Tuesday, October 15, 2013

തീക്കൊള്ളികൊണ്ട് തല ചൊറിയുമ്പോള്‍

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ ഭദ്രമായ നിലനില്‍പ്പ് ഒരിക്കല്‍ക്കൂടി ഉത്കണ്ഠകളെയും വെല്ലുവിളികളെയും നേരിടുകയാണ്. തീരദേശ ആന്ധ്രയും രായലസീമയും ഉള്‍ക്കൊണ്ട സീമാന്ധ്രയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ സുസ്ഥിരതയെത്തന്നെ ഉത്കണ്ഠപ്പെടുത്തുന്നു. ആന്ധ്രസംസ്ഥാനം വിഭജിച്ച് തീരദേശ-രായലസീമ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി സീമാന്ധ്രയും മറുഭാഗത്ത് തെലങ്കാനയുമായി രണ്ടു സംസ്ഥാനങ്ങള്‍ രൂപീകരിക്കാനും പത്തുവര്‍ഷത്തേക്ക് തലസ്ഥാനമായ ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി നിലനിര്‍ത്താനുമുള്ള കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് സീമാന്ധ്രയിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. വൈദ്യുതി, ആരോഗ്യരംഗം തുടങ്ങിയ അവശ്യ തൊഴില്‍മേഖലകള്‍ പോലും പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭം ജനജീവിതത്തെ മൊത്തത്തില്‍ ചലനരഹിതമാക്കിയിരിക്കുകയാണ്.

1950കളില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കൈക്കൊണ്ട യുക്തിസഹവും പ്രായോഗികവുമായ തീരുമാനം അട്ടിമറിക്കപ്പെട്ടത് ഇപ്പോഴത്തെ ആന്ധ്രാ വിഭജനത്തോടെയല്ല. ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങളുടെ രൂപീകരണ സമയത്തുതന്നെ ഈ പ്രശ്നം നമുക്കു മുമ്പില്‍ ഉയര്‍ന്നുവന്നതാണ്. ഒരു തെറ്റായ കീഴ്വഴക്കം ആദ്യം സൃഷ്ടിക്കുകയും പിന്നീടതിനെ ഒരു പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുഭരണരീതി തന്നെയാണിവിടെയും പ്രകടമാകുന്നത്. ഇന്നലെച്ചെയ്ത അബദ്ധം ഇന്നത്തെ ആചാരമാകുന്നതും നാളത്തെ ശാസ്ത്രമാകുന്നതും അതിനു ഭരണാധികാരം സമ്മതം മൂളുന്നതുമായ പൊതുരീതി ഇവിടെ പ്രകടമാകുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയുടെ ഫെഡറല്‍സംവിധാനം പല രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ സംസ്ഥാന വിഹിതങ്ങള്‍ പക്ഷപാതപരമായി വിഭജിച്ചുകൊണ്ടിരുന്നപ്പോഴും താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തിയുണ്ടാക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കുവേണ്ടി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുമ്പോഴുമൊക്കെ ഇതു പ്രത്യക്ഷമാകാറുണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് വിശദമായ പഠനങ്ങളും നിലപാടു രൂപീകരണങ്ങളും ആവശ്യമായിവന്നു. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയുമടക്കമുള്ള ദേശീയ പാര്‍ടികള്‍ ദുര്‍ബലരാകുമ്പോള്‍ അനിവാര്യമായും രൂപംകൊള്ളുന്ന പ്രാദേശിക പാര്‍ടികള്‍ ശക്തരാകുന്നതും സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും കൂടുതല്‍ ഉത്കണ്ഠ ജനിപ്പിക്കുന്നു. തെലങ്കാനാ രാഷ്ട്ര സമിതി തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, ബിഹാറിന് ഒരു പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കാം എന്ന നിതീഷ്കുമാറിന്റെ നിലപാട് തുടങ്ങിയവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. കേരളത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് രണ്ടു ജില്ലകളാക്കി മാറ്റാന്‍ കണക്കും കാര്യവും ഉദ്ധരിച്ച് ഒരുവിഭാഗം ബന്ദും പ്രക്ഷോഭവുമായി ഈയിടെ ഇറങ്ങിത്തിരിക്കുകയുണ്ടായല്ലോ. ഇത്തരം സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങേണ്ടിവരുന്ന ദേശീയപാര്‍ടികള്‍ അപ്പപ്പോഴത്തെ നിലനില്‍പ്പിനുവേണ്ടി തന്ത്രങ്ങള്‍ മെനയുന്നത് രാഷ്ട്രീയ പക്വതയുടെ പ്രകടനമാവുകയില്ല. സംസ്ഥാനാതിര്‍ത്തികളില്‍ ദ്വിഭാഷാ, ബഹുഭാഷാ സമൂഹങ്ങള്‍ക്കിടയില്‍ പുകയുന്ന അതൃപ്തികള്‍, അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍ എന്നിങ്ങനെ കുടത്തിലുറങ്ങുന്ന ഭൂതങ്ങളൊക്കെ പുറത്തുവരാനിടയാക്കുന്ന തീരുമാനങ്ങള്‍ ഏതാനും വോട്ടിനും സീറ്റിനുംവേണ്ടി എടുക്കുമ്പോള്‍ ഇന്ത്യ എന്ന വികാരത്തെയാണ് അത് വ്രണപ്പെടുത്തുന്നത്.

ഇന്ത്യ എന്ന വികാരം എന്നു പറയുമ്പോള്‍ ദേശരാഷ്ട്ര രൂപീകരണങ്ങള്‍ക്കു പിറകിലെ വൈകാരിക പ്രശ്നങ്ങള്‍ വിശദമായിത്തന്നെ പരിശോധിക്കേണ്ടി വരും. ഒരു ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഉയര്‍ന്നുവന്ന സാഹചര്യങ്ങളെക്കുറിച്ച് ഒട്ടനവധി പര്യാലോചനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ സന്തോഷിച്ചവരും സംശയം കൊണ്ടവരുമുണ്ട്. ""ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍"" എന്ന വള്ളത്തോളിന്റെ വരികള്‍ വച്ച് അപ്പോള്‍ അതിനു താഴെ തൃശൂര്‍ എന്നോ എറണാകുളമെന്നോ കേട്ടാല്‍ എന്തു ചെയ്യണം എന്നു ചോദിച്ചത് സാക്ഷാല്‍ കേസരി എ ബാലകൃഷ്ണപിള്ളയാണ്. ഈ വാദത്തോടു യോജിച്ചുകൊണ്ടല്ല ഇതിവിടെ പറഞ്ഞത്. മതംപോലെത്തന്നെ പ്രാദേശിക വികാരങ്ങളും വളരെ പെട്ടെന്ന് മുതലെടുക്കാന്‍ കഴിയുന്ന മൂലധനമാണ് എന്നു കാണിക്കാനാണ്. സാര്‍വദേശീയത, ദേശീയത, പ്രാദേശികത എന്നിവയുടെ സന്തുലിത സമവായം എന്നത് അത്യന്തം ശ്രമകരമായ കാര്യമാണെന്നും അല്‍പ്പം പിഴച്ചാല്‍ അലങ്കോലപ്പെട്ടു പോകുമെന്നും കാണിക്കാന്‍ വേണ്ടിയാണ്. ഇത്തിരിവട്ടം കാണുന്ന ഈ രാഷ്ട്രീയ കുബുദ്ധിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്നത്. കുട്ടിക്കുരങ്ങ് ചുടുചോറ് മാന്തുന്നത് കണ്ട് രസിക്കുകയാണ് ബിജെപി. ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ് എന്ന് പക്വമതികള്‍ താക്കീത് ചെയ്യുന്നുമുണ്ട്.

*
കെ പി മോഹനന്‍  ദേശാഭിമാനി വാരിക 20-10-2013

No comments: