Saturday, October 26, 2013

നിര്‍ത്തുക ഈ നാടകം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്തകളില്‍ ഇടംനേടുന്നതിന് കണ്ടെത്തിയ "ജനസമ്പര്‍ക്ക പരിപാടി" വന്‍പ്രചാരണത്തോടെ തുടരുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരായി സംസ്ഥാനത്ത് ആളിക്കത്തുന്ന ജനവികാരമുണ്ട്. അത്, ഒരു ഭരണാധികാരി ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയതുകൊണ്ടാണ്; നാടിനെ നാണംകെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതുകൊണ്ടാണ്. നിയമത്തെയും നിയമവാഴ്ചയെയും ജനാധിപത്യത്തിന്റെ അന്തഃസത്തയെയും പുറങ്കാലുകൊണ്ട് തട്ടിയകറ്റി കടിഞ്ഞാണില്ലാതെ പായുന്ന ദുര്‍ഭരണത്തിന് കൂച്ചുവിലങ്ങിടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയാണ് "ജനസമ്പര്‍ക്ക പരിപാടി" എന്ന നാടകംകൊണ്ട് ഉമ്മന്‍ചാണ്ടി ചെറുക്കാന്‍ ശ്രമിക്കുന്നത്. തന്റെ പരിപാടി ദുരിതാശ്വാസവിതരണം മാത്രമല്ല എന്ന ന്യായീകരണത്തില്‍ നിറഞ്ഞുനില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ ദൗര്‍ബല്യം തന്നെയാണ്.

കേരളത്തിന്റെ നാട്ടുരാജാവല്ല; ജനായത്ത ഭരണാധികാരിയാണ് താന്‍ എന്നത് ഉമ്മന്‍ചാണ്ടി മറന്നുപോകുന്നു. അധികാരം ജനങ്ങളിലേക്കെത്തിക്കാന്‍ ഇവിടെ തദ്ദേശസ്ഥാപനങ്ങളുണ്ട്; വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയറ്റ് വരെയുള്ള ഭരണനിര്‍വഹണ സംവിധാനമുണ്ട്. അവയെ മുഴുവന്‍ അപ്രസക്തമാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ ഉത്സവപരിപാടി. യുഡിഎഫുകാര്‍ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും കൂട്ടിക്കൊണ്ടുപോകുന്നവര്‍ക്കും ദര്‍ബാറില്‍ ചെന്ന് സങ്കടം ബോധിപ്പിച്ചാല്‍ പ്രശ്നപരിഹാരമാകുമെന്ന് കരുതിപ്പോയവര്‍ക്കും മാത്രം മതിയോ നീതി, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍? ഉമ്മന്‍ചാണ്ടി മാത്രമല്ല മന്ത്രിസ്ഥാനത്തിരിക്കുന്നത്. സകല മന്ത്രിമാരും ഇതുപോലെ നാടാകെ നാടകം നടത്തിയാലുള്ള അവസ്ഥ എന്താകും? പിന്നെന്തിന് സര്‍ക്കാരോഫീസുകള്‍? ഒരേ പ്രശ്നം നേരിടുന്ന രണ്ടുപേരില്‍ ഒരാള്‍ മുഖ്യമന്ത്രിയെ ഉണര്‍ത്തിച്ച് കാര്യംനേടിയാല്‍ അപരന് എന്താണ് വഴി?

രാജകീയ ദര്‍ബാര്‍ചേര്‍ന്ന് ദിവസം എട്ടുംഒന്‍പതും ആയിരം പരാതികേട്ട് പരിഹാരം കാണാനുള്ള അമാനുഷികത്വം തനിക്കുണ്ട് എന്ന് കരുതുന്ന, അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്ന മാനസികാവസ്ഥ യുക്തിഹീനമാണ്. ഒപ്പം ചികിത്സ അര്‍ഹിക്കുന്നതുമാണ്. ഒരാള്‍ സങ്കടഹര്‍ജിയുമായി ചെന്നാല്‍ അലിവുതോന്നി സഹായം അനുവദിക്കാനുള്ള അധികാരമല്ല; ആ അപേക്ഷയുടെ സാംഗത്യവും അപേക്ഷകന്റെ അര്‍ഹതയും നിയമപരമായ സാധ്യതകളും പരിശോധിച്ച് യുക്തമായത് ചെയ്യാനുള്ള അധികാരമാണ് സര്‍ക്കാരിനുള്ളത്. അതിനാണ് സര്‍ക്കാര്‍ സംവിധാനവും ചട്ടങ്ങളും. കാലവര്‍ഷക്കെടുതിയില്‍ വിളനഷ്ടപ്പെട്ട കോണ്‍ഗ്രസുകാരന് നഷ്ടപരിഹാരവും കമ്യൂണിസ്റ്റുകാരന് അവഗണനയും വിധിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല എന്നാണിതിനര്‍ഥം.

ധനവകുപ്പ് കാരുണ്യ പദ്ധതി വഴി 200 കോടി രൂപയുടെ സഹായം അര്‍ഹരായവര്‍ക്ക് നല്‍കി എന്നുപറയുന്നു. ഔദ്യോഗികസംവിധാനം വഴിയാണ്; അര്‍ഹത പരിശോധിച്ച് ബോധ്യപ്പെട്ടാണ് അതുനല്‍കിയത്. അതിനായി എവിടെയും പന്തല്‍കെട്ടി ദര്‍ബാര്‍ സംഘടിപ്പിച്ചതായോ പൊലീസ് സംരക്ഷണത്തിന്റെ കോട്ടകെട്ടിയതായോ വിവരമില്ല. ഉമ്മന്‍ചാണ്ടി അഞ്ചരക്കോടി ചെലവിട്ട് ജനസമ്പര്‍ക്കപരിപാടി നടത്തി 24.5 കോടിരൂപ വിതരണംചെയ്തു എന്നാണ് കണക്ക്്. 2,47,996 അപേക്ഷകളിന്മേല്‍ തീരുമാനം എടുത്തിട്ടുമില്ല. നല്ല ഭരണാധികാരിയാണ് എന്ന് തെളിയിക്കാനുള്ള അഭ്യാസമായിരുന്നു ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കമെങ്കില്‍, ഇന്നത് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ് ഉമ്മന്‍ചാണ്ടിക്ക്. സോളാര്‍ കേസില്‍ അഴിഞ്ഞുവീണ മാന്യതയുടെ മുഖംമൂടി വീണ്ടും എടുത്തണിയാനുള്ള അപഹാസ്യശ്രമമാണത്. ജനസമ്പര്‍ക്ക പരിപാടിയുടെ അപദാനങ്ങള്‍ വാഴ്ത്തി അയച്ച അപേക്ഷയില്‍ ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍, അത് വ്യക്തിപരമായ പുരസ്കാരമെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടിലാകെ പ്രചാരണംനടത്തിയ ഒരാളില്‍നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കാനാകില്ല.

ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, സ്വന്തം മുന്നണിയിലും പാര്‍ടിയിലും ഒറ്റപ്പെട്ട നേതാവാണിന്ന് ഉമ്മന്‍ചാണ്ടി. ഏതാനും സ്തുതിപാഠകരല്ലാതെ അദ്ദേഹത്തിന്റെ ഭരണത്തെയോ ശൈലിയെയോ രാഷ്ട്രീയനിലപാടുകളെയോ അംഗീകരിക്കുന്നില്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന മന്ത്രിസഭയിലേക്ക് താനില്ല എന്ന കെപിസിസി പ്രസിഡന്റിന്റെ പരസ്യനിലപാട് നല്‍കുന്ന വ്യക്തമായ സൂചന അതുതന്നെയാണ്. തട്ടിപ്പുകാരുടെ കൂട്ടാളിയോ തട്ടിപ്പിലെ പങ്കാളിയോ ആയി, ഉപജാപങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കേന്ദ്രമായി, കുറ്റവാളികളാല്‍ ചുറ്റപ്പെട്ടവനായി നില്‍ക്കുന്ന ഒരാള്‍ക്ക് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ വഴികളൊന്നുമില്ല. അധികാരമൊഴിഞ്ഞ് ന്യായമായ അന്വേഷണത്തിന് വഴങ്ങി നിരപരാധിത്വം തെളിയിക്കുക എന്നതിലപ്പുറമുള്ള ഒരു മാര്‍ഗവും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ തുറന്നുകിടപ്പില്ല. ആ വഴി തെരഞ്ഞെടുക്കുന്നതുവരെ ജനരോഷം ഉമ്മന്‍ചാണ്ടിക്കുപിന്നാലെ കരിങ്കൊടിയുമായി ചെല്ലുകതന്നെ ചെയ്യും. അതിനു തടയിടാന്‍ പര്യാപ്തമായതല്ല ഈ ജനസമ്പര്‍ക്കനാടകം.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് താല്‍പ്പര്യമെങ്കില്‍, എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുംവിധം സര്‍ക്കാര്‍ സംവിധാനത്തെ ചലിപ്പിച്ച് അവ പരിഹരിക്കാനുള്ള ഭരണപരമായ നേതൃത്വമാണ് ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടത്. അതിന് കഴിയുന്നില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകണം. ചികിത്സയ്ക്ക് പണംകിട്ടാന്‍ ആശുപത്രിയിലെ അത്യാസന്നനിലയില്‍നിന്ന് ആംബുലന്‍സില്‍ രോഗി "രാജാവിനെ" കാണാനെത്തണമെന്നത് എവിടത്തെ നീതിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത യുഡിഎഫ് നേതൃത്വത്തിനുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ബോധ്യപ്പെട്ട പ്രശ്നങ്ങള്‍വച്ച് നാല്‍പ്പത്തിനാല് സര്‍ക്കാര്‍ ഉത്തരവുകളിറക്കി എന്ന് ലജ്ജയില്ലാതെ മേനി നടിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്, ഇതുവരെ ഇറങ്ങിയ മറ്റെല്ലാ ഉത്തരവുകളും ശൂന്യതയില്‍നിന്ന് ഉരുത്തിരിഞ്ഞതാണോ എന്ന് വിശദമാക്കാനുള്ള ബാധ്യതയുമുണ്ട്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്ന് വീമ്പുപറയാറുള്ള ഉമ്മന്‍ചാണ്ടി ഇന്ന് ജനങ്ങളെ കാണണമെങ്കിലും പ്രശ്നങ്ങള്‍ മനസ്സിലാക്കണമെങ്കിലും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ സുരക്ഷാമതിലിനുള്ളിലേക്ക് ഊടുവഴിയിലൂടെ ചെല്ലേണ്ടിവരുന്നത് സ്വയംകൃതാനര്‍ഥം കൊണ്ടാണ്. ഉമ്മന്‍ചാണ്ടിയുടെ സേവകവൃന്ദത്തിനേ അവിടെ പ്രവേശനമുള്ളൂ. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കുപോലും, അവര്‍ പ്രതിപക്ഷത്താണെങ്കില്‍ വിലക്കുകല്‍പ്പിക്കുന്നു. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിപക്ഷ ജനപ്രതിനിധികളെ അപമാനിക്കുകയാണുണ്ടായത്. എല്ലാകാലത്തും എല്ലാവരെയും കബളിപ്പിച്ച് ഈ അസംബന്ധനാടകം തുടരാമെന്ന് കരുതിപ്പോയിട്ടുണ്ടെങ്കില്‍, ഉമ്മന്‍ചാണ്ടി അതിയായ സഹതാപമര്‍ഹിക്കുന്നു എന്നുപറയാനേ തരമുള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: