Tuesday, October 22, 2013

കല്‍ക്കരി കുംഭകോണവും പ്രധാനമന്ത്രിയും

കല്‍ക്കരിഖനി ബ്ലോക്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ വീതിച്ച് നല്‍കിയതുമൂലം കേന്ദ്രഖജനാവിന് 1,86,000 കോടി രൂപ നഷ്ടംവന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രാജ്യസ്നേഹികളായ ജനങ്ങള്‍ക്കിടയില്‍ ഞെട്ടലാണുണ്ടായത്. 2ജി അഴിമതിയില്‍ 1,76,000 കോടി രൂപ നഷ്ടംവന്നതായി സിഎജി തുറന്നുകാട്ടിയതിന് പിന്നാലെയാണ് അതിനേക്കാളും 10000 കോടി അധികം നഷ്ടംവരുത്തിയ അഴിമതിക്കേസ് പുറത്തായത്. സ്വതന്ത്ര ഇന്ത്യയുടെ ആറുപതിറ്റാണ്ടിലധികം കാലത്തെ ചരിത്രത്തില്‍ ഇത്ര വലിയതും ഗുരുതരവുമായ അഴിമതി വേറെ ഉണ്ടായിട്ടില്ല. ഒരു പ്രധാനമന്ത്രിയുടെ അധികാരം നഷ്ടപ്പെടാനിടയാക്കിയ ബൊഫോഴ്സ് അഴിമതിയില്‍ 64 കോടി രൂപയായിരുന്നു നഷ്ടം. 2ജി കുംഭകോണത്തെപ്പറ്റി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നതിന് തെളിവു പുറത്തുവന്നതാണ്. പ്രധാനമന്ത്രി കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത കാലത്താണ് കല്‍ക്കരി കുംഭകോണം നടന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് കുറ്റകൃത്യത്തില്‍നിന്നൊഴിഞ്ഞുമാറാന്‍ പഴുതില്ല. കല്‍ക്കരി കുംഭകോണവും സിബിഐ അന്വേഷണത്തിലാണുള്ളത്.

കല്‍ക്കരി ബ്ലോക്ക് കോര്‍പറേറ്റുകള്‍ക്ക് അനുവദിക്കുന്നതില്‍ അന്നത്തെ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരഖിന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ സിബിഐ കണ്ടെത്തിയത്. പരഖ് നവഭാരത് എന്ന സ്വകാര്യകമ്പനിയുടെ ഡയറക്ടറായിരുന്നു. പരഖിന്റെ ഇടപെടലിന്റെ ഫലമായാണ് നവഭാരത് കമ്പനിക്ക് കല്‍ക്കരി ബ്ലോക്ക് ലഭിച്ചതെന്ന് സിബിഐ പറയുന്നു. താന്‍ 2005ല്‍ സെക്രട്ടറിപദവിയില്‍നിന്ന് പിരിഞ്ഞശേഷം 2007ലാണ് നവഭാരത് കമ്പനിയില്‍ ഡയറക്ടറായതെന്നാണ് പരഖിന്റെ ന്യായം. സിബിഐയുടെ പക്കല്‍ കൂടുതല്‍ തെളിവുണ്ടെന്ന് അവരും പറയുന്നു. പരഖ് ഒരുകാര്യംകൂടി തുറന്നടിച്ചു. താന്‍ കല്‍ക്കരി അഴിമതിയില്‍ കുറ്റക്കാരനാണെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കുറ്റവാളിയും പ്രതിയുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

കുമാരമംഗലം ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരി ബ്ലോക്ക് നല്‍കിയതും വിവാദമായിരിക്കുകയാണ്. ബിര്‍ലയ്ക്ക് കല്‍ക്കരി ബ്ലോക്കനുവദിച്ചതിലെ ഗുരുതരമായ ക്രമക്കേട് സിബിഐ കണ്ടെത്തിയതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കൂട്ടരും പരിഭ്രാന്തിയിലാണ്. കേന്ദ്രമന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സിബിഐയെ കുറ്റപ്പെടുത്തി പരസ്യപ്രസ്താവന ഇറക്കുന്ന സ്ഥിതിയുണ്ടായി. ആദിത്യ ബിര്‍ലാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ലയെയും പി സി പരഖിനെയും പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയതോടെ മന്‍മോഹന്‍ സര്‍ക്കാര്‍ വിയര്‍ക്കാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ബിര്‍ലയുടെ ഹിന്‍ഡാല്‍കോവിന് കല്‍ക്കരി ബ്ലോക്കനുവദിച്ചതിനെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി ആദ്യമായി രംഗത്തുവന്നു. താന്‍ പ്രതിയാണെങ്കില്‍ പ്രധാനമന്ത്രിയും പ്രതിയാണെന്ന് വാദിച്ച പി സി പരഖിനെ ന്യായീകരിക്കാനും പ്രധാനമന്ത്രി തയ്യാറായി. ബിര്‍ലയ്ക്കും റിലയന്‍സിനും മാത്രമല്ല ടാറ്റയ്ക്കും ആനുകൂല്യം ലഭിച്ചവിവരമാണ് നീരാറാഡിയാ ടേപ്പിലൂടെ പുറത്തുവന്നത്. റാഡിയാ ടേപ്പുമായി ബന്ധപ്പെട്ട 14 വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. കല്‍ക്കരി മാത്രമല്ല ഇരുമ്പയിര് കുഴിച്ചെടുക്കാനും കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങള്‍ യഥേഷ്ടം ചൂഷണം ചെയ്യാനും അമിതമായി പണം സമ്പാദിക്കാനും കോര്‍പറേറ്റുകളെ അനുവദിക്കലാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെന്ന് സംശയരഹിതമായി വെളിപ്പെട്ടു. സുപ്രീംകോടതിയുടെ ന്യായമായ ഇടപെടല്‍ മന്‍മോഹന്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സംഘടിത ശ്രമം. സിബിഐ അന്വേഷണം ശരിയായ രീതിയില്‍ മുന്നേറുന്നില്ലെന്ന് സുപ്രീംകോടതിക്ക് പലതവണ ചൂണ്ടിക്കാണിക്കേണ്ടിവന്നിട്ടുണ്ട്. സിബിഐ കൂട്ടിലിട്ട തത്തയാണെന്നുവരെ കഠിനമായ ഭാഷയില്‍ അധിക്ഷേപിക്കേണ്ടിവന്നിട്ടുണ്ട്. സിബിഐഅന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടായിരിക്കണം കോടതിക്ക് ഇത്തരത്തില്‍ നിരീക്ഷിക്കേണ്ടിവന്നത്. എന്നാല്‍, ഇതില്‍നിന്നൊന്നും പാഠം പഠിക്കാതെ കേന്ദ്രമന്ത്രിമാര്‍തന്നെ സിബിഐ അന്വേഷണത്തെ തള്ളിപ്പറയുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.

സിബിഐ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്ത വകുപ്പു സെക്രട്ടറിയായിരുന്ന പി സി പരഖ്, കുമാരമംഗലം ബിര്‍ല എന്നിവരെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി രംഗത്തുവന്നാല്‍ അന്വേഷണത്തിന്റെ ഗതിയെന്താകുമെന്ന് ഊഹിക്കാവുന്നതാണ്. സുപ്രീംകോടതി ഇടപെട്ടാണ് സിബിഐ അന്വേഷണം നടക്കുന്നതെന്ന കാര്യംപോലും അവഗണിച്ചാണ് മന്ത്രിമാര്‍ രംഗത്തുവരുന്നത്. അഴിമതിനടത്താനും കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കാനും, പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അവരെ അനുവദിക്കാനും ദൈവദത്തമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന ഫ്യൂഡല്‍ രാജാക്കന്മാരുടെ ധാരണയാണ് പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഭരിക്കുന്നത്. ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലിലൂടെ മാത്രമാണ് ഇതിന് മറുപടിനല്‍കാനാവുക.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: