Friday, October 18, 2013

"വൃത്തിഹീനരുടെ" മന്ത്രിസഭ

ക്യാബിനറ്റില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വൃത്തികെട്ടവന്മാരുണ്ട്; അവരെയാണ് ആദ്യം കണ്ടെത്തേണ്ടതെന്ന് പി സി ജോര്‍ജ് പറയുമ്പോള്‍ അമ്പഴങ്ങ വായിലിട്ട അവസ്ഥയിലിരിക്കേണ്ടയാളാണ് മുഖ്യമന്ത്രി എന്നുവരുന്നത് ജനാധിപത്യത്തിന്റെ ദുരന്തമാണ്. പി സി ജോര്‍ജ് യുഡിഎഫിലെ ഒരു കക്ഷിയുടെ പ്രതിനിധിമാത്രമല്ല, സര്‍ക്കാരിന്റെ മന്ത്രിതുല്യമായ ചീഫ്വിപ്പ് പദവി അലങ്കരിക്കുന്ന നേതാവുമാണ്. രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയുംപോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എമാരായി തുടരുന്ന സഭയില്‍ അവര്‍ക്കു മുകളില്‍ സ്ഥാനംനല്‍കി യുഡിഎഫ് ആദരിക്കുന്നയാള്‍. ""മുന്നണി രാഷ്ട്രീയമെന്നത് കക്കാനും മോഷ്ടിക്കാനും പെണ്ണുപിടിക്കാനുമുള്ള സ്വാതന്ത്ര്യമല്ല"" എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഗാര്‍ഹികപീഡനക്കേസില്‍ പ്രതിയാകുമെന്ന ഘട്ടത്തില്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്ന കെ ബി ഗണേശ് കുമാറിന്റെ പുനഃപ്രവേശം സംബന്ധിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ജോര്‍ജ് പറഞ്ഞ മറുപടി "ഗണേശ് കുമാറിനേക്കാള്‍ മോശപ്പെട്ട മന്ത്രിമാരുള്ളപ്പോള്‍ വീണുകിടക്കുന്നവനെ എന്തിന് ചവിട്ടണം" എന്നായിരുന്നു. തന്നെ കൂച്ചുവിലങ്ങിടാന്‍ വരുന്നവരെ ജോര്‍ജ് വെല്ലുവിളിക്കുന്നു. തന്റെ പോരാട്ടം തെറ്റിനെതിരെയാണെന്നും അത് തുടരുമെന്നും ആവര്‍ത്തിക്കുന്നു. തന്റെ നീക്കങ്ങളെല്ലാം കെ എം മാണി അറിഞ്ഞുകൊണ്ടാണെന്ന് ഉറപ്പിക്കാനും മറക്കുന്നില്ല.

പി സി ജോര്‍ജ് എന്ന നേതാവിന്റെ നിലപാടുകളെയും അദ്ദേഹത്തിന്റെ ഭൂതകാലചെയ്തികളെയും കടുത്തരീതിയില്‍ വിമര്‍ശിച്ചവരാണ് പ്രതിപക്ഷത്തുള്ളത്. ജോര്‍ജ് ഉയര്‍ത്തിയ തെറ്റായ നിലപാടുകളോട് ദാക്ഷണ്യമില്ലാതെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ജോര്‍ജിന്റെ നിലവിട്ട അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയുംചെയ്ത ഇടതുപക്ഷത്തിന് തീര്‍ച്ചയായും യുഡിഎഫിന്റെ ഭാഗമായിനില്‍ക്കുന്ന ഒരാളായേ അദ്ദേഹത്തെ കാണാനാകൂ. സര്‍ക്കാര്‍ ചീഫ്വിപ്പ് എന്ന പദവിയിലിരിക്കുന്ന ഒരാള്‍ അങ്ങനയല്ലാതെ ആവുകയുമില്ല. ആ ജോര്‍ജ്, ഉമ്മന്‍ചാണ്ടിമന്ത്രിസഭയെ വൃത്തികെട്ടവരുടെ കൂട്ടമെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിന് വിശ്വാസ്യതയുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ജോര്‍ജിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നു എന്നാണ് വാര്‍ത്ത. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ "ആഞ്ഞടിച്ചു" എന്നാണ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ കാണുന്നത്. യുഡിഎഫ് ഘടകകക്ഷികളിലൊന്നിന്റെ പ്രസിഡന്റ് നയിക്കുന്ന പത്രമാണ് മാതൃഭൂമി. ആ "നായകന്‍" ഇച്ഛിക്കുന്ന എന്തും വാര്‍ത്താരൂപത്തില്‍ പ്രസിദ്ധീകരിച്ച് രാഷ്ട്രീയംകളിക്കുന്ന പത്രം ഇക്കാര്യത്തില്‍ തെറ്റായ വിവരം നല്‍കുമെന്നു കരുതാനാകില്ല. പി സി ജോര്‍ജ് ഇതേനിലപാട് തുടരുകയാണെങ്കില്‍ മുന്നോട്ടു പോകാനാകില്ലെന്നാണത്രേ മന്ത്രിമാര്‍ വ്യക്തമാക്കിയത്. അങ്ങനെയുള്ള അഭിപ്രായങ്ങള്‍ മാനിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വാര്‍ത്തയില്‍ കാണുന്നു.

മന്ത്രിസഭായോഗം കഴിഞ്ഞയുടനെയാണ് പി സി ജോര്‍ജ് കോട്ടയത്ത് പത്രസമ്മേളനം വിളിച്ച് വൃത്തികെട്ടവരുടെ മന്ത്രിസഭയെക്കുറിച്ച് വാചാലനായത്. ഒരാള്‍ക്ക് സ്വന്തംപാളയത്തിലെ വൃത്തികേടുകളെക്കുറിച്ച് ഇത്രയേറെ ആധികാരികമായി പറയാനാകുന്ന സാഹചര്യം വെറുതെ ഉണ്ടാകുന്നതല്ല. തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് ജോര്‍ജ് പറയുന്നതെങ്കില്‍ നട്ടെല്ലുനിവര്‍ത്തി എതിര്‍ക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കുണ്ടാകണം. അത് സംഭവിക്കുന്നില്ല; ജോര്‍ജിന് മറുപടിനല്‍കാന്‍ ഉമ്മന്‍ചാണ്ടി അറച്ചുനില്‍ക്കുന്നു എന്നതിലാണ് പ്രശ്നത്തിന്റെ കാതല്‍ ഒളിഞ്ഞിരിക്കുന്നത്. ജോര്‍ജിനെ പ്രകോപിപ്പിച്ചാല്‍ സംഭവിക്കാവുന്ന അപകടത്തെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നു. ഒരു എംഎല്‍എയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ ഭരണത്തിന്റെ സ്ഥിരത അപകടപ്പെടുമെന്ന ഭീതിയല്ല അത്. അതിനുമപ്പുറം, സോളാറിനും സ്വര്‍ണക്കടത്തുബന്ധത്തിനുമപ്പുറമുള്ള എന്തോ ഒന്നാണ്. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല കേരളത്തില്‍ നിലവിലുള്ളതെന്നും തന്റെ ഇടപെടലിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും എ കെ ആന്റണി പറഞ്ഞതിനെ ഈ അവസ്ഥയുമായി ചേര്‍ത്തുവായിക്കണം.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ജോര്‍ജ് ഉയര്‍ത്തിയ ആരോപണം, ദല്ലാള്‍പണിയെടുക്കുന്ന ഒരു ദുരൂഹ കഥാപാത്രത്തിനുവേണ്ടി അധികാരം ദുര്‍വിനിയോഗിച്ചു എന്നതാണ്. വാക്കുകള്‍കൊണ്ടുള്ള കസര്‍ത്തുകളൊഴിച്ചു നിര്‍ത്തിയാല്‍ത്തന്നെ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവര്‍ക്കെതിരെ വ്യക്തമായ ആക്ഷേപങ്ങളുയര്‍ത്തി ജോര്‍ജ് രംഗത്തുവന്നിട്ടുണ്ട്. ഗണേശ്കുമാര്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ കൊള്ളാത്തവനാണെന്ന് പലവട്ടം പറഞ്ഞു. ജോര്‍ജ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഏതാനും പരാമര്‍ശങ്ങള്‍ നോക്കുക: - രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സ്വയം തോന്നണം. ഞാനായിരുന്നെങ്കില്‍ പണ്ടേ രാജിവച്ചേനെ. - മുഖ്യമന്ത്രിക്ക് മാന്യമായ സ്ഥാനംനല്‍കി രാജിവയ്ക്കാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെ ഉത്തരവാദിത്തം കാണിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. - ഉമ്മന്‍ചാണ്ടിയോളം ഗ്രൂപ്പുകളി അസ്ഥിക്ക് പിടിച്ച മറ്റൊരു നേതാവ് കേരളത്തിലില്ല. - ഉമ്മന്‍ചാണ്ടിയെ സോളാര്‍ തട്ടിപ്പുകേസില്‍ ചോദ്യംചെയ്ത നടപടി വൈകിവന്ന വിവേകം - ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ അതിന്റെ വരുംവരായ്കകള്‍ ഉമ്മന്‍ചാണ്ടിതന്നെ അനുഭവിക്കേണ്ടിവരും. മന്ത്രിയാക്കണമെന്ന നിര്‍ബന്ധം മുഖ്യമന്ത്രിക്കാണ്. - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിത എസ് നായരെ കരുവാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. - കോണ്‍ഗ്രസുകാര്‍ 100 രൂപ പിരിച്ചാല്‍ 80ഉം പോക്കറ്റിലാക്കുന്നവര്‍. - ടി ജി നന്ദകുമാറിന്റെ ചാരനായി ഒരു മന്ത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണമില്ല എന്ന കാര്യം ഈ ചാരനാണ് നന്ദകുമാറിനെ അറിയിച്ചത്. - ഏത് അണ്ടനും അടകോടനുംവരെ കിട്ടുന്ന സ്ഥാനമാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗത്വം. പഴയ പ്രതാപമൊന്നും ഇപ്പോള്‍ കെപിസിസി എക്സിക്യൂട്ടീവിനില്ല. - കെ ബി ഗണേശ്കുമാര്‍ പാപിയായ അപഥസഞ്ചാരി. ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. - വഴിനീളെ നടന്ന് അടിവാങ്ങുന്നയാളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. - വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്ന നേതാക്കളുള്ള മുന്നണി നന്നാകില്ല. - സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബസ്വത്തല്ല. - ആന്റണി തിരിച്ചുവന്നാല്‍ അഴിമതിക്കാരുടെ ഇപ്പോഴത്തെ കച്ചവടം നടക്കില്ല. - ഉമ്മന്‍ചാണ്ടി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. - എനിക്കു നേരെ നടപടി എടുത്താലും പറയാനുള്ളത് മുഖത്തു നോക്കി ഇനിയും പറയും.

ചീഫ് വിപ്പ് പറഞ്ഞതിന്റെ ചെറിയൊരംശംമാത്രമാണ് ഇത്. ചീമുട്ടയും കല്ലുംകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ അയച്ചതും ഏതാനും ആക്രോശങ്ങളുമല്ലാതെ ഇതിനൊന്നും കോണ്‍ഗ്രസില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ല. ജോര്‍ജ് പലതും മാറ്റിപ്പറയാനും ഇടയുണ്ട്. പക്ഷേ, ഇതുവരെ പറഞ്ഞതെല്ലാം ജനങ്ങള്‍ കേട്ടതാണ്. വൃത്തികെട്ടവരും ചാരന്മാരും അയോഗ്യരും ഇരിക്കുന്ന മന്ത്രിസഭയാണ് ഉമ്മന്‍ചാണ്ടിയുടേത് എന്ന് ആവര്‍ത്തിക്കുന്ന ചീഫ് വിപ്പ്, മന്ത്രിമാരുടെ "ആഞ്ഞടികള്‍"ക്കുശേഷവും തുടരുന്നതിലാണ് ഉമ്മന്‍ചാണ്ടിയുടെ സകലവൃത്തികേടുകളും കുടികൊള്ളുന്നത്. പാമൊലിന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍, ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ നീതിന്യായ വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച ജോര്‍ജാണ്, ഇന്ന് അതേ ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി രാജിവച്ച് അന്തസ്സുകാട്ടാന്‍ പറയുന്നത് എന്നോര്‍ക്കണം. ജോര്‍ജ് ആപത്തുകാലത്ത് സഹായിച്ചു; ഉമ്മന്‍ചാണ്ടി അതുപോലെ തിരിച്ചുചെയ്യുന്നില്ല എന്ന ന്യായം മനസ്സിലാക്കാവുന്നതേയുള്ളൂ. അവിഹിതമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും അഴിമതികാട്ടുന്നവര്‍ക്കും ഉപജാപം തൊഴിലാക്കിയവര്‍ക്കും അന്തസ്സുകെട്ട സകലര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഉമ്മന്‍ചാണ്ടിയുടെ ഇന്നത്തെ അവസ്ഥ.

തെറ്റായ കാര്യങ്ങള്‍ക്ക് പരസഹായംകിട്ടും- ആ സഹായം പിന്നീട് തിരിച്ചുകുത്തുകയും ചെയ്യും. അപവാദം പ്രചരിപ്പിച്ച് എതിരാളിയെ തകര്‍ക്കാന്‍ ശ്രമിക്കാം- അതേ ആയുധം പിന്നീട് ഡമോക്ലസിന്റെ വാളായി തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കും. ടെന്നി ജോപ്പനും സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും ജിക്കുമോനും സലിംരാജിനുമെല്ലാം ഇതിനേക്കാള്‍ ശക്തമായി ഉമ്മന്‍ചാണ്ടിയെ ആക്രമിക്കാം; പ്രതികരണം ഉണ്ടാകില്ല. ഒരു ഘട്ടത്തില്‍ വേണ്ടാതീനങ്ങള്‍ക്ക് കൂടെനിര്‍ത്തിയവരെ എക്കാലത്തും ഭയപ്പെടേണ്ടിവരും എന്ന പാഠം ഉമ്മന്‍ചാണ്ടിക്ക് ആവര്‍ത്തിച്ചു പഠിക്കാനുള്ള അവസരമാണിത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകില്ല. അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും കണിക മനസ്സിലവശേഷിക്കുന്ന ഒരു കോണ്‍ഗ്രസുകാരനും കണ്ടുനില്‍ക്കാനുമാകില്ല ഈ ദുരവസ്ഥ.

*
പി എം മനോജ് ദേശാഭിമാനി

No comments: