Tuesday, October 22, 2013

ഓണേഴ്സ് ബിരുദവും സര്‍ക്കാരും

വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ മുന്നേറ്റം കാഴ്ചവച്ച കേരളം രണ്ടുവര്‍ഷമായി തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റി. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, സമഗ്രവും സമ്പുഷ്ടവുമാക്കി 2007ല്‍ കേരളത്തില്‍ നടപ്പാക്കിയ പാഠ്യപദ്ധതിയെ എന്‍സിഇആര്‍ടി മുക്തകണ്ഠമായി അഭിനന്ദിച്ചു. കേരളത്തിന്റെ ക്ലാസ്മുറികളെ ചലനാത്മകവും സര്‍ഗാത്മകവും സംവാദാത്മകവുമാക്കിത്തീര്‍ത്ത നടപടി അന്ന് ശത്രുക്കളുടെപോലും പ്രശംസയ്ക്ക് പാത്രമായി. തുടര്‍ന്ന് നടത്തിയ പ്ലസ്ടു പരിഷ്കാരവും ബിരുദതല പരിഷ്കരണവും പ്രൊഫ. യശ്പാല്‍ കമീഷന്റെയും സാക്ഷാല്‍ കപില്‍ സിബലിന്റെയും പ്രശംസ പിടിച്ചുപറ്റി.

വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ "നേട്ട"മായി യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് സ്വയംഭരണ കോളേജുകള്‍ ആരംഭിച്ചു എന്നതാണ്. നാലാം പഞ്ചവത്സരപദ്ധതിക്കാലം മുതല്‍ കേന്ദ്രസര്‍ക്കാരും യുജിസിയും കിണഞ്ഞുശ്രമിച്ചിട്ടും സ്വയംഭരണ കോളേജുകള്‍ കേരളജനത സ്വീകരിച്ചില്ല. ഇന്ത്യയിലാകെ ഇത്തരം 420 കോളേജുകളാണ് നിലവിലുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വദേശികളും വിദേശികളുമായ കുത്തകകളെ കൊണ്ടുവന്ന് ആ രംഗത്തുനിന്ന് ഘട്ടംഘട്ടമായി പിന്മാറാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അതിവേഗം നടപ്പാക്കുകയാണ്. 1956ലെ യുജിസി ആക്ടിന്റെയും കമ്പനീസ് ആക്ടിന്റെയും ചട്ടങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ കുത്തകവല്‍ക്കരിക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിവരുന്ന സ്വാശ്രയ- സ്വയംഭരണ- കല്‍പ്പിത സങ്കല്‍പ്പങ്ങളിലൂന്നിയ വിദ്യാഭ്യാസ പരിഷ്കരണം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദില്ലിയിലും കേരളത്തിലും നടപ്പാക്കിവരുന്ന ഓണേഴ്സ് ഉള്‍പ്പെടെയുള്ള പുതുതലമുറ കോഴ്സുകള്‍.

പുതുതലമുറ കോഴ്സും ഓണേഴ്സ് ബിരുദവും

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെ പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള പഠനസമിതി പ്രശംസിക്കുകയും രാജ്യമാകെ മാതൃകയാക്കാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. ആ സമ്പ്രദായം കുറ്റമറ്റതാക്കുന്നതിനുപകരം ഈ സര്‍ക്കാര്‍, ഹൃദയകുമാരി കമീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തെ വികൃതമാക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ പുതുതലമുറ കോഴ്സുകള്‍ കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസരംഗം "നവീകരിക്കാന്‍" തീരുമാനിച്ചിരിക്കുന്നു. അതിന്റെഭാഗമായി സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെന്നപോലെ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലും യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കപ്പെട്ടത് എയ്ഡഡ് കോളേജുകളിലാണ്. സ്വാഭാവികമായും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളംപറ്റുന്ന അധ്യാപകരെ ഉപയോഗപ്പെടുത്തിയാകും പുതുതലമുറ കോഴ്സുകള്‍ നടത്തുക. പേരിന് ഏതാനും ഗസ്റ്റ് അധ്യാപകരുണ്ടാകാം. പുതുതലമുറ കോഴ്സുകളുടെ ആകര്‍ഷണമന്ത്രങ്ങളില്‍ മയങ്ങുന്ന രക്ഷിതാക്കളില്‍നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങി പ്രവേശനം നടത്തുകയും റഗുലര്‍ അധ്യാപകരെ ചൂഷണം ചെയ്യുകയും വഴി ഒരേ സമയം ഇരട്ടചൂഷണത്തിന് മാനേജ്മെന്റുകളെ അനുവദിക്കുകയാണ് സര്‍ക്കാര്‍. ഏറ്റവും അവസാനമായി നാലു സര്‍ക്കാര്‍ കോളേജുകളില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദം ആരംഭിക്കാനുള്ള തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

തലതിരിഞ്ഞ നടപടി

സാധാരണ ഒരു പുതിയ കോഴ്സ് ആരംഭിക്കുന്നതിനുമുമ്പ് സമൂഹവും സര്‍വകലാശാലകളും അംഗീകരിച്ച ചില നടപടിക്രമങ്ങളുണ്ട്. സര്‍വകലാശാലകളില്‍ അക്കാദമികമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് പഠനബോര്‍ഡുകളും ഫാക്കല്‍റ്റികളും അക്കാദമിക് കൗണ്‍സിലുകളും ഉണ്ട്. ആദ്യം പാഠ്യപദ്ധതിയും പഠനപരിപാടികളും അക്കാദമിക് സമിതികള്‍ അംഗീകരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. യോഗ്യരായ അധ്യാപകരെ നിയമിക്കണം. യുജിസി അനുശാസിക്കുന്ന അധ്യയനദിവസം ഉള്‍പ്പെടെയുള്ള അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണം. ഇവയൊന്നും ചെയ്യാതെയാണ് പുതുതലമുറ കോഴ്സെന്ന പേരില്‍ ഓണേഴ്സ് ബിരുദവുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. യുജിസി ധനസഹായത്തോടെ ചില സര്‍വകലാശാലകള്‍ നടത്തുന്ന ഇടക്കാല കോഴ്സുകള്‍ക്ക് ചേര്‍ന്ന് കുടുങ്ങിപ്പോകുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ദുരവസ്ഥയാണ് ഇവിടെയും കാത്തിരിക്കുന്നത്. ജൂണ്‍ 26നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

കേരള പ്ലാനിങ് ബോര്‍ഡിലെ ഒരംഗത്തിനു തോന്നിയ ഉള്‍വിളിയാണ് ഇതിനാധാരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഈ അംഗത്തിന് ഇതേ ഉള്‍വിളി തോന്നിയിരുന്നു. അന്ന് സ്വാശ്രയ കോഴ്സാണെന്ന് പച്ചയായി പറഞ്ഞിരുന്നു. ഇന്ന് പരോക്ഷമായി പറയുന്നു എന്നുമാത്രം. 2012 ഡിസംബര്‍ 12 ന്റെ പ്ലാനിങ് ബോര്‍ഡ് ശുപാര്‍ശ പരിഗണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്. പന്ത്രണ്ടാം പദ്ധതിയില്‍ പ്രതിഭാകേന്ദ്രങ്ങളായി പരിഗണിക്കാന്‍പോകുന്ന തിരുവനന്തപുരം ഗവ. വനിതാ കോളേജ് (ബിഎ ഇംഗ്ലീഷ്), എറണാകുളം മഹാരാജാസ് കോളേജ് (ബിഎ ഇക്കണോമിക്സ്), പാലക്കാട് വിക്ടോറിയ കോളേജ് (ബികോം), തലശേരി ബ്രണ്ണന്‍ കോളേജ് (ബിഎസ്സി മാത്സ്) എന്നിവിടങ്ങളില്‍ ഈ അധ്യയനവര്‍ഷംതന്നെ ഓണേഴ്സ് കോഴ്സുകള്‍ ആരംഭിക്കും. അതിനുള്ള നടപടികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും അതത് സര്‍വകലാശാലകളും കൈക്കൊള്ളും. മിനിമം യോഗ്യത എഴുപത് ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി. സിലബസ് സര്‍വകലാശാലകള്‍ തീരുമാനിക്കും. ഒരു മണിക്കൂര്‍ പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ദിവസം ആറുമണിക്കൂര്‍ പഠനം (നിലവില്‍ കോളേജുകളില്‍ അധ്യയനസമയം അഞ്ചുമണിക്കൂര്‍ ആണെന്നോര്‍ക്കുക). പുറമെനിന്ന് നിയമിക്കപ്പെടുന്ന കോ-ഓര്‍ഡിനേറ്ററാകും കോഴ്സിന്റെ രൂപരേഖയും കാഴ്ചപ്പാടും നിശ്ചയിക്കുക. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ അതത് വൈസ്ചാന്‍സലര്‍മാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഉത്തരവിറക്കി. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തു.

സ്വയംഭരണവും സര്‍ക്കാരും

ഈ സാഹചര്യത്തില്‍വേണം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നിലവിലുണ്ടോ എന്ന് പരിശോധിക്കാന്‍. സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ തന്നെ അതിന്റെ അന്തകരായാല്‍ എന്തുചെയ്യും. അതിന്റെ ദൃഷ്ടാന്തമാണ് കോഴിക്കോട്- കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നനുഭവിക്കുന്ന ദുര്യോഗം. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയെ സാമ്പത്തികമായി ഞെക്കിക്കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിന് ശക്തമായ പ്രഹരമാണ് എംജി സര്‍വകലാശാലയിലെ എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ കേസിന്റെ വിധിയിലൂടെ ഹൈക്കോടതി നല്‍കിയത്. സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഉപവകുപ്പാക്കി ചുരുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനേറ്റ ശക്തമായ പ്രഹരമാണ് സെപ്തംബര്‍ 12ന്റെ ഹൈക്കോടതി വിധി. യാദൃച്ഛികമാകാം അന്നുതന്നെ ചേര്‍ന്ന മന്ത്രിസഭായോഗം, ആവശ്യപ്പെടുന്ന കോളേജുകള്‍ക്കൊക്കെ അക്കാദമിക് സ്വയംഭരണം നല്‍കാനും പുതുതായി ആരംഭിക്കുന്ന കോഴ്സുകളുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പുതുതായി തുടങ്ങുന്ന കോഴ്സുകളില്‍ ഓണേഴ്സ് ഉള്‍പ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ജൂണ്‍ 26ന്റെ സര്‍ക്കാര്‍ ഉത്തരവ് മനസ്സിരുത്തി വായിച്ചാല്‍ മതി.

ദില്ലി സര്‍വകലാശാലയും ഓണേഴ്സും

വിദേശിയായതിനെയെല്ലാം ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന നമ്മുടെ ഭരണകൂടം ഏകപക്ഷീയമായി ഓണേഴ്സിനെയും സ്വീകരിക്കാന്‍ തയ്യാറായി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ദില്ലി സര്‍വകലാശാലയില്‍ ഏതാനുംമാസംമുമ്പ് നാം കണ്ടത്. അക്കാദമിക് സമിതികളുമായോ വിദ്യാര്‍ഥി സമൂഹവുമായോ ഒരുവിധ കൂടിയാലോചനയും നടത്താതെയാണ് ദില്ലിയിലെ കോളേജുകളില്‍ പൊടുന്നനെ നാലുവര്‍ഷ ഓണേഴ്സ് ബിരുദം തുടങ്ങാന്‍ തീരുമാനിച്ചത്. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഏജന്‍സിയായ മാര്‍ക്കറ്റ് സെല്‍ ഡാറ്റാ മാട്രിക്സ് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായത്. നിലവിലുള്ള തൊഴില്‍സംബന്ധമായ ആലോചനകളെ ഈ കോഴ്സ് ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുമെന്ന് പ്രബലമായ ഒരുവിഭാഗം പറയുന്നു. ഒരുകൂട്ടര്‍ സംശയദൃഷ്ടിയോടെ ഇതിനെ വീക്ഷിക്കുമ്പോള്‍ 43 ശതമാനം പറയുന്നു, മൂന്നുവര്‍ഷം ധാരാളം മതിയാകും; ഒരു വര്‍ഷം വെറുതെ കളയുകയാണെന്ന്. പകുതിയിലേറെപ്പേരും പുതിയ കോഴ്സിനെ അംഗീകരിക്കുന്നില്ല. അക്കാദമിക് വേദികളില്‍ ചര്‍ച്ചചെയ്യാതെയും വേണ്ടത്ര പര്യാലോചനകളില്ലാതെയും ഓണേഴ്സ് കോഴ്സ് ആരംഭിച്ചതിനെതിരെ സീതാറാം യെച്ചൂരി, പ്രൊഫ. ജയഗന്ധി തുടങ്ങിയ പ്രമുഖര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.

ഓണേഴ്സും കേരളവും

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളൊന്നും കാണിക്കാത്ത ആവേശമാണ് ഇക്കാര്യത്തില്‍ കേരളം പ്രകടിപ്പിച്ചത്. ആദ്യം നാലുവര്‍ഷ കോഴ്സായി തുടങ്ങാനായിരുന്നു തീരുമാനം. ദില്ലിയിലെ പ്രതികരണം കണ്ടപ്പോള്‍ മൂന്നുവര്‍ഷം മതി എന്ന് സര്‍ക്കാര്‍ (സര്‍വകലാശാലയല്ല) തീരുമാനിച്ചു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അക്കാദമികമായ പല കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളുന്നത് ഇപ്പോള്‍ സെക്രട്ടറിയറ്റ് ആണ്; സര്‍വകലാശാലകള്‍ അനുസരിക്കുന്നു. ഒരേസമയം ഒരേ കോളേജില്‍ത്തന്നെ രണ്ടുതരം ബിരുദധാരികളെ സൃഷ്ടിക്കുന്ന തലതിരിഞ്ഞ നടപടിയാണിത്. ആദ്യകാലത്ത് പ്രീ-യൂണിവേഴ്സിറ്റിക്കുശേഷം ഡിഗ്രിയും പിജിയും സംയോജിപ്പിച്ചുള്ള സിലബസ് ആയിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും ഇടയിലുള്ള സിലബസാണെന്ന് കേള്‍ക്കുന്നു. ഒറ്റചാന്‍സിന് പ്രശസ്ത വിജയം കൈവരിക്കാനായില്ലെങ്കില്‍ ആ വിദ്യാര്‍ഥികളെ എന്തുചെയ്യും എന്ന് സര്‍ക്കാരോ സര്‍വകലാശാലയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേവലം അതിഥികളായ കോ- ഓര്‍ഡിനേറ്ററും ഗസ്റ്റ് അധ്യാപകരും ചേര്‍ന്നു നടത്തുന്ന (റഗുലര്‍ അധ്യാപകരെ നിയമിക്കുമെന്ന് കേള്‍ക്കുന്നു) ഓണേഴ്സ് ബിരുദം കുട്ടികളുടെ ഓണേഴ്സ് ദുരന്തത്തിന്  വഴിവയ്ക്കാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുകയും അവധാനതയോടെ ഈ പ്രശ്നത്തെ സമീപിക്കുകയും വേണം. പുതുതലമുറ കോഴ്സുകളുടെപേരില്‍ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളില്‍ ആരംഭിക്കുന്ന ഇത്തരം കോഴ്സുകളിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമാണ് സൂചിപ്പിക്കുന്നത്.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 22-10-2013

No comments: