Wednesday, October 30, 2013

"ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി"

ശ്രീധരന്‍നായര്‍ റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പ്രസക്തഭാഗങ്ങള്‍

കോന്നി അട്ടച്ചാക്കലില്‍ ക്രഷറര്‍ യൂണിറ്റ് നടത്തുന്ന എനിക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വൈദ്യുതി ചാര്‍ജ് വരുമായിരുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പവര്‍ ഗ്രിഡിലേക്ക് ഫീഡ് ചെയ്ത് ഉപയോഗിക്കുന്നതിന് ഞാന്‍ ആലോചിച്ചു വരവെയാണ് 2012 മേയില്‍ മലയാള മനോരമയുടെ "വീട്" എന്ന പ്രസിദ്ധീകരണത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായത്. പരസ്യത്തിലെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണെടുത്തു. ഇവര്‍ ഈ കമ്പനിയുടെ സൗത്ത് സോണ്‍ ചീഫാണെന്നാണ് പറഞ്ഞത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ആകര്‍ഷണീയമായി ഇവര്‍ മറുപടി പറഞ്ഞു. വിശദമായി സംസാരിക്കാന്‍ എന്നോട് ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യപ്പെട്ടു. അതുപ്രകാരം മെയ് പകുതിക്ക് ശേഷം ഇവര്‍ എന്റെ ഓഫീസില്‍ വന്ന് കണ്ടു. ഇവര്‍ക്കൊപ്പം ശരണ്‍ കെ ശശി എന്നു പറയുന്ന ആളുമുണ്ടായിരുന്നു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ ആധികാരികമായി അവര്‍ മറുപടി തന്നു.

എല്ലാ ജില്ലകളിലും ഓഫീസുണ്ടെന്നും മിക്ക സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ എടുത്ത് ജോലി ചെയ്യുകയാണെന്നും പല സംസ്ഥാന മന്ത്രിമാരുടെയും വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി അവരുടെ പെന്‍ഡ്രൈവ് എന്റെ കംപ്യൂട്ടറില്‍ പ്ലേ ചെയ്തു. കമ്പനിയുടെ ബ്രാഞ്ചുകള്‍ സംസ്ഥാന മന്ത്രിമാരും മേയര്‍മാരും എംഎല്‍എമാരും ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളായിരുന്നു അത്. അവയിലെല്ലാം ലക്ഷ്മി നായരെയും കാണാമായിരുന്നു. മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരുടെയെല്ലാം പടം കണ്ടത് ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് കമ്പനി സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. ആര്‍ ബി നായര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചിരുന്നു. വീണ്ടും ഒരിക്കല്‍ ലക്ഷ്മിയും ശരണും കൂടി ഓഫീസില്‍ വന്ന് ബ്രോഷറും ബുക്ക്ലെറ്റും തന്നു. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെ ലക്ഷ്മി നായര്‍ക്ക് ടെന്നി ജോപ്പന്റെ ഫോണ്‍വന്നു. ഇവര്‍ പുറത്തേക്ക് ഇറങ്ങിയശേഷം അകത്തുവന്ന് സ്പീക്കര്‍ ഫോണിട്ട് സംസാരം തുടര്‍ന്നു. ഇവരുടെ സംഭാഷണം തീര്‍ന്നശേഷം ആരാണെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്ന് ലക്ഷ്മി പറഞ്ഞു.

മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്ടാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ അഞ്ചു കോടി രൂപ പ്രൊമോട്ടേഴ്സ് മാര്‍ജിന്‍ ആയി തന്നാല്‍ ബാക്കി വായ്പ തരപ്പെടുത്താമെന്നും ലക്ഷ്മി പറഞ്ഞ് വിശ്വസിപ്പിച്ചു. വിലപേശലില്‍ 38 കോടി 75 ലക്ഷം രൂപയ്ക്ക് ഇവര്‍ സമ്മതിച്ചു.

തുടര്‍ന്ന്, വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ഇവര്‍കൂടി ഒപ്പം വരാമെന്നും പറഞ്ഞു. അല്‍പ്പം സാവകാശം ഞാന്‍ ചോദിച്ചു. 2012 ജൂണ്‍ 22ന് ഇവര്‍ വീണ്ടും എന്റെ ഓഫീസില്‍ വന്നു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ എത്തി സ്ഥലം കാണാന്‍ തീരുമാനിച്ചു. ജൂണ്‍ 25ന് എന്റെ രണ്ട് ആണ്‍മക്കളും ഞാനും സുഹൃത്ത് അജിത് കുമാറും ഒത്ത് പാലക്കാട് പോയി പ്ലാന്റിനായി മാറ്റിവച്ച പത്ത് ഏക്കറോളം സ്ഥലം കണ്ടു. ഇവര്‍ കാണിച്ചു തന്ന പ്ലോട്ടുകളില്‍ എനിക്ക് സ്വീകാര്യമായി തോന്നിയ നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം സ്ഥലം ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്റെ ഇളയ മകന്‍ അജയ് ശ്രീധര്‍ കൈവശം കരുതിയിരുന്ന ചെറിയ വീഡിയോ ക്യാമറയില്‍ ഇതൊക്കെയും പകര്‍ത്തി. ഇത് ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്ക്ക് വേണ്ടി എംഒയു തയ്യാറാക്കാനും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ജൂണ്‍ 26ന് ലക്ഷ്മി നായര്‍ വീണ്ടും എന്റെ ഓഫീസില്‍വന്ന് എംഒയു തയ്യാറാക്കി ഒപ്പിട്ടു. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് എംഒയു തയ്യാറാക്കിയത്. കമ്പനിയുടെ സിഇഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുമായോ വ്യവസായ മന്ത്രിയുമായോ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് മതിയെന്നും 30-ാം തീയതിയിലെ ചെക്ക് മതിയെന്നും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊള്ളാമെന്നും ഇവര്‍ എനിക്ക് ഉറപ്പ് നല്‍കി. 26ന് 30ലെ തീയതി വച്ച് 10 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും പത്തനംതിട്ട ഐഡിബിഐ ശാഖയുടെ ഓരോ ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഡല്‍ഹി ഓഫീസിലേക്കും എറണാകുളം ഓഫീസിലേക്കും രണ്ടായി ചെക്ക് വേണമെന്ന് പറഞ്ഞതിനാലാണ് പണം രണ്ട് ചെക്കുകളിലായി കൊടുത്തത്. 15 ലക്ഷത്തിന്റെ മറ്റൊരു ചെക്ക് ഐഡിബിഐ ബാങ്കിലേക്ക് ജൂലൈ 14 തീയതി വെച്ച് ഞാന്‍ കൈമാറി. എന്റെ ഓഫീസില്‍വെച്ചാണ് ഈ മൂന്ന് ചെക്കും കൈമാറിയത്.

തുടര്‍ന്ന് ജൂണ്‍ 28ന് മൂന്ന് ചെക്കുകളും കൈപ്പറ്റിയതായി കാണിച്ചുള്ള മൂന്ന് രസീത് അയച്ചു തന്നു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും ജൂലൈ രണ്ടിനേ മടങ്ങി വരൂവെന്നും വന്നാലുടന്‍ കൂടിക്കാഴ്ച തരപ്പെടുത്താമെന്നും ഇവര്‍ ജൂണ്‍ 27ന് എന്നോട് വിളിച്ചു പറഞ്ഞു. 29ന് വീണ്ടും വിളിച്ച് ഈ മാസത്തെ ടാര്‍ജറ്റ് ആയിട്ടില്ലാത്തതിനാല്‍ ചെക്ക് രണ്ടെണ്ണം മാറിക്കോട്ടെയെന്ന് വിനയപൂര്‍വം ചോദിച്ചു. ഞാനത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിന് മുമ്പ് സിഇഒയെയും മുഖ്യമന്ത്രിയെയും കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 30-ാം തീയതി രണ്ട് ചെക്കുകള്‍ മാറി 25 ലക്ഷം രൂപ ഇവര്‍ എടുത്തു. ജൂലൈ മൂന്നിന്് രാവിലെ ഇവര്‍ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ കാണുകയാണ് അപ്പോയ്ന്റ്മെന്റെടുത്ത് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ജൂലൈ അഞ്ചിന് രാവിലെ മെയില്‍ കിട്ടി. ഒമ്പതിന് മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റും 13ന് സിഇഒ എന്നെ നേരിട്ട് വന്ന് കാണുമെന്നുമായിരുന്നു മെയില്‍. ഒമ്പതിന് രാത്രി എട്ടിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതിനിടെ ഡോ. ആര്‍ ബി നായര്‍ എന്നെ വിളിച്ച് അടിയന്തരമായി ലണ്ടനിലേക്ക് പോകുകയാണെന്നും ഏഴിനോ എട്ടിനോ വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞു. ഒമ്പതിന് ഞാനും അഡ്വ. അജിത് കുമാറും കൂടി തിരുവനന്തപുരത്ത് പോയി. ഏഴോടെ സെക്രട്ടറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ലക്ഷ്മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ആവശ്യപ്പെടുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. സെക്രട്ടറിയറ്റ് ഗേറ്റിനടുത്ത് ചെന്നപ്പോള്‍ സെക്യൂരിറ്റി തടസ്സം പറയാതെ വാഹന നമ്പര്‍ നോക്കിയിട്ട് വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിന് മുമ്പില്‍ ലക്ഷ്മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിന് താഴത്തെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്മിയെയും ഞങ്ങളെയും കടത്തിവിട്ടു.

ലിഫ്റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസ് സ്റ്റാഫിനടുത്ത് എത്തിച്ചു. ഇവിടെയിരുന്നവര്‍ ലക്ഷ്മിയെ വിഷ് ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ജോപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസില്‍ ഇരുന്നാണ് ഫോണ്‍ വിളിച്ചതെന്നും ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റ് ആണെന്നും മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എംഒയു ഒപ്പിട്ടു എന്നും പറഞ്ഞു. ഈ ഓഫീസിലെ എന്താവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്മി എന്നോട് പറഞ്ഞു. ഇവിടിരുന്ന് ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി ജോപ്പനോട് വിശദീകരിച്ചു പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. നിങ്ങളുടെ തീരുമാനം നല്ലതാണ്. നല്ല ടീമാണെന്നും പറഞ്ഞു. ലക്ഷ്മിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ജോപ്പന്‍ ഇന്ന് മുഖ്യമന്ത്രി ആരെയും കാണുന്നില്ല, കോറിഡോര്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ, അകത്ത് സെല്‍വരാജ് എംഎല്‍എ ഇരിപ്പുണ്ട് നിങ്ങളെയും കാണുമായിരിക്കും എന്നു പറഞ്ഞു. കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍ ലക്ഷ്മിയും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. ഈ സമയം എന്നെയും ലക്ഷ്മിയെയും മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എംഎല്‍യും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്ന് എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു. ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എംഒയു ഒപ്പിട്ടെന്നും അതിന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്സിന്റെ നിവേദനം തരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ കൊണ്ടുപോകുന്ന ഫയലില്‍ വയ്ക്കാനായി ജോപ്പനെ പറഞ്ഞേല്‍പ്പിച്ചു.

എന്നോടായി, നിങ്ങളെപ്പോലെ ഉള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകൂ എന്നും സബ്സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി കൈയില്‍ കരുതിയിരുന്ന രണ്ടു ലക്ഷം രൂപയുടെ ഡിഡി എന്നു പറഞ്ഞ്, ഒരു കവറിങ് ലെറ്റര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തു വന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞ് ഇയാള്‍ ഫോണ്‍ നമ്പര്‍ തന്നു. ജൂലൈ 13ന് ഡോ. ആര്‍ ബി നായര്‍ ഡ്രൈവറുമൊത്ത് ഓഫീസില്‍ വന്നു. ഡല്‍ഹിയിലും മറ്റുമുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി വളരെ അടുപ്പമാണെന്നും പറഞ്ഞു. 14-ാം തീയതിവെച്ചുള്ള ചെക്ക് ക്യാഷ് ചെയ്തുകൊള്ളാന്‍ ലക്ഷ്മി വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് നിരന്തരം ലക്ഷ്മി എന്നെ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസമായിട്ടും കാര്യങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ കിന്‍ഫ്രാ ലാന്‍ഡ് ലീസിനാണ് നല്‍കുന്നതെന്നും അത് സ്വന്തം പേരിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു മാസത്തിനകം ശരിയാകുമെന്നും ലക്ഷ്മി സൗമ്യമായി ഫോണില്‍ പറഞ്ഞു. 2012 ഡിസംബര്‍വരെ കാത്തുനിന്നിട്ടും ഒന്നും നടന്നില്ല.

2013 ജനുവരി ഒന്നിന് ലക്ഷ്മിക്ക് രജിസ്റ്റേര്‍ഡ് ആയി അയച്ച കത്ത് ഒരു മാസം കഴിഞ്ഞ് മടങ്ങിവന്നു. മാര്‍ച്ച് വരെ കാത്തിരുന്നിട്ടും നീക്കങ്ങള്‍ ഒന്നുമില്ലാത്തതിനെത്തുടര്‍ന്ന് അഡ്വ. മണിലാല്‍ മുഖേന ലക്ഷ്മിക്കും കമ്പനിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. ഏപ്രിലില്‍ ലക്ഷ്മി ഇങ്ങോട്ട് വിളിച്ച് പിതൃസ്ഥാനത്താണ് കരുതുന്നതെന്ന് എന്നോട് പറഞ്ഞു. എന്താണ് തെറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുടെ ഭാര്യയോട് ലക്ഷ്മിയെപ്പറ്റി മോശമായി സംസാരിച്ചതു വഴി അവളോട് എതിര്‍പ്പ് ഉണ്ടായി എന്നും പറഞ്ഞു. അത് കളവാണ്, ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശു തരാഞ്ഞതിനാലല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തേക്കാം എന്ന് അവര്‍ പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുത്തേക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു തവണയായി തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ആദ്യ ഗഡു മെയ് പത്തിനും ബാക്കി മെയ് 25നും തരാമെന്നും പറഞ്ഞു. മെയ് 17ന് കൈലാസത്തില്‍ പോയതിനാല്‍ കുറെ നാള്‍ ഫോളോ അപ്പ് നടന്നില്ല. മെയ് 31ന് മടങ്ങി വന്നു. ജൂണ്‍ ഒന്നിന് രാവിലെ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു. ഉടന്‍ എന്റെ പാന്‍ നമ്പര്‍ എസ്എംഎസ് ചെയ്തു. ജൂണ്‍ മൂന്നിന് കാശ് ഇടുമെന്നാണ് പറഞ്ഞത്. മൂന്നിന് രാവിലെ വളിച്ചപ്പോള്‍ ലക്ഷ്മി ഫോണ്‍ എടുത്തില്ല. അന്നത്തെ പത്രത്തില്‍ ലക്ഷ്മിയെപ്പോലൊരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ട എന്റെ ഭാര്യ ആ വാര്‍ത്ത എന്നെ കാണിച്ചു. പക്ഷേ സരിത എന്നാണ് പേര് കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത, ലക്ഷ്മിതന്നെയാണെന്ന് ബോധ്യമായി. തുടര്‍ന്ന് ജോപ്പനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. 12ന് അഡ്വ. സോണി ഭാസ്കര്‍ മുഖാന്തരം പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ലക്ഷ്മി നായര്‍, ആര്‍ ബി നായര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിന് മുമ്പില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സിഐയ്ക്ക് അന്വേഷണത്തിനായി അയച്ചപ്പോള്‍ പൊലീസ് എന്റെ മൊഴി വാങ്ങി. ഞാന്‍ ബിസിനസുകാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്ത് മനസിലാക്കി എസ്ഐ, സിഐ, ഡിവൈഎസ്പി, എഡിജിപി എന്നിവര്‍ക്ക് മൊഴി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവെക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നു പറയുകയാണ്.

*
ദേശാഭിമാനി

No comments: