Thursday, October 24, 2013

മോഡിയിസവും മതേതര ബഹുസ്വരത നേരിടുന്ന വെല്ലുവിളികളും

ഇന്ത്യയിലെ മതേതര ബഹുസ്വരതക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന വെല്ലുവിളികളില്‍ പ്രധാനവും അപകടകരമായ മാനങ്ങളുള്ളതുമാണ് നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭീകരത. ഹിന്ദു രാഷ്ട്രമാണ് മോഡി ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും മറ്റിതര ജനസമൂഹങ്ങള്‍ക്കും ഇടമില്ലാത്ത ഹിന്ദുരാഷ്ട്രത്തിന്റെ പരീക്ഷണ മാതൃകയാണ് മോഡി കഴിഞ്ഞ 10 വര്‍ഷമായി ഗുജറാത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും സ്ത്രീകളെയും വേട്ടയാടുന്ന രാഷ്ട്രീയമാണ് മോഡിയുടേത്. 2006 ലെ സച്ചാര്‍ കമ്മറ്റി ചൂണ്ടിക്കാട്ടിയതുപോലെ തീവ്ര വലതുപക്ഷ ശക്തികള്‍ പ്രചരിപ്പിക്കുന്നതു പോലെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഭാഗങ്ങള്‍ക്കിടയില്‍ ചില പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. പുതിയ പഠനങ്ങള്‍ ആവശ്യമാണ്.

ഇന്ത്യയില്‍ എല്ലാവിധ അവകാശവാദങ്ങള്‍ക്കുമപ്പുറം ന്യൂനപക്ഷ-ആദിവാസി-ദളിത് വിഭാഗങ്ങളുടെ ഉന്നമനം വലിയൊരു ചോദ്യചിഹ്നമായി കിടക്കുകയാണ്. സംഘപരിവാറിന്റെ വളര്‍ച്ചയും ഭീഷണിയും ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ പ്രാന്തങ്ങളിലേക്ക് തള്ളിയിരിക്കുന്നു. മുസ്ലീം സമുദായത്തിലെ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ - മതമൗലികവാദികളുടെ-തീവ്രവാദ പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടി ആ സമുഹത്തെയാകെ ഭീകരവാദികളാക്കി മുദ്രകുത്തി ആജീവനാന്തം വേട്ടയാടാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. മാലോഗവ്, മെക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ സംഘടനകളായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് നടക്കുന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏകപക്ഷീയമായി മുസ്ലീങ്ങളുടെമേല്‍ ചുമത്തുകയാണ്. പലപ്പോഴും സത്യം പുറത്തുവരുമ്പോഴേക്കും ഭീകരരായി മുദ്രകുത്തപ്പെട്ട് ജീവിതം പിടിച്ചുപറിക്കപ്പെട്ട ചെറുപ്പക്കാര്‍ നിരവധിയാണ്. ഇതിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുവെന്നത് ആശ്വാസകരമാണ്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങള്‍ക്ക് പിറകിലെ അണിയറക്കഥകള്‍ അന്വേഷണ ഏജന്‍സികളും പത്രങ്ങളും പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.

ഇസ്രത്ത്ജഹാന്‍ എന്ന പെണ്‍കുട്ടിയുടെയും കൂട്ടുകാരുടെയും കൊലപാതകത്തില്‍ മോഡിക്കുള്ള പങ്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്.മോഡി സംശയത്തിന്റെ നിഴലിലാണ്. ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വരത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്നാണ്. വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റയും അക്രമ വാഞ്ചകള്‍ ഗുജറാത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. മോഡിയിസമെന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. അപര മതസമൂഹങ്ങളുടെ ഉന്മൂലന സിദ്ധാന്തമാണത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കുന്നു എന്ന് പറയാനാവില്ല. രാജ്യത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളും അവഗണനയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് കൂടുതലാണ്. കൂടുതല്‍ അക്രമാസക്തമായ സ്വഭാവം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ കൈവരിച്ചിരിക്കുന്നു. കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യം കണ്ടതാണ്. അറിഞ്ഞതാണ്. ഒറീസ്സയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം വേട്ടയാടപ്പെട്ടത് നാം കണ്ടതാണ്. മധ്യപ്രദേശില്‍ ന്യൂനപക്ഷങ്ങളും ആദിവാസികളും ദളിതരുമാണ് ഇരകള്‍. ഛത്തീസ്ഗഢില്‍ ഗോത്രജനത വേട്ടയാടപ്പെടുകയാണ്. ഗുജറാത്തിലെന്നപോലെ ഒറീസയില്‍ 50,000 പേര്‍ക്ക് സ്വദേശം വിട്ടുപോകേണ്ടിവന്നു. അവരെയൊന്നും ഇന്നുവരെ പുനരധിവസിപ്പിച്ചിട്ടില്ല. ഒഡീഷയില്‍ അന്വേഷണങ്ങള്‍ ഒന്നും ഒരിടത്തും എത്തിയിട്ടില്ല. ഗുജറാത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇടപെടലുകളുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഇടപെടല്‍മൂലം ചില കേസുകളിലെ അന്വേഷണം ഫലം കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ യു.പി.എ ഗവണ്‍മെന്റിന്റെ നിലപാട് പൂര്‍ണ പരാജയവും നിരാശാജനകവുമാണ്, ഏറ്റവും ഭീതി ഉണര്‍ത്തുന്ന കാര്യം രാജ്യമെമ്പാടും സംഘപരിവാറിന്റെ വളര്‍ച്ചയാണ്.ഇവര്‍ ഇലക്ഷന്‍ ജയിക്കില്ലെന്നിരിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ വിജയിക്കുന്നുണ്ട്. സംഘപരിവാറിന്റെ ഈ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും പ്രത്യയശാസ്ത്രം അപകടത്തിലാക്കുന്നത് ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും ദളിതരെയും മാത്രമല്ല, സ്ത്രീകളെയും കൂടിയാണ്.

മോഡിയുടെ ഹിന്ദുരാഷ്ട്ര -ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത - ത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പരിമിതപ്പെട്ടതാണ്. ന്യൂനപക്ഷങ്ങളും സ്ത്രീകളും രണ്ടാംതരം പൗരന്‍മാരായിട്ടാണ് ഹിന്ദുരാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രം സ്വയം വിശദീകരിച്ചിട്ടുള്ളത്. മോഡിയും സംഘപരിവാറും പ്രചരിപ്പിച്ചിരിക്കുന്നത് ഗുജറാത്ത് ഇന്ന് സമാധാനപരമാണെന്നാണ്; കലാപരഹിതമാണെന്നാണ്. സംഘപരിവാര്‍ തന്ത്രം മാറ്റിയിരിക്കുന്നു. ചെറിയ ലഹള സംഘടിപ്പിക്കുന്നു. ഇത് തുടര്‍ച്ചയയി ആസൂത്രണംചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം ഗ്രാമത്തില്‍ തിരിച്ചുപോയ പലര്‍ക്കും ഹിന്ദു സംഘടനകളുടെ സമ്മത പത്രം ഒപ്പുവെക്കേണ്ടിവരുന്നു. വംശഹത്യയുടെ കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും മാര്‍ക്കറ്റിലെ പ്രധാന സ്ഥലങ്ങളില്‍ കച്ചവടം ചെയ്യില്ലെന്നും കരാരില്‍ ഒപ്പുവെക്കേണ്ടിവന്നു. സ്വന്തം ഭാര്യയേയും മക്കളേയും സഹോദരിയെയും ഒക്കെ ബലത്സംഗം ചെയ്തവരോട് സ്വന്തം സ്വത്തെല്ലാം കൊള്ളയടിച്ചവരോട് സന്ധിചെയ്യേണ്ടനിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഇത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇതെല്ലാം മറച്ചുപിടിക്കുന്നു.

"ഗുജറാത്ത് ടുഡേ" ഉള്‍പ്പടെ എല്ലാ പ്രാദേശിക പത്രങ്ങളും ഇലക്ടോണിക് മാധ്യമങ്ങളും റിലയന്‍സ് വാങ്ങിക്കൂട്ടിയിരിക്കുന്നു. സത്യം രാജ്യമറിയുന്നില്ല. രാജ്യം ഗുജറാത്തിലെ തുടരുന്ന ന്യൂനപക്ഷവേട്ടയുടെ വാര്‍ത്തകള്‍ അറിയുന്നില്ല. വംശഹത്യയുടെ ചോരക്കറ പുരണ്ട മോഡിക്ക് വികസന നായകനെന്ന പ്രതിച്ഛായ നിര്‍മിക്കുകയാണ് കോര്‍പ്പറേറ്റുകളും ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളും. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനമാണ് ഗുജറാത്ത്. കൂലി നിരക്ക്, ശിശുമരണനിരക്ക്, തൊഴിലില്ലായ്മാ നിരക്ക് എന്നിവയെല്ലാം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് മോഡിയുടെ ഗുജറാത്തിലെന്ന സത്യം വന്‍കിട മാധ്യമങ്ങള്‍ സമര്‍ത്ഥമായി മറച്ചുപിടിക്കുകയാണ്. മോഡി ഇന്ത്യയെ ഗുജറാത്താക്കാനാണിപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിപദം ലക്ഷ്യംവെച്ച് മോഡിയിസത്തിന്റ രഥം ഉരുളുകയാണ്.

*
ഷബ്നം ഹാഷ്മി ചിന്ത വാരിക 25-10-2013

No comments: