അറുപതു വര്‍ഷം കാത്തിരുന്ന അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയ വിധിപ്രഖ്യാപനം വ്യക്തമായ ഉത്തരത്തിനുപകരം പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നുവിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് കോടതി നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് 1949ല്‍ ഹിന്ദുസന്യാസിമാരുടെ നേതൃത്വത്തിലുള്ള അറുപതോളം പേര്‍ രാത്രിയുടെ മറവില്‍ ബാബറി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച രാമവിഗ്രഹവും അതിനു ചുറ്റുമുള്ള സ്ഥലവും ഹിന്ദു മഹാസഭയ്ക്ക് നല്‍കാനാണ് തീരുമാനം.
1950ല്‍ ആദ്യം പരാതി സമര്‍പ്പിച്ച ഗോപാല്‍ വിശാരദാണ് ഹിന്ദു മഹാസഭയെ പ്രതിനിധാനംചെയ്ത് ഫൈസാബാദ് കോടതിയില്‍ കേസ് നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ വിശാരദ് ആവശ്യപ്പെട്ടിരുന്നത് രണ്ടു കാര്യമായിരുന്നു. രാമപൂജ നടത്താനുള്ള അവകാശം ലഭിക്കണം, അതോടൊപ്പം രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കുകയുമരുത്. ഈ രണ്ട് ആവശ്യത്തിനും പുറമെ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട പ്രദേശംതന്നെ അവര്‍ക്ക് നല്‍കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്. പരാതിക്കാര്‍ ആവശ്യപ്പെടാത്ത കാര്യം നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്.
മൂന്നിലൊന്നു ഭൂമി വിട്ടുകിട്ടുന്ന മറ്റൊരു കക്ഷി നിര്‍മോഹി അഖാഡയാണ്. 1959ലാണ് നിര്‍മോഹി അഖാഡ ഫൈസാബാദ് കോടതിയില്‍ പരാതി നല്‍കിയത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഭരണാവകാശം സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച റിസീവറില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നായിരുന്നു നിര്‍മോഹി അഖാഡയുടെ ആവശ്യം. എന്നാല്‍, ആവശ്യം പരിഗണിച്ചില്ലെങ്കിലും മൂന്നിലൊന്നു ഭൂമി നല്‍കാന്‍ കോടതി തയ്യാറായി. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമ ആരാധനയ്ക്കായി നല്‍കിയ വേദിയായ രാം ചബൂത്ര എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് നല്‍കിയിട്ടുള്ളത്.
ബാക്കിയുള്ള മൂന്നിലൊന്നു ഭൂമി സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി നല്‍കിയത്. യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. 1940ല്‍ ഷിയ-സുന്നി തര്‍ക്കമുണ്ടാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതി നല്‍കിയത് സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. അതിനുശേഷമാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതും വിശാരദും രാമചന്ദ്ര പരമഹംസും നിര്‍മോഹി അഖാഡയും മറ്റും കോടതിയില്‍ കേസ് ഫയല്‍ചെയ്തതും. ഈ കക്ഷികളുടെ ഉടമസ്ഥാവകാശം അനുവദിക്കരുതെന്നും തങ്ങളുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മൂന്നു വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കുന്ന സ്ഥിതിയാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്. അതായത്, 2.77 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു സംഘടനകള്‍ക്ക് ലഭിച്ചു.
1885ലും 1886ലും ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധി മുസ്ളിങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിധി തിരിച്ചായി. 1940ല്‍ ലാഹോറിലെ ഷഹീദ്ഗഞ്ച് പള്ളി സംബന്ധിച്ച് ബ്രിട്ടീഷ് പ്രിവി കൌണ്‍സിലിനുമുമ്പില്‍ ഇതിനുസമാനമായ ഒരു പരാതി ലഭിച്ചിരുന്നു. എട്ടുവര്‍ഷംമുമ്പ് സിഖുകാര്‍ കൈയടക്കിയ പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്ളിങ്ങള്‍ പ്രിവി കൌണ്‍സിലില്‍ എത്തിയത്. എന്നാല്‍, നിലവിലുള്ള യാഥാര്‍ഥ്യം അത് സിഖ് ഗുരുദ്വാരയാണെന്നുപറഞ്ഞ് മുസ്ളിങ്ങളുടെ കേസ് തള്ളുകയായിരുന്നു പ്രിവി കൌണ്‍സില്‍ ചെയ്തത്.
ബാബറി മസ്ജിദ് നിലനിന്നിരുന്നെന്നും അത് ഹിന്ദു തീവ്രവാദികള്‍ തകര്‍ത്തതാണെന്നമുള്ള യാഥാര്‍ഥ്യമാണ് ഇവിടെ കോടതി കാണാതെ പോയത്. മാത്രമല്ല, സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ കേസ് തള്ളുകയുംചെയ്തു. കേസ് നല്‍കാന്‍ വൈകിപ്പോയി എന്ന കാരണം പറഞ്ഞാണ് കേസ് തള്ളിയത്. സ്വത്ത് വീതംവയ്പിലൂടെ മറ്റൊരു വിഭജനം സൃഷ്ടിക്കാനുള്ള വിത്ത് പാകപ്പെടുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
നിയമത്തിന്റെ കണ്ണിലൂടെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുപകരം സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയിട്ടുള്ളത്. കോടതിവിധിയിലെ മറ്റൊരു പ്രധാന വശം രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന പ്രസ്താവനയാണ്. അതോടൊപ്പം രാമന്‍ ജനിച്ച ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുകയുംചെയ്തു.
എന്നാല്‍, ഇതിന് എന്താണ് അടിസ്ഥാനമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. 2003ല്‍ പുരാവസ്തുവകുപ്പ് നടത്തിയ ഉല്‍ഖനനമാണ് ഇതിന് അടിസ്ഥാനമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, ഈ ഉല്‍ഖനനം പല കോണുകളില്‍നിന്നും ചോദ്യംചെയ്യപ്പെട്ടതാണ്. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് രാമക്ഷേത്രമാണെന്ന് തെളിയിക്കാനായിട്ടില്ല. ജസ്റിസ് എസ് യു ഖാന്‍ നല്‍കിയ വിധിന്യായത്തില്‍ പറയുന്നത് ബാബറി മസ്ജിദിനുമുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നെന്നു മാത്രമാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദുരാഷ്ട്രവാദികള്‍ കുറെക്കാലമായി ഉയര്‍ത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമായി സാമ്യമുള്ളതാണെന്നു സംശയമുയരുന്നുണ്ട്.
*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 01-10-2010
Subscribe to:
Post Comments (Atom)
2 comments:
അറുപതു വര്‍ഷം കാത്തിരുന്ന അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയ വിധിപ്രഖ്യാപനം വ്യക്തമായ ഉത്തരത്തിനുപകരം പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നുവിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് കോടതി നടത്തിയിട്ടുള്ളത്.
കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.
Post a Comment