Tuesday, October 22, 2013

ബാലവിവാഹം-സാമൂഹ്യതിന്മ പ്രതിഷേധക്കൂട്ടായ്മയുടെ കരുത്ത്

മാറുന്ന മലപ്പുറത്തിന്റെ മാറ്റത്തിന്റെ ശംഖൊലി മലപ്പുറത്തിന്റെ പെണ്‍മനസ്സുകളെയും ഏറെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് ഒക്ടോബര്‍ 6ന് മലപ്പുറത്ത് കാണാനായത്. നിഷ്കളങ്കമായ ബാല്യത്തെ നഷ്ടമാക്കാന്‍, അറിവിന്റെയും തൊഴിലിന്റെയും വഴിതുറക്കുന്ന വിദ്യാഭ്യാസം നിഷേധിക്കാന്‍, സമൂഹത്തിന്റെ പൊതുധാരയിലേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടയ്ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുമെന്ന് പ്രഖ്യാപിക്കാനാണ് അവരൊത്തുചേര്‍ന്നത്.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഏതാനും ചില മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് സമുദായത്തിന്റെപേരില്‍ സ്ത്രീകളോട് കാട്ടുന്ന അന്യായമാണെന്ന് തുറന്നുകാട്ടുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. ജില്ലയില്‍ പുരോഗമന പ്രസ്ഥാനത്തിന് ഒപ്പം നില്‍ക്കുന്ന സ്ത്രീകളാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തെ മാറ്റിമറിച്ച് ചരിത്രത്തിനുമുമ്പേ നടന്നുപോയ മഹാനായ ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്തുനിന്ന് സാക്ഷര കേരളത്തിന്റെ അക്ഷരദീപം തെളിയിച്ച് സമ്പൂര്‍ണ്ണ സാക്ഷര കേരളം പ്രഖ്യാപനം നടത്തിയ അക്ഷരമുത്തശ്ശി ചേലക്കോടന്‍ ആയിഷയുടെ ജന്മസ്ഥലമായ മഞ്ചേരിയില്‍നിന്ന്, മാപ്പിളപ്പാട്ടിന് പുതിയ മാനം നല്‍കിയ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മദേശമായ കൊണ്ടോട്ടിയില്‍നിന്ന്, വൈകല്യത്തെ അതിജീവിച്ച്, അക്ഷരങ്ങളുടെ മഹത്വമറിഞ്ഞ് വീല്‍ചെയറിലിരുന്ന് സാക്ഷരതാപ്രസ്ഥാനത്തിന്റെ ഉജ്ജ്വലമാതൃകയായ റാബിയയുടെ പ്രവര്‍ത്തനകേന്ദ്രമായ തിരൂരങ്ങാടിയില്‍നിന്ന്, അങ്ങനെ ജില്ലയുടെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് സ്ത്രീകള്‍ മലപ്പുറം ജൂബിലിറോഡില്‍ ഒത്തുചേര്‍ന്ന് ധീരദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ രക്തസാക്ഷിത്വത്തിന്റെ ഉജ്ജ്വല സ്മരണയിരമ്പുന്ന കുന്നുമ്മലിനെ ലക്ഷ്യംവച്ച് നടന്നുനീങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു "മഹാറാലി".

അവരുടെ കാല്‍വെപ്പുകള്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു. ശബ്ദത്തിന് ദിക്കുകള്‍ ഭേദിക്കാനുള്ള ശക്തിയുണ്ടായിരുന്നു. അവര്‍ വിളിച്ചുപറഞ്ഞു-""ഇരുട്ടിന്റെ കൂട്ടാളികളായ പിന്തിരിപ്പന്‍മാരേ, ആണ്‍കോയ്മയ്ക്ക് കൂട്ടുപിടിക്കുന്ന ഭരണകൂടമോ ഭോഗവസ്തുക്കളും പേറ്റുയന്ത്രങ്ങളുമാക്കി ഞങ്ങളെ മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഭരണഘടനയും നിയമവാഴ്ചയും അനുവദിച്ചുതന്ന അവകാശങ്ങളെ കവര്‍ന്നെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല"". ആയിരങ്ങള്‍ ഇതേറ്റുവിളിച്ചു. കണ്ടുംകേട്ടും നിന്നവര്‍ അടക്കംപറഞ്ഞു-ഇത് മലപ്പുറത്തിന്റെ പെണ്‍കരുത്ത്.

മന്‍സിയയുടെ നൃത്തത്തോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്. ഡിവൈഎഫ്ഐയുടെ ജില്ലാകമ്മിറ്റിയംഗമാണ് മന്‍സിയ. വിശേഷണം പോരെന്ന് തോന്നുന്നു. റുബീനയെ ഓര്‍ക്കുന്നില്ലേ. ശാസ്ത്രീയ നൃത്തങ്ങളില്‍ പ്രാവീണ്യംനേടി യുവജനോത്സവ വേദികളില്‍ നിറഞ്ഞുനിന്ന വള്ളവുമ്പ്രത്തെ പെണ്‍കുട്ടി. മത്സരവിജയിക്ക് അന്ന് സമുദായം സമ്മാനിച്ചത് ഊരുവിലക്കായിരുന്നു. മുസ്ലീംലീഗ് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടം ജില്ലയിലെ കലാപ്രതിഭകളെ ആദരിച്ചപ്പോഴും കിട്ടി സമ്മാനം-അവഗണനയും അപമാനവും. അവിടെയും അവസാനിച്ചില്ല. ഉമ്മ അസുഖംബാധിച്ച് മരണപ്പെട്ടപ്പോള്‍ മയ്യത്തിനും വിലക്ക് കല്‍പിച്ചു, വള്ളുവമ്പ്രം മഹല്ല് കമ്മറ്റി. ഒടുവില്‍ ഉമ്മയുടെ ജന്മസ്ഥലമായ കൊണ്ടോട്ടി മഹല്ലിലാണ് കബറടക്കിയത്. എല്ലാറ്റിനെയും അതിജീവിച്ച് പുരോഗമനപ്രസ്ഥാനം പകര്‍ന്നു നല്‍കിയ കരുത്തില്‍ മുന്നേറിയ സോദരിമാര്‍ ഇന്ന് മലപ്പുറത്തിന്റെ അഭിമാനമാണ്. പെണ്‍കരുത്തിന്റെ ഭിന്നമുഖങ്ങള്‍ മന്‍സിയ സ്റ്റേജില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ സദസ്സ് ഏകസ്വരത്തില്‍ പറഞ്ഞു. ഇവളാണ് പെണ്‍കുട്ടി. മലപ്പുറത്തിന്റെ മുസ്ലീം പെണ്‍കുട്ടി. തുടര്‍ന്ന് സമരപ്രഖ്യാപനം നടത്തി.

മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് അഡ്വ. എ എം മാജിദ പ്രഖ്യാപനം വായിച്ചത്. നാടുമാറിയതറിയാതെ, കാലത്തിന്റെ കാലൊച്ച കേള്‍ക്കാതെ, പെണ്ണകത്തിന്റെ കണ്ണീര്‍ കാണാതെ, കണ്ണടച്ചവര്‍, കാതടച്ചവര്‍, നാടുഭരിക്കുന്നവര്‍ ഇതറിയുക. കുടുംബത്തിന്റെയും ദേശത്തിന്റെയും സാംസ്കാരത്തിന്റെയും സൂക്ഷിപ്പുകാരായ പെണ്‍മക്കള്‍, ഭോഗവസ്തുക്കളും പേറ്റുയന്ത്രങ്ങളുമായി തങ്ങളെ കണ്ടിരുന്ന കാലത്തെ അട്ടിമറിച്ച്, പഠിച്ച്, പൊരുതി ജയിച്ച് പണിയെടുക്കാനും നാടുഭരിക്കാനും കെല്‍പു നേടിയവര്‍, പുസ്തകങ്ങളോട് പുന്നാരം കൂടേണ്ടും പ്രായത്തില്‍, പരീക്ഷപടവുകള്‍ ജയിച്ച് കയറേണ്ടകാലത്ത് പുയ്യാപ്ലമാരും മണിയറയും ഞങ്ങള്‍ക്ക് വേണ്ട, ഇത് മലപ്പുറത്തെ പെണ്‍മനസ്സിന്റെ പ്രഖ്യാപനവും, പെണ്‍കരുത്തിന്റെ താക്കീതുമാണെന്ന പ്രഖ്യാപനത്തെ നിറഞ്ഞ മനസ്സോടെ, ഉറച്ച ശബ്ദത്തില്‍ വിരല്‍ചൂണ്ടി ആയിരങ്ങള്‍ ഏറ്റുപറഞ്ഞു. കേരളത്തിലെ കുഞ്ഞുങ്ങളുടെ, യുവതികളുടെ വിധവകളുടെ മുത്തശ്ശിമാരുടെ കണ്ണീരിനാശ്വാസവും, കനവിന് നിറവും നല്‍കി പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ കര്‍മ്മനിരതയായി നിലകൊള്ളുന്ന സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിടീച്ചറാണ് കൂട്ടായ്മ ഉദ്ഘാടനംചെയ്തത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന, പൊതുസമൂഹത്തില്‍ ഇടമില്ലാതിരുന്ന കാലത്ത് ബാലവിവാഹം എല്ലാ സമുദായത്തിലും സര്‍വ്വസാധാരണമായിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും തുടര്‍ന്നും പുരോഗമന നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലുകളും പിന്നീട് വന്ന നിയമനിര്‍മ്മാണങ്ങളും മറ്റു പല അനാചാരങ്ങളെയുംപോലെ ബാലവിവാഹവും ഇല്ലായ്മചെയ്യാന്‍ പ്രേരകശക്തിയായി. 1978ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ശൈശവ വിവാഹ നിരോധനനിയമം മതനിയമത്തിന്‍മേലുള്ള കൈയേറ്റമാണെന്ന് നീണ്ട 35 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏതാനും ചില മത സംഘടനകളുടെ കണ്ടുപിടുത്തം സങ്കുചിത താല്‍പര്യങ്ങളുടെ ഭാഗമാണ്. ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറയുന്നത് നിയമവ്യവസ്ഥയെ അധിക്ഷേപിക്കലാണ്. ഇത്തരം നീക്കത്തെ ന്യായീകരിക്കുന്ന ഇ അഹമ്മദിനെപ്പോലുള്ള പാര്‍ലമെന്റംഗങ്ങള്‍ നിയമത്തെ വെല്ലുവിളിക്കുകയും പാര്‍ലമെന്റിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍ക്കുലര്‍ ഇറക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സര്‍ക്കുലറിന്റെ പിന്‍ബലത്തിലാണ് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാവാത്ത മുസ്ലീം പെണ്‍കുട്ടിയെ വെറും 17 ദിവസത്തേക്ക് അറബിയ്ക്ക് വിവാഹം ചെയ്ത് നല്‍കിയതെന്ന് യത്തീംഖാന അധികൃതര്‍ പറയുമ്പോള്‍, സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ മുസ്ലീംലീഗിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തതും ലീഗ് മന്ത്രിമാരടക്കം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതും എന്തുകൊണ്ടാണെന്നും ഗവണ്‍മെന്റിന്റെ സര്‍ക്കുലറിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരാണെന്നും ജനങ്ങള്‍ തിരിച്ചറിയ്. സമുദായ, രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ, മുസ്ലീം പെണ്‍കുട്ടികളുടെ അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ആരാഞ്ഞിട്ടില്ല എന്നതിന് തെളിവാണ് എംഇഎസ് നടത്തിയ അഭിപ്രായ സര്‍വ്വെയുടെ ഫലവും, പല കോണുകളില്‍നിന്നും വരുന്ന അഭിപ്രായപ്രകടനങ്ങളും. ലീഗിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതും ശ്രദ്ധേയമാണെന്നും ടീച്ചര്‍ പറഞ്ഞു. പെണ്‍കുട്ടികളെ പിന്നോട്ടുവലിക്കുന്ന ഇത്തരം നീക്കങ്ങള്‍ വര്‍ഗീയവാദികളുടെ രഹസ്യ അജണ്ടയാണെന്നും സമുദായം നോക്കാതെ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്നും ശ്രീമതിടീച്ചര്‍ ആഹ്വാനംചെയ്തു.

മലബാറിലെ പ്രശസ്ത തങ്ങള്‍ കുടുംബത്തിലെ അംഗവും എഴുത്തുകാരിയും, ഒട്ടേറെ പുരസ്കാരങ്ങള്‍ക്കുടമയുമായ സഹീറ തങ്ങള്‍ തന്റെ സ്വന്തം അനുഭവങ്ങള്‍ കൂട്ടായ്മയില്‍ പങ്കുവെച്ചു. അക്ഷരങ്ങളുടെയും എഴുത്തിന്റെയും ലോകത്തേക്ക് താന്‍ നടന്നുകയറുമ്പോള്‍ കുടുംബവും ബന്ധുക്കളും നല്ല പ്രോത്സാഹനവും പിന്തുണയുമാണ് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയതെന്ന് അവരോര്‍മ്മിച്ചു. അതേ ആളുകള്‍ ഇന്ന് സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പുരോഗതിയും നിഷേധിക്കുന്നത് സമൂഹത്തിന്റെ പരിഹാസത്തിന് ഇടയാക്കും എന്നവര്‍ മുന്നറിയിപ്പ് നല്‍കി. സ്ത്രീ വിദ്യ അഭ്യസിക്കരുതെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല. മാനസികമായി പക്വതവരാതെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് നല്ലൊരു കുടുംബിനിയായി മാറാന്‍ പ്രയാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതത്തെ അറിയുന്നവര്‍ ബാലവിവാഹത്തിന്, കൂട്ടുനില്‍ക്കില്ലെന്ന സഹീറയുടെ വാക്കുകള്‍ സമുദായ നേതാക്കളുടെ കണ്ണുതുറപ്പിക്കും എന്ന് നമുക്കാശിക്കാം.

ബാലവിവാഹത്തിന്റെ ഇരയായ നിലമ്പൂര്‍ ആയിഷയുടെ വാക്കുകളും സാന്നിധ്യവും കൂട്ടായ്മയ്ക്ക് കരുത്ത് പകര്‍ന്നു. 13-ാം വയസ്സില്‍ വിവാഹിതയായി, ഗര്‍ഭിണിയായി രക്ഷനേടാന്‍ കയറില്‍ തൂങ്ങാനൊരുങ്ങിയപ്പോള്‍ രക്ഷാമാര്‍ഗം കയറല്ലെന്നും സധൈര്യം ജീവിച്ച് കാണിക്കലാണെന്നുമുള്ള സ്വന്തം സഹോദരന്റെ ഉപദേശം സ്വീകരിച്ച് ജീവിച്ചു മുന്നേറിയ ആയിഷാത്ത എന്നും ഞങ്ങള്‍ക്ക് ആവേശമാണ് പകര്‍ന്നത്. നാടകനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നിലമ്പൂര്‍ ആയിഷ ""ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്"" എന്ന നാടകത്തിലെ അഭിനേത്രിയായ ചരിത്രം അവര്‍ വിശദീകരിച്ചു. വെടിയുണ്ടയും വടിയും കല്ലും തനിക്കെതിരെ ചീറിവന്നതും അതെല്ലാം ചെറുത്ത് ചുവപ്പ് സേനയുടെ രക്ഷാകവചംതന്നെ സംരക്ഷിച്ചതും അവര്‍ നന്ദിയോടെ സ്മരിച്ചു. അതുകൊണ്ടാണ് ആ ചുവപ്പ് സേനയ്ക്കൊപ്പം എന്നും താനും കുടുംബവും അടിയുറച്ച് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീയെ ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ജീവിക്കാനും അവള്‍ക്ക് അവസരമുണ്ടാകണമെന്നും ഇതിനായി പ്രവര്‍ത്തിക്കാന്‍ ഒരുമിച്ചുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. ഏഴാം നൂറ്റാണ്ടിലേക്ക് മുസ്ലീംസ്ത്രീയെ കൊണ്ടുപോകാനുള്ള ശ്രമമാണ് ബാല വിവാഹം നടത്തുന്നത് എന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മലപ്പുറം ജില്ലക്കാരിയുമായ സുബൈദ ഇസ്ഹാക്ക് അഭിപ്രായപ്പെട്ടു. വിവാഹപ്രായത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ എന്തുകൊണ്ട് സ്ത്രീധനമുള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങളില്‍ പ്രതികരിക്കുന്നില്ല എന്നും അവര്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ പരിശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാട് സ്ത്രീകള്‍ക്കുവേണ്ടിയല്ലെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ഷംഷാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. മതത്തെ പുരുഷനുവേണ്ടി മാത്രമാക്കി മാറ്റുന്ന നിലപാട് ഇതാദ്യമല്ല. തന്റെ കുട്ടിക്കാലത്ത് കുടുംബത്തിലെ വല്യുമ്മ പറയാറുണ്ടായിരുന്നത് അവരോര്‍മ്മിച്ചു. അതിങ്ങനെയായിരുന്നു-""നോമ്പും നിസ്കാരവും പെണ്ണുങ്ങള്‍ക്ക്, ഇറച്ചീം പത്തിരിയും ആണുങ്ങള്‍ക്ക്""- പുരുഷമേധാവിത്വത്തിനെതിരെ പോരാടിയ പുത്തൂര്‍ ആമിനയടക്കമുള്ള പാരമ്പര്യമാണ് മലപ്പുറത്തെ മുസ്ലീം സ്ത്രീകള്‍ക്കുള്ളതെന്ന് പ്രമാണിമാര്‍ ഓര്‍ക്കണമെന്നും ഷംഷാദ് പറഞ്ഞു.

കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരി കെ കെ ഷൈലജടീച്ചറുടെ പ്രസംഗത്തോടെയാണ് കൂട്ടായ്മ അവസാനിച്ചത്. പെണ്‍കുട്ടികളെ ബാലവിവാഹത്തില്‍ തളയ്ക്കുന്നത് പ്രവാചക നിന്ദയാണെന്ന് ടീച്ചര്‍ പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്. ഇരുട്ടിലാണ്ട് കിടന്നിരുന്ന അറബ് ജനതയെ വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവസൂര്യനായ പ്രവാചകന്റെ പേരില്‍ സങ്കുചിത മതവാദം പ്രചരിപ്പിക്കാനും പെണ്‍കുട്ടികളുടെ ഭാവി ഹോമിക്കാനും നടക്കുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പിക്കണമെന്ന് അവര്‍ ആഹ്വാനംചെയ്തു. പെണ്‍കുട്ടികളുടെ അവകാശനിഷേധത്തിന് നിയമത്തിന്റെ പിന്‍ബലമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതിനെ നിയമത്തിന്റെ മാര്‍ഗമുപയോഗിച്ചും പൊതുസമൂഹത്തിന്റെ പിന്തുണയോടെയും നേരിടുമെന്ന് അവര്‍ പ്രഖ്യാപിച്ചു. മഹിളാ അസോസിയേഷന്‍ കേരളത്തിലാകെ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചതായും അവര്‍ പറഞ്ഞു.

ബാലവിവാഹം എന്ന തിന്മയെ തോല്‍പിക്കാനാവും എന്ന ആത്മവിശ്വാസത്തോടെയാണ് കൂട്ടായ്മയ്ക്കെത്തിയവര്‍ പിരിഞ്ഞുപോയത്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി, വിധവകളുടെ പുനര്‍വിവാഹത്തിനായി, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി, ഭരണനിര്‍വ്വഹണരംഗത്ത് അര്‍ഹതലഭിക്കുന്നതിനായി നമ്മുടെ പിന്‍മുറക്കാര്‍ നടത്തിയ പോരാട്ടവും നേടിയെടുത്ത അവകാശങ്ങളും സങ്കുചിത നിക്ഷിപ്തതാല്‍പര്യക്കാരുടെ മുന്നില്‍ അടിയറവ് വെയ്ക്കാനുള്ളതല്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയ മലാല, വര്‍ഗീയവാദികളുടെ വെടിയുണ്ടയ്ക്ക് തോല്‍പിക്കാനാവാത്ത മലാല, മഹത് പ്രവൃത്തിയുടെപേരില്‍ നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമ്പോഴും ഇസ്ലാമിനുവേണ്ടി മലാല യൂസഫ്സായിയെ വധിക്കാന്‍ ഇനിയും ശ്രമിക്കുമെന്നാണ് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം സങ്കുചിത മതവാദക്കാരുടെ കൂട്ടാളികളാണ് നമ്മുടെ മുസ്ലീം പെണ്‍കുട്ടികളോടും ക്രൂരത കാട്ടാന്‍ ശ്രമിക്കുന്നത്. മുസ്ലീം സമുദായത്തെ ഒരു നൂറ്റാണ്ട് പിറകിലേക്ക് നയിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തോല്‍പിക്കേണ്ടത് സമൂഹനന്മ ആഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും കടമയാണ്.

*
കടപ്പാട്: ചിന്ത വാരിക

No comments: