Thursday, October 3, 2013

സമരദിനത്തിന്റെ പ്രസക്തി

2013 ഒക്ടോബര്‍ മൂന്ന് സാര്‍വദേശീയ സമരദിനമായി ആചരിക്കാന്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) ആഹ്വാനംചെയ്തിരിക്കുകയാണ്. അധ്വാനിക്കുന്ന വര്‍ഗം ലോകത്താകെ ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ, വീട് എന്നീ ആവശ്യങ്ങള്‍ക്കായി നടത്തിവരുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ ദിനാചരണം. ജനങ്ങളുടെ മാന്യമായ ജീവിതസാഹചര്യം എന്ന പ്രശ്നം നാം ഉയര്‍ത്തിവരുന്നതാണ്. മാന്യമായ ജീവിതസാഹചര്യം ഉറപ്പാകണമെങ്കില്‍ ഉറപ്പായ തൊഴില്‍, മാന്യമായ ശമ്പളവും പെന്‍ഷനും, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, സൗജന്യമായ പൊതുവിദ്യാഭ്യാസം എന്നിവ ഉറപ്പാക്കണം. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സ്ഥിരംജോലി ഉറപ്പാക്കുക എന്ന നയംവേണം. ചില പരിഷ്കരണവാദ ട്രേഡ് യൂണിയനുകള്‍, മാന്യമായ തൊഴിലെന്ന മുദ്രാവാക്യം ആത്മാര്‍ഥമായി ഉയര്‍ത്തുന്നില്ല.

2011 ഏപ്രിലില്‍ ഗ്രീസിലെ ഏതന്‍സില്‍ ചേര്‍ന്ന ഡബ്ല്യുഎഫ്ടിയുവിന്റെ 16-ാം കോണ്‍ഗ്രസാണ്, ഒക്ടോബര്‍ മൂന്ന് സാര്‍വദേശീയ സമരദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തത്. ഒക്ടോബര്‍ മൂന്ന് ഡബ്ല്യുഎഫ്ടിയു സ്ഥാപകദിനമാണ്. 1945 ഒക്ടോബര്‍ മൂന്നുമുതല്‍ എട്ടുവരെ പാരീസില്‍ ചേര്‍ന്ന അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ സമ്മേളനമാണ് ഡബ്ല്യുഎഫ്ടിയുവിന് രൂപംനല്‍കിയത്. നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ഡബ്ല്യുഎഫ്ടിയു, തൊഴിലാളിവര്‍ഗ നിലപാട് സ്വീകരിക്കുന്ന ഏക അന്തര്‍ദേശീയ സംഘടനയാണ്. 126 രാജ്യങ്ങളിലെ 84 ദശലക്ഷം അംഗങ്ങളുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നതാണ് ഈ അന്താരാഷ്ട്ര സംഘടന.

2011ലെ സാര്‍വദേശീയ സമരദിനത്തില്‍ ഡബ്ല്യുഎഫ്ടിയു ഉയര്‍ത്തിയത്, എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷിതത്വം, കൂട്ടായ വിലപേശലിനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനും സംരക്ഷണം നല്‍കല്‍, ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി എന്ന് നിജപ്പെടുത്തല്‍, മെച്ചപ്പെട്ട വേതനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ്. 2012ല്‍ ഭക്ഷണം, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, വീട് എന്നീ ആവശ്യങ്ങളാണ് ഉയര്‍ത്തിയത്. അതേ മുദ്രാവാക്യങ്ങളാണ് ഈ വര്‍ഷത്തെ ദിനാചരണത്തിലും ഉയര്‍ത്തുന്നത്. ലോകത്താകെ ജനങ്ങള്‍ക്ക് കാലാനുസൃതമായ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുകയും തൊഴില്‍ വൈദഗ്ധ്യം വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്.

അന്തര്‍ദേശീയ മുതലാളിത്തം വന്‍ പ്രതിസന്ധി നേരിടുമ്പോഴും, കുത്തകകളുടെ ലാഭം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കമ്പനികള്‍ അടച്ചുപൂട്ടുക, കുറഞ്ഞ കൂലി നല്‍കേണ്ടിവരുന്ന മേഖലകളിലേക്ക് വ്യവസായങ്ങള്‍ പറിച്ചുനടുക തുടങ്ങിയ നടപടികള്‍ വര്‍ധിച്ച ചൂഷണത്തിനാണ് വഴിവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ ലോകത്താകെ വര്‍ധിക്കുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ ഭൂരിപക്ഷവും താല്‍ക്കാലിക കരാര്‍ തൊഴിലുകളാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളൊന്നും നല്‍കാതെ, തുച്ഛമായ വേതനം നല്‍കി അധ്വാനിക്കുന്നവരെ കൊള്ളയടിക്കാന്‍ കുത്തകകള്‍ക്ക് ഈ സാഹചര്യം അവസരംനല്‍കുന്നു.

ഡബ്ല്യുഎഫ്ടിയു അന്തര്‍ദേശീയമായി പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത സന്ദര്‍ഭത്തില്‍, ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ട്രേഡ് യൂണിയനുകളും യോജിച്ച പ്രക്ഷോഭം നടത്തിവരികയാണ്. തൊഴിലാളിവര്‍ഗം ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ തട്ടിപ്പറിക്കുന്ന സാഹചര്യത്തിലാണ് പത്ത് ആവശ്യം ഉയര്‍ത്തി ദേശീയ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പരസ്യമായി പറഞ്ഞെങ്കിലും, അതിന്മേല്‍ ഒരു തീരുമാനവുമുണ്ടായില്ല. കോര്‍പറേറ്റുകളുടെ ആവശ്യങ്ങള്‍ക്ക് അടിക്കടി വഴങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നു.

ലോക മുതലാളിത്ത പ്രതിസന്ധിയെത്തുടര്‍ന്ന് വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ സ്വീകരിച്ചുവരുന്ന ചെലവുചുരുക്കല്‍ നയങ്ങളുടെ ഫലമായി, തൊഴിലാളികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം, യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നുവരുന്ന പണിമുടക്കുകള്‍ തുടങ്ങിയവയെല്ലാം മുതലാളിത്ത നയങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന പ്രതിഷേധങ്ങളാണ്. പ്രതിസന്ധിയില്‍നിന്ന് ലോക മുതലാളിത്തം ഉടനെയൊന്നും കരകയറുന്ന ലക്ഷണം കാണുന്നില്ല. ഈ പ്രതിസന്ധിയുടെയെല്ലാം ഭാരം പേറേണ്ടിവരുന്നത് അധ്വാനിക്കുന്ന ജനങ്ങളാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രക്ഷോഭത്തിനിറങ്ങാന്‍ തൊഴിലാളികള്‍ ആവേശപൂര്‍വം മുന്നോട്ടുവരുന്നത് ഈ സാഹചര്യത്തിലാണ്.

ലോകത്താകെ പട്ടിണിയും ദാരിദ്ര്യവും വര്‍ധിച്ചുവരുന്നു. ഭക്ഷ്യധാന്യ മേഖലയാകെ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലായതിന്റെ ഫലമായി, 850 ദശലക്ഷത്തിലേറെ ജനങ്ങള്‍ മതിയായ പോഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുന്നു. ഇന്ത്യയിലും കാര്‍ഷികമേഖല വന്‍കിട കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് മാറുകയും, ഭക്ഷ്യസുരക്ഷ സ്വപ്നംമാത്രമായി അവശേഷിക്കുകയുംചെയ്യുന്നു. സാര്‍വത്രിക പൊതുവിതരണമാകെ താറുമാറായി. പോഷകാഹാരക്കുറവിലും ദാരിദ്ര്യത്തിലും ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ മുമ്പിലാണ്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ശിശുമരണം, ഭാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം. ഇന്ത്യയിലെ കുട്ടികളില്‍ 40 ശതമാനംപേരും മതിയായി പോഷകാഹാരം ലഭിക്കാത്തവരാണ്. ഭക്ഷ്യപ്രതിസന്ധി ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ പ്രയാസത്തിലാക്കുന്നു. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ വെറും വാചകമടിമാത്രമായി ഒതുങ്ങുകയുംചെയ്യുന്നു.

കുടിവെള്ളക്ഷാമം ദരിദ്ര ജനത നേരിടുന്ന വലിയ പ്രശ്നമാണ്. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍, അത് വെള്ളത്തിന്റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. ലോകത്താകെ വെള്ളത്തിനായുള്ള സംഘര്‍ഷം ഉയര്‍ന്നുവരികയാണ്. ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കുടിവെള്ളം വിദൂരസ്വപ്നമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജലനയം, ജലസ്രോതസ്സുകള്‍ വന്‍കിട കുത്തകകളുടെ നിയന്ത്രണത്തിലേക്ക് വിടുന്നതാണ്. അന്തര്‍ദേശീയതലത്തില്‍ വെള്ളം ബഹുരാഷ്ട്ര കുത്തകകളുടെ വാണിജ്യചരക്കായി മാറി. ശുദ്ധജലവും ശുചിത്വസൗകര്യങ്ങളും ലഭിക്കാത്തതുമൂലം ലോകത്താകെ അഞ്ചുവയസ്സിനു താഴെയുള്ള ഒന്നര ദശലക്ഷം കുട്ടികള്‍ വര്‍ഷംതോറും മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ പൗരന്മാര്‍ക്കും കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആവശ്യം വളരെ പ്രധാനമാണ്. നവ- ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറി. പൊതു വിദ്യാഭ്യാസമേഖല ദുര്‍ബലമാവുകയാണ്. ഇതിന്റെ ഫലമായി, ദരിദ്രവിഭാഗങ്ങളിലെ പുതുതലമുറയ്ക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെടുന്നു. ഈ നയത്തില്‍ മാറ്റം വരണമെന്നത് വിദ്യാര്‍ഥികളുടെമാത്രം ആവശ്യമല്ല. ഇന്ത്യയില്‍ വിദ്യാഭ്യാസം മൗലികാവകാശമാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ആവശ്യമായ പശ്ചാത്തലസൗകര്യങ്ങളും പരിശീലനം സിദ്ധിച്ച അധ്യാപകരും ഇല്ലാത്തതിനാല്‍, വിദ്യാഭ്യാസം സമ്പന്നവര്‍ഗത്തിനു മാത്രമായി ചുരുങ്ങുന്നു. പണം ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നുള്ളൂ. എല്ലാവര്‍ക്കും ശാസ്ത്രീയവിദ്യാഭ്യാസം നേടാനുള്ള സൗകര്യമാണ് രാജ്യത്ത് വികസിക്കേണ്ടത്.

ആരോഗ്യ സംരക്ഷണരംഗം ദേശീയവും അന്തര്‍ദേശീയവുമായ വന്‍കിട കുത്തകകളുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുകയാണ്. ആരോഗ്യരംഗം സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിലായതിനെത്തുടര്‍ന്ന് ജനങ്ങളുടെ ചികിത്സാചെലവ് ഗണ്യമായി ഉയര്‍ന്നു. ചെറിയ വരുമാനക്കാര്‍ക്ക് ഒരു നിലയിലും താങ്ങാനാകാത്തതാണ് ചികിത്സാചെലവ്. ജീവന്‍രക്ഷാ ഔഷധങ്ങള്‍പോലും ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പല മരുന്നുകളുടെയും ഉല്‍പ്പാദനാവകാശം ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലായി. ആഗോളവല്‍ക്കരണ നയങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 1995ല്‍ ലോക വ്യാപാര സംഘടനയുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പേറ്റന്റ് നിയമം ഭേദഗതി ചെയ്യേണ്ടിവന്നത്. ഇന്ത്യന്‍ ഔഷധമേഖല ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഔഷധങ്ങളുടെ വിലനിയന്ത്രണനയം ഉള്‍പ്പെടെ, കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന ഒരു നടപടിയും ദരിദ്രജനകോടികള്‍ക്ക് ആശ്വാസമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതു ആരോഗ്യസംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

നിര്‍മാണസാമഗ്രികളുടെ വന്‍ വിലവര്‍ധനയും അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും,പാവപ്പെട്ട തൊഴിലാളികള്‍ക്കും ദരിദ്ര ജനങ്ങള്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമല്ലാതാക്കി. ഇന്ത്യയില്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം ജീവിക്കുന്നത് ചേരികളിലാണ്. എല്ലാവര്‍ക്കും വീട് എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

സാമൂഹ്യ സുരക്ഷാപദ്ധതികളെല്ലാം തൊഴിലാളിവര്‍ഗം ത്യാഗ പൂര്‍ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇപ്പോള്‍ സ്ഥിരം ജോലിയും മാന്യമായ വേതനവും പെന്‍ഷനും എല്ലാം നഷ്ടപ്പെടുകയാണ്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. മാരുതികമ്പനിയിലെ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശത്തിനായി സുദീര്‍ഘമായ സമരം നടത്തേണ്ടിവന്നു. തൊഴിലാളി സംഘടനകളും അവരുടെ പ്രക്ഷോഭങ്ങളും നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സൗജന്യങ്ങളും നികുതി ഇളവുകളും നല്‍കിയിട്ടും സ്വകാര്യമേഖലയുടെ നിക്ഷേപം കുറഞ്ഞുവരികയാണ്. മുതലാളിത്തനയങ്ങളുടെ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടയെയും ഗുരുതരമായി ബാധിച്ചു. വ്യവസായ ഉല്‍പ്പാദനനിരക്ക് ഇടിഞ്ഞു. കാര്‍ഷികമേഖലയുടെ വളര്‍ച്ച പിറകോട്ട് പോയി. രൂപയുടെ മൂല്യശോഷണവും പണപ്പെരുപ്പവും രൂക്ഷമായ വിലക്കയറ്റവും തൊഴിലാളികളുടെയും മറ്റ് ദരിദ്രജനങ്ങളുടെയും ജീവിതം ദുഷ്കരമാക്കി.

ഈ സാഹചര്യത്തില്‍ സാര്‍വദേശീയ സമരദിനാചരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം

No comments: