ഈ വര്‍ഷത്തെ (2010) സാഹിത്യത്തിനുള്ള നോബെല്‍ പുരസ്കാരം നേടിയത് ലാറ്റിനമേരിക്കയിലെ ആഖ്യായികാകാരനും കവിയും വൃത്താന്തപത്രലേഖകനും ആയ മാരിയോ വര്‍ഗാസ് യോസെ. 1936 മാര്‍ച്ച് 28ന് പെറുവിലെ ഒരിടത്തരം കുടുംബത്തിലാണ് യോസെ ജനിച്ചത്. തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറ് ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന, മൂന്നുകോടിയോളം ജനസംഖ്യയുള്ള രാജ്യമാണ് പെറു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വര്‍ണവെറിയരായ ആക്രമണകാരികള്‍ നിര്‍മാര്‍ജനം ചെയ്ത 'ഇന്‍കാസ്', 'മയ', 'അസ്റ്റെക്' തുടങ്ങിയ മഹനീയ സംസ്കാരങ്ങളെ ആസ്ഥാനമാക്കിയാണ് ഇന്നത്തെ പെറു വളര്‍ന്ന് വികസിച്ചത്. പാബ്ളോ നെരൂദയുടെ സുപ്രസിദ്ധ കാവ്യമായ കാന്റോസ് ജനറലില്‍ ആവേശപൂര്‍വം പ്രകീര്‍ത്തിച്ചിട്ടുള്ള 'മച്ചുപിച്ചു' എന്ന പ്രാചീന ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ലോകസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.
മാരിയോ വര്‍ഗാസ് യോസെയും പെറുവിയന്‍ ജനതയില്‍ ഭൂരിപക്ഷവും, സ്പാനിഷ് ആക്രമണകാരികളുടെ പിന്‍മുറക്കാര്‍ ആണെങ്കിലും ഇപ്പോഴത്തെ തലമുറ പെറുവിന്റെ ഈ പ്രാചീന സംസ്കാരത്തില്‍ ആവേശംകൊള്ളുന്നു. യോസെയും ചെറുപ്പംതൊട്ടേ ഈ പ്രാചീനസംസ്കാരത്തിന്റെ പിന്മുറക്കാരന്‍ എന്ന നിലയിലാണ് വളര്‍ന്നുവന്നത്. അന്നത്തെ ഐതിഹ്യങ്ങളും നാടോടി പാരമ്പര്യവും യോസെയുടെ പല കൃതികളിലും പ്രകാശം പരത്തുന്നു. ലാറ്റിനമേരിക്കയിലെ രണ്ടുമൂന്ന് രാജ്യങ്ങളൊഴിച്ചാല്‍ മറ്റെല്ലായിടത്തും സംസാരിക്കുന്ന സ്പാനിഷ് ഭാഷയാണ് യോസെയുടെ മാതൃഭാഷയും സാഹിത്യമാധ്യമവും.
യോസെയുടെ സ്കൂള്‍ വിദ്യാഭ്യാസം പെറുവില്‍ കത്തോലിക്കാ മതാധികാരികള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് നിര്‍വഹിച്ചത്. ഉപരിപഠനത്തിനായി തലസ്ഥാനമായ ലിമയിലെ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. അപ്പോള്‍ മുതല്‍ക്കുതന്നെ വൃത്താന്തപത്രങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു.
സ്പെയിനും ഫ്രാന്‍സും
ഇങ്ങനെ എഴുത്ത് ആരംഭിച്ചിരുന്നുവെങ്കിലും തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി സ്പെയിനിലും അതിനുശേഷം ഒരു സ്കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് ഫ്രാന്‍സിലും യോസെ എത്തിച്ചേര്‍ന്നു. അതിനുമുന്‍പുതന്നെ വിവാഹം നടന്നുവെങ്കിലും നാലു വര്‍ഷത്തില്‍ കൂടുതല്‍ അത് നീണ്ടുനിന്നില്ല. ഫ്രാന്‍സില്‍ പ്രതീക്ഷിച്ച സ്കോളര്‍ഷിപ്പ് ലഭിച്ചില്ലെങ്കിലും കുറേക്കാലത്തേക്ക് അവിടെത്തന്നെ താമസമുറപ്പിച്ച് എഴുത്തില്‍ വ്യാപരിച്ചു. സ്വന്തം ബന്ധത്തില്‍പ്പെട്ട പാട്രീഷ്യയുമായി വീണ്ടുമൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും മൂന്നു കുട്ടികള്‍ ഈ വിവാഹ ബന്ധത്തിലൂടെ കടന്നുവരികയും ചെയ്തു.
കൃതികളും പ്രചോദനവും
സ്പാനിഷില്‍ ആണ് എഴുത്തെങ്കിലും ഇക്കാലത്ത് ഫ്രഞ്ച് വശമാക്കി. പാരീസിലെ താമസക്കാലത്താണ് അദ്ദേഹത്തിന്റെ വിവിധ തരത്തിലുള്ള സാഹിത്യരചനകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. 1957 ല്‍ ആദ്യത്തെ ചെറുകഥാസമാഹാരം പ്രസിദ്ധീകൃതമായി. പെറുവില്‍ പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു ആദ്യ ചെറുകഥാസമാഹാരമായ 'ദി ലീഡേഴ്സ്', 'ദി ഗ്രാന്റ് ഫാദര്‍' എന്നിവ പ്രസിദ്ധീകരിച്ചത്. അതിന് കിട്ടിയ സ്വാഗതം യോസെയുടെ വിവിധ തരത്തിലുള്ള സാഹിത്യ സൃഷ്ടികള്‍ക്ക് പ്രോത്സാഹനമായി. പത്രലേഖനങ്ങള്‍ക്ക് പുറമെ ചെറുകഥകള്‍, നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഡയറിക്കുറിപ്പുകള്‍ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ സര്‍ഗ പ്രപഞ്ചം. 1963ല്‍ പ്രസിദ്ധീകരിച്ച 'ദി ടൈം ഓഫ് ദി ഹീറോ' (വീരപുരുഷന്റെ കാലം) ആണ്് ആദ്യത്തെ നോവല്‍. പില്‍ക്കാലത്ത് അഞ്ചു പതിറ്റാണ്ടുകളോളമായി അനേകം നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ഇരുപത്തേഴാമത്തെ വയസ്സിലെഴുതിയ ഈ കൃതി ആണ് അവയിലേറ്റവും മെച്ചപ്പെട്ടതെന്ന് ചില നിരൂപകര്‍ കരുതുന്നു. ലിമയിലെ സൈനിക അക്കാദമിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തെ അനുഭവങ്ങളും അവിടത്തെ കൂട്ടായ്മയില്‍നിന്ന് പെറുവിലെ സാമൂഹ്യവും കുടുംബപരവുമായ ബന്ധങ്ങളെക്കുറിച്ചുള്ള അറിവും ഈ കൃതിക്ക് ഓജസ്സും വിശ്വാസ്യതയും നല്‍കുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും സമകാലിക പെറുവിയന്‍ ജീവിതത്തിന്റെ സവിശേഷതകളും സംഘര്‍ഷങ്ങളും വ്യക്തിജീവിതത്തിലെ ധര്‍മസങ്കടങ്ങളുമാണ് പശ്ചാത്തലം ഒരുക്കുന്നത്.
ഇരുപതാംനൂറ്റാണ്ടിലെ പ്രമുഖരായ എല്ലാ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയുംപോലെ മാരിയോ വര്‍ഗാസ് യോസെയും ജീവിതത്തിലും കൃതികളിലും ഇടതുപക്ഷക്കാരനായിരുന്നു. ചിലിയിലെ പാബ്ളോ നെരൂദയും കൊളംബിയക്കാരന്‍ ഗേബ്രിയല്‍ ഗ്യ്രാസ്യാ മാര്‍കെസും മറ്റും യോസെയുടെ ആരാധനാപാത്രങ്ങളായിരുന്നു. മാര്‍കെസിനെ സംബന്ധിച്ച് ഒരു പുസ്തകംതന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. 1959 ലെ ക്യൂബന്‍ വിപ്ളവവും അതിന്റെ നേതാക്കളായിരുന്ന ഫിദല്‍ കാസ്ട്രോയും ചെഗുവേരയും യോസെയുടെ പ്രചോദന സ്രോതസ്സുകളില്‍ പ്രധാന പങ്ക് അര്‍ഹിക്കുന്നു.
യോസെയുടെ മലക്കംമറിച്ചില്‍
എന്നാല്‍ വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസും സോഷ്യലിസ്റ്റ് പാര്‍ടിയും അധികാരത്തിലെത്തുകയും തുടര്‍ന്ന് ലാറ്റിനമേരിക്കയിലാകെ ഇടതുപക്ഷം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയും പന്ത്രണ്ടോളം ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുകയും ചെയ്തപ്പോഴേക്കും യോസെയുടെ നിലപാടുകള്‍ വലതുപക്ഷത്തേക്ക് ചാഞ്ഞുതുടങ്ങിയിരുന്നു. യോസെയുടെ പെറു ഈ കൊടുങ്കാറ്റില്‍പ്പെടാതെ യാഥാസ്ഥിതിക രാഷ്ട്രമായി തുടര്‍ന്നു. എങ്കിലും അവിടെ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരികയും ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള സമരം ശക്തിയാര്‍ജിക്കുകയും ചെയ്തുവന്നു. അങ്ങനെയുള്ള ഇടതുപക്ഷ ഗ്രൂപ്പുകള്‍ പാര്‍ലമെന്ററി സമ്പ്രദായത്തിലെന്നപോലെ സായുധസമരത്തിലും വിശ്വസിക്കുന്നുണ്ട്. സെന്ററോ ലുമിനോസോ (പ്രകാശഗോപുരം) എന്ന ഒരു സംഘമാണ് ഗറില്ലാ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. ധാരാളം അറസ്റ്റുകളും മര്‍ദനവും വ്യാജ ഏറ്റുമുട്ടലുകളിലെ കൊലകളും പെറുവില്‍ അക്കാലത്തെന്നപോലെ ഇക്കാലത്തും സര്‍വസാധാരണമാണ്. പക്ഷേ അതൊന്നും കണക്കിലെടുക്കാതെ യോസെ ക്യൂബക്കെതിരായി തിരിഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ അവസരവാദം ആരംഭിക്കുന്നത്.
ക്യൂബയില്‍ ഒരു വിമത സാഹിത്യകാരനും കവിയുമായ ഹെര്‍ബര്‍ടോ പാഡില്ലയെ ക്യൂബന്‍ സര്‍ക്കാര്‍ തടവിലാക്കി. അമേരിക്കന്‍ ഐക്യനാടിലെ ഫ്ളോറിഡ സംസ്ഥാനത്ത് തമ്പടിച്ച് സി ഐ എയുടെ സാമ്പത്തിക സഹായത്തോടെ ക്യൂബയില്‍ അട്ടിമറി നടത്തുന്ന രഹസ്യ സംഘടനകളുമായി ഹെര്‍ബര്‍ടോ പാഡില്ലക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റും വിചാരണയും തടവും. ഇത് ഗുരുതരമായ പൌരാവകാശ ലംഘനമാണെന്ന് ക്യൂബക്ക് പുറത്ത് പല സാഹിത്യകാരന്മാരും ബുദ്ധിജീവികളും ആരോപിച്ചു. യോസെയും അവരുടെ കൂടെ കൂടി. പാഡില്ലക്കെതിരായ തെളിവുകള്‍ ശക്തമായിരിക്കെ ഈ ബുദ്ധിജീവികളെ അംഗീകരിക്കാന്‍ കാസ്ട്രോക്ക് കഴിയാതെ വന്നതാണ് കാസ്ട്രോയുമായി തെറ്റിപ്പിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യോസെ അവകാശപ്പെടുന്നു.
യോസെയുടെ ഇരട്ടത്താപ്പ്
തീര്‍ച്ചയായും പാഡില്ലയുടെ പേരിലുള്ള ഈ ഭിന്നത നമുക്ക് അനുഭാവത്തോടെയല്ലെങ്കിലും മനസ്സിലാക്കാന്‍ കഴിയും. എഴുത്തുകാരും ബുദ്ധിജീവികളും അവരുടെ വിഭാഗത്തില്‍പെട്ട എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നത് അസ്ഥാനത്താണെങ്കില്‍പ്പോലും അസാധാരണമല്ല. അതുപോലെ ഇടതുപക്ഷത്ത് ചേര്‍ന്നുനിന്ന ബുദ്ധിജീവികള്‍ എന്തെങ്കിലും കാരണവശാല്‍ വലതുപക്ഷത്തേക്ക് തിരിയുന്നതും അസാധാരണമല്ല. കേരളത്തിലെ പി കേശവദേവും തമിഴകത്തിലെ ജയകാന്തനും ബ്രിട്ടനിലെ സ്റ്റീഫന്‍ സ്പെന്‍ഡറും ഫ്രാന്‍സിലെ ആന്‍ന്ദ്രേ ഗിഥേയും റഷ്യയിലെ ബോറിസ് പാസ്റ്റര്‍നാക്കും മറ്റും അങ്ങനെ ഇടത്തുനിന്ന് വല ത്തേക്ക് പോയവരാണ്. എന്നാല്‍ അവര്‍ക്കൊക്കെ പറയാനുള്ള ന്യായങ്ങളൊന്നും യോസെക്ക് ഇല്ലായിരുന്നുവെന്ന് മാത്രമല്ല അവരൊക്കെ അവകാശപ്പെടുന്ന മനുഷ്യാവകാശ പ്രതിബദ്ധതയും അദ്ദേഹത്തിനില്ലെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു.
ബൊളീവിയയില്‍നിന്നും കൊളംബിയയില്‍നിന്നും നിയമവിരുദ്ധമായി കുടിയേറുന്ന ആദിവാസികള്‍ സെന്ററോ ലൂമിനോസയെ സഹായിക്കുന്നു എന്ന് ആരോപിച്ച് പെറുവിയന്‍ അതിര്‍ത്തി പ്രദേശത്തെ ആദിവാസികളുടെ നേരെ പെറുവിയന്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ കടന്നാക്രമണങ്ങള്‍ നടത്തുകയും അറുനൂറില്‍പ്പരം നിരായുധരായ ആദിവാസികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. അതുസംബന്ധിച്ച് വ്യാപകമായി ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുകയുണ്ടായി. കമ്മീഷന്റെ നേതാവ് യോസെ ആയിരുന്നു. യോസെ ഈ കൂട്ടക്കൊലയെ ന്യായീകരിക്കുകയും അതിന്റെ ഉത്തരവാദികള്‍ കലഹപ്രിയരായ ആദിവാസികളാണെന്ന് എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. ഈ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരുടെ ജീവിതത്തെപ്പറ്റി വിശദമായി പഠനം നടത്തിക്കൊണ്ടിരുന്ന നരവംശ ശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഇവാന്‍ ഡെഗ്രിഗോറി ഉള്‍പ്പെടെ നിരവധി പ്രാമാണികര്‍ യോസെയുടെ ക്രൂരമായ വിലയിരുത്തലിനെ അപലപിക്കുകയുണ്ടായി. യോസെയുടെ വിചിത്രമായ പ്രതികരണം ഇതായിരുന്നു: സര്‍ക്കാരിന്റെ സേന അവരെ വധിച്ചില്ലായിരുന്നെങ്കില്‍ ലൂമിനോസക്കാര്‍ അതു ചെയ്യുമായിരുന്നു. വികാരലോലനും മനുഷ്യാവകാശവാദിയുമായ ഒരു സാഹിത്യകാരന് ഇപ്രകാരം പറയാന്‍ കഴിയുമോ എന്ന് ആരും ശങ്കിച്ചുപോകും. പക്ഷേ അപ്പോഴേക്കും കടുത്ത വലതുപക്ഷക്കാരനായി പ്രസിഡന്റുപദംവരെയുള്ള സ്ഥാനങ്ങളില്‍ കയറിക്കൂടാന്‍ മോഹിച്ചിരുന്ന യോസെ അതും അതിലപ്പുറവും പറയാന്‍ കഴിയുന്ന പതനത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.
1990 ല്‍ മൂവി മെന്റോ ലിബര്‍ടാഡ് എന്ന വലതുപക്ഷ പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒരു സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച യോസെ പരാജിതനായി. യോസെയെ തോല്‍പ്പിച്ചത് ഇടതുപക്ഷക്കാരായിരുന്നില്ല. വലതുപക്ഷക്കാരനായ ആല്‍ബെര്‍ടോ ഫുജിമോറി എന്ന കാര്‍ഷിക എന്‍ജിനിയറായിരുന്നു. യോസെയുടെ ഓര്‍മക്കുറിപ്പുകളില്‍ ( ഫിഷ് ഇന്‍ ദി വാട്ടര്‍) ഈ വിവരങ്ങളൊക്കെ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ അദ്ദേഹം ജനങ്ങളില്‍നിന്നകന്ന 'ജലത്തിലെ മത്സ്യം' ആയിരുന്നുവോ അതോ മുതലാളിത്തത്തിന്റെ സ്രാവ് ആയിരുന്നോ എന്നത് വായനക്കാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രവും നിലപാടുകളും വിവരിക്കുന്ന പുസ്തകത്തിന്റെ പേര് 'പൊളിറ്റിക്ക റാഷനബിള്‍'(Politica Razonable).യോസെയും ഫെര്‍ണാന്റോ സാവേറ്റര്‍, റോസാ ഡയസ്, അല്‍വാറോ പോംബോ, ആല്‍ബര്‍ടോ ബ്രോഡല്ലോ എന്നിവരും ചേര്‍ന്നുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഈ പുസ്തകം.
പില്‍ക്കാല കൃതികള്‍
യോസെയുടെ മാനസാന്തരത്തിന് ശേഷവും ആഖ്യായികകളും ചെറുകഥകളും ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. അവയൊക്കെ ആകര്‍ഷകമായ കലാമൂല്യങ്ങള്‍ കൊണ്ട് ധന്യമാണ്. ഈ ലേഖനത്തില്‍ പ്രധാനമായും യോസെയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും മാറ്റം മറിച്ചിലുകള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ട് അവയെക്കുറിച്ചൊന്നും വിശദമായി ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എങ്കിലും ഒരു കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. യോസെയുടെ പില്‍ക്കാല സാഹിത്യ കൃതികളെല്ലാം അദ്ദേഹത്തിന്റെ പില്‍ക്കാല രാഷ്ട്രീയ മാനസാന്തരത്തിന്റെയോ നവ ലിബറലിസത്തിന്റെയോ ആഗോളവല്‍ക്കരണത്തിന്റെയോ പച്ചയായ പ്രതിഫലനങ്ങളല്ല. യോസെയിലെ സാഹിത്യകാരന്‍ പൂര്‍ണമായി അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളെ ന്യായീകരിക്കുന്നില്ല.
ചില കൃതികളെപ്പറ്റി ചുരുക്കമായി പറഞ്ഞുപോകാം
വര്‍ഗാസ് യോസെയുടെ കൃതികളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ചരിത്രപരമായ സംഭവങ്ങളുടെ പ്രതിഫലനങ്ങളും വ്യക്തിപരമായ അനുഭവങ്ങളുടെ പ്രതികരണങ്ങളുംകൊണ്ട് സമ്പന്നമാണ്. അദ്ദേഹത്തിന്റെ ആദ്യ കൃതിയായ 'ദി ടൈം ഓഫ് ദി ഹീറോ' (വീരപുരുഷന്റെ കാലം) ഉരുത്തിരിഞ്ഞത് ലിമയിലെ സൈനിക അക്കാദമിയിലെ പഠനകാലത്തെ അനുഭവങ്ങളായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. പെറുവിയന്‍ സാമൂഹ്യവ്യവസ്ഥയിലെ സാര്‍വത്രികമായ അഴിമതിയുടെ ആഖ്യാനങ്ങളാണതിലേറെയും. അടുത്ത പ്രധാനപ്പെട്ട നോവലായ, രണ്ടു സഞ്ചികകളിലൂടെ പൂര്‍ത്തിയായ Conversation on the Cathedral (ഭദ്രാസന പള്ളിയിലെ സംഭാഷണം- 1975) പെറുവിയന്‍ ഭരണാധികാരികളുടെ മര്‍ദനവാഴ്ച അനാവരണം ചെയ്യുന്നു. അന്നത്തെ പ്രസിഡന്റ് മാന്വല്‍ എ ഓഡ്രിയയുടെ തേര്‍വാഴ്ചയുടെ ചിത്രങ്ങളാണ് അതില്‍ വരച്ചുകാണിക്കുന്നത.് അതിലെ പ്രധാന കഥാപാത്രമായ കലാപകാരി സാന്റിയാഗോ ഓഡ്രിയയുടെ വീര്‍പ്പുമുട്ടിക്കുന്ന ഏകാധിപത്യത്തിനെതിരെ പൊരുതുന്ന കഥയാണ് യോസെ ഇതില്‍ വിവരിക്കുന്നത്. മറ്റൊരു നോവലായ ദി ഗ്രീന്‍ ഹൌസ് (ഹരിതഗൃഹം-1968) അഴിമതിക്കാരായ പട്ടാളമേധാവികള്‍ വേശ്യാഗൃഹങ്ങളില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളുടെയും ചൂഷണത്തിന്റെയും കഥയാണ്. യോസെയുടെ ചില നോവലുകള്‍ പെറുവിന് പുറത്തുള്ള ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളായ ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ളിക് തുടങ്ങിയവയെ പരാമര്‍ശിക്കുന്നു. പെറുവിന് പുറത്തുള്ള ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളിലെ ചില സംഭവങ്ങളും അനുഭവങ്ങളുമാണ് 'ദി വാര്‍ ഓഫ് ദി എന്റ് ഓഫ് ദി വേള്‍ഡ്' (ലോകാവസാനയുദ്ധം) എന്ന കൃതിയിലെ പ്രതിപാദ്യം. 1902 ല്‍ നടന്ന ബ്രസീലിയന്‍ സര്‍ക്കാരിനെതിരെയുള്ള കാന്റോസ് കലാപത്തെക്കുറിച്ചുള്ള ചരിത്ര സംഭവങ്ങളാണ് ഇതിലെ വിഷയം. 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്'(മുട്ടനാടിന്റെ വിരുന്ന്) ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ സ്വേച്ഛാധികാരി പ്രസിഡന്റ് റാഫേല്‍ ട്രുജില്ലോവിന്റെ വാഴ്ചക്കെതിരെ നടന്ന കലാപത്തിന്റെ കഥയാണ്. അതിലെ ചരിത്ര സംഭവങ്ങള്‍ സത്യസന്ധമായി വിവരിക്കുന്നതാണ് ആ പുസ്തകം എങ്കിലും അതൊരു ചരിത്രമല്ല എന്നും ആഖ്യായികയാണെന്നും യോസെ അവകാശപ്പെടുന്നു. യോസെയുടെ അടുത്തകാലത്തെ നോവലാണ് 'ദി വേ ടു പാരഡൈസ്' (പറുദീസയിലേക്കുള്ള വഴി-2003).
ഫ്ളോറ ട്രിസ്റ്റാന്‍ എന്ന സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ ജീവിതത്തെ ആസ്പദമക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. അവര്‍ക്ക് പറുദീസയില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന ദുരന്തമാണ് പ്രതിപാദ്യം.
എല്ലാ കഥകളിലും യോസെയുടെ മനുഷ്യപ്പറ്റും സ്വാതന്ത്ര്യബോധവും ചിലപ്പോള്‍ ദുരന്തവീക്ഷണവും ആവിഷ്കരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ കാല്‍പ്പനിക ഭാവനകള്‍കൊണ്ട് സുന്ദരമാണ്. രാഷ്ട്രീയം എന്തുതന്നെയായാലും യോസെക്ക് ലഭിച്ച നോബെല്‍ പുരസ്കാരം സര്‍വഥാ അര്‍ഹിക്കുന്നതുതന്നെ എന്നതില്‍ സംശയമില്ല.
*
പി ഗോവിന്ദപ്പിള്ള കടപ്പാട്: ദേശാഭിമാനി വാരിക 24 ഒക്ടോബര്‍ 2010
Friday, October 22, 2010
Subscribe to:
Post Comments (Atom)
1 comment:
ഈ വര്‍ഷത്തെ (2010) സാഹിത്യത്തിനുള്ള നോബെല്‍ പുരസ്കാരം നേടിയത് ലാറ്റിനമേരിക്കയിലെ ആഖ്യായികാകാരനും കവിയും വൃത്താന്തപത്രലേഖകനും ആയ മാരിയോ വര്‍ഗാസ് യോസെ. 1936 മാര്‍ച്ച് 28ന് പെറുവിലെ ഒരിടത്തരം കുടുംബത്തിലാണ് യോസെ ജനിച്ചത്. തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറ് ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന, മൂന്നുകോടിയോളം ജനസംഖ്യയുള്ള രാജ്യമാണ് പെറു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വര്‍ണവെറിയരായ ആക്രമണകാരികള്‍ നിര്‍മാര്‍ജനം ചെയ്ത 'ഇന്‍കാസ്', 'മയ', 'അസ്റ്റെക്' തുടങ്ങിയ മഹനീയ സംസ്കാരങ്ങളെ ആസ്ഥാനമാക്കിയാണ് ഇന്നത്തെ പെറു വളര്‍ന്ന് വികസിച്ചത്. പാബ്ളോ നെരൂദയുടെ സുപ്രസിദ്ധ കാവ്യമായ കാന്റോസ് ജനറലില്‍ ആവേശപൂര്‍വം പ്രകീര്‍ത്തിച്ചിട്ടുള്ള 'മച്ചുപിച്ചു' എന്ന പ്രാചീന ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ലോകസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.
Post a Comment