Monday, October 21, 2013

സംഗീതസാന്ദ്രം രാഘവജീവിതം

പറന്നുയര്‍ന്നത് പ്രതിബന്ധങ്ങളില്‍നിന്ന്

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച രാഘവന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്നത്. മൂന്നാം വയസ്സില്‍ അമ്മ മരിച്ചതോടെ ഏകാന്തമായ ബാല്യത്തില്‍ സംഗീതമായിരുന്നു കൂട്ട്. നാടന്‍ പാട്ട് കലാകാരനായിരുന്ന അച്ഛന്റെ സ്വാധീനം വളരെയേറെയായിരുന്നു. ചെറുപ്പംമുതലേ നാടന്‍ പാട്ടുകളുമായുണ്ടായിരുന്ന ബന്ധമാകാം തന്റെ ഗാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ എന്തെങ്കിലും സ്ഥാനം കിട്ടിയെങ്കിലതിന് കാരണമെന്ന് അദ്ദേഹം പറയുമായിരുന്നു. തെയ്യം, തിറ, പൂരക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയവയെല്ലാം ആവോളം ആസ്വദിച്ചു വളര്‍ന്നതിനാല്‍ അവയുടെ സ്വാധീനവും സ്വാഭാവികം. ബ്രണ്ണന്‍ സ്കൂളില്‍ തേഡ് ഫോറത്തില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിച്ച രാഘവന്‍ ശാസ്ത്രീയ സംഗീതപഠനത്തിലേക്ക് തിരിഞ്ഞു. തിരുവങ്ങാട്ടെ പി എസ് നാരായണ അയ്യരുടെ കീഴില്‍ അഞ്ചുവര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.

രാഘവന്‍ മാസ്റ്ററുടെ വല്യമ്മയുടെ മകന്‍ കരുണാകരന്‍ അക്കാലത്ത് മുംബൈയിലെ കാല്‍ടെക്സ് കമ്പനിയിലായിരുന്നു. സംഗീതത്തില്‍ ജീവിതം സമര്‍പ്പിച്ച കുട്ടിയെ "ഉദ്യോഗസ്ഥനാ"ക്കാന്‍ 1937 ല്‍ മുംബൈയിലേക്ക് കൊണ്ടുപോയി. ഒരു വര്‍ഷം മുംബൈയില്‍ തങ്ങിയ ശേഷം മദിരാശിയിലേക്ക് വന്നു. 1939ല്‍ തംബുരു ആര്‍ടിസ്റ്റായി ആകാശവാണിയില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ 1942ല്‍ ദില്ലിയിലേക്ക് സ്ഥലം മാറി. അവിടെ അഡീഷണല്‍ സൗത്ത് ഇന്ത്യന്‍ സര്‍വീസിലും എക്സ്റ്റേണല്‍ സര്‍വീസിലും തമിഴ് പ്രോഗ്രാം വിഭാഗത്തിലും ജോലി ചെയ്തു. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദവും വിഭജനത്തിന്റെ മുറിവുകളും അക്കാലത്ത് നേരില്‍ കണ്ടു. 1950ല്‍ കോഴിക്കോട് ആകാശവാണി തുടങ്ങിയതോടെ അവിടേക്ക് മാറി. അവിടെ ഏറെയും കൈകാര്യം ചെയ്തിരുന്നത് ലളിതസംഗീതവും നാടന്‍പാട്ടുകളുമായിരുന്നു. 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം 1976 ലാണ് ആകാശവാണിയോട് വിടപറഞ്ഞത്. 1954ല്‍ പുറത്തിറങ്ങിയ "നീലക്കുയിലി"ലെ പാട്ടുകള്‍ രാഘവന്‍ മാസ്റ്ററെ മയലാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാക്കി. സംഗീതരംഗത്തെ കഴിവുകള്‍ക്ക് അംഗീകാരമായി ഒട്ടേറെ ബഹുമതികള്‍ മാഷെ തേടിയെത്തി. "നിര്‍മാല്യ"ത്തിന്റെ സംഗീതത്തിന് 1973ല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. "പൂജയ്ക്കെടുക്കാത്ത പൂക്കള്‍" എന്ന ചിത്രത്തിലെ ഗാനങ്ങള്‍ 1977ല്‍ ഇതേ ബഹുമതി വീണ്ടും നേടിക്കൊടുത്തു. കേരള സംഗീത നാടക അക്കാദമി 1981 ല്‍ ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1986 ല്‍ കെപിഎസിയുടെ "പാഞ്ചാലി" നാടകത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കമുകറ പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്, ഖത്തര്‍ ഐസിആര്‍സിയുടെ ബാബുരാജ് അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

നാടോടി ഈണങ്ങളുടെ തമ്പുരാന്‍


ദേവരാജന്‍-ദക്ഷിണാമൂര്‍ത്തി-ബാബുരാജ് ത്രയത്തിന്റെ ശാസ്ത്രീയ സംഗീതത്തിലധിഷ്ഠിതമായ ഗാനങ്ങളില്‍നിന്ന് വിഭിന്നമായി മണ്ണിന്റെ മണമുള്ള ഈണങ്ങളുമായാണ് കെ രാഘവന്‍ എന്ന സംഗീതപ്രതിഭ ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. ആദ്യ ചിത്രമായ നീലക്കുയില്‍ മുതല്‍ അത് തുടങ്ങുന്നു. നീലക്കുയിലിലെ "എങ്ങനെ നീ മറക്കും", രാഘവന്‍ മാസ്റ്റര്‍തന്നെ പാടിയ "കായലരികത്ത്" എന്നീ ഗാനങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിന്റെ ജാതകം തിരുത്തിക്കുറിക്കുന്നതായിരുന്നു നീലക്കുയിലും അതിലെ പാട്ടുകളും. നീലക്കുയിലിലൂടെ പി ഭാസ്കരന്‍-കെ രാഘവന്‍ സഖ്യം മലയാളത്തിന്റെ മണവും ഗുണവുമുള്ള പാട്ടുകളുണ്ടാക്കി ഹിന്ദി പാരമ്പര്യത്തിന് തിരശ്ശീലയിട്ടു. ശാസ്ത്രീയസംഗീതത്തില്‍ അധിഷ്ഠിതമായ ഗാനങ്ങളും രാഘവന്‍ മാസ്റ്റര്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മികച്ച ഈണങ്ങള്‍ മിക്കതും നാടന്‍ പാട്ടിന്റെ ശൈലിയിലുള്ളതായിരുന്നു.

1967ല്‍ പുറത്തിറങ്ങിയ രമണനിലെ "കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍" ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. അസുരവിത്ത് എന്ന ചിത്രത്തിലെ "കുന്നത്തൊരു കാവുണ്ട്", കണ്ണപ്പനുണ്ണി എന്ന ചിത്രത്തിലെ "അല്ലിമലര്‍ക്കാവിലെ തിരുനടയില്‍", "മാനത്തെ മഴമുകില്‍" തുടങ്ങിയ ഗാനങ്ങള്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഗരിമ നിലനിര്‍ത്തുമ്പോള്‍തന്നെ ഈണങ്ങളുടെ ഭാവത്തിന് ഫോക് ടച്ചാണുള്ളത്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പുവിലെ "നാദാപുരം പള്ളിയിലെ", "വറുത്ത പച്ചരി", "പെരുത്ത മൊഞ്ചുള്ളൊരുത്തി", തുടങ്ങിയ ഗാനങ്ങള്‍ നാടന്‍ ശീലും മാപ്പിളപ്പാട്ടിന്റെ ശീലും ഒന്നിച്ചുചേര്‍ത്തതാണ്. 1983ല്‍ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പാടിയ "അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ" നീലക്കുയിലിലെ "കായലരികത്തിന്" ശേഷമുണ്ടായ ഏറ്റവും മികച്ച നാടന്‍ പാട്ടുകളിലൊന്നാണ്. അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദവും ഉച്ചസ്ഥായിയിലുള്ള ആലാപനവും ആസ്വാദകരെ മറ്റൊരു ലോകത്തേക്കുയര്‍ത്തുകയായിരുന്നു. ഈ ഗാനത്തിന്റെ ജനപ്രിയതയെക്കുറിച്ച് "മധുരമീ ജീവിതം" എന്ന ജീവചരിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ അയവിറക്കിയിട്ടുണ്ട്.

""കോഴിക്കോട്ടു നടന്ന ഒരു പരിപാടിയില്‍ അവസാനമായാണ് ഞാന്‍ "അപ്പോഴും പോരണ്ടാ" പാടിയത്. സദസ്സ് ഒന്നാകെ ഇളകി മറിയുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന റഷ്യക്കാരുപോലും ഭാഷയും അര്‍ഥവും അറിയാതിരുന്നിട്ടും അതാസ്വദിച്ചു. പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ജനങ്ങള്‍ അപ്പോഴും പോരണ്ടാ പോരണ്ടാ എന്ന് പാടിക്കൊണ്ടാണ് മടങ്ങിയത്. ""

80കളുടെ അവസാനത്തോടെ രാഘവന്‍ യുഗം പതുക്കെ അസ്തമിക്കുകയായിരുന്നു. എങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹത്തിന്റെ പതിവ് 1984ല്‍ പുറത്തിറങ്ങിയ ശ്രീകൃഷ്ണപ്പരുന്തിലും 1989ല്‍ റിലീസ് ചെയ്ത ദേവദാസിലും തുടര്‍ന്നു. ദേവദാസിലെ "സ്വപ്നമാലിനി തീരത്തുണ്ടൊരു" എന്ന ഫോക് ടച്ചുള്ള ഗാനം മലയാളി മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും.

സംഗീതസാന്ദ്രം രാഘവജീവിതം

അദ്ദേഹത്തിന് 95 വയസ്സ് തികയുന്നതിനടുത്തുള്ള ഒരു ദിവസം. കണ്ണൂരില്‍ ഒരു പരിപാടിക്കെത്തിയതായിരുന്നു. രാഘവന്‍മാഷിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി ചെന്ന് കുറെനേരം വര്‍ത്തമാനം പറഞ്ഞ് സന്തോഷം പങ്കിടാനായിരുന്നു ഉദ്ദേശ്യം. പക്ഷേ എന്തുചെയ്യാം; ഞങ്ങള്‍ എത്തിച്ചേരുംമുമ്പേ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മാഹിയിലെ കലാഗ്രാമത്തില്‍ കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു. പേരക്കുട്ടികളുമായി സ്വഗൃഹത്തില്‍ വിശ്രമിക്കേണ്ട പ്രായത്തില്‍ ഇത്തരത്തില്‍ സദാ കര്‍മനിരതനായിരുന്നു രാഘവന്‍മാഷ്. അദ്ദേഹത്തെപ്പറ്റി സമാനമായ ഒട്ടേറെ അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാനുണ്ടാകും. ജീവിതവും പ്രവൃത്തിയും തമ്മില്‍ ഭേദമില്ലാത്ത
മഹാത്മാക്കളുടെ കൂട്ടത്തില്‍ പെടുന്ന അതുല്യ സംഗീതപ്രതിഭയായിരുന്നു രാഘവന്‍മാഷ്.

ഏതാണ്ട് ആറ് പതിറ്റാണ്ട് മുമ്പ് പുറത്തുവന്ന "നീലക്കുയില്‍" മലയാള ചലച്ചിത്രരംഗത്ത് പൊതുവിലും സംഗീതസംവിധാനം, ഗാനരചന എന്നീ മണ്ഡലങ്ങളില്‍ വിശേഷിച്ചും വിപ്ലവകരമായ പരിവര്‍ത്തനം വരുത്തി. കൃത്രിമമായ സെറ്റുകളില്‍നിന്ന് നാട്ടിന്‍പുറത്തെ സ്വാഭാവികജീവിതത്തിലേക്ക് കഥാരംഗങ്ങള്‍ മാറിയതുതന്നെ ഒരു ശുദ്ധവായുപ്രവാഹം പോലെയാണ് കാണികള്‍ക്ക് അനുഭവപ്പെട്ടത്. കേരളത്തിന്റെ ഗ്രാമീണഭംഗിയും അതേസമയം അതില്‍ വീര്‍പ്പുമുട്ടുന്ന പാവങ്ങളുടെ ജീവിതവേദനയും നീലക്കുയില്‍ അനാവരണം ചെയ്തു. വഞ്ചിക്കപ്പെട്ട നീലി എന്ന ദളിത് യുവതിയുടെ കഥയെന്ന നിലയില്‍ യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതുന്ന ആശയം ആ സാഹചര്യത്തില്‍ വിശേഷിച്ചും പ്രേക്ഷകരില്‍ വലിയ ചലന മുണ്ടാക്കി. ആ സിനിമയുടെ ജനപ്രീതിയിലും അതിന്റെ കലാപരമായ സൗന്ദര്യത്തിലും ആശയാവിഷ്കാരത്തിലും, പി ഭാസ്കരന്‍ എഴുതി, കെ രാഘവന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ വഹിച്ച പങ്ക് നിസ്തര്‍ക്കം. അന്നുവരെ മുഖ്യമായും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലെ പാട്ടുകളുടെ ദുര്‍ബലാനുകരണങ്ങളാണ് മിക്കപ്പോഴും മലയാളത്തില്‍ ഉണ്ടായത്. അതുകൊണ്ട് മലയാള ചലച്ചിത്രഗാനശാഖയെ ആധുനീകരിക്കുന്നതിന് അടിത്തറയിട്ടത് "നീലക്കുയിലി"ലൂടെയാണെന്ന് പറയാം. ഏറ്റവും ശ്രദ്ധേയം നാടന്‍പാട്ടിന്റെ സൗന്ദര്യവും തുമ്പപ്പൂഭംഗിയും ശാസ്ത്രീയസംഗീതത്തിന്റെ ഭാവഗാംഭീര്യവും മാപ്പിളപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും തനിമയും ഈ സിനിമയിലെ ഒമ്പത് പാട്ടുകളില്‍ തുടിച്ചുനില്‍ക്കുന്നു എന്നതാണ്. ബുള്‍ബുള്‍ പോലുള്ള, ഇപ്പോള്‍ വലിയ പ്രചാരമില്ലാത്ത വാദ്യോപകരണങ്ങള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച രാഘവന്‍മാഷിന്റെ ഔചിത്യം ശ്രദ്ധേയവും അര്‍ഥവത്തുമാണ്.

കോഴിക്കോട് അബ്ദുള്‍ഖാദര്‍ പാടിയ "എങ്ങനെ നീ മറക്കും", ജാനമ്മ ഡേവിഡ് പാടിയ "എല്ലാരും ചൊല്ലണ്", "കുയിലിനെത്തേടി", മെഹബൂബ് പാടിയ "മാനെന്നും വിളിക്കില്ല", രാഘവന്‍മാഷ് തന്നെ പാടിയ "കായലരികത്ത് വലയെറിഞ്ഞപ്പോള്‍" തുടങ്ങിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സംഗീതാനുഭവങ്ങള്‍. ത്യാഗരാജന്റെ കാപ്പിനാരായണി രാഗത്തിലുള്ള "സരസ സാമദാന ഭേദ ദണ്ഡ ചതുര" എന്ന രചനയെ ആസ്പദമാക്കിയ ഗാനവും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക ശാസ്ത്രീയസംഗീതക്കച്ചേരികള്‍ നടത്തിയിട്ടുണ്ടെങ്കിലും സംഗീതത്തിന്റെ വ്യത്യസ്തങ്ങളായ എല്ലാ വഴികളും തുറന്നിടുന്ന സാധ്യതകള്‍ തേടാന്‍ രാഘവന്‍മാഷ് എപ്പോഴും സന്നദ്ധനായിരുന്നു. നാടന്‍പാട്ടില്‍നിന്നാണ് ശാസ്ത്രീയരാഗങ്ങള്‍ വികസിച്ചുവന്നത് എന്ന തത്വം മറ്റൊരര്‍ഥത്തില്‍ രാഘവന്‍മാഷിന്റെ സംഗീതസപര്യയില്‍ ദര്‍ശിക്കാവുന്നതാണ്. നാടന്‍ശീലുകളെ ആശ്രയിക്കുന്ന അനായാസതയോടെയാണ് ശാസ്ത്രീയരാഗാധിഷ്ഠിത സംഗീതവും രാഘവന്‍മാഷ് തൊട്ടുണര്‍ത്തുന്നത്. നാടന്‍പാട്ടും ശാസ്ത്രീയസംഗീതവും ഇണചേരുന്ന സ്വാഭാവികമായ സംഗീതസൃഷ്ടികര്‍മം, സംഗീതത്തിന്റെ സമൃദ്ധമായ പാരമ്പര്യവും വൈവിധ്യവും സൂക്ഷ്മമായി സ്വാംശീകരിച്ച പ്രതിഭയ്ക്കുമാത്രമേ സാധ്യമാകൂ.

രാഘവന്‍മാഷും പിന്നീടുവന്ന ദക്ഷിണാമൂര്‍ത്തിസ്വാമി, ദേവരാജന്‍മാസ്റ്റര്‍, ബാബുരാജ് എന്നിവരും ഈ മേഖലയില്‍ തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, രാഘവന്‍മാഷ് ഈ രംഗത്ത് പ്രഥമപഥികന്‍ മാത്രമല്ല, പിന്നീട് വന്നവര്‍ക്ക് വഴിയൊരുക്കിയ മഹാമാതൃകയായ സംഗീതമാന്ത്രികന്‍ കൂടിയാണ്. 1951ലെ "പുള്ളിമാന്‍" മുതല്‍ 65 സിനിമകള്‍ക്കുപുറമെ കെപിഎസിയുടെയും കെ ടി മുഹമ്മദിന്റെയും മറ്റും നാടകങ്ങള്‍ക്കുവേണ്ടിയും മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ആകാശവാണിക്കുവേണ്ടി തയ്യാറാക്കിയ ലളിതഗാനങ്ങളും അസംഖ്യമാണ്. രാഘവന്‍മാഷ് സംഗീതം പറഞ്ഞുകൊടുക്കുന്ന സവിശേഷമായ സമ്പ്രദായം, സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ച വേളയില്‍ ഗാനഗന്ധര്‍വന്‍ വിശദീകരിച്ചത് ഓര്‍മവരുന്നു.

"മഞ്ജുഭാഷിണീ" എന്ന അതുല്യമനോഹരമായ ഗാനത്തിന്റെ അനുപല്ലവിയില്‍ "നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്‍ മോതിരക്കൈവിരല്‍" എന്ന ഭാഗം പാടുന്നതിന് സൂക്ഷ്മമായ ആംഗ്യവിക്ഷേപത്തോടെ മോതിരക്കൈവിരല്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പാടേണ്ട വിധം രാഘവന്‍മാഷ് വിശദീകരിച്ചുകൊടുക്കുമായിരുന്നെന്ന് ദാസേട്ടന്‍ ആയിരക്കണക്കിന് ആസ്വാദകരെ സാക്ഷിനിര്‍ത്തി പറഞ്ഞത് ആരും മറക്കുമെന്ന് തോന്നുന്നില്ല.

നൂറ് വയസ്സ് പൂര്‍ത്തിയാക്കുന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ സംഗീതപ്രേമികളാകെ കാത്തിരിക്കുമ്പോഴാണ് വേര്‍പാട്. തലശേരിയില്‍ ഡിസംബര്‍ രണ്ടിന് നിശ്ചയിച്ചിരുന്ന അതിവിപുലമായ പരിപാടി രാഘവന്‍മാഷിന്റെ സംഗീതസ്മരണയ്ക്കുമുന്നില്‍ ശിഷ്യരുടെയും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും പ്രണാമമായി പുനഃസംഘടിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചിക്കുകയാണ് ഇനിയിപ്പോള്‍ കരണീയമായുള്ളത്. അദ്ദേഹം മഹാനായ ഒരു സംഗീതജ്ഞന്‍ മാത്രമായിരുന്നില്ല, മഹാനായ മനുഷ്യസ്നേഹിയും മഹത്തായ മാനവികമൂല്യങ്ങള്‍ക്കുവേണ്ടി അചഞ്ചലമായ നിലപാട് സ്വീകരിച്ചുപോന്ന സാംസ്കാരികസാന്നിധ്യവുമായിരുന്നു.

എം എ ബേബി

സംസ്കാരത്തെ ഉരുക്കിച്ചേര്‍ത്ത സംഗീതം

സംഗീതത്തില്‍ നമ്മുടെ സംസ്കാരത്തെ ശക്തമായി ഉള്‍ച്ചേര്‍ക്കാന്‍ കഴിഞ്ഞ കലാകാരനാണ് കെ രാഘവന്‍മാഷ്. പേര്‍ഷ്യന്‍- അറബി സംഗീതത്തെ ഇന്ത്യന്‍ സംഗീതത്തില്‍ ലയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹിന്ദു- മുസ്ലിം സംഗീതത്തെ സംഗമിപ്പിച്ച് നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കി. അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകള്‍ ഇതിനുദാഹരണമാണ്. രണ്ടും തിരിച്ചറിയാന്‍ കഴിയാത്തവിധം സമഞ്ജസമായി സംഗമിപ്പിക്കാന്‍ മാഷിന് കഴിഞ്ഞു. കായലരികത്ത് വലയെറിഞ്ഞപ്പോള്‍.... തുടങ്ങിയ പാട്ടുകളെല്ലാം കാലത്തെ അതിജീവിക്കുന്നവയാണ്. ഇത്രയും ലാളിത്യമുള്ള മാപ്പിളപ്പാട്ട് വേറെയില്ല. തന്റെ സംഗീതംപോലെതന്നെ ജീവിതത്തിലും ലാളിത്യം പുലര്‍ത്തിയ കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തിലെ ലളിതഗാനശാഖയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനാണ് രാഘവന്‍മാഷ്. കോഴിക്കോട് ആകാശവാണിയില്‍ തിക്കോടിയന്‍, എന്‍ എന്‍ കക്കാട്, അക്കിത്തം തുടങ്ങിയവരെക്കൊണ്ടൊക്കെ അദ്ദേഹം ലളിതഗാനങ്ങളെഴുതിച്ചു. "അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്..." എന്ന പാട്ട് തിക്കോടിയനാണ് എഴുതിയത്. മാത്രമല്ല, ടാഗോറിന്റെ കവിതകള്‍ പി ഭാസ്കരന്‍ പരിഭാഷപ്പെടുത്തി ആകാശവാണിക്കുവേണ്ടി രാഘവന്‍ മാഷ് സംഗീതംചെയ്തിരുന്നു.

ശാഠ്യങ്ങളില്ലാത്ത കലാകാരനായിരുന്നു അദ്ദേഹം. യേശുദാസ് മാത്രം പാടിയാല്‍ മതി എന്ന് വാശിപിടിക്കാതെ ബ്രഹ്മാനന്ദന്‍, ജാനമ്മ ഡേവിഡ്, ഗായത്രി, ഉദയഭാനു എന്നിവരെക്കൊണ്ടൊക്കെ അന്ന് പാടിച്ചു. ഞാന്‍ തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രമായ കാക്കത്തമ്പുരാട്ടിക്ക് മാഷായിരുന്നു സംഗീതം. ഇതിലെ മൂന്നു പാട്ടുകള്‍ ഞാനാണ് എഴുതിയത്. ബാക്കി പി ഭാസ്കരനും. ഈ ചിത്രത്തിലെ "അമ്പലപ്പുഴ വേല കണ്ടു ഞാന്‍..." എന്നു തുടങ്ങുന്ന പാട്ട് ഏറെ ഹിറ്റായിരുന്നു. രാഘവന്‍ മാഷെ അവസാനമായി കണ്ടത് രണ്ടുവര്‍ഷംമുമ്പാണ്. മുട്ടത്തുവര്‍ക്കി പുരസ്കാര സമര്‍പ്പണച്ചടങ്ങിന് വടകരയില്‍ പോയപ്പോള്‍ രാത്രി മാഷിന്റെ വീട്ടില്‍പോയി. അവസാനമായി വിളിച്ചത് രണ്ടുമാസംമുമ്പ്. സംഗീതലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണ് മാഷിന്റെ വേര്‍പാടിലൂടെ ഉണ്ടായത്.

ശ്രീകുമാരന്‍തമ്പി

നാടന്‍ ശീലുകളെ ഉന്നതിയിലെത്തിച്ചു

മലയാളത്തില്‍ നാടന്‍ പാട്ടുകള്‍ അവഗണിക്കപ്പെട്ട കാലത്ത് നാടന്‍ശീലുകളെ അത്യുന്നതിയിലെത്തിച്ച വ്യക്തിയായിരുന്നു രാഘവന്‍ മാഷ്. നാടന്‍ സംഗീതത്തോട് പ്രത്യേകമായ ആഭിമുഖ്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മലയാളത്തിന് ഭാവസംഗീതം പകര്‍ന്ന് നല്‍കിയവരില്‍ പ്രമുഖനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതത്തെ ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം അനുസ്മരിച്ചു.

ഒ എന്‍ വി

പറന്നകന്ന നീലക്കുയില്‍

ചലച്ചിത്രഗാനങ്ങള്‍ക്ക് നവീനമായ മുഖപ്രസാദം സമ്മാനിച്ച സംഗീതജ്ഞന്‍ ഇനിയില്ല. കാല്‍പ്പന്തുകളിയല്ല തട്ടകമെന്ന് തിരിച്ചറിഞ്ഞ് സംഗീതവഴിയേ നടന്ന കെ രാഘവന്‍ മലയാളികളെ മണ്ണിന്റെ മണമൂറുന്ന പാട്ടുകളിലൂടെ ആറു പതിറ്റാണ്ടുകാലമാണ് ഊട്ടിയത്. മലനാടിന്റെ സൗന്ദര്യവും സംസ്കാരവും ആവാഹിച്ച് വരികള്‍ ചമയ്ക്കാന്‍ പ്രഗത്ഭനായ പി ഭാസ്കരനുമായി ചേര്‍ന്ന കൂട്ടുകെട്ടില്‍ പിറന്നതത്രയും അത്യുജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന ഗാനശില്‍പ്പങ്ങള്‍. രാഘവനെ അനുസ്മരിക്കുമ്പോള്‍ ആദ്യം ഓര്‍യമയിലെത്തുക "നീലക്കുയിലി"ലെ "കായലരികത്തു വലയെറിഞ്ഞപ്പോള്‍" എന്ന ഗാനമാണ്. തമിഴിന്റെയും ഹിന്ദിയുടെയും നീരാളിപ്പിടിത്തത്തില്‍ വീര്‍പ്പുമുട്ടിയ മലയാളഗാനങ്ങള്‍ എല്ലാ അര്‍ഥത്തിലും സ്വതന്ത്രയായത് "നീലക്കുയില്‍" എന്ന ചിത്രത്തോടെയാണല്ലോ. അന്നുവരെ നാം പാടാന്‍ വിധിക്കപ്പെട്ട ഗാനകോപ്രായങ്ങളാണ് പി ഭാസ്കരന്റെ രചനയിലൂടെയും രാഘവന്റെ സംഗീതത്തിലൂടെയും മോചിതമായത്.

വയലാര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച "കൂടപ്പിറപ്പിലെ" "തുമ്പീ തുമ്പീ, വാ വാ" എന്ന പാട്ട് അവിസ്മരണീയമാക്കിയത് ആ മാന്ത്രികസംഗീതമാണ്. ഇതിലെ വരികളിലെ ഓമനത്തവും നിഷ്കളങ്കതയും വേഗം തിരിച്ചറിയാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന രീതികൊണ്ടാണ്. "നഗരമേ നന്ദി" എന്ന ചിത്രത്തിലെ "മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കരയിങ്കല്‍" എന്ന ഗാനം രാഘവന്റെ തൊപ്പിയിലെ തൂവലാണ്. പി ഭാസ്കരന്റെ രചനയിലാകട്ടെ, കെ രാഘവന്റെ സംഗീതത്തിലാകട്ടെ ലാളിത്യംതന്നെയാണ് മുഖമുദ്ര. കേരളീയ അന്തരീക്ഷത്തില്‍നിന്ന് വ്യതിചലിച്ചക്കാത്ത സംഗീതസപര്യയുടെ മധുരമാണ് ഈ പാട്ടുകള്‍. പ്രണയഗാനത്തേക്കാള്‍ സൃഷ്ടിപരമായി ക്ലേശമുള്ളതാണ് പ്രണയഭംഗഗാനം. എന്നാല്‍, കണ്ണീരണിഞ്ഞ പ്രണയത്തിനാണ് ഹൃദയംകവരാനുള്ള കഴിവ് താരതമ്യേന കൂടുതല്‍. ഇക്കാര്യം തിരിച്ചറിഞ്ഞാവണം "യുദ്ധകാണ്ഡ"ത്തിനുവേണ്ടി ഒ എന്‍ വി കുറുപ്പ് എഴുതിയ "ശ്യാമസുന്ദരപുഷ്പമേ" എന്ന അതുല്യമായ ഗാനം വശ്യതയോടെ രാഘവന്‍ സംഗീതത്തിന്റെ തങ്കനൂപുരം ചാര്‍ത്തി സമ്മാനിച്ചത്. അരവിന്ദന്റെ "ഉത്തരായന"ത്തില്‍ ജി കുമാരപിള്ളയുടെ വരികള്‍ "ഹൃദയത്തിന്‍ രോമാഞ്ചം" ചിട്ടപ്പെടുത്തിയപ്പോഴും സംഗീതസംവിധായകന്‍ ലക്ഷ്യത്തില്‍നിന്ന് തെല്ലും വ്യതിചലിച്ചില്ല. പക്ഷേ, എന്നെന്നും ഓര്‍ക്കുംവിധം ഹൃദയത്തിന് രോമാഞ്ചം ഉണര്‍ത്തി സ്വരരാഗ ഗംഗയൊഴുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. "കടമ്പ" എന്ന ചിത്രത്തിനായി തിക്കോടിയന്റെ പ്രശസ്തമായ വരികളാണ് "അപ്പോളും പറഞ്ഞില്ലേ പോരണ്ടാ, പോരണ്ടാന്ന്" എന്ന് സ്വരപ്പെടുത്തിയത്. അദ്ദേഹം സി ഒ ആന്റോയുമായി ചേര്‍ന്ന് അത് ഗാനരൂപത്തില്‍ സമ്മാനിച്ചപ്പോള്‍ ഉടലെടുത്ത അനുഭൂതി പറഞ്ഞറിയിക്കുക പ്രയാസം.

60 വര്‍ഷം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിട്ടും 65 സിനിമക്കു മാത്രമെ അദ്ദേഹം സംഗീതം നിര്‍വഹിച്ചുള്ളൂ. എന്നാല്‍, ചിട്ടപ്പെടുത്തിയ പാട്ടുകളുടെ മഹത്വംകൊണ്ടാകണം അവയുടെ എണ്ണം വളരെ കൂടുതലെന്ന് നമുക്ക് തോന്നുന്നത്.

ടി പി ശാസ്തമംഗലം

മലയാളിമനസ്സിലേക്ക് വലയെറിഞ്ഞ പ്രതിഭ

"കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ..." എന്ന പാട്ടിലൂടെ സംഗീതത്തിന്റെ വലയെറിഞ്ഞ് മനസ്സിനെ കോരിയെടുത്ത പ്രതിഭയായിരുന്നു രാഘവന്‍ മാസ്റ്റര്‍. മലയാളത്തിലെ സംഗീതാചാര്യന്മാരുടെ ആചാര്യനായി മാറിയ രാഘവന്‍മാസ്റ്റര്‍ 98-ാം വയസ്സിലും ഊര്‍ജസ്വലനായി ജീവിച്ചത് സംഗീതസപര്യയിലൂടെയാണ്. നാലുമാസംമുമ്പ് തലശേരിയിലെ വീട്ടില്‍ ചെന്നപ്പോള്‍ സംഗീതത്തെക്കുറിച്ച് ഒരുപാടുനേരം സംസാരിക്കുകയും പാട്ടുപാടി കേള്‍പ്പിക്കുകയും ചെയ്താണ് യാത്രയാക്കിയത്.

മാസ്റ്റര്‍ സംഗീതം നല്‍കിയ "നീലക്കുയിലി"ലെ ഗാനങ്ങള്‍ യുവത്വത്തില്‍ ഞങ്ങള്‍ പാടിനടന്നിരുന്നത് ഓര്‍മയുണ്ട്. ഇതരഭാഷാ ഗാനങ്ങളുടെ സംഗീതത്തില്‍ മലയാളഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ശീലത്തില്‍ നിന്നുമാറി മലയാളത്തിന്റെ മണമുള്ള സംഗീതം കേരളീയര്‍ക്ക് സമ്മാനിച്ചത് മാസ്റ്ററാണ്. എച്ച് മെഹബൂബ്, ബ്രഹ്മാനന്ദന്‍ എന്നിവരെ ചലച്ചിത്രഗാനരംഗത്തു കൊണ്ടുവന്നതും മാസ്റ്ററാണ്. അദ്ദേഹത്തിനൊപ്പം ഇടപഴകാന്‍ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ സുവര്‍ണനിമിഷങ്ങളാണ്. പുതുതലമുറയെ വളര്‍ത്തുന്നതില്‍ അളവറ്റ താല്‍പ്പര്യമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്തും അദ്ദേഹത്തിന്റെ സംഗീതം ഊര്‍ജ്വസ്വലമായിരുന്നു. അതിന് തെളിവാണ് ഒടുവിലായി സംഗീതം നല്‍കിയ ബാല്യകാലസഖി എന്ന സിനിമ. മറക്കാനാവാത്ത സംഭാവനകള്‍ സംഗീതലോകത്തിനു നല്‍കിയാണ് മാസ്റ്ററുടെ വിയോഗം. മലയാളി ഉള്ളിടത്തോളം കാലം ആ മധുരസംഗീതം ജീവിക്കും.

എം കെ അര്‍ജുനന്‍

എന്റെ ഗുരുനാഥന്‍

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രാഘവന്‍ മാസ്റ്ററുടെ പാട്ടുകളെക്കുറിച്ചാണ് ഞാന്‍ കൂടുതലും സംസാരിച്ചത്; എഴുതിയതും. ആകാശവാണിയില്‍ പ്രൊഡ്യൂസറായിരുന്ന സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അമ്മാവന്‍ നടക്കല്‍ ശ്രീനിവാസനാണ് എന്നെ അദ്ദേഹം താമസിച്ചിരുന്ന വൈഎംസിഎയിലെ മുറിയില്‍ എത്തുന്നത്. ഞാന്‍ അന്ന് നന്നായി പാടുമായിരുന്നെങ്കിലും എന്താണ് പാടുന്നത് എന്ന തിരിച്ചറിവൊന്നും ഉണ്ടായിരുന്നില്ല. മാസ്റ്ററുടെ മുന്നില്‍ പാടിയ പാട്ട് ഇന്നും ഓര്‍മയിലുണ്ട്. എസ് വി ഉസ്മാന്‍ രചിച്ച് കൃഷ്ണദാസ് മാസ്റ്റര്‍ സംഗീതം നല്‍കിയ "സപ്തസ്വര പൂഞ്ചിറകില്‍" എന്ന ഗാനം ചില്ലറ താളപ്രശ്നങ്ങള്‍ ഉള്ളതാണ്. അദ്ദേഹം ആദിതാളം പിടിച്ച് അതെങ്ങനെയാണ് സാങ്കേതികമായി പാടേണ്ടത് എന്ന് പറഞ്ഞുതന്നു. ശാസ്ത്രീയ സംഗീതം ഞാന്‍ പഠിക്കുന്നുണ്ടായിരുന്നെങ്കിലും പ്രയോഗ രീതി എനിക്കാരും പറഞ്ഞുതന്നിരുന്നില്ല. ലളിതസംഗീതം ഞാന്‍ ഒരുപാടു പാടിയിട്ടുണ്ടെങ്കിലും ഒരുപാടു സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും എന്റെ ലളിതസംഗീതത്തിന്റെ ആദ്യപാഠം അതായിരുന്നു.

പാട്ടുകാരെ മാത്രം പൂജിക്കുന്ന, അവര്‍ക്കായി മാത്രം സിംഹാസനം ഒരുക്കുന്നവരാണ് നാം. കവിയെ എന്നപോലെ സംഗീത സംവിധായകരെയും നാം ആദരിക്കേണ്ടതല്ലേ. കണ്ണൂര്‍ യൂണിവേഴ്സിറ്റി പി ടി ഉഷയ്ക്കും അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്കും എം എഫ് ഹുസൈനും ഡിലിറ്റ് നല്‍കിയപ്പോള്‍ ഈ സര്‍വകലാശാലയുടെ പരിധിയില്‍ ഒരു വിളിപ്പാടകലെയുള്ള രാഘവന്‍ മാസ്റ്റര്‍ക്ക് ഇത് കൊടുക്കാനുള്ള തടസ്സമെന്ത് എന്ന് ഞാന്‍ ഒരു യോഗത്തില്‍ വികാരാധീനനായി ചോദിക്കുകയുണ്ടായി.

മാസ്റ്ററുമായി വ്യക്തിപരമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. അദ്ദേഹത്തിന്റെ ഏതാണ്ട് പകുതി വയസ്സേ എനിക്കുള്ളൂ. എന്നിട്ടും അടുത്ത സുഹൃത്തിനോടെന്ന പോലെയാണ് ഇടപെട്ടിത്. അദ്ദേഹത്തോടൊപ്പമുള്ള യാത്രകളെല്ലാം ഒരുപാട് അനുഭവങ്ങള്‍ തന്നു. പൊതുവെ ഗൗരവക്കാരനായ മാസ്റ്റര്‍ തമാശകള്‍ കേട്ടിരിക്കുമ്പോള്‍ ഗൗരവമെല്ലാം അലിഞ്ഞലിഞ്ഞില്ലാതായി കൊച്ചുകുട്ടിയുടെ അവസ്ഥയില്‍ എത്തുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സംഗീതരംഗം വിവാദങ്ങളുടെ നടുവിലായ സന്ദര്‍ഭങ്ങളില്‍ അതിലൊന്നും ഇടപെടാതെ നിശ്ശബ്ദനായി സംഗീതത്തെ മാത്രം ഉപാസിച്ച് തലശ്ശേരിയിലെ വസതിയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു മാസ്റ്റര്‍. തനിക്കാവുന്നത് ആകാവുന്ന കാലത്തോളം ചെയ്തുകൊണ്ടിരിക്കണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

"കലാഗ്രാമ"ത്തിലെ സംഗീത ക്ലാസ് നടത്തിക്കൊണ്ടിരുന്നത് അതുകൊണ്ടാണ്. ആരെയും ആശ്രയിക്കരുത് എന്നൊരു നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതത്തില്‍ നിന്ന് ലക്ഷങ്ങളൊന്നും പുതിയ തലമുറയെപ്പോലെ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലല്ലോ. കിട്ടിയതില്‍ കുറെ വണ്ടിച്ചെക്കുകളും. എത്രബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സഹായത്തിന് ആരെയും സമീപിക്കില്ല. അറിഞ്ഞു ചെയ്യുന്നത് പോലും നിരസിക്കും. കെപിഎസിയില്‍ നിന്ന് ഒരിക്കല്‍ അയച്ച ചെക്ക് ""ഇപ്പോള്‍ എനിക്കാവശ്യമില്ല. വേണ്ടുമ്പോള്‍ പറയും"" എന്ന മറുപടിയോടെ തിരിച്ചയച്ചത് എനിക്കറിയാം. ഞങ്ങളുടെ നാടകസമിതിക്കു വേണ്ടി പാട്ടുകള്‍ ചെയ്തിരുന്ന സമയത്ത് അതിനൊന്നും കൃത്യമായി ഒന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഞാനും പയ്യന്നൂര്‍ രവിയും കൂടി ഒരു പവിത്രമോതിരം വാങ്ങിക്കൊടുക്കാന്‍ നിശ്ചയിച്ചു. ചില മുട്ടുന്യായങ്ങള്‍ പറഞ്ഞ് അതു നിരസിക്കുകയാണുണ്ടായത്. ജീവിതത്തിലുടനീളം ഇങ്ങനെയൊരു നീതിബോധം അദ്ദേഹം വെച്ചുപുലര്‍ത്തി. മറ്റുള്ളവരുടെ വേദനകള്‍ കാണാനും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. കണ്ണൂര്‍ രാജനെ തന്റെ സിനിമകളുടെ അസിസ്റ്റന്റാക്കി മദിരാശിയില്‍ എത്തിച്ചതൊക്കെ വലിയ കഥകളാണ്. അദ്ദേഹത്തില്‍നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ട്. നിരന്തരമായ സംഗീത സാധനയായിരുന്നു ആ ജീവിതം. സംഗീതത്തിനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

വി ടി മുരളി

രാഘവന്‍മാസ്റ്റര്‍ അപൂര്‍വ പ്രതിഭ: പിണറായി

നാടന്‍ സംഗീതത്തിന്റെ നന്മ ചാലിച്ച് മലയാളത്തിന് അനശ്വരഗാനങ്ങള്‍ സമ്മാനിച്ച അപൂര്‍വ പ്രതിഭയായിരുന്നു കെ രാഘവന്‍ മാസ്റ്ററെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തലശേരിയില്‍ ജനിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് ജീവിതാനുഭവങ്ങള്‍ നേടിയ മാഷ് തികഞ്ഞ പുരോഗമനവാദിയായിരുന്നു. ഫുട്ബോളും സംഗീതവും പുരോഗമനാശയവും സമന്വയിച്ച നൂറ്റാണ്ട് നീണ്ട ജീവിതത്തിനാണ് തിരശീല വീണത്. "സഖാക്കളേ മുന്നോട്ട്" ഉള്‍പ്പെടെയുള്ള വിപ്ലവഗാനങ്ങള്‍ക്ക് സിനിമയില്‍ ജീവന്‍ നല്‍കിയ മാഷുടെ സംഗീത ജീവിതം നാടിന്റെ സാമൂഹ്യമാറ്റത്തിനും പുരോഗതിക്കും സമര്‍പ്പിതമായിരുന്നു. സാധാരണ മനുഷ്യരുടെ ഹൃദയം തൊട്ടറിഞ്ഞ സംഗീതമായിരുന്നു അതെന്നും പിണറായി പറഞ്ഞു.

അതുല്യപ്രതിഭ: വി എസ്

നാടന്‍പാട്ടിന്റെ വശ്യതയും ലളിത സംഗീതത്തിെന്‍റ മാധുര്യവുംകൊണ്ട് ചലച്ചിത്രലോകത്ത് സ്വന്തം സാമ്രാജ്യം സ്ഥാപിച്ച അതുല്യ പ്രതിഭയായിരുന്നു കെ രാഘവന്‍ മാസ്റ്ററെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. "കായലരികത്ത് വലയെറിഞ്ഞ്" സംഗീതത്തിന്റെ ആഴങ്ങളിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയ രാഘവന്‍ മാസ്റ്റര്‍ എന്നും പുരോഗമന ആശയം മനസ്സില്‍ സൂക്ഷിച്ച മഹാനായിരുന്നു. "സഖാക്കളെ മുന്നോട്ട്" പോലുള്ള വിപ്ലവ ഗാനങ്ങള്‍ക്ക് അനശ്വരത പകര്‍ന്ന സംഗീത പ്രതിഭയായിരുന്നു അദ്ദേഹമെന്നും വി എസ് പറഞ്ഞു.

അനശ്വരഗാനങ്ങളുടെ ശില്‍പ്പി: കോടിയേരി

സംഗീതലോകത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച അനശ്വരഗാനങ്ങളുടെ ശില്‍പിയാണ് പത്മശ്രീ കെ രാഘവന്‍മാസ്റ്ററെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരന്റെ ഹൃദയംതൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ഗ്രാമവിശുദ്ധിയുടെ നന്മയും നൈര്‍മല്യവും നിറഞ്ഞ തനതുസംഗീതത്തിലൂടെ മലയാളചലച്ചിത്രഗാന ശാഖക്ക് പുതുഭാവുകത്വമാണ് അദ്ദേഹം പകര്‍ന്നുനല്‍കിയത്. തലശേരിയില്‍നിന്ന് വളര്‍ന്നുവന്ന സംഗീതജ്ഞനെന്ന നിലയില്‍ അദ്ദേഹത്തെ തലശേരിക്കാര്‍ എന്നും സ്നേഹത്തോടെയും ആദരവോടെയുമാണ് കണ്ടത്. നൂറാംജന്മദിനാഘോഷത്തിനായി തലശേരി തയ്യാറെടുക്കവെയാണ് അദ്ദേഹം വിട്ടുപിരിഞ്ഞത്. സംഗീതലോകത്തെ വലിയ നഷ്ടമാണിത്. ആശുപത്രിയിലാണെന്നറിഞ്ഞ് വെള്ളിയാഴ്ച അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നു. രാഘവന്‍മാസ്റ്ററുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും കോടിയേരി പറഞ്ഞു.

*
ദേശാഭിമാനി

No comments: