മലയാളനിരൂപണത്തിലും മാർക്‌സിയന്‍ സൌന്ദര്യശാസ്‌ത്രമേഖലയിലും നവീനവും മൌലികവുമായ അന്വേഷണങ്ങള്‍ നടത്തിയ എഴുത്തുകാരനാണ് ബി. രാജീവന്‍. പ്രാചീനകലകളുടെ സൌന്ദര്യശാസ്‌ത്രം മുതല്‍ പോസ്‌റ്റ് കൊളോണിയല്‍ ജ്ഞാനമേഖല വരെ നീളുന്ന രാജീവന്റെ അന്വേഷണമേഖല മുഖ്യമായും സാഹിത്യം, ദര്‍ശനം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടാണെങ്കിലും നമ്മുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ തലങ്ങളില്‍ ചിന്തയുടെയും സര്‍ഗാത്മകതയുടെയും പുതുതരംഗങ്ങള്‍ സൃഷ്‌ടിക്കാന്‍ അവ സഹായകമായി. തത്വചിന്തയെയും പ്രത്യയശാസ്‌ത്രത്തെയും ജഡമായ പ്രമാണമായി സ്വീകരിക്കുന്നതിനെതിരെ നിരന്തരം ജാഗ്രതപുലര്‍ത്തുന്ന മൌലികതയാണ് രാജീവന്റെ നിരീക്ഷണങ്ങളുടെ സവിശേഷത. ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് വിശേഷിച്ചും സിനിമയെക്കുറിച്ച് രാജീവനുമായി നടത്തിയ ആശയവിനിമയത്തില്‍ സര്‍ഗാത്മകമായ ഒരു ദൃശ്യസംസ്‌കാരത്തെ സ്വപ്‌നം കാണുന്ന ഒരു സാംസ്‌കാരിക മനസിന്റെ സാന്നിധ്യമുണ്ട്.
ദൃശ്യമാധ്യമങ്ങളുടെ (സിനിമയടക്കം) വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും ഏതു രീതിയിലാണ് സ്വാധീനിക്കുന്നത്.
ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും പുറത്തുനിന്നു സ്വാധീനിക്കുന്ന ഒരു പ്രതിഭാസമല്ല. നമ്മുടെ സമൂഹത്തിനും സംസ്‌കാരത്തിനും സംഭവിച്ച പരിവര്‍ത്തനത്തോടൊപ്പം അതിന്റെ ഭാഗമായിത്തന്നെ സംഭവിക്കുന്നതാണ് ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും. അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും പ്രശ്‌നങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ് ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനവും. ആ നിലയ്‌ക്കാണ് അതിനെ സമീപിക്കേണ്ടത്.
ചരിത്രവികാസത്തിന്റെ അനിവാര്യമായ ഒരു പ്രതിഭാസമെന്ന നിലയില്‍, ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കെന്താണ് ?
ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം നിശ്ചയമായും മനുഷ്യ ചരിത്ര വികാസത്തിന്റെ പുരോഗതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ മനുഷ്യ ചരിത്ര പുരോഗതിയെ സൂചിപ്പിക്കുന്ന ഒരു ഘടകം മാത്രമായി കണ്ടാല്‍പോര. യഥാര്‍ഥത്തില്‍ മനുഷ്യ സംസ്‌കാര ചരിത്രത്തിലെ ഒരു വിഛേദം തന്നെയാണത്. ആ നിലയ്‌ക്കു വേണം ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കിനെ നാം വിലയിരുത്തേണ്ടത്.
ഒന്നാമതായി സംസ്‌കാരത്തെ സംബന്ധിച്ച് അന്നോളം പ്രബലമായി നിലനിന്ന വരേണ്യ / കീഴാള വിഭജനങ്ങളുടെ അടിസ്ഥാനത്തെ തന്നെ ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം തകര്‍ത്തുകളഞ്ഞു. ഭാവുകത്വത്തെക്കുറിച്ചുള്ള എല്ലാക്കാലത്തെയും വരേണ്യനിര്‍വചനങ്ങളെ അത് അര്‍ഥശൂന്യമാക്കി. ഭാവുകത്വത്തിന്റെ ഉയര്‍ച്ചതാഴ്‌ചകളെ സൂചിപ്പിക്കുന്ന എല്ലാ ഉച്ചനീച ശ്രേണീ സങ്കല്‍പ്പങ്ങളെയും അത് തകിടംമറിച്ചു. മനുഷ്യരെ പല തട്ടുകളായി പല വിഭാഗങ്ങളായി വേര്‍തിരിച്ചു നിര്‍ത്തിപ്പോന്ന പഴയ എല്ലാ വിഭജന തന്ത്രങ്ങളെയും മറികടന്ന് മനുഷ്യവംശത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒരു നൂതന ഭാവുകത്വ മണ്ഡലത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യസംസ്‌കാര ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. അതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ സംസ്‌കാര ചരിത്രപരമായ ഒരു വിഛേദമായി കണക്കാക്കണം എന്നു പറഞ്ഞത്.
ഭാവുകത്വത്തെ സംബന്ധിക്കുന്ന പഴയ ഉചനീചത്വങ്ങളെയും ശ്രേണീബന്ധങ്ങളെയും വേര്‍തിരിവുകളെയും ദൃശ്യമാധ്യമങ്ങളുടെ വരവ് അട്ടിമറിച്ചു എന്നുപറയുമ്പോള്‍ യാദൃച്‌ഛികമോ ഉപരിപ്ളവമോ ആയ ഒരു സംഭവമായി അതിനെ കാണരുത്. ദൃശ്യമാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഭാവുകത്വപരമായ വിഛേദം നിശ്ചയമായും ജനാധിപത്യവല്‍ക്കരണത്തിന്റെ ഒരു കുതിച്ചുചാട്ടമാണ്. എന്നാല്‍, ലിബറല്‍ ജനാധിപത്യ രാഷ്‌ട്രീയപ്രക്രിയയുടെ അനന്തരഫലമോ ഉപോല്‍പ്പന്നമോ ആയി ഈ വിഛേദത്തെ കാണുന്നത് ശരിയായിരിക്കില്ല. ലിബറല്‍ ജനാധിപത്യത്തിന്റെ സാമാന്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത അഗാധവും യഥാര്‍ഥവുമായ ചില പ്രക്രിയകളെകൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വിഛേദം.
സിനിമ എന്ന കലാരൂപത്തെക്കുറിച്ചു പറയുമ്പോള്‍ ഈ വിഛേദത്തെക്കുറിച്ച് മറ്റൊരു തരത്തില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. 'ആയിരത്താണ്ടുകള്‍ക്കുശേഷം മനുഷ്യര്‍ ഒരേഒരു കലാരൂപം മാത്രമേ പുതുതായി സൃഷ്‌ടിച്ചിട്ടുള്ളു. അത് സിനിമയാണ് ' എന്ന്. ഇങ്ങനെ പറയുന്നത് മനുഷ്യസംസ്‌കാര ചരിത്രത്തില്‍ സിനിമ സൃഷ്‌ടിച്ച വിഛേദത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
മനുഷ്യര്‍ സൃഷ്‌ടിച്ചിട്ടുള്ള മറ്റേതൊരു കലാരൂപത്തിനും സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള പ്രത്യക്ഷാനുഭവബോധത്തെ അഥവാ സാമാന്യബുദ്ധിസങ്കല്‍പ്പത്തെ പാടെ തകിടം മറിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയും. കാല/ചലന ഖണ്ഡ (block of movements / duration) ങ്ങളിലൂടെയാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്ഥലത്തിലൂടെയുള്ള ചലനത്തിന്റെ അളവിനെ കാലമായിക്കാണുന്ന പഴയ പ്രത്യക്ഷ സാമാന്യബുദ്ധിയുടെ സ്ഥല-കാല സങ്കല്‍പ്പം അട്ടിമറിക്കപ്പെടുന്ന ഒരു സന്ധിയില്‍ മാത്രമേ സിനിമ എന്ന കലാരൂപത്തിന് ആവിര്‍ഭവിക്കാന്‍ കഴിയൂ. അതിനാല്‍ സിനിമ അതിന്റെ പിറവിയില്‍ത്തന്നെ വിപ്ളവകരമായ ഒരു കലാരൂപമാണ്. ലിബറല്‍ ജനാധിപത്യത്തിന്റെ സ്ഥല-കാലസങ്കല്‍പ്പം പ്രത്യക്ഷ സാമാന്യ ബുദ്ധിയുടേതാണ്. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള സ്ഥലപരമായ ചലനത്തിന്റെ മാതൃകയില്‍ നിലനിര്‍ത്തപ്പെടുന്ന ഏകരൂപമായ ഒന്നാണ് മുതലാളിത്തത്തിന്റെ കാലസങ്കല്‍പ്പം. മുതലാളിത്തമൂലധനം ലോകത്തെ ഒന്നാകെ അതിന്റെ കമ്പോളമായി ഏകീകരിക്കുന്നത് ഏകരൂപമായ ഈ കാലസങ്കല്‍പ്പത്തിന്റെ വ്യാപനത്തിലൂടെയാണ്. അങ്ങനെ കാലം ലോകം മുഴുവന്‍ ഒരേ കലണ്ടറിനും ക്ളോക്കിനും കീഴ്പ്പെടുന്നു. ഭരണകൂടപരമായ(Statist) ഈ സ്ഥല-കാല ബോധത്തെയാണ് ഒരു കലാരൂപമെന്ന നിലയില്‍ സിനിമ നിഷേധിക്കുന്നത്. അതിനാല്‍ സിനിമ ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ കലയല്ല. ഭാവിയുടെ കലയാണ്. വരാനിരിക്കുന്ന ഭാവി ജനാധിപത്യത്തിന്റെ, കമ്യൂണിസത്തിന്റെ കലയാണ്. സിനിമ ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയുടെ കലയല്ല. വ്യവസ്ഥയെ ചെറുത്തു നില്‍ക്കുന്ന മനുഷ്യശക്തിയുടെ വികാസത്തിന്റെ കലയാണ്. ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം മനുഷ്യസംസ്‌കാര ചരിത്രത്തില്‍െ ഒരു വിഛേദമാണെന്നു പറയുമ്പോള്‍ ഈ വസ്‌തുതകളൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച അനിവാര്യമായ സാമൂഹികവല്‍ക്കരണത്തിന്റെ ഭാഗമായി ദൃശ്യമാധ്യമങ്ങളെ എങ്ങനെ കാണുന്നു?
മൂലധന കമ്പോളത്തിന്റെ ആഗോളവല്‍ക്കരണവും അധ്വാനത്തിന്റെ സാമൂഹികവല്‍ക്കരണവും മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും മുതലാളിത്തമൂലധനം ഗ്രസിക്കുന്നതിന്റെ ഫലമാണ്. മൂലധന നിക്ഷേപം വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വിനോദവ്യവസായം. ദൃശ്യമാധ്യമങ്ങളുടെ രംഗത്തെ സാങ്കേതികക്കുതിപ്പും വ്യാപനങ്ങളുമാണ് ഇതിനു പശ്ചാത്തലമൊരുക്കുന്നത്.
ദൃശ്യമാധ്യമരംഗം ഇങ്ങനെ ആഗോളതലത്തില്‍ വമ്പന്‍ വ്യവസായമായി മുന്നേറുന്നതോടെ സംഭവിക്കുന്ന ഒരു സംഘര്‍ഷമുണ്ട്. പഴയ പ്രത്യക്ഷ വസ്‌തുവാദപരമായ (positivist) സ്ഥല-കാല-യാഥാര്‍ഥ്യ സങ്കല്‍പ്പത്തെ തകിടംമറിക്കുന്ന ദൃശ്യമാധ്യമ സങ്കേതത്തിന്റെ വിപ്ളവകരമായ സവിശേഷത ഒരുവശത്തും അതിനെ വ്യവസായവല്‍ക്കരിക്കുന്ന മൂലധനശക്തിയുടെ സാമാന്യവല്‍ക്കരണം മറുവശത്തും അണിനിരക്കുന്ന ഒരു സംഘര്‍ഷമാണിത്. മനുഷ്യശക്തിയുടെ വികാസത്തിന്റെ ശക്തികളും സങ്കോചത്തിന്റെ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണിത്.
ദൃശ്യമാധ്യമങ്ങളുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ വിരുദ്ധ ശക്തികള്‍ മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സിനിമയുടെ ആവിര്‍ഭാവം കാല-ചലനബന്ധത്തെക്കുറിച്ചുള്ള പഴയ ധാരണകളെ അട്ടിമറിച്ചതിനെക്കുറിച്ചു പറഞ്ഞല്ലോ. ഇത് ദൈവസൃഷ്‌ടമായ പഴയ ലോകത്തിന്റെ സ്ഥിരതയെ അലങ്കോലപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു. ദൈവസൃഷ്‌ടമായ ജീവജാലങ്ങള്‍ക്കും പദാര്‍ഥങ്ങള്‍ക്കും നിലനില്‍ക്കാന്‍ പഴയ സ്ഥല-കാലഘടന കൂടിയേകഴിയൂ. മനുഷ്യജീവിതത്തിന്റെ ശക്തിക്കുതിപ്പുകളെ നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ തളച്ചുനിര്‍ത്താന്‍ ഈ സ്ഥല-കാല സങ്കല്‍പ്പം ആവശ്യമാണ്. ഭരണകൂട ശക്തിയുടെ ഒരു മികച്ച ആയുധമാണത്. ഇതിന്റെ തകര്‍ച്ചയിലൂടെ ആവിര്‍ഭവിച്ച സിനിമ ജീവിതത്തിന്റെ ശക്തികളെ കെട്ടഴിച്ചുവിടുന്ന ശക്തികളോടൊപ്പമാണ്. സിനിമ മനുഷ്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് ദൈവസൃഷ്‌ടമായ സ്ഥല-കാല-വസ്‌തു ബന്ധത്തെ ഇളക്കിമറിച്ചുകൊണ്ടാണ്. അതുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അധീശവ്യവസ്ഥയുടെ ശ്രേണികളിലും ക്രമങ്ങളിലും കള്ളികളിലും വിന്യസിക്കപ്പെട്ട മനുഷ്യരുടെ നിലകളെയും അതിന് ഇളക്കിമറിക്കാതെ വയ്യ. സമൂഹത്തില്‍ ദൃഢമായി ഉറപ്പിക്കപ്പെട്ട ജീവിതമാതൃകകളെയും ജീവിത നിര്‍വചനങ്ങളെയുമാണ് അത്തരത്തില്‍ സിനിമ ഇളക്കിമറിക്കുന്നത്. ദൃഢമായ ചട്ടക്കൂടുകളില്‍ നിന്നുള്ള മനുഷ്യജീവിതത്തിന്റെ ഈ കുതറിമാറലിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അധീശവ്യവസ്ഥകളും അവയുടെ സ്ഥാപനങ്ങളും വിവിധ തന്ത്രങ്ങളിലൂടെ അടക്കിനിര്‍ത്തിയ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നു എന്നതാണ് ഈ കുതറിമാറലിന്റെ പ്രധാന ഫലം. അതിനാല്‍ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ (desires) ചങ്ങലകള്‍ പൊട്ടിച്ച് പുതിയ ശക്തിപ്രവാഹങ്ങള്‍ക്കു വഴിതുറക്കുന്നു എന്നതാണ് ദൃശ്യമാധ്യമസങ്കേതം മനുഷ്യജീവിതത്തില്‍ സൃഷ്‌ടിക്കുന്ന വിപ്ളവം. എന്നാല്‍, ഇതിനു നേര്‍വിപരീതമായ ദിശയിലാണ് മുതലാളിത്തമൂലധനത്തിന്റെ പ്രവര്‍ത്തനം. ദൃശ്യമാധ്യമരംഗത്തെ വ്യവസായവല്‍ക്കരിക്കുന്ന മുതലാളിത്തം കാലഹരണപ്പെട്ട ദൃഢതയുടെയും സ്ഥിരതയുടെയും മാതൃകകളെ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
ഇതിനെയാണ് മുതലാളിത്തമൂലധനം അതിന്റെ നിഷേധാത്മകവശത്തെ നിലനിര്‍ത്തുന്നതിനുവേണ്ടി സമൂഹങ്ങളില്‍ നടത്തുന്ന പുനഃസ്ഥാപന പ്രക്രിയ എന്ന് പുതിയ ഭൌതികവാദ തത്വചിന്തകര്‍ പറയുന്നത്. മുതലാളിത്തമൂലധനം ഇങ്ങനെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പഴയ സ്വത്വസത്താസങ്കല്പങ്ങളെയും അതിന്റെ വിഭജനതന്ത്രങ്ങളെയുമാണ്. നിരന്തര നവീകരണത്തിലൂടെ ചലനാത്മകമായിമാത്രം വികസിക്കാന്‍ കഴിയുന്ന മുതലാളിത്ത മൂലധനം ദൃഢമായതിനെയെല്ലാം ആവിയാക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍, മുതലാളിത്ത മൂലധനത്തിനു സ്വകാര്യസ്വത്തായി നിലനില്‍ക്കണമെങ്കില്‍ അതിനു കാലഹരണപ്പെട്ട വ്യക്തിസത്താസങ്കല്പത്തെയും ലൈംഗിക സദാചാരസ്ഥാപനങ്ങളെയും അതിന്റെ വിഭജന തന്ത്രങ്ങളെയും ആശ്രയിക്കേണ്ടതായി വരുന്നു. സ്വകാര്യസ്വത്തുടമാ ബന്ധങ്ങളെ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള സാമൂഹ്യസ്ഥാപനങ്ങളുടെയും സത്താസങ്കല്‍പ്പങ്ങളുടെയും ഈ പുനഃസ്ഥാപന പ്രക്രിയക്ക് വ്യവസായമായി വികസിച്ചു കഴിഞ്ഞ ദൃശ്യമാധ്യമരംഗത്തെ മൂലധനം ഉപയോഗപ്പെടുത്തുന്നു. സിനിമയും ടെലിവിഷനും അടക്കമുള്ള ദൃശ്യമാധ്യമങ്ങളെ ഇങ്ങനെ ആധിപത്യംപുലര്‍ത്തുന്ന വ്യവസ്ഥ അതിന്റെ പുനഃസ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കുന്നു. ഇത് ഉപരിഘടനാപരമായ ഒരു മാനിപ്പുലേഷന്‍ അല്ല. മുതലാളിത്ത മൂലധനം ജീവിതത്തിന്റെ വികാസതൃഷ്‌ണകളെ ആധാരമാക്കി നടത്തുന്ന യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തനംതന്നെയാണ്. വ്യവസായ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും എല്ലാം ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇതാണ് ദൃശ്യമാധ്യമങ്ങള്‍ ഒരുവശത്ത് അവയുടെ വിപ്ളവകരമായ സവിശേഷതകളിലൂടെ കാലഹരണപ്പെട്ട ജീവിതഘടനകളെ നിരന്തരം അപസ്ഥാപനം ('De-terminalisation) ചെയ്യുമ്പോള്‍ മറുവശത്ത് സ്വകാര്യസ്വത്തുടമാ ബന്ധങ്ങളുടെ തൃഷ്‌ണാരൂപങ്ങളെ പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധികളായി പ്രവര്‍ത്തിക്കേണ്ടിവരുന്ന വൈപരീത്യത്തിന്റെ രഹസ്യം.
ചിന്തയുടെയും വായനയുടെയും ലോകത്തെ കാഴ്‌ചയുടെ ലോകമാക്കി മുതലാളിത്തം മാറ്റുന്നുവെന്നത് എത്രത്തോളം ശരിയാണ് ? മുതലാളിത്തത്തില്‍നിന്നു നമുക്ക് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ? ആ നിലയ്‌ക്ക് മുതലാളിത്തത്തില്‍നിന്നുള്ള മുന്നോട്ടുപോക്കില്‍ ദൃശ്യമാധ്യമങ്ങളുടെ സ്വഭാവമെന്തായിരിക്കും...?
നാം ദൃശ്യമാധ്യമങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇന്നത്തെ അതിന്റെ അവസ്ഥക്കുള്ളില്‍ അതിനെ ഒതുക്കിനിര്‍ത്തിക്കൊണ്ടുമാത്രമല്ല. മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം സിനിമ എന്ന കലാരൂപത്തിന്റെ മഹാസാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടുവേണം അതിനെക്കുറിച്ചു ചിന്തിക്കാന്‍.
ഒരു ജീവിവര്‍ഗം എന്ന നിലയിലുള്ള മനുഷ്യന്റെ സ്ഥല-കാലബദ്ധമായ ശാരീരിക പരിമിതികളെ പല രീതികളില്‍ മറികടക്കാനും പ്രകൃതിയിലേക്ക് ആ നിലക്ക് ബഹുമുഖമായി കടന്നു പ്രവര്‍ത്തിക്കാനുമുള്ള കഴിവുകളുടെ വികാസത്തിന്റെ ചരിത്രമാണല്ലൊ മനുഷ്യന്റെ ചരിത്രം. ആ ചരിത്രത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഒന്നാണ് സിനിമ. മനുഷ്യന്‍ ഇനിയും തരണം ചെയ്‌തിട്ടില്ലാത്ത ജൈവപരിമിതികളെ - ശാരീരികവും ചിന്താപരവുമായ പരിമിതികളെ മറികടക്കാന്‍പോന്ന പുതിയ സാധ്യതകളാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലോകത്തെ പകര്‍ത്തുന്ന ഒരു യന്ത്രമായിട്ടല്ല. പ്രത്യക്ഷലോകത്ത് മനുഷ്യന്റെ കണ്ണുകള്‍ക്ക് അസാധ്യമായ കാഴ്‌ചകളിലേക്കു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു യന്ത്രമാണ് സിനിമയില്‍ ക്യാമറ. ഈ ക്യാമറയുടെ കണ്ണുകള്‍ അമാനുഷിക (non-human)മായ കണ്ണുകളാണ്. സിനിമ, മനുഷ്യന്റെ ജൈവാനുഭവങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന കാലത്തിന്റെയും ചലനത്തിന്റെയും ബിംബങ്ങള്‍ സൃഷ്‌ടിക്കുന്ന-പകര്‍ത്തുകയല്ല- കലയിലാണ്. മനുഷ്യശരീരത്തിന്റെ കാഴ്‌ചപ്പാടുകളുടെ പരിമിതസാധ്യതകളില്‍ ഒതുങ്ങുന്നതല്ല സിനിമയുടെ ഷോട്ട് ആംഗിള്‍സ്. വസ്‌തുക്കളുടെ വലുപ്പ ചെറുപ്പങ്ങളെ സംബന്ധിച്ചുള്ള ലോകസാധ്യമായ പ്രൊപ്പോര്‍ഷനെയും മേല്‍- കീഴ്-മുന്‍-പിന്‍ക്രമങ്ങളെയും തകിടം മറിച്ചുകൊണ്ടാണ് സിനിമയില്‍ അപ്രതീക്ഷിതവും പൂര്‍വമാതൃകകളില്ലാത്തതുമായ ഫ്രെയിമിങ് സംഭവിക്കുന്നത്. സിനിമയുടെ കാഴ്‌ചകള്‍ മനുഷ്യന്റെ കണ്ണുകളില്‍ കേന്ദ്രീകരിക്കപ്പെട്ടവയല്ല എന്നര്‍ഥം. കേന്ദ്രരഹിതമായ കാഴ്‌ചകളുടെ ബഹുലത (Multiplicity) യിലൂടെ കാഴ്‌ചകളുടെ പുതിയ സാധ്യതകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്.
എന്നാല്‍, ഈ സാധ്യതകള്‍ കാഴ്‌ചയുടെ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല. സിനിമ സൃഷ്‌ടിക്കുന്ന കാലബിംബങ്ങ (Time image) ളിലൂടെയും ചലന ബിംബങ്ങളിലൂടെയും (Movement Image) സിനിമ അതിന്റെ സവിശേഷമായ ഭാവപ്രതിഭാസങ്ങളുടെ (affects) ഒരു ലോകത്തെ അവതരിപ്പിക്കുന്നുണ്ട് - Cinimatic affects, എല്ലാ കലകളും അവയുടേതായ affects സൃഷ്‌ടിക്കുന്നുണ്ട്. അവയെല്ലാം അവയുടെ സവിശേഷ രീതികളിലാണ് മനുഷ്യമനസ്സിനെയും ചിന്തയെയും സ്വാധീനിക്കുന്നത്. സിനിമയില്‍ മളളലര ആയി മാറുന്ന ബിംബങ്ങള്‍, ചലിക്കുന്ന ബിംബങ്ങള്‍, വസ്‌തുക്കളും ചിന്തയും തമ്മില്‍ നേരിട്ടുള്ള ബന്ധത്തിന്റെ മറ്റൊരു മാര്‍ഗം തുറക്കുന്നു. സിനിമയില്‍ സംഭവിക്കുന്ന പദാര്‍ഥവും ചിന്തയും തമ്മിലുള്ള ഈ നേര്‍ബന്ധത്തെക്കുറിച്ച് Elie Faurc, Eisenstein എന്നിവര്‍ തുടങ്ങി Giller Delenze വരെയുള്ളവര്‍ സൂക്ഷ്മമായി വിശകലനം ചെയ്‌തിട്ടുണ്ട്. അതിലേക്കു കടക്കുന്നില്ല. ചിന്തയുടെ ലോകവും സിനിമയുടെ മുതലാളിത്തപശ്ചാത്തലവുമായി ബന്ധപ്പെടുത്തി ചോദിച്ചതു കൊണ്ട് ഇങ്ങനെ ചുരുക്കി പറഞ്ഞു എന്നുമാത്രം.
അതിനാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പ്രതിഭാസമെന്ന നിലയിലല്ല മുതലാളിത്തത്തിൽ നിന്ന് മുന്നോട്ടുപോകുന്ന ഒരു ശക്തി എന്ന നിലയിലാണ് സിനിമയെ കാണേണ്ടത്.
നമ്മുടെ സമൂഹത്തിന്റെ ചിന്താശേഷിയെയും വായനയെയും വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നില്ലെ? നമ്മുടെ സിനിമയുടെ അവസ്ഥതന്നെയെടുത്താല്‍ നമ്മുടെ സാഹിത്യത്തെയും സാംസ്‌കാരികതയെയും കൂടുതല്‍ ജനകീയമാക്കുന്നതില്‍ 60കളിലും 70കളിലും മറ്റും സിനിമ വലിയ പങ്കുവഹിച്ചരുന്നു. എന്നാല്‍, നമ്മുടെ മലയാള സിനിമ, സാങ്കേതികമായും വാണിജ്യപരമായും വികസിച്ചിട്ടുണ്ടെങ്കിലും സാംസ്‌കാരികമായി ദുര്‍ബലമാവുകയല്ലെ ചെയ്യുന്നത്... ?
നിശ്ചയമായും ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ ചിന്തയുടെയും വായനയുടെയും രീതികളെ വികസിപ്പിക്കുക മാത്രമല്ല പരിവര്‍ത്തിപ്പിക്കുകകൂടിചെയ്യുന്നു. എന്നാല്‍, നമ്മുടെ സിനിമയും നമ്മുടെ സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിരുദ്ധശക്തികളുടെ സംഘര്‍ഷം കണക്കിലെടുക്കേണ്ടതുണ്ട്.
മാധ്യമവ്യവസായത്തിന്റെ ലക്ഷ്യം സാമ്പത്തികലാഭം മാത്രമാണ്. അതിനുവേണ്ടി, നിലനില്‍ക്കുന്ന വ്യവസ്ഥക്കു കീഴ്പ്പെട്ടുനില്‍ക്കുന്ന വികലമാക്കപ്പെട്ട തൃഷ്‌ണാരൂപങ്ങളെ പ്രീണിപ്പിക്കുന്ന ഫോര്‍മുലകള്‍ മാധ്യമവ്യവസായം കണ്ടെത്തുന്നു. കേരളത്തില്‍ വ്യക്തിപരമായ സ്വത്തില്‍ അധിഷ്‌ഠിതമായ മുതലാളിത്ത പൌരസമൂഹത്തിന്റെ വളര്‍ച്ച മാധ്യമവ്യവസായത്തിന് വികസിക്കാന്‍ പോന്ന പശ്ചാത്തലമായിത്തീര്‍ന്നു. ആദ്യകാലസിനിമകള്‍ തിരികെ, പൌരസമൂഹത്തിന്റെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്‌തു. ആധുനിക അണുകുടുംബത്തിനനുസൃതമായി മുതലാളിത്ത ഈഡിപ്പല്‍ ലൈംഗികതയുടെ യന്ത്രപ്രവര്‍ത്തനത്തിനുവേണ്ട ലിംഗവിഭജനത്തെയും ലൈംഗികതയെയും ഉല്‍പാദിപ്പിക്കുന്നതില്‍ ആദ്യകാല മലയാള സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോടമ്പാക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ആദ്യകാല മലയാള സിനിമാവ്യവസായം ആധുനിക മുതലാളിത്ത പൌരസമൂഹത്തിന്റെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളമാണ് പുരോഗമനപരമാകുന്നത്. അതായത് കൊളോണിയല്‍ - നാടുവാഴിത്ത സമൂഹത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നുവന്ന സ്വത്തുടമകളായ സ്വതന്ത്ര അണുകുടുംബസ്ഥന്മാരുടെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം.
ഇത്തരം സിനിമകള്‍ ഒരു കലാരൂപമെന്ന നിലയിലുള്ള സിനിമയുടെ സവിശേഷതയെ പരിഗണിക്കുന്നതേയില്ല. പുരാണകഥകളും നാടകങ്ങളും നോവലുകളും ആഖ്യാനം ചെയ്യാന്‍ പഴയ കമ്പനി നാടകങ്ങളേക്കാള്‍ ലാഭകരമായ ഒരു മാധ്യമമായാണ് സിനിമയെ ഈ രംഗത്തെ ആദ്യകാല വ്യവസായികള്‍ പരിഗണിച്ചത്. ഇതിനെത്തുടര്‍ന്നുള്ള മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയെയും ആഗോളവല്‍ക്കരണത്തിന്റേതായ ഇക്കാലത്ത് അതു വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെയുംകുറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്.
ഇതില്‍നിന്നും വ്യത്യസ്‌തമായി സിനിമ എന്ന കലാരൂപത്തിന്റെ സാധ്യതകളില്‍ ശ്രദ്ധിക്കുന്ന ഒരു നിര മലയാളത്തിലുണ്ടല്ലോ. നാടകവും നോവലും അടക്കമുള്ള മറ്റൊരു ആഖ്യാനരൂപത്തിനും കഴിയാത്ത, സിനിമക്കുമാത്രം സാധ്യമായ, ലിബറല്‍ വ്യക്തിബോധകേന്ദ്രതത്വത്തെ ശിഥിലമാക്കുന്ന ബഹുവീക്ഷണ കോണങ്ങളുടേതായ വിഛിന്നമായ ഒരാഖ്യാന തന്ത്രമാണ് സിനിമയുടേത്. അതുകൊണ്ട് സിനിമ അതിനു മുമ്പുള്ള ഒരുകലാരൂപത്തിന്റെയും മാതൃകയെ ആശ്രയിക്കുന്നില്ല. മുന്നോട്ടുമാത്രം തുറന്നു വച്ചിരിക്കുന്ന സാധ്യതകളാണ് സിനിമ എന്ന കലയുടേത്. ഒരു കലാരൂപമെന്ന നിലയില്‍ സിനിമയുടെ ഈ അനന്യസാധ്യതകളില്‍ സ്‌പര്‍ശിച്ചുകൊണ്ട് മലയാളത്തില്‍ നടന്ന പരീക്ഷണങ്ങളെക്കുറിച്ച് വിശദമായ പരിശോധനകളൊന്നും ഇതുവരെ നടന്നിട്ടില്ല. ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ പി കുമാരന്‍, അരവിന്ദന്‍, കെ ആര്‍ മോഹനന്‍, പവിത്രന്‍, രവീന്ദ്രന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവരിലൂടെ തുടങ്ങുന്ന യഥാര്‍ഥ സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യവസായ സിനിമയുടെ സാങ്കേതികവേലിയേറ്റത്തില്‍ കലാസൃഷ്‌ടികളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സിനിമകള്‍ക്ക് ഇടമില്ലാതായിട്ടുണ്ട്. എന്നാല്‍ കലാസൃഷ്‌ടികള്‍ കാലത്തെ അതിവര്‍ത്തിക്കുന്നതായതുകൊണ്ട് അവ എന്നും പുതിയതായി തുടരും. കേരളത്തിലെ ഫിലിം സൊസൈറ്റികളും ഫെസ്‌റ്റിവലുകളും ചലച്ചിത്രാസ്വാദകരുടെ ഒരു വലിയ വിഭാഗത്തെ സൃഷ്‌ടിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
ദൃശ്യമാധ്യമങ്ങളുടെ വിനോദപരവും വിജ്ഞാനപരവും വ്യാവസായികവുമായ വിനിയോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട് ചലച്ചിത്രകലയെ ദൃശ്യമാധ്യമത്തിന്റെ ഉന്നത മാതൃകയായി ഇങ്ങനെ എടുത്തുപറയുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഒന്നാമതായി, ബഹുഭൂരിപക്ഷം കണ്ടാസ്വദിക്കുന്ന ജനപ്രിയ സിനിമയെന്നും കലാസ്വാദകരായ ന്യൂനപക്ഷം ആസ്വദിക്കുന്ന ഉന്നത വരേണ്യസിനിമയെന്നും ഞാന്‍ സിനിമയെ രണ്ടായി വേര്‍തിരിക്കുന്നു എന്നും അത് തുടക്കത്തില്‍ ഞാന്‍ പറഞ്ഞ ഭാവുകത്വപരമായ വിഛേദത്തിന് വിരുദ്ധമല്ലേ എന്നും ചോദിക്കാം - അതായത് സിനിമ ഭാവുകത്വപരമായ പഴയ വരേണ്യ / കീഴാള വിഭജന ങ്ങളെ മറികടക്കുന്ന കലയാണെന്നു പറഞ്ഞത്.
സിനിമ ഭാവുകത്വപരമായ പഴയ വിഭജനങ്ങളെയും ശ്രേണികളെയും ഇല്ലാതാക്കുന്ന കലാചരിത്രപരമായ ഒരു വിഛേദമാണെന്നു പറഞ്ഞത് കച്ചവടസിനിമയും കലാസൃഷ്‌ടിയായ സിനിമയും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതായി എന്ന അര്‍ഥത്തിലല്ല. ദൃശ്യമാധ്യമങ്ങളില്‍ മുതലാളിത്ത മൂലധനം സൃഷ്‌ടിക്കുന്ന ഇത്തരമൊരു വിരുദ്ധതയുടെ സംഘര്‍ഷത്തെക്കുറിച്ച് ഞാന്‍ വിശദമാക്കിക്കഴിഞ്ഞു.
സിനിമ ഭാവുകത്വപരമായ ജനാധിപത്യത്തിന്റെ കലയാകുന്നത് അത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന കച്ചവടസിനിമ ആയതുകൊണ്ടല്ല. മറിച്ച് സിനിമ അതിന്റെ കലാപരമായ സവിശേഷതകൊണ്ടുതന്നെ ജനസഞ്ചയത്തിന്റെ (Multitude)കലയായതുകൊണ്ടാണ്. എന്നാല്‍, വ്യവസായസിനിമയുടെ വക്താക്കള്‍ പഴയ കലാരൂപങ്ങളെ സംബന്ധിച്ചു നിലനിന്ന വരേണ്യ / കീഴാള ബഹുജന വിഭജനത്തെ കലാസിനിമ / കച്ചവടസിനിമ എന്ന വിഭജനത്തിനു സമാന്തരമായി പ്രതിഷ്‌ഠിക്കുകയാണ് ചെയ്‌തത്. അങ്ങനെ കലാസൃഷ്‌ടികളായ സിനിമയെ വരേണ്യസിനിമയായും വ്യവസായ സിനിമയെ ജനകീയ സിനിമയായും ചിത്രീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇങ്ങനെയാണ് ബഹുജനങ്ങളുടെ സിനിമ കച്ചവടസിനിമയും വരേണ്യരുടെ സിനിമ കലാസിനിമയും എന്ന ധാരണ പ്രചരിച്ചത്. കലാപരമായ മികവിനെ, സര്‍ഗാത്മകതയെ വരേണ്യതയായി പ്രതിഷ്‌ഠിക്കുന്നതിലൂടെ ഫോര്‍മുലകള്‍ക്കനുസരിച്ച് തട്ടിക്കൂട്ടുന്ന യാന്ത്രിക സിനിമയെ ബഹുജനങ്ങളുടെ സിനിമയാക്കി, യഥാര്‍ഥ ജനകീയ സിനിമയാക്കി മാറ്റിയെടുക്കാനാണ് വ്യവസായത്തെ പിന്തുണയ്‌ക്കുന്നവര്‍ ശ്രമിക്കുന്നത്. ഫിലിം ജേര്‍ണലിസമാണ് ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. അതിനാല്‍ കലാസൃഷ്‌ടികളായ സിനിമ ജനങ്ങളില്‍നിന്നും മുഖംതിരിച്ചുനില്‍ക്കുന്ന വരേണ്യ സിനിമ അല്ലെന്നും മറിച്ച് വിനോദക്കമ്പോളത്തിന്റെ നിയമങ്ങള്‍ മാത്രം അനുസരിക്കുന്ന വ്യാവസായികോല്‍പന്നമായ സിനിമയാണ് പുത്തന്‍ മുതലാളിമാരും താരദൈവങ്ങളുമടങ്ങുന്ന വരേണ്യരുടെ സിനിമയെന്നും തിരിച്ചറിയണം. ജനങ്ങള്‍ അവയുടെ ഉപഭോക്താക്കള്‍ മാത്രമാണ്. നമ്മുടെ സിനിമയെ സാംസ്‌കാരികമായി ശക്തിപ്പെടുത്തുന്നതിന് ഈ തിരിച്ചറിവ് ആവശ്യമാണ്.
നമ്മുടെ സിനിമയെ ഒരു വ്യവസായം, കലാമാധ്യമം എന്ന നിലയില്‍ മാത്രം വിശകലനം ചെയ്യുന്നത് ഒരു പരിമിതിയാണെന്ന് തോന്നുന്നു. വ്യവസായം, കല എന്നതിനപ്പുറത്ത്, ഒരു സാംസ്‌കാരികാധിനിവേശത്തിന്റെ സ്ഥാപനമായി അതിനെ വിലയിരുത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു?
ശരിയാണ്. സിനിമാ വ്യവസായത്തെയും അതിന്റെ ഉല്‍പന്നമായ മുഖ്യധാരാ സിനിമയെയും ഒരേ മാനദണ്ഡങ്ങള്‍ കൊണ്ടല്ല വിലയിരുത്തേണ്ടത്. ഇത്തരം സിനിമകള്‍ മനുഷ്യരുടെ സാംസ്‌കാരിക ജീവിതത്തിലാണ്, ധാര്‍മികജീവിതതിലാണ് ഇടപെടുന്നത്. അതിനാല്‍ ആഴത്തിലുള്ള ഭൌതിക യാഥാര്‍ഥ്യപരമായ വിമര്‍ശനം അര്‍ഹിക്കുന്ന ഒരു മേഖലയാണത്.
സിനിമയില്‍ സൃഷ്‌ടിക്കപ്പെടുന്ന ഭാവബിംബങ്ങള്‍(Cinematic affects) ഭൌതിക യാഥാര്‍ഥ്യങ്ങളാണ്. വ്യക്തിബോധത്തിന്റെ ഇടനിലയെന്നവഗണിച്ച് മനസ്സിന്റെ നിര്‍വ്യക്തികമായ ഭൌതിക ഘടനയിലേക്ക് സിനിമയുടെ ബിംബങ്ങള്‍ നേരിട്ടാണ് കടന്നുചെല്ലുക. അതിനാല്‍ സിനിമയുടെ ഭാവ പദാര്‍ഥങ്ങള്‍ക്ക്, ബിംബങ്ങള്‍ക്ക് ബാഹ്യമായതിനെ നേരിട്ടു ആന്തരികമാക്കി ത്തീര്‍ക്കാന്‍ കഴിയും. ആ നിലയ്‌ക്ക്, ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥ നിരോധനങ്ങളിലൂടെയും വിലക്കുകളിലൂടെയും വികൃതവും വികലവുമാക്കി പ്രവര്‍ത്തിപ്പിക്കുന്ന തൃഷ്‌ണാ ബിംബങ്ങളുടെ യാന്ത്രികമായ ആവര്‍ത്തനത്തിലൂടെ മുഖ്യധാരാ സിനിമക്ക് മനുഷ്യഭാവനയില്‍ നേരിട്ടു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയും. ചുരുക്കത്തില്‍ മുഖ്യധാരാ സിനിമ ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമകരമായ പൊതുബോധത്തെ പ്രതിഫലിപ്പിക്കുകയോ ആശ്രയിക്കുകയോ അല്ല ചെയ്യുന്നത്. പൊതുബോധമായിത്തീരുന്ന സാമാന്യ പ്രത്യയശാസ്‌ത്രത്തെ നിരന്തരം ഭൌതികമായി ഉല്പാദിപ്പിക്കുകയും നവീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ ഉല്പാദനപ്രവര്‍ത്തനത്തിന്റെ സൂക്ഷ്‌മ സങ്കേതങ്ങളെയും യന്ത്രങ്ങളെയുംആണ് നിര്‍വീര്യമാക്കേണ്ടത്. താങ്കള്‍ പറഞ്ഞ ശത്രുവര്‍ഗ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം അതാണ്.
എന്നാല്‍ സാംസ്‌കാരിക ജീവിതത്തിലുള്ള മുഖ്യധാരാ സിനിമയുടെ ഈ പ്രവര്‍ത്തനം എല്ലാക്കാലത്തും ഒരേ രീതിയിലോ ഒരേ ലക്ഷ്യത്തോടെയോ അല്ല നടക്കുന്നത്.
ആദ്യകാല സിനിമകളുടെയും ഇന്നത്തെ ദൃശ്യ മാധ്യമങ്ങളുടെയും പ്രവര്‍ത്തനരീതിയിലും ലക്ഷ്യത്തിലും തികഞ്ഞ അന്തരമുണ്ട്. ആദ്യകാല സിനിമ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ സമൂഹത്തെ ഒരു ആധുനിക പൌരസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മിക കടമകളാണ് ഏറ്റെടുത്തത്. വ്യക്തിയുടെ സ്വതന്ത്രമായ നിലനില്പിലും വ്യക്തിപരമായ സ്വകാര്യ സ്വത്തിലും അധിഷ്‌ഠിതമായ സമൂഹമാണ് ആധുനിക പൌരസമൂഹം. അത് അച്ചടക്ക സമൂഹം (Disciplinary Society) എന്നു മീഷേല്‍ ഫൂക്കോ വിളിക്കുന്ന പ്രത്യക്ഷ നയന്ത്രണങ്ങളുടെയും അധികാര സ്ഥാപനങ്ങളുടെയും ഒരു സമൂഹമാണ്. കുടുംബം, സ്‌കൂള്‍, ജയില്‍, പട്ടാളം തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന മാനസിക ഘടനകള്‍ ഉല്പാദിപ്പിക്കുകയായിരുന്നു ആദ്യകാല മുഖ്യധാരാ സിനിമയുടെ ധര്‍മം. ആദ്യകാല നാടകക്കമ്പനികളില്‍നിന്നു സിനിമ അതേറ്റെടുക്കുകയായിരുന്നു. സിനിമ ആധിപത്യം പുലര്‍ത്തുന്ന അധികാരബന്ധങ്ങളുടെ സൂക്ഷ്‌മ രാഷ്‌ട്രീയതലത്തില്‍ നടത്തുന്ന ഭൌതിക പ്രവര്‍ത്തനത്തിന്റെ ഒരു രീതിയാണിത്.
എന്നാല്‍ ഇന്നു നാം ജീവിക്കുന്ന ആഗോള സാമ്രാജ്യത്വത്തിന്റേതായ ഇക്കാലത്ത് ആധിപത്യം പുലര്‍ത്തുന്ന ആഗോള മുതലാളിത്തത്തിന്റെ അധികാരബന്ധങ്ങള്‍ പാടേ മാറിയിരിക്കുന്നു. ലോകം മുഴുവന്‍ പല രൂപങ്ങളില്‍ നടന്നുകൊണ്ടിരുന്ന ചെറുത്തുനില്പുകളുടെയും വര്‍ഗസമരങ്ങളുടെയും ഫലമായി പല മുതലാളിത്ത പൌരസമൂഹങ്ങളുടെയും ഘടന തകരുകര്‍ന്നിരിക്കുന്നു. അധ്വാനത്തിന്റെ സാമൂഹ്യ വല്‍ക്കരണത്തിലൂടെ പഴയ ആജന്മ അടിമകളും കൂലിയില്ലാ വേലക്കാരും പ്രാന്തവല്‍കൃതരും എല്ലാം സാമൂഹ്യോല്‍പാദനത്തിന്റെ ഭാഗമായിത്തീര്‍ന്നതാണ് ഇതിനുകാരണം. പുതിയ മുതലാളിത്തത്തിന് ഇത്തരം ജനസഞ്ചയത്തെ അടക്കിനിര്‍ത്താന്‍ പഴയ അച്ചടക്കസ്ഥാപനങ്ങളോ യന്ത്രങ്ങളോ മതിയാവില്ല. അതുകൊണ്ടു നമ്മുടെ വര്‍ത്തമാന ലോകത്ത് പഴയ അച്ചടക്കസ്ഥാപനങ്ങള്‍ അപ്രസക്തമാവുകയും പുതിയ പൊതുനിയന്ത്രണങ്ങള്‍ രംഗത്തുവരികയും ചെയ്‌തിരിക്കുന്നു.
പഴയ അണുകുടുംബത്തിന്റെ സ്ഥാനത്തു പൊതുലൈംഗിക സേവന സ്ഥാപനങ്ങള്‍ വരുന്നു. പഴയ സ്‌കൂളുകളുടെ സ്ഥാനത്ത് വിദൂര വിദ്യാഭ്യാസവും തൊഴിലഭ്യാസങ്ങളും വരുന്നു. പഴയ ഫാക്‌ടറിയുടെ സ്ഥാനത്ത് വികേന്ദ്രീകൃത ഉല്പാദനം വരുന്നു, പഴയ പട്ടാളത്തിന്റെ സ്ഥാനത്ത് ആളില്ലാതെ യുദ്ധം ചെയ്യുന്ന വിദൂര നിയന്ത്രണ യന്ത്രങ്ങള്‍ വരുന്നു. പഴയ ജയിലിന്റെ സ്ഥാനത്ത് ഐ ഡി കാര്‍ഡുകളും പാസ്‌പോര്‍ട്ടുമടങ്ങുന്ന രേഖകള്‍ മരവിപ്പിക്കുന്നതിലൂടെ വ്യക്തിയെ നിശ്ചലമാക്കുന്ന അദൃശ്യവിലങ്ങുകള്‍ വരുന്നു, അങ്ങനെപുതിയ ജനസഞ്ചയത്തെ തളയ്‌ക്കുന്നതിനു പഴയ പൌരസമൂഹത്തിന്റെ അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം പുതിയ പരോക്ഷ നിയന്ത്രണരീതികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
നാം ജീവിക്കുന്ന ഈ പുതിയ സമൂഹത്തെ അതുകൊണ്ടാണ് നിയന്ത്രണസമൂഹം (Control Society) എന്നു ഴീല്‍ ദെമേസ് പേരിട്ടിരിക്കുന്നത്.ആഗോളവല്‍ക്കരണ കാലത്തെഅധികാര ബന്ധങ്ങളില്‍വന്ന ഈ പരിവര്‍ത്തനത്തെ കണക്കിലെടുത്തുകൊണ്ടു മാത്രമേ ദൃശ്യമാധ്യമങ്ങളുടെ സാമൂഹ്യ ഇടപെടലിനെക്കുറിച്ച് ഇന്നു നമുക്കു സംസാരിക്കാനാവൂ. ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിദൂരസാമൂഹ്യ നിയന്ത്രണ തന്ത്രങ്ങളും തമ്മിലുള്ള ബന്ധം വളരെ ഗാഢമാണ്. അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം ഉപഗ്രഹങ്ങളിലൂടെ ഓരോ വ്യക്തിയെയും നിയന്ത്രിക്കാവുന്ന നിലയിലേക്കുള്ള അധികാരപ്രയോഗത്തിന്റെ മാറ്റത്തിന്റെ പ്രധാന തന്ത്രം എല്ലാറ്റിന്റെയും വിവരവല്‍ക്കരണവും അതിവേഗ വിനിമയവുമാണ്. lnformation ന്റേയും Communication ഈ പ്രക്രിയ്‌ക്ക് കീഴ്പ്പെട്ടാണ് ഇന്നു ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ഇന്നു മുഖ്യധാരാ സിനിമയും ടെലിവിഷന്‍ ചാനലുകളും പുതിയ വിദൂര നിയന്ത്രണാധികാര തന്ത്രങ്ങളെ നിരന്തരം പ്രവര്‍ത്തിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശക്തികളാണ്. മനുഷ്യ ചിന്തയുടെ തലത്തില്‍ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികള്‍ ആധിപത്യം നേടുന്നതിലൂടെയാണ് മനുഷ്യജീവിതംതന്നെ വിനിമയം ചെയ്യാവുന്ന ഒരു വിവരസഞ്ചികയായി മാറുന്നത്.
ഈ വര്‍ത്തമാന സ്ഥിതിവിശേഷത്തിനെതിരായ ദൃശ്യ മാധ്യമ രംഗത്തെ വര്‍ഗസമരത്തില്‍ പുതിയ കച്ചവടസിനിമക്കും കണ്ണീര്‍ടെലിവിഷന്‍ പരമ്പരകള്‍ക്കും ഒരു പങ്കും വഹിക്കാനില്ല. കാരണം അവ മനുഷ്യജീവിതത്തെ വിദൂര നിയന്ത്രണത്തിന്റെ യുക്തികള്‍ക്ക് കീഴ്പ്പെടാന്‍ പാകപ്പെടുത്തിക്കൊടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്കു നിശ്ചയമായും ഈ അവസ്ഥയില്‍നിന്നു മനുഷ്യജീവിതങ്ങളെ വിമോചിപ്പിക്കുന്ന ഒരു ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതു കലാസൃഷ്‌ടി എന്ന നിലയിലുള്ള സിനിമയുടെ സര്‍ഗാത്മകത വീണ്ടെടുക്കുന്നതിലൂടെ മാത്രമാണ്. കാരണം, കലാരൂപമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സിനിമ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികളെ ആഴത്തില്‍ നിര്‍വീര്യമാക്കിക്കളയുന്നു. സിനിമയുടെ കല സൃഷ്‌ടിക്കുന്ന ഭാവബിംബങ്ങള്‍ (cinimatic affects) വിവരമോ വിനിമയമോ അല്ല. മറിച്ച് വിവരവല്‍ക്കരണത്തെയും വിനിമയത്തേയും ചെറുക്കുന്ന മൂര്‍ത്ത ഭൌതിക യാഥാര്‍ഥ്യങ്ങളാണവ. ഇത്തരം ചലച്ചിത്ര കലാസൃഷ്‌ടികള്‍ മൂലധനത്തിന്റെ അമൂര്‍ത്തീകരണത്തിനെതിരായ യാഥാര്‍ഥ്യങ്ങളുടെ ചെറുത്തുനില്പിനെയാണ് ശക്തിപ്പെടുത്തുന്നത്.ഈവിധമുള്ള ബഹുജനതയുടെ ചെറുത്തുനില്പിന്റെ ഭാഗമായ സര്‍ഗാത്മക സിനിമ ഇന്നു ലോകത്തു ശക്തിപ്പെട്ടുവരികയാണ്. മധ്യപൌരസ്‌ത്യ- ആഫ്രിക്കന്‍-ലാറ്റിനമേരിക്ക സിനിമകള്‍ പലതും ഇന്ന് ഈ പുതിയ ചെറുത്തു നില്പിന്റെ ഭാവബിംബങ്ങളില്‍ പരീക്ഷണം നടത്തുന്ന സിനിമകളാണ്. എല്ലാക്കാലത്തും യഥാര്‍ഥ കല ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥക്കെതിരായ ചെറുത്തുനില്പിനോടൊപ്പമാണ്. ചെറുത്തുനില്‍പ്പും സര്‍ഗാത്മകതയും തമ്മിലുള്ള ബന്ധം അത്ര ഗാഢമാണ്. ഒരര്‍ഥത്തില്‍ രണ്ടും ഒന്നാണ്.
മലയാളത്തില്‍ ഈ പുതിയ കാലത്തിന്റെ സര്‍ഗാത്മക സിനിമ ഇനിയും ഉണ്ടായിത്തുടങ്ങിയിട്ടില്ല. മലയാളത്തില്‍ ഇന്നു സിനിമയുടെ space മുഴുവന്‍ വിനോദ മാധ്യമ വ്യവസായം കൈയടക്കിയിരിക്കയാണ്. പുതിയ സര്‍ഗാത്മക സിനിമ ശക്തിപ്പെടേണ്ടത് മലയാളിയുടെ സാംസ്‌കാരികമായ ചെറുത്തുനില്പിന്റെ ആരോഗ്യത്തിന് അനിവാര്യമായിരിക്കുന്നു. ആ വഴിക്കുള്ള ചിന്തകളില്‍ മുഴുകുന്നതിനുപകരം ജീര്‍ണതയുടെ പുതിയ മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തെക്കുറിച്ചാണ് നാം നാനാമുഖമായി ചര്‍ച്ച ചെയ്യുന്നത്.
ജോണ്‍ എബ്രഹാം മുതല്‍ ടി വി ചന്ദ്രന്‍വരെയുള്ള ചലച്ചിത്ര കലാകാരന്മാര്‍ പ്രവര്‍ത്തിച്ചത് ഇന്ന് കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന അച്ചടക്ക പൌരസമൂഹത്തിന്റെ അധികാരബന്ധങ്ങള്‍ക്കെതിരായ സര്‍ഗാത്മകമായ ചെറുത്തുനില്പിന്റെ ഭാഗമായാണ്. മാറിവന്ന ആഗോള സാമ്രാജ്യാധിപത്യത്തിന്റെ കാലത്തെ ചെറുത്തുനില്പിന്റെ സിനിമയാണ് ഇനി ഉണ്ടാകേണ്ടത്. പുതിയ നിയന്ത്രണ സമൂഹത്തിന്റെ തന്ത്രങ്ങളെ സര്‍ഗാത്മകമായി ചെറുക്കുന്ന സിനിമ. അതുണ്ടാകുന്നില്ല.
മാധ്യമരംഗത്തേക്ക് വരുന്ന അഭിനേതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങുന്ന യുവപ്രതിഭകള്‍ വ്യവസായത്തിലെ ഭാഗ്യപരീക്ഷണത്തിലേക്കാണ് ഒന്നോടെ എടുത്തു ചാടുന്നത്. വിപിന്‍ വിജയ്‌നെപ്പോലെ അപൂര്‍വം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം. എന്നാല്‍ നമുക്കുവേണ്ടത് പുതിയ കാലത്തെ ചെറുത്തു നില്പിന്റെ കലയാണ്. അതിനായി ചലച്ചിത്രകലയോടു പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറ വളരുമെന്നുതന്നെ ഞാന്‍ കരുതുന്നു. സര്‍ഗാത്മകത വരേണ്യതയല്ല. വിപ്ളവകരമാണ്.
മൂലധനം, കമ്പോളം, ഉപഭോക്താക്കളുടെ അഭിരുചി രൂപപ്പെടുത്തല്‍ എന്നിവയെല്ലാം ഒരു വ്യവസായമെന്നനിലയില്‍ സിനിമക്കും ആവശ്യമാണ്. എന്നാല്‍ "താരാധിപത്യം'' എന്ന ഒരു പുതിയ പ്രതിഭാസം സിനിമക്ക്മാത്രമുള്ളതാണ്. മറ്റു മേഖലകളിലും താരാധിപത്യമുണ്ടെങ്കിലും അത് പലപ്പോഴും ചോദ്യംചെയ്യപ്പെടാവുന്നതാണ് എന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ മുപ്പത് വര്‍ഷത്തെ മലയാള സിനിമയുടെ താരാധിപത്യം പരിശോധിക്കുക. നമ്മുടെ സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതയെ പ്രതിനിധീകരിക്കുകയും ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിലോമപരതയുടെ ഭാഗമായി താരാധിപത്യ പ്രവണതയെ വിശദീകരിക്കാമോ?
വ്യവസായമായി വളര്‍ന്ന സിനിമയുടെ ആകര്‍ഷണത്തിനു പിന്നില്‍ താരസങ്കല്പം പലതരത്തില്‍ നിലനിര്‍ത്തപ്പെട്ടുപോന്നിട്ടുണ്ട്. സിനിമയെ ഒരു മായിക ലോകമായി സാധാരണക്കാരായ കാഴ്‌ചക്കാരില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ വ്യവസായ സിനിമ എക്കാലവും ശ്രദ്ധിച്ചുപോന്നു. ഈ അകലം ജനങ്ങളുടെ സംഘഭാവനയെ ഉണര്‍ത്തുന്നു. അവരുടെ ജീവിതത്തിന്റെ ഇല്ലായ്‌മകളെ, നിരാലംബതകളെ, ബലരാഹിത്യത്തെ, ഇഛാശൂന്യതകളെ എല്ലാം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മായികലോകത്തെ മനുഷ്യരില്‍ പൂര്‍ത്തീകരിക്കുന്നതായി അവര്‍ ഭാവന ചെയ്യുന്നു. മനുഷ്യഭാവനാശക്തിയുടെ ഒരു നിഷേധാത്മക വിനിയോഗമാണിത്. ഇതില്‍നിന്നാണ് താരസങ്കല്പങ്ങള്‍ രൂപപ്പെടുന്നത്.
ഓരോ ജനസമൂഹത്തിലും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക-അധികാരബന്ധങ്ങള്‍ക്കനുസരിച്ച് ഈ താരഭാവനയുടെ സ്വഭാവവും തോതും മാറിക്കൊണ്ടിരിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ നിഷേധാത്മക ഭാവനയുടെ ശക്തി വളരെ കുറവാണ്. ഇവിടെ സിനിമക്കാരുടെ താരപരിവേഷം രാഷ്‌ട്രീയരംഗത്ത് ഫലപ്രദമാകാത്തത് അതുകൊണ്ടാണ്.
താരങ്ങളും വ്യവസായ സിനിമയും തമ്മിലുള്ള ബന്ധം പരസ്‌പരപൂരകമാണ്. ഒരുവശത്ത് സിനിമാതാരങ്ങളെ സൃഷ്‌ടിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ മറുവശത്ത് അതേ താരങ്ങള്‍തന്നെ ജനപ്രീതിയുടെ കേന്ദ്രമായി നിന്നുകൊണ്ട് സിനിമയുടെ കമ്പോളവിജയത്തെ ഉറപ്പാക്കുന്നു. ഒരര്‍ഥത്തില്‍ താരകേന്ദ്രിതമായ ഒരു വ്യവസായ തന്ത്രമാണിത്. താരകേന്ദ്രിതമല്ലാത്ത നല്ല സിനിമകള്‍ ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ തന്ത്രത്തെ നേരിടാനാവൂ. അത് അസാധ്യമായ ഒരു സ്വപ്‌നമല്ല. തമിഴ്‌നാട്ടില്‍ താരരാജാവായ രജനീകാന്തിന്റെ 'കുസേലന്‍' എന്ന കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ താരങ്ങളില്ലാത്ത "സുബ്രഹ്മണ്യപുരം'' എന്ന ചിലവുകുറഞ്ഞ സിനിമ തെന്നിന്ത്യയില്‍ മുഴുവന്‍ ആവേശപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നോര്‍ക്കണം. അതുകൊണ്ട് സിനിമയിലെ താരവാഴ്‌ചയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കല്ല. പുതിയതരം സിനിമ ഉണ്ടാവുക മാത്രമാണ് ഈ താര വ്യവസായ തന്ത്രത്തിനുള്ള പരിഹാരം. അതിനു സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്‍കൈയെടുക്കണം.
*****
കടപ്പാട് : ദേശാഭിമാനി ഓണം വിശേഷാൽ പതിപ്പ്
Monday, October 11, 2010
ആഗോള സാമ്രാജ്യത്വ വളര്‍ച്ചയും ദൃശ്യമാധ്യമങ്ങളും
Subscribe to:
Post Comments (Atom)
1 comment:
മലയാളനിരൂപണത്തിലും മാര്‍ക്‌സിയന്‍ സൌന്ദര്യശാസ്‌ത്രമേഖലയിലും നവീനവും മൌലികവുമായ അന്വേഷണങ്ങള്‍ നടത്തിയ എഴുത്തുകാരനാണ് ബി. രാജീവന്‍. പ്രാചീനകലകളുടെ സൌന്ദര്യശാസ്‌ത്രം മുതല്‍ പോസ്‌റ്റ് കൊളോണിയല്‍ ജ്ഞാനമേഖല വരെ നീളുന്ന രാജീവന്റെ അന്വേഷണമേഖല മുഖ്യമായും സാഹിത്യം, ദര്‍ശനം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടാണെങ്കിലും നമ്മുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ തലങ്ങളില്‍ ചിന്തയുടെയും സര്‍ഗാത്മകതയുടെയും പുതുതരംഗങ്ങള്‍ സൃഷ്‌ടിക്കാന്‍ അവ സഹായകമായി. തത്വചിന്തയെയും പ്രത്യയശാസ്‌ത്രത്തെയും ജഡമായ പ്രമാണമായി സ്വീകരിക്കുന്നതിനെതിരെ നിരന്തരം ജാഗ്രതപുലര്‍ത്തുന്ന മൌലികതയാണ് രാജീവന്റെ നിരീക്ഷണങ്ങളുടെ സവിശേഷത. ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് വിശേഷിച്ചും സിനിമയെക്കുറിച്ച് രാജീവനുമായി നടത്തിയ ആശയവിനിമയത്തില്‍ സര്‍ഗാത്മകമായ ഒരു ദൃശ്യസംസ്‌കാരത്തെ സ്വപ്‌നം കാണുന്ന ഒരു സാംസ്‌കാരിക മനസിന്റെ സാന്നിധ്യമുണ്ട്.
Post a Comment