Thursday, October 17, 2013

വഴിയടഞ്ഞ ഒബാമ കെയര്‍

അമേരിക്കയില്‍ പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാ നിയമം അവിടത്തെ സെനറ്റും ജനപ്രതിനിധിസഭയും മുമ്പ് പാസാക്കിയതാണ്. അതിനെതിരെ നല്‍കിയ കേസ് സുപ്രീംകോടതി തള്ളുകയും ആ നിയമം ഭരണഘടനാ വിധേയമാണെന്ന് അംഗീകരിക്കുകയും ചെയ്തതാണ്. 2012-ല്‍ പാസാക്കിയതാണ് ആ നിയമം. 2013 ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍വരും എന്നാണ് അന്ന് നിശ്ചയിച്ചത്.

ഇതേവരെ അമേരിക്കയില്‍ പ്രായമായവര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പുവരുത്തിയിരുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. എന്നാല്‍, വൃദ്ധരല്ലാത്തവര്‍ക്ക് ചെലവേറിയ ചികിത്സ ആവശ്യമായ രോഗം വന്നാല്‍ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്നില്ല. അക്കാര്യത്തില്‍ ചില ആശ്വാസനടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒബാമ കൊണ്ടുവന്ന നിയമം. അത് ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെയും വന്‍കിട ആശുപത്രികളെയും സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന വിമര്‍ശം ഉണ്ടെങ്കിലും, ഈ നിയമം നടപ്പാക്കാന്‍പോകുന്നു എന്നുകണ്ടപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. അതായത്, സാധാരണക്കാരായ ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ നിയമനിര്‍മാണമാണ് "ഒബാമ കെയര്‍" എന്നറിയപ്പെടുന്ന ആരോഗ്യസുരക്ഷാ പദ്ധതി. അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (താങ്ങാവുന്ന ചികിത്സാ നിയമം) എന്നാണ് അതിന്റെ ശരിക്കുള്ള പേര്.

അത് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് പുതിയ ചെലവുവരും. അതിന് നിര്‍വാഹമില്ലാത്ത സ്ഥിതിയിലാണ് ഇന്ന് അമേരിക്കന്‍ സര്‍ക്കാര്‍. അവിടത്തെ സര്‍ക്കാരിന് എടുക്കാവുന്ന കടത്തിന് കോണ്‍ഗ്രസ് എന്ന അമേരിക്കന്‍ പാര്‍ലമെന്റ് പരിധി നിശ്ചയിച്ചിട്ടുണ്ട്. 16.6 ലക്ഷം കോടി ഡോളറാണ് ഇപ്പോള്‍ ആ പരിധി. അതിനപ്പുറം കടം സര്‍ക്കാരിന് എടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതിവേണം. അല്ലെങ്കില്‍ നികുതി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കണം. ഇതിന് രണ്ടിനും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ടി എതിരാണ്. ജനപ്രതിനിധിസഭയില്‍ അവര്‍ക്കാണ് ഭൂരിപക്ഷം. അവര്‍ ആവശ്യപ്പെടുന്നത് ഒബാമ കെയറിലെ വ്യവസ്ഥകള്‍ മാറ്റി അതിനുള്ള ചെലവ് ചുരുക്കണം. അതിന് ഒബാമ സമ്മതിച്ചാല്‍ വായ്പാപരിധി വര്‍ധിപ്പിക്കുന്നതിന് അനുവദിക്കാം എന്നാണ്. അമേരിക്കയെപ്പോലുള്ള ഒരു രാജ്യത്തെ സര്‍ക്കാരിന് ഒബാമ കെയര്‍ നിയമം നടപ്പാക്കുമ്പോള്‍ വേണ്ടിവരുന്ന ചെലവിന് പണം കണ്ടെത്തുക പ്രയാസകരമല്ല. 2013 ആദ്യം അമേരിക്കയുടെ പൊതുകടം 11.959 ലക്ഷം കോടി ഡോളറും സര്‍ക്കാരിന്റെ കടം 4.846 ലക്ഷം കോടിയും ഉള്‍പ്പെടെ 16.805 ലക്ഷം കോടി ഡോളറായിരുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിയേക്കാള്‍ അല്‍പ്പം കൂടുതലാണ്. എങ്കിലും, ഇപ്പോള്‍ നിശ്ചയിച്ച കടപരിധിയായ 16.7 ലക്ഷം കോടി ഡോളര്‍കൊണ്ട് സര്‍ക്കാരിന് ബജറ്റ് ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. കടപരിധി 16.7 ലക്ഷം കോടിയില്‍നിന്ന് ഉയര്‍ത്തണമെന്നാണ് ഒബാമ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ടി ഇതിനെ എതിര്‍ക്കുന്നു. ഇത് കൂട്ടണമെങ്കില്‍ ഒബാമ കെയര്‍ നിയമം ഭേദഗതിചെയ്ത് രോഗബാധിതര്‍ക്കു കൊടുക്കുന്ന ധനസഹായം വെട്ടിക്കുറയ്ക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ടി ആവശ്യപ്പെടുന്നത്. ആ പാര്‍ടിക്കാണ് ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം. അതിനാല്‍ കടപരിധി ഉയര്‍ത്താനോ ഒബാമ കെയര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ തുക നികുതി വര്‍ധിപ്പിച്ച് വകവച്ചുകൊടുക്കാനോ അവര്‍ തയ്യാറല്ല. ആ നിയമം ഭേദഗതി ചെയ്ത് ചെലവുചുരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നുവച്ചാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ കോണ്‍ഗ്രസിന്റെ അധോസഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ടി തടഞ്ഞുവയ്ക്കുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ കടപൂട്ടി എന്നാണ് ഒക്ടോബര്‍ ഒന്നിന് മാധ്യമങ്ങള്‍ പൊതുവെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയും പ്രസിഡന്റ് ഒബാമയും റിപ്പബ്ലിക്കന്‍ എതിരാളികളും തമ്മില്‍ ഒരു ധാരണയുമായിട്ടില്ല. അതിനാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെയും മറ്റും പുറത്തുനിര്‍ത്തിയിരിക്കുകയാണ്. പല സേവനങ്ങളും തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഈ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിനെയും ഡോളറിന്റെ മൂല്യത്തെയും വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും മറ്റും എങ്ങനെ ബാധിക്കും എന്നത് വലിയ ചര്‍ച്ചാവിഷയമാണ്. ഇത് ഡെമോക്രാറ്റ് ഭരണവും റിപ്പബ്ലിക്കന്‍ പ്രതിപക്ഷവും തമ്മിലുള്ള ശീതസമരത്തിലപ്പുറം അമേരിക്കയിലെ ജനാധിപത്യ വ്യവസ്ഥയെയും അതിന്റെ നൈതികമൂല്യങ്ങളെയും പിടിച്ചുകുലുക്കലാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഇംഗിതം നടപ്പാക്കലാണ്. അതാണ് അമേരിക്കയില്‍ ഇപ്പോള്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ സകലരുമല്ല യഥാര്‍ഥത്തില്‍ ഈ നീക്കം നടത്തുന്നത്. പാര്‍ടി എന്ന നിലയ്ക്ക് അതിന്റെ ജനപ്രതിനിധികളാകെ ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അവര്‍ക്കിടയിലെ വെള്ളക്കാരാണ് അതിനു നേതൃത്വംനല്‍കുന്നത്. ഈ വടംവലിക്ക് നേതൃത്വംനല്‍കുന്നത് അധോസഭയുടെ സ്പീക്കര്‍ ജോണ്‍ ബോയ്ഹനെര്‍ ആണ്. അദ്ദേഹം സഭയുടെ അധ്യക്ഷത വഹിക്കുന്നതിനപ്പുറം പോയി, തങ്ങള്‍ പറയുന്നതിന് ""സെനറ്റ് എസ് മൂളിയാല്‍, പിറ്റേന്ന് സര്‍ക്കാരിനു പണം കിട്ടും"" എന്നത് സഭയില്‍ ഭൂരിപക്ഷ നേതാവ് പറയുന്നതുപോലെയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ തന്നെ മുമ്പ് സ്പീക്കറായിരുന്ന നെവ്റ്റ് ഗിങ്ങ്റിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ സഹപ്രവര്‍ത്തകരെ ഉപദേശിച്ചെങ്കിലും, അവര്‍ ഡെമോക്രാറ്റുകളുമായി ഒബാമാ കെയര്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ് ചെയ്തത്. ഡെമോക്രാറ്റുകള്‍ ഒബാമ കെയര്‍ നിയമം സംബന്ധിച്ച് കൊണ്ടുവന്ന ബില്‍ പാസാക്കുന്നത് തടയാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്രുസ് സംസാരിച്ചത് 21 മണിക്കൂറായിരുന്നു. ആഗോളവല്‍ക്കരണ നിയമത്തെയും പരിഷ്കാരങ്ങളെയും അമേരിക്കയില്‍ ഒരുപോലെ നടപ്പാക്കിയവരാണ് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും. എന്നാല്‍, അവ നടപ്പാക്കുന്നതില്‍ ഈ രണ്ട് വലതുപക്ഷ പാര്‍ടികളും മറ്റ് പലതിലും എന്നപോലെ, തമ്മില്‍ ഭിന്നാഭിപ്രായക്കാരാവുക മാത്രമല്ല, എതിരാളിയെ തകര്‍ക്കാന്‍വേണ്ടി ഏറ്റുമുട്ടാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ അടുത്ത തലമാണ് വലതുപക്ഷ പാര്‍ടികള്‍ തമ്മില്‍ നയപരമായും ഭരണപരമായും ഏറ്റുമുട്ടുന്നതോടെ ആരംഭിക്കുന്നത് എന്നുപറയാം.

*
സി പി നാരായണന്‍ ദേശാഭിമാനി 17-10-2013

No comments: