Thursday, October 3, 2013

നയം മാറുമ്പോള്‍ സംഭവിക്കുന്നത്

2011 ഫെബ്രുവരി 19. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് കാറ്റുള്ളമല നിവാസികള്‍ ഏറെ സന്തോഷത്തിലാണ്. അന്ന് അവരുടെ വീടുകളില്‍ വൈദ്യുതി എത്തുകയാണ്. അവിടെ പെരുമല പുളിക്കല്‍ തങ്കച്ചനാണ് കൂടുതല്‍ ആഹ്ലാദം. ഇരുപത്തഞ്ചോളം വീടുകളുള്ള കാറ്റുള്ള മല ഭാഗത്ത് വൈദ്യുതി എത്തിയാലും അവിടെനിന്ന് 700 മീറ്റര്‍ ദൂരെയുള്ള തന്റെ വീട്ടില്‍ വൈദ്യുതി കിട്ടും എന്ന പ്രതീക്ഷ തങ്കച്ചനുണ്ടായിരുന്നില്ല. "ഇപ്പോഴായതുകൊണ്ട് കിട്ടി"എന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. തങ്കച്ചന്‍ പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതു കൊണ്ടാണ് അതുനടന്നത്. അല്ലെങ്കില്‍ പതിനാറോളം പോസ്റ്റുകള്‍ സ്ഥാപിച്ച് ഒരു കണക്ഷന്‍ സൗജന്യമായി കിട്ടാന്‍ മറ്റുമാര്‍ഗമൊന്നും തങ്കച്ചനുണ്ടായിരുന്നില്ല. ഇത് കാറ്റുള്ള മലയിലെ മാത്രം സ്ഥിതിയായിരുന്നില്ല. പാലക്കാട്ടെ അട്ടപ്പാടിയിലും അഗളിയിലുമൊക്കെയുള്ള ആദിവാസി വീടുകളിലും അതിരപ്പിള്ളി പുകലപ്പാറകോളനിയിലുമൊക്കെ വൈദ്യുതിയെത്തിയത് ഇതേകാലത്താണ്.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 85 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് എല്ലാ വീടുകളിലും വൈദ്യുതി എത്തിയത്. നാലുജില്ലകള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. മറ്റുമണ്ഡലങ്ങളിലും സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവരുകയായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ വൈദ്യുതീകൃതമാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. എന്നാല്‍ 2011 മെയ് മാസത്തില്‍ സര്‍ക്കാര്‍ മാറിയതോടെ സ്ഥിതിയും മാറി. പണിനടന്നുവന്ന താനൂര്‍ മണ്ഡലം മാത്രമാണ് പിന്നീട് സമ്പൂര്‍ണവൈദ്യുതീകരണം നടന്നത്. മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണമൊന്നുമില്ലെങ്കിലും അപേക്ഷ നല്‍കി കാഷ് ഡിപ്പോസിറ്റ് അടച്ചാല്‍ ഒ വൈഇസി അടയ്ക്കാതെ തന്നെ കണ ക്ഷന്‍ കിട്ടുന്ന ഒരു പദ്ധതി നേരത്തേ നിലവിലുണ്ടായിരുന്നു. നിലവിലുള്ള ലൈനില്‍നിന്ന് 200 മീറ്റര്‍ വരെ ഇങ്ങനെ ആര്‍ക്കും കണക്ഷന്‍ കിട്ടുമായിരുന്നു. എന്നാല്‍ ഈ സ്കീമും 2011 ഒക്ടോബറില്‍ എടുത്തുകളഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, വികലാംഗര്‍, ക്യാന്‍സര്‍പോലെ ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിങ്ങനെ പ്രത്യേകം പരിഗണന കിട്ടുന്ന ഒട്ടേറെപ്പേരുണ്ടായിരുന്നു. അത്തരം മുന്‍ഗണനകളും എടുത്തുകളഞ്ഞു. ഇപ്പോള്‍ പണമടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ വൈദ്യുതി കണക്ഷന്‍ കിട്ടൂ. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ജിജിവിവൈ പദ്ധതിപ്രകാരം അവിടെയും ഇവിടെയുമായി ചില കണക്ഷനുകള്‍ കൊടുക്കുന്നു എന്നതുമാത്രമാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ഏക സൗജന്യ സേവനം. 2011ല്‍ ഇടതുപക്ഷസര്‍ക്കാര്‍ മാറിയപ്പോഴാണ് ഈ മാറ്റങ്ങളൊക്കെ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയത് എന്നത് സത്യംതന്നെ. പക്ഷേ സത്യത്തില്‍ അത്ര പെട്ടെന്നുണ്ടായ മാറ്റമല്ല ഇത്. കേന്ദ്ര സര്‍ക്കാര്‍ 2003-ല്‍ കൊണ്ടുവന്ന വൈദ്യുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ നിയമത്തിന്റെയും 2005-ലെ കേന്ദ്ര വൈദ്യുതി നയത്തിന്റെയും അടിസ്ഥാനത്തില്‍ സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടത് 2005-മാര്‍ച്ചിലാണ്. അത് നടപ്പാക്കിത്തുടങ്ങാന്‍ ഒരുവര്‍ഷം കൂടി എടുത്തു. പക്ഷേ 2006 മേയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ബോര്‍ഡിന് നിര്‍ദേശം നല്‍കി. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൗജന്യകണക്ഷന് അര്‍ഹതയുണ്ടെന്നും അത് ഒഴിവാക്കാനാവില്ലെന്നും സര്‍ക്കാര്‍ റഗുലേറ്ററി കമീഷന് വൈദ്യുതി നിയമം 2003ലെ വകുപ്പ് 108 പ്രകാരം നയപരമായ നിര്‍ദേശവും നല്‍കി. ഇങ്ങനെ കേന്ദ്രനയങ്ങളെ ചെറുക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിന് ജനതാല്‍പര്യം സംരക്ഷിച്ചു പോകാനായത്. കണക്ഷന്റെ കാര്യത്തില്‍ മാത്രമല്ല; കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായി ജനവിരുദ്ധമായി ഒട്ടേറെ നടപടികള്‍ ഉണ്ടാകുന്നുണ്ട്. അവയെയെല്ലാം പലവിധത്തില്‍ പ്രതിരോധിക്കാനായി എന്നതാണ് കഴിഞ്ഞ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പ്രസക്തി.

ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കി മാറ്റേണ്ടതുണ്ട്. ഇങ്ങനെ വിഭജിച്ച് കമ്പനികളാക്കുന്നതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യവല്‍ക്കരണമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനകം ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2005ല്‍ കേരളത്തിലും ഈ നടപടികള്‍ ആരംഭിച്ചു. വൈദ്യുതി ബോര്‍ഡിനെ മൂന്നുകമ്പനികളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ ഈ കമ്പനിയെ തെരെഞ്ഞെടുക്കുന്നതിന് നടത്തിയ ടെണ്ടറിന്റെ രേഖകള്‍ തയ്യാറാക്കിയതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് തന്നെയായിരുന്നുവെന്ന കാര്യം പുറത്തുവന്നതോടെ സര്‍ക്കാരിന് തല്‍ക്കാലം പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷമുന്നണി വൈദ്യുതി ബോര്‍ഡിനെ ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കും എന്ന ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ കുറഞ്ഞത് രണ്ട് കമ്പനിയെങ്കിലുമായി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണം എന്ന ശക്തമായ സമ്മര്‍ദമാണ് കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയുടെ കാലാവധി നീട്ടിവയ്ക്കാന്‍ കഴിയൂ എന്നത് മുതലെടുത്തുകൊണ്ട് 2008-ല്‍ രണ്ട് കമ്പനിയെങ്കിലുമാക്കാമെന്ന് ഉറപ്പുനല്‍കിയില്ലെങ്കില്‍ ഇനി കാലാവധി നീട്ടാന്‍ അനുവദിക്കില്ല എന്ന നിലപാട് കേന്ദ്രം എടുത്തു. വൈദ്യുതി നിയമത്തില്‍ വൈദ്യുതി ബോര്‍ഡുകളുടെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് കമ്പനികളിലേക്ക് പുനര്‍നിക്ഷേപിക്കണം എന്നാണ് പറയുന്നത്. ഇതില്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തശേഷം പുനര്‍നിക്ഷേപിക്കണം എന്നല്ലാതെ എപ്പോള്‍ പുനര്‍നിക്ഷേപിക്കണം എന്ന് പറയുന്നില്ല. ഈ സാധ്യത ഉപയോഗിച്ച് 2008 സെപ്തംബര്‍ 25ന് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. കമ്പനികളിലേക്കുള്ള പുനര്‍നിക്ഷേപം മാറ്റിവച്ചു. ഇങ്ങനെ ഏറ്റെടുത്ത ആസ്തി ബാധ്യതകള്‍ നോക്കി നടത്താന്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയെ വൈദ്യുതി ബോര്‍ഡ് എന്ന പേരില്‍തന്നെ നിയമിക്കുകയും ചെയ്തു. അങ്ങനെ ആക്ടിനെ ജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച് വൈദ്യുതി ബോര്‍ഡ് കമ്പനികളായി സ്വകാര്യവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

സ്വാഭാവികമായും ജനങ്ങള്‍ ക്കുണ്ടാകുന്ന ഒരു സംശയം വൈദ്യുതി ബോര്‍ഡ് വിഭജിക്കപ്പെട്ടാല്‍ എന്താണ് കുഴപ്പം എന്നാവും. മാത്രമല്ല വൈദ്യുതി ബോര്‍ഡില്‍ നിന്ന് കിട്ടുന്ന സേവനം വേണ്ടത്ര ഗുണകരമല്ല എന്ന ധാരണയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ നല്ല സേവനം കിട്ടും എന്ന തോന്നലുമുണ്ടാകും. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കുത്തകയായ വൈദ്യുതി വിതരണത്തിന് ധാരാളം കമ്പനികളുണ്ടായാല്‍ തമ്മില്‍ മല്‍സരമുണ്ടായി മെച്ചപ്പെട്ട സേവനം കുറഞ്ഞ വിലക്ക് ലഭിക്കില്ലേ എന്ന ധാരണയുമുണ്ടാകാം. പക്ഷേ വൈദ്യുതിയുടെ ഒരു പ്രത്യേകത അത് ഉല്‍പാദിപ്പിക്കുന്ന സമയത്തു തന്നെ ഉപഭോഗവും നടക്കുന്ന ഉല്‍പ്പന്നമാണ് എന്നതാണ്. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയെപ്പോലെ ഉല്‍പാദിപ്പിച്ച് സ്റ്റോക്ക് ചെയ്ത്, പിന്നീട് വില്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമല്ല. അതുകൊണ്ട് ഉല്‍പാദന പദ്ധതികള്‍ സംബന്ധിച്ച ആലോചനക്കൊപ്പം തന്നെ പ്രസരണ വിതരണ ശൃംഖലകളെക്കുറിച്ചും ആസൂത്രണം ചെയ്തേ മതിയാകൂ. ഈ പദ്ധതികളെല്ലാം ഒന്നിച്ച് നടപ്പാക്കുകയും വേണം. മാത്രമല്ല കമ്പി വലിച്ച്, അഥവാ കേബിളിട്ടല്ലാതെ വൈദ്യുതി ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയില്ല. ഇങ്ങനെ "വയേര്‍ഡ് സര്‍വീസ്" ആയതുകൊണ്ടുതന്നെ ഈ മേഖലക്ക് സ്വാഭാവിക കുത്തകസ്വഭാവമുണ്ട്. ഈ രണ്ട് പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണ് വൈദ്യുതി മേഖല ഉല്‍പാദന പ്രസരണ വിതരണ മേഖലകള്‍ ഒന്നിച്ച് ഒറ്റ സ്ഥാപനമായി നില്‍ക്കുന്നതു നല്ലതാണെന്ന് പറയുന്നത്. ഇതിന്റെ സ്വാഭാവിക കുത്തക സ്വഭാവം മൂലം പൊതുമേഖല മാറി സ്വകാര്യമേഖലയായാല്‍ ഉണ്ടാകുക സ്വകാര്യ മേഖലയുടെ കുത്തകയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നിര്‍ത്തി വൈദ്യുതി മേഖലയെ സംരക്ഷിക്കുക എന്ന നിലപാട് സംസ്ഥാന സര്‍ക്കാരെടുത്തത്.

വൈദ്യുതി മേഖലയില്‍ കേന്ദ്ര നിയമപ്രകാരമുള്ള പരിഷ്കരണ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി കാര്യമായ നേട്ടമൊന്നും രാജ്യത്തെ വൈദ്യുതി രംഗത്തിനുണ്ടായിട്ടില്ല. കമ്പോളത്തിലെ മത്സരത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കുമെന്നും വിലകുറയുമെന്നും എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം സാധ്യമാകുമെന്നുമാണ് പരിഷ്കരണ ങ്ങള്‍ നടപ്പാക്കുന്നതിന് കാരണമായി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. പരിഷ്കരണങ്ങള്‍ ആരംഭിച്ചിട്ട് രണ്ടു ദശകങ്ങളും ഇലക്ട്രിസിറ്റി ആക്ട് നിലവില്‍വന്നിട്ട് ഒരു ദശകവും പിന്നിട്ടിരിക്കുന്നു. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല വൈദ്യുതി വില വന്‍തോതില്‍ വര്‍ധിച്ച് സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് മാറിയിരിക്കുന്നു. കടുത്ത വൈദ്യുതിക്ഷാമം രാജ്യത്തിന്റെ പൊതുവികസനത്തിനു തന്നെ ഭീഷണിയായും മാറിയിരിക്കുന്നു.

ഇന്ത്യയിലെ പ്രതിവര്‍ഷ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം ആയിരം യൂണിറ്റെങ്കിലുമാക്കുക എന്ന ലക്ഷ്യം ഇപ്പോഴും ഏറെ അകലെയാണ്. ആകെ ഉല്‍പാദനം കണക്കിലെടുത്താല്‍ നമ്മുടെ ഇപ്പോഴത്തെ വാര്‍ഷിക പ്രതിശീര്‍ഷ ഉപഭോഗം 2012-13 വര്‍ഷത്തെ കണക്കനുസരിച്ച് 783 യൂണിറ്റ് മാത്രമാണ്. എന്നാല്‍ പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുത്താല്‍ ഇത് 620 യൂണിറ്റില്‍ താഴെയാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി കിട്ടിയിട്ടില്ല. ഇന്ത്യയിലെ ആകെ വീടുകളില്‍ 32.8% വും വൈദ്യുതി ഇല്ലാത്തതാണെന്നാണ് 2011ലെ സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. ഗ്രാമീണഭവനങ്ങളില്‍ വൈദ്യുതി എത്താത്തത് 44.7% വരും. ഗ്രാമീണ വൈദ്യുതീകരണം ലക്ഷ്യമിട്ട് 2005 ല്‍ തുടങ്ങിയ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന എട്ടുകൊല്ലം പൂര്‍ത്തിയായപ്പോഴും 33,060 ഗ്രാമങ്ങള്‍ ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്തതായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളം 84 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യം നേടിയതിന്റെ പ്രസക്തി ബോധ്യമാകുന്നത്. ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല എന്നുമാത്രമല്ല വൈദ്യുതി വിതരണക്കമ്പനികള്‍ പാപ്പരായി മാറുകയും ചെയ്തതാണ് ഇന്ത്യയില്‍ പൊതുവേ ഉണ്ടായത്. കേന്ദ്ര പ്ലാനിങ് കമീഷന്‍ നിയമിച്ച മുന്‍ സിഎ ജി വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിതന്നെയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ അക്കൗണ്ടിങ് രീതികളെ സംബന്ധിച്ച് പഠിക്കാനാണ് പ്ലാനിങ് കമീഷന്‍ ഷുംഗ്ലു കമ്മിറ്റിയെ നിയമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2005 മുതല്‍ 2010 വരെയുള്ള അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടിരൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിരൂപയാണ്. ഇത് വിതരണം ചെയ്യുന്ന ഓരോ യൂണിറ്റിനും ശരാശരി 60 പൈസ എന്ന കണക്കിലാണെന്നും ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ വലിയ വര്‍ധനവാണ് വിതരണ യൂട്ടിലിറ്റികളെ ഈ നിലയില്‍ കടബാധ്യതയിലെത്തിച്ചത്. വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടാകുന്ന ബാധ്യത ചാര്‍ജ് വര്‍ധനവിലൂടെ പരിഹരിക്കാന്‍ കഴിയാത്തത് യൂട്ടിലിറ്റികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തിരിച്ചടക്കാന്‍ കഴിയാത്ത നിലയില്‍ കടം പെരുകിയത് വൈദ്യുതി മേഖലയില്‍ വായ്പ നല്‍കുന്നതില്‍നിന്ന് ബാങ്കുകള്‍ പിന്‍മാറുന്ന സ്ഥിതിയും സൃഷ്ടിച്ചു. മൊത്തത്തില്‍ ഇത് വൈദ്യുതി വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്.

രാജ്യത്ത് ഈ പൊതുസ്ഥിതി നിലനില്‍ക്കുമ്പോഴും 2006 മുതല്‍ 2011 വരെ കേരളത്തിലെ വൈദ്യുതി രംഗം വലിയ നേട്ടങ്ങളുണ്ടാക്കിയത് നമ്മള്‍ മുന്നോട്ടുവച്ച ബദല്‍ വികസനനയത്തിന്റെ ഭാഗമായാണ്. കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിയെ കമ്പോളത്തില്‍ വില്‍പ്പനക്കുള്ള ചരക്ക് മാത്രമായി സമീപിച്ചപ്പോള്‍ വൈദ്യുതി സാമൂഹ്യ വികസനത്തിനുള്ള ഒരു പശ്ചാത്തല സൗകര്യമാണ് എന്നുകണ്ടുകൊണ്ടുള്ള സമീപനമാണ് നമ്മള്‍ സ്വീകരിച്ചത്. വൈദ്യുതി കണക്ഷനുകള്‍ കൊടുത്തതുകൊണ്ടുമാത്രം എല്ലാവര്‍ക്കും വൈദ്യുതി കിട്ടില്ല. അതിന് ഉല്‍പാദനം കൂടണം. ഇക്കാര്യത്തില്‍ നല്ല ഇടപെടലാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. സ്തംഭനത്തിലായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി 208 മെഗാവാട്ട് വൈദ്യുതിയാണ് അക്കാലത്ത് പുതുതായി ഉല്‍പാദിപ്പിച്ചത്. 2001 ല്‍ മുമ്പത്തെ ഇടതുപക്ഷമുന്നണി ഭരണകാലത്ത് പണിയാരംഭിക്കുകയും പിന്നീട് വന്ന ഐക്യമുന്നണി സര്‍ക്കാര്‍ കാര്യമായ ശ്രദ്ധകൊടുക്കാതെ സ്തംഭനത്തിലാവുകയും ചെയ്ത കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍, നേര്യമംഗലം എക്സ്റ്റന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട്, ബാരാപ്പോള്‍, പീച്ചി, ചിമ്മിനി തുടങ്ങിയ ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതടക്കം വലുതും ചെറുതുമായി മുപ്പതോളം പദ്ധതികള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ പൂഴിത്തോട് പദ്ധതി ഈ കാലഘട്ടത്തില്‍ തന്നെ പണിപൂര്‍ത്തിയാക്കുകയും ചെയ്തു. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് വൈദ്യുതിക്കുള്ള ഒരു കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും ഇക്കാലത്ത് കഴിഞ്ഞു. അങ്ങനെ ഉദ്ദേശം 3000 മെഗാവാട്ടോളം വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ പദ്ധതികള്‍ക്കാണ് രൂപം കൊടുത്തത്.

അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊര്‍ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി. ഒന്നരക്കോടി സിഎഫ്എല്‍ വിതരണമടക്കം ഡിമാണ്ട് സൈഡ് മാനേജ്മെന്റില്‍ കേരളം നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ നേടിയവയായിരുന്നു. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനും കഴിഞ്ഞ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ട് 97 സബ് സ്റ്റേഷനുകള്‍ കമീഷന്‍ ചെയ്തു. 14,000 ത്തോളം കിലോമീറ്റര്‍ 11 കെവി ലൈനും 21,000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. ഇങ്ങനെ 2006 മാര്‍ച്ചില്‍ 24.6% ആയിരുന്ന പ്രസരണ വിതരണ നഷ്ടം 2011 മാര്‍ച്ചില്‍ 16.19% ത്തിലേക്ക് കുറയ്ക്കാനായി. 2011 മാര്‍ച്ചില്‍, കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത കണക്കിലെടുത്തുകൊണ്ട് മൂന്നു വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചുകൊണ്ടാണ് മീഡിയം ടേം ഓപ്പണ്‍ ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിച്ചത്. ഇതോടൊപ്പംതന്നെ 2011-12 വര്‍ഷത്തേക്ക് കര്‍ണാടകയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും അക്കാലത്ത് ഉണ്ടാക്കുകയുണ്ടായി.

2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത കടം 4541 കോടിരൂപയായിരുന്നത് 2011 മാര്‍ച്ചില്‍ 1066 കോടി രൂപയാക്കിക്കുറയ്ക്കാനും 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിഞ്ഞത് ഇടതുപക്ഷമുന്നണി ഭരണകാലത്തെ കാര്യക്ഷമമായ സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായാണ്. കാര്യമായ താരിഫ് വര്‍ധനയൊന്നും വരുത്താതെയാണ് ഇത് സാധ്യമായത്. മോഡല്‍ സെക്ഷന്‍ പരിഷ്കാരം അടക്കം ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ ഇക്കാലത്ത് വൈദ്യുതി ബോര്‍ഡിനായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബില്ലിങ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയതും ചീഫ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ തലങ്ങളില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ താഴെ സെക്ഷനുകളിലേക്ക് കൈമാറിയതും കണക്ഷന്‍ അപേക്ഷ ലഘൂകരിച്ചതും 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പാക്കേജ് നടപ്പാക്കിയതും അടഞ്ഞുകിടന്ന വ്യവസായശാലകളും തോട്ടങ്ങളും തുറക്കുന്നതിന് ഫിക്സഡ്ചാര്‍ജും മിനിമം ഡിമാന്റ്ചാര്‍ജും ഒഴിവാക്കിയതുമടക്കം നിരവധി ജനക്ഷേമ നടപടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കേരളത്തിനായി.

വൈദ്യുതി ബോര്‍ഡ് അതിനാവശ്യമായ ഉപകരണങ്ങള്‍ പരമാവധി കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നുതന്നെ വാങ്ങാന്‍ തീരുമാനിച്ചതിലൂടെ നഷ്ടത്തിലായിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് കാരണമായി. കൊല്ലത്തെ മീറ്റര്‍ കമ്പനി, ടെല്‍ക്ക്, കെല്‍, ട്രാക്കോ കേബിള്‍സ് തുടങ്ങിയ സ്ഥാപങ്ങളൊക്കെ ഈ നയത്തിന്റെ നേട്ടമനുഭവിച്ച സ്ഥാപനങ്ങളാണ്.

എല്ലാപ്രദേശത്തും നിശ്ചിത വോള്‍ട്ടേജ് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുകയും അതിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് 2010 ല്‍ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വോള്‍ട്ടേജ് അദാലത്തുകളും രാജ്യത്തിനാകെ മാതൃകയായ പരിപാടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി ഉപഭോക്താക്കളുടെ പരാതികളാകെ പരിഹരിച്ച് "പരാതി രഹിത വൈദ്യുതി ബോര്‍ഡ്" ആയി മാറുന്നതിന് 2011 ജനുവരിയില്‍ നടത്തിയ ജനകീയ വൈദ്യുതി അദാലത്തുകള്‍. വര്‍ഷങ്ങളോളം പഴക്കമുള്ള നിരവധി പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ച് ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മാറാന്‍ ഇതോടെ വൈദ്യുതി ബോര്‍ഡിനായി. ഊര്‍ജ സംരക്ഷണ അവാര്‍ഡ്, പവര്‍ എക്സലന്‍സ് അവാര്‍ഡ് തുടങ്ങി കേരളത്തിലെ വൈദ്യുതി മേഖല ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായി. സാമ്പത്തിക കാര്യക്ഷമതയില്‍ കേരളം ഇന്ത്യയിലെ രണ്ടാമത്തെ പവര്‍ യൂട്ടിലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ വൈദ്യുതി മേഖലയില്‍ തുടര്‍ച്ചയായ നേട്ടങ്ങളുടെ കാലമായിരുന്നു 2006 മുതല്‍ 2011 വരെ.

എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളും മാറി. കേന്ദ്ര നയങ്ങള്‍ അതേ നിലയില്‍ പിന്തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നുപോലും സംശയിക്കേണ്ട നടപടികളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. നേരത്തെ കണ്ടതുപോലെ സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തലാക്കി മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പം പോലും ഉപേക്ഷിക്കപ്പെടുകയാണ്. ഉപഭോക്താക്കളുടെ വര്‍ധനക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല വിരമിച്ച് ചെയ്തു പോകുന്ന അളവില്‍പ്പോലും നിയമനങ്ങള്‍ നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധന സാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാം ചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. ആവശ്യത്തിന് വൈദ്യുതി മീറ്ററുകള്‍ പോലും വാങ്ങുന്നില്ല. കേടുവന്ന മീറ്ററുകള്‍ മാറ്റിവയ്ക്കുന്നില്ല. സാധന ലഭ്യതക്കുറവ് അറ്റകുറ്റപ്പണികള്‍ താറുമാറാക്കി. അപകടങ്ങള്‍ പെരുകുന്ന സ്ഥിതിയും ഉണ്ടായി. അസിസ്റ്റന്റ് എന്‍ജിനിയര്‍, സീനിയര്‍ സൂപ്രണ്ട് തുടങ്ങിയ തസ്തികകളൊക്കെ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പല സെക്ഷന്‍ ഓഫീസുകളും നാഥനില്ലാത്ത സ്ഥിതിയിലായി. ജനങ്ങളും ബോര്‍ഡ് ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന സൗഹൃദം അന്യമായി. സേവനങ്ങളിലെ അസംതൃപ്തി പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സ്ഥിതിപോലും ഉണ്ടാകുന്നു.

വൈദ്യുതി ഉല്‍പാദന രംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവരുന്ന ഒട്ടുമിക്ക വൈദ്യുതി ഉല്‍പാദന പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലോ ആണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡുതലത്തിലുണ്ടാകുന്ന കാലതാമസവും ചില ഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിന്റെ പ്രധാനകാരണം. ഉദാഹരണത്തിന് പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍ മൂലം മുടങ്ങിയത് 2011 ജൂലൈ മാസത്തിലാണ്. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ രണ്ടര വര്‍ഷത്തോളമായി തീരുമാനമുണ്ടായിട്ടില്ല. 2011 ഡിസംബറില്‍ പണി തീരേണ്ട പദ്ധതിയായിരുന്നു അത്. പുതിയ ഉല്‍പാദന പദ്ധതികള്‍ കണ്ടെത്താന്‍ അവശ്യം നടക്കേണ്ട ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ സ്തംഭനത്തിലാണ്. എവിടെയും ആവശ്യത്തിന് ജീവനക്കാരോ ഓഫീസര്‍മാരോ ഇല്ല. പല ഓഫീസുകളും അടച്ചുപൂട്ടിയിട്ടില്ല എന്നുമാത്രം.

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു ബൈതരണി കല്‍ക്കരിപ്പാടം. ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആ പാടം തിരിച്ചെടുത്തു. ഇക്കാര്യത്തില്‍ ഒരു ഇടപെടലും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നു ണ്ടായില്ല. വൈദ്യുതി ഉല്‍പാദന രംഗത്ത് കുറേ പ്രകൃതിവാതക നിലയങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് ഇടക്കിടെ വൈദ്യുതി മന്ത്രി പ്രസ്താവിക്കാറുണ്ട്. പക്ഷേ ഇങ്ങനെ പറഞ്ഞു പോകുന്നതല്ലാതെ നിലയങ്ങളുടെ സാധ്യതാപഠനങ്ങള്‍ പോലും ഏറ്റെടുക്കപ്പെട്ടിട്ടില്ല. ചീമേനി താപവൈദ്യുതി നിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനക്കുവച്ചതു മാത്രമാണ് സര്‍ക്കാരില്‍ നിന്നുണ്ടായ ഏക നടപടി. ഭാഗ്യത്തിന് അത് മാധ്യമങ്ങളില്‍ വിവാദമായതിനാല്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരുന്ന 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രം.

ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യകത പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനോ ബോര്‍ഡ് തലത്തില്‍ ഒരു ശ്രമവുമുണ്ടാവുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങി കാര്യങ്ങള്‍ നിറവേറ്റാം അല്ലെങ്കില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം എന്ന നിലയിലാണ് ബോര്‍ഡ് അധികൃതര്‍ ചിന്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെട്ട വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയതും ഊര്‍ജ മാനേജ്മെന്റില്‍ വന്ന പിഴവുകളും 2011 ല്‍ത്തന്നെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളത്തെ എത്തിച്ചു. 2012-13ല്‍ ഉണ്ടായ കടുത്ത വരള്‍ച്ചകൂടിയായപ്പോള്‍ സ്ഥിതി രൂക്ഷമായി. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയിലേക്കാണ് കേരളം പോയത്.

എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ ഗൗരവമുള്ളതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ കമ്പോളത്തില്‍ നിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് വരുന്ന കണക്കുകളാണ് സംശയമുണ്ടാക്കുന്നത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററികമീഷന്‍ 2013 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വകാല വൈദ്യുതിക്കമ്പോളം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ദേശീയ ശരാശരിയിലും വളരെ ഉയര്‍ന്ന വിലക്കാണ് കേരളം വൈദ്യുതി വാങ്ങിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബൈലാറ്ററല്‍ ട്രേഡിങ്ങില്‍ കെഎസ്ഇബി യൂണിറ്റിന് ശരാശരി 5.16 രൂപ വിലയ്ക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാതലത്തില്‍ ശരാശരി വില 4.33രൂപ മാത്രമായിരുന്നു. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിലെ ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം യൂണിറ്റിന് ശരാശരി 6.67രൂപക്ക് വൈദ്യുതി വാങ്ങിയപ്പോള്‍ അഖിലേന്ത്യാ ശരാശരി വില കേവലം യൂണിറ്റിന് 3.67രൂപ മാത്രമായിരുന്നു. പവര്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യാലിമിറ്റഡില്‍ നിന്നുള്ള ഡെ എഹഡ് മാര്‍ക്കറ്റില്‍നിന്ന് കേരളം വൈദ്യുതി വാങ്ങിയത് യൂണിറ്റിന് ശരാശരി 5.72രൂപ നിരക്കിലാണ്. അവിടെ ശരാശരി വില 3.55 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ എല്ലാ നിലയിലും വലിയ വിലകൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത് എന്ന കണക്കാണ് കേന്ദ്ര റഗുലേറ്ററി കമീഷന്റെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന പരിശോധന അനിവാര്യമല്ലേ?

കേരളത്തില്‍ വൈദ്യുതി ഉല്പാദന നിലയങ്ങള്‍ സ്ഥാപിക്കേണ്ടതില്ല, വൈദ്യുതി വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാം എന്നതാണ് ഇന്ന് ബോര്‍ഡിനെ നയിക്കുന്ന സമീപനം. എന്നാല്‍ വാങ്ങല്‍ നടപടിയില്‍പ്പോലും കൃത്യമായ പഠനമോ ആസൂത്രണമോ നടത്താന്‍ നമ്മള്‍ തയ്യാറാകുന്നില്ല. സ്വന്തമായ ഉല്‍പാദന സാധ്യതകളില്ലാതാകുന്നതോടെ വൈദ്യുതി കമ്പോളത്തിലും നമുക്ക് നിയന്ത്രണമില്ലാതാകുന്നു. കിട്ടുന്ന വിലയ്ക്ക് കിട്ടുന്നിടത്തുനിന്ന് വൈദ്യുതി വാങ്ങുക, പറ്റാവുന്ന വിലയ്ക്ക് വില്‍ക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചതും. പക്ഷേ ഇതുകൊണ്ടുണ്ടായ നഷ്ടം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്ഥിതിയാണുണ്ടാക്കിയത്. വൈദ്യുതി പ്രസരണ രംഗത്തും കടുത്ത സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നത്. വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിരുന്ന കേരളത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ഇരുപതു സബ്സ്റ്റേഷനുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സബ്സ്റ്റേഷനുകളുടെ നിര്‍മാണം മുടങ്ങുന്നുവെന്നതുമാത്രമല്ല പ്രശ്നം. 2008 മുതല്‍ സംസ്ഥാനം ഒരു പ്രസരണ മാസ്റ്റര്‍പ്ലാന്‍ രൂപപ്പെടുത്തിവരുകയായിരുന്നു. ഈ പൊതു ധാരണയില്‍ നിന്നായിരുന്നു പദ്ധതികള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആ സങ്കല്‍പ്പം തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന സബ്സ്റ്റേഷനുകള്‍ ആവുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കുക എന്നതിനപ്പുറം കൃത്യമായ ഒരു ട്രാന്‍സ്മിഷന്‍ പ്ലാനും നിലവിലില്ല. കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി-കൊച്ചി 400 കെവി ലൈന്‍ ഉപേക്ഷിച്ച മട്ടാണ്. 400 കെവി പവര്‍ ഹൈവേ എന്ന സങ്കല്‍പ്പം കേള്‍ക്കാന്‍ പോലുമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 33 മെഗാവാട്ട് കാറ്റാടി പദ്ധതികളടക്കം പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ നല്ല ഇടപെടലായിരുന്നു നടന്നത്. അനര്‍ട്ടിനെ ശക്തിപ്പെടുത്തിയതിനോടൊപ്പം അക്ഷയ ഊര്‍ജവികസനത്തിന് ഒരു കമ്പനി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിരുന്നു. അനര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ കാര്യക്ഷമമാക്കുകയും ബ്ലോക്ക് അടിസ്ഥാനത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും സൗകര്യമുള്ള ഊര്‍ജ മാര്‍ട്ടുകള്‍ക്കും രൂപം കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടികളൊക്കെ ഉപേക്ഷിക്കപ്പെട്ട സ്ഥിതിയാണ് ഇന്നുള്ളത്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് ഏക മാര്‍ഗം സോളാര്‍ മാത്രമാണെന്ന വലിയ പ്രചാരണമാണ് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സഹായവും ഇതിനുണ്ടായി. എന്നാല്‍ ഈ പ്രചാരണം അനുസരിച്ച് ഒരു ഡെലിവറി സംവിധാനവും ഉണ്ടാക്കിയതുമില്ല. ഈ ഡെലിവറി ഗ്യാപ്പ് ഉണ്ടായത് നാടുനീളെ തട്ടിപ്പ് നടത്താനുള്ള അവസരമായാണ് ചിലര്‍ കണ്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെയടക്കം പിന്തുണകൂടി കിട്ടിയതോടെ സരിതബിജുമാര്‍ക്ക് ഈ രംഗത്ത് ഒട്ടേറെ ഇരകളെ കണ്ടെത്താനായി. അങ്ങനെ വൈദ്യുതി പ്രതിസന്ധി വലിയൊരു തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടു. അതാണ് സോളാര്‍ തട്ടിപ്പ്. സര്‍ക്കാരുകളുടെ നയമാണ് ഒരു മേഖല ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നതിന് കേരളത്തിന്റെ വൈദ്യുതി മേഖലയോളം നല്ല മറ്റൊരുദാഹരണമില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ ഈ മേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിച്ചുവെന്നതാണ് കഴിഞ്ഞ ഇടതുപക്ഷമുന്നണി ഭരണകാലത്തെ നേട്ടങ്ങളുടെ അടിസ്ഥാനം. ഐക്യമുന്നണി സര്‍ക്കാര്‍ കേന്ദ്രനയങ്ങള്‍ പിന്തുടരാനാണ് ശ്രമിക്കുന്നത്. അത് അത്രത്തോളം ജനവിരുദ്ധമാകുകയും ചെയ്തിരിക്കുന്നു. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഈ ദുസ്ഥിതി മറികടക്കാനാവുകയുള്ളൂ.

*
എം ജി സുരേഷ് കുമാര്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

No comments: