയതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. സൂക്ഷ്‌മമായ വിശകലനത്തിനു ശേഷമേ അക്കാര്യങ്ങള്‍ വിലയിരുത്താനും വിശദീകരിക്കുവാനും കഴിയുകയുള്ളൂ.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. മതമൗലികവാദികളും വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുവാന്‍ യു ഡി എഫ് മുന്നിട്ടിറങ്ങിയെന്നതാണ് വസ്‌തുത. വോട്ടിംഗ് നിലവാരം അത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്. ബി ജെ പി വിജയിച്ച മഹാഭൂരിപക്ഷം ഇടങ്ങളിലും യു ഡി എഫ് തുച്‌ഛമായ വോട്ടുനേടി സംതൃപ്‌തിയടഞ്ഞു. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മേഖലകളിലാകട്ടെ മൂന്നാം സ്ഥാനം കൊണ്ട് യു ഡി എഫ് തൃപ്‌തിപ്പെട്ടു. യു ഡി എഫ് വിജയിച്ച പലയിടങ്ങളിലും തുച്‌ഛമായ വോട്ടുമാത്രം നേടി ബി ജെ പിയും സായൂജ്യമടഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തന്നെ യു ഡി എഫ് വിജയിച്ച പല വാര്‍ഡുകളിലും ബി ജെ പിക്ക് നാമമാത്രമായ വോട്ടു മാത്രമേയുള്ളൂ. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ ഒമ്പതു വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു. ബി ജെ പി വിജയിച്ച നെട്ടയം, പൊന്നുമംഗലം, ശ്രീകണ്‌ഠേശ്വരം, വാര്‍ഡുകളിലൊക്കെ കോണ്‍ഗ്രസ് വിശ്വാസികളെ തന്നെ അതിശയിപ്പിക്കുന്ന നിലയില്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് വിജയിച്ച ഇടങ്ങളില്‍ ബി ജെ പിക്കും ബി ജെ പി വിജയിച്ച വാര്‍ഡുകളില്‍ യു ഡി എഫിനും നാമമാത്ര വോട്ടുകളാവുന്നതിന്റെ രഹസ്യം മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ അധികമുണ്ടാവുകയില്ല.

ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.

രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.

കോ-ലീ-ബി-എസ് സഖ്യം അവതരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്വന്തം ചിഹ്നമായ കൈപ്പത്തിയും ലീഗ് ഏണിയും ബി ജെ പി താമരയും ഉപേക്ഷിച്ചു. പലയിടത്തും സ്വതന്ത്ര ചിഹ്നങ്ങളെ അഭയം പ്രാപിച്ചു.

കോണ്‍ഗ്രസ് ഒരു മതേതര കക്ഷിയാണെന്നാണ് അവകാശപ്പടുന്നത്. പക്ഷേ മതേതരത്വത്തില്‍ തരിമ്പെങ്കിലും വിശ്വാസമുള്ള രാഷ്‌ട്രീയ കക്ഷി നാല് വോട്ടിനു വേണ്ടി ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ സ്ഥാപിക്കുകയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാനാവിധ കാരണങ്ങളെക്കുറിച്ച് എല്‍ ഡി എഫ് സ്വാഭാവികമായും ചര്‍ച്ച ചെയ്യും. പക്ഷേ മതേതര കേരളത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വരുത്തിവെയ്‌ക്കുന്ന വിഷലിപ്‌തമായ രാഷ്‌ട്രീയ സഖ്യങ്ങളെ കാണാതിരുന്നൂ കൂട. മത ഭീകരവാദവും വര്‍ഗീയതയും ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ഭാരതീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ മതേതരത്വത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്‌ക്കും വിനാശം വിതയ്‌ക്കും ഇത്തരം സഖ്യങ്ങളിലൂടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേയ്‌ക്കും. പക്ഷേ ആ താല്‍ക്കാലിക നേട്ടങ്ങള്‍ കനത്ത നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നോടിയാണെന്നുള്ള വലിയ പാഠം കോണ്‍ഗ്രസും ലീഗും വിസ്മരിച്ചുപോകുന്നു. മനപ്പൂര്‍വമുളള ഇത്തരം മറവികളെയും അതിഗൂഢ സഖ്യങ്ങളെയും കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

*****

വി പി ഉണ്ണികൃഷ്ണന്‍ , കടപ്പാട് : ജനയുഗം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.

രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.

Anonymous said...

കോണ്‍ഗ്രസ്‌ ഒന്നും പരീക്ഷിച്ചില്ല, ഉമ്മന്‍ ചാണ്ടിക്കോ ചെന്നിത്തലക്കോ സീ പീ എം തിങ്ക്‌ ടാങ്കുകളുടെ കാലിബര്‍ വല്ലതും ഉണ്ടോ? ഇത്തവണ വാര്‍ഡ്‌ വിഭജിച്ചത്‌, പഞ്ചായത്തുകളെ കോര്‍പ്പറേഷനില്‍ കൊണ്ടു കയാറ്റിയത്‌ ഒക്കെ എല്ലാം പിടിക്കത്തക്ക രീതിയില്‍ ആയിരുന്നല്ലോ? ഈ ബുധി രാക്ഷസ ബുധി അല്ലേ? അതു വല്ലതും ഉമ്മന്‍ ചാണ്ടിക്കുണ്ടോ? എന്‍ ജി ഓ യൂണിയന്‍ കാര്‍ക്കല്ലേ ഇതൊക്കെ അറിയു? അപ്പോള്‍ ഇതല്ലാതെ എന്തു വഴി? ഇതൊക്കെ സീ പീ എമിനെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും അതാത്‌ ലോക്കല്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു അഡ്ജസ്റ്റ്‌ ചെയ്യുന്നതാണു, സീ പീ എം ഇനിയും ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ പലരുടെയും തല പോകും കാലു പോകും കയ്യു പോകും, പോലീസ്‌ എന്ന സാധനം തന്നെ ഇല്ലാതാകും, പള്ളിക്കാരണ്റ്റെയും പട്ടക്കാരണ്റ്റെയും മുതുകില്‍ കയറി ആന കളിക്കും, യൂണിവേര്‍സിറ്റിയിലും ദേവസ്വം ബോര്‍ഡിലും പീ എസ്‌ സിയിലും ഒക്കെ കണ്ണില്‍ കണ്ട തൊട്ടീചാടിയെ ഒക്കെ നിയമിക്കും ആകെ കേരളം കുട്ടിച്ചോറാകും, ഇതൊക്കെ ഒഴിവാക്കാന്‍ സീ പീ എമിനെതിരെ വോട്ട്‌ കേന്ദ്രീകരിക്കുക അതു മാത്രമെ വഴിയുള്ളൂ ഇടത്‌ പക്ഷം ഭരണം തുടങ്ങിയാല്‍ രണ്ടു കൊല്ലം കൊണ്ട്‌ തന്നെ ജനത്തിനു മടുക്കും, എവിടെയും ഗുണ്ടായിസം ജനത്തിണ്റ്റെ മുകളില്‍ കുതിര കയറ്റം , നല്ല ഭരണം ഒരിക്കലും ഇടതിനു കാഴ്ചവെക്കാന്‍ പറ്റാത്തതാണു കാരണം, കോണ്‍ ഗ്ഗ്രസ്‌ എന്നാല്‍ സീ പീ എമിനെതിരെ നില്‍ക്കുന്ന എല്ലാവരുടെയും ഒരു ഒത്തുചേരല്‍ അത്രയെ ഉള്ളു, ഉമ്മന്‍ ചാണ്ടി അച്യുതാനന്ദനെക്കാള്‍ ഭേദം , ചെന്നിത്തല കൊടിയേരിയെക്കാള്‍ ഭേദം , അത്രയെ ഉള്ളു ജനത്തിണ്റ്റെ വിചാരം

Baiju Elikkattoor said...

"തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ഇടതുമുന്നണി നേതൃത്വം ശ്രമിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്."

ഓ, പിന്നേ........!!!

ജനശക്തി said...

എന്തോന്ന് പിന്നേ?