Monday, October 11, 2010

ഗാന്ധിജിക്ക് നല്‍കാത്ത നോബേല്‍ സിയാബോയ്‌ക്ക് !

അഹിംസയ്‌ക്കും സമാധാനത്തിനും വേണ്ടി ജീവിക്കുകയും മതസൌഹാര്‍ദത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്‌ത മഹാത്മാഗാന്ധിക്ക് നല്‍കാത്ത നൊബേല്‍ സമ്മാനമാണ് ചൈനയിലെ ഗവണ്‍മെന്റിനെതിരെ കുത്തിത്തിരിപ്പും കലാപവും കുത്തിപ്പൊക്കാന്‍ ശ്രമിച്ച ലിയു സിയാബോയ്‌ക്ക് നല്‍കുന്നത്- സമാധാനത്തിനുള്ള സമ്മാനം! ഗാന്ധിജി സാമ്രാജ്യത്വത്തിനെതിരെ തന്റേതായ രീതിയില്‍ പൊരുതിയ ആള്‍. സിയാബോ സാമ്രാജ്യത്വത്തിനുവേണ്ടി സ്വന്തം നാടിനെ തകര്‍ക്കാന്‍ പുറപ്പെട്ടയാള്‍.

നൊബേല്‍ കമ്മിറ്റിക്ക് സിയാബോയെപ്പോലുള്ളവരേ സ്വീകാര്യരാകൂ. അതാണ് അവരുടെ രാഷ്‌ട്രീയം. അതാണ് അവരുടെ സമാധാനം! അതാണ് അവരുടെ ചരിത്രം! നൊബേല്‍ സമ്മാനത്തിന്റെ മുഖമുദ്രയാണ് ജനാധിപത്യവിരുദ്ധത. പലസ്‌തീന്‍ വിമോചനപോരാട്ടത്തിന്റെ വീരനേതാവായിരുന്ന യാസര്‍ അറാഫത്തിന് കൊടുക്കാതിരുന്ന സമാധാനസമ്മാനം അവര്‍ സബൂയിലും ഛാറ്റിലയിലുമുള്ള അഭയാര്‍ഥിക്യാമ്പുകളില്‍ അഗ്നിവര്‍ഷം നടത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി മെനാകം ബഗിന് നല്‍കി- സ്‌ത്രീകളെയും കുട്ടികളെയും കൂട്ടക്കൊലചെയ്‌തതിന് ഒരു കരാറിന്റെ പേരുപറഞ്ഞ് മറതീര്‍ത്തുകൊണ്ട്.

1901ലാണ് നൊബേല്‍ സമ്മാനം ആരംഭിച്ചത്. അത് അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണാധികാരികളെ തേടി തുടരെ ചെന്നുകൊണ്ടിരുന്നു. തിയോഡാര്‍ റൂസ്‌വെല്‍റ്റിനും വുഡ്റോ വില്‍സനും എന്നുവേണ്ട, അധികാരമേറ്റ് ഒമ്പതുമാസം തികയുംമുമ്പ് ബറാക് ഒബാമയെവരെ അത് തേടിച്ചെന്നു. എന്നാല്‍, സോവിയറ്റ് യൂണിയന്റെ ഒരു ഭരണാധികാരിയെയും അത് തേടിച്ചെന്നില്ല. ഒടുവില്‍ അവിടെനിന്നുള്ള ഒരാള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത് 1990ലാണ്- മിഖായേല്‍ ഗോര്‍ബച്ചേവിന്- ഗ്ളാസ്‌നോസ്‌റ്റും പെരസ്‌ട്രോയിക്കയും കൊണ്ട് സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിനുള്ള പ്രത്യുപകാരമായി! ടോള്‍സ്‌റ്റോയി, മാക്‌സിം ഗോര്‍ക്കി, മയക്കോവ്സ്‌കി തുടങ്ങിയവരാണ് ലോകത്ത് അറിയപ്പെടുന്ന സോവിയറ്റ് യൂണിയന്റെ എഴുത്തുകാര്‍. എല്ലാവരും നൊബേല്‍ സമ്മാനഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍. എന്നാല്‍, നൊബേല്‍ സമ്മാനം തേടിച്ചെന്നത് ഇവരെയൊന്നുമല്ല, ബോറിസ് പാസ്‌റ്റര്‍ നാക്, അലക്‌സാണ്ടര്‍ സോള്‍ ഷെനിറ്റ്സിന്‍ തുടങ്ങിയവരെയാണ്. ഗുലാഗ് ആര്‍ക്കിപ്പെലാഗോ, ക്യാന്‍സര്‍ വാര്‍ഡ്, ദ ഫസ്‌റ്റ് സര്‍ക്കിള്‍ തുടങ്ങിയ കമ്യൂണിസ്‌റ്റുവിരുദ്ധ കൃതികളെഴുതി സോഷ്യലിസ്‌റ്റ് സാമൂഹ്യക്രമത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍, നൊബേല്‍ സമ്മാനദാതാക്കള്‍ക്ക് അക്കൂട്ടരെ എങ്ങനെ ആദരിക്കാതിരിക്കാനാകും?

പോളണ്ടിലെ സോഷ്യലിസ്‌റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ആളാണ് ലേ വലേസ. 1980കളുടെ അവസാനം തുടരെ സമരങ്ങളും കലാപങ്ങളും നയിച്ച് പോളണ്ടിലെ ഭരണത്തെത്തന്നെ തകര്‍ക്കാനുള്ള സാമ്രാജ്യത്വതന്ത്രങ്ങള്‍ക്ക് അരങ്ങൊരുക്കിക്കൊടുത്ത ആള്‍. ആ ലേ വലേസയ്‌ക്കും കിട്ടി ഒരു നൊബേല്‍ സമ്മാനം.
ലോകമെമ്പാടും സഞ്ചരിച്ച് ചൈനയിലെ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്‍നിന്നുപ്രവര്‍ത്തിക്കുന്ന ആളായിരുന്നു തിബറ്റിലെ പതിനാലാമത് ലാമ. ആ ലാമയ്‌ക്കും കിട്ടി 1989ല്‍ ഒരു നൊബേല്‍ സമ്മാനം. ഇക്കുറി രണ്ട് നൊബേല്‍ പുരസ്‌കാരമാണ് കമ്യൂണിസ്‌റ്റു വിരുദ്ധതയെ തേടി എത്തിയിട്ടുള്ളത്. സമാധാനത്തിനുള്ളത് ലിയു സിയാബോയ്‌ക്കും സാഹിത്യത്തിനുള്ളത് മറിയോ വര്‍ഗാസ് യോസയ്‌ക്കും.

ദീര്‍ഘകാലം ഇടതുപക്ഷസഹയാത്രികനായിരുന്ന യോസ, പതിയെ വലതുപക്ഷരാഷ്‌ട്രീയത്തിലേക്ക് മാറുകയായിരുന്നു. തുറന്ന കമ്പോളത്തിന്റെയും പഴയ ലേസേഫെയര്‍ സിദ്ധാന്തത്തിന്റെയും സര്‍വോപരി മുതലാളിത്തത്തിന്റെയും വക്താവും രാഷ്‌ട്രീയപ്രചാരകനുമായി യോസ മാറി. ലോകപൌരനാകാന്‍വേണ്ടി പെറു വിട്ടുപോകുന്നുവെന്ന് പ്രഖ്യാപിച്ച യോസയെ, നൊബേല്‍ സമ്മാന കമ്മിറ്റി ആദരിച്ചത് അദ്ദേഹത്തിന്റെ മൌലികമായ സാഹിത്യസംഭാവനകളേക്കാളുപരിയായി രാഷ്‌ട്രീയമാറ്റത്തെ മുന്‍നിര്‍ത്തിയാണെന്ന് കാണാന്‍ വിഷമമില്ല. ഇതു പറയുന്നത് യോസയുടെ സര്‍ഗാത്മകതയെ കുറച്ചുകണ്ടുകൊണ്ടല്ലതാനും.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ ചൈനക്കാരന്‍ ലിയു സിയാബോയും മുതലാളിത്തവക്താവും സാമ്രാജ്യത്വാനുകൂലിയുമാണ്. അമേരിക്കയെ മാതൃകയാക്കുന്ന ഒരു രാഷ്‌ട്രീയസംസ്‌കാരം സ്ഥാപിച്ചെടുക്കുന്നതിനാണ് അദ്ദേഹം തന്റെ 'ചാര്‍ടര്‍ 08'ല്‍ പറയുന്നതുതന്നെ. വെറുതെ പറഞ്ഞ് അടങ്ങിയിരിക്കുകയല്ല, മറിച്ച് ചൈനീസ് ഭരണത്തെ അട്ടിമറിക്കാനും കമ്യൂണിസ്‌റ്റ് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള കലാപശ്രമങ്ങളുമായി മുന്നിട്ടിറങ്ങുകകൂടി ചെയ്‌തു അദ്ദേഹം. 1989ലെ കുപ്രസിദ്ധമായ ടിയാനന്‍മെന്‍‌സ്‌ക്വയര്‍ സംഭവത്തിന്റെ വക്താവായി അദ്ദേഹം അറിയപ്പെട്ടു. അന്ന് വിദ്യാര്‍ഥിനേതാവായിരുന്ന സിയാബോ, കുട്ടികളെ പ്രകോപിതരാക്കി തെരുവിലിറക്കുന്നതില്‍ വഹിച്ച പങ്കാണ് രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം ഇന്ന് ആദരിക്കപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുപോലും 1999ല്‍ ചൈനീസ് ഭരണാധികാരികള്‍ ജയിലില്‍നിന്ന് വിട്ടയച്ചതായിരുന്നു സിയാബോയെ. എന്നിട്ടും അദ്ദേഹം കലാപശ്രമങ്ങളുമായിത്തന്നെ മുന്നോട്ടുപോയി. അതിനെ മനുഷ്യാവകാശപോരാട്ടമായി കണ്ടുകൊണ്ട് നൊബേല്‍ സമ്മാനം വച്ചുനീട്ടിയ കമ്മിറ്റി, കൃത്യമായും ഒരു സന്ദേശം ആവര്‍ത്തിച്ച് ലോകത്തിനുമുമ്പില്‍ വയ്‌ക്കുകയാണ്; കമ്യൂണിസ്‌റ്റുവിരുദ്ധതതന്നെയാണ് നൊബേല്‍ സമ്മാനത്തിനുള്ള ആത്യന്തിക മാനദണ്ഡം എന്ന സന്ദേശം!

ഇടയ്‌ക്ക്, ഒരു രബീന്ദ്രനാഥ ടാഗോറിനോ നെരൂദയ്‌ക്കോ മാര്‍ക്വേസിനോ സരമാഗോവിനോ ഒക്കെ ഇത് കൊടുത്തിരിക്കാം. എന്നാല്‍, അതുകൊണ്ടൊന്നും മറയ്‌ക്കാനാകാത്തതാണ് പൊതുവില്‍ നൊബേല്‍ കമ്മിറ്റി പുലര്‍ത്തുന്ന രാഷ്‌ട്രീയപക്ഷപാതിത്വം. തങ്ങള്‍ക്ക് കമ്യൂണിസ്‌റ്റുവിരുദ്ധത ഇല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള മറതീര്‍ക്കല്‍മാത്രമാണത്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ്, പരിഗണിക്കുന്നതായി അറിഞ്ഞ വേളയില്‍തന്നെ തനിക്കിത് വേണ്ടെന്ന് ടോള്‍‌സ്‌റ്റോയി പറഞ്ഞത്. പലവട്ടം അവഗണിച്ചിട്ടും നിവൃത്തിയില്ലാത്ത നിലയില്‍ നെരൂദയുടെ പ്രശസ്‌തി എത്തിക്കഴിഞ്ഞ വേളയിലാണ്; അതും മരണത്തിന് ഒന്നരക്കൊല്ലം മുമ്പുമാത്രം നെരൂദയ്‌ക്ക് നൊബേല്‍ സമ്മാനം കൊടുത്തത്.

ചൈനീസ് സാഹിത്യകാരനായ ലൂസുന്‍ പലവട്ടം നൊബേല്‍ പരിഗണനയില്‍ വന്നതാണ്. എന്നാല്‍, ലൂസുന്‍ ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടി അംഗമാണ്; അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടു. അമേരിക്കന്‍ നാടകകൃത്തായ യൂജീന്‍ ഒനീല്‍, നോവലിസ്‌റ്റ് ജോണ്‍ സ്‌റ്റെയിന്‍ബെക് എന്നിങ്ങനെ പലരും കമ്യൂണിസ്‌റ്റ് പാര്‍ടി അംഗമാണ് എന്നതുകൊണ്ടുമാത്രം അന്തിമ പരിഗണനാവേളയില്‍ ഒഴിവാക്കപ്പെട്ടതും നൊബേല്‍ സമ്മാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.


*****


പ്രഭാവര്‍മ

7 comments:

അവര്‍ണന്‍ said...

പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

chithrakaran:ചിത്രകാരന്‍ said...

ഇ.എം.എസിനു നല്‍കാത്ത നോബല്‍ ... :)

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

യാസര്‍ അറാഫത്തിന് കൊടുക്കാതിരുന്ന സമാധാനസമ്മാനം ?????

1994-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയവരില്‍ ഒരാള്‍ യാസര്‍ അറാഫത്ത് അല്ലേ?

മലമൂട്ടില്‍ മത്തായി said...

The Nobel website says that Arafat got it. Here is the link:
http://nobelprize.org/nobel_prizes/peace/laureates/1994/

Now that we are at it, my vote is for Fidel Castro. At the very least he admitted that his policies were wrong. And then for Mao and Stalin for reducing the population of this world by the millions.

Anyways if there is a Goebbels prize for spreading misinformation, it should go to the Party website.

The Party is taking pity on Gandhi when he is dead. After all, this was the same party which sat out of the revolution he led.

വര്‍ക്കേഴ്സ് ഫോറം said...

ഷിബു’

വസ്‌തുതാപരമായ പിശകിൽ ഖേദിക്കുന്നു. എങ്കിലും ലേഖനം ഉയർത്തിയിരിക്കുന്ന രാഷ്‌ട്രീയ പ്രശ്‌നം കാണാതെ പോവരുത് എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

N.J Joju said...

ഒന്നും തള്ളി നോക്കിയതല്ലേ ഷിബു..വിട്ടുകള.
ദേശാഭിമാനി മാത്രം വായിക്കുന്നവര്‍ക്ക് വേണ്ടിയാണു ദേശാഭിമാനിയിലെ ലേഖനങ്ങള്‍.

മലമൂട്ടില്‍ മത്തായി said...

Why is the correction not made in the body of the article?