Saturday, October 12, 2013

ലയനം

ഇന്നലെ കറുപ്പും വെളുപ്പും
രഹസ്യ ചര്‍ച്ചയുണ്ടായിരുന്നു
അവര്‍ ലയിക്കാന്‍ തീരുമാനിച്ചുവത്രെ.
അവര്‍ക്ക് കളര്‍‌യുഗം മുഴുവന്‍
അടക്കി ഭരിക്കണമത്രെ!
അതിനുവേണ്ടി ഇരുവിഭാഗത്തിന്റെയും നേതാക്കള്‍,
(രാത്രിയും പകലും)
ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്തു.
സംസാരിച്ചു, ചര്‍ച്ച ചെയ്തു,
ആശ്ലേഷിച്ചു.
അവര്‍ക്ക് ലോകം ഒറ്റക്ക് ഭരിക്കണം.
ലോകത്തെ എല്ലാ‍ ഇലകളും ഇനി കറുപ്പാകണം
രക്തത്തിന് വെള്ള നിറം നല്‍കണം
എനിക്കുറപ്പാണ്,
അവര്‍ വെള്ളത്തിന്റെ നിറം മാറുമ്പോള്‍
തര്‍ക്കിക്കും.
വായുവിന്റെ നിറത്തില്‍
യുദ്ധം ചെയ്യും.
ഇതിവിടെ പതിവാണ്.

*
സല്‍‌മാന്‍ പെരിമ്പലം
ദേശാഭിമാനി കവിതാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കവിത

No comments: