ഇടശ്ശേരിയെക്കുറിച്ച് മകന്‍ ഇ.മാധവന്‍ (ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കൊച്ചി ) ബാങ്ക് വര്‍ക്കേഴ്‌സ് ഫോറവുമായി ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.
"കേട്ടിട്ടില്ലേ, തുടികൊട്ടുംകലര്‍-
ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം''
"ഏതോ അഗാധതയില്‍ നിന്ന് എന്റെ മനസ്സ് വാരി ക്കൊണ്ടുവന്ന ഒരു കുടന്ന അയിര്‍മണ്ണുമായിട്ടാണ് ഞാന്‍ പണിപ്പുരയില്‍ പ്രവേശിക്കുന്നത്....''
മലയാളത്തിന് ഇടശ്ശേരി ഒന്നേയുള്ളൂ. ആ കാവ്യ സരണിയിലേക്ക് ഒരിക്കല്‍ ആകര്‍ഷിക്കപ്പെട്ടാല്‍ ചെറു വാല്യക്കാര്‍മാത്രമല്ല, ബാലരും വൃദ്ധരും ആ കാവ്യാംഗനയുടെ കടാക്ഷത്തില്‍ നിന്നും ഒരിക്കലും വിട്ടു പോവാന്‍ ആഗ്രഹിക്കില്ല.
ആഖ്യാനങ്ങള്‍ പഴയമട്ടിലേക്ക് ചേര്‍ത്തുവെച്ചെങ്കിലും ഇടശ്ശേരി തന്നത് ഉറങ്ങാത്ത തത്വശാസ്‌ത്രങ്ങളായിരുന്നു, പുത്തന്‍ കലത്തെയും അരിവാളിനെയുമായിരുന്നു. അങ്ങനെ സാമൂഹ്യബോധം കവിതയിലും തുള്ളിചേര്‍ക്കാമെന്നും ആ തുള്ളികള്‍ ചേര്‍ത്ത് അലകടലുണ്ടാക്കാമെന്നും കവിതയില്‍ ഇടശ്ശേരി പഠിപ്പിക്കുന്നു.
ഇനി മകന്റെ വാക്കുകള്‍
അച്‌ഛന്‍ അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്‍ക്കാര്‍ ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്‌തന്‍, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന്‍ എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന്‍ എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്‌സ്‌ട്രാ റോള്‍ ആയിരുന്നു.
എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.
ഇടശ്ശേരി ജീവിതത്തില്‍ എന്തായിരുന്നു?

നാടകങ്ങള്‍ എന്നിവയൊക്കെ പ്രിയങ്കരമായിരുന്നു. വായനശാലകള്‍, നാടകസമിതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജാതിരഹിത കൂട്ടായ്‌മകളിലൊക്കെ സജീവമായിരുന്നു. ഇത്തരം വേദികളില്‍, ജാതിയില്ലാതെ, സാമ്പത്തിക പരിഗണനകളില്ലാതെ, പൊതുസമൂഹത്തില്‍ ഇടപെടാനുള്ള അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. കൊടുക്കല്‍ വാങ്ങലുകളുടെ ഒരിടമായിരുന്നു അത്. ഇന്നിപ്പോള്‍ അത്തരം ഇടങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഒരച്‌ഛന്‍ എന്ന നിലക്ക് ഇടശ്ശേരിയുടെ കുടുംബത്തിലെ ഇടപെടലുകളെപറ്റി?
മൌലികതയെപ്പറ്റി തികഞ്ഞ ബോധമുണ്ടായിരുന്നു അച്‌ഛന്. ഒരാളേയും കോപ്പി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നില്ല, പിന്നെ, സങ്കല്‍പം, ഭാവന എന്നിവയൊക്കെ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നു.
ഇടശ്ശേരി ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും, അമ്പലങ്ങളില്‍ അധികം പോകുമായിരുന്നില്ല എന്ന് വായിച്ചിട്ടുണ്ട്. വിശ്വാസം ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട ഒന്നല്ലായിരുന്നു അദ്ദേഹത്തിന്. ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ, എന്തെങ്കിലും പറയാന്‍ കഴിയുമോ?
പുത്തന്‍ കലവും അരിവാളും, പണിമുടക്കം എന്നിവയൊക്കെ ആര്‍ക്കുവേണ്ടി എഴുതിയോ - ആര്‍ക്കുവേണ്ടി എഴുതി എന്നതിലുപരി, ആരെപ്പറ്റിയാണോ എഴുതിയത് - അവരോടുള്ള ഒരു ആത്മബന്ധവും, അവരുമായിട്ടുള്ള സംവേദനവുമാണ് അതിന്റെ അടിസ്ഥാനം.

പുരോഗമനം എന്നുള്ളതു ഒരു അനുസ്യൂതമായിട്ടുള്ള വീക്ഷണമാണ് അല്ലേ? സ്ഥായിയായ ഒരു വീക്ഷണമുണ്ടായിരുന്നു അദ്ദേഹത്തിന്. പെട്ടെന്നുള്ള പ്രകോപനമല്ല. അല്ലേ?
അതെ. എഴുതിയതൊന്നും അതെഴുതേണ്ടിയിരുന്നില്ല എന്ന് പിന്നീടൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എഴുതിയത് എഴുതിയത് തന്നെയാണ്. എനിക്കുള്ള ഓര്‍മ്മകള്‍ വെച്ച് അദ്ദേഹം വളരെ ലവിംഗ് ആയിരുന്നു. കാര്‍ക്കശ്യവും ഉണ്ടായിരുന്നു.
മറ്റു കുട്ടികളൊക്കെ?
ഞങ്ങള്‍ 8 പേരാണ്. ശരിക്കും 10 പേരുണ്ടായിരുന്നു. രണ്ടുപേര്‍ മരിച്ചുപോയി. അന്നൊക്കെ ശിശുമരണങ്ങള്‍ കൂടുതലായിരുന്നല്ലോ.
കാര്‍ക്കശ്യം എന്ന് പറഞ്ഞത് കുടുംബത്തിലൊക്കെ ചിട്ടവട്ടങ്ങള്‍ നിര്‍ബന്ധിക്കുന്ന ഒരച്‌ഛന്‍ എന്ന നിലക്കാണോ?
അതേ. അതേസമയം ശിക്ഷിക്കുന്ന ആളുവന്നുതന്നെ ഒരുപാട് ഓമനിക്കുകയും ചെയ്യും. അങ്ങിനെ ഒരിതുണ്ടല്ലോ. അച്‌ഛന്റെ മാത്രമല്ല, പല അച്‌ഛന്മാരുടേയും ഒരു പ്രത്യേകതയാണത്.
കുടുംബാംഗങ്ങളുമായി സാഹിത്യചര്‍ച്ചകളൊക്കെ പതിവായിരുന്നോ?

സമൂഹവും ജീവിതവും

പി.സിമാമയുടെ ചിരിയും ഭാവാഭിനയവും
ചെറുപ്പകാലത്ത് പരിചയപ്പെട്ട, ഇടപഴകിയ സാഹിത്യകാരന്മാര്‍?

സംസാരിക്കുമ്പോഴും വളരെ രസമാണ്. ആക്‌റ്റ് ചെയ്‌തിട്ടൊക്കെയാണ്. ഞങ്ങള്‍ ഉറൂബിനെ പി.സി. മാമ എന്നാണ് വിളിക്കുക. അദ്ദേഹം സംസാരിക്കുമ്പോള്‍ ഇങ്ങനെ ഇരുന്നിട്ട് സംസാരിക്കില്ല. കുറച്ചു കഴിയുമ്പോള്‍ ആള്‍ എഴുന്നേല്‍ക്കും. എന്നിട്ട് ആക്‌റ്റ് ചെയ്യും. ഒരു മീറ്റിങ്ങിന്റെ, സാഹിത്യ അക്കാദമി മീറ്റിങ്ങിന്റെ കാര്യമാണെങ്കില്‍ മാധവിക്കുട്ടി അവിടെ വന്ന കാര്യം പറയുകയാണെങ്കില്‍, മാധവിക്കുട്ടി എങ്ങിനെ വന്നു, എങ്ങനെയാണ് മാധവിക്കുട്ടി സംസാരിച്ചത്, മലയാളത്തിലെ ഫ്ളൂവന്‍സി കുറവ് ഇതൊക്കെ ആക്‌റ്റ് ചെയ്‌ത് കാണിച്ചിട്ടാണ് മൂപ്പര് സംസാരിക്കുക. അത് ഭയങ്കര രസായിരുന്നു കേട്ടിരിക്കാന്‍. നമ്മളൊക്കെ പയ്യന്മാരല്ലേ, സൈഡ്‌ലൈനില്‍ ങ്ങനെ ദൂരെ നിന്നിട്ട് നോക്കും.
ഇടശ്ശേരിയും നാടകങ്ങള്‍ ഒക്കെ ചെയ്‌തിട്ടുണ്ടല്ലോ?

കൂട്ടുകൃഷിയുടെ നാടകാവതരണം എറണാകുളത്ത് ബാങ്ക് ജീവനക്കാരുടെ കലാസംഘടനയായ 'ബീം' നടത്തിയിട്ടുണ്ട്. നാടകാഭിനയങ്ങളൊക്കെ എങ്ങനെയായിരുന്നു ഗൃഹസദസ്സുകളില്‍?
പിന്നെ, ഈ പറയുന്ന ഞാന്‍ തന്നെ അഭിനയിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ഞാന്‍ പറഞ്ഞില്ലേ, വായനശാലാ പ്രസ്ഥാനമൊക്കെയുണ്ട് അക്കാലത്ത്. അപ്പോ, വായനശാലയുടെ നാടകങ്ങളൊക്കെ ഉണ്ടായിരിക്കും. അന്ന് ഞങ്ങള്‍ക്കൊക്കെ ഒരു സ്‌റ്റേജ് വേണം. പക്ഷേ റിഹേഴ്‌സല്‍ തുടങ്ങുമ്പോഴായിരിക്കും ഈ സാധനം വഴങ്ങുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കുക. ചിലപ്പോള്‍ തീരെ വഴങ്ങാത്ത സിറ്റുവേഷന്‍ വരും. പിന്നെ അവര് നമ്മളെ സൌഹാര്‍ദ്ദത്തില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കും. അങ്ങനെയായിരുന്നു അന്നത്തെ ഏര്‍പ്പാടുകള്‍.
അച്‌ഛന്റെ സാഹിത്യസൃഷ്‌ടികള്‍ പ്രസിദ്ധീകരിച്ചിരുന്നത് ആരൊക്കെ?
അങ്ങനെ ഒരു പ്രത്യേക വിഭാഗമോ വലിപ്പ ചെറുപ്പമോ ഇല്ലായിരുന്നു. അച്‌ഛന്‍ എഴുതിയ ഒരു സാധനം, വളരെ ഗംഭീരമെന്ന് പില്‍ക്കാലത്തു അറിയപ്പെട്ടിട്ടുള്ള കവിത, കൊടുത്തിട്ടുള്ളത് ഒരു സ്‌കൂള്‍ മാസികക്കായിരിക്കും. അല്ലെങ്കില്‍ വളരെയൊന്നും അറിയപ്പെടാത്ത ഒരു വായനശാലയുടെ വാര്‍ഷിക പ്രസിദ്ധീകരണത്തിനായിരിക്കും. ഇന്നിപ്പോ അങ്ങിനെയൊന്നുമല്ല. നല്ലൊരു സാധനമുണ്ടെങ്കില്‍ അത് മാതൃഭൂമിയിലാകും, അല്ലെങ്കില്‍ കലാകൌമുദിയിലാകും വരിക. അന്ന് അങ്ങിനെയില്ല. വളരെ പ്രധാനപ്പെട്ടതെന്ന് പിന്നീട് പ്രഘോഷിക്കപ്പെട്ട പലതും പ്രസിദ്ധീകൃതമായത് അപ്രധാനമായ പ്രസിദ്ധീകരണങ്ങളിലായിരിക്കും. ഇന്നതിനെന്നില്ല. മാതൃഭൂമിയിലായും എന്തായാലും ആദ്യം ആവശ്യപ്പെടുന്നവര്‍ക്ക് കൊടുക്കും.
ആദ്യകവിതയും വേതനവും പുരസ്‌കാരങ്ങളും
കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളൊക്കെ അച്‌ഛന് ലഭിച്ചിട്ടുണ്ട്. 1966 ല്‍ ആയിരുന്നു അച്‌ഛന്റെ ഷഷ്‌ഠിപൂര്‍ത്തി. അന്ന് പൊന്നാനിയില്‍ നാലു ദിവസത്തെ പരിപാടികള്‍ ഉണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടി. അന്നാണ് ഞങ്ങള്‍തന്നെ മനസ്സിലാകുന്നത് ഈ കവി ആവുക എന്നാല്‍ ഇത്ര വലിയ സംഭവമാണെന്ന്. അന്ന് ആരെങ്കിലും വീട്ടില്‍ വന്നാല്‍ ബസ് കേറ്റാന്‍ കൊണ്ടുപോകുക എന്നുള്ളത് ഞങ്ങള്‍ പയ്യന്മാരുടെ പരിപാടി ആയിരുന്നു. അവര് വഴി തെറ്റാതെ ബസ് സ്‌റ്റോപ്പിലെത്തി എന്ന് ഉറപ്പുവരുത്തും. വൈലോപ്പിള്ളിക്കൊപ്പം പോകല്‍ എനിക്കായിരുന്നു. "എന്താ വല്ലതും എഴ്‌തണുണ്ടോ'' അദ്ദേഹം ആരാഞ്ഞു. ഞാന്‍ പറഞ്ഞു, എഴുതണില്ല. ങ്ങാ, ഇനി എഴുതിക്കോളൂ, അച്‌ഛന്റെ ആദ്യകവിത ‘അളകാവലി’യുടെ കഥയായിരുന്നു. മാതൃഭൂമിയിലാണ് വന്നത്.
കുറേശ്ശേ എഴുത്തിന് വേതനം കിട്ടിത്തുടങ്ങുന്നതേയുള്ളൂ. പബ്ളിഷ് ചെയ്‌താല്‍ ഒരു വാരിക മാത്രമേ കൊടുക്കൂ. കോപ്പി കിട്ടണമെങ്കില്‍ പൈസ അടക്കണം. ചുരുക്കിപ്പറഞ്ഞാല്‍ മാതൃഭൂമിക്ക് അച്‌ഛന്‍ കടക്കാരനാവുകയാണ് ചെയ്‌തത്. അത്രക്ക് കര്‍ശനമായിരുന്നു പണത്തെപ്പറ്റിയുള്ള അന്നത്തെ കാര്യങ്ങള്‍. അച്ഛന്റെ തന്നെ വാക്കുകള്‍ പകര്‍ത്തട്ടെ.
'പണമുണ്ടാക്കുക എന്നതായി ജീവിതത്തിലെ മുഖ്യപ്രശ്നം. അതിന്നൊരു മാര്‍ഗ്ഗമെന്ന നിലയില്‍ അതേവരെ എഴുതിയിരുന്ന ഖണ്ഡകവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത കുറെ കൃതികള്‍ 'അളകാവലി' എന്ന പേരില്‍ പുസ്‌തകമാക്കി. അതേവരെയും പിന്നീടു മുഖ്യമായും എന്റെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന മാതൃഭൂമിയാണ് അച്ചടി നിര്‍വഹിക്കുന്നത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ചേര്‍ക്കുന്ന കവിതകള്‍ക്ക് ചുരുങ്ങിയ തോതിലെങ്കിലും പ്രതിഫലം തരാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഈട്ടംകൂടിയിരുന്ന കാശും അന്നന്നു ഹര്‍ജികള്‍ എഴുതിക്കൊടുത്തു കിട്ടിയ കാശുംകൊണ്ട് അച്ചടി കൂടി തീരാതെ വളരെക്കാലം ആ പുസ്‌തകങ്ങള്‍ പ്രസ്സിലെ ഗര്‍ഭഗൃഹത്തില്‍ കിടന്നു. മാനേജര്‍ ശ്രീ കൃഷ്‌ണന്‍നായര്‍ സദയം വിട്ടുതന്ന 25 കോപ്പികള്‍ കേരളത്തിലെ പ്രമുഖ കവികള്‍ക്കും എന്റെ ചില സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ഞാന്‍ കവിപ്രതിഷ്‌ഠ നേടി, ഭാവിഭാഗ്യങ്ങളെ സ്വപ്‌നം കാണാനുള്ള അര്‍ഹത സമ്പാദിച്ചു. എന്റെ ഒരു മിത്രം, ശ്രീ. ഇ. പി. സുമിത്രന്‍ (മാസ്റ്റര്‍!) ഇതിലിടയ്‌ക്ക് മാനേജരെ സമീപിച്ച് 100 കോപ്പിയെങ്കിലും വിട്ടുതരാനപേക്ഷിച്ചു. അതു വിറ്റ് അച്ചടിക്കൂലി തീര്‍ത്ത് ബാക്കി പുസ്‌തകങ്ങള്‍ കൈക്കലാക്കാമെന്നായിരുന്നു പ്ളാന്‍!. സത്യത്തിന്നു നേരുനീക്കം വരുത്താത്ത മാനേജര്‍ സാനുഭാവം അന്വേഷിച്ചു.
'മാസ്‌റ്റരുടെ കൈയില്‍ എത്ര സംഖ്യയുണ്ട് ?'
'തല്‍ക്കാലം ഒമ്പതുറുപ്പിക'
'എന്നാല്‍ അതടച്ചു തല്‍ക്കാലം 12 പുസ്‌തകം വാങ്ങിക്കോളൂ. അതു വിറ്റ വില 9 ക. വീണ്ടും അടച്ചാല്‍ 12 പുസ്‌തകം കൂടി എടുക്കാം. അങ്ങനെ ക്രമേണ എല്ലാ പുസ്‌തങ്ങളും വിട്ടെടുക്കാമല്ലോ.'
മാസ്‌റ്റര്‍ ആ സൌമനസ്യവും 12 പുസ്‌തകങ്ങളും വാങ്ങിപ്പോന്നു.
പിന്നീടൊരിക്കല്‍ ശ്രീ. എസ്.കെ. പൊറ്റക്കാട്ട് ഈ വിവരമറിഞ്ഞു പ്രസ്സില്‍ പോയി എന്റെ കടം വീട്ടിയപ്പോഴേക്ക് ഏറെക്കാലം കഴിഞ്ഞിരുന്നുവെങ്കിലും മാനേജര്‍ പലിശ വസൂലാക്കിയില്ല! '
കത്തുകള്‍ ധാരാളം അച്‌ഛന് വരുമായിരുന്നു. ഇ. ഗോവിന്ദന്‍നായര്‍ പൊന്നാനി - ഇത്രയേവേണ്ടൂ വിലാസം. കാര്‍ഡിലാണ് അന്ന് കൂടുതല്‍ കത്തുകളെഴുതുക. രണ്ടുഭാഗത്തും ചെറുതായി ധാരാളമെഴുതും. കുറച്ചുകൂടി പ്രമാണിമാരാണ് ഇന്‍ലന്റ് ഉപയോഗിക്കുക. ധാരാളം മെറ്റീരിയല്‍ ഉണ്ടെങ്കില്‍ മാത്രമേ അപൂര്‍വ്വം കവര്‍ ഉപയോഗിക്കൂ. പല കത്തുകളും എനിക്കും വായിക്കാന്‍ പറ്റിയിട്ടുണ്ട്. പ്രത്യേകിച്ചും എന്‍.വി. കൃഷ്‌ണവാരിയരുടെ. വളരെ രസമാണ് എന്‍.വി.യുടെ കത്തുവായിക്കാന്‍. പേഴ്‌സണല്‍ ടച്ച് ആദ്യത്തേയും അവസാനത്തെയും സെന്റന്‍സുകളില്‍ മാത്രമേ കാണൂ. ബാക്കിയെല്ലാം സാഹിത്യചര്‍ച്ചകള്‍. സാഗരസ്‌തുതി എന്ന കവിത വിവരിക്കുകയാണ്. മീന്‍ ധാരാളമായിട്ടുണ്ടാകുന്ന ചാകര - കുടിലുകളിലൊക്കെ ഉത്സവമായി. അവരുടെയൊക്കെ ആ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, തൊഴിലാളികളുടെ ഭാഷയില്‍ അദ്ദേഹം വിവരിക്കുകയാണ്. അതാണ് കവിത - അപ്പോ തെരണ്ടിയെപ്പറ്റി പറയണ്ണ്ട്. അയിലയെപറ്റി പറയണ്ണ്ട്. ചാളയെപറ്റീംണ്ട്. എങ്ങനെയാണ് മീന്‍ ണ്ടാക്കണത്, അയില എങ്ങനെയാണ് ണ്ടാകണത്. കവിതയില്‍ പറയുന്നുണ്ട്. മല്ലിച്ചാറില്‍ പുതഞ്ഞുവേവുമ്പോള്‍ അതില്‍ത്തെ മുള്ളുകള്‍ നന്നായി പെറുക്കുക. നാമജപത്തിനുശേഷം മുള്ളു പെറുക്കാന്‍എനിക്ക് പറ്റൂല്ല. പെണ്ണേ നീയത് ഭംഗിയായുണ്ടാക്കണം. അങ്ങിനെ അതിനെപറ്റിയെല്ലാം. മീനിന്റെ പൊലിമ. ഒരു സമൂഹം മുഴുവന്‍ (ചാകര) ഉത്സവം ആകുന്നത്. ഈ കവിത പ്രസിദ്ധീകരണത്തിന് കിട്ടിയശേഷം എന്‍.വി. കൃഷ്‌ണവാര്യരുടെ കത്താണ്. "സാഗരസ്‌തുതി വായിച്ചു. മീന്‍മണം നല്ലവണ്ണമുണ്ട്''. ഈ അനൌപചാരികത, രസികത്തം, അതൊക്കെ നമുക്ക് അത്ഭുതമായിതോന്നും. ഇന്നിപ്പോള്‍ പത്രാധിപര്‍ എഴുത്തുകാര്‍ക്ക് അച്ചടിച്ച മറുപടിപോലും കൊടുക്കുന്നുണ്ടാവില്ല.
രാഷ്‌ട്രീയം, സിനിമ എന്നിങ്ങനെയുള്ള കാര്യ ങ്ങളില്‍ ഇടശ്ശേരിയുടെ ആഭിമുഖ്യത്തെപ്പറ്റി?
സിനിമയില്‍ വല്യ കമ്പം കണ്ടിട്ടില്ല. രാഷ്‌ട്രീയത്തില്‍ വളരെയധികം ഇന്‍വോള്‍വ്മെന്റ് ഉണ്ടായിരുന്നു. അന്നത്തെ കാലത്തെ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ ലഘുലേഖ, പത്രപ്രവര്‍ത്തനം എന്നിവ പ്രധാനമായിരുന്നു. ഇതുരണ്ടുമായി അച്‌ഛന്‍ ശക്തമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് കക്ഷിരാഷ്‌ട്രീയം വന്നപ്പോള്‍ സജീവത കുറഞ്ഞു. എല്ലാത്തിനോടും ബന്ധം അല്ലാതെ ഒന്നിനോടും ഭയങ്കര ആഭിമുഖ്യമുണ്ടായിരുന്നില്ല അച്‌ഛന്. എല്ലാത്തിനോടും സഫലമായിട്ട് ഇടപഴകുക എന്നുള്ളതായിരുന്നു ശൈലി.
അദ്ദേഹത്തിന് ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങളോടൊപ്പം അദ്ദേഹം നിന്നിരുന്നു. അതിനെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെട്ടിട്ടില്ല?
എന്തിനാണ് നിങ്ങള്‍ അവിടെ പോയത് എന്നതിന് വ്യക്തമായ ഉത്തരമുണ്ട്. ഇന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇന്നയിടത്ത് ഇപ്പോഴുള്ളത്. ഇന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇന്ന ആള്‍ക്കാരുടെ അടുത്ത് ഇല്ലാത്തത്. He was very clear.
*****
കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം,Edasseri Smaraka Samithi - official web site
ചിത്രങ്ങള്‍ : ആര്‍ട്ടിസ്‌റ്റ് നമ്പൂതിരി
പിന്‍കുറിപ്പ്
പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.
ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു
1 comment:
അച്‌ഛന് അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്‍ക്കാര്‍ ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്‌തന്‍, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന്‍ എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന്‍ എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്‌സ്‌ട്രാ റോള്‍ ആയിരുന്നു.
എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.
Post a Comment