Sunday, October 13, 2013

ജെപിസി റിപ്പോര്‍ട്ടിനുള്ള ഭിന്നാഭിപ്രായക്കുറിപ്പ്

""1998തൊട്ട് 2009വരെ ടെലകോം ലൈസന്‍സുകളും സ്പെക്ട്രവും നല്‍കിയതും അതിന്റെ വില നിശ്ചയിച്ചതും"" സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനുവേണ്ടിയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) രൂപീകരിക്കപ്പെട്ടത്. ജെപിസിയുടെ ചെയര്‍മാന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ ഒരു കരട് റിപ്പോര്‍ട്ട് വിതരണം ചെയ്തിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ ജെപിസിക്ക് മുമ്പാകെ അവതരിപ്പിക്കപ്പെട്ട തെളിവുകളില്‍നിന്ന് ചിലതെല്ലാം തിരഞ്ഞെടുത്ത് ഉദ്ധരിച്ചുചേര്‍ത്തിട്ടുണ്ട്; വളരെ പ്രധാനപ്പെട്ട പല രേഖകളും വാക്കാലുള്ള തെളിവുകളും അവഗണിക്കപ്പെട്ടിട്ടുണ്ട്; 2007-2008 കാലത്തെ 2 ജി അഴിമതിയെ സംബന്ധിച്ച അടിസ്ഥാനപരമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

2 ജി സ്പെക്ട്രം അഴിമതി തടയുന്നതില്‍ മന്ത്രിസഭ കൂട്ടായി പരാജയപ്പെട്ട കാര്യം പുറത്തുകൊണ്ടുവരുന്നതിലും (പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഉള്ള പങ്ക് പുറത്തുകൊണ്ടുവരുന്നതില്‍ പ്രത്യേകിച്ചും) ആ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. ശരിയായ വിധത്തിലുള്ള ഒരു അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഇതോടൊപ്പം ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെപിസിയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ നടപടിപ്പിശകുകള്‍ സംഭവിച്ചിട്ടുണ്ട്. ഞാനും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും, പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും തെളിവുനല്‍കുന്നതിനായി വിളിച്ചുവുരത്തുന്നതില്‍ ജെപിസി പരാജയപ്പെട്ടു; കമ്മിറ്റിക്കുമുന്നില്‍ ഹാജരാവുന്നതിനുള്ള അവസരം എ രാജയ്ക്ക് നിരസിച്ചു. അതുവഴി രാജയെ വിസ്തരിക്കുന്നതിനുള്ള അവസരം കമ്മിറ്റിക്ക് നിഷേധിച്ചു. അതുകൊണ്ട്, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും അതുപോലെതന്നെ അതില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങളും സ്വീകരിക്കുന്നതിനും അവയോട് യോജിക്കുന്നതിനും എനിക്ക് കഴിയുകയില്ല. അതുകൊണ്ടാണ് ഈ ഭിന്നാഭിപ്രായ കുറിപ്പ് സമര്‍പ്പിക്കുന്നത്.

റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട പോരായ്മകള്‍

2007-08 കാലത്ത് നല്‍കപ്പെട്ട യുഎഎസ്എല്‍ ലൈസന്‍സുകളുടെയും സ്പെക്ട്രത്തിന്റെയും വില വളരെ കുറച്ചു കാണിച്ചത് മൂടിവെയ്ക്കുന്നതിനാണ് റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. (35 ക്രോസ്സ് ഓവര്‍ ലൈസന്‍സുകളുടെയും 122 പുതിയ ലൈസന്‍സുകളുടെയും). അതിനുപകരം നഷ്ടസാധ്യത കണക്കാക്കുന്നതിന്ന് സിഎജി സ്വീകരിച്ച രീതികളെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുകയാണ് ആദ്യംതന്നെ ചെയ്യുന്നത്. സിഎജി സ്വീകരിച്ചരീതി തെറ്റായതുകൊണ്ട് നഷ്ടംതന്നെ ഉണ്ടായിട്ടില്ല എന്ന തികച്ചും യുക്തിവിരുദ്ധമായ നിഗമനത്തിലേക്ക് ഒറ്റച്ചാട്ടമാണ് പിന്നീട് റിപ്പോര്‍ട്ടില്‍ കാണുന്നത്. സിഎജി സ്വീകരിച്ച രീതി തെറ്റാണ് എങ്കില്‍തന്നെ നഷ്ടം കണക്കാക്കുന്നതിന് മറ്റൊരു രീതി സ്വീകരിക്കുന്നതിന് എന്തായിരുന്നു തടസ്സം? അതെന്തായാലും, നഷ്ടത്തെ സംബന്ധിച്ച അനുമാനത്തെ ചോദ്യംചെയ്യുന്ന അവസരത്തില്‍ത്തന്നെ, കേന്ദ്രപ്രശ്നം പരിശോധിക്കുന്നതിന് റിപ്പോര്‍ട്ട് തയ്യാറാകുന്നുമില്ല-2001ല്‍ ഒരു ലൈസന്‍സിന്റെ വില 1658 കോടി രൂപയായിരുന്നുവെങ്കില്‍ 2008ല്‍ അതിന്റെ വില എന്തായിരിക്കും എന്ന പ്രശ്നം. ഖജനാവിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന് ന്യായീകരിക്കുന്നതിനുവേണ്ടി എല്ലാ യുക്തികളെയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു-പ്രത്യേകിച്ചും 2001ലെ രൂപയുടെ മൂല്യവും 2008ലെ രൂപയുടെ മൂല്യവും ഒന്നുതന്നെയല്ലായിരുന്നുവെന്നതിനാലും

ഉപഭോക്താക്കളുടെ സംഖ്യ 2001നെ അപേക്ഷിച്ച് 2008ല്‍ 75 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട് എന്നതിനാലും ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് വാദം. 2001ലെ അതേ വിലയ്ക്കുതന്നെ സ്പെക്ട്രം, ആദ്യം വന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നയത്തിനുപകരം ലേലംവിളിച്ചു നല്‍കുന്ന രീതി സ്വീകരിക്കാമായിരുന്നു. അതിനുള്ള സാധ്യതയുണ്ടായിരുന്നു എന്നും മാത്രമല്ല ആ രീതി ഗവണ്‍മെന്റില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെന്നും ജെപിസി പരിശോധിച്ച നിരവധി രേഖകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. എന്നിട്ടും ഖജനാവിന് വമ്പിച്ച നഷ്ടം വരുത്തിവെച്ചുകൊണ്ട്, ലേലത്തിന്റെ മാര്‍ഗമോ സ്പെക്ട്രം പങ്കുവെച്ചുകൊടുക്കുന്നതിനുള്ള പട്ടികപ്പെടുത്തലോ ഒന്നും അവലംബിക്കാതെ വീഴ്ചവരുത്തിയ ഗവണ്‍മെന്റിന്റെ തെറ്റ് വേണ്ടവിധത്തില്‍ വിശകലനം ചെയ്യുന്നതിനോ ആരാരെല്ലാം എത്രത്തോളം കുറ്റക്കാരാണ് എന്ന് കണ്ടെത്തുന്നതിനോ റിപ്പോര്‍ട്ട് ശ്രമിക്കുന്നില്ല. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ സേവനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് 2008ല്‍ കുറഞ്ഞ നിരക്കില്‍ സ്പെക്ട്രം വില്‍ക്കുന്നതിന് ശുഷ്കാന്തികാണിച്ചത് എന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നോ എന്നും ശരിയായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ചില നിബന്ധനകളില്‍ മാറ്റംവരുത്തി എന്നും പരിശോധിക്കുന്നതിന് റിപ്പോര്‍ട്ട് ശ്രമിച്ചിട്ടില്ല. കുറഞ്ഞവിലയ്ക്ക് ലൈസന്‍സും സ്പെക്ട്രവും നേടിയ കക്ഷികള്‍ക്ക് (പരസ്യമായ ലേലത്തിനുപകരം) സ്വകാര്യ ലേലത്തിലൂടെ അവ മറിച്ചുവില്‍ക്കുന്നതിന് സഹായകരമായ രീതിയില്‍ ഉള്ളവയായിരുന്നു, അതിന് യാതൊരുവിധ തടസ്സവും ഇല്ലാത്ത രീതിയില്‍ ഉള്ളവയായിരുന്നു ഈ മാറ്റങ്ങള്‍. കുറഞ്ഞ നിരക്കുകള്‍ സാധാരണ ഫോണ്‍ വരിക്കാര്‍ക്ക് ഗുണകരമാകുന്നതിനുപകരം സ്വാന്‍, യൂണിടെക് തുടങ്ങിയ ഏതാനും ചില കമ്പനികള്‍ക്ക് കൊള്ള ലാഭം ഉണ്ടാകുന്നതിന്നാണ് അത് ഇടവരുത്തിയത്. ആദ്യം വന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നടപടിക്രമവും അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസത്തിന്റെ കാര്യത്തില്‍ സ്വേച്ഛാപരമായി പെട്ടെന്ന് മാറ്റംവരുത്തിയതും സ്വന്തക്കാരായ ഏതാനും കക്ഷികള്‍ക്ക് ക്രമംതെറ്റിച്ച് മുന്നില്‍ ചാടിക്കയറുന്നതിനും ലൈസന്‍സുകളും സ്പെക്ട്രവും തന്ത്രപൂര്‍വം സമ്പാദിക്കുന്നതിനും എത്രത്തോളം സഹായകമായി എന്ന കാര്യവും റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പരിശോധിക്കുന്നില്ല.

സര്‍ക്കിളുകള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള റോമിങ് അനുവദിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ മാറ്റംവരുത്തുകയും ലൈസന്‍സ് ലഭിച്ച കക്ഷികളെ നിബന്ധനകള്‍ മറികടക്കുന്നതിന് അനുവദിക്കുകയും നിലവിലുള്ള ഓപ്പറേറ്റര്‍മാരേയും അവരുടെ അടിസ്ഥാനസൗകര്യങ്ങളെയും പുതിയതായി ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഉപയോഗിക്കാന്‍ അവസരം ലഭ്യമാക്കുകയും ചെയ്ത എ രാജയുടെ പങ്ക് പുറത്തുകൊണ്ടുവരുന്ന കാര്യത്തിലും റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. എന്നു മാത്രമല്ല, അത്തരത്തില്‍ സര്‍ക്കിളുകള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള റോമിങ് സൗകര്യം ""സ്വാന്‍"" തുടങ്ങിയ സ്വകാര്യകക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ (ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ടെലകോം കമ്പനികള്‍ക്ക് അനുകൂലമല്ലാത്ത നിബന്ധനകളുടെ അടിസ്ഥാനത്തില്‍) ബിഎസ്എന്‍എല്ലിനെ രാജ നിര്‍ബന്ധിതമാക്കിത്തീര്‍ക്കുകയും അങ്ങനെ നിക്ഷേപം നടത്താതെയും തങ്ങളുടെ വിപണി മൂല്യം ഉയര്‍ത്താതെയും കൂടുതല്‍ ഉപഭോക്താക്കളെ സമ്പാദിക്കുന്നതിന് ഈ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കി കൊടുക്കുകയും ചെയ്തു. അലോക്കേഷന്‍ ലെറ്ററോ ലെറ്റര്‍ ഓഫ് ഇന്‍ഡന്റോ ലഭിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വലിയ അളവിലുള്ള വായ്പകള്‍ നേടിയെടുക്കുന്നതിന് സ്വകാര്യ കക്ഷികള്‍ക്ക് രാജയും ധനകാര്യമന്ത്രി പി ചിദംബരവും സൗകര്യമുണ്ടാക്കിക്കൊടുത്തു. ഖജനാവിന് അതുമൂലം വമ്പിച്ച നഷ്ടം വരുത്തിവെച്ചു. ഇക്കാര്യത്തില്‍ രാജയ്ക്കും ചിദംബരത്തിനും ഉള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് പരാജയപ്പെട്ടു. എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ ഏതു കാര്യത്തിലാണ് രാജ തെറ്റിദ്ധരിപ്പിച്ചത് എന്ന് പ്രധാനമന്ത്രിയോട് ചോദിച്ചറിയാതെയാണ് റിപ്പോര്‍ട്ട് അങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള എല്ലാ നടപടികളും താന്‍ കൈക്കൊള്ളുന്നതാണ് എന്ന് 2007 ഡിസംബര്‍ 26ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ എ രാജ പ്രസ്താവിക്കുന്നുണ്ട്. അഴിമതി തടയുന്നതിന് മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി തന്റെ അധികാരം പ്രയോഗിക്കാതിരുന്നത് എന്തുകൊണ്ടാണ്? അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കത്തുകളില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. 2008 ജനുവരി 10ന് ലെറ്റര്‍ ഓഫ് ഇന്‍ഡന്റുകള്‍ കൊടുത്തുകഴിഞ്ഞപ്പോഴെങ്കിലും, അപ്പോഴും ലൈസന്‍സുകള്‍ നല്‍കപ്പെട്ടു കഴിഞ്ഞിരുന്നില്ല എന്നതിനാല്‍, അവ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്?
അതുപോലെതന്നെ, പ്രവേശനഫീസും സ്പെക്ട്രത്തിന്റെ സ്റ്റാര്‍ട്ട് അപ് ഫീസും 2001ലെ അതേ നിലവാരത്തില്‍തന്നെ നിലനിര്‍ത്തുന്നതിന് ധനമന്ത്രാലയവും ധനമന്ത്രിയും അംഗീകാരം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ടെങ്കിലും, ഖജനാവിന് സംഭവിച്ച ഈ വമ്പിച്ച നഷ്ടത്തിന് ധനകാര്യമന്ത്രിയെ ഉത്തരവാദിയാക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് പരാജയപ്പെടുന്നു. ധനകാര്യമന്ത്രി അഴിമതിയില്‍ ഭാഗഭാക്കായിരുന്നോ എന്നതല്ല, മറിച്ച് രാഷ്ട്രത്തിലെ റവന്യു വരുമാനത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ ശരിയായ പങ്ക് നിറവേറ്റിയോ എന്നതാണ് ജെപിസിക്ക് മുന്നിലുള്ള പ്രശ്നം. ഖേദകരമെന്ന് പറയട്ടെ, അദ്ദേഹം അക്കാര്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ലൈസന്‍സുകളുടെ അടിസ്ഥാനത്തില്‍ മാത്രം പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വമ്പിച്ച അളവിലുള്ള വായ്പകള്‍ സ്വകാര്യകക്ഷികള്‍ അടിച്ചെടുത്തതില്‍ ധനകാര്യമന്ത്രിക്കുള്ള പങ്കും സ്വാനും യൂണിടെക്കും മറ്റും തങ്ങള്‍ക്ക് ലഭിച്ച ലൈസന്‍സുകള്‍, ഓഹരികള്‍ വില്‍ക്കുന്നുവെന്ന വ്യാജേന, മറിച്ചുവിറ്റതില്‍ അദ്ദേഹത്തിനുള്ള പങ്കും അന്വേഷിക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് പരാജയപ്പെട്ടു. 2007-2008ല്‍ വില്‍പന നടത്തിയ സ്പെക്ട്രത്തിന്റെ വില കൃത്രിമമായി താഴ്ത്തിനിര്‍ത്തുന്നതിനും ""ആദ്യം വന്നവര്‍ക്ക് ആദ്യം"" എന്ന വഞ്ചനാപരമായ മാര്‍ഗത്തിലൂടെ ലൈസന്‍സുകള്‍ അടിച്ചെടുക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതിനും അങ്ങനെ കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്നതിനുംവേണ്ടി ഗവണ്‍മെന്റിന്റെ ഉന്നതതലങ്ങളിലെ ഒത്താശയോടെ വാര്‍ത്താവിനിമയ-ഐടി മന്ത്രാലയത്തില്‍ തുടക്കംതൊട്ടുതന്നെ ഗൂഢാലോചന നടന്നുവന്നിരുന്നുവെന്ന് വ്യക്തമാണ്. ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന് നിശ്ചയിക്കുന്ന കാര്യത്തിലും അത് ചുമത്തുന്ന കാര്യത്തിലും ഭരണഘടനാപരവും നിയമപരവും ധാര്‍മ്മികവുമായ യുക്തമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്വം എന്ന ഭരണഘടനാതത്വം അംഗീകരിക്കുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു; അതുപോലെതന്നെ ഒരു കൃത്യം ചെയ്യുന്നതുവഴിയോ ചെയ്യാതിരിക്കുന്നതുവഴിയോ ഒരു കുറ്റകൃത്യം നടത്താം എന്ന തത്വം അംഗീകരിക്കുന്നതിലും റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ കാര്യങ്ങളെ അതിന്റെ സമഗ്രതയിലും ശരിയായ പരിപ്രേക്ഷ്യത്തിലും വീക്ഷിക്കുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന് കമ്മിറ്റിക്കുമുമ്പാകെ അവതരിപ്പിക്കപ്പെട്ട തെളിവുകളില്‍നിന്നും മുമ്പാകെ വന്ന രേഖകളുടെ അടിസ്ഥാനത്തിലും വ്യക്തമാകുന്നത്, ചില സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്നതിനുവേണ്ടിയാണ് 2 ജി അഴിമതി നടത്തപ്പെട്ടത് എന്നാണ്. അതിനാല്‍ കാര്യത്തിന്റെ മര്‍മം പരിശോധിക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. തര്‍ക്കത്തിലുള്ള കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവും സംഭവഗതികളുടെ മൊത്തത്തിലുള്ള രീതിയെ സമര്‍ഥിക്കുന്നതുമായ, 2008നുശേഷമുണ്ടായ സംഭവങ്ങള്‍ പരിഗണിക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റിന്റെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്ന അവസരത്തില്‍ത്തന്നെ, പൊതുജനാഭിപ്രായത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടി യുക്തമായ ഒരു ബലിയാടിനെ ബലികൊടുക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അങ്ങനെ മാനഹാനി പരിമിതപ്പെടുത്തുന്നതിനും ഉള്ള വെറുമൊരു അഭ്യാസമാണ് ഈ റിപ്പോര്‍ട്ട് എന്നു കാണാം.

*
സീതാറാം യെച്ചൂരി

No comments: